നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അഘോര - ഹൊറർ നോവൽ - ഭാഗം : 12


രചന : അജ്മല്‍ സികെ
അച്ഛന് വേണ്ടിയുള്ള മരുന്നരച്ച് കൊണ്ടിരിക്കുകയായിരുന്നു ശ്രീദേവി. ഇപ്പോള്‍ ഏത് സമയവും മഹിതമ്പുരാന്‍ തന്നെയാണ് മനസ്സില്‍. മഹിക്ക് എന്തു പറ്റിക്കാണും എന്ന ആവലാതി അവളെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. മഹിക്ക് വന്ന മാറ്റവും മറ്റും അവള്‍ക്ക് ഉള്‍ക്കൊള്ളാനേ സാധിക്കുന്നുണ്ടായിരുന്നില്ല. അച്ഛനോട് ചോദിച്ചിട്ട് അച്ഛന്‍ ഒന്നും വിട്ടു പറയുന്നതുമില്ല. ജാലകവാതില്‍ ആരോ മുട്ടുന്നത് പോലെ അവള്‍ക്ക് തോന്നി. തുറന്ന് നോക്കിയപ്പോള്‍ ആരെയും കാണുന്നില്ല.
'എന്താ മോളെ ജാലകത്തിലൂടെ ആരെയാ നീ നോക്കുന്നേ?
അച്ഛന്റെ ചോദ്യം കേട്ട് അവള്‍ തിരിഞ്ഞു നോക്കി.
' ആരോ വാതിലിന് മുട്ടുന്നതായി തോന്നി. നോക്കുമ്പോള്‍ ആരെയും കാണുന്നില്ല, ചെലപ്പോള്‍ കാറ്റടിച്ചപ്പോള്‍ എനിക്കങ്ങനെ തോന്നിയതാവും'
അവള്‍ പറഞ്ഞു. രണ്ടു പേരും അതത്ര കാര്യമാക്കിയില്ല. അന്നത്തെ ദിവസവും കഴിഞ്ഞു പോയി. പിറ്റേന്ന് പ്രഭാതത്തില്‍ അമ്പലത്തില്‍ പോകാന്‍ തയ്യാറായി വാല്യക്കാരിയെ കാത്തിരിക്കുകയായിരുന്നു ശ്രീദേവി.
' ഇന്ന് വാല്യക്കാരി വരില്ലാട്ടോ.. അവള്‍ക്ക് ഇന്നലെ മുതല്‍ കടുത്ത പനിയാണെന്ന് തെക്കേലെ ശാന്ത വന്നു പറഞ്ഞിട്ട് പോയി'
കുങ്കന്‍ ശ്രീദേവി കൊച്ചിനോട് പറഞ്ഞു. അവള്‍ക്ക് ആകെ സങ്കടായി. കാര്യം എന്തൊക്കെ പറഞ്ഞാലും അവളുടെ ഏഷണിയും പരദൂഷണവും കേള്‍ക്കാതെ ശ്രീദേവിക്ക് ഉറക്കം വരില്ല എന്നതാണ് സത്യം. മനസ്സില്ലാ മനസ്സോടെ അവള്‍ അമ്പലത്തിലേക്ക് പുറപ്പെട്ടു. ദിവസവും കൃഷ്ണനെ പോയി തൊഴ്തില്ലെങ്കില്‍ എന്തോ ഒരു പ്രയാസമാണ് അവള്‍ക്ക്. അമ്പലം മുഴുക്കേ അവള്‍ക്ക് അമ്മയുടെ ഓര്‍മ്മകളാണ്. ചെറുപ്പം മുതലേ അമ്മയുടെ കൈകളില്‍ തൂങ്ങി എത്ര തവണ ഈ അമ്പലത്തിലേക്ക് പോയിട്ടുണ്ട്. വയല്‍ വരമ്പില്‍ നടന്നു പോകുമ്പോള്‍ വീണ്ടും അവളുടെ മനസ്സില്‍ മഹിയുടെ ഓര്‍മ്മകള്‍ മുളച്ചു പൊന്തി. ദൂരെ നിന്ന് ആരോ നടന്നു വരുന്നത് അവള്‍ ശ്രദ്ധിച്ചു. ഏതോ പുരുഷനാണ്. വാലു പോലെ വാല്യക്കാരി എപ്പോയും കൂടെയുണ്ടായിരുന്നത് കൊണ്ട് ഒരു ധൈര്യമായിരുന്നു. അവളുടെ വായാടിത്തത്തിന് മുമ്പില്‍ ഒരു പുരുഷ കേസരിക്കും പിടിച്ചു നില്‍ക്കാനാവില്ല.. പക്ഷെ ഇപ്പോള്‍ ആദ്യമായിട്ടാണ് ഒരു അന്യപുരുഷന്റെ മുമ്പിലേക്ക് തുണയില്ലാതെ പോകുന്നത്.
ആ രൂപം അടുത്തെത്താറായപ്പോഴാണ് അത് മഹിയാണെന്ന് അവള്‍ തിരിച്ചറിയുന്നത്. മനസ്സ് ആഹ്ലാദം കൊണ്ട് നിറഞ്ഞു. അന്ന് കണ്ട രൂപമല്ലായിരുന്നു ഇപ്പോള്‍. മുടിയൊക്കെ കോതി മിനുക്കി സുന്ദരനായിട്ടുണ്ട്. പതിവ് നുണക്കുഴി പുഞ്ചിരി മുഖത്ത് വിരിഞ്ഞിട്ടുണ്ട്. നര വീണതു പോലെ അന്ന് തോന്നിച്ചിരുന്ന താടിരോമങ്ങളൊന്നും ഇപ്പോള്‍ കാണുന്നില്ല.
' ശ്രീദേവി കുട്ടി, എനിക്ക് അല്‍പം സംസാരിക്കണം'
മഹി അരികിലെത്തിയതും ശ്രീദേവിയോട് പറഞ്ഞു. അവളുടെ ശിരസ്സ് നാണത്താല്‍ ഭൂമിയോളം താഴ്ന്ന് നിന്നു.
' ഇന്നലെ ശ്രീദേവി കൂട്ടിയെ കാണാന്‍ ഞാന്‍ വീട്ടില്‍ വന്നിരുന്നു. ജാലകവാതിലിന് മുട്ടിയത് ഞാനായിരുന്നു'
മഹിയുടെ വാക്കുകള്‍ കേട്ടപ്പേള്‍ അവള്‍ക്ക് പിന്നെയും ആശ്ചര്യമായി.
'എന്തിനാ തിരുമേനി അവിടെ വന്നത്... അതും ജാലകവാതിലില്‍ മുട്ടി കള്ളനെ പോലെ'
വിക്കി വിക്കി അവള്‍ അറിയാതെ ചോദിച്ചു പോയി. മഹി ഒന്നു നീട്ടി പുഞ്ചിരിച്ചു.
' കട്ടെടുക്കാന്‍ തന്നെ വന്നതാ.. ഈ ശ്രീദേവി തമ്പുരാട്ടിയുടെ മനസ്സ്, എന്തോ... ഇപ്പോള്‍ തമ്പുരാട്ടിയുടെ മുഖമാണ് മനസ്സിലെപ്പോഴും'
മഹിയുടെ വാക്കുകള്‍ മരുഭൂമിയിലെ മഴയെന്നോണം അവളുടെ ഹൃദയത്തില്‍ കുളിരായ് പെയ്തു. മുത്തു മാല ചിതറും പോലെ പുഞ്ചിരിച്ച് അവള്‍ അവിടെ നിന്ന് ഓടി. മഹിയുടെ കണ്ണുകളിലെ പ്രണയ ഭാവത്തെ താങ്ങാനുള്ള കരുത്ത് അവള്‍ക്കുണ്ടായിരുന്നില്ല. കുറേ ദൂരം മുന്നോട്ട പോയി അവള്‍ മഹി തിരുമേനിയെ തിരിഞ്ഞു നോക്കി. അദ്ദേഹത്തെ അവിടെയൊന്നും കാണുന്നില്ല. ഇനി ഒരു പക്ഷെ തന്നെ കളിപ്പിക്കാന്‍ നീണ്ട പുല്ലുകള്‍ക്കിടയില്‍ മറഞ്ഞിരിക്കുകയാവും. ഇത്ര വേഗം തിരുമേനിക്ക് തന്നോട് പ്രണയം തോന്നാന്‍ എന്താവും കാര്യം അവള്‍ അമ്പല നടയിലേക്ക് കയറും മുമ്പ് ആലോചിച്ചു. കുറേ നേരം കണ്ണുകളടച്ച് കൃഷ്ണന് മുമ്പില്‍ നന്ദി ഏറ്റു പറഞ്ഞു അവളുടെ പ്രണയ മോഹം പൂവണിഞ്ഞതിന്. കണ്ണുകള്‍ അറിയാതെ നിറഞ്ഞത് അവളറിഞ്ഞില്ല.
'എന്താ കുട്ടിയിത്... നല്ലോരു ദിവസായിട്ട് കൃഷ്ണന്റെ മുമ്പിലിരുന്ന് കരയുകയാണോ....'
അവള്‍ കണ്ണു തുറന്ന് നോക്കി. അച്ഛനാണ്. അച്ഛനും ഈയിടെയായി ഈശ്വര ഭക്തി കൂടുതലാണ്. വൈദ്യസേവനം കഴിഞ്ഞാല്‍ മുഴുവന്‍ സമയവും അമ്പലകാര്യങ്ങളിലാണ് അച്ഛനിപ്പോള്‍ ശ്രദ്ധ.
'ഒന്നൂല്ലാ അച്ഛാ, എനിക്ക് അമ്മയെ ഓര്‍മ്മ വന്നു.. അതാ അറിയാതെ കരച്ചില്‍ വന്നത്'
അവള്‍ കള്ളം പറഞ്ഞ് തടിയൂരി... വൈദ്യര്‍ക്ക് അതത്ര വിശ്വാസമായില്ല. കാരണം അമ്പലത്തിലേക്ക് പതിവ് സ്ഥായീ ഭാവം വിട്ട് തുള്ളിച്ചാടി വരുന്ന അവളെ അയാള്‍ ദൂരെ നിന്നെ കണ്ടിരുന്നു. സങ്കടം വന്നാലും അവള്‍ കരയാതെ പിടിച്ച് നില്‍ക്കാറുണ്ട്.. പക്ഷെ അമിത സന്തോഷം അവളെ കരയിപ്പിക്കും. അത് വൈദ്യര്‍ക്ക് അറിവുള്ള കാര്യമാണ്. എന്തോ ഒരു പന്തികേട് വൈദ്യര്‍ക്ക് മണത്തു. എങ്കിലും അത് പുറത്ത് കാണിക്കാതെ അയാൾ മകളുടെ അരികില്‍ നിന്ന് നടന്നു നീങ്ങി.
അമ്പലത്തില്‍ നിന്ന് തിരികെ നടക്കുമ്പോള്‍ അവള്‍ കണ്ണുകള്‍ കൊണ്ട് വഴി നീളെ മഹിയെ പരതി. ഏത് നിമിഷവും ശ്രീദേവി കുട്ടീയെന്ന വിളി അവള്‍ പ്രതീക്ഷിച്ചു. പക്ഷെ അതുണ്ടായില്ല. നിരാശയോടെ അവള്‍ പടിപ്പുര കടന്ന് വീട്ടിലേക്ക് പ്രവേശിച്ചു. മഹിയുടെ നുണക്കുഴി ചിരിയും പ്രണയനിര്‍ഭരമായ നോട്ടവുമൊക്കെ അയവിറക്കി അവളന്ന് പകല്‍ മുഴുവന്‍ കഴിച്ചു കൂട്ടി. രാത്രി ഉറങ്ങാന്‍ കിടക്കും നേരം വീണ്ടും അവള്‍ക്ക് ജാലകവാതില്‍ക്കല്‍ ആരോ മുട്ടുന്നതായി തോന്നി.
ഇത്തവണ അവള്‍ക്ക് ആരും പറയാതെ തന്നെ അറിയാമായിരുന്നു. അത് മഹിയാണെന്ന് . ഉയരുന്ന നെഞ്ചിടിപ്പോടെ അവള്‍ ജാലക വാതില്‍ തുറന്ന് നോക്കി. ആരെയും കാണുന്നില്ല. ഇനി ചിലപ്പോള്‍ മഹിയെ കുറിച്ച് തന്നെ ചിന്തിച്ചിരുന്നത് കൊണ്ട് തനിക്ക് തോന്നിയതാവുമോ....
'ശ്രീദേവി കൂട്ടി ഇത് ഞാനാ നിന്റെ മഹി....'
കതകടക്കാന്‍ തുനിഞ്ഞ അവള്‍ ഞെട്ടലോടെ പ്രണയാതുരമായ മഹിയുടെ വാക്കുകള്‍ കേട്ടു. ഇരുട്ടിന്റെ മറയത്ത് നിന്ന് അവന്‍ അവളുടെ മുമ്പിലേക്ക് കയറി നിന്നു. പുറത്ത് വീശുന്ന ചെറിയ കാറ്റിന്റെ ഓളങ്ങളില്‍ അവന്റെ മുടിയിഴകള്‍ പാറി പറന്ന് ഒരു ഗന്ധര്‍വനെ പോലെ തോന്നിപ്പിച്ചു അവള്‍ക്ക്. ഒരു നിമിഷം ഒന്നും ഉരിയാടാനാവാതെ മതി മറന്ന് ആ സൗന്ദര്യം ആസ്വദിച്ച് അവള്‍ നിന്ന് പോയി. ഈ ജാലകവാതിലിന്റെ തടസ്സം ഇടയിലില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ താന്‍ തിരുമേനിയുടെ വിരിഞ്ഞ നെഞ്ചിലേക്ക് പടര്‍ന്നു കയറിയേനെ... അവള്‍ക്ക് നില തെറ്റുന്നത് പോലെ തോന്നി.
ശ്രീദേവി തമ്പുരാട്ടി രാവിലെ ഞാന്‍ പറഞ്ഞതിന് മറുപടി ഒന്നും തന്നില്ല.... എന്നെ ഇഷ്ടമല്ലായെന്നുണ്ടോ... ഉണ്ടെങ്കില്‍ മടികൂടാതെ പറഞ്ഞോളു.... വിരോധമില്ല്യാ..
ജാള്യതയോടെ അതിലേറെ നാണത്തോടെ അവള്‍ അവനില്‍ നിന്ന് നോട്ടം പറിച്ചെടുത്ത് തലകുനിച്ചു. അവന്റെ ശബദം തന്റെ ഹൃദയത്തോളം ആഴ്ന്നിറങ്ങന്നതു പോലെ അവള്‍ക്ക് തോന്നി. മറുപടി പറയാന്‍ വാക്കുകള്‍ കിട്ടാതെ അവളുഴറി.
' ഇപ്പോള്‍ പറയാന്‍ ബുദ്ധിമുട്ടാണെങ്കില്‍ വേണ്ട, രാത്രി എല്ലാവരും ഉറങ്ങി കഴിഞ്ഞിട്ട്.... മനക്ക് പിറകിലെ കുളക്കരയിലേക്ക് വരൂ.. നമുക്ക് ആരുടേയും ശല്ല്യമില്ലാതെ സംസാരിക്കാം'
മഹി അവളോടായ് വീണ്ടും പറഞ്ഞു.
' എന്താ കുട്ടി ഇന്നും നിനക്ക് ആ ജാലകപ്പടിയില്‍ ?.... അവിടെ ആരെയാ നീ തിരയുന്നത്'
അച്ഛന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് അവള്‍ ഞെട്ടലോടെ തിരിഞ്ഞു നോക്കി. അച്ഛന്‍ മഹിയോ കണ്ടിട്ടുണ്ടാവുമോ... അവള്‍ക്ക് ആകെ പരിഭ്രമമമായി... ജാലകത്തിന് വെളിയിലേക്ക് നോക്കിയപ്പോള്‍ മഹിയെ അവിടെയെവിടെയും കാണുന്നില്ല. ഒരു പക്ഷെ, അച്ഛന്റെ ശബ്ദം കേട്ടപ്പോള്‍ എങ്ങോട്ടെങ്കിലും ഓടി മറഞ്ഞു കാണും.
' അത് അച്ഛാ... നിലാവത്ത് ഈ അമ്പിളിയെ കണ്ടോണ്ടിരിക്കാന്‍ നല്ല ചേല്...അതാ..'
' പ്രായം തികഞ്ഞ പെണ്‍കുട്ടികള്‍ അര്‍ദ്ധരാത്രി നിലാവ് കണ്ടിരിക്കുന്നത് അത്ര ശരിയല്ല.... നീയാ ജാലകമങ്ങ് അടച്ചേക്ക്'
വൈദ്യര്‍ ആജ്ഞാ സ്വരത്തില്‍ ആവശ്യപ്പെട്ടു. ജാലകവാതിലടക്കുന്നതിനിടയില്‍ ആ ഇരുട്ടില്‍ അവള്‍ ഒന്നു കൂടെ കണ്ണുകള്‍ കൊണ്ട് പരതി തന്റെ പ്രിയതമനെ.. പക്ഷെ എവിടെയും കണ്ടില്ല.
എല്ലാവരും ഉറങ്ങാന്‍ കിടന്നിട്ടും ശ്രീദേവിയെ മാത്രം ഉറക്കം കടാക്ഷിച്ചില്ല. മഹിയുടെ രൂപവും വാക്കുമായിരുന്നു അവളുടെ കണ്ണുകളില്‍. എന്തിനാവും തിരുമേനി കുളക്കരയിലേക്ക് ചെല്ലാന്‍ പറഞ്ഞത്. ഒരു പക്ഷെ മനസ്സ് തുറന്ന് സംസാരിക്കാനാവും. ആദ്യമായിട്ടാണ് മനസ്സ് ഇത്രയും കലുങ്കിശതമാവുന്നത്. മഹി തിരുമേനി പറഞ്ഞത് പോലെ കുളക്കരയിലേക്ക് പോകുന്നത് ശരിയല്ലെന്ന് അവള്‍ക്ക് തോന്നി. എന്തു തന്നെയായാലും വിവാഹത്തിന് മുമ്പ് ഇതൊന്നും ശരിയല്ല. പക്ഷെ താന്‍ പോയില്ലെങ്കില്‍ തിരുമേനിക്ക് തന്നോട് മുഷിച്ചിലുണ്ടാവില്ലേ... അങ്ങനെ പലതും ആലോചിച്ച് അവള്‍ അറിയാതെ മയങ്ങി പോയി.
രാത്രിയുടെ ഏഴാം യാമത്തില്‍ അവളറിയാതെ തന്നെ അവളുടെ ഉറക്ക് ഞെട്ടി. തിരുമേനിയുടെ വാക്കുകള്‍ വേദവാക്യമെന്നോണം അവളുടെ കാതുകളില്‍ അലയടിച്ചു. അവളുടെ ഹൃദയത്തില്‍ മഹിയോടുള്ള പ്രണയം മഹാ സാഗരം പോല്‍ നിറഞ്ഞു തുളുമ്പി. യാന്ത്രികമായി അവള്‍ കിടപ്പിടം വിട്ടെഴുന്നേറ്റ് പുറത്തേക്കിറങ്ങി നടന്നു. നിലാവും ചന്ദ്രനും മറഞ്ഞ ഘനാദ്ധകാരത്തില്‍ ഊളിയിട്ട് കുളക്കര ലക്ഷ്യമാക്കി അവള്‍ നിങ്ങി. വെള്ളാരം കല്ല് പോല്‍ തിളങ്ങുന്ന കണ്ണുകളുമായ് കുളക്കരയില്‍ കളം വരച്ച് ഇടം കൈയ്യില്‍ ശംഖ് കോര്‍ത്ത് പിടിച്ച് പൈശാചിക ഭാവത്തോടെ മഹി അവളുടെ വരവിനായ് കാത്തിരുന്നു.
തുടരും
അഘോര

അടുത്ത  അദ്ധ്യായം നാളെ ഇതേ സമയം നല്ലെഴുത്ത് പേജിൽ  or Check this link - എല്ലാ ഭാഗവും വായിക്കാൻ https://www.nallezhuth.com/search/label/Aghora

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot