നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തിരിച്ചുപോക്കുകള്‍


************************
'' എന്റെ കൈയ്യിലൊന്നു പിടിക്കു മോനെ...... '' മതിലിനപ്പുറത്തൂ നിന്നും ശബ്ദം കേട്ട ഭാഗത്തേക്ക് ഒന്നു എത്തി നോക്കി.. അടുത്ത വീട്ടിലെ രാഘവന്‍ മാഷാണ്... മകന്‍ ഉണ്ണി അദ്ദേഹത്തെ ശരീരത്തിന്‍റെ ഇടതു വശത്തേക്കു ചേര്‍ത്തു നിര്‍ത്തി വലം കൈയ്യാല്‍ പിടിച്ചു കൊണ്ട് വരാന്തയില്‍ നിന്നും മുറ്റത്തേക്കുള്ള പടികള്‍ ശ്രദ്ധയോടെ പിടിച്ചിറക്കുന്നൂ.... രാഘവന്‍ മാഷ് ചെറിയ കുട്ടികളെ പോലേ ഉണ്ണിയുടെ തോളിലേക്ക് ചാഞ്ഞു കിടക്കുന്നുണ്ട്... മാഷിനെ കണ്ടിട്ട് അത്ര അവശതയൊന്നും തോന്നുന്നില്ലാലോ... അല്ലെങ്കിലും താങ്ങാനാളുണ്ടെങ്കിലല്ലേ തളര്‍ച്ചയുണ്ടാകു....
മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ഇടതു ഭാഗത്ത് ശ്രദ്ധയോടു കൂടി മാഷിനെ ഇരുത്തിയിട്ട് ഡോറടച്ചു വലിയ ധൃതിയില്ലാതെ ഉണ്ണി വണ്ടിയില്‍ കയറി ഓടിച്ചു പോയി... ഇടയ്ക്കിടെ ഇതു പതിവാണ്... കുറേ തവണ കണ്ടപ്പോള്‍ ശാരദയോട് ഈ കാര്യം സൂചിപ്പിച്ചിരുന്നു.... '' മാഷിനെ കടല് കാണാനും പുറത്തു കറങ്ങാനുമൊക്കെ ഉണ്ണി കൊണ്ടു പോണതാത്രേ....'' രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ശാരദ കാര്യം വ്യക്തമാക്കി തന്നു... ആ വാക്കുകളില്‍ ഒരു നൊമ്പരം പതുങ്ങിയിരുന്നോ...??? '' നീ എങ്ങനെയറിഞ്ഞു..'' ചോദ്യഭാവത്തില്‍ നോക്കി.... '' അത് ഞാന്‍ പിന്നാമ്പുറത്തേക്ക് ഇറങ്ങിയപ്പോള്‍ അവിടുത്തെ മീനുവും പത്മിനിയും കൂടി തൊടിയിലെ മാമ്പഴം പെറുക്കുന്നത് കണ്ടു... ഉണ്ണിയെയും മാഷിനെയും അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞതാണ്‌.... '' '' നമ്മുടെ തൊടിയൊക്കെ കാടു കേറി കിടക്കുകയാണ്.... എത്രകാലം കൂടിയാണ് ഞാനൊന്നു അവിടേയ്ക്കിറങ്ങിയത്... കാശ് കൊടുത്ത് ആളെ കൊണ്ടു ചെയ്യിക്കുന്നതല്ലാതെ നിങ്ങള് ഒന്നു ഇറങ്ങി നോക്കാറുണ്ടോ... .?? അതിന്‍റെയാണ് കാശ് വാങ്ങി തോന്നിയത് പോലെ കാട്ടി കൂട്ടി പണിക്കാര് അവരുടെ പാട്ടിന് പോകും.. പത്മാവതി കണ്ടിട്ട് തന്നെ നാളെത്രയായി... അവിടെയൊന്നു പോകാന്‍ നിങ്ങള് സമ്മതിക്കുമോ... ഇല്ലാലോ... അന്നു രണ്ടു വീടുകള്‍ക്കിടയില്‍ മതില് കെട്ടിയപ്പോള്‍ നിങ്ങള് പറഞ്ഞ ഒരു വാക്കുണ്ട്.. മതിലിന് പൂര്‍ണ്ണത തോന്നാന്‍ വേണ്ടി മാത്രം ഒരു ഗേറ്റ് വെയ്ക്കുന്നുന്നേയുള്ളൂ... ആ ഗേറ്റ് ഒരിക്കലും പൂട്ടില്ലാന്ന്... ആ ഗേറ്റും പൂട്ടും തുരുമ്പു പിടിച്ചു.... നമ്മുടെ മനസ്സ് പോലെ...'' ശാരദയുടെ വാക്കുകളില്‍ കുറ്റപെടുത്തല്‍ നിറഞ്ഞിരുന്നൂ.... മുപ്പത്തഞ്ച് കൊല്ലം ഒരു ചിന്തയും ഒരേ അഭിപ്രായവുമായി ജീവിച്ചുന്ന് കരുതിയ ശാരദ തന്നെയാണോ... ഒരിക്കല്‍ കൂടി നോക്കി....
വീണ്ടും എന്തൊക്കെയോ ഉള്ളില്‍ വീര്‍പ്പുമുട്ടിയിരിക്കുന്നത് പോലെ മുഖം പ്രക്ഷുബ്ധമായിരുന്നൂ..... അതു കൂടി പറയു എന്നു പറയാനുള്ള ധൈര്യം തോന്നീല.... ആകെയുള്ള ഒരു ആശ്രയമാണ് ശാരദ.... അവര്‍ കയറിയ വണ്ടി ദൂരെയൊരു പൊട്ടു പോലെ മാഞ്ഞു പോകുന്നത് വരെ നോക്കി നിന്നു തിരിച്ചൂ രണ്ടാം നിലയിലെ ഹാളിലേക്ക് കടക്കുമ്പോള്‍ വാതില്‍ പടിയില്‍ ചാരി ശാരദ നില്‍ക്കുന്നു... സങ്കടമാണോ ദേഷ്യമാണോ അതോ നഷ്ടബോധമോ... മുപ്പത്തഞ്ച് കൊല്ലം ദിനവും കണ്ടു കൊണ്ടിരുന്ന മുഖത്ത് ഇപ്പോള്‍ വിടരുന്ന ഭാവങ്ങള്‍ തിരിച്ചറിയാനാകുന്നില്ല... അവള്‍ക്ക് മുഖം കൊടുക്കാതെ മുറിയിലേക്ക് പോകുമ്പോള്‍ കാലുകള്‍ ഇടറിയിരുന്നോ....
ഓഫീസിലെ തിരക്കുകളില്‍ ക്ഷീണിതനായി വീട്ടിലേക്ക് വരുമ്പോഴാണ് ബാറ്റും തൂക്കി പാടത്തേക്ക് പോകുന്ന വിച്ചുവിനെ കാണുന്നത്... '' എവിടെ പോകുന്നു... '' ഗൗരവത്തോടെയുളള ചോദ്യത്തോടൊപ്പം അവന്‍റെ കൈയ്യിലിരുന്ന ബാറ്റിലേക്കും നോട്ടമയച്ചു..... '' അച്ഛാ അത്...... ഉണ്ണിയോടൊപ്പം കളിക്കാന്‍... '' ആ വാക്കുകളിലെ വിറയലുകളില്‍ തന്നോടുള്ള ഭയഭക്തി ബഹുമാനം ആസ്വദിച്ചു കൊണ്ടു തന്നെ പറഞ്ഞു... '' കഴിഞ്ഞ തവണ എക്സാമിന് എന്താ മൂന്നാം സ്ഥാനം ആയിപ്പോയത് എന്നറിയോ...?? പഠിക്കാനുള്ള സമയം ഇതുപോലെ ബാറ്റും ബോളും കളിച്ചു പാടത്ത് ചിലവഴിച്ചിട്ടാണ്.... ബാറ്റ് അകത്തു വെച്ച് പോയിരുന്നു പഠിക്കാന്‍ നോക്ക്.....'' അവനെ കൂട്ടു വിളിക്കാന്‍ വന്ന ഉണ്ണിയെ ദയനീയമായി നോക്കി തലയും താഴ്ത്തി അവന്‍ അകത്തേക്കു പോയപ്പോള്‍ ലോകം കീഴടക്കിയ പോലെ തോന്നി.... താനൊരു വര വരച്ചാല്‍ അവിടേ നില്‍ക്കുന്ന ഭാര്യയും മക്കളും... വണ്ടിയില്‍ നിന്നും ഇറങ്ങി അകത്തു വരുമ്പോള്‍ വിച്ചു പുസ്തകവുമായി ടേബിളില്‍ ഇരുന്നു കഴിഞ്ഞിരുന്നു..കൂടെ വൈശാലും.... ഒരു എഞ്ചീനിയറായ തന്റെ മക്കള്‍ പഠനത്തില്‍ മികവ് കാട്ടണമെന്നും തന്നെ പോലെ എഞ്ചിനീയറാകണമെന്നും തനിക്കു സാധിക്കാതെ പോയ , വിദേശരാജ്യത്തെ നല്ല ശമ്പളത്തില്‍ ജോലി നേടണമെന്നും എല്ലാമായിരുന്നു തന്റെ ആഗ്രഹങ്ങള്‍ ....അല്ലെങ്കിലും നമുക്ക് കഴിയാത്തത് മക്കളിലൂടെ നേടാന്‍ ശ്രമിക്കുന്നവരാണെല്ലോ ഭൂരിഭാഗം മാതാപിതാക്കളും.... ഒരു അധ്യാപകനായിട്ടും സ്വന്തം മകനെ തോന്നുന്ന വഴി വിടുന്ന രാഘവന്‍ മാഷിനോട് പുച്ഛമായിരുന്നു...സാധാരണ അധ്യാപകര്‍ വളരെ കാര്‍ക്കശ്യക്കാരായാണ് കണ്ടിട്ടുള്ളത്... പക്ഷെ ആവറേജ് വിദ്യാര്‍ത്ഥിയായ ഉണ്ണിയെ മാഷ് ഒരിക്കല്‍ പോലും ശകാരിക്കുന്നത് കണ്ടിട്ടില്ല...പാടത്തും പറമ്പിലും ഓട ചാടി നടക്കുന്ന ഉണ്ണിയാണ് തന്റെ മക്കളെ വഴിതെറ്റിക്കുന്നത് എന്ന ചിന്തയാണ് വീടുകള്‍ക്ക് നടുവില്‍ ഒരു മതിലായ് ഉയര്‍ന്നത്....
വീടുകള്‍ക്ക് ഇടയില്‍ മതില്‍ കൂടി വന്നതോടെ വിച്ചുവും വൈശാലും വീട്ടിലേക്ക് അവരുടെ ലോകം ചുരുക്കി...കൂടുതലും ശാരദയോടാണ് സംസാരം.... തന്റെ ആഗ്രഹം പോലെ രണ്ടാളും എഞ്ചിനീയറിംഗ് നല്ല മാര്‍ക്കോടെ പാസായി ,വിദേശത്ത് ജോലിയും വാങ്ങി വിവാഹം കഴിഞ്ഞു അവിടെ സെറ്റിലായി... പക്ഷേ എന്നെ അത്ഭുതപെടുത്തിയ കാര്യം ഉണ്ണി എംബിബിഎസ് നേടിയതാണ്‌... വെറുമൊരു ആവറേജ് സ്റ്റുഡന്‍റ് അതും ഇത്ര ശ്രദ്ധയില്ലാതെ കളിച്ചു നടന്ന അവന്‍ എങ്ങനെ ജീവിതത്തില്‍ വിജയിച്ചു എന്നാണ്....
മക്കള്‍ പോയതോടെ താനും ശാരദയും ഒറ്റപെട്ടു ... '' മോനേ ഒന്നു വന്നിട്ടു പോയിക്കൂടെ.. കണ്ടിട്ട് ഒരുപാട് നാളായി... കുട്ടികളെ കാണാന്‍ വല്ലാത്ത കൊതി...'' ഇന്നലെ കൂടി ശാരദ വിച്ചൂനോട് കെഞ്ചുന്നത് കേട്ടതാണ്.... പതിവ് പോലെ ജോലിത്തിരക്ക് പറഞ്ഞു ഒഴിഞ്ഞൂന്ന് തോന്നുന്നു... വിങ്ങി കരഞ്ഞു കൊണ്ട് ഫോണ്‍ വെച്ചിട്ട് അവള് അകത്തു പോയി കിടക്കയിലേക്ക് വീഴുന്നുണ്ടായിരുന്നു.... കണ്ണും മനസ്സും അവരെ കാണാന്‍ കൊതിക്കുന്നുണ്ടെങ്കിലും ഒരിക്കല്‍ പോലും ഞാന്‍ അവരോട് വരാന്‍ ആവശ്യപെട്ടില്ല.... കാരണം ഭയഭക്തിബഹുമാനം എന്ന മൂടുപടം കൂടി തകര്‍ന്നാല്‍ ഞാനെന്ന അച്ഛന്‍ പിന്നെയില്ല... ഈ വലിയ വീട്ടിലെ ഏകാന്തതയില്‍ രണ്ടു ആത്മാക്കളായി തങ്ങള്‍ അലിഞ്ഞു തുടങ്ങിയിരിക്കുന്നൂ.... ശാരദ... ഒരുപാട് ചോദ്യങ്ങള്‍ അടക്കി വെച്ച ഒരു ചോദ്യപേപ്പറാണ്.... ചോദിച്ചു തുടങ്ങിയാല്‍ ഉത്തരം പറയാനാകാത്ത കുട്ടിയെ പോലെ അവളുടെ മുന്നില്‍ നില്‍ക്കേണ്ടി വരും..... തിരിഞ്ഞു നോക്കുമ്പോഴാണ് പിഴവുകള്‍ തെളിയുന്നത്...... തെറ്റുകള്‍ ഒരിക്കലും മക്കളിലല്ല.... മാതാപിതാക്കളുടെയാണ്... ഇവിടെ എന്റെ മാത്രമാണ്...കാരണം ശാരദ എന്നും അനുസരിച്ചിട്ടേയുള്ളു....
നിഷ്കളങ്കമായ അവരുടെ മനസ്സിനെ ,ജീവിതത്തെ തികച്ചും സ്വാര്‍ത്ഥത കൊണ്ട് നിറച്ചത് ഞാനാണ്.... പഠനമെന്ന ലക്ഷ്യത്തിലേക്കും വിദേശമെന്ന സ്വപ്നം അവരില്‍ കുത്തി നിറച്ചപ്പോള്‍ സ്നേഹം അവരിലെത്തിക്കാന്‍ കഴിഞ്ഞില്ല... വെട്ടിപിടിയ്ക്കാന്‍ പഠിപ്പിച്ചപ്പോള്‍ സ്നേഹത്തിനായുള്ള വിട്ടുവീഴ്ച കാട്ടി കൊടുത്തില്ല... ഞാന്‍ തെളിച്ച വഴിയിലൂടെ അവര്‍ കടന്നു പോയപ്പോള്‍ ഒരു ,വഴികാട്ടി മാത്രമായ് താന് ഒതുങ്ങിപോയി..... ഇനിയും ഒരു അവസരം കിട്ടിയിരുന്നെങ്കില്‍.....
'' സച്ചൂ... ഇനി അച്ഛന്‍ ബാറ്റ് ചെയ്യാം കേട്ടോ...,.'' ബാറ്റുമായി പാടത്താണ്‌.... സച്ചു ബോള്‍ ചെയ്യുന്നൂ..ഉണ്ണിയും വൈശാലും കൂടെയുണ്ട്... കളി കഴിഞ്ഞു വേണം അവരുടെ കൂടെ കറങ്ങാന്‍ പോകാന്‍..... സിനിമ കാണണം. ബീച്ചില്‍ പോകണം.... പലപ്പോഴായി നിരന്നിട്ടുള്ള ആവശ്യങ്ങളാണ്...എല്ലാം നടത്തി കൊടുക്കണം..... സ്വപ്നം ഒന്നില്‍ നിന്നും അടുത്തതിലേക്ക് ചേക്കേറുമ്പോള്‍ താഴേ ഒരു കാറ് വന്നൂ നില്‍ക്കുന്ന ശബ്ദം... ഇത്തവണ ജനാലയിലൂടെയാണ് നോക്കീത്.... ഉണ്ണി മാഷിനെയും കൊണ്ട് മടങ്ങിയെത്തിയതാണ്......
ദീപ്തി പ്രവീണ്‍

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot