നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എൻെറ ആദ്യ ബൈക്ക് യാത്ര..

എൻെറ ആദ്യ ബൈക്ക് യാത്ര..
വിവാഹം കഴിഞ്ഞു രണ്ടാം ദിവസം ഉച്ചയൂണും കഴിഞ്ഞു എന്നെയും കൂട്ടി ഏട്ടൻ മുറിയിൽ കയറി കതകടച്ചു.പത്തു മിനിറ്റ് കഴിഞ്ഞില്ല. വാതിലിൽ മുട്ടുകേട്ടു.
"എടാ. മോനേ..വാതിലു തുറന്നേ"അമ്മയുടെ ശബ്ദം. ഞാൻ പെട്ടെന്ന് ഏട്ടനിൽ നിന്നും പിടഞ്ഞകന്നു.
"എന്താമ്മേ"ദേഷ്യത്തോടെ ആയിരുന്നു എങ്കിലും ഏട്ടൻ ശബ്ദത്തിൽ സൗമ്യതവരുത്തിയാണ് ചോദിച്ചത്.
"ടാ അവള്ടെ അച്ഛൻ വന്നിരിക്കുന്നു.. വാതില് തുറന്നേ"ഇത് കേട്ടതും 'ഹായ് ഇൻ്റെ അച്ഛൻ'എന്നും പറഞ്ഞു ഞാൻ കട്ടിലിൽ നിന്നും ചാടിയിറങ്ങി.ഏട്ടനെ നോക്കി.
ഏട്ടൻ ദേഷ്യത്തോടെ എന്നെ നോക്കിപറഞ്ഞു"നിൻ്റച്ഛന് വരാൻ കണ്ട സമയം"
" ദേ..ൻ്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ"ഞാൻ കണ്ണുരുട്ടി.
"സോറി പൊന്നേ.."ഏട്ടൻ എൻെറ നേരെ കൈകൂപ്പി കൊണ്ട് ചെന്ന് വാതിൽ തുറന്നു.
ഏട്ടൻ്റെ മുഖം കണ്ടതും അമ്മയുടെ പുരികം വില്ലുപോലെ വളഞ്ഞു."ഇങ്ങനാണോടാ നീ ഉമ്മറത്തേക്ക് വരണേ"
"എന്താമ്മേ"ഏട്ടൻ നിഷ്കളങ്കനായി ചോദിച്ചു.
"മുഖമൊക്കെ തുടച്ചിട്ട് വാടാ"
ഞാൻ ഏട്ടൻ്റെ മുഖത്തേക്ക് നോക്കി. ഇച്ചിരി കറുമ്പനാണെങ്കിലും ഏഴഴകുള്ള ഏട്ടൻ എൻെറ സീമന്തരേഖയിലെയും,നെറ്റിയിലേയും,സിന്ദൂരത്താൽ..ചുവന്ന് തുടുത്തങ്ങനെ നിൽക്കുന്നു. ഞാൻ അമ്മയെ ഒന്ന് നോക്കി 'ഞാൻ നിരപരാധിയാട്ടൊ'എന്ന് മനസിൽ പറഞ്ഞ് പതിയെ മുഖം കുനിച്ചു കളഞ്ഞു. അമ്മ പോയതും ഏട്ടൻ എന്നെ നോക്കി കണ്ണിറുക്കി.
ഞാൻ വേഗം ആ നെറ്റിയിലും,താടിയിയിലും ഒക്കെയുള്ള കുങ്കുമം തുടച്ചു കൊടുത്തു.
ഏട്ടൻ്റെ പിന്നിലായി നടന്നിരുന്ന ഞാൻ കോലായിൽ ഏട്ടൻ്റെ അച്ഛനോട് സംസാരിച്ചിരിക്കുന്ന അച്ഛനെ കണ്ടതും"അച്ഛാ'എന്ന് വിളിച്ചു ഓടി ചെന്നു. ഞാൻ ആ പഴയ പാവാടകാരിയായപൊലെ തോന്നി എനിക്ക്. അച്ഛൻ നിറഞ്ഞ മനസ്സോടെ എന്നെ നോക്കി ചിരിച്ചു.
"അമ്മയെ എന്താ കൂട്ടാത്തേ"ഞാൻ ആ കൈയിൽ പിടിച്ചു ചോദിച്ചു.
"ഞാൻ നിങ്ങളെ അങ്ങോട്ട് ക്ഷണിക്കാനായി വന്നതാ മോളേ"നാളെ രണ്ടാളൂടെ അങ്ങ് പോരൂ..അപ്പോ അമ്മേ കാണാലോ"അച്ഛൻ പറഞ്ഞു.
വിശേഷങ്ങൾ പറയലും,ചായകുടിയും കഴിഞ്ഞു 'നാളെ രണ്ടാളേയും അങ്ങയച്ചേക്കണേ'എന്ന് അച്ഛനോടും,അമ്മയോടും ഒന്നൂടെ ഓർമ്മിപ്പിച്ച് അച്ഛൻ ഇറങ്ങി.
ഞാനും, ഏട്ടനും റോഡുവരെ അച്ഛനെ അനുഗമിച്ചു.അച്ഛൻ ഓട്ടോയിൽ കയറിയതും ഞങ്ങൾ കൈവീശികാണിച്ചു.
ഞാൻ ആകെ സന്തോഷത്തിലായിരുന്നു.നാളെ വീട്ടിലേക്ക് പോവുമ്പോൾ ഏട്ടനോടൊത്ത് ബൈക്കിൽ പോവാം,ഇതുവരെ ബൈക്കിൽ കയറിയിട്ടില്ല.രാവിലെ അമ്പലത്തിൽ പോവുമ്പോ ബൈക്കിൽ കയറാമെന്ന് കരുതിയിരുന്നു.അതിനായി വേഗം കുളിച്ചു സെറ്റുമുണ്ടുടുത്ത് ഒരുങ്ങി ഇറങ്ങി വണ്ടിക്കരികിലെത്തി.പക്ഷെ ഏട്ടൻ പറഞ്ഞത്"അമ്പലം ഇവിടടുത്താ..ദാ ഇവിടിറങ്ങി ആവയൽ വരമ്പിലൂടെ ഇത്തിരി നടന്നാമതി...നമുക്ക് സംസാരിച്ചങ്ങനെ നടക്കാന്നേ"
അച്ഛനും, അമ്മയും ഞങ്ങൾ ഇറങ്ങുന്നതും നോക്കി നിൽക്കുന്നു. അതിനാൽ മുഖം വീർപ്പിക്കാനോ,പിണക്കം നടിക്കാനോ ഒന്നും എനിക്കായില്ല.ഞാൻ ക്ഷമയോടെ ,പുഞ്ചിരിയോടെ തലയാട്ടി. നിരാശയോടെ ഞാൻ നോക്കി'മുറ്റത്തെ ചുമരിനോട് ചേർന്ന് സൈഡ് സ്റ്റാൻഡിൻമേൽ തൻ്റെ എല്ലാ ഭാരവും കൊടുത്തു അൽപം ചരിഞ്ഞ് തലയെടുപ്പോടെ നിൽക്കുന്ന ആ ചുമന്ന 'പാഷൻ പ്ലസ്'.ഞാൻ കൊതിയോടെ ഒന്നുകൂടി നോക്കിയിട്ടാണ് ഏട്ടനോടൊപ്പം നടന്നത്.
ഞാൻ ചെന്ന് പാഷൻ പ്ലസിനെ ഒന്ന് തലോടികൊണ്ട് ചോദിച്ചു"നാളെ നമ്മൾ ഇതിലാണോ ഏട്ടാ പോവാ"
"പിന്നല്ലാതെ...നിനക്കെന്താ പേടിയുണ്ടോ'
"ഉം..ഉം"ഞാൻ ചുമലുയർത്തി കണ്ണുകൾ അടച്ചു കാണിച്ചു ഇല്ലെന്നറിയിച്ചു.
ഞാൻ ഫോണിനടുത്തേക്ക് നടന്നു. റിസീവർ എടുത്തു ചെവിയിൽ വച്ചു. വീട്ടിലേക്കുള്ള നമ്പർ അമർത്തി.
"ഹലോ"
"ആ..ഹലോ..ചേച്ചീ"അങ്ങേ തലക്കൽ അനിയത്തിയാണ്.
"ടീ നാളെ അവിടെ എല്ലാവരും ണ്ടാവൊ"
"പിന്നെ എല്ലാരും തറവാട്ടിലുണ്ട് ,ചേച്ചി വരാനായി കാത്തിരിക്കാ എല്ലാരും"
"പിന്നേ...ഞങ്ങൾ നാളെ ബൈക്കിലാ വരുന്നേ .'"ഞാൻ സന്തോഷത്തിൽ പറഞ്ഞു.
"അമ്പോ...ആണോ.ഞാൻ വിചാരിച്ചു വിമാനത്തിലാരികുംന്ന്"അതും പറഞ്ഞവൾ ചിരിച്ചു.
"പോടീ...കുശുമ്പീ"
"കുശുമ്പൊന്നും അല്ലെൻ്റെ പൊന്നേച്ചീ...രണ്ടാളും നല്ലോണം ഇങ്ങെത്തിയാമതി"അവളുടെ ക്ഷമാപണം കേട്ട് ഞാനും ചിരിച്ചു
"ഓക്കേ..എന്നാ നാളെ കാണാട്ടൊ"എന്നും പറഞ്ഞു ഞങ്ങൾ ഫോൺ വെച്ചു.
പിറ്റേന്ന് വേഗം കുളിച്ചൊരുങ്ങി ,ചായകുടിയൊക്കെ കഴിഞ്ഞ് ആദ്യം ബൈക്കിനടത്തെത്തിയത് ഞാൻ. എൻ്റെ ഓട്ടവും,തുള്ളികളിയും കണ്ടിട്ടാവണം അമ്മ എന്നെയൊന്ന് സൂക്ഷിച്ചു നോക്കിയത്.'ഇതിന് വേറെ വല്ല കുഴപ്പവും ഉണ്ടോ ഭഗവാനേ'എന്നെങ്ങാനുമാണോ..ആനോട്ടത്തിൻ്റെ അർത്ഥം എന്ന് ശങ്കിച്ച് ഞാൻ സാരിയൊക്കെ ഒതുക്കി പിടിച്ചു വളരെ വിനയത്തോടെ നിന്നു.
അമ്മ വന്ന് എൻെറ കഴുത്തിലെ ചെയിനൊക്കെ നേരെയാക്കി സാരിയുടെ ഞൊറിവൊക്കെ നേരെയാക്കികൊണ്ടിരിക്കെ ഏട്ടൻ വണ്ടി സ്റ്റാർട്ടാക്കി.ആ ശബ്ദം കേട്ടതും എൻെറ നെഞ്ചിടിപ്പ് കൂടി.
"വാ കയറ്"ഏട്ടൻ്റെ ശബ്ദം കേട്ടതും ഞാൻ ഓടി ഒറ്റചാട്ടത്തിന് തന്നെ ഒരുവശം ചെരിഞ്ഞ് ഇരുന്നു. കൈകൊണ്ട് ഏട്ടൻ്റെ തോളിൽ പിടിച്ചു. അമ്മ രണ്ട് കവർ നിറയെ പലഹാരങ്ങൾ എൻെറ കൈയിൽ തന്നു.
"ശ്രദ്ധിച്ചു പോണം കേട്ടോടാ"അച്ഛൻ പറഞ്ഞു. അച്ഛനും അമ്മക്കും നേരെ ഞാൻ കൈവീശികാണിച്ചു.റോഡിലേക്ക്കടന്നതും.ഏട്ടൻ്റെ തോളിലിരുന്ന എൻെറ കൈ പതിയെ ഇറക്കി ഞാൻ ആ വയറ്റിൽ ചുറ്റി പിടിച്ചു. ആരൊക്കെയോ ഞങ്ങളെ നോക്കി പുഞ്ചിരി തൂകി.പുതിയപെണ്ണും,ചെക്കനുമല്ലേ.ഏട്ടൻ ചിരിക്കുന്നവരോടെല്ലാം ഞാനും പുഞ്ചിരിച്ചു തലയാട്ടി.
എനിക്ക് ഭയങ്കര സന്തോഷം തോന്നി. വണ്ടിയുടെ സ്പീഡ് കൂടുന്നതനുസരിച്ച് ഞാൻ ഏട്ടനെ മുറുകെ പിടിച്ചു. പിന്നെ പിന്നെ പേടിയൊന്നും തോന്നിയില്ല.
അരമണിക്കൂർ നേരത്തെ യാത്ര ക്കൊടുവിൽ ഞങ്ങളെയും കൊണ്ട് വണ്ടി എൻെറ വീടിൻ്റെ മുറ്റത്തെത്തി നിന്നു.
വണ്ടിയുടെ ശബ്ദം കേട്ടതും എല്ലാവരും ഉമ്മറത്തെത്തി.അച്ഛൻ, അമ്മ, അമ്മമ്മ,ചെറിയമ്മ,ഇളയച്ഛൻ,അനിയത്തിമാർ.അങ്ങനെ എല്ലാവരും....നിറഞ്ഞ സന്തോഷം മാത്രം അവരുടെ മുഖത്ത്.
ഞാൻ കവറുകളുമായി വണ്ടിയിൽനിന്നിറങ്ങി.എനിക്കെന്തോ ആകാശത്ത് നിന്നെങ്ങാൻ ഇറങ്ങിയ പോലെ.കാലിനൊരു വിറയൽ.ഏട്ടൻ വണ്ടി സ്റ്റാൻഡിലാക്കി നടന്നു കോലായിൽ കയറി.ഞാൻ നിന്നിടത്ത് തന്നെ.
ഞാൻ വലതുകാൽ ഉയർത്തി മുന്നോട്ട് വെച്ചു.വായുവിൽ നടക്കുന്ന പോലെ .നടക്കാനാവുന്നില്ല.
"എന്താ മോളേ..നീയിങ്ങ് വന്നേ"അമ്മക്ക് എന്നെ അടുത്ത് കാണാൻ കൊതിയായി വിളിക്കുന്നു.എനിക്കാണേൽ നടക്കാനാവുന്നില്ല .പെട്ടെന്ന് ഞാൻ കവറുകൾ നിലത്തിട്ട് വേച്ച് വേച്ച് നിലത്ത് ഒറ്റ ഇരുത്തം.
അത് കണ്ട് എല്ലാവരുംഓടിവന്നു"എന്താ എന്തുപറ്റീ"
എൻെറ ഒരുകൈ അച്ഛൻ്റെ കൈയിൽ.. ഒരുകൈ ഏട്ടനും പിടിച്ചിരിക്കുന്നു. "വാ എണീക്ക്"എല്ലാവർക്കും പരിഭ്രമം.
എനിക്കാകെ ചമ്മൽ ഞാൻ പെട്ടെന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു"നിക്ക് നടക്കാനാവുന്നില്യാ...കാല് എന്തോ..ആയപോലെ"
ഇത് കേട്ടതും"അയ്യോ ഇൻ്റെ മോൾക്ക് എന്താ പറ്റിയത്"എന്നും പറഞ്ഞു അമ്മയും,അമ്മമ്മയും കരച്ചിൽ തുടങ്ങി.
പെട്ടെന്ന് ഇളയച്ഛൻ പറഞ്ഞു"ഒന്നു മിണ്ടാതെ ഇരിക്കുന്നുണ്ടോ..അവക്കൊരു കുഴപ്പോം ല്യാ.ആദ്യമായി ബൈക്കിൽ കയറിയതിൻ്റേയാവും"
എല്ലാവരും എൻെറ മുഖത്തേക്ക് ഉറ്റുനോക്കി നിൽക്കുന്നു."ആണോ"
എല്ലാവരും ചോദിച്ചു.
"ആണെന്ന് തോന്നുന്നു"ഞാൻ മുഖം താഴ്ത്തി പറഞ്ഞു പതിയെ എഴുന്നേറ്റു. മെല്ലെ നടന്നു കോലായിൽ കയറി."ഇപ്പൊ ഒരുകുഴപ്പോം ല്യാ.."ഞാൻ ചിരിയോടെ പറഞ്ഞതും എല്ലാവരും മുറ്റത്ത് നിന്ന് എന്നെ നോക്കി ചിരിക്കുന്നു.
എല്ലാവർക്കും ഒപ്പം അകത്തേക്ക് നടക്കുമ്പോൾ ഞാൻ ഞങ്ങളുടെ വണ്ടിയെ ഒന്ന് നോക്കി.. അതങ്ങനെ തൻെറ ഭാരംമുഴുവൻ സൈഡ് സ്റ്റാൻഡിന് നൽകി അൽപം ചെരിഞ്ഞ് തലയെടുപ്പോടെ നിൽക്കുന്നു..

Leeba Biju

1 comment:

  1. നന്നയിട്ടുണ്ട്.ഇങ്ങനെയും അനുഭവങ്ങൾ ഉണ്ടല്ലേ....

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot