Slider

#Sandram Part 24

0


Part 24
*********************************
നീനയുടെ സ്വപ്നങ്ങൾ...
*********************************
അന്ധകാരം
നീന ചുറ്റും നോക്കി.
ഭയാനകമായ ഇരുട്ടല്ലാതെ ഒന്നും കാണാനില്ല.
അവൾ ഇരു കൈകളാലും മുഖം പൊത്തി കരയാൻ തുടങ്ങി.
അപ്പോൾ...
ദൂരെയായി ഒരു പ്രകാശ ബിന്ദു പ്രത്യക്ഷപ്പെട്ടു.
നീന നോക്കി നില്ക്കേ ആ ബിന്ദു പതിയെ വളരാൻ തുടങ്ങി.
പതിയെ പതിയെ അവളിലേക്ക് ഭയം അരിച്ചു കയറി.
ആ പ്രകാശം അവളോടടുക്കും തോറും തീവ്രത കുറഞ്ഞു വന്ന് ഒരു ടണൽ പോലെ രൂപപ്പെടുകയാണ്.
നിമിഷങ്ങൾക്കുള്ളിൽ അത് വളർന്ന് അവളെ മറി കടന്നു പോയി.
അവളിപ്പോൾ നില്ക്കുന്നത് ആ ടണലിനുള്ളിലാണ്.
അവൾ വീണ്ടും ചുറ്റും നോക്കി.
ആ ടണലിന്റെ ഭിത്തി മൂടൽ മഞ്ഞു പോലെ തോന്നിച്ചു. പ്രകാശം കൊണ്ടുണ്ടാക്കിയ ഒരു മഞ്ഞു ഭിത്തി.
അപ്പോഴും ദൂരെയായി ആദ്യം കണ്ട ആ ബിന്ദു തിളങ്ങി നില്ക്കുന്നുണ്ടായിരുന്നു.
എന്തുകൊണ്ടോ നീന അതിനെ ലക്ഷ്യമാക്കി പതിയെ ചുവടു വെക്കാൻ തുടങ്ങി. ആ വെളിച്ചം അവളെ ആകർഷിക്കുന്ന പോലെ.
ആ നിമിഷം...
“നീനാ...” പുറകിൽ നിന്ന് നേർത്തൊരു വിളി കേട്ടു.
ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോൾ അവൾ കണ്ടത് കനത്ത മൂടൽ മഞ്ഞാണ്. അവൾക്കു പുറകിൽ ആ ടണലിന്റെ കവാടം മഞ്ഞു വീണടഞ്ഞിരുന്നു.
.
ആ മഞ്ഞിനിടയിൽ ഒരു നിഴൽ ചലിക്കുന്നതു പോലെ...
ഭയം അതിന്റെ പാരമ്യത്തിൽ എത്തിക്കഴിഞ്ഞിരുന്നു അവൾക്ക്.
“ആരാ അത് ?” നീനയുടെ ശബ്ദം വെളിയിൽ വന്നില്ല.
പതിയെ പതിയെ ആ മുഖം അവൾക്ക് വ്യക്തമായി വന്നു.
ആദ്യമായാണ് നീന സാന്ദ്രയെ ഇത്ര അടുത്ത് കാണുന്നത്.
എത്ര സുന്ദരിയാണവൾ!
നേർത്ത് ഒരു ഒറ്റക്കുപ്പായമാണവൾ ഇട്ടിരിക്കുന്നത്. സുതാര്യമായി തോന്നി അവളുടെ ശരീരം.
മുഖത്തോട് മുഖം നോക്കി അവർ നിന്നു . സാന്ദ്ര മനോഹരമായി ഒന്നു മന്ദഹസിച്ചു.
“നീനാ...തിരിഞ്ഞു നോക്ക്യേ....ആ വെളിച്ചം കണ്ടോ ? ” സാന്ദ്രയുടെ സ്വരം ഒരു തണുത്ത കാറ്റു പോലെ അവൾക്കനുഭവപ്പെട്ടു.
“കുട്ടിയേതാ ? ഞാനിതെവിടെയാ ? എനിക്കൊന്നും മനസ്സിലാകുന്നില്ല ...” നീനയുടെ ചോദ്യങ്ങളിൽ ഭയം നിഴലിച്ചിരുന്നു.
“ഇതുവരെ എന്നെ മനസ്സിലായില്ലേ ? ഞാൻ സാന്ദ്ര...”
“പേരെനിക്ക് മനസ്സിലായിരുന്നു...പക്ഷേ... അതൊക്കെ പോട്ടെ... ഞാനിതെവിടെയാ ഇപ്പോ ?”
“നീന ഇപ്പൊ കോമയിലാണ്. ഗാഢ നിദ്രക്കും മരണത്തിനുമിടയിൽ...”
സാന്ദ്ര നടന്ന് അവൾക്കു പുറകിലെത്തി. ഒപ്പം തിരിഞ്ഞ നീനക്ക് ഇപ്പോൾ ആ പ്രകാശം വ്യക്തമായി കാണാം.
“അതാ ആ വെളിച്ചം കണ്ടില്ലേ ? അതാണ് അവസാനം.
ആരായാലും, ഒരിക്കൽ ആ വെളിച്ചത്തിൽ ചെന്നു ചേരണം. അതിനു മാറ്റമില്ല. പക്ഷേ നിനക്ക്... നിനക്ക് ഒരു ചാൻസ് കൂടിയുണ്ട്. നിന്റെ സമയമായിട്ടില്ല. തിരിച്ചു പോയാൽ നിനക്കിനിയും ...”
“എന്തിനാ കുട്ടി നീയെന്നെ ഇങ്ങനെ നിർബന്ധിക്കുന്നത് ?”
സാന്ദ്ര മറുപടി പറയാതെ അവളെ തന്നെ സൂക്ഷിച്ചു നോക്കി അങ്ങനെ നിന്നു. പതിയെ ആ സുന്ദര മുഖം വാടി. ഏങ്ങിക്കരയാൻ തുടങ്ങി അവൾ...
“സാന്ദ്ര...” നീന അവളുടെ കവിളിൽ തലോടി... എന്നാൽ സാന്ദ്ര ഒരു ശരീരമല്ല എന്നവൾ തിരിച്ചറിഞ്ഞത് അപ്പോളായിരുന്നു. അവളുടെ കൈ ആ രൂപത്തിനുള്ളിലൂടെ കടന്നു പോയി.
“കണ്ണടക്കൂ നീനാ... നമുക്ക് തിരിച്ചു പോകാം. ഹോസ്പിറ്റലിലേക്ക്... ഞാനും വരുവാ നിന്റെ കൂടെ... ഇനി നമുക്ക് അപ്പുറത്തു വെച്ചു കണ്ടു മുട്ടാം…”
നീന അവസാനമായി ആ വെളിച്ചത്തിലേക്ക് ഒരിക്കൽ കൂടി നോക്കി എന്നിട്ട് പതിയെ കണ്ണുകൾ പൂട്ടി.
വീണ്ടും കണ്ണു തുറന്നപ്പോൾ...
***** ***** ***** ***** ***** ***** ***** *****
മരോട്ടിച്ചാൽ റിസർവ്ഡ് വന മേഖല - ത്രിശ്ശൂർ
റെജി, റോബിയെ വിളിച്ചതിനു ശേഷമുള്ള ഭാഗം തുടരുന്നു...
"അപ്പോ ആ കാര്യത്തിനൊരു തീരുമാനമായി " റെജി ആ മരത്തിൽ നിന്ന് താഴേക്കു ചാടിയിറങ്ങി. " ഇന്നാ നിന്റെ ഫോൺ". അയാൾ ഷെറിനെ കൈ കാട്ടി വിളിച്ചു.
"ഇങ്ങിട്ടു തന്നേരേ. " ഷെറിൻ താഴെ നിന്ന് വിളിച്ചു പറഞ്ഞു.
" ഞങ്ങളിനി അങ്ങോട്ടില്ല. തിരിച്ചു പോകുവാ. വെള്ളോം ഫുഡ്ഡുമൊന്നുമില്ലാതെ ഇനീം കാടു കേറിയാ ചേട്ടന്റെ ഗതി തന്നെയാവും ഞങ്ങൾക്കും. " അലെക്സാണതു പറഞ്ഞത്.
റെജി പതിയെ ആ കയറ്റം ഇറങ്ങി അവർക്കടുത്തേക്കു തന്നെ വന്നു.
"ഞാൻ കാരണം നിങ്ങടെ യാത്ര മുടങ്ങി. അല്ലേ ?"
ഷെറിൻ ഒന്നും മിണ്ടാതെ അവന്റെ ഫോൺ തിരിച്ചു വാങ്ങി തിരിച്ചു നടക്കാനാരംഭിച്ചു. അലക്സ് അവനെ പിന്തുടരാനാഞ്ഞതാണ് പക്ഷേ റെജിയുടെ കഴുത്തിലെ മുറിവ് അവനെ വല്ലാതെ അസ്വസ്ഥനാക്കി.
"ചേട്ടൻ അത്യാവശ്യമായി ഒരു ഡോക്ടറെ കണ്ടില്ലെങ്കിൽ അപകടമാകും കേട്ടോ. ഇൻഫെക്ഷൻ തുടങ്ങിയെന്നു തോന്നുന്നു. "
എന്നാൽ റെജിക്ക് അങ്ങനെയുള്ള യാതൊരു ചിന്തയും ഉള്ളതായി തോന്നിയില്ല. അയാളുടെ നോട്ടം മുഴുവനും അവർ ആദ്യം നിന്നിരുന്ന ആ പാറയുടെ വക്കിലേക്കായിരുന്നു. അതിനപ്പുറം അത്യഗാധമായ കൊക്കയാണ്.
"താൻ ഈ നാട്ടുകാരനല്ലേ ?"
"അതേ. എന്റെ പേര് അലക്സ്. നമ്മളാ കേറിവന്നില്ലേ ? അതിന്റവിടുന്ന് കഷ്ടി ഒരു കിലോമീറ്ററേയുള്ളൂ എന്റെ വീട്ടിലേക്ക്. ചേട്ടന്റെ പേരെന്താ ?"
"ആ പാറേടെ അപ്പറത്തെന്താ ? താഴോട്ട് എന്തോരം ആഴം കാണും ?" റെജിയുടെ ശ്രദ്ധ അപ്പോഴും അങ്ങോട്ടു തന്നെയായിരുന്നു.
"അതിന്റെ താഴെ ... " അലെക്സ് ഒരു നിമിഷം ആലോചിച്ചു. "ആ... അതിന്റെ ഏറ്റോം താഴെ പീച്ചി ഡാം റിസർവ്വോയർ ആകാനാണ് സാധ്യത. എന്തേ അങ്ങ്ട് ചാടാനുള്ള പ്ലാനാണോ ?"
റെജി ചിരിയോടെ അങ്ങോട്ടു നടക്കാൻ തുടങ്ങി.
"ചേട്ടന് പ്രാന്താണോ ?" പുറകേ ഓടാനാഞ്ഞ അലെക്സിനെ ഷെറിൻ പിടിച്ചു നിർത്തി. "നീ വിട്ടേ! മുതു പ്രാന്തനാ!! നമുക്ക് സ്ഥലം വിടാം. ഒരു ജാതി @#$%^ ദിവസം. ഇനീം പുലിവാലു പിടിക്കാൻ വയ്യ. "
റെജി അതു കേട്ടു തിരിഞ്ഞു.
"കൂട്ടുകാരന് വിവരമുണ്ട്. നിങ്ങൾ ഇനി എന്റെ കൂടെ നടന്നാ ചെലപ്പൊ പണി എരന്നു വാങ്ങും. ഇപ്പത്തന്നെ പോലീസ് ഇവിടെയെത്തും എന്നെ അന്വേഷിച്ച്.
ആ ഫോൺ വിളിച്ചില്ലേ ഞാൻ ? അതവന്മാരു പണ്ടേ ട്രെയ്സു ചെയ്തു കാണും. നിങ്ങളു പോയാലും താഴെ ചെന്ന് പോലീസിനെ വെയ്റ്റു ചെയ്യണം. എന്നിട്ട് അവരെ കണ്ട് ഉണ്ടായ കാര്യങ്ങൾ കൃത്യം കൃത്യമായി പറഞ്ഞു കൊടുത്താൽ നിങ്ങക്ക് വേറേ പ്രശ്നമൊന്നുമുണ്ടാകില്ല. കള്ളത്തരം വെല്ലോം കാണിക്കുവാന്നു അവർക്കു തോന്നിയാ നിങ്ങളു ചുറ്റും. നിങ്ങ രണ്ടും എന്റെ ആൾക്കാരാന്നു കരുതും പോലീസ്. "
"താനാരാ ? പിടികിട്ടാപ്പുള്ളിയോ ? ഇതെന്താ തന്റെ ഈ എടപാട് ?" ഷെറിനും തിരിഞ്ഞു നിന്നു. അവനാകെ ദേഷ്യം വന്നു തുടങ്ങിയിരുന്നു. "തിന്നാനും കുടിക്കാനുമൊക്കെ കിട്ടിക്കഴിഞ്ഞപ്പോ താനിപ്പൊ ഒരു മാതിരി മറ്റേടത്തെ സ്വഭാവമാണ് കാണിക്കുന്നെ . ഇതാ ഇക്കാലത്ത് ആരേം ഹെൽപ് ചെയ്യരുത് എന്നു പറയുന്നെ. "
"പേ പിടിച്ച പട്ടിയാടോ ഞാൻ.” പെട്ടെന്നാണ് റെജിയുടെ സ്വരം മാറിയത്. “ എനിക്കിനി ഒരു @#$%^ ഉം നോക്കാനില്ല. നിങ്ങ വിട്ടോ. വെറുതേ എനിക്കു പണിയുണ്ടാക്കല്ല്. " അയാൾ താനിട്ടിരുന്ന പാന്റിന്റെ ഒരു കാലുയർത്തിക്കാണിച്ചു. ടെയ്പ്പ് ചെയ്തു വെച്ചിരിക്കുന്ന ഒരു ചെറിയ പിസ്റ്റൾ !!
രണ്ടു പേരും നടുങ്ങി പുറകോട്ടു മാറി.
" ഇനിയിപ്പോ താങ്ക്സ് ന്നൊരു വാക്കിനാ നിൽക്കുന്നതെങ്കി പിടിച്ചോ. താങ്ക് യൂ വെരിമച്ച്! ഇത്രേം ടെയ്സ്റ്റായി എന്റെ ജീവിതത്തീ ഞാൻ ഒന്നും കഴിച്ചിട്ടില്ല. " റെജി പറഞ്ഞു നിർത്തി ആ പാറയുടെ വക്കിലേക്കു നടന്നു.
അപ്പോൾ താഴെ നിന്നും ഒരു നീണ്ട വിസിൽ ശബ്ദം കേട്ടു.
“അവൻ പറഞ്ഞതൊക്കെ ശരിയാടാ!! പോലീസ് വിസിലാ അത് ... അവരു താഴേന്നു കേറി വരുന്നുണ്ട്!” ഷെറിൻ മന്ത്രിച്ചു.
“നമ്മക്കും പണിയായീന്നു തോന്നുന്നു.” അലെക്സിന്റെ മുഖത്തും ടെൻഷൻ വന്നു നിറഞ്ഞു.
റെജി ആ സമയം താഴെ ആ കൊക്കയിലേക്കു നോക്കി ചിന്തിക്കുകയായിരുന്നു.
അറ്റം കാണാനാകുന്നില്ല. ഒരു വലിയ മേഘപാളി തെന്നി നീങ്ങുന്നുണ്ട് താഴെക്കൂടി. അതിനിടയിലൂടെ കാണാനാകുന്നത് നിബിഢമായി നില്ക്കുന്ന വൃക്ഷാഗ്രങ്ങൾ മാത്രം.
ഒരൊറ്റ ചാട്ടം ചാടാനായിട്ട് അവന്റെ കാലുകൾ തരിച്ചു.
മുൻപെങ്ങോ കണ്ടിട്ടുള്ള ഏതോ സിനിമയിൽ, ഹെലികോപ്റ്ററിൽ നിന്നും ചാടിയ നായകൻ സ്ലോ മോഷനിൽ താഴേക്കു വീഴുന്ന ഒരു സീൻ അയാളുടെ മനസ്സിലൂടെ കടന്നു പോയി.
താഴെയെത്തി ആ മരങ്ങൾക്കിടയിലൂടെ ശിഖരങ്ങളിൽ തട്ടി ചിതറി ഒരു പക്ഷേ ജീവനോടെ തന്നെ താഴെയെത്തിയെന്നു വരാം. ഒരു പക്ഷേ അലക്സ് പറഞ്ഞ പോലെ ഒരു വലിയ തടാകമായിരിക്കാം താഴെ . പീച്ചി ഡാമിന്റെ റിസർവ്വോയർ... അങ്ങനെയെങ്കിൽ ഒരു പക്ഷേ ഒരപകടവും പറ്റാതെ വെള്ളത്തിലേക്കു കൂപ്പു കുത്താം. പിന്നെ ആർക്കും പെട്ടെന്നൊന്നും തന്നെ പിന്തുടരാനാകില്ല.
ആ ജല സംഭരണിക്കു നടുവിൽ കുറേ ഒറ്റപ്പെട്ട കൊച്ചു ദ്വീപുകൾ ഉണ്ട്. അതിലൊന്നിൽ കയറിപ്പറ്റിയാൽ പിന്നെ കുറേ കാലം ആരെയും പേടിക്കാതെ കഴിച്ചു കൂട്ടാം...
പല പല ചിന്തകൾ കടന്നു പോയി അയാളുടെ തലയിലൂടെ. എങ്കിലും, താഴേക്കുള്ള ആ ചാട്ടം... അതോർക്കുമ്പോൾ തന്നെ ശരീരത്തിലൂടെ കുളിരു കോരുന്നു. അതു തന്നെക്കൊണ്ട് സാധിക്കില്ല എന്നയാൾക്കുറപ്പാണ്. ആകെ വിഷണ്ണനായി ആ പാറയുടെ വക്കിൽ താഴേക്കു കാലുകൾ തൂക്കിയിട്ട് അയാളിരുന്നു.
പെട്ടെന്ന് ആ ശബ്ദം ഒരിക്കൽ കൂടി കേട്ടു. ആ വിസിൽ ശബ്ദം. പോലീസ് അടുത്തെത്തിക്കഴിഞ്ഞു. കുറേ പട്ടികൾ കുരക്കുന്നതും കേൾക്കാം ഇപ്പോൾ.
അതോടെ റെജി എഴുന്നേറ്റു.
പതിയെ തന്റെ കൈകൾ ആ പാറപ്പുറത്തുറപ്പിച്ചു നിർത്തി അയാൾ താഴേക്ക് ഊർന്നിറങ്ങി. താഴെ കാലുറപ്പിച്ചു നിർത്താൻ ഒരു പ്രതലം കിട്ടുമെന്നായിരുന്നു അയാളുടെ പ്രതീക്ഷ. പക്ഷേ കീഴ്ക്കാം തൂക്കായി നിന്ന ആ പാറയിൽ അയാൾ എത്ര താഴെക്ക് കാലെത്തിക്കാൻ ശ്രമിച്ചിട്ടും സാധിച്ചില്ല. ഒടുവിൽ അയാൾ രണ്ടും കല്പ്പിച്ച് കൈ വിട്ടു.
പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ട്, ശരവേഗത്തിൽ അയാൾ അത്യഗാധതയിലേക്ക് ഊർന്നു വീഴാൻ തുടങ്ങി. ആ കരിമ്പാറക്കെട്ടിൽ ഒരു പുൽനാമ്പു പോലുമുണ്ടായിരുന്നില്ല അയാളെ തടഞ്ഞു നിർത്താൻ. മുഖവും നെഞ്ചും ആ പാറയിൽ ഉരഞ്ഞ് എത്ര നേരം അയാൾ താഴേക്കൂർന്നു പോയെന്നറിയില്ല. കൈകളിലെ നഖങ്ങളെല്ലാം അടർന്നു പോയിക്കഴിഞ്ഞാണയാൾക്ക് പാറയിൽ നിന്നും തന്റെ കൈകൾ സ്വതന്ത്രമാക്കാനായത്.
ആ ചാട്ടം തനിക്കു പറ്റിയ ഒരു വൻ അബദ്ധമായിരുന്നെന്നയാൾ തിരിച്ചറിഞ്ഞു.
എന്നാൽ മരണം ഉറപ്പായെന്നയാൾ ഉറപ്പിച്ച ആ നിമിഷം അതു സംഭവിച്ചു, വിലങ്ങനെ നീണ്ടു നിന്നിരുന്ന ഒരു മരക്കുറ്റിയിൽ തടഞ്ഞ് അയാൾ നിന്നു!
പ്രാണൻ പോകുന്ന വേദനയിൽ അയാൾ അലറി നിലവിളിച്ചു പോയി. കവിളുകളിലും മാറിലും തൊലി അടർന്നു തൂങ്ങിക്കിടന്നിരുന്നു, എന്നാൽ അതിനേക്കാൾ ആയിരമിരട്ടി വേദന അയാളനുഭവിച്ചത് ആ മരക്കുറ്റി അയാളുടെ കാലുകൾക്കിടയിൽ അതിശക്തമായി വന്നടിച്ചപ്പോഴാണ്.
ഏതാണ്ട് പത്തു മിനിറ്റോളം അയാൾ ആ ഇരിപ്പിരുന്നു. വിവരിക്കാനാവില്ല ആ വേദന. ശരീരത്തിനുള്ളിൽ എവിടെയൊക്കെയോ അഗ്നിബാധ ഉണ്ടായ പോലെ.
തുടർന്നുള്ള താഴേക്കുള്ള ഇറക്കം അയാൾക്കല്പ്പം ആശ്വാസമായിരുന്നു. വെറും പാറക്കെട്ടല്ല, ഇടക്കിടെ കാലു വെച്ചിറങ്ങാനും, വേണമെങ്കിൽ ഒന്നിരുന്നു വിശ്രമിക്കാനും ചെറിയ പുല്ക്കൂട്ടങ്ങൾ കാണാമായിരുന്നു. അയാൾ ബദ്ധപ്പെട്ട് അതിലൊന്നിലേക്ക് തന്റെ കാലെത്തിച്ചു. എന്നിട്ട് ആ കുറ്റിയിൽ കൈ മുറുക്കി ചെരിഞ്ഞു തൂങ്ങിയിറങ്ങി.
താഴേക്കു നോക്കിയപ്പോൾ അയാൾക്ക് ദൂരം കൂടിയതായിട്ടാണനുഭവപ്പെട്ടത്. ഇറങ്ങും തോറും അകന്നകന്നു പോകുന്ന താഴ്വാരം! അയാൾ ഒന്നു വിശ്രമിക്കാമെന്നു തീരുമാനിച്ചു. എന്തായാലും, പോലീസുകാർ ഈ വഴി ഇറങ്ങി വരാൻ ഒരു സാധ്യതയുമില്ല.
അവിടെ - രണ്ടു പാറകൾക്കിടയിലായി ഉള്ളിലേക്കു നീണ്ടു കിടന്ന ഒരു പുല്പ്പരപ്പിനെ ലക്ഷ്യമാക്കി അയാൾ ഇഴഞ്ഞു.
ഒരു കാൽ ഉറപ്പിക്കാൻ സധിച്ചതും, അയാൾ മരക്കുറ്റിയിൽ നിന്നുള്ള പിടി വിട്ട് മുന്നോട്ടു കുതിച്ച് ആ വിടവിലേക്കു കമിഴ്ന്നു വീണു.
തല ചെന്നു പതിച്ചത് ഒരു വലിയ തൊട്ടാവാടിക്കൂട്ടത്തിലേക്കാണ്. കഴുത്തിലെ മുറിവിലൂടെ അനേകം കൂർത്ത മുള്ളുകൾ ചുറ്റി വരിഞ്ഞപ്പോൾ അവൻ പ്രാണവേദനയിൽ അലറിപ്പോയി. ആ അവസ്ഥയുടെ ഭീകരത ഇരട്ടിപ്പിക്കാനെന്നവണ്ണം, അലർച്ച കേട്ട മാത്രയിൽ ഒരായിരം കടവാതിലുകൾ ആ വിടവിൽ നിന്നും പറന്നുയർന്നു.
റെജി കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട് മുഖം പതിയെ ആ മുള്ളുകളിൽ നിന്നും വിടുവിച്ചെടുത്തു. എന്നിട്ട് പതിയെ താഴേക്കൂർന്ന് മലർന്നു കിടന്നു.
ആ കിടന്ന കിടപ്പിൽ അയാൾ ചിന്തിക്കാൻ തുടങ്ങി.
തന്റെ അവസ്ഥ...
ജീവിതം ഈ ഒരു നിമിഷം വരെ എത്തിക്കാനായി താൻ കാണിച്ചു കൂട്ടിയ കൊള്ളരുതാഴികകൾ...
വർഷങ്ങൾക്കു മുൻപ് റോബിയുമായുണ്ടായ ഒരു സംഭാഷണം അയാൾ ഓർത്തു. ‘രണ്ടു കോടി രൂപ തരാം, നീ ഒഴിഞ്ഞു പോകണം’ എന്നാവശ്യപ്പെട്ടതാണ് റോബി. എന്നാൽ, അതു കേട്ടപ്പോൾ തന്റെ ഉള്ളിൽ പകയായിരുന്നു. കുത്തി മലർത്താനാണ് തോന്നിയത് അവനെ.
പക്ഷേ പിന്നീടുള്ള ജീവിതത്തിൽ പലപ്പോഴും തനിക്കു തോന്നിയ ഒരു കാര്യമാണ്, അന്നു വേണമെങ്കിൽ ആ കാശു വാങ്ങി തനിക്കൊരു നല്ല ജീവിതം തിരഞ്ഞെടുക്കാമായിരുന്നു. ഇന്നീ കിടപ്പു കിടക്കേണ്ടി വരില്ലായിരുന്നു.
അവനു ചിരി വന്നു.
ഈ കിടക്കുന്ന കിടപ്പ്...
കർമ്മം എന്നൊന്നുണ്ടല്ലോ. ചെയ്തതിന് ഫലം . അതായിരിക്കും ഒരു പക്ഷേ ഇത്. ഒരിക്കലും ആർക്കും തടുക്കാനാവില്ലായിരിക്കണം.
തന്റെ കാൽ വണ്ണകളിലൂടെ രക്തമൊഴുകി വീഴുന്നതയാൾ അറിയുന്നുണ്ടായിരുന്നു. ഇവിടെ ഇങ്ങനെ കുറേ നേരം കൂടി കിടന്നാൽ അധികം വൈകാതെ താൻ ബോധരഹിതനാകുമെന്നയാൾക്കു മനസ്സിലായി. കണ്ണുകൾ അടഞ്ഞു തുടങ്ങിയിരിക്കുന്നു. അയാൾ പിടഞ്ഞെഴുന്നേറ്റു നിവർന്നു നിന്നു.
വേച്ചു പോകുന്നു. കണ്ണിനു നല്ല മങ്ങലുണ്ട്. വിരലുകളുടെ അഗ്രം ചോരക്കട്ടകളാണ്. നിവർത്താനാകുന്നില്ല. കൺ കോണുകളിലൂടെ മുഖത്തെ തൊലിയും മാംസക്കഷണങ്ങളും അടർന്നു നില്ക്കുന്നത് കാണാനാകുന്നുണ്ട്. താഴേക്കു നോക്കുമ്പോൾ വല്ലാത്തൊരു ആധിയാണ് തോന്നുന്നത്. ഒരിക്കലും തനിക്കീ യാത്ര പൂർത്തിയാക്കാനാവില്ലെന്നയാൾക്കു മനസ്സിലായി.
ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ ആ തീരുമാനമെടുക്കാൻ തുടങ്ങുകയായിരുന്നു അയാൾ.
താഴെ - ഏതാണ്ട് മുപ്പത് നാല്പ്പതടി ദൂരെ - കൂർത്തു നില്ക്കുന്ന ഒരു വലിയ മരക്കുറ്റി കാണാം. ഒരൊറ്റ ചാട്ടം! എല്ലാം തീർക്കണം. അയാൾ മനസ്സിൽ കണക്കു കൂട്ടി. “പക്ഷേ, കൃത്യമായിട്ട് നെഞ്ചിലൂടെ കേറണം! അല്ലെങ്കിൽ ചിലപ്പോ താഴേക്ക് അത്യഗാധതയിലേക്ക് വീണു പോകും.”
“ആഹാ!” പെട്ടെന്നാണയാളോർത്തത്. തന്റെ കാൽവണ്ണയിൽ ടേപ്പു ചെയ്തിരിക്കുന്ന പിസ്റ്റൾ! അവന്റെ മുഖത്തൊരു ഭീകരമായ ചിരി വിടർന്നു . “ റെജി തന്നെ തീരുമാനിക്കും റെജീടെ അന്ത്യം!” പിറുപിറുത്തുകൊണ്ട് അയാൾ കുനിഞ്ഞ് തന്റെ പാന്റ് വലിച്ചുയർത്തി.
ആ നിമിഷം!
ഐസു പോലെ തണുത്ത ഒരു കാറ്റയാളെ കടന്നു പോയി.
മരവിച്ചു പോയി അയാൾ!
താഴെക്കൂടെ ഒഴുകിക്കൊണ്ടിരുന്ന ആ പടുകൂറ്റൻ മേഘപാളി ഉയർന്ന് താന്നെയും കടന്ന് മുകളിലേക്കുയരുന്നതയാൾ കണ്ടു.
അവന്റെ ഓരോ രോമകൂപങ്ങളിലൂടെയും ആ തണുത്ത കാറ്റ് അകത്തേക്കു കയറി.
ശരീരം പതിയെ വിറങ്ങലിച്ചു പോകുന്നതായി അയാൾക്കു തോന്നി. ചലനം നഷ്ടപ്പെട്ട അയാൾ പതിയെ പതിയെ പുറകോട്ടു മറിഞ്ഞു വീണു.
തലക്കുള്ളിൽ ഒരു സ്ഫോടനം നടക്കുന്ന പോലെ! അയാൾ ഇരു കൈകളും കൊണ്ട് ചെവി പൊത്തിപ്പിടിച്ചു. കണ്ണടച്ചു തുറന്നു...
നിശബ്ദത...
തന്റെ സമനില തെറ്റിയിരിക്കുന്നു... അയാൾക്കു മനസ്സിലായി. ഒന്നും ചിന്തിക്കാനാവുന്നില്ല. ആകെ ഒരു ശൂന്യത. വല്ലാത്തൊരു ആധിയുമുണ്ട്.
അപ്പോളതാ...
കിടന്ന കിടപ്പിൽ, ആ മേഘത്തിൽ നിന്നും ഒരു തുണ്ട് അടർന്ന് താൻ കിടക്കുന്ന പുല്മേട്ടിലേക്ക് സാവധാനം പറന്നിറങ്ങുന്നതയാൾ കണ്ടു.
താഴേക്കുള്ള വീഴ്ച്ചക്കിടയിൽ, ആ മേഘത്തുണ്ടിന് പതിയെ പതിയെ രൂപമാറ്റം സംഭവിക്കുന്നുണ്ട് . അതൊരു മനുഷ്യ രൂപമായി മാറുകയാണോ ? ഒരു സുന്ദരി പെൺകുട്ടിയുടെ രൂപം ?
പെട്ടെന്നാണൊരു ഇടി വെട്ടിയത്!
മിന്നൽ ആ മേഘരൂപത്തിലൂടെയാണ് കടന്നു പോയത്. ഒരു വട വൃക്ഷത്തിന്റെ വേരുകൾ പോലെ നീല പ്രകാശം അവളുടെ ശരീരത്തിനുള്ളിൽ പ്രതിഫലിച്ചു. അയാളുടെ കണ്ണുകൾ മഞ്ഞളിച്ചു പോയി..
അതി തീവ്രമായി ജ്വലിച്ച ആ പ്രകാശമടങ്ങിയതും, വളരെ വ്യക്തമായി റെജി അവളെ കണ്ടു.
“ഇത്...!!!” അവന്റെ കണ്ണുകൾ തുറിച്ചു വന്നു! “ഒരു സാധ്യതയുമില്ല!!” അയാൾ കണ്ണുകൾ ഇറുക്കി അടച്ചു തുറന്നു.
മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് അവൾ അയാളുടെ സമീപത്തേക്ക് ഒഴുകിയിറങ്ങി.
ആ ചിരി...
മൂർച്ചയേറിയ ഒരു സൂചി തന്റെ കണ്ണുകളിലേക്കു കുത്തിയിറക്കുന്ന പോലെ തോന്നി അയാൾക്ക്. സഹിക്കാനാവാതെ അയാൾ നോട്ടം പിൻവലിച്ചു.
“റെജി...” അവളുടെ ചുണ്ടുകൾ മന്ത്രിച്ചു. സ്വതവേ പ്രതിദ്ധ്വനിക്കുന്നൊരു ശബ്ദമായിരുന്നു സാന്ദ്രയുടേത്. അവളുടെ ഓരോ വാക്കും, അനേകം തവണ റെജിയുടെ ചെവികളിൽ വന്നലച്ചു. “
“സ്വയം മരിക്കാൻ തീരുമാനിച്ചല്ലേ ? … ചങ്കിൽ കൂടി വെടി വെച്ച് ?” അവൾ തല ചെരിച്ച് അവന്റെ കണ്ണുകളിലേക്കു തന്നെ സൂക്ഷിച്ചു നോക്കി.
“ഇല്ല...ഒക്കെ എന്റെ തോന്നലാ...” അയാൾ വീണ്ടും കണ്ണുകൾ ഇറുക്കിയടച്ചു. “നിന്നെ ഞാൻ കൊന്നതാ!!”
ഉറക്കെയുറക്കെയുള്ള പൊട്ടിച്ചിരിയാണ് പിന്നെ കേട്ടത്. അവൾ ഹൃദയം തുറന്ന് സന്തോഷിക്കുകയായിരുന്നു. ആജന്മ ശത്രുവിനെ തന്റെ കാല്ക്കീഴിൽ കിട്ടിയ ആഹ്ലാദം! അവനെ ഇഞ്ചിഞ്ചായി പിച്ചിക്കീറാൻ തുടങ്ങുന്നതിനു മുൻപുള്ള അട്ടഹാസം!!
റെജിയുടെ സ്തംഭനാവസ്ഥ മാറിയിരുന്നു. അയാൾ എഴുന്നേറ്റിരിക്കാൻ ശ്രമിക്കുന്നത് കൗതുകത്തോടെ സാന്ദ്ര നോക്കി നിന്നു.
സൂസി മോൾ...
അവളെ ഓർത്തതും സാന്ദ്ര പല്ലു ഞെരിച്ചു കൊണ്ട് അവന്റെ പിടിച്ചുയർത്തി ആ പറക്കെട്ടിലേക്കു ചാരി നിർത്തി.
“തോന്നലല്ലടാ നായേ! ഞാൻ തന്നെയാ ഇത്! ” അവൾ താനിട്ടിരുന്ന വെളുത്ത സുതാര്യമായ നീണ്ട കുപ്പായം വലിച്ചു തുറന്നു. “നോക്കടാ!!”
ചുടു ചോര ചിറ്ററിത്തെറിക്കുന്ന അവളുടെ മാറിലെ മുറിവിലേക്ക് നോക്കാനാവാതെ റെജി മുഖം തിരിച്ചു.
അവൾ അവന്റെ മുടിക്കുത്തിൽ പിടിച്ച് മുഖം ആ മുറിവിലേക്കമർത്തി.
“നീ ചാകുന്നെങ്കിൽ...എന്റെ ചോര കുടിച്ചു വേണം!! അവൾ കിതക്കുന്നുണ്ടായിരുന്നു. റെജി ശ്വാസം കിട്ടാതെ പിടഞ്ഞുകൊണ്ടിരുന്നു. ”മതിയോ ?? മതിയോ നിനക്ക് ??“ അവൾ ചോദിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ, അവന്റെ ബോധം നശിക്കുന്നതിനു തൊട്ടു മുൻപ് അവൾ പിടി വിട്ടു.
“ഖൊ... കൊല്ലല്ലേ എന്നെ...” അയാളുടെ വായിൽ നിന്ന് അവളുടെ കൊഴുത്ത ചോര ചിതറിത്തെറിച്ചു.
“നിന്നെ കൊല്ലാനോ ? ഹ ഹ ഹ ഹ !!! ഒരിക്കലുമില്ല റെജീ!” അവൾ വീണ്ടും അട്ടഹസിച്ചു.
എന്റെ നീന കിടക്കുന്ന കിടപ്പു നീ കണ്ടാരുന്നോ ? കൊല്ലാതെ കൊന്നില്ലേ നീ അവളെ ? ” പെട്ടെന്നാണ് സന്ദ്രയുടെ സ്വരം മാറിയത്. കരയാൻ തുടങ്ങി അവൾ!
“അതു പോലെ കിടക്കണം നീയും. കയ്യില്ലാതെ... കാലില്ലാതെ... ഒന്നു മിണ്ടാൻ പോലുമാകാതെ...നീയും നരകിക്കണം!”
“അയ്യോ!” അവൻ വിലപിച്ചു. “ഞാനല്ല നീനയെ...”
ആ മറുപടി അവളെ ഒരു സംഹാര രുദ്രയാക്കി മാറ്റി!
“നീയല്ലേ ??? ദുഷ്ടാ!! നിന്റെ ആർത്തിയല്ലേടാ അവളെ നശിപ്പിച്ചത് ? ജീവിതത്തിൽ അന്നു വരെ നിന്നെ കണ്ടിട്ടു പോലുമില്ലാത്ത ഞങ്ങളെ രണ്ടു പേരേം നീയൊക്കെ കൂടി...” അവൾ അവനെ പിടിച്ചുയർത്തി ശക്തിയോടെ നിലത്തേക്ക് വലിച്ചെറിഞ്ഞു. അസാമാന്യ കരുത്തായിരുന്നവൾക്ക്.
നട്ടെല്ലു തകർന്നിരിക്കുന്നു എന്നയാൾക്കു മനസ്സിലായി. വേദന കൊണ്ടയാൾ ഒരു പുഴുവിനെപ്പോലെ കിടന്നു പിടഞ്ഞു.
“ഒരു ഇഞ്ചക്ഷൻ എടുക്കുന്ന വേദനയല്ലേ ഉള്ളൂ റെജി ?” അവൾ ക്രൂരമായി ചിരിച്ചുകൊണ്ട് അവന്റെ തല പിടിച്ചുയർത്തി.
“പ്ലീസ്...” റെജി കൈ കൂപ്പി. “കൊല്ലെന്നെ... ഇനി എനിക്ക് ജീവിക്കണ്ട... ”
അതവൻ പറഞ്ഞു തീർന്നതും ഒരു മിന്നൽ പിണരിന്റെ വേഗതയിൽ അവളുടെ കൈ റെജിയുടെ നാവിൽ പിടുത്തമിട്ടു.
കൂർത്ത നഖം അവന്റെ നാവിൽ ആഴ്ന്നിറങ്ങി.
ഓരൊറ്റ വലി!
റെജിയുടെ നാവു രണ്ടായി പിളർന്നു കൊണ്ട് അവളുടെ ചൂണ്ടു വിരൽ പുറത്തു വന്നു.
മനുഷ്യന് സഹിക്കാവുന്നതിന്റെ പരമാവധി വേദന! റെജി ശ്വാസം പോലുമെടുക്കാനാവാതെ കിടന്നു പിടഞ്ഞു.
പിടഞ്ഞെണീക്കാൻ ശ്രമിച്ചിട്ട് അയാൾക്കു സാധിച്ചില്ല. കാലുകൾ അവിടെയില്ലാത്തതു പോലെ. അരക്കു കീഴ്പ്പോട്ട് താൻ ഇനി ഇല്ല!! അയാൾ അലറി കരഞ്ഞപ്പോൾ ഭയാനകമായൊരു മുരൾച്ചയാണ് വെളിയിൽ വന്നത്.
അപ്പോഴാണതുണ്ടായത്
റെജിയുടെ കഴുത്തിനു താഴെ എന്തോ അനങ്ങി. അവൻ ആകെ അസ്വസ്ഥനായി പുളഞ്ഞു പോയി. എന്തോ ഒരു ഇഴജന്തുവാണെന്നുറപ്പാണ്. നല്ല വലിപ്പമുള്ള എന്തോ ഒന്ന്. അവന്റെ രോമങ്ങൾ ഓരോന്നും എഴുന്നു നിന്നു.
അധികം വൈകിയില്ല, കഴുത്തിനു പുറകിൽ നിന്നും ഒരു കറുത്ത സർപ്പം പത്തി വിരിച്ച് ഉയർന്നു വന്നു.
“ആഹാ...എത്തിയല്ലോ ഇവിടെയും !” സാന്ദ്ര പുഞ്ചിരിച്ചു.
ആ കരിമൂർഖൻ അയാളുടെ നെഞ്ചിൽ, ഷർട്ടിനുള്ളിലേക്ക് ഇഴഞ്ഞു കയറി.
കിടന്ന കിടപ്പിൽ അയാൾ സർവ്വ ശക്തിയുമെടുത്ത് കിടന്നുരുളാൻ ശ്രമിച്ചു പക്ഷേ, കാലുകൾ തനിക്ക് വല്ലാത്തൊരു ഭാരമായത് അപ്പോഴാണയാൾക്കു മനസ്സിലായത്. ശരീരത്തെ മുഴുവൻ പാതാളത്തിലേക്കു വലിച്ചു താഴ്ത്തും പോലെ ആ കാലുകൾ മരവിച്ച നിലയിൽ അങ്ങനെ തൂങ്ങിക്കിടന്നു.
അപ്പോഴേക്കും പാമ്പ് തിരിച്ച് അയാളുടെ മുഖത്തേക്ക് ഇഴഞ്ഞു കയറിയിരുന്നു. അറ്റം പിളർന്ന തന്റെ നാക്കു കൊണ്ട് അയാളുടെ മുറിവുകളിലാകെ സ്പർശിച്ചുകൊണ്ട് ആ നാഗം സാന്ദ്രയെ ചെരിഞ്ഞു നോക്കി.
“എന്റെ അമ്മയെ കൊന്ന പാമ്പാ ഇത്...” അവൾ വിതുംബി. “നിന്റെ ജീവനെടുക്കാൻ എന്നോട് അനുവാദം ചോദിക്കുകയാണത്...”
അത്രയുമായപ്പോഴേക്ക് സാന്ദ്ര പൊട്ടിക്കരഞ്ഞു പോയി. അവൾക്കു താങ്ങാനാകുന്നതിലുമധികമായിക്കഴിഞ്ഞിരുന്നു. ഇതിനേക്കാൾ ക്രൂരത തന്റെയുള്ളിൽ ഇല്ലെന്നവൾക്കു മനസ്സിലായി. തുടർന്നും അവനെ ദ്രോഹിക്കാനവൾക്കാകില്ല.
അടക്കാനാവാത്ത പകയുണ്ടെങ്കിലും, തന്റെ ഉള്ളിന്റെ ഉള്ളിലെവിടെയോ സഹതാപത്തിന്റെ ഒരു ഉറവ പുറപ്പെട്ടിരിക്കുന്നതവൾ തിരിച്ചറിഞ്ഞു എന്തൊക്കെ സംഭവിച്ചെന്നു പറഞ്ഞാലും, ഒരു നേഴ്സായിരുന്നല്ലോ താൻ.
അവൾ പതിയെ അവനെ കോരിയെടുത്തു. പാമ്പ് അവന്റെ കഴുത്തിൽ നിന്ന് ഊർന്നു താഴേക്കു വീണു.
അവളൊന്നു തിരിഞ്ഞു നോക്കിയതും, ആ മേഘപാളി താഴ്ന്നു വന്ന് അവരെ മറച്ചു.
വീണ്ടും ഒരു പ്രാവശ്യം കൂടി ഇടി വെട്ടി.
തുടർന്നു പെയ്ത മഴ അവളുടെ കണ്ണീരായിരുന്നു...
***** ***** ***** ***** ***** ***** ***** ***** ***** ***** ***** *****
“ആ ബെസ്റ്റ്! ഇടി വെട്ടുന്നുണ്ട്. ഇനി ഇതിന്റെ കൂടെ മഴേം കൂടെ പെയ്താൽ ഉഷാറായി!” കോൺസ്റ്റബിൾ പ്രഭാകരൻ പിറുപിറുത്തു. അയാളതു പറഞ്ഞു തീർന്ന ഉടനെ മഴ ചാറാൻ തുടങ്ങി.
തലേന്നു മുതൽ കാടു കയറി അലയുകയായിരുന്നു അവർ. ഒരല്പ്പം വിശ്രമത്തിനായി ഇരുന്നതാണ്.അപ്പോഴേക്കും വീണ്ടും മാത്യൂസിന്റെ വിളി വന്നു. റെജിയുടെ ലൊക്കേഷൻ കിട്ടിയത്രേ. ഡോഗ് സ്ക്വാഡിനെ എല്ലാം ഏർപ്പാടാക്കിയതിനു ശേഷമാണ് മാത്യൂസ് ഹോസ്പിറ്റലിൽ അഡ്മിറ്റായത്.
“സാറേ!” മുകളിൽ നിന്ന് ഒരു പോലീസുകാരന്റെ ഉറക്കെയുള്ള വിളി കേട്ടു. “ഓടിക്കേറി വാ! ആളെ കിട്ടി!”
“വെടി വെക്കല്ലേ!” എസ് ഐ സദാശിവൻ വിളിച്ചു പറഞ്ഞു. “അവനെ ജീവനോടെ പൊക്കണം! ഓടാതെ നോക്കണം!!”
“അവനെങ്ങോട്ടും പോകത്തില്ല! അതോർത്തു പേടിക്കണ്ട! ” ആ പോലീസുകാരന്റെ സ്വരത്തിൽ ചിരിയായിരുന്നു. “എണീറ്റു നിന്നട്ടു വേണ്ടെ ?”
ഓടി കയറി മുകളിലെത്തിയപ്പോഴേക്കും, പോലീസുകാർ ഒരു കമ്പിൽ തൊട്ടിൽ പോലെ തുണി കെട്ടി റെജിയെ താഴേക്കിറക്കി കൊണ്ടു വന്നു തുടങ്ങിയിരുന്നു.
“ബോധമില്ല...പക്ഷേ ചത്തിട്ടില്ല. പക്ഷേ താഴത്തേക്കെത്തുമ്പഴത്തേനും ചെലപ്പോ...” ഒരു പോലീസുകാരൻ സംശയം പ്രകടിപ്പിച്ചു.
“ചത്തെന്നോർത്ത് കൊഴപ്പൊണ്ടായിട്ടല്ല, മാത്യൂസ് സാറിന് ഇവനെ ഒന്നു നേരിൽ കാണണമെന്നു പറഞ്ഞു. അതാ. ” എസ് ഐ സദാശിവൻ തുണി മാറ്റി റെജിയെ നോക്കി.
“ദൈവമെ!! ഇതെന്തു പറ്റി ? എറച്ചിക്കട മാതിരിയായല്ലോ! വേഗം താഴോട്ടെറക്കിക്കോ. മൂന്നാലു പേരു മാറി മാറി പിടിച്ചാ മതി. “ അയാൾ വേഗം മാത്യൂസിനെ ഡയൽ ചെയ്തു.
“ഹലോ!”
“അവനെ കിട്ടി കേട്ടാ!”
“ആഹാ!” മാത്യൂസിന്റെ സ്വരത്തിൽ ആവേശമായിരുന്നു. “ജീവനോടെ കിട്ടിയോ ?”
“ജീവനൊക്കെയുണ്ട് തല്ക്കാലം. എന്തു പറ്റീതാന്നറിയില്ല, തകർന്നു തരിപ്പണമായിപ്പോയി. ചോരേൽ കുളിച്ചാ കെടക്കുന്നെ. അനക്കമില്ല. ശ്വാസം മാത്രമുണ്ട്.”
“എന്തായാലും, ജീവനുണ്ടെങ്കി എനിക്കവനെ ഒന്നു കാണണം. നായിന്റെ മോനെ അവസാനമായിട്ട് എനിക്കൊന്നു കിട്ടണം.” മാത്യൂസ് പല്ലിറുമ്മി.
“ഞങ്ങളു വരുവാ.ഒരു ഫുൾ ഫെസിലിറ്റി ആംബുലൻസ് വിളിച്ചിങ്ങോട്ട് വിട്ടേരേ കേട്ടോ. കെടപ്പു കണ്ടിട്ട് നട്ടെല്ലൊടിഞ്ഞ ലക്ഷണമാ. ഒത്തിരി ചോരേം പോയിട്ടുണ്ട്. പക്ഷേ എങ്ങനെ പറ്റീന്നു മാത്രം മനസ്സിലാകണില്ല. നല്ല പരന്ന പാറപ്പൊറത്ത് മലർന്നു കെടക്കുവാരുന്നു.”
അതിനു മറുപടി മാത്യൂസിന്റെ വായിൽ വന്നതാണ്... പക്ഷേ അയാൾ അതൊരു പുഞ്ചിരിയിൽ ഒതുക്കി.
(തുടരും...)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo