Slider

സൗഹൃദം.

0
സൗഹൃദം.
കൊതിപ്പിച്ചു കൂടെക്കൂട്ടുന്ന
നിന്റെ വികൃതിയിൽ,
കൈയെത്തിക്കും നേരം വഴുതിപ്പോകുന്ന
മെയ് വഴക്കങ്ങളിൽ,
ഉള്ളിലെ നിന്നെ ഉണർത്താൻ തുടങ്ങും നേരം
മതിയെന്നു പറഞ്ഞ് തിരിച്ചു പോകുമ്പോൾ
ഒരു പൂരിപ്പിക്കാനാവാത്ത
സമസ്യയുമായ് ഞാൻ.
ഞാനാരാണ്..?
ആരുമല്ലാത്തൊരാൾ.
എന്നിൽ നിനക്ക് പ്രതീക്ഷിക്കാനോ
മോഹം പകരുവാനോ ഒന്നുമില്ല.
എന്നും എവിടെയും ഒന്നുമാകാത്ത ഒരാൾ.
കവിയോ, കഥാകൃത്തോ, ചിത്രകാരനോ,
ഗായകനോ അല്ലാത്ത സാധാരണക്കാരൻ.
സ്വയം ഏറ്റിവെച്ച ഭാരങ്ങൾ ഏറെയുണ്ട്
ഇറക്കി വെച്ചാശ്വസിക്കാൻ
അത്താണികൾ തിരയാറില്ല.
ഒരു വാശിയോടെ കൂടെ കൂട്ടുന്ന തിരക്കുകൾക്കുള്ളിൽ
എന്നെ മറന്നു പോകണം എനിക്ക്
ഇല്ലെങ്കിൽ ഒരു പക്ഷെ ഞാനില്ലാതാവും.
അവിടെയാണ് നീ
കൊഞ്ചും പാദസ്വരങ്ങളിൽ
മറഞ്ഞിരുന്ന് മോഹിപ്പിക്കുന്നത്.
സുഗന്ധമായ് തഴുകി
കാറ്റിനൊപ്പം മറയുന്നത്.
ചിലപ്പോഴൊക്കെ പുണരാൻ ശ്രമിച്ച്
നിഴലാന്നെന്നറിഞ്ഞ് നിരാശയോടെ..
അമിത പ്രതീക്ഷകളിൽ
അമൃതു തെളിക്കാനാവില്ല
സ്വയം എരിഞ്ഞടങ്ങുന്നവന്റെ
അൽപ്പായുസ്സിന്.
ഒരു നാൾ വിടപറയുമ്പോൾ
ശാപങ്ങളാകരുത് ശാന്തിമന്ത്രം.
ഒരു മാരീചനായ് നീ എനിക്കു മുമ്പേ ഓടുക.
ഒരിക്കൽ നിന്നെ തൊട്ട്
ആത്മ മോക്ഷത്തിന്റെ നിർവൃതിയുമായ്,
മറുകര തേടട്ടെ..
ബാബു തുയ്യം.
2 / 04/18.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo