Slider

ഒരു വേനൽ മഴയുടെ ഓർമ്മയ്ക്ക്

0


"ഹൈദരാബാദിലെ കൊടും ചൂടിൽ പെട്ടെന്ന് കനത്തു പെയ്ത വേനൽമഴ..ഓർമകളുടെ ആലിപ്പഴങ്ങൾ കണ്ണുകളിൽ പൊഴിച്ചു...കഥയല്ല.. വെറുമൊരു ഓർമ..
****************************
"അമ്മച്ചി.. ഇന്ന് മഴയത്തു ഞാൻ കുളിച്ചോട്ടെ?.. "
ഉച്ചകഴിഞ്ഞു, കാർമേഘം മൂടിക്കെട്ടുന്ന ആകാശത്തേക്ക് നോക്കി സോഫിയ അമ്മച്ചിയോടു അനുവാദം ചോദിച്ചു..
ദൂരെ നിന്നും.. പെയ്യുന്ന മഴയുടെ ഇരമ്പൽ കേട്ടു.. അടുക്കളയിൽ ജോലിയിലായിരുന്ന അമ്മച്ചി സാറാമ്മ പുറത്തേക്ക്, വന്നു.. മുറ്റത്തു നിന്നു നോക്കുമ്പോൾ ദൂരെ.. നീലമലകളെ പുണർന്നു.. മഞ്ഞു പോലെ മഴ പെയ്തിറങ്ങി വരുന്നതാണ്..
ഇതൊന്നും ശ്രദ്ധിക്കാതെ തിണ്ണയിലിരുന്ന്,ദീപിക പത്രത്തിന്റെ താളുകൾ കൊണ്ട് കടലാസ്സുവള്ളം ഉണ്ടാക്കുന്നു.. സോഫിയ.
"സോഫി.. കളിച്ചോണ്ടിരിക്കാതെ,ഷീറ്റും, തുണികളുമൊക്കെ എടുക്കെടീ.. ദേ മഴ പെയ്തിറങ്ങി വരുന്നു.. "
അമ്മച്ചിയും,സോഫിയും ഓടിനടന്നു, മുറ്റത്തു ഉണങ്ങാനിട്ട ഷീറ്റുകളും, ഒട്ടുപാലും, തുണികളുമൊക്കെ പെറുക്കാൻ തുടങ്ങി..
സാറാമ്മ അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു..
"എടാ ചെക്കന്മാരെ വന്നു സഹായിക്കെടാ.. ദേ.. മഴ പെയ്തിറങ്ങി വരുന്നു.. !"
ടി. വിയിൽ ഫുട്ബോൾ കാണുകയായിരുന്ന ടോണിയും, എബിയും ഓടിവന്നു.. സാധനങ്ങൾ എടുക്കാൻ സഹായിച്ചു..
തണുത്ത കാറ്റ് ആഞ്ഞടിച്ചു.
ആദ്യ വീശലിൽ തന്നെ കറന്റ്‌ പോയി..
"ശ്ശൊ..ഇന്നിനി കറന്റ്‌ വരത്തില്ല.. ."
പന്തുകളിയിൽ രസം പിടിച്ചിരുന്ന ചെറുക്കന്മാർ.. നിരാശ പ്രകടിപ്പിച്ചു..
കാറ്റിന്റെ ശക്തിയിൽ..
റബ്ബർ തോട്ടത്തിൽ നിന്നും കമ്പുകൾ ഒടിയുന്നതിന്റെയും, പരസ്പരം ഉരയുന്നതിന്റെയും ശബ്ദം കേട്ടു തുടങ്ങി.
കാറ്റത്തു പറന്നു വന്ന ഉണങ്ങിയ റബ്ബർ ഇലകൾ മുറ്റമാകെ പരന്നു..
പ്ലാവിന്റെ മുകളിൽ പഴുത്തു കിടന്ന കൂഴച്ചക്കപ്പഴങ്ങൾ വലിയ ശബ്ദത്തോടെ താഴോട്ട് വീണു..
താഴത്തെ പറമ്പിലെ നാട്ടുമാവിൽ നിന്നും പഴുത്ത മാമ്പഴങ്ങൾ പൊഴിയാൻ തുടങ്ങി...
എല്ലാവരും ദൂരെ മലയിൽ ഇരമ്പി പെയ്യുന്ന മഴയെ നോക്കി നിന്നു..
"കർത്താവെ.. ഇന്നേലും ഒന്ന് പെയ്താൽ മതിയായിരുന്നു,..!!"
വല്യമ്മച്ചി വരാന്തയിലേക്ക്‌ വന്ന്.. ദൂരെ മലനിരകളിൽ അതിരിട്ടു പെയ്യുന്ന വേനൽമഴയെ നോക്കി ആശയോടെ പറഞ്ഞു..
"എടാ ചെറുക്കൻമാരെ, നമുക്ക് ഇന്ന് മഴയത്തു കുളിക്കാം.. ഞാൻ കടലാസ്സു വള്ളം ഉണ്ടാക്കിയിട്ടുണ്ട്.. "
അകത്തു നിന്നും തലയിൽ എണ്ണയും തേച്ച്..എബിച്ചന്റെ ബനിയനും.. ട്രൗസറും ഇട്ട് മഴക്കുളിക്ക് തയ്യാറായി, സോപ്പും, തോർത്തുമായി മുൻവശത്തേക്ക് വന്ന സോഫി ഇളയ ആങ്ങളമാരോട് പറഞ്ഞു..
"ആഹാ.. നീ എന്നാ ഭാവിച്ചോണ്ടാ..?? അവളുടെ ഒരു വേഷം.. തല്ല് വാങ്ങും.. നാണമില്ലാത്ത പെണ്ണ്..
പത്തിരുപതു വയസ്സായ മുതുക്കി..
അപ്പൻ പള്ളിയിൽ നിന്നും മീറ്റിംഗ് കഴിഞ്ഞു ഇപ്പോൾ വരും.. അപ്പോൾ നിന്റെ കുളി കണ്ടാൽ എന്റെ പുറം പള്ളിപ്പുറമാക്കും.." അമ്മച്ചി ദേഷ്യപ്പെട്ടു..
"ഹ.. അവൾ കുളിക്കട്ടെടീ.. കെട്ടിച്ചു വിട്ടു കഴിഞ്ഞാൽ പിന്നേ അവൾക്കിതൊക്കെ പറ്റുമോ.?!ങ്‌ഹേ.."
വല്യമ്മച്ചി സോഫിക്ക് പിന്തുണ പ്രഖ്യാപിച്ചു..
"ഈ വല്യമ്മച്ചിയുടെ ഒരു കാര്യം.. "
സോഫി നാണിച്ചു കൊണ്ട് വല്യമ്മച്ചിയുടെ കുണുക്കിൽ വിരൽ കൊണ്ട് ചെറുതായി ഞൊട്ടി..
ടോണിയും, എബിച്ചനും തലയിൽ എണ്ണ പുരട്ടി.. തോർത്തു മുണ്ടുടുത്തു മഴക്കുളിക്ക് തയ്യാറായി വന്നു..
പക്ഷേ എല്ലാവരെയും നിരാശപ്പെടുത്തി കൊണ്ട് ദൂരെ മഴ പെയ്തു തോർന്നു..
"സ്നേഹം ഇല്ലാത്ത മഴ.. ഇന്നലെയും പറ്റിച്ചു.. ഹും.. "
സോഫി നിരാശയോടെ പറഞ്ഞു കൊണ്ട് അകത്തേക്ക് പോയി..
കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഹുങ്കാര ശബ്ദത്തോടെ കാറ്റും മഴയും തിമിർത്തു പെയ്യാൻ തുടങ്ങി.. മഴയ്‌ക്കൊപ്പം ചരൽ വാരിയെറിഞ്ഞ പോലെ ആലിപ്പഴം പൊഴിയാൻ തുടങ്ങി..
"അമ്മച്ചി ഞാനും കുളിച്ചോട്ടെ.. "സോഫി അമ്മച്ചിയോട് കെഞ്ചി..
"ശരി.. ശരി "
"റെഡി.. വൺ.. ടു.. ത്രീ.. "
മഴയത്തേക്ക് മൂന്നാളും എടുത്തു ചാടി..
വിശാലമായ മുറ്റം മുഴുവനും.. മഴവെള്ളം നിറഞ്ഞു.. മൂവരും
മുറ്റത്ത്‌ വീണ ആലിപ്പഴങ്ങൾ പെറുക്കി അമ്മച്ചിയുടെയും.. വല്യമ്മച്ചിയുടെയും കൈകളിൽ കൊടുത്തു..
മൂന്നാളുടെയും സന്തോഷം കണ്ടു ഇരുവരും ചിരിച്ചു കൊണ്ട് വരാന്തയിൽ നോക്കി നിന്നു..
"അമ്മച്ചി വാ.. മഴയത്തു പന്ത് കളിക്കാം.. വാ "
മക്കൾ സാറാമ്മയെ നിർബന്ധിച്ചു..
"ചെല്ലെടീ സാറെ.. അവൻ പള്ളി കഴിഞ്ഞു രാത്രിയാവും വരാൻ.. "
മക്കളോട് ഒപ്പം മഴയത്തു കളിച്ചു കുളിക്കാൻ.. ഉള്ള മോഹം മരുമകളുടെ കണ്ണിൽ കണ്ട് വല്യമ്മച്ചി മരുമകളെ പ്രോത്സാഹിപ്പിച്ചു..
"ആരേലും കാണും അമ്മച്ചി... "
"പോടീ പെണ്ണേ.. ഈ മഴയത്തു ആര് വരാനാ.. നമ്മുടെ വീട്.. നമ്മുടെ മുറ്റം."
സാറാമ്മ പതുക്കെ മഴയത്തിറങ്ങി.. മഴക്കുളിരിൽ തണുത്തു വിറച്ചു.. വേഗം വരാന്തയിലേക്ക് തിരികെ കയറി.. മക്കൾ അമ്മച്ചിയുടെ കൈ പിടിച്ചു വലിച്ചു മഴയത്തിറക്കി.. അപ്പോഴേക്കും
ടോണിച്ചൻ എടുത്തു കൊണ്ടു വന്ന പന്തുമായി നാലാളും കളിക്കാൻ തുടങ്ങി..
മരുമകളുടെയും, കൊച്ചുമക്കളുടെയും
കളി കണ്ടു കൊണ്ട് വല്യമ്മച്ചി സോഫി ഉണ്ടാക്കിയ കടലാസ്സുവള്ളങ്ങൾ ഓരോന്നായി ഇറയത്തൂടെ ഒഴുകുന്ന വെള്ളത്തിൽ ഇറക്കി...
****************************
"എന്റെ പൊന്ന്‌ കുര്യച്ചായോ.. ഇതെന്നാ മഴയാ.. ടൗണിൽ ഇറങ്ങിയപ്പോൾ മുതൽ തുടങ്ങിയതാ.. അച്ചായൻ കുട എടുത്തത് രക്ഷയായി.."
" എടാ.. ഉവ്വേ.. ഇത് മലയോരമാ.. അല്ലാതെ നിന്റെ അമേരിക്ക അല്ല.. ഇവിടെ എപ്പോൾ മഴ പെയ്യുമെന്നു പറയാൻ ആവത്തില്ല.. "
"എന്നാലും.. അച്ചായാ ഈ മഴയത്തു എങ്ങനാ അവരുടെ വീട്ടിൽ കയറി ചെല്ലുക..? !അലക്സ് അസ്വസ്ഥതയോടെ പറഞ്ഞു..
"ഹ.. അതൊന്നും സാരമില്ലടാ ഉവ്വേ.. നീയല്ലേ പറഞ്ഞത്.. പെണ്ണുകാണാൻ ചെല്ലുന്നത് അപ്രതീക്ഷിതമായിട്ടാവണമെന്ന് ..??."
"അതുശരിയാ അച്ചായാ.. പെണ്ണിന്റെ ഫോട്ടോ കണ്ടു എനിക്ക് ഇഷ്ടമായി..
എന്നാലും ഇങ്ങനെ പറയാതെ
ചെല്ലുമ്പോൾ.. വളരെ നാച്ചുറൽ ആയി കാണാമല്ലോ.. അല്ലേൽ മുഖത്ത് ഉള്ള മേക്കപ്പും ഇട്ട്.. നിൽക്കും... ശരിയാവത്തില്ല.. "
"ഹ.. ഇത് അങ്ങനത്തെ പെണ്ണല്ല...കൊച്ചനെ..
എന്റെ സ്വന്തക്കാരി ആയതു കൊണ്ട് പറയുന്നതല്ല..
സോഫിയ.. ശോശന്ന പൂ പോലെ ശാലീന സുന്ദരി.. മുട്ടോളമെത്തുന്ന മുടി.. നടന്നാൽ ഭൂമി പോലും അറിയില്ല..ഇത്രേം അടക്കവും ഒതുക്കവും ഉള്ള ഒരു പെൺകൊച്ച്..
ഈ ഇടവകയിൽ ഇല്ല..ഒക്കെ അവളുടെ അമ്മച്ചി സാറാമ്മയെ കണ്ടു പഠിച്ചതാ.."
"ഉവ്വ.. അതൊക്കെ നേരിട്ട് കാണുമ്പൊൾ പറയാം .."
"നമ്മൾ വരുന്ന കാര്യം വർക്കിച്ചനോട് സൂചിപ്പിച്ചിട്ടുണ്ട്.. പക്ഷേ എന്നാണ് എന്ന് പറഞ്ഞിട്ടില്ല.. "
"ഇനിയും ഒരുപാട് ദൂരമുണ്ടോ.?!"
"ങ്ഹാ..ദേ വീടെത്തിയല്ലോ..!"
ഇരുവരും ഒതുക്കുകല്ലുകൾ ചവിട്ടി മുകളിലേക്ക് കയറി ചെല്ലുമ്പോൾ..
ആർത്തലച്ചു പെയ്യുന്ന മഴയെ തോൽപ്പിക്കുന്ന ബഹളവുമായി ചട്ടയും മുണ്ടുമുടുത്ത അമ്മച്ചിയും.. മൂന്ന് മക്കളും കൂടി പന്തു കളിക്കുന്നു.. വല്യമ്മച്ചി.. വരാന്തയിൽ കാല് നീട്ടി ഇരുന്ന് കടലാസ്സുവള്ളങ്ങൾ നീറ്റിലിറക്കുന്നു..
ചമ്മലോടെ കുര്യച്ചൻ അലക്സിന്റെ മുഖത്തേക്ക് നോക്കി..
മക്കളെ വെട്ടിച്ചു, ഗോൾപോസ്റ്റിലേക്ക് പന്ത് നീട്ടിത്തൊഴിക്കുമ്പോൾ ആണ് മുറ്റത്തു നിൽക്കുന്ന ആളുകളെ സാറാമ്മ കണ്ടത്..
ആകെ നാണിച്ചു, ജാള്യതയോടെ വീടിന്റെ പിൻവശത്തേക്ക് ഓടിയ സാറാമ്മ.. ചെളിയിൽ വഴുതി വീണു..
"അമ്മച്ചി.. "
വീണു കിടക്കുന്ന
അമ്മച്ചിയുടെ അരികിലേക്ക് ഓടിയ സോഫിക്കൊപ്പം, കുട ഉപേക്ഷിച്ചു.. അലെക്സും ഓടിയെത്തി..
അമ്മച്ചിയെ പിടിച്ചെഴുന്നേൽപ്പിക്കാൻ...കുനിഞ്ഞ . സോഫിയുടെയും, അലക്സിന്റെയും തലകൾ അറിയാതെ കൂട്ടിമുട്ടി..
ഇരുവരും പരസ്പരം നോക്കി..
മഴയത്തു കുതിർന്നു.. തികച്ചും നാച്ചുറൽ ആയി നിൽക്കുന്ന സോഫിയെ കണ്ടു..
അലക്സിന്റെ കണ്ണുകളിൽ.. . അനുരാഗത്തിന്റെ ആലിപ്പഴങ്ങൾ പൊഴിഞ്ഞു.. അതിന്റെ തണുപ്പേറ്റ് സോഫിയുടെ കവിളുകൾ ചുമന്നു..
ഇതൊന്നുമറിയാതെ മഴ വീണ്ടും പെയ്തു കൊണ്ടിരുന്നു.. ഭൂമിയെ ചുംബിച്ചു മതിയാകാതെ..
***************************

By: Deepa K
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo