Slider

പയ്യൻ

0
Image may contain: 1 person

ടീച്ചറേ"
ഫീസ് റെസീപ്റ്റ് എഴുതുകയായിരുന്നു ഞാൻ.
തല ഉയർത്തി..
മുൻപിൽ മെലിഞ്ഞു ക്ഷീണിച്ചു താടി വളർത്തിയ ഒരു പയ്യൻ..ഏതോ മൂടൽ മഞ്ഞുപോലെ.അവന്റെ കണ്ണുകളിൽ ഒരു നിമിഷം എന്റെ നോട്ടം പതിഞ്ഞു..
"സാബിത്ത്.."ഞെട്ടലോടെ വിളിച്ചു..
"മ്"അവൻ ചിരിച്ചു.
"നിനക്കെന്തു പറ്റി.. ഇതെന്തു കോലാ?"ഞാൻ പെട്ടെന്നെണീറ്റു..
സ്റ്റാഫ് റൂമിൽ എല്ലാരും അവനെ നോക്കുകയാണ്.സാബിത് ഏവർക്കും സുപരിചിതനാണല്ലോ .
"ടീച്ചറേ ഒന്നു വരുമോ പുറത്തേക്ക്.."അവൻ പെട്ടെന്നെന്നെ വിളിച്ചു.
ഞാൻ അവനോടൊപ്പം പുറത്തേക്കിറങ്ങി..
ഓർമ്മകൾ ഒരു നാലു വർഷം പിന്നിലേക്ക്.
ഈ സ്‌കൂളിൽ വന്ന ആദ്യ ദിവസം..യു. പി യിൽ നിന്നും ഹയർ സെക്കണ്ടറിയിലേക്കു പറിച്ചു നട്ടതാണ്.
യു. പി യിലെ നിഷകളങ്ക ബാല്യങ്ങൾ.അവരിലൊരാളായി ,ആ നിഷ്കളങ്കതയിൽ അലിഞ്ഞു ചേർന്നു കഴിഞ്ഞ സുന്ദര കാലം.
ഹയർ സെക്കണ്ടറിയിൽ കിട്ടിയപ്പോൾ ചില ആകുലതകൾ..കുട്ടികൾ കൈയിലൊതുങ്ങും എന്നറിയാം..എന്നാലും എന്തോ ഒരു..
പ്ലസ് വണ്ണിനാണ് ആദ്യം കയറിയത്.പുതിയതായി വന്ന അധ്യാപികയെ ആകെ ചുഴിഞ്ഞുനോക്കുന്ന കുട്ടികൾ.
ഞാനന്ന് സാരിയിലായിരുന്നു..
ക്ലാസ്സിലേക്ക് കയറിയതും ,പെട്ടെന്ന് പടിയിൽ തട്ടി താഴെ വീഴാനൊരുങ്ങിയതും,ചില കുട്ടികൾ ഓടിവന്നു..
"അയ്യോ ടീച്ചർ"അവനായിരുന്നു ആദ്യം എന്റെ കൈ പിടിച്ചത്..
ചെറുതായിട്ടു ഞാനൊന്നു ചമ്മി..
"നിങ്ങൾ കണ്ണുപെട്ടിട്ടാട്ടോ ഞാൻ വീണത്.."വീണിടം നികത്താനായി ഒരു ചെറു ചിരിയോടെ ഞാൻ പറഞ്ഞു..
കുട്ടികളും ചിരിച്ചു..നിഷ്കളങ്കമായ ചിരികൾ.തെളിഞ്ഞ നിലാവിൽ വിരിയുന്ന വെള്ളപ്പൂവുകളുടെ മനോഹാരിത..ഗ്രാമത്തിന്റെ നന്മകൾ..
ചെറിയൊരു ടോപിക് പഠിപ്പിച്ചു..ശ്രദ്ധിച്ചിരിക്കുന്ന കുട്ടികൾ.കൗതുകത്തോടെ എന്നെ നോക്കിയിരിക്കുന്ന അവൻ.സാബിത് അസീസ്‌..ചെറിയ വല്ലായ്ക തോന്നി..
അധ്യാപകരെ മറ്റൊരു രീതിയിൽ കാണുന്ന കുട്ടികളെ കുറിച്ച് കേട്ടിട്ടുണ്ട്.ഇവൻ ഇനി അങ്ങനെയാണോ?.ആവശ്യമില്ലാത്ത ചിന്തകൾ.
പിന്നീടുള്ള ദിവസങ്ങളിൽ അവന്റെ സ്നേഹം തൊട്ടറിയുകയായിരുന്നു..കൂട്ടുകാർക്കെല്ലാം പ്രിയങ്കരൻ.പഠിക്കാൻ അത്ര വലിയ മിടുക്കനൊന്നുമല്ല.എന്നാലും എല്ലാർക്കും ഇഷ്ടം..സ്‌കൂളിലെ തന്നെ എല്ലാ ആവശ്യങ്ങൾക്കും മുൻനിരയിൽ നിൽക്കുന്നവൻ.
NSS ക്യാമ്പിലെ സജീവ സാന്നിധ്യമായിരുന്നു അവൻ..അന്ന് ആ രാത്രിയിൽ എനിക്കായിരുന്നു ഡ്യൂട്ടി.അന്നൊരാഘോഷമായിരുന്നു..കുട്ടികളെല്ലാം നാലുവശവും കൂടി..
"ടീച്ചറിനെ നന്നായി ഇവൻ അനുകരിക്കും കേട്ടോ.."സബിത്തിനെ ചൂണ്ടി ഗോപിക പറഞ്ഞു.
"കാണട്ടെ"എനിക്ക് രസമായി..
ക്ലാസിലേക്ക്‌ കുണുങ്ങിക്കുണുങ്ങി വരുന്നത് പോലെ(അതിത്തിരി അവൻ ഓവറാക്കി.ചാടിത്തുള്ളിയാ ക്ലാസ്സിലേക്ക് ചെല്ലുന്നത് എന്നാ എന്റെ വിചാരം..),ചോക്കും,വടിയും മേശപ്പുറത്ത് വച്ചിട്ട് "എല്ലാരും ബുക്ക് അടച്ചുവച്ചേ.."എൻറെയാ പ്രത്യേക ടോണിൽ.
ചോദ്യം ചോദിക്കാനുള്ള പുറപ്പാടാണ്..ചോദ്യം ചോദിക്കുന്നത്,അടി കൊടുക്കുന്നത്,നീയൊക്കെ എന്നാ നന്നാവുന്നേ..എന്ന ചോദ്യങ്ങൾ..കീപ് സൈലൻസ് ..പറച്ചിൽ.. എല്ലാ ഡയലോഗുകളും ,എന്റെ തന്നെ മാനറിസത്തോടെ അവൻ ആക്ട് ചെയ്തു..
വഴക്കു പറയുമ്പോൾ കുട്ടികൾ മിണ്ടാതിരിക്കുന്നത് പേടിച്ചിട്ടാണ് എന്ന എന്റെ മിഥ്യാധാരണയുടെ പൊളിച്ചെഴുത്തുകൾ..
എല്ലാം കണ്ടിട്ട് പൊട്ടിച്ചിരിച്ചു ഞാൻ..
"ടീച്ചർ പിണക്കാണോ എന്നോട്..?"എല്ലാം കഴിഞ്ഞിട്ട് എന്റെ അടുത്തു വന്ന് കുറ്റബോധത്തോടെ ചോദിച്ചു..
"എന്തിനാടാ..നല്ല രസമായിരുന്നു.."അവന്റെ തോളിൽ ചിരിച്ചോണ്ടു ഞാൻ തട്ടി..
പ്ലസ് ടു കഷ്ടിച്ച് ജയിച്ചിട്ട് അവൻ പോയി.പിന്നീട് ഫേസ് ബുക്കിൽ എന്റെ ഫ്രണ്ട് ആയി..
ചിലപ്പോഴൊക്കെ "ടീച്ചർ"എന്ന വിളിയോടെ വരും.
ഏകദേശം രണ്ടു വർഷം മുൻപല്ലേ 'ജിഷ കൊലപാതകം.'
അവനെന്നെ വിളിച്ചു..
"ടീച്ചർ ഞങ്ങൾ യുവജനങ്ങൾ ഒരു മൗനയാത്രയും,പ്രതിഷേധവും സംഘടിപ്പിച്ചിട്ടുണ്ട്..ടീച്ചർ വന്നു സംസാരിക്കണം.."അവനെന്നെ വിളിച്ചു..
സന്തോഷത്തോടെ ഞാൻ സമ്മതിച്ചു..
അവൻ ഭരണിക്കാവിൽ വന്ന്‌ എന്നെ ബൈക്കിൽ യോഗസ്ഥലത്തേക്ക് വിളിച്ചു കൊണ്ടുപോയി.
ഒരു കൂട്ടം ചെറുപ്പക്കാർ.മൗനജാഥക്കു ശേഷം ,മെഴുകുതിരി കത്തിച്ചു..ചെറിയ ഒരു പ്രസംഗം ഞാൻ നടത്തി.അത് അവൻ വീഡിയോയിലാക്കി എനിക്ക് അയച്ചുതന്നു.അതു ഫേസ്ബുക്കിൽ പോസ്റ്റിയിട്ടുമുണ്ട്.
വല്ലാത്ത സന്തോഷം തോന്നി.നീതിക്കു വേണ്ടി മുന്നിട്ടിറങ്ങുന്ന കുട്ടികൾ.അതൊരു നന്മയാണ്..ഒരു അധ്യാപികയുടെ കുഞ്ഞു,കുഞ്ഞു സന്തോഷങ്ങൾ.
"വീടിന്റെ പാലുകാച്ചാ ടീച്ചർ..സ്‌കൂളിൽ വരുന്നുണ്ട് എല്ലാരേയും വിളിക്കാൻ..എന്നാലും ആദ്യം ടീച്ചറിനെയാ വിളിക്കുന്നേ...വരണം.."
പിന്നീടൊരിക്കൽ അവനെന്നെ വിളിച്ചു.
"വരും സാബിത്ത്.. ഉറപ്പ്"
സ്കൂളിലെയും,വീട്ടിലെയും കലണ്ടറിൽ ആ തീയതി ഞാൻ റൌണ്ട് വരച്ചിട്ടു.അല്ലേൽ ഓർക്കില്ല..മറവി ഇത്തിരി കൂടുതലാ ,,ഇപ്പോൾ..
ഒരു തിങ്കളാഴ്‌ച ആയിരുന്നു അവന്റെ പാലു കാച്ച്‌ എന്നു തോന്നുന്നു..അതിനു മൂന്നു നാലു ദിവസം മുൻപ് അവൻ വീട്ടിൽ നിന്നും എവിടെയോ ഒളിച്ചോടിപ്പോയി എന്ന്‌ ആരൊക്കെയോ പറയുന്നത് കേട്ടു.
വല്ലാതെ ഞെട്ടി..ഞാൻ അവന്റെ നമ്പറിൽ വിളിച്ചു.സ്വിച്ചടോഫ്‌..
അവന്റെ കൂട്ടുകാരെ വിളിച്ചന്വേഷിച്ചു.പല,പല കഥകൾ പല രൂപത്തിൽ പല ഭാവത്തിൽ.അവൻ കഞ്ചാവിന് അടിമയാണെന്നും,പാലുകാച്ചിനു കിട്ടിയ പൈസ അടിച്ചു കൊണ്ടാണ് സ്ഥലം വിട്ടതെന്നും ഒക്കെ..
പാലുകാച്ചിനു മൂന്നു നാലു ദിവസം മുൻപേ പൈസ കിട്ടുമോ എന്നൊക്കെ ഓർത്തു.വെറുതെയാണ് അതെന്ന് എനിക്കുറപ്പായിരുന്നു.എന്നാലും കേൾക്കുന്നതെല്ലാം വിശ്വസിക്കാനായിരുന്നു എല്ലാർക്കും ഇഷ്ടം..
"സ്വപ്നാ നീയിനി അവന്റെ ഫോണിലൊന്നും വിളിക്കേണ്ട..ചിലപ്പോൾ അതുമതി എന്തേലും പ്രശ്നമുണ്ടാകാൻ.."
ഉപദേശങ്ങൾ..
അതേ ഞാനും ഒരു മനുഷ്യനായി.സ്വാർത്ഥനായ മനുഷ്യൻ.പ്രശ്നങ്ങൾ..അതേ..സത്യങ്ങൾ ചിലപ്പോൾ കയ്ക്കും. ഞാനവനെ അൺഫ്രണ്ട് ചെയ്തു.ഫോണിൽ നിന്നും അവന്റെ നമ്പർ ഡിലീറ്റ് ചെയ്തു..അതിൽ കാര്യമില്ലെന്നറിയാം..എന്നാലും ഒരു മുൻകരുതൽ.
എന്നാലും അവന്റെ 'ചങ്കു കൂട്ടുകാരെ' കാണുമ്പോൾ തിരക്കും..അവരുടെ മുഖത്തു കാണുന്ന അവഗണന,അവജ്ഞ..ഒക്കെ വല്ലാതെയാക്കിയിരുന്നു എന്നെ..
ഒരു കുഴിയിൽ ചാകാൻ ഇരുന്നവർ..സൗഹൃദങ്ങളിലൊക്കെ പുച്ഛം തോന്നി..
പിന്നെ ഇടക്കെപ്പോഴോ അവൻ മെസ്സഞ്ചറിൽ വന്നു.
"എനിക്കൊന്നു കാണണം ടീച്ചർ..ചില കാര്യങ്ങൾ പറയണം.."
"നീ സ്‌കൂളിൽ വരൂ സാബിത്..നമുക്ക് സംസാരിക്കാം.."ഞാനുമെഴുതി.
അതിനും ഒരു വർഷത്തിന് ശേഷമാണ് വാടിയ ചേമ്പിൻ തണ്ടുപോലെ എന്റെ മുന്നിൽ ഇങ്ങനെ.വല്ലാതെ കറുത്തിട്ട്.. ആ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന സങ്കട ഭാവം.
"ടീച്ചർ പ്ലസ് ടു കോഴ്സ് സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് ഒക്കെ കിട്ടാൻ എന്താ വഴി?"
ഒരു ആമുഖം പോലെ അവൻ ചോദിച്ചു..
"അതെല്ലാം എവിടെ?"
"ഒരു കോഴ്സിന് ഞാൻ കോഴിക്കോട് ചേർന്നിരുന്നു..കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല..ബോണ്ടുണ്ട്..ആ തുക അടച്ചു തീർത്താലേ എല്ലാം തിരിച്ചു തരൂ.."
"നീയെന്താ കോഴ്സ് കംപ്ലീറ്റ് ചെയ്യാഞ്ഞത്?പാലുകാച്ചിനു മുൻപ് എങ്ങോട്ടാ നീ പോയത്?ഈ കോലം എന്താ ഇങ്ങനെ?"
വാലും,ചേലുമില്ലാതെ നൂറുകൂട്ടം കാര്യങ്ങൾ ഒറ്റ വായിൽത്തന്നെ ചോദിച്ചു..എല്ലാം എനിക്കറിയണമായിരുന്നു.
അവന്റെ കണ്ണു നിറഞ്ഞു..
"എല്ലാം കഥയാ ടീച്ചറേ.."അവൻ വിക്കി..
നിശബ്ദത..
ഞാനും മൗനം പാലിച്ചു..
"ബാപ്പാ ,ബാപ്പാന്റെ വഴി..ഉമ്മ ക്ക്‌ മറ്റൊരു വഴി..ഒരു നാലാം ക്ലാസ്സുമുതൽ ഉമ്മാനെ മറ്റൊരു സാഹചര്യത്തിൽ കാണേണ്ടി വരുന്ന ഒരു മോന്റെ മാനസികാവസ്ഥ ഊഹിക്കാൻ കഴിയുമോ?"
വാക്കുകൾ മുറിയുന്നുണ്ടായിരുന്നു..
"ഒത്തിരീം പിടിച്ചു നിന്നു..ചേച്ചീടെ കല്യാണം മുടങ്ങുന്നത് വീട്ടിലെ അവസ്ഥ വച്ചിട്ട് തന്നെയാ..പക്ഷെ അവരുടെ തെറ്റു മറയ്ക്കാൻ അതെല്ലാം എന്റെ തലേൽ കെട്ടി വച്ചു.ഞാൻ കഞ്ചാവിനും,മറ്റു പെണ്ണു കേസിലും പെടുന്നത് കൊണ്ടാണെന്ന് പറഞ്ഞു പരത്തി. ബാപ്പാക്കു പേടിയാണ് ഉമ്മാനെ..രണ്ടാളും കൂടി എന്നെ.."
"ഒരു പ്രസവിച്ച ഉമ്മാക്ക് ഇങ്ങനെയൊക്കെ എങ്ങനെ ചെയ്യാൻ പറ്റും ടീച്ചർ.."അവൻ കരയുകയായിരുന്നു.
"ചേച്ചി ഒരാളെ സ്നേഹിച്ചിട്ട് ഇറങ്ങിപ്പോയി..അതോണ്ട് അവർ സുഖമായിട്ടു കഴിയുന്നു..വീട്ടിലേക്ക്‌ വിടില്ല ചേച്ചിയെ..ആരുമായും മിണ്ടാനും സമ്മതിക്കില്ല.ചേച്ചിക്ക് അനുസരിച്ചല്ലേ പറ്റൂ..
ഉമ്മാന്റെ ബന്ധങ്ങൾ നിർത്തണമെന്ന് പറഞ്ഞപ്പോൾ വഴക്കുണ്ടാക്കി..സഹികെട്ട് ഞാനിറങ്ങിപ്പോയതാണ്..ചാകാൻ ധൈര്യം ഇല്ലാത്തൊണ്ടാ ടീച്ചറേ..പൈസ അടിച്ചോണ്ടു പോയി എന്ന് പിന്നെയും ആരോപണങ്ങൾ..
നിൽക്കാൻ കഴിയാതെ തിരികെ വന്നു.ആ കോഴ്സിന് ചേർന്നത് പിന്നെയാണ്..പക്ഷെ വീട്ടിലെ കാര്യങ്ങൾ ആരൊക്കെയോ അവിടെയും അറിയിച്ചു..കളിയാക്കലുകൾ.. പഠിക്കണമെങ്കിലും ഒരു സ്വസ്ഥത വേണ്ടേ ടീച്ചറേ..എനിക്ക് വയ്യ..
വീട്ടിൽ വന്നപ്പോൾ വല്ലാത്ത അവസ്ഥയാണ്..കോഴ്സിന്റെ കാര്യം പറഞ്ഞ് വഴക്ക്‌..ഉമ്മാൻറേം,ബാപ്പെൻറേം തന്നിഷ്ടം നടക്കില്ലല്ലോ ഞാനുള്ളപ്പോ..
ശത്രൂനെ പോലെയാ കാണുന്നേ.. ചായക്കുപോലും കണക്കു പറയാ ടീച്ചറേ..പലപ്പോഴും ആഹാരം പോലും കഴിക്കില്ല..പട്ടിണി കിടന്ന കോലം തന്നാ ഇത്..
ഒത്തിരി ഉണ്ട് പറയാൻ..പക്ഷെ പറയുന്നതിനും ഒരു പരിധിയില്ലേ..സ്വന്തം ഉമ്മാനെ കുറിച്ചു പറയേണ്ടി വരുകാ ന്നു പറഞ്ഞാ..
പിന്നെ ഈ കോലം ആകാതിരിക്കുന്നത് എങ്ങനെയാ ടീച്ചറേ..?"
കരയുകയാണ് അവൻ..എന്റെ കണ്ണുകളും അനുസരണക്കേട് കാട്ടിത്തുടങ്ങിയിരുന്നു..
"ഇപ്പൊ എന്നോട് ആരും കൂടുകൂടുക പോലും ഇല്ല..ഒറ്റച്ചങ്കായി നടന്നവർ..എല്ലാർക്കും വേണ്ടി ഞാൻ എങ്ങനെയെല്ലാം നിന്നിട്ടുണ്ട് എന്നറിയ്യോ ടീച്ചറേ.ഇപ്പൊ കണ്ടാ മിണ്ടത്തതുപോലുമില്ല.വീട്ടിൽ നിന്നും ഉണ്ടാകും വിലക്കുകൾ.ബാധ്യതയാകും ഞാനെന്ന് കരുതീട്ടു ണ്ടാകും..
നീപ്പോ പ്ലസ് ടു സർട്ടിഫിക്കറ്റ് ഉണ്ടേൽ ചെറിയ ഏതേലും കോഴ്സിന് ചേർന്നാൽ വെളീലെങ്കിലും ആരേലും കൊണ്ടുപോയാലോ?എല്ലാം ഒരു ചോദ്യചിഹ്ന മാണ്.പക്ഷേങ്കീ ഈ പട്ടിണിയും,പ്രാക്കും എങ്ങനെ താങ്ങാൻ കഴിയുമെന്ന് അറിയില്ല എനിക്ക്.."
അവന്റെ തോളിൽ ചെറുതായി തട്ടി ഞാൻ.
"പട്ടിണി കിടക്കില്ല നീ ഞാനുള്ളപ്പോ.
പിടിച്ചു നിൽക്കണം .ആൺകുട്ടിയല്ലെടാ നീ..പെണ്ണാരുന്നുവെങ്കിൽ കൊത്തിപ്പറിച്ചേനെ പലരും.അതൊരു.ഭാഗ്യമാണ് എന്നു കരുതൂ.."
ആവോളം ധൈര്യം കൊടുക്കുകയായിരുന്നു ഞാൻ..
കൈയിൽ ഉണ്ടായിരുന്ന കുറച്ചു രൂപ, ഒരാവശ്യത്തിന് വച്ചിരുന്നത് നിർബന്ധപൂർവം ഞാനവന്റെ കൈയിൽ കൊടുത്തു..
"മോനെ ഓടിവന്നാൽ മതി.ഉണ്ടാകും നിന്റെ കൂടെ.."
അതൊരു വീൺവാക്കല്ലായിരുന്നു..ഒരു മാതൃഹൃദയത്തിന്റെ. ഉറപ്പായിരുന്നു..മാർക്ക്‌ ലിസ്റ്റ് ഡ്യൂപ്ലിക്കേറ്റ് കിട്ടുന്നത് എങ്ങനെയെന്നും പറഞ്ഞു കൊടുത്തു..
ക്ലാസ്സിൽ കയറാൻ വേണ്ടുന്ന ബെല്ലടി..അവനോട്‌ യാത്ര പറഞ്ഞിട്ട് ഞാൻ. നടന്നു ക്ലാസിലേക്ക്..സ്‌കൂളിൽ വന്ന ആദ്യ ദിവസം ഞാൻ കേറിയ ആ ക്ലാസായിരുന്നു.സാബിത്തിന്റെ ക്ലാസ്സ്‌.നാലു വർഷം മുൻപുള്ള ആ ദിവസം വീണ്ടുമോർത്തു..അപ്രതീക്ഷിതമായി ആ പടിയിൽ തന്നെ എന്റെ കാലു തട്ടി..വീഴുന്നതിന് മുൻപ് ഞാൻ ഭിത്തിയിൽ പിടിച്ചു..'ടീച്ചറേ' വിളികൾ ഏതോ ലോകത്തു നിന്നും വരുന്നതുപോലെ.
വെറുതെ ഒന്നു തിരിഞ്ഞു നോക്കി..പുറം തിരിഞ്ഞു നടന്നു പോകുന്ന സാബിത്..
നിറഞ്ഞ കണ്ണുകളെ ബുദ്ധിപൂർവം ഞാൻ മറച്ചു..
സ്വപ്ന .എസ്. കുഴിതടത്തിൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo