Slider

സര്‍പ്പകന്യക

0



****************************
റബ്ബര്‍ത്തോട്ടങ്ങള്‍ക്ക് നടുവിലൂടെയൊഴുകുന്ന മീനച്ചിലാറിന്റെ കൈവഴിയായ പെരുനിലം തോടിന്റെ കരയില്‍ ഒരു വാഴത്തോട്ടത്തിന്റെ അരികിലാണ് വാകക്കാട് ഷാപ്പ്. ഷാപ്പിന്റെ അരികില്‍ പാവലും പടവലവും പയറുമൊക്കെ പന്തലിട്ടു കൃഷി ചെയ്തിട്ടുണ്ട്.പലകത്തട്ടിയടിച്ച ഓലമേഞ്ഞ ഷാപ്പിന്റെ മുന്‍പിലിരുന്നാല്‍ ശാന്തമായി ഒഴുകുന്ന പെരുനിലം തോട്‌ കാണാം.കുരുമുളകുവള്ളികള്‍ വളര്‍ന്നു കയറിയ ഒരു കൊന്നമരം തോട്ടിലേക്ക് ചാഞ്ഞുപടര്‍ന്നുനില്‍പ്പുണ്ട്.ഷാപ്പിന്റെ പലകജനാലയിലൂടെ അകലെ ഇലവീഴാപ്പൂഞ്ചിറയിലെ കുന്നുകളില്‍നിന്നു വരുന്ന തണുത്തകാറ്റ് സദാവീശിക്കൊണ്ടിരുന്നു. അതൊരു ഏപ്രില്‍മാസത്തിലെ ഞായറാഴ്ചയായിരുന്നു..ഷാപ്പില്‍ മറ്റാരുമില്ലായിരുന്നു. പുറത്തു വാഴത്തോപ്പില്‍ കരിഞ്ഞുണങ്ങിയ വാഴയിലകള്‍ കാറ്റില്‍ ഉലയുന്ന കരകര ശബ്ദമൊഴിച്ച് എല്ലായിടവും നിശബ്ദമായിരുന്നു. വെയിലില്‍ സ്വര്‍ണ്ണംപോലെ വെട്ടിത്തിളങ്ങുന്ന കൊന്നപൂങ്കുലകളുടെ നിഴലുകള്‍ പെരുംനിലംതോട്ടിലെ ജലത്തില്‍ ചിത്രങ്ങള്‍ വരച്ചു. അതും നോക്കിയിരുന്നു ചുവന്ന മണ്‍കുടത്തിലെ പതയുന്ന തെങ്ങിന്‍കള്ളുമായി ഞാനാ ഞായര്‍ ഉച്ചനേരം ചിലവഴിക്കുകയായിരുന്നു.ഒരു വാഹനം വന്നുനിര്‍ത്തിയ ശബ്ദം കേട്ടു.അതുവരെ അനുഭവിച്ചുകൊണ്ടിരുന്ന പ്രൈവസി നഷ്ടമായല്ലോ എന്ന ദു:ഖത്തോടെ ഞാന്‍ പുറത്തേക്ക് നോക്കി.
വാഴത്തോപ്പിലെ മണ്‍റോഡില്‍ ഒരു മിലിട്ടറിബ്ലൂ താര്‍ ജീപ്പ് നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ടു.അതില്‍നിന്ന് ജീന്‍സും ഷര്‍ട്ടുമണിഞ്ഞ ഒരു യുവതി ഇറങ്ങിവന്നു.അവള്‍ തനിച്ചായിരുന്നു.ഷാപ്പില്‍ പെണ്‍കുട്ടികള്‍ വരുന്നത് അത്ര അസാധാരണം ഒന്നുമല്ലെങ്കിലും റബ്ബര്‍ എസ്റ്റെയിറ്റുകളുടെ ഇടയിലെ വാകക്കാട് പോലൊരു നാടന്‍ഷാപ്പില്‍ ഇങ്ങനെയൊരു മോഡേണ്‍ പെണ്‍കുട്ടി ഒറ്റക്ക് വന്നതില്‍ എനിക്ക് കൗതുകം തോന്നി.
കറുത്ത ജീന്‍സും ബ്രൌണ്‍ ചെക്ക് ഷര്‍ട്ടുമായിരുന്നു അവളുടെ വേഷം.തോളില്‍ ഒരു ലതര്‍ബാഗ്.വെളുത്തു വിളറിയ മുഖം. ഇരുപതു ഇരുപ്പത്തിയഞ്ചു വയസ്സ് തോന്നിച്ചു. പക്ഷിയുടെ ചുണ്ട് പോലെ കൂര്‍ത്ത നാസിക ഒരു അതിബുദ്ധിമതിയുടെ ഭാവം നല്‍കി.പോക്കറ്റില്‍ നിന്ന് ഒരു വെളുത്ത തൂവാലയെടുത്ത് അവള്‍ മുഖത്തെ വിയര്‍പ്പ് തുടച്ചു.യാത്രാക്ഷീണം ഉണ്ടെന്നു തോന്നിച്ചെങ്കിലും അവളുടെ ചലനങ്ങളില്‍ ആത്മവിശ്വാസം തുളുമ്പി..നരച്ച ആകാശത്തിന്റെ നിറമുള്ള വികാരരഹിതമായ കണ്ണുകള്‍ക്കപ്പുറത്ത് അവള്‍ എന്താണ് ചിന്തിക്കുന്നതെന്ന് ഒരിക്കലും ഊഹിക്കാന്‍ കഴിയില്ലായിരുന്നു.
ഞങ്ങള്‍ പരസ്പരം നോക്കിചിരിച്ചു.
അപ്പോഴേക്കും ദിവാകരന്‍ മുറിയില്‍ കയറിവന്നു.
“ഇന്ന് അവധിയായകൊണ്ട് ആള്കുറവാ.ലയത്തിലെ പണിക്കാരെല്ലാം നാട്ടി പോയ്‌.നിങ്ങള് രണ്ടുപേരുവേ ഉള്ള്.എന്നതേലും ഉണ്ടാക്കണോ ??”
“ഞാന്‍ ഇവിടത്തുകാരിയല്ല..ഇത്വഴി പോയപ്പോ ഷാപ്പിന്റെ ബോര്‍ഡു കണ്ടു കേറിതാ.ഇവിടുത്തെ സ്പെഷ്യല്‍എന്തെങ്കിലും ഉണ്ടെങ്കില്‍ ഉണ്ടാക്കിക്കോ.”അതും പറഞു അവള്‍ അഞ്ഞൂറിന്റെ ഒരു നോട്ട് ദിവാകരന്റെ കയ്യില്‍ കൊടുത്തു.ദിവാകരന്‍ സന്തുഷ്ടനായി.
“എന്നാപിന്നെ കൊഴയായിക്കോട്ട ..”ഞാന്‍ ചിരിയോടെ പറഞ്ഞു.
“എന്നതാ ഈ കൊഴ ?”അവള്‍ ചോദിച്ചു.
“അതിവിടുത്തെ മാത്രം ഒരു സ്പെഷ്യല്‍ ഐറ്റമാ.ആ വാഴത്തോട്ടത്തില്‍ ചേമ്പും കാച്ചിലും പയറും കപ്പയും ഒക്കെയുണ്ട്.അതെല്ലാം പറിച്ചു ഒരു ലോക്കല്‍ പുഴുക്ക്.അതിന്റെ കൂടെ നല്ല കുരുമുളകിട്ട പോത്തിറച്ചിക്കറിയും കൂടെയായാല്‍ വാഴത്തോപ്പ് സ്പെഷ്യല്‍ കൊഴയായി.”
“ആഹാ കൊള്ളാം.വന്നത് വെറുതെയായില്ല.”അവള്‍ പറഞ്ഞു.
“എന്നതാ ജോലി ?” അവള്‍ എന്നോട് ചോദിച്ചു.
വാകക്കാട് എസ്റ്റെയിറ്റുകളുടെ മേഖലയാണ്.ഇരുന്നൂറും മുന്നൂറും ഏക്കര്‍ വരുന്ന റബ്ബര്‍തോട്ടങ്ങള്‍.തോട്ടങ്ങളിലെ തൊഴിലാളികള്‍ കമ്പനിജീവനക്കാരാണ്തൊഴിലാളികള്‍ക്ക് നല്ല കൂലിയും മറ്റ് ആനുകൂല്യങ്ങളും നല്‍കണം.റബ്ബറിന് വിലയിടിഞ്ഞതോടെ തോട്ടങ്ങള്‍ മിക്കവാറും നഷ്ടത്തിലാണ്.എന്റെ കമ്പനിയുടെ ബിസിനസ് ഇവിടെയാണ്‌.ഈ തോട്ടങ്ങളില്‍ ധാരാളം സ്ഥലം കൃഷി ചെയ്യാതെ വെറുതെ കിടപ്പുണ്ട്.ഇവിടെ കാപ്പിയും റംബൂട്ടാനും ജാതിയും ഒക്കെ പ്ലാന്റ് ചെയ്തു ആദായം വര്‍ദ്ധിപ്പിക്കുക.കൃഷിയിറക്കുന്നത് മുതല്‍ അത് വിപണനം ചെയ്യുന്നത് വരെ കമ്പനി സഹായിക്കും.ഞാന്‍ ആ കമ്പനിയുടെ സൈറ്റ് സൂപ്പര്‍വൈസറാണ്.
“ഓ,വെരി നൈസ് ജോബ്‌.”തിളങ്ങുന്ന കണ്ണുകളോടെ അവള്‍ പറഞ്ഞു.
അവള്‍ക്ക് നല്ല സംഭാഷണചാതുര്യമുണ്ട്..ഞാന്‍ അവളെ വിശദമായി പരിചയപ്പെടുന്നതിനു മുന്‍പ് തന്നെ അവള്‍ എന്നെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കി.
“ഇവിടിരുന്നു ഹോട്ടടിച്ചാല്‍ കുഴപ്പമുണ്ടോ ?” അവള്‍ ചോദിച്ചു.
ഇന്ന് അമ്പരപ്പുകളുടെ ദിവസമാണ്. സത്യം പറഞ്ഞാല്‍ ഒരു പെഗ് എവിടുന്നെങ്കിലും കിട്ടിയിരുന്നെങ്കിലെന്നു ആഗ്രഹിച്ചിരിക്കുമ്പോഴാണ് അവള്‍ അത് ചോദിച്ചത്.
“കുഴപ്പമില്ല.ഈ മലമൂട്ടിലൊന്നും അങ്ങിനെ ചെക്കിംഗ് ഇല്ല.മാത്രമല്ല ഞായര്‍ ഇവിടെ ആള് കുറവാ.”ഞാന്‍ അവളെ പ്രോത്സാഹിപ്പിച്ചു.
അവള്‍ ബാഗില്‍നിന്ന് ഒരു ബോട്ടില്‍ റെമി മാര്‍ട്ടിന്‍ എടുത്തു.രണ്ടു ഗ്ലാസുകളില്‍ തീമഞ്ഞ നിറമുള്ള മദ്യം പകര്‍ന്നു.
ഒരുപാട് പണമുള്ള വീട്ടിലെ പെണ്‍കുട്ടി.മിക്കവാറും ഇവിടുത്തെ ഏതെങ്കിലും തോട്ടമുടകളുടെ മക്കളോ ബന്ധുക്കളോ ആയിരിക്കും.ഞാന്‍ തീര്‍ച്ചപ്പെടുത്തി.
“ഹഹ പണം നമ്മുടെ ആവശ്യത്തിനുള്ളതല്ലേ..”എന്റെ മനസ്സു വായിച്ചത് പോലെ അവള്‍ പറഞ്ഞു.
അടുക്കളയില്‍നിന്ന് മസാലയില്‍ വേകുന്ന ഇറച്ചിയുടെ ഗന്ധം കലര്‍ന്നു.ഞങ്ങള്‍ രണ്ട് പെഗ് കഴിച്ചു.
“എന്റെ ജോലിയോ..”അവള്‍ ഉറക്കെ ചിരിച്ചു.ഒരു പെഗ് കൂടി വിഴുങ്ങിയിട്ട് അവള്‍ പറഞ്ഞു.
“ഞാന്‍ ഒരു സഞ്ചാരിയാണ്.സോറി സഞ്ചാരിണി.വര്‍ഷങ്ങളായി ഞാന്‍ യാത്ര ചെയ്യുന്നു.പോകാത്ത നാടുകളില്ല.ഒരു പ്രാവശ്യം പോയ സ്ഥലങ്ങളില്‍ക്കൂടി വീണ്ടും വീണ്ടും യാത്ര ചെയ്യുന്നു.ചില സ്ഥലങ്ങള്‍ നല്ലതാണെങ്കില്‍ ,കുറച്ചു ദിവസം ഞാന്‍ അവിടെ തങ്ങും.അവിടം മടുക്കുമ്പോള്‍ അവിടം വിട്ട് അടുത്ത സ്ഥലത്തേക്ക് പോകും.”
എനിക്ക് അത്ഭുതം തോന്നി.ഒരു പെണ്‍കുട്ടിക്ക് ഇത്രയും സ്വാതന്ത്ര്യം ലഭിക്കുക വളരെ അപൂര്‍വമാണ്.
“ഓ,എനിക്കും അങ്ങിനെ പോകണമെന്നുണ്ട്.പക്ഷേ അങ്ങിനെ യാത്ര ചെയ്യണമെങ്കില്‍ ഒരുപാട് പണം വേണം.” ഞാന്‍ ദു:ഖിതനായി പറഞ്ഞു.എനിക്ക് അവളോട്‌ അസൂയ തോന്നി.
“സത്യത്തില്‍ പണം ഒരു പ്രശ്നമേയല്ല.കാറ്റ് പോലെ സ്വതന്ത്രയാകണമെങ്കില്‍ ബന്ധങ്ങളാണ് തടസ്സമാകുക.”കാറ്റില്‍ പറക്കുന്ന സില്‍ക്ക് പോലെയുള്ള മുടിയിഴകള്‍ മാടിയൊതുക്കി ഒരു തത്വജ്ഞാനിയുടെ സ്വരത്തില്‍ അവള്‍ പറഞ്ഞു.
“നിങ്ങള്‍ക്ക് ഇത്ര പണം ഉണ്ടാക്കുവാന്‍ എന്ത് ജോലിയാണ് ചെയ്യുന്നത് ?അതോ വീട്ടില്‍ ഇഷ്ടം പോലെ സ്വത്തുണ്ടോ ?” ഞാന്‍ ചോദിച്ചു.
ദിവാകരന്‍ പുഴുക്കും പോത്തിറച്ചിയും വാഴയിലയില്‍ വിളമ്പി കൊണ്ട് വന്നു വച്ചു.പിന്നെ തോട്ടിറമ്പില്‍നിന്ന കാ‍ന്താരിച്ചെടിയില്‍ നിന്ന് നല്ല പോലെ പഴുത്തുനിന്ന ചുവന്ന കാന്താരിമുളകും ചുവന്നുള്ളിയും ഉപ്പും ഞരടി ഒരു ചമ്മന്തിയുണ്ടാക്കി .അവള്‍ ദിവാകരനും ഒരു പെഗ് കൊടുത്തു.തൂവെള്ളനിറമുള്ള പൊടിഞ്ഞുതുടങ്ങിയ ചൂട് പൊന്തുന്ന ചേമ്പിന്‍കഷണം കാന്താരിച്ചമ്മന്തിയില്‍ മുക്കി തിന്നതിന് ശേഷം വറുത്ത ഇറച്ചികഷണങ്ങളില്‍ ഒന്നെടുത്തു അവള്‍ ചവച്ചു.
“ഹൊ!ഇതാണ് യഥാര്‍ത്ഥ നാടന്‍ ഫുഡ്.!”
ദിവാകരന്റെ മുഖം പ്രസന്നമായി.
“തോട്ടില്‍ ചെലപ്പോ മുഷിയോ കല്ലേമുട്ടിയോ കാണും.നോക്കണോ!ഇരിക്കുവാണേല്‍ പിടിച്ചു കറിയാക്കാം .!” ദിവാകരന്‍ അടുത്ത ഓഫര്‍ അവതരിപ്പിച്ചു.
അവള്‍ വീണ്ടും ബാഗില്‍നിന്ന് പുതിയ നൂറിന്റെ നോട്ട് രണ്ടെണ്ണമെടുത്തു അയാളുടെ പോക്കറ്റിലിട്ടു.
ദിവാകരന്‍ ഊര്‍ജസ്വലനായി പാഞ്ഞുപോകുന്നത് കണ്ടു.
ഞാന്‍ കണ്ണ്മിഴിച്ചു നോക്കുന്നത് കണ്ടു അവള്‍ പൊട്ടിച്ചിരിച്ചു.
“കള്ളനോട്ടല്ല.നല്ല ഒറിജിനല്‍.”
അവള്‍ വീണ്ടും എന്റെ മനസ്സു വായിച്ചിരിക്കുന്നു.
“പൈസ ഉണ്ടാക്കുവാന്‍ ഒരുപാട് വിദ്യകളുണ്ട്.പക്ഷെ അതൊക്കെ വളരെ അപടകരമാണ്.”
“ഒരു വിദ്യ എനിക്ക് പറഞ്ഞു തരൂ യാത്രക്കാരി.” റെമി മാര്‍ട്ടിന്‍ എന്റെ തലക്ക് പിടിച്ചു തുടങ്ങി.
“നോക്കട്ടെ.അതിനുമുന്‍പ് ആ വിദ്യകള്‍ കേള്‍ക്കാന്‍ നിങ്ങള്‍ടെ മനസ്സ് സജ്ജമാക്കണം.”
ഒരു ചിരിയോടെ അത് പറഞ്ഞിട്ട് അവള്‍ തന്റെ കൈപ്പത്തിയെടുത്ത് എന്റെ കൈപ്പത്തിയുടെ മുകളില്‍വച്ചു.അതിനു മഞ്ഞുകട്ടയുടെ തണുപ്പ് തോന്നിച്ചു.
“എന്നാ തണുപ്പാ...ഇതെന്താ ഫ്രീസറില്‍ നിന്ന് ഇറങ്ങിവന്നതാണോ ?” ഞാന്‍ ചോദിച്ചു.
അവള്‍ മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു.പിന്നെ പെരുംനിലംതോട്ടിലേക്ക് ചാഞ്ഞുനില്‍ക്കുന്ന കൊന്നമരത്തിന്റെ മുകളിലേക്ക് വിരല്‍ചൂണ്ടി.
“കൊന്നയുടെ മുകളില്‍ എന്താ കാണുന്നത് ?” അവള്‍ ചോദിച്ചു.
ഞാന്‍ ശ്രദ്ധിച്ചുനോക്കി.വെയില്‍ തുളുമ്പിനില്‍ക്കുന്ന മഞ്ഞ കണിക്കൊന്ന പൂക്കളുടെ ഒരു കുല.
“അത് കാറ്റില്‍ താഴേക്ക് വീണു വെള്ളത്തില്‍ ഒഴുകി പോകുന്നത് കാണാന്‍ നല്ല രസമായിരിക്കും അല്ലെ. ?”അവള്‍ ചോദിച്ചു.
ഞാന്‍ അത് സങ്കല്‍പ്പിച്ചു തീര്‍ന്നതും ഒരു കാറ്റ് എവിടുന്നോ വീശി ,ആ പൂങ്കുലയടര്‍ന്നു തോട്ടിലേക്ക് വീണു.ഒരു നിമിഷംകൊണ്ട് അതൊഴുകി കണ്ണില്‍നിന്ന് മറഞ്ഞു.
അവള്‍ തന്റെ കൈപ്പത്തി പിന്‍വലിച്ചു ,തീനിറമുള്ള മദ്യം നുണഞ്ഞുകൊണ്ട് എന്നെനോക്കി ചിരിച്ചു.
ഇത് റെമി മാര്‍ട്ടിന്റെ ഇഫക്റ്റ് ആണോ ?ഞാന്‍ നന്നായി മദ്യപിച്ചിരിക്കുന്നു.
“ഇപ്പോള്‍ എന്താണ് സംഭവിച്ചത്?” ഞാന്‍ അമ്പരന്നു ചോദിച്ചു.
“നിങ്ങളുടെ മനസ്സ് ഒരു നിമിഷം ഞാന്‍ എന്റെ ഉള്ളം കയ്യില്‍ വച്ചു.അതാണ്‌ സംഭവിച്ചത്.അല്ലാതെ റെമി മാര്‍ട്ടിന്റെ ഇഫക്റ്റ് ഒന്നുമല്ല.” അവള്‍ മദ്യം സിപ്പ് ചെയ്തുകൊണ്ട് പറഞ്ഞു.
ഞാന്‍ ഒന്ന് തലകുടഞ്ഞു.അവള്‍ ചിരിയോടെ മദ്യം നുകര്‍ന്ന്കൊണ്ടിരിന്നു.
“നിങ്ങള്‍ ഒരു സൈക്കോളജിസ്റ്റ് ആയിരിക്കും.”ഞാന്‍ എന്റെ ഗ്ലാസ് കാലിയാക്കി പറഞ്ഞു.
“ഹഹ.ഒരിക്കലുമല്ല. “ അവള്‍ ഉറക്കെ ചിരിച്ചു.
പിന്നെ ചുറ്റുംനോക്കിയിട്ട് എന്റെ ചെവിയില്‍ രഹസ്യമായി പറഞ്ഞു.
“ഞാനൊരു സര്‍പ്പകന്യകയാണ്.”
എനിക്കും അത് കേട്ട് ചിരിവന്നു.ഈ ഞായറാഴ്ച മധ്യാഹ്നം കൂടുതല്‍ ഉല്ലാസഭരിതമാവുകയാണ്.
“ശരി.അതൊക്കെ അവിടെനില്‍ക്കട്ടെ .പൈസ ഉണ്ടാക്കുവാന്‍ ഉള്ള വിദ്യ പറഞ്ഞുതാ കന്യകേ ?”
അവള്‍ മേശയില്‍ കൈകുത്തി തലചരിച്ചുവച്ച് എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരിക്കുകയാണ്.അവളുടെ കണ്ണുകള്‍ക്ക് കടല്‍നീല നിറം വന്നത് പോലെ എനിക്ക് തോന്നി.
“ശരി പറഞ്ഞുതരാം.ഏതു ടൈപ്പ് വിദ്യ വേണം.ആവശ്യം പോലെ പണം വര്‍ദ്ധിപ്പിക്കുന്നത് മതിയോ അല്ലെങ്കില്‍ ഒരുപാട് പണം ഒറ്റയടിക്ക് ഉണ്ടാക്കുന്നതോ ?ഏതു വേണം ?”
“ആദ്യത്തെ മതി.”
“ശരി.ദേഹത്തു വളയങ്ങള്‍ ഉള്ള ഒരു പാമ്പിനെ ജീവനോടെ പിടിക്കണം.എന്നിട്ട് അതിന്റെ നീളത്തില്‍ ഒരു കുഴി കുഴിക്കണം.തല മാത്രം വെളിയില്‍ വരുന്ന രീതിയില്‍ അതിനെ ആ കുഴിക്കാത്തിട്ടു മൂടണം.മൂടി കഴിഞ്ഞു കുറെനേരം കഴിയുമ്പോ പാമ്പ് ചാകും.അപ്പോള്‍ അതിന്റെ നാക്കില്‍ ഒരു പയര്‍മണിവച്ച് തലയും മണ്ണിട്ട് മൂടണം.മൂന്ന് ദിവസം കഴിഞ്ഞേ അങ്ങോട്ട്‌ പിന്നെ ചെല്ലാവു.അപ്പോള്‍ ആ പയര്‍വിത്ത്‌ പൊട്ടിമുളച്ചിട്ടുണ്ടാകും.അതിന്റെ ചുവട്ടില്‍ ഏതെങ്കിലും മൃഗത്തിന്റെ ചോരമാത്രമേ വളമായ് നല്‍കാവൂ.അത് വളര്‍ന്നു അതില്‍ പയര്‍മണികള്‍ ഉണ്ടാകും.ആ പയര്‍മണികള്‍ക്കിടയില്‍ സര്‍പ്പത്തിന്റെ വലയങ്ങള്‍ ഉള്ള ഒരേ ഒരു പയര്‍മണി മാത്രമേ കാണൂ.അത് പറിച്ചു ആരും കാണാതെ പണമിരിക്കുന്ന അലമാരയില്‍ വച്ച് പൂട്ടുക.അതിനൊപ്പം സര്‍പ്പഗായത്രിയിലെ ഒരു മന്ത്രം കൂടി ചൊല്ലണം.ആ പയര്‍മണിക്കൊപ്പമിരിക്കുന്ന പണം എത്രയാണെങ്കിലും ഇരട്ടിക്കം.ഇന്ന് രണ്ടായിരം വച്ചാല്‍ നാളെ നാലായിരമാകും.ഒരു ലക്ഷം വച്ചാല്‍ രണ്ടു ലക്ഷമാകും.ഒരു കോടി വച്ചാല്‍ രണ്ടു കോടിയാകും.പക്ഷേ ഒരു കാര്യമുണ്ട്.അത് ചെലവഴിക്കുമ്പോള്‍ ശ്രദ്ധിച്ചു ചെലവഴിക്കണം.ഒരിക്കലും പൂര്‍ണ്ണമായി ചെലവാക്കരുത്.ചെലവാക്കിയ തുകയുടെ ബാക്കി ഒരിക്കലും പൂര്‍ണ്ണമായി വാങ്ങുകയും ചെയ്യരുത്.”
അവള്‍ ഒരു സാധാരണകാര്യം പറയുന്നത് പോലെ അത് പറഞ്ഞുനിര്‍ത്തി അടുത്ത പെഗ് വിഴുങ്ങി.
“സര്‍പ്പവിദ്യയോ .ഇതൊക്കെ ഉള്ളതാണോ ??” ഞാന്‍ ചോദിച്ചു.
“അതൊരു താന്ത്രികവിദ്യയാണ്..ഇത് ഏറ്റവും ചെറിയ വിദ്യ.ഇത് പോലെ ഒരുപാട് പരിപാടികളുണ്ട്.ഇപ്പൊ മനസ്സിലായില്ലേ എന്റെ കയ്യില്‍ ഇത്രയും പൈസ എങ്ങിനെ വന്നുവെന്ന്”അവള്‍ പറഞ്ഞു.
ഇപ്പോള്‍ അവളുടെ കണ്ണുകള്‍ക്ക് കൂടുതല്‍ നീലച്ചിരിക്കുന്നു..
“പക്ഷേ നിങ്ങള്‍ ഇത് ചെയ്യണ്ട കേട്ടോ.ഇതിലെ ഏതെങ്കിലും സ്റെപ്പ് തെറ്റിച്ചാല്‍ നിങ്ങളുടെ ജീവന്‍ പോകും...”
അപ്പോഴേക്കും ദിവാകരന്‍ തോട്ടില്‍നിന്ന് പിടിച്ച മത്സ്യങ്ങളുമായി കയറിവന്നു.
“ഹോ ! ഒന്നും പറയണ്ട.ഈ തോട്ടിറമ്പില്‍ ഇത്രനാളും പാമ്പിന്റെ ശല്യമില്ലായിരുന്നു.ഇന്ന് മീന്‍പിടിക്കാന്‍ ചെന്നപ്പോ ഒരു കരിമൂര്‍ഖന്‍.ഭാഗ്യത്തിനാ രക്ഷപെട്ടത്.”
അത് കേട്ട് അവള്‍ മണികിലുങ്ങുന്നത് പോലെ ചിരിച്ചു.അവളുടെ കണ്ണുകളില്‍ നീലമിന്നലുകള്‍ തെളിയുന്നത് ഞാന്‍ കണ്ടു.അവള്‍ എന്നെ നോക്കി കണ്ണിറുക്കി.
“പാമ്പിനെ പേടിക്കണ്ട ദിവാകരാ.അങ്ങോട്ട്‌ ഉപദ്രവിച്ചാലേ അത് നമ്മളെ തിരിച്ചു ഉപദ്രവിക്കൂ.”അവള്‍ പറഞ്ഞു.
“എന്തായാലും ഇത് കറി വയ്ക്കാം.” ദിവാകരന്‍ അതുമായി അടുക്കളയിലേക്ക് പോയി.
പക്ഷെ എന്റെ കണ്ണിലേക്ക് നോക്കിയിരിക്കുന്ന അവളുടെ നിശ്ചലമായ കണ്ണുകളില്‍ നോക്കിയപ്പോള്‍ അത് ചോദിയ്ക്കാന്‍ ഞാന്‍ മറന്നുപോയി.അവളുടെ ചുവന്ന ചുണ്ടുകളില്‍ റെമിമാര്‍ട്ടിന്റെ തേന്‍തുള്ളികള്‍ പറ്റിപ്പിടിച്ചിരിക്കുന്നത് ഞാന്‍ കണ്ടു.ഞാന്‍ കൈനീട്ടി എന്റെ വിരലുകള്‍ അവളുടെ ചുണ്ടിലൂടെയോടിച്ചു.പാലപ്പൂ വിടരുന്ന മന്ദഹാസത്തോടെ അവള്‍ എന്നെനോക്കി വീണ്ടും കണ്ണിറുക്കി.
“നീ ശരിക്കും ആരാണ് ?”
“ഓള്‍റെഡി പറഞ്ഞല്ലോ.സര്‍പ്പകന്യക.”അവള്‍ വീണ്ടും ശബ്ദം താഴ്ത്തി പറഞ്ഞു.പിന്നെ ഉറക്കെ ചിരിച്ചു.എനിക്കും ചിരി വരുന്നുണ്ടായിരുന്നു.
“ഉണ്ട.സര്‍പ്പകന്യകകള്‍ താര്‍ ജീപ്പില്‍ ജീന്‍സും ഷര്‍ട്ടുമൊക്കെയിട്ടല്ലേ വരുന്നത്.ഞാനിതങ്ങ് വിശ്വസിച്ചു.”ഞാന്‍ പറഞ്ഞു.
അത് പറഞ്ഞു ഞങ്ങള്‍ ഉറക്കെയുറക്കെ ചിരിച്ചു.
കാറ്റില്‍ ദിവാകരന്റെ മീന്‍ കറിയുടെ ഗന്ധം .
“ചെറിയയുള്ളിയും തേങ്ങാക്കൊത്തുമിട്ടു മീന്‍ തീയല്‍ ഉണ്ടാക്കുന്നതിന്റെ സ്മെല്ലാണ്.”ഞാന്‍ പറഞ്ഞു.
“ദിവാകരന്‍ പുലിയാണ്.”അവള്‍ പറഞ്ഞു.
ഒരു പ്ലേറ്റില്‍ മീന്‍ തീയലും കപ്പ ചെണ്ട പുഴുങ്ങിയതുമായി ദിവാകരന്‍ വന്നു.
അവള്‍ വീണ്ടും ബാഗില്‍ നിന്ന് മദ്യം പകര്‍ന്നു .ദിവാകരന്‍ മൂന്നു പെഗ് അകത്താക്കി.ആ ബോട്ടില്‍ കഴിഞ്ഞിരിക്കുന്നു.
അവള്‍ ബാഗില്‍നിന്ന് റെമിമാര്‍ട്ടിന്റെ അടുത്ത കുപ്പി തുറന്നു.
“ഇതെന്താ അക്ഷയപാത്രമോ ?”ദിവാകരന്‍ ചോദിച്ചു.
“ഇതും മുന്‍പ് പറഞ്ഞ വിദ്യകൊണ്ട് ഇരട്ടിപ്പിക്കുമോ ?അങ്ങിനെ വല്ല വിദ്യയുമുണ്ടേല്‍ പറഞ്ഞുതാ.”ഞാന്‍ അവളുടെ ചെവിയില്‍ രഹസ്യമായി ചോദിച്ചു.
അവള്‍ അത് കേട്ട് കുടുകുടാ ചിരിച്ചു.ആ കണ്ണുകളില്‍ ഒരു നീലസമുദ്രം അലയടിക്കുന്നത് പോലെ.
“ഇവിടെ വേറെന്തൊക്കെയുണ്ട് സ്പെഷല്‍ ?” അവള്‍ ചോദിച്ചു.
“മോള്‍ എന്ത് പറഞ്ഞാലും അതീ ദിവാകരന്‍ ഉണ്ടാക്കിത്തരും.”ദിവാകരന്‍ പറഞ്ഞു.
“കള്ളപ്പവും ചിക്കന്‍ സ്റ്റൂവും തിന്നാന്‍ തോന്നുന്നു.”അവള്‍ പറഞ്ഞു.
“എപ്പോ ഉണ്ടാക്കീന്ന് ചോദിച്ചാ പോരെ.”ദിവാകരന്‍ വീണ്ടും പോയി.
ഞങ്ങള്‍ ഓരോ പെഗ് കൂടി കഴിച്ചു.പിന്നെ പരസ്പരം കണ്ണില്‍കണ്ണില്‍ നോക്കിയിരുന്നു.ആ നീലക്കണ്ണില്‍ നോക്കിയിരിക്കെ വല്ലാത്ത ഒരു വികാരം ആത്മാവില്‍ നിറയുന്നു.ഭയവും ആരാധനയും അത്ഭുതവും മദ്യത്തിന്റെ ഉന്മാദവും കലര്‍ന്ന ഒരു അജ്ഞാത വികാരം.
“എനിക്കിപ്പോ എത്ര വയസ്സ് കാണും ?”അവള്‍ ചോദിച്ചു.
“ഒരു ഇരുപതു ഇരുപത്തിയഞ്ച്.”ഞാന്‍ പറഞ്ഞു.
“എനിക്ക് അറുപത്തിമൂന്നു വയസായി.ആയിരത്തിതൊള്ളായിരത്തി എണ്‍പതില്‍ എനിക്ക് പ്രായം കൂടുന്നത് നിലച്ചു.അപ്പോള്‍ ഇരുപത്തിയഞ്ച് വയസ്സുണ്ടായിരുന്നു.”
“ശരിക്കും ??”എന്റെ സ്വരം വിറച്ചു.ഞാന്‍ ഒരു ഗ്ലാസ് പകുതി മദ്യം നിറച്ചു വെള്ളം കൂട്ടാതെ വിഴുങ്ങി.
“ഡ്രൈ അടിക്കല്ലേ കുട്ടാ.പാന്‍ക്രിയാസ് പോകും.”അവള്‍ എന്റെ കവിളില്‍ മെല്ലെത്തട്ടിക്കൊണ്ട് പറഞ്ഞു.
“നീ പറയുന്നതില്‍ ഏതാണ് തമാശ,ഏതാണ് സത്യം,ഏതാണു നുണ ?എനിക്കൊന്നും മനസ്സിലാകുന്നില്ല.”
‘അതാണ്‌ സ്കോച്ചിന്റെ ശക്തി.”ചുണ്ടില്‍ പറ്റിയ മദ്യം തുടച്ചിട്ട് ഒരു മുറി കപ്പ മീന്‍തീയലില്‍ മുക്കിതിന്നുകൊണ്ട് അവള്‍ പറഞ്ഞു.
“നല്ല എരിവുണ്ട്.സൂപ്പര്‍.ദിവാകര്‍ ഈസ് ഗ്രേറ്റ്.”അവള്‍ തലകുലുക്കി.
ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല.എനിക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു.
“നീ ദേഷ്യപ്പെടണ്ട.ഞാന്‍ പറയാം.ആയിരത്തിതൊള്ളായിരത്തി അന്‍പത്തിനാല് നവംബര്‍ ഏഴിനാണ് ജനിച്ചത്‌.കമലഹാസന്‍ ജനിച്ച ദിവസം.കമല്‍ഹാസന്‍ ജനിച്ചത്‌ വീട്ടിലാണെങ്കില്‍ ഞാന്‍ ജനിച്ചുത് ജയിലിലായിരുന്നു.കേരളസംസ്ഥാനം അന്ന് രൂപംകൊണ്ടിട്ടില്ലായിരുന്നു. പട്ടംതാണുപിള്ളയായിരുന്നു കൊച്ചി തിരുവിതാംകൂറിന്റെ മുഖ്യമന്ത്രി.ആ സമയത്ത് തെക്കന്‍ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന എന്നാല്‍ ,തമിഴ് സംസാരിക്കുന്ന നാല് താലൂക്കുകള്‍ മദ്രാസിനോട് ചേര്‍ക്കാന്‍ ഒരു സമരം നടന്നു.എന്റെ നാടായ ചെങ്കോട്ട അതില്‍പെടുന്ന ഒരു സംസ്ഥാനമായിരുന്നു.അന്ന് ചെങ്കോട്ടയില്‍ നടന്ന പ്രക്ഷോഭത്തില്‍ എന്റെ അമ്മയും പങ്കെടുത്തു.അതിസുന്ദരിയായ എന്റെ അമ്മയെ അനുഭവിക്കാനായി ചെങ്കോട്ടയിലെ പോലീസുകാര്‍ അവരെ കള്ളക്കേസില്‍ കുടുക്കി.ഒരു വര്‍ഷം മുഴുവന്‍ അവര്‍ അമ്മയെ ഉപയോഗിച്ചു.ഒരു കളിപ്പാട്ടം പോലെ.പതിമൂന്നു പോലീസുകാര്‍ ഒരു വര്‍ഷം മുഴുവന്‍ അമ്മയെ ബലാല്‍സംഗം ചെയ്തു.
അത്രയും പറഞ്ഞു അവള്‍ ഒന്ന് നിര്‍ത്തി.പിന്നെ വെള്ളം ചേര്‍ക്കാത്ത മദ്യം ഒറ്റവലിക്ക് കുടിച്ചു.
എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല.ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി അന്തം വിട്ടിരുന്നു.
“അതിനു ശേഷം അമ്മ ഗര്‍ഭിണിയായി.വേറെയൊരു ജയിലിലേക്ക് അമ്മയെ മാറ്റി.അവിടെ വച്ച് ഞാന്‍ ജനിച്ചു.പ്രസവത്തോടെ അമ്മ മരിച്ചു.ഞാന്‍ ബാക്കിയായി.അമ്മയുടെ മുഖം പോലും എന്റെ ഓര്‍മ്മയിലില്ല.ആ ജയിലിലെ മറ്റു സ്ത്രീ തടവുകാര്‍ക്കൊപ്പം കുറച്ചുനാള്‍ കഴിഞ്ഞു.അതിനുശേഷം തഞ്ചാവൂരിലെ അനാഥക്കുഞ്ഞുങ്ങളെയും ഉപേക്ഷിക്കപ്പെട്ട വൃദ്ധരയും സംരക്ഷിക്കുന്ന സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് എന്നെ അയച്ചു.ഞാന്‍ പിന്നീട് വളര്‍ന്നത്‌ അവിടെയാണ്.എന്റെ ഒപ്പം എന്റെ പകയും വളര്‍ന്നു.എന്റെ അമ്മയെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കുവാന്‍ ഞാന്‍ പ്രതിജ്ഞ ചെയ്തു.ആ സമയത്ത് നഗരങ്ങളിലെ തെരുവുകളില്‍ അലഞ്ഞുതിരിഞ്ഞു നടന്ന രോഗിയായ ഒരു ഭ്രാന്തിത്തള്ളയെ ഞങ്ങളുടെ സ്ഥാപനത്തിലെത്തിച്ചു.ഞാന്‍ അവരെ ശുശ്രുഷിച്ചു. അസാധാരണമായ തിളങ്ങുന്ന കണ്ണുകള്‍ ഉള്ള ആ വൃദ്ധയാണ് എനിക്ക് സര്‍പ്പവിദ്യ ഉപദേശിച്ചത്.അവരുടെ പേര് ഒരിക്കലും അവര്‍ പറഞ്ഞില്ല.”
എന്താണ് സര്‍പ്പവിദ്യ ?
“തമിഴ്നാട്ടില്‍ പണ്ട് പ്രചാരത്തിലിരുന്ന ഒരു തരം ആഭിചാരമാണ് സര്‍പ്പവിദ്യ. സര്‍പ്പശക്തി ഉപയോഗിച്ച് പരിധിയില്ലാത്ത ശക്തി നേടുന്ന കടുത്ത ആഭിചാരം.ഇഷ്ടമുള്ളത്ര സ്വത്തും ധനവും നേടാം.ആരെയും വശീകരിക്കാം.ആരെയും കൊല്ലാം.എന്തും ചെയ്യാം.ദിവസം ഒരു ലക്ഷം തവണ സര്‍പ്പമന്ത്രം ചൊല്ലി ,നൂറ്റിയൊന്ന് ദിവസം ജലപാനമില്ലാതെ സര്‍പ്പങ്ങള്‍ മാത്രമുള്ള ഗുഹയില്‍ ഭയരഹിതമായ മനസ്സോടെ കഴിഞ്ഞാല്‍ സര്‍പ്പദേവകളെ പ്രീതിപ്പെടുത്താം.ആ വിദ്യ ഉപാസിക്കുന്നതോടെ ആത്മാവ് ഒരു സര്‍പ്പമാകുന്നു.മനുഷ്യരൂപമുള്ള ഒരു സര്‍പ്പം.”
പെട്ടെന്ന് ദിവാകരന്‍ ഓടി മുറിയിലേക്ക് കയറി വന്നു.
“ഹോ കോഴിയെ പിടിക്കാന്‍ പോയതാ.രണ്ടു വളപുളപ്പന്‍ പാമ്പുകള്‍ ആ വാഴക്കിടയില്‍.എവിടുന്നാണോ ഇത്രയധികം പാമ്പുകള്‍?”
“ടെന്‍ഷനടിക്കണ്ട മിസ്റ്റര്‍ ദിവാകര്‍.പാമ്പുകള്‍ നിങ്ങളെ ഒന്നും ചെയ്യില്ല.ഇതങ്ങു പിടിപ്പിച്ചേ .”അവള്‍ ഗ്ലാസില്‍ മദ്യം പകര്‍ന്നു അയാള്‍ക്ക് കൊടുത്തു.രണ്ടു പെഗും കൂടി പിടിപ്പിച്ചപ്പോള്‍ ദിവാകരന്റെ മുഖം വീണ്ടും പ്രസന്നമായി.
“മോളെ ,ചിക്കന്‍ സ്റ്റൂ വേണോ ?അതോ മപ്പാസ്‌ വേണോ ?”
“സ്റ്റൂ മതി.”ദിവാകരന്‍ അടുക്കളയിലേക്ക് വീണ്ടും പാഞ്ഞു.
“എന്റെ സാന്നിധ്യം അറിഞ്ഞത് കൊണ്ടാണ് പാമ്പുകള്‍ വരുന്നത്.”അവള്‍ തല കുനിച്ചു പറഞ്ഞു.
“ആ സ്ഥാപനത്തില്‍ വന്നു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ അവര്‍ മരിച്ചു.മരിക്കുന്നതിനു മുന്‍പ് ആ ആഭിചാരവിദ്യക്ക് ആവശ്യമായ താളിയോലക്കെട്ടുകളടങ്ങിയ ഭാണ്ഡം അവര്‍ എനിക്ക് കൈമാറി.ഇരുപത്തിയഞ്ചു വയസ്സായപ്പോള്‍ ഞാന്‍ അവര്‍ പറഞ്ഞ വിദ്യ അഭ്യസിച്ചു.അമ്മയെ ഉപദ്രവിച്ച ആ പതിമൂന്നു പേരെയും ഞാന്‍ സര്‍പ്പവിദ്യ ഉപയോഗിച്ച് വധിച്ചു.”
ഞാന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി.ഇപ്പോള്‍ അവയ്ക്ക് ആകാശനീലയുടെ നിറമല്ല.ജ്വലിക്കുന്ന ചുവന്ന കനല്‍ക്കട്ടകളുടെ നിറം.കാറ്റില്‍ ആയിരം കറുത്ത സര്‍പ്പക്കുഞ്ഞുങ്ങളെപോലെ ആ മുടിയിഴകള്‍ പാറി.
“പക്ഷേ എല്ലാ തരം ആഭിചാരങ്ങള്‍ക്കും ഉള്ളത് പോലെ നെഗറ്റീവ് വശങ്ങള്‍ ഇതിനുമുണ്ട്.ആ വിദ്യ പ്രയോഗിച്ചതോടെ പ്രായം കൂടുന്നത് നിലച്ചു.ഒരു കന്യകയായി ജീവിക്കുകയാണ് ഞാനിപ്പോള്‍.വര്‍ഷങ്ങളായി.ഏകാന്തത ഒരു സര്‍പ്പത്തെപോലെ എന്നെ പിടികൂടി.പല വേഷത്തില്‍ പല ഭാവങ്ങളില്‍ ഞാന്‍ യാത്ര ചെയ്യുന്നു.പല നാടുകളില്‍.എല്ലാ സ്ഥലത്തും സര്‍പ്പങ്ങള്‍ എന്നെ പിന്തുടരുന്നു.അവ എന്നെ സംരക്ഷിക്കുകയാണ് .ഒപ്പം അവ എന്നെ നിരീക്ഷിക്കുകയാണ്.ഞാന്‍ സര്‍പ്പവിദ്യയുടെ വൃതം തെറ്റിക്കുന്നുണ്ടോ എന്നറിയാന്‍.ഇപ്പോള്‍ നാം സംസാരിക്കുമ്പോഴും നാം ഏതെങ്കിലും ഒരു സര്‍പ്പത്തിന്റെ ദംശനവലയത്തിലായിരിക്കും.”
ഞാന്‍ ഭയന്നു.ചുറ്റും നോക്കിയിട്ട് ഒന്നും കാണുന്നില്ല.തോട്ടിലേക്ക് ചാഞ്ഞുനില്‍ക്കുന്ന കണികൊന്നപ്പടര്‍പ്പില്‍ കറുപ്പില്‍ വെള്ളിവളയങ്ങളുള്ള ഒരു പാമ്പ് ചുറ്റിവളഞ്ഞിരിക്കുന്നത് ഞാന്‍ കണ്ടു.
“പേടിച്ചു അല്ലെ ..” അവള്‍ എന്റെ കയ്യില്‍ സ്പര്‍ശിച്ചു .
“ഇതാണ് ഒരുപാട് ശക്തിയുള്ള സര്‍പ്പകന്യകയുടെ യോഗം.നിത്യമായ എകാന്ത.ഒരിക്കലും എന്റെ സത്യമറിയുന്നവര്‍ക്ക് എന്നോട് അടുക്കാന്‍ കഴിയില്ല.എന്നെ ഈ വിദ്യ പഠിപ്പിച്ച സ്ത്രീയും
ഒരിക്കൽ ജീവിതം മടുത്തപ്പോൾ സർപ്പവിദ്യയുടെ നിയമം ലംഘിച്ചു.അനിവാര്യമായ ദുരിതം പിന്നീട് ജീവിതാവസാനം വരെ അവര്‍ അനുഭവിച്ചു.
“ഇതില്‍നിന്ന് പുറത്തുവരാന്‍ കഴിയില്ലേ? ..”ഞാന്‍ ചോദിച്ചു.
“കഴിയും.പക്ഷെ വളരെ ബുദ്ധിമുട്ടാണ്.”
‘അതെന്താ ?”
“സര്‍പ്പദംശനമേറ്റ ഒരു പുരുഷനുമായി ഇണചേര്‍ന്ന് അവന്റെ ശരീരത്തിലെ വിഷമലിയിച്ചു കളഞ്ഞാൽ എന്റെ ശക്തിയറ്റു പോകും."
ഞാന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി.
“ഒരു പുരുഷന്‍പോലും അപകടകരമായ ആ കര്‍മ്മത്തിന് തയ്യാറാകുമോ ?.ആരെങ്കിലും ഞാന്‍ പറയുന്നത് വിശ്വസിക്കുമോ?”
അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരിക്കുന്നു.
അവള്‍ മുഖം തുടച്ചു ബാഗ് അടച്ചു എഴുന്നേറ്റു.നേരം സന്ധ്യയായി.തോട്ടിറമ്പിലും വാഴക്കൂട്ടങ്ങള്‍ക്കിടയിലും ഇരുള്‍ കൂന കൂട്ടി തുടങ്ങിയിരിക്കുന്നു.
“ഞാന്‍ പോയി ദിവാകരന്റെ ബില്‍ തീര്‍ക്കട്ടെ.എന്നിട്ട് പോവുകയാ.”
“ഇപ്പോഴെയോ .പതിയെ പോകാം.”
“ഇല്ല.എനിക്ക് പോകണം.നാളെ ഇവിടുത്തെ ബ്ലൂഹില്‍ എസ്റ്റെയിറ്റിലെ തോട്ടം തൊഴിലാളികള്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പുണ്ട്.അത് കഴിഞ്ഞാല്‍ നാളെത്തന്നെ തിരിച്ചു പോകും.”
“എവിടേക്ക് ?”
“വേറെ ഏതെങ്കിലും സ്ഥലത്തേക്ക്.”
അവള്‍ അകത്തുപോയി കാശ് കൊടുത്തു തിരികെ വന്നു.എന്നെനോക്കി ഒന്നും സംഭവിക്കാത്ത പോലെ കൈവീശികാണിച്ചു ജീപ്പില്‍ കയറി.ജീപ്പിന്റെ ഹെഡ്ലൈറ്റുകള്‍ മിന്നിയപ്പോള്‍ അവളുടെ നീല കണ്ണുകള്‍ തിളങ്ങുന്നത് കണ്ടു.എനിക്ക് നേരെ ഫ്ലൈയിം കിസ് എറിഞ്ഞിട്ടു അവള്‍ വാഴത്തോപ്പിലൂടെ വണ്ടിതിരിച്ചു പോയി.
അവശേഷിച്ച മദ്യം അകത്താക്കിയിട്ടു ഞാന്‍ എഴുന്നേറ്റു.പകല്‍ പൊഴിച്ച ഇരുണ്ടപാമ്പിന്‍ പടം പോലെ രാത്രി വളര്‍ന്നിരിക്കുന്നു.
ഇത് ഒരു കെട്ടുകഥയാണ്‌.അവള്‍ ഒരു മോഡേണ്‍ പെണ്‍കുട്ടി മാത്രമാണ്.ഒരുപക്ഷേ ഈ കെട്ടുകഥ പറഞ്ഞു അവള്‍ എന്നെ കളിയാക്കിയാതാവും.ഇപ്പോള്‍ അവള്‍ ഉറക്കെ പൊട്ടിച്ചിരിക്കുന്നുണ്ടാവും.
“ദിവാകരാ ആ പെണ്ണ് ബില്‍ തീര്‍ത്തോ ?” ഇറങ്ങാന്‍നേരം ഞാന്‍ അടിച്ചു ഫിറ്റായി ഉറങ്ങുന്ന ദിവാകരനെ വിളിച്ചുണര്‍ത്തി ചോദിച്ചു.
“തീര്‍ത്തു.അഞ്ഞൂറ് രൂഭാ ബാക്കിയുണ്ടായിരുന്നു.അത് പക്ഷേ ഇരുന്നൂറു രൂഭാ മാത്രമേ ബാക്കി മേടിച്ചുള്ളു.തന്നെ പോലെയല്ല.ഗുഡ് കസ്റ്റമര്‍.”കുഴഞ്ഞ ശബ്ദത്തില്‍ ദിവാകരന്‍ പറഞ്ഞു.
എനിക്ക് ശരിക്കും ഭ്രാന്തു പിടിക്കുന്നു.
അവള്‍ വളരെ ബുദ്ധിമതിയാണ്.കൗശലക്കാരി .കെട്ടുകഥകളും സൈക്കോളജിയും കൊണ്ട് അവള്‍ എന്നെ വീഴ്ത്താന്‍ നോക്കുന്നു.അവളുടെ പേര് പോലും അവള്‍ പറഞ്ഞില്ല.അത് ചോദിയ്ക്കാനും മറന്നു.ഒരു സര്‍പ്പകന്യക പോലും.എനിക്ക് ഒരു പാമ്പിനെയും പേടിയില്ല.
എങ്കിലും എനിക്കിതിന്റെ സത്യം അറിയണം.
സര്‍പ്പങ്ങള്‍ പതിയിരിക്കുന്ന വാഴത്തോപ്പിലെ വഴിയിലൂടെ ഞാന്‍ ബ്ലൂഹില്‍ എസ്റ്റെയിറ്റിലെ മെഡിക്കല്‍ ക്യാമ്പിലേക്ക് ഇരുട്ടിലൂടെ വേച്ചുവേച്ചു നടന്നു.
(അവസാനിച്ചു)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo