നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഉറുമ്പിന്റെ മുഖമുള്ളവൾ

Image may contain: 3 people, people standing and child

**************************
രചന : Binitha Sain
''ഒള്ളതാ ടീച്ചറെ ശരിക്കും അവള്ക്ക് ഉറുമ്പിന്റെ മുഖാ...''
അഭിക്കുട്ടൻ വീണ്ടും അത് സമർത്ഥിക്കാനുള്ള ആവേശത്തിലാ. ആ രണ്ടാം ക്ലാസ്സുകാരന്റെ ചേഷ്ടകളിൽ വല്ലാത്ത കൗതുകം തോന്നി.
ആ കണ്ണുകളിൽ നിറഞ്ഞാടുന്ന, അത്ഭുതവും ആശ്ചര്യവും വാക്കുകളുടെ നീട്ടലും കുറുക്കലും എല്ലാം ആസ്വദിക്കാനാണ് അപ്പോ തോന്നിയത്. ഉറുമ്പിന്റെ പോലെ മുഖമുള്ള, ഉറുമ്പി എന്ന ഇരട്ടപ്പേരുള്ള , കുഞ്ഞാണിയെപ്പറ്റിയാണ് ക്ലാസ് ഒന്നടങ്കം സംസാരം.
വെള്ളിയാഴ്ച അവസാന പിരീഡ് കൊച്ചു വർത്തമാനങ്ങൾക്കുള്ളതാണ്. നിഷ്കളങ്ക മനസ്സുകൾക്കൊപ്പം അവരിലൊരാളായി എല്ലാം മറന്ന് ആ കുഞ്ഞുലോകത്തിൽ കഴിയുക നല്ല സുഖമാണ്. അപ്പൂപ്പൻതാടി പോലെ മനസ്സ് അവരോടൊപ്പം പാറിനടക്കും. കുഞ്ഞുമനസ്സുകളിലെ സങ്കടങ്ങൾ, സന്തോഷങ്ങൾ, സംശയങ്ങൾ, കൗതുകങ്ങൾ എല്ലാം പങ്ക് വയ്ക്കപ്പെടും.
മൂന്ന് മാസമാകുന്നു ഈ ഗവൺമെന്റ് സ്കൂളിൽ വന്നിട്ട്. തിരക്ക് പിടിച്ച ബാംഗ്ലൂർ നഗരത്തിന്റെ വീർപ്പുമുട്ടിക്കുന്ന ഏകാന്തതയിൽ നിന്ന് പുരോഗമനം അധികം ഏശിയിട്ടില്ലാത്ത തട്ടാരംകുന്ന് എന്ന ഈ കുഞ്ഞു ഗ്രാമത്തിന്റെ മടിത്തട്ടിലേക്ക് ചുരുണ്ടുകൂടുമ്പോൾ ഏകാന്തതയും സ്നേഹമുള്ളൊരു കൂട്ടുകാരനാവുന്നു.
ഇന്ന് ഇരട്ടപ്പേരുകളാണ് ചർച്ചാവിഷയം..ചെണ്ടക്കോലി,പ്രാണി, കാക്ക, പൂത അങ്ങനെ ക്ലാസിലെ എല്ലാവർക്കും ഓരോ പേരുകളാ...അവിടെ നിന്ന് തുടങ്ങി വന്ന് നിൽക്കുന്നതാ ഉറുമ്പിയിൽ...
അഭിക്കുട്ടനൊപ്പം ഉറുമ്പിയെപ്പറ്റി വിശദമാക്കാൻ മേശയ്ക്ക് ചുറ്റും എത്തുന്നവരുടെ എണ്ണം കൂടി വരുകയാണ്...
'' അവളെ അവൾടെ അമ്മമ്മ ഇന്നാളൊരു ദൂസം വന്ന് സ്കൂളീന്ന് വിളിച്ചോണ്ടുപോയാർന്ന്..പിന്നെ വന്നില്ല.'' സജുമോന് അതിൽ സങ്കടമുണ്ടെന്ന് തോന്നി.
''ആ ടീച്ചറെ..എന്ത് സാനം കാണാതായാലും അവള് ഉറുമ്പിനെക്കൊണ്ട് കണ്ടു പിടിച്ച്തരൂന്നേ..''
''ഉറുമ്പിനെക്കൊണ്ടോ? അതെങ്ങനെ?''
എനിക്കതൊക്കെ പുതിയ കഥകൾ പോലെ തോന്നി..ഇനി ആ കുട്ടി വല്ല ആൾദൈവമായിക്കാണുവോ..
പിന്നെയും ഓരോരുത്തരായി 'കഥകൾ ' പറയാൻ തുടങ്ങി..
അവൾക്ക് അമ്മയില്ലെന്നും ആരോരുമില്ലാത്ത തങ്കിച്ചേച്ചിക്ക് പള്ളിപ്പെരുന്നാളിന് ഔസേപ്പ് പിതാവിന്റെ രൂപക്കൂട്ടിന് മുന്നിൽ നിന്ന് കിട്ടിയ ചോരക്കുഞ്ഞാണെന്നുമൊക്കെ മുതിർന്നവരിൽ നിന്ന് പറഞ്ഞ് കേട്ടതൊക്കെയും ആ കുഞ്ഞുമനസ്സുകളിലൂടെ അറിയുകയായിരുന്നു.
മണ്ണ് കൊണ്ട് കൂനയുണ്ടാക്കി അതിന് മുകളിൽ ഉറുമ്പിനെ പിടിച്ചിട്ട്, ആ ഉറുമ്പ് പോകുന്ന വഴിയിലൂടെ അതിനെ പിന്തുടർന്ന് നടക്കും. അങ്ങനെ കാണാതായ സാധനങ്ങളുടെ അടുത്ത് ആ ഉറുമ്പ് അവളെ എത്തിക്കുമത്രേ.. പലരുടെയും സ്വർണ്ണക്കമ്മൽ, മാല, കൊലുസ്, പെൻസിൽ , റബ്ബർ, പന്ത് അങ്ങനെ അവൾ കണ്ടെത്തിയ പലതിനും അനുഭവ സാക്ഷ്യം പറയാൻ ഒത്തിരി പേരാണ്.
ഉറുമ്പുകൾ അവളെ കടിക്കാറില്ല..അവളുടെ വീടിന് ചുറ്റും പല തരത്തിലുള്ള ഉറുമ്പിൻ കൂടുണ്ട്. ദിവസവും അതിരാവിലെ ഓരോ ഉറുമ്പിനെ മൺകൂനയുണ്ടാക്കി അതിന് മുകളിലിട്ട് അതിന് പുറകെ അവളുടെ അമ്മയെ അന്വേഷിച്ച് നടക്കുമത്രേ...
പക്ഷെ എല്ലാ ഉറുമ്പുകളും തിരിച്ച് ആ കൂട്ടിലേക്ക് തന്നെ പോകും. അമ്മയെ മാത്രം കാണിച്ചു കൊടുത്തിട്ടില്ല അവളുടെ ഉറുമ്പുകൾ.
അങ്ങനെ കുഞ്ഞാണി ഒരു വിചിത്രകഥാപാത്രമായി മനസ്സിൽ വേരുപിടിച്ചു.
അവസാന പിരിഡിന്റെ മണിയടിയെ തുടർന്നുള്ള, ദേശീയ ഗാനത്തിന്റെ വേളയിൽപോലും കുഞ്ഞാണിചരിതം കൗതുകക്കാഴ്ച പോലെ മനസ്സിൽ തെളിയുന്നുണ്ടായിരുന്നു...
മണ്ണ് ഒരു ചെറുകൂനയായി തടുത്തുകൂട്ടി അതിന് മേലേ ഒരുറുമ്പിനെ എടുത്തുവച്ച് അതിന്റെ പുറകേ നടക്കുന്ന, ഉറുമ്പിനെ പോലെ ചെറുതും കൂർത്തതുമായ മുഖമുള്ള ഒരു ഏഴ് വയസ്സുകാരി..കല്പിച്ചു കൂട്ടിയ മുഖത്തിന് വിഷാദഭാവമായിരുന്നു..
ഉറുമ്പി....ഉറുമ്പിന്റെ മുഖമുള്ളവൾ...
സ്കൂൾ വിട്ടതിന്റെ നീട്ടി മണിയും കോലാഹലവുമൊന്നും കാഴ്ചയിൽ നിൽക്കാൻ താത്പര്യമില്ലാത്തത് പോലെ പുകമറയിലേക്ക് പായുന്നു..
ഓർമ്മകൾ ഊഞ്ഞാലാട്ടി ആ പുകമറയ്ക്കിപ്പുറം ഒരു കൊച്ചുപെണ്ണിലെത്തി നിൽക്കുന്നു..ക്ലാസ് മുറിയും മേശയും കസേരയും ബഞ്ചും ഡസ്കുമെല്ലാം ആ പുകമറയ്ക്കപ്പുറം കാലം മറച്ചുവച്ചത് പോലെ..
നിറയെ പൂത്തു നിൽക്കുന്ന മുത്തശ്ശിമാവിന്റെ ചുവട്ടിൽ അനീഷേട്ടന്റെ തോളത്ത് ചാരിയിരിക്കുന്ന ഒരു പതിനെട്ടുകാരിയിലേക്ക്...
''സുചൂ....നോക്ക്...കണ്ടോ..ഞാൻ പറഞ്ഞത് സത്യല്ലേ...ശരിക്ക് നോക്ക്..''
പൊട്ടിച്ചിരി...
''അനീഷേട്ടാ..വേണ്ടാട്ടോ...എനിക്ക് ദേഷ്യം വരണണ്ട്..''
''എടീ...നീ നോക്കിയേ...കണ്ടോ ഈ ഉറുമ്പിന്റെ മുഖവും നിന്റെ മുഖവും ഒരുപോലല്ലേന്ന്...'' വലത്കയ്യിലെ ചൂണ്ടുവിരലിൽ പിടിച്ചിരിക്കുന്ന ചോണനുറുമ്പിനെ തന്റെ നേർക്ക് കാണിച്ചുകൊണ്ടാണ് ചോദ്യം.
''ഓഹ് പിന്നേ..''
''അപ്പോളേക്കും ന്റെ റാണി ഉറുമ്പിന്റെ മൂക്ക് ചുവന്നല്ലോ?''
''അനീഷേട്ടാ..വേണ്ടാന്ന് പറഞ്ഞു...ഉറുമ്പാത്രേ..ഉറുമ്പ്.ഹുംഞാൻ പോണു..''
''ടീ...പിണങ്ങാതേ...ഉറുമ്പ് അത്ര നിസ്സാര ജീവിയൊന്നുമല്ല...നിനക്കെന്തെങ്കിലുമറിയോ ഉറുമ്പുകളെപ്പറ്റി?''
''ഓഹ്...എനിക്കൊന്നുമറിയണ്ട''..
''എങ്കി അറിയണം...എടീ, ഉറുമ്പുകളെപ്പോലെ സാമൂഹികജീവികൾ വേറെയില്ലെന്നാ..അവയൊരിക്കലും കൂട്ടമായല്ലാതെ ഒറ്റയ്ക്ക് ജീവിക്കാറില്ല അറിയോ..അവയുടെ ഹാർഡ് വർക്ക്, ഡെഡിക്കേഷൻ ഒക്കെ നമ്മൾ മനുഷ്യർ കണ്ടുപഠിക്കണം. പരസ്പരം കരുതലുകളുടെ ഐക്യത്തിന്റെ വലിയ പാഠമാ അവ നമ്മെ പഠിപ്പിക്കുന്നത്...ഈ ലോകത്ത് എത്ര ജാതി ഉറുമ്പുകളുണ്ടെന്ന് നിനക്കറിയോ?...''
''പൊന്നനീഷേട്ടാ....എനിക്കറിയണ്ട.....ഇന്നെങ്കിലും ഒന്നു വെറുതേ വിടോ.പ്ലീസ്...ഒരു മെർമ്മെറ്റോളജിസ്റ്റ് വന്നിരിക്കുന്നു...ഹോ...ജീവിതകാലം മുഴുവൻ ഞാനിതിനെ എങ്ങിനെ സഹിക്കുമെന്നാ എനിക്ക് ടെൻഷൻ''
''എടീ..നീ എന്റെ റാണിയുറുമ്പല്ലേ..''
''ഞാൻ പോകുവാ..''
''സുചൂ....നിക്ക്...സുചൂ...''
കെറുവിച്ച് ഓടിയകലുമ്പോളും ആ പിൻവിളിക്ക് തേനിന്റെ മധുരമുണ്ട്. പിൻവിളികൾക്ക് വേണ്ടിയാണല്ലോ ഓരോ പിണക്കങ്ങളും...
''സുചിത്ര ടീച്ചറേ...സുചിത്രേ. എന്ത് പറ്റി?...എന്തൊരിരുപ്പാ ഇത്..പോവണ്ടേ?'' ഓർമ്മകളുടെ ഊഞ്ഞാൽ പുകമറ ഭേദിച്ച് യാഥാർത്ഥ്യത്തിലേക്ക്...
സാലി ടീച്ചറാണ്...ക്ലാസ് കഴിഞ്ഞിട്ടും കാണാതായപ്പോ അന്വേഷിച്ച് വന്നതാ..
ഈ നാട്ടിൽ വന്നപ്പോൾ മുതൽ വളരെയടുപ്പം തോന്നിയ ചുരുക്കം ചിലരിൽ ഒരാളാണ് ടീച്ചർ. ഒരു കുഞ്ഞനിയത്തിയോടെയെന്നപോലെയാണ് പെരുമാറ്റം. അത്കൊണ്ട് തന്നെ അവരുടെ വീടിന് സമീപത്തുള്ള ഒരു കെട്ടിടത്തിൽ വാടകയ്ക്ക് മുറിയും തരപ്പെടുത്തി തന്നു.
ബസിറങ്ങി നാട്ടുവഴികളിലൂടെ വീട് വരെയുള്ള യാത്ര...ആ യാത്രയിൽ സാലിടീച്ചറുടെ വീട്ടുവിശേഷങ്ങൾ കേൾക്കുക എന്നതും ഏറെ പ്രിയപ്പെട്ടതാണിപ്പോ..കേൾക്കാനാരെങ്കിലുമുണ്ടെങ്കിൽ ഏറെ പറയാനുണ്ടാവുമെല്ലാവർക്കും..
കുഞ്ഞാണിയെക്കുറിച്ച് ചോദിച്ചപ്പോൾ സാലി ടീച്ചർക്ക് പറയാനുള്ളതും അതേ കഥകൾ തന്നെ. കൂടെ മറ്റൊരു സത്യവും..
അമ്മമ്മ അവളെ സ്കൂളിൽ നിന്ന് വിളിച്ചുകൊണ്ടു പോയത് അവരുടെ പരിചരണത്തിനു മാത്രമല്ല അവളെ വെച്ച് മുതലെടുക്കുവാനും കൂടിയാണെന്ന്. ഊഹിച്ചത് പോലെ തന്നെ മാന്ത്രികസിദ്ധിയുള്ള ഒരു കുഞ്ഞു ദൈവമായി മാറി കഴിഞ്ഞിരിക്കുന്നു കുഞ്ഞാണി.
ഉറുമ്പിന്റെ മുഖമുള്ള കുഞ്ഞാണി... വീടണഞ്ഞിട്ടും
പ്രജ്ഞ നഷ്ടപ്പെട്ട ഒരു നിഷ്കളങ്ക മുഖം വല്ലാതെ വേട്ടയാടുന്നു..

''സുചിത്രയ്ക്ക് പാവയ്ക്ക ഇഷ്ടാണെന്നല്ലേ പറഞ്ഞേ? പിള്ളേരുടച്ഛൻ ഇന്നലെ കുറച്ച് പാവയ്ക്ക കൊണ്ടുവന്നിട്ടുണ്ട്. തീയൽ വച്ച് കൊണ്ടുതരാട്ടോ..''
സ്നേഹിക്കാനും ആശ്രയിക്കാനും സാലിടീച്ചറെപ്പോലൊരു വല്ല്യേച്ചി വേറെയില്ലെന്ന് തോന്നും...
''എത്ര നാളാ കൊച്ചേ ഇങ്ങനെ ഒറ്റയ്ക്ക് ? നീയാണേൽ ചെറുപ്പമാണ്. രണ്ടാമതൊരു ബന്ധത്തിന് തയ്യാറായാലെന്താ? നല്ലൊരു ജീവിതം കിട്ടും സുചിത്രേ നിനക്ക്..''
പലപ്പോഴായി സാലിടീച്ചർ ചോദിച്ചിട്ടുള്ളതാണ്. എങ്ങനെ പറഞ്ഞു മനസ്സിലാക്കും, ഈ ഏകാന്തത ഇന്നൊരു ലഹരിയാണെന്ന്..തേനുറുമ്പുകൾ ദേഹത്തേക്ക് അരിച്ചുകേറുമ്പോൾ രോമകൂപങ്ങൾ വിറകൊള്ളുന്നത് പോലെ മനോഹരമായൊരു ലഹരി...ഓർമ്മകളാകുന്ന ലഹരിക്കാണ് മധുരം കൂടുതൽ.
...........................................
''ഈ മരുന്ന് കുടിക്ക് അനീഷേട്ടാ...പ്ലീസ്...എനിക്ക് വേണ്ടി...''
'' എന്തിനാ സുചു? ഒരാഴ്ച പോലും ആയുസ്സില്ലാത്ത ഈ പാഴ്ജന്മത്തിന് വേണ്ടി നീ കഷ്ടപ്പെടുന്നത്..പോ..പോയി രക്ഷപ്പെട്...ആരോരുമില്ലാത്ത എനിക്ക് വേണ്ടി നീ നിന്റെ സ്വന്തബന്ധങ്ങളെയെല്ലാം വേണ്ടെന്ന് വച്ചില്ലേ..''
''ഇപ്പോ എന്തിനാ അതൊക്കെ പറയണേ..അതൊക്കെ വിട്..എന്നിട്ട് ഇതങ്ങ് കഴിച്ചേ....എനിക്ക് നല്ല വിശ്വാസമുണ്ട്..ദൈവം നമ്മെ കൈവിടില്ല.''
'' പക്ഷെ എനിക്കില്ല.. നിലയ്ക്കാറായ ഈ ഹൃദയത്തിന് ഇനി അധിക കാലമൊന്നുമില്ല സുചൂ...നിന്നെയൊരു റാണിയുറുമ്പിനെ പോലെ പരിപാലിക്കണമെന്നായിരുന്നു എനിക്ക്. മുട്ടയിട്ട് വിരിയിക്കുക മാത്രമാ രാജ്ഞി ഉറുമ്പുകളുടെ ജോലി. രാജ്ഞി യെ സേവിക്കാൻ പരിചാരകരും ഏറെ. എന്തിന് രാജാവ് പോലും സേവകനാണ്. റാണി മുട്ടയിടുന്നത് വരെയേ രാജാവിന് ആയുസ്സുള്ളൂവെന്നാ...നമ്മുടെ കാര്യത്തിൽ അതിന് പോലും രാജാവിന് സാധിച്ചില്ല...അതിന് മുൻപേ..''
''എന്തിനാ അനീഷേട്ടാ....മതി നിർത്ത്...''
''നിന്റെ ചിറകുകൾ ഞാൻ തളർത്തി കളഞ്ഞുവല്ലേ...നീ അത് വീണ്ടും ഉഷാറാക്കണം...നല്ലൊരു ജോലി, ഒരു....ഒരു കൂട്ട്‌....കുട്ടികൾ...ഒക്കെയായി നീ പറക്കണം...എന്നെയോർത്ത് ജീവിതം പാഴാക്കരുത്...''
.......................................
കൂട്ട്....കൂട്ട് ഇന്നുമുണ്ടല്ലോ.. അനീഷേട്ടൻ തന്ന കുഞ്ഞുകുഞ്ഞു ഓർമ്മകൾ...ജീവിതകാലം മുഴുവൻ..
പിന്നെ കുട്ടികൾ......
മണ്ണിൻ കൂനയിൽ നിന്നിറങ്ങി അടയാളങ്ങളൊത്ത് ദിശ തേടി പോകുന്ന കുഞ്ഞുറുമ്പിനെപ്പോലെ മനസ്സ് എങ്ങോട്ടോ പായുന്നു...
കുഞ്ഞാണി.....നാളെത്തന്നെ കാണണം കുഞ്ഞാണിയെ...
സാലിടീച്ചറോട് വീട് ചോദിച്ചറിഞ്ഞ് രാവിലെ തന്നെ പുറപ്പെട്ടു..
''എന്തിനാ കൊച്ചേ...ഇന്നലെ മുതൽ അന്വേഷിക്കുന്നതാണല്ലോ അവളെപ്പറ്റി...ഇതിലൊക്കെ വിശ്വാസമുണ്ടോ?''
പുഞ്ചിരിയിലൊതുക്കിയ മറുപടി സാലി ടീച്ചർക്ക് ബോധിച്ചില്ലെന്ന് മുഖഭാവത്തിൽ വ്യക്തമായി..
കൊയ്ത്തൊഴിഞ്ഞ പാടവും ഉറവ വറ്റിയ കൈത്തോടും കടന്നുള്ള ഇടവഴി അവസാനിക്കുന്നത് ഓട് മേഞ്ഞ ചെറിയ വീട്ടിലാണ് .അവിടെയാണ് കുഞ്ഞാണി..
വരാന്തയിലെ പടിവാതിലും ജനലുകളും അടഞ്ഞ് കിടന്നിരുന്നു..
സന്ദർശന സമയം അല്ലാത്തത് കോണ്ടോ എന്തോ ആരെയും തന്നെ ഉമ്മറത്ത് കണ്ടില്ല..
മുറ്റത്ത് അവിടവിടെയായി ചെറിയ ഉറുമ്പിൻ കൂടുകൾ..വലത് വശത്തെ തേൻ വരിക്കയുടെ ചുവട്ടിൽ വലിയൊരു ചിതൽപുറ്റ് പോലൊരു കൂടും..
പെട്ടെന്ന് അകത്ത് നിന്ന് പ്രായം ചെന്ന സ്ത്രീയുടെത് പോലെ ശബ്ദം ഉയർന്നു വന്നു..
''എടീ കുഞ്ഞിപ്പെണ്ണേ...എവിടെയാടി നീ..രാവിലെ ഇച്ചിരി കട്ടൻകാപ്പി വേണമെന്നറിയില്ലേടി നാശം പിടിച്ചോളേ...ആളോള് ഇങ്ങട്ട് വരുന്നേന് മുൻപ് അടുക്കളേൽ എന്തേലും ആക്കാനുള്ളതിന്...ഇന്നാണേ ഞായറാഴ്ചയാ...നല്ല തിരക്കൊണ്ടാവും..എടി കുഞ്ഞിയേ''
നിർത്താതെയുള്ള അവരുടെ ശകാരമല്ലാതെ മറ്റാരുടേയും ആളനക്കം അവിടെ കണ്ടില്ല.
അകത്തേക്ക് നോക്കി വിളിക്കാനാഞ്ഞതും പൂമുഖത്തേക്കുള്ള ജനലൊരെണ്ണം തുറക്കപ്പെട്ടു..
കട്ടിലിൽ ചാരിയിരുന്ന് പുറത്തേക്ക് നോക്കിയിരിക്കുന്ന കറുത്ത് തടിച്ചൊരു സ്ത്രീരൂപം..ഇവരായിരിക്കും തങ്കിയമ്മമ്മ..
''ആരാ ഇത്ര രാവിലെ?..സമയമാട്ടില്ല. ദൂരേന്ന് വല്ലോമാണേൽ അവിടെ കേറിയിരിക്ക്...കുറച്ച് സമയമെടുക്കും..''
അവിടെതന്നെ നിൽക്കാനാണ് തോന്നിയത്. എന്തിനാ വന്നതെന്ന് സ്വയം ഉത്തരം തേടാനുള്ള ശ്രമത്തിലായിരുന്നത് കൊണ്ട് പെട്ടെന്നൊരു മറുപടിയും കിട്ടിയില്ല.
''ഈ തന്തയില്ലാത്തോള് എങ്ങോട്ടാ പോയതാവോ?..അവളവടമ്മേനെ ണ്ടാക്കാൻ പോയാരിക്കും..രാവിലത്തെ പെയ്ത്തിന്..അതവിടെ ഇട്ടേച്ചും വരണുണ്ടോ...എനിക്കിവിടെന്ന് എഴുന്നേൽക്കാൻ വയ്യെന്ന് ഓർത്താ പെണ്ണിന്റെ നെഗളിപ്പ്...''
അവരുടെ ബഹളം കേട്ട് കാറ്റ് പോലും ഭയന്നിട്ടോ എന്തോ ഒരിലയനങ്ങുന്ന ശബ്ദം പോലും അവിടെ കേൾക്കാനില്ലായിരുന്നു..
പെട്ടെന്ന് വലതുവശത്തെ ചിതൽപ്പുറ്റ് കണക്കെയുള്ള കൂടിനരികിലേക്ക് ഒരു മെല്ലിച്ച പെൺകുട്ടി നടന്നടുക്കുന്നു..
പാകമൊക്കാത്ത നീളൻ പാവാടയും ബ്ലൗസുമാണ് വേഷം..എന്നിലേക്ക് ഒരു പാളി നോട്ടം മാത്രം...ഇരുണ്ടതും ചെറുതുമായ കോലൻ മുഖം..ഇങ്ങനെയാണോ ഉറുമ്പിന്റെ മുഖം?... കണ്ണുകളിൽ അവ്യക്തമായ ഭാവം. എണ്ണ കണ്ടിട്ടില്ലാത്ത ജട പിടിച്ച മുടി..
ആ പുറ്റിന് താഴെ നിന്നും ഒരു ഉറുമ്പിനെ കൈവിരലുകളിലേറ്റി വന്ന വഴിയിലൂടെ അവൾ തിരികെ നടന്നു..
അവളെ പിന്തുടരണമെന്നുണ്ടായിരുന്നു എങ്കിലും ജനൽ കമ്പികൾക്കിടയിലൂടെ യുള്ള കൂർത്ത നോട്ടം അതിനെന്നെ അനുവദിച്ചില്ല...
''കുഞ്ഞാണിയെ ഒന്നു കാണാൻ വന്നതാ'' എന്റെ മറുപടി അവരിൽ ഒരു ഭാവമാറ്റവുമേല്പിച്ചില്ല
''അതാ പറഞ്ഞത് അവിടെ കേറിയിരിക്കാൻ. ഏതാണിയാണേലും ഇവിടെ അതിന് സമയമൊക്കെ ഉണ്ട്...തോന്നുംപോലെയൊന്നുമല്ല''
അവരുടെ സ്ഥായീഭാവം ഇത് തന്നെയാണെന്ന് തോന്നിപ്പോയി.
തിരികെ പോയേക്കാമെന്ന ചിന്ത വന്നതും..നേരത്തേ കണ്ട വഴിയിലൂടേ താഴേക്ക് നോക്കി കുനിഞ്ഞ് നടന്ന് വരുന്നു കുഞ്ഞാണി...
ഉറുമ്പിനെ പിന്തുടർന്നുള്ള വരവാണ്..
വളരെ പതുക്കെ ആണ് അതിന്റെ സഞ്ചാരം..അവളും അതിനെ ശ്രദ്ധയോടെ വീക്ഷിക്കുന്നു തെല്ല് പോലും കണ്ണെടുക്കാതെ...
അടുത്തെത്താറായപ്പോളാണ് മനസ്സിലായത് അത് സാമാന്യം വലുപ്പമുള്ള ചിറകുകളുള്ള ഉറുമ്പ് ആണെന്ന്..ചിലയിടങ്ങളിൽ എത്തുമ്പോൾ ശങ്കിച്ച് നിൽക്കുന്നു..വീണ്ടും യാത്ര തുടരുന്നു..
മന്ദം മന്ദമുള്ള ആ യാത്ര എന്റെ കാലിനടുത്തെത്തിയതും ഉറുമ്പും അവളും വീണ്ടും നിന്നു. ഒരു മാത്ര വലത്തോട്ടും ഇടത്തോട്ടും തിരിഞ്ഞതിന് ശേഷം വീണ്ടും നേരെ അതെന്റെ കാലുകളിലേക്ക് അരിച്ചു കയറി...
കുനിഞ്ഞ് കൊണ്ട് തന്നെ അവൾ എന്റെ നേർക്ക് തലയുയർത്തി ഒരു നോട്ടം നോക്കി...വേഗം ഉറുമ്പിനെ കയ്യിലെടുത്ത് എഴുന്നേറ്റ് എന്നെത്തന്നെ നോക്കി നിന്നു..
ഇതുവരെ കാണാത്ത ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു അപ്പോൾ ആ കണ്ണുകളിൽ. കയ്യിൽ അമർന്ന ദേഷ്യത്താലോ ഭയത്താലോ ആ ഉറുമ്പ് അവളുടെ വിരലിൽ കടിച്ചു..അവൾ വേദനയോടെ കൈകുടഞ്ഞതും അത് താഴെ വീണു..
കടിച്ച് വീർത്ത വിരലുകൾ അവൾ മാന്തിക്കൊണ്ടിരുന്നു. ഇതെല്ലാം കണ്ടുകൊണ്ട് തങ്കിയമ്മ അവിടെയിരുന്ന് ശകാരശരങ്ങൾ എയ്തുകൊണ്ടേയിരുന്നു..
അവളുടെ മണ്ണ് പുരണ്ട വിരലുകളെ ഇരു കൈകളാലും കവർന്ന് ഉറുമ്പ് കടിച്ച ഭാഗത്ത് തടവുമ്പോൾ എന്റെയും അവളുടെയും കണ്ണുകളിൽ നിന്നുതിർ ന്ന നനവിന് ഒരേ ഭാവമായിരുന്നു...ഒരേ മുഖമായിരുന്നു.....ഉറുമ്പിന്റെ മുഖം.
(അവസാനിച്ചു )
ബിനിത
Nb: Myrmetology- a part of entemology consists study of ants (crtsy wikipedia)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot