Slider

അഘോര - ഹൊറർ നോവൽ - ഭാഗം : 11

0

രചന : അജ്മല്‍ സികെ
കണ്ണുകള്‍ രണ്ടും അടച്ച് കസേരയില്‍ പിറകിലോട്ട് തല ചായ്ച്ച് ശാന്തമായി വിശ്രമിക്കുന്ന ആ വൃദ്ധന്റെ കാലുകള്‍ തൊട്ട് വന്ദിച്ച് വളരെ ഭവ്യതയോടെ രാഘവന്‍ മാറി നിന്നു. പൂര്‍ണ്ണമായും അദ്ദേഹത്തെ നര കീഴടക്കിയിരിക്കുന്നു. ആരോഗ്യദൃഡഗാത്രനായിരുന്ന അദ്ദേഹത്തെ വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ പിടിമുറുക്കിയിട്ടുണ്ടെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ അയാള്‍ക്ക് തോന്നി.
'രാഘവന്‍ വന്ന കാലില്‍ നില്‍ക്കാതെ ഈ ഇറയത്തോട് കയറി ഇരിക്ക്'
അദ്ദേഹത്തിന്റെ ചുണ്ടുകള്‍ ശബ്ദിച്ചു. ഒന്നു കാണുക പോലും ചെയ്യാതെ മുമ്പില്‍ നില്‍ക്കുന്ന ആളെ തിരുമേനി എങ്ങനെ തിരിച്ചറിഞ്ഞുവെന്ന് അവര്‍ക്ക് രണ്ട് പേര്‍ക്കും മനസ്സിലായില്ല. പെട്ടെന്നുണ്ടായ വല്ല്യ തിരുമേനിയുടെ തിരോധാനം തൊട്ട് മഹിയുമൊത്തുള്ള യാത്രയും അനുബന്ധ സംഭവങ്ങളുമുള്‍പ്പെടെ ഒരുപാട് സംശയങ്ങള്‍ രാഘവന്റെ മനസ്സിലുണ്ടായിരുന്നെങ്കിലും ഒന്നും തിരുമേനിയോടാരായാനുള്ള ധൈര്യം രാഘവനുണ്ടായിരുന്നില്ല.
' ചിരുതക്ക് പതിനഞ്ച് തികയാറായല്ലേ... അമ്മയില്ലാത്ത കുട്ടിയാണ്... ഓളെ നല്ലോണം നോക്കണം'
തിരുമേനി കണ്ണുകള്‍ തുറക്കാതെ തന്നെ രാഘവനോടാവശ്യപ്പെട്ടു.
' ചിരുത സുഖായിട്ടിരിക്കുന്നു... പക്ഷെ നമ്മുടെ മഹിക്കുഞ്ഞ് അപകടത്തിലാണ് അങ്ങുന്നേ........ '
രാഘവന്‍ പറഞ്ഞ് മുഴുമിക്കും മുമ്പേ കൈയ്യുയര്‍ത്തി തിരുമേനി അവനെ തടഞ്ഞു.
' അറിയാം.. നിന്നെ കൂട്ടിക്കൊണ്ടു വരാന്‍ ഞാനാണ് ജീവനെ അങ്ങോട്ട് പറഞ്ഞയച്ചത്.. നിനക്ക് പകരം മറ്റാര് മഹിക്ക് കൂട്ടിന് വന്നിരുന്നെങ്കിലും അവിടെ ചത്തു മലച്ച് കിടന്നേനെ'
തിരുമേനിയുടെ വാക്കുകള്‍ അവന്‍ ഞെട്ടലോടെ കേട്ടു.
അപ്പോള്‍ ഞാന്‍ മരണത്തിന്റെ പിടിയില്‍ നിന്നാണ് രക്ഷപ്പെട്ടു വന്നതെന്നോ?
രാഘവന് ഉള്ള് പിടക്കുന്നുണ്ടായിരുന്നു.
' അതെ, മുമ്പ് അവിടെ രാത്രി സമയങ്ങളില്‍ എത്തിപ്പെട്ടവരാരും ജീവനോടെ അവിടം വിട്ട് പോയിട്ടില്ല'
തിരുമേനി തുടര്‍ന്നു.
' രാഘവന്‍ ചേട്ടാ.... കൂട്ടി കൊണ്ടു വരാന്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ ജീവനോടെയുണ്ടാകുമെന്ന് സ്വപ്‌നത്തില്‍ പോലും ഞാന്‍ കുരുതിയിരുന്നില്ല'
ജീവന്‍ തിരുമേനിയുടെ വാക്കുകള്‍ക്കൊപ്പം കൂട്ടിച്ചേര്‍ത്തു.
' പിന്നെ ഞാനെങ്ങനെ മരണത്തെ അതിജയിച്ചു. എന്നെ രക്ഷിച്ചത് അങ്ങയുടെ മന്ത്ര സിദ്ധികളാണോ?
രാഘവന് സംശയം അവസാനിച്ചില്ല.
' നിന്നെ രക്ഷിച്ചത് നീ തന്നെയാണ് രാഘവാ.... നമുക്ക് രണ്ട് പേര്‍ക്കും മാത്രം അറിയാവുന്ന നിന്റെ രഹസ്യം, അതാണ് നിന്നെ രക്ഷിച്ചത്.... '
തിരുമേനി നെടുവീര്‍പ്പോടെ പറഞ്ഞു. എന്താണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശാപമെന്ന് താന്‍ കരുതിയിരുന്നതോ... അത് തന്നെ പ്രാണനെ വലിയ അപകടത്തില്‍ നിന്ന് രക്ഷിച്ചിരിക്കുന്നു.
ചാരിക്കിടക്കുകയായിരുന്ന തിരുമേനി കസേര വിട്ടെഴുന്നേറ്റു നിന്നു. പിന്നെ രാഘവന് നേരെ തിരിഞ്ഞ് കണ്ണുകള്‍ തുറന്നു. തിരുമേനിയുടെ കണ്ണുകള്‍ കണ്ട് അയാള്‍ ഭയന്നു പോയി. കണ്ണുകള്‍ കുഴികളിലേക്ക് ആണ്ടു പോയിരിക്കുന്നു. കൃഷ്ണ മണിക്ക് പകരം വെള്ള പ്രതലത്തില്‍ എന്തോ കണ്ണില്‍ അടിഞ്ഞു കൂടിയിണ്ടുണ്ട്.
' എന്താ തിരുമേനി ഇതൊക്കെ? അങ്ങയുടെ കണ്ണുകള്‍ക്ക് ഇതെന്തു പറ്റി?
രാഘവന്‍ ആശ്ചര്യത്തോടെ ചോദിച്ചു. ചോദ്യം കേട്ട് അദ്ദേഹം നിറഞ്ഞ ഒരു പുഞ്ചിരിയോട് കൂടി പറഞ്ഞു.
'എന്റെ പുറം കാഴ്ച്ചകള്‍ അവന്‍ കവര്‍ന്നെടുത്തു.... അവിടെ ഇപ്പോള്‍ ഇരുട്ടാണ്...'
സൂര്യ തേജസ് പോലെ തിളങ്ങി നിന്നിരുന്ന അദ്ദേഹത്തിന്റെ കണ്ണുകളെ ഇരുട്ടു ബാധിച്ചുവെന്നത് രാഘവന് വിശ്വസിക്കാനായതേയില്ല.
' അങ്ങെന്താണ് പറയുന്നത് അങ്ങയെ അന്ധനാക്കി മാറ്റാന്‍ മാത്രം ശക്തി ഈ ലോകത്തില്‍ ആര്‍ക്കാണുള്ളത്'
രാഘവന്‍ ചോദ്യങ്ങള്‍ തുടര്‍ന്നു.
' പുറത്ത് നിന്ന് ആര്‍ക്കും അതിനാകില്ലെന്ന് നിഴലു പോലെ എന്റെ കൂടെയുണ്ടായിരുന്ന രാഘവന് അറിയില്ലേ...'
' അപ്പോള്‍ അങ്ങ് പറഞ്ഞു വരുന്നത് ഇളയതിരുമേനിയെകുറിച്ചാണോ....'
രാഘവന്‍ സംശയത്തോട് കൂടി ചോദിച്ചു.
' അതെ, ചിത്ര മംഗലത്തെ ഇളയ തിരുമേനി, എന്റെ അനുജന്‍ പ്രതാപ വര്‍മ്മ... അവന്‍ എന്റെ കുലത്തിന് തന്നെ അന്തകനാകുമെന്ന് കണ്ടപ്പോള്‍ മറ്റു വഴിയൊന്നും ഞാന്‍ കണ്ടില്ല....'
ഗദ്ഗദത്തോടെ തിരുമേനി ഉരുവിട്ടു. കണ്ണുകള്‍ നഷ്ടപ്പെട്ടതിലല്ലായിരുന്നു തിരുമേനിക്ക് വിഷമം... പ്രതാപവര്‍മ്മന്‍ തന്റെ കൈകളാല്‍ അവസാനിച്ചതിലായിരുന്നു.
ഒന്നും കൃത്യമായി മനസ്സിലായില്ലെങ്കിലും പിന്നെയും തിരുമേനിയെ ചോദ്യങ്ങള്‍ ചോദിച്ച് വിഷമിപ്പിക്കാന്‍ രാഘവന്‍ മുതിര്‍ന്നില്ല. പിറകിലേക്ക് നടക്കാന്‍ തുടങ്ങിയ തിരുമേനിയുടെ പാദങ്ങള്‍ കസേരയില്‍ തടഞ്ഞ് വീഴാനാഞ്ഞു. അപ്പോഴേക്ക് ജീവന്‍ അടുത്തേക്ക് ഓടിയെത്തി അദ്ദേഹത്തെ കൈകളാല്‍ താങ്ങി. പിന്നെ പതിയെ അദ്ദേഹത്തേയും കൊണ്ട് വീടിനകത്തേക്ക് നടന്നു.
രാഘവന്‍ ഇറയത്ത് പലതും ആലോചിച്ച് ഒരെത്തും പിടിയും കിട്ടാതെ ഇരുന്നു. അല്‍പ സമയം കഴിഞ്ഞപ്പോള്‍ ഒരു പത്രം നിറയെ കഞ്ഞിയുമായി ജീവന്‍ രാഘവനരികിലെത്തി.
' ഇന്നലെ മുതല്‍ ഒന്നും കാര്യമായിട്ട് കഴിച്ചിട്ടുണ്ടാവില്ലല്ലോ അല്ലെ? തല്‍ക്കാലം ഇത് കഴിക്കു..... വിശപ്പും ക്ഷീണവും അങ്ങ് മാറട്ടെ... നമുക്ക് നീണ്ട യാത്ര ബാക്കി കിടക്കുന്നു'
ജീവന്റെ വാക്കുകള്‍ കേട്ട് അയാളമ്പരന്നു. ഇനിയും യാത്രയോ... ഇനിയെങ്ങോട്ടാണ് യാത്ര.. എന്തോ ഇപ്പോള്‍ യാത്രയെന്ന് കേള്‍ക്കുന്നതേ ഭയമാണ് രാഘവന്.
'ഭയക്കേണ്ട ആ കൊടുംങ്കാട്ടിലേക്കല്ല യാത്ര.... നമ്മള്‍ നാട്ടിലേക്ക് മടങ്ങുകയാണ്.... തിരുമേനിക്ക് ചിത്രമംഗലത്ത് തിരിച്ചെത്താനുള്ള സമയമായിരിക്കുന്നു'
ജീവന്‍ രാഘവന്റെ മാനസികസംഘര്‍ഷം വായിച്ചെടുത്തെന്നോണം പറഞ്ഞു.
അപ്പോള്‍ മഹിക്കുഞ്ഞിനെ ആ കൊടുംങ്കാട്ടില്‍ തനിച്ചാക്കി പോവുകയാണോ നമ്മള്‍?
രാഘവന്‍ തന്റെ സംശയം മറച്ച് പിടിച്ചില്ല.
' വരേണ്ടവര്‍ വരേണ്ട സമയത്തെത്തുമെന്ന്് പറഞ്ഞു തിരമേനി. കൂടുതലൊന്നും എനിക്കുമറിഞ്ഞ് കൂടാ'
പിന്നെയും സംശയങ്ങള്‍ ചോദിക്കാന്‍ മുതിര്‍ന്ന രാഘവനെ തടഞ്ഞ് കൊണ്ട് ജീവന്‍ പറഞ്ഞു.
' സംശയങ്ങള്‍ നമുക്ക് പിന്നീട് തീര്‍ക്കാം... ആദ്യം ഈ കഞ്ഞി കുടിച്ച് വിശപ്പ് മാറ്റു, ശേഷം അകത്ത് പോയി കുറച്ച് നേരം വിശ്രമിച്ചോളു.... വൈകീട് നമുക്ക് ഇവിടെ വിട്ടിറങ്ങണം'
ജീവന്‍ അകത്തേക്ക് തിരിഞ്ഞ് നടന്നു. രാഘവന് വിശപ്പ് അതിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്നത് പോലെ തോന്നി. ഒറ്റയിരുപ്പിന്.. അയാള്‍ ആ കഞ്ഞി മുഴുവന്‍ കുടിച്ച് തീര്‍ത്തു.
വിശപ്പടങ്ങിയപ്പോള്‍ വീണ്ടും ആലോചനകളില്‍ മുഴുകി ഇറയത്ത് തന്നെ ഇരുന്നു. പെട്ടെന്നാണ് ഒരു ചിന്ത അവന്റെ മനസ്സില്‍ ഉടക്കി നിന്നത്. നിത്യ ബ്രഹ്മചാരി ആയ തിരുമേനി എങ്ങനെ ഈ ബാലന്റെ മുത്തശ്ശനായി. ഇനിയിപ്പോള്‍ അദ്ദേഹം മറ്റാരും കാണാതെ ഇവിടെ സംബന്ധമോ മറ്റോ ആരംഭിച്ചതായിരിക്കുമോ.... അതു കൊണ്ടാവുമോ അദ്ദേഹം തീര്‍ത്ഥയാത്രയെന്നു പറഞ്ഞ് നാടു വിട്ടത്. ചിന്തകള്‍ കാടു കയറാന്‍ തുടങ്ങിയിരുന്നു.
കലശലായ മൂത്ര ശങ്ക പിടികൂടിയപ്പോള്‍ ശുചിമുറി എവിടെയാവുമെന്നായി അടുത്ത ചിന്ത. വീടിന് പിറകിലെവിടെയെങ്കിലുമാവുമെന്ന്് കരുതി അങ്ങോട്ട് പോയപ്പോയാണ് കുറച്ച് ദൂരെയായി വലിയ ഒരു എട്ടുകെട്ട് മാളിക കണ്ണില്‍ പെട്ടത്. ഒറ്റ നോട്ടത്തിലെ വലിയ തറവാടാണെന്ന് രാഘവന് മനസ്സിലായി. പക്ഷെ ആള്‍പെരുമാറ്റമില്ലാതെന്ന പോലെ ചുറ്റിലും കാട് പിടിച്ച് കിടക്കുന്നു. ചുമരുകളും ഓടുമൊക്കെ പൂപ്പല്‍ പിടിച്ച് ആകെ പരുവമായിട്ടുണ്ട്. എന്തോ ഉള്‍പ്രേരണയില്‍ രാഘവന്‍ ആ എട്ടുകെട്ട് ലക്ഷ്യമാക്കി നടന്നു. ആ മാളികയുടെ എടുപ്പും സൗന്ദര്യവും അവനെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.
എട്ടുകെട്ടടുക്കും തോറും കാലിനടിയിലെ മണ്ണ് നേര്‍ത്തു വരുന്നതായും കലുകള്‍ മണ്ണിനടിയിലേക്ക് ആണ്ടു പോകുന്നതായും അയാള്‍ക്ക് തോന്നി. ഒട്ടും നിനച്ചിരിക്കാത്ത നേരത്ത് അയാള്‍ അരക്കൊപ്പം ചതുപ്പിലേക്ക് ആണ്ടു പോയി. പിടി വള്ളിക്കായി ചുറ്റിലും അയാള്‍ പരതി. ഒടുക്കം നിവൃത്തിയില്ലാതെ അയാള്‍ ആര്‍ത്തു വിളിച്ചു. കഴുത്തോളം ചതുപ്പിലേക്ക് പൂണ്ടു പോയപ്പോള്‍ ശ്വാസം മുട്ടുന്നതായി അവന് തോന്നി. ശബ്ദം പുറത്ത് വരാതെ, കണ്ണുകള്‍ തുറിച്ച് അവന്‍ വികൃതമായ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചു. മരണം കൈയ്യകലത്ത് എത്തി നില്‍ക്കുന്നതായി അവന് മനസ്സിലായി. കണ്ണുകള്‍ ഇറുകെയടച്ച് കാലന്റെ വരവിനായി അവന്‍ കാത്തിരുന്നു. പതിയെ ശിരസ്സുള്‍പ്പെടെ ചതുപ്പിന്റെ ആഴങ്ങളിലേക്ക് താഴ്ന്നു പോയി.... കണ്ണുകളിലേക്ക് ഇരുട്ട് ഇരച്ചു കയറി.
തുടരും
അഘോര

അടുത്ത  അദ്ധ്യായം നാളെ ഇതേ സമയം നല്ലെഴുത്ത് പേജിൽ  or Check this link - എല്ലാ ഭാഗവും വായിക്കാൻ https://www.nallezhuth.com/search/label/Aghora
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo