Slider

ഒരു ആത്മഹത്യക്ക് മുന്പുള്ള കുറെ ചിന്തകൾ

0

(പി . വി പവിത്രൻ എന്തിനാണ് ആത്മഹത്യ ചെയ്തത് ? അല്ല ആരാണീ പി.വി.പവിത്രന്‍ )
**********************************************************************
സ്നേഹമുള്ളവരെ ,
അത് വേണ്ട ..എനിക്ക് സ്നേഹവും.. എന്നോട് വെറുപ്പും ഉള്ളവരെ ..ഞാൻ അതായത് , ഈ കുറിപ്പെഴുതുന്ന ഞാൻ എന്ന ഞാൻ ..ആത്മഹത്യാ ചെയ്യാൻ പോവുകയാണ് .. എന്റെ ആത്മഹത്യക്ക് മരിച്ചു പോയവരോ ..ജീവിച്ചിരിക്കുന്നവരോ ആയി യാതൊരു പുല ബന്ധവും ഇല്ല ..എന്നാലോ ചില മുള്ളി തെറിച്ച ബന്ധങ്ങൾ ഉണ്ട് താനും ..
ഞാനാരാണ് .. ??
ഞാൻ എന്തിനാണ് ആത്മഹത്യാ ചെയ്യുന്നത് ..??
ഞാൻ എന്തിനാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതി വെച്ച് ചാകുന്നത് .. ??
സ്വാഭാവികമായും ..ഏതൊരു ജനക്ഷേമ തല്പര കക്ഷിയ്ക്കും തോന്നാകുന്ന.. തോന്നേണ്ടുന്ന, കുറെ സംശയങ്ങൾ..വെറുതെ എന്നെ ക്കുറിച്ച് .. എന്റെ നല്ലവരായ നാട്ടുകാർ യാഥാർത്യവുമായി യാതൊരു ബന്ധവും ഇല്ലാത്ത .. കടിച്ചാല്‍ പൊട്ടാത്ത നുണക്കഥകൾ ഉണ്ടാക്കി പറഞ്ഞു പരത്തി കഷ്ടപെടെണ്ടാ എന്ന് കരുതിയാണ് ഈ കുറിപ്പ് .ക്ഷമയോടെ, താല്പര്യത്തോടെ കുത്തി ഇരുന്നു വായിക്കുന്ന ഏതൊരു അക്ഷരാഭ്യാസിക്കും , എല്ലാ ചോദ്യങ്ങൾക്കും വ്യക്തവും ശക്തവുമായ ഉത്തരം ലഭിക്കും.ഇത് ഈ വിനീത വിധേയനായ പരേതന്റെ ഉറപ്പാണ് ..
(N . B : പരേതന്മാർ വാക്ക് പറഞ്ഞാൽ അത് വാക്കാ.. പിന്നെ മാറില്ല .. )
ചോദ്യം ഒന്ന് ... ??
ഞാൻ ആരാണ് .. ??
ചോദ്യം എത്ര എളുപ്പമാണോ അത്ര തന്നെ പ്രയാസമാണ് ഉത്തരവും ( എനിക്ക് മാത്രമല്ല എല്ലാവര്‍ക്കും ..സംശയം ഉണ്ടേല്‍ ഒന്ന് ആലോചിച്ചു നോക്കിക്കോ ) ഞാൻ പി.വി. പവിത്രൻ , പുത്തൻപുരയിൽ വിജയൻ മകൻ പവിത്രൻ .ചില കൂട്ടുകാർ പവി എന്നും ചില വിഡ്ഢി കൂഷ്മാണ്ടങ്ങൾ കപി എന്നും വിളിക്കാറുണ്ട്. വിദ്യാഭ്യാസം , മലയാളത്തിൽ ഒരു എം. എ , എം .എഡ്, പിന്നെ ചെറിയൊരു പി.എച് .ഡി. യും .. എടുക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു ..പക്ഷെ അതിനിടയ്ക്ക് ശ്രീമാൻ കാലദേവൻ അച്ഛനെയും കൊണ്ട് തീർഥ യാത്രയ്ക്ക് പോയത് കൊണ്ട് കഴിഞ്ഞില്ല .അങ്ങനെ, അപ്പോൾ തന്നെ രണ്ടു പുര നിറയാത്ത പെങ്ങന്മാരും കഷായത്തിന്റെയും കുഴമ്പിന്‍റെയും മാത്രം മണമുള്ള അമ്മയും എന്റെ മുഖത്തേയ്ക്കു നോക്കി മൂക്ക് പിഴിഞ്ഞു .ആ വകയിൽ ,വീഴാറായ പുത്തൻപുരയുടെ മേല്ക്കൂര എന്റെ ചുമലിൽ തന്നെ വന്നു വീണു. അങ്ങനെ അതുവരെ പി.വി. പവിത്രൻ ആയിരുന്ന ഞാൻ നാട്ടുകാരുടെ ഇടയിൽ പ്രാരാബ്ധക്കാരനായ പവിത്രനായി മാറി .തൊഴിൽ തെണ്ടി തെണ്ടി പലപ്പോഴും മുട്ട് തെറ്റി വീണു .അമ്മ ഇനി മുതൽ കഷായം തരില്ലാ എന്നും .. തുള ഇല്ലാത്ത ചെരുപ്പുമായി ചെന്നാലേ ജോലി കിട്ടൂ എന്നും ഉറപ്പായപ്പോൾ വീട്ടില്‍ ട്യൂഷൻ തുടങ്ങി .ഇടയ്ക്കിടെ പല സ്കൂളിലും ഇന്റർവ്യൂ നു പോയി എങ്കിലും വീട്ടിലെ ലക്ഷങ്ങൾ പൂക്കുന്ന മരങ്ങൾ, തൊടിയിൽ പഴയപോലെ കായ്ക്കാത്ത കൊണ്ട് , അവസാനം ഒരു ട്യൂട്ടോറിയൽ കോളേജിൽ വാദ്യാരായി .
ആങ്ങളയോട് ഒരുപാട് സ്നേഹമുള്ളവരായിരുന്നു രണ്ടു പെങ്ങന്മാരും , മൂത്തവൾ തൊട്ടടുത്ത വീട്ടിലെ നസ്രാണിക്കൊപ്പം നാട് വിട്ടത് , രണ്ടാമാതോൾക്ക് ഒട്ടും പിടിച്ചില്ല . അവൾ കരഞ്ഞു , കരഞ്ഞു പതം പറഞ്ഞവസാനം ഇൻസ്റ്റാൾമെന്റിൽ തുണി കൊണ്ട് വന്ന അണ്ണാച്ചിയുടെ കൂടെ പൊള്ളാച്ചിയ്ക്ക് പോയി .പക്ഷെ അവൾ മൂത്തവളെ പോലെ അല്ലായിരുന്നു , അങ്ങളയോടും അമ്മയോടും ഒരുപാട് സ്നേഹം ഉള്ളത് കൊണ്ടാണ് തോന്നുന്നു , രണ്ടു മാസം കഴിഞ്ഞപ്പോൾ അവളിങ്ങു പോന്നു.എന്റെ പെങ്ങളല്ലേ.. ചുമ്മാ ഇങ്ങു പോരുവോ .. നല്ല അസ്സലായി പള്ളയും വീർപ്പിച്ചു തന്നെയാ പോന്നത് .അത് കൊണ്ടെന്താ അമ്മയ്ക്ക് വായൂനോടുള്ള സ്നേഹം അങ്ങ് കൂടി. അതിനു എന്തു ഒരു ഓമന പേരുണ്ടല്ലോ.. മ്മടെ ആസ്മ ഇല്ലേ.. അത് തന്നെ ..
കൃത്യം പത്താം മാസത്തിനു മുൻപ് തന്നെ ഓള് പ്രസവിച്ചു .. നല്ല കരിങ്കലം പോലത്തെ ഒരു ആണ്‍കുഞ്ഞ് . പ്രസവിക്കാനും .. കൊച്ചിന്റെ ഇരുപത്തിയെട്ടിനും എന്റെ പെങ്ങള്‍ക്ക്അ ഞ്ചു പൈസേടെ മുടക്ക് വന്നില്ലാട്ടോ.. ചുമ്മാ കിടന്നങ്ങ് പെറ്റു, ചുമ്മാ ഇരുന്നങ്ങു കെട്ടി ..പലിശയ്ക്കു പൈസ കടം വാങ്ങീതും, അതിന്റെ പേരില് പലിശക്കാരൻ വറീതിന്റെ തെറി കേട്ടതും ആരാ.. ദേ ഇവിടെ നോക്കിക്കെ..ഞാനാ .. ഇപ്പോൾ പരേതനായ .. ഈ പി.വി പവിത്രൻ ..
പക്ഷെ എന്റെ ജീവിതത്തിലെ തമാശകൾ ഇവിടെ കൊണ്ടെങ്ങും തീർന്നില്ലാട്ടോ.ജീവിതമാകുന്ന പായകപ്പൽ തുന്നി പിടിപ്പിച്ചും , തള്ളിയും പെറുക്കിയും, ഒരു വിധം മുന്നോട്ടു കൊണ്ടുപോകുമ്പോഴാണ് നസ്രാണിയുടെ കൂടെ പോയ പെങ്ങൾ അഞ്ചു വര്ഷം കഴിഞ്ഞാണെങ്കിലും , തിരികെ വന്നത്, ഒറ്റയ്ക്കല്ലാട്ടോ , രണ്ടു താഴികക്കുടം പോലത്തെ പെണ്‍കുട്ട്യോളും , അവളുടെ കേട്യോൻ വണ്ടി ഇടിച്ചു തല്ക്ഷണം ചത്തു , അയ്യോ ക്ഷമാപണം ..മരിച്ചത്രേ. അതിന്റെ പിറ്റേ ദിവസം അവന്റെ വീട്ടുകാർ , ഇവളേം മക്കളേം ഇറക്കി വിട്ടു . പക്ഷെ എന്റെ പെങ്ങൾക്ക് ഒരു ഓര്‍മ്മ കുറവും ഇല്ലാത്തതിനാൽ.. അവളുടെ വീട്ടിലേക്കുള്ള വഴി നല്ല നിശ്ചയം ആയിരുന്നു ..കുറേ വര്‍ഷങ്ങള്‍ക്കു
ശേഷം അമ്മ ഏതായാലും വളരെ സന്തോഷവതിയായി കാണപ്പെട്ടു . എല്ലാ മക്കളും ഒരുപാട് നാളുകള്‍ക്കു ശേഷം ഒത്തു ചേര്‍ന്നല്ലോ .കൂടെ മൂന്നു അധിക ട്രോഫികളും . അങ്ങനെ ഒരു വിധം അമ്മേം പെങ്ങന്മാരേയും അവരുടെ മക്കളേം നോക്കി ജീവിക്കുമ്പോൾ ആണ് ആ നടുക്കുന്ന സത്യം ഞാൻ മനസിലാകിയത് .. എന്റെ മൂക്കിലൂടെ പല്ല് വരുന്നൂ ...
എന്നെ കുറിച്ച് ഇത്രയും മതി .. ഇപ്പോൾ തന്നെ ഞാൻ കുറഞ്ഞത്‌ ഒരു പത്തു പ്രാവശ്യം എങ്കിലും ആത്മഹത്യ ചെയ്യേണ്ട സമയം ആയെന്നു .നിങ്ങൾക്ക് തോന്നുന്നില്ലേ .. തോന്നും ..
പക്ഷെ എന്റെ ആത്മഹത്യയുടെ കാരണം ഇതൊന്നും ആയിരുന്നില്ല..
പിന്നെയോ .. ?
ചോദ്യം രണ്ട് ...??
ഞാൻ എന്തിനാണ് ആത്മഹത്യ ചെയ്തത് ... ?
ഞാൻ പഠിപ്പിക്കുന്ന അതേ കലാലയത്തിൽ ബിസിനസ്‌ സ്റ്റഡീസ് പഠിപ്പിക്കുന്ന ഒരു ടീച്ചർ ഉണ്ട് . പേര് ശുഭ .ഏതാണ്ട് പഴയ സിനിമ നടി, ശുഭയുടെ യാതൊരു സാമ്യവും ഇല്ല ഈ ശുഭക്ക്.ഈ ശുഭ എന്ന് പറയുന്ന ടീച്ചർക്ക്‌ എന്നോട് കടുത്ത പ്രേമം .പ്രേമം എന്ന് വെച്ചാൽ , നല്ല അസ്ഥിയ്ക്കും പല്ലിനും ഒക്കെ പിടിച്ച പ്രേമം. ഞാൻ വിട്ടു കൊടുക്കുമോ ..ഞാൻ ആരാ മോൻ.. ഞാനും കേറി അങ്ങട് പ്രേമിച്ചു . അങ്ങനെ കലാലയത്തിൽ ഒരു മലയാളം - ബിനിനസ് പ്രണയം തഴച്ചു വളർന്നു . പ്രാരബ്ധങ്ങൾ ഒക്കെ ഇറക്കി വെച്ച് , ഞങ്ങൾ ഒന്നാകുന്ന ആ ശുഭ ദിനത്തിനായി ഞങ്ങൾ കാത്തിരുന്നു .
ഒരു മഴയുള്ള സായാഹ്നം ക്ലാസ്സ്‌ കഴിഞ്ഞു , കുടയില്ലാതതിനാൽ ഞാനും ശുഭയും സ്റ്റാഫ്‌ റൂമിൽ ഒറ്റയ്ക്കായി .. ഏതോ തന്തയ്ക്കു പിറയ്ക്കാത്ത നായിന്റെ മോൻ ( പരേതനാണ് ക്ഷമിക്കുമല്ലോ ) സ്റ്റാഫ്‌ റൂമിന്റെ വാതിൽ പുറത്തു നിന്നും പൂട്ടി . അത് നാട്ടുകാർക്ക് ഒരു പണിയായി . വെറുതെ ചൊറിയും കുത്തി ഇരുന്ന പല സാമൂഹ്യ - രാഷ്ട്രീയ പ്രവർത്തകരും ഈ അവസരം നല്ല ഭംഗിയായി ആഘോഷിച്ചു . ശുഭയെ പിന്നെ ഞാൻ കണ്ടിട്ടില്ല . സ്നേഹമുള്ള മാനേജർ , ബാക്കി ഉള്ള ശമ്പളം , കടം തീർത്ത്‌ തന്നു വിട്ടു ..ഇറങ്ങുമ്പോൾ ഇത്രയും കൂടി ..
" പവിത്രാ നാളെ മുതൽ ഇങ്ങട് വരണ്ടാട്ടോ .. !! "
അപ്രതീക്ഷിതം അല്ലാത്തതിനാൽ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല ..അങ്ങനെ നാട്ടുകാർക്കും, ആ തന്തയ്ക്കു പിറയ്ക്കാത്തവനും സന്തോഷമായി .. ഇനി ഞാൻ എങ്ങനെ ജീവിയ്ക്കും എന്ന് ഒന്ന് കാണണമല്ലോ .രണ്ട് മാസത്തിനു ശേഷം ശുഭയുടെ വിവാഹം കഴിഞ്ഞു എന്നറിഞ്ഞു .അങ്ങനെ അവൾ രക്ഷപെട്ടു ..
ഇപ്പോൾ നിങ്ങൾ വിചാരിയ്ക്കും ഇത് കൊണ്ടാ ഞാൻ ആത്മഹത്യ ചെയ്യുന്നേ എന്ന് .. അല്ലാട്ടോ .. കഥ ഇനീം ഉണ്ട് ..
അങ്ങനെ ജോലിയും കൂലിയും ഇല്ലാത്ത ഞാൻ വീട്ടിലെ കരടും പൊടിയും മാറാലയുമായി . പെങ്ങന്മാരും അമ്മയും ചീത്ത വിളിയും തുടങ്ങി . ദാരിദ്രം നാട്ടുവഴി കടന്നു , പടിപ്പുരയിൽ കുളിച്ചൊരുങ്ങി സുന്ദരിയായി നില്ക്കുന്നത് ഞാൻ കണ്ടു , എപ്പോൾ വേണമെങ്കിലും അവൾ കടന്നു വരും..
പോക്കറ്റിലെ അവസാന ചില്ലറ തുട്ടുകളുമായി നാട് വിടാൻ ഞാൻ തീരുമാനിച്ചു . എല്ലാവരോടും , ആരും അറിയാതെ മൌനമായി യാത്ര ചോദിച്ചു , അമ്മയോടും , പെങ്ങന്മാരോടും , നാടിനോടും , നാട്ടുകാരോടും പിന്നെ ആ തന്തയ്ക്കു പിറയ്ക്കാത്തവനോടും .
നാട് വിടാൻ തീരുമാനിച്ച അന്ന് വൈകുന്നേരം മഴയിലൂടെ എന്തു ആഗോള പ്രശ്നം ആലോചിച്ചു മഴയിലൂടെ മെല്ലെ നടന്നു വായനശാലയിലെയ്ക്ക് പോവുകയായിരുന്നു ഞാൻ . കൃഷ്ണേട്ടന്റെ ചായപ്പീടികയിൽ ഇരുന്നു ആരോ പറയുന്നത് കേട്ടു.
" പവിത്രനല്ലേ ആ മഴ നനഞ്ഞു പോണത് .. ഈശ്വരാ പാവം അതിന്റെ മനസ്സ് ഇളകീന്നാ തോന്നണത് ..അല്ലേൽ ഈ പെരുമഴയത്ത്, ഇത് നൊസ്സ് തന്നെയാ,,"
ശരിയാ നല്ല മഴയാണ് ..ഞാൻ കാലുകൾ നീട്ടിവെച്ചു ഓടാൻ തുടങ്ങി .. ഓട്ടം വേഗത്തിലായി ..
" ശരിയാ വർഗീസേട്ടാ .. ഇത് നൊസ്സ് തന്നെയാ .. ഓന്റെ അച്ഛനും നൊസ്സ് അല്ലാർന്നോ .. വയസ്സ് അമ്പതായപ്പോളാ ഇവന് തുടങ്ങീതു .. " കഷ്ടം.. ഇനി ആ അമ്മയ്ക്കും പെണ്ണുങ്ങൾക്ക്‌ ആരാ ഉള്ളത് ... """
അങ്ങനെ ഞാൻ പോലും അറിയാതെ ഞാൻ വീണ്ടും നാട്ടിൽ ചൂടുള്ള ഒരു വാർത്തയായി, നാട്ടുകാർക്കും വീട്ടുകാർക്കും മുന്നിൽ അങ്ങനെ ഞാൻ എന്റെ വീടിന്റെ പാരമ്പര്യം കാത്തു .. എനിക്കും ഭ്രാന്തായി .പിന്നെ നാട് വിടാൻ തോന്നിയില്ല . ഒരു ഭ്രാന്തനു നാട് വിടേണ്ട ആവശ്യം ഇല്ലല്ലോ . ചിലപ്പോളൊക്കെ എനിക്കും തോന്നി .. എനിക്ക് ഭ്രാന്താണെന്ന് ..പക്ഷെ ഒരുനാൾ ..അമ്മയും പെങ്ങന്മാരും ചേർന്നെന്നെ ഭ്രാന്താ എന്ന് വിളിച്ചപ്പോൾ , ഒരു കാര്യം എനിക്ക് മനസ്സിലായി ....
"അതെ .. കുടുംബത്തിനു വേണ്ടി ജീവിയ്കുന്ന എല്ലാവർക്കും ഭ്രാന്താണെന്ന് .."
ഇന്നിപ്പോൾ എനിയ്ക്ക് ധൈര്യമായി ആത്മഹത്യ ചെയ്യാം . പെങ്ങന്മാർ അവരിപ്പോൾ;സ്വന്തമായിട്ട് അധ്വാനിച്ചു ജീവിയ്ക്കുന്നു .സഹായിക്കാൻ ഒരുപാട് ആളുകൾ.പണി തുച്ഛം വേതനം മെച്ചം .. അമ്മയ്ക്ക് സുഖാണ് .കാരണം ഇപ്പോൾ ഇവിടെ കുഴമ്പിന്റെ മണമില്ല .അമ്മയുടെയും ..
അന്പത്തിയഞ്ചാമത്തെ വയസ്സിൽ ഞാനീ ആത്മഹത്യാ ചെയ്യുന്നത് ജീവിതം മടുത്തിട്ടോ .വെറുത്തിട്ടോ ഒന്നും അല്ല ..വെറുതെ ഒരു രസം . ചുമ്മാ ഒരു രസം ..അത്ര മാത്രേ ഉള്ളു .. അല്ലാതെ എന്റെ മരണവുമായി ജീവിച്ചിരിയ്ക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല ..
ഇനി മൂന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം , ഇങ്ങനെ ഒരു കുറിപ്പില്ലാ എങ്കിൽ നാളെ നിങ്ങൾ തന്നെ പറയും , ഒന്നെങ്കിൽ എനിക്ക് എയിഡ്സ് ആയിരുന്നു .. കുഷ്ടം ആയിരുന്നു എന്നൊക്കെ ..ഇപ്പോൾ എല്ലാവർക്കും മനസിലായല്ലോ ..പി.വി പവിത്രൻ ആത്മഹത്യ ചെയ്യുന്നത് വെറുതെ ഒരു രസത്തിന് വേണ്ടി മാത്രമാണ് .
എന്ന്
ഒരുപാട് സ്നേഹത്തോടെ ..
വിനീത വിധേയൻ
പരേതനായ ..
പി.വി പവിത്രൻ ..
പുത്തൻപുരയിൽ
{N :B - എന്നെ ആദ്യം കാണുന്നവരുടെ ശ്രദ്ധയ്ക്ക് , നിങ്ങൾ കാണുമ്പോൾ ഞാൻ മരിച്ചിട്ടില്ല എങ്കിൽ ..ദയവു ചെയ്തു രക്ഷിയ്ക്കാൻ മാത്രം ശ്രമിയ്ക്കരുത് ..എന്റെ മരണ ശേഷം മാത്രമേ മൂന്നാമതൊരാളെ അറിയിക്കാവൂ .. ദയവു ചെയ്തു രക്ഷിച്ചു ഉപദ്രവിയ്ക്കരുത്‌ ... }
എബിൻ മാത്യു .. ( 30-06-2009 )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo