Slider

ചില എഞ്ചിനീയറിംഗ് ചിരിയോര്‍മ്മകള്‍

0
ചില എഞ്ചിനീയറിംഗ് ചിരിയോര്‍മ്മകള്‍
====================
ഓര്‍മ്മകളില്‍ ചിരിയും ഒപ്പം സന്തോഷവും നിറയ്ക്കുന്നതില്‍ ജീവിതത്തിലെ ഏതു സന്ദര്‍ഭമായിരിക്കും മുന്നില്‍ നില്‍ക്കുക?എനിക്ക് തോന്നുന്നത് അത് കോളേജ് കാലമാണ്.അതാണ്‌ ജീവിതത്തിലെ വസന്തകാലം.(വേറെയും വസന്തകാലങ്ങള്‍ ഉള്ളവര്‍ ക്ഷമിക്കുക 😊) ചിരിയുടെയും സന്തോഷത്തിന്റെയും പ്രണയത്തിന്റെയും ആ വസന്തത്തില്‍ ഒരുപാട് മുഖങ്ങള്‍ ചുണ്ടില്‍ പുഞ്ചിരി സൃഷിക്കുമെങ്കിലും ആദ്യം ഓര്‍മ്മവരുന്ന മുഖം സോമന്‍ സാറിന്റെയാണ്.
കോളേജ് പഠനം കഴിഞ്ഞിട്ട് വര്‍ഷങ്ങളായിട്ടും സോമന്‍സാറിന്റെ പൂക്കള്‍ വാരിവിതറിയ ഷര്‍ട്ടും ,കുടവയറും കപ്പടാ മീശയും,സോഡാഗ്ലാസും മനസ്സില്‍നിന്നും മായുന്നില്ല.സാറിന്റെ സാന്നിധ്യം കുട്ടികള്‍ തിരിച്ചറിഞ്ഞിരുന്നത് ആ കുടവയര്‍ കൊണ്ടാണ്.ഇടക്ക് സ്റ്റാഫ്റൂമിന്റെ വാതില്‍ക്കല്‍ സോമന്‍ സാര്‍ നില്‍ക്കും.വരാന്തയുടെ അങ്ങേയറ്റത്തു നിന്ന് കുട്ടികള്‍ നോക്കുമ്പോള്‍ ഒരു പാരബോളയുടെ ഷേപ്പില്‍ വയര്‍ തള്ളിനില്‍ക്കുന്നത് കാണാം.പൂക്കള്‍ വിതറിയ ഷര്‍ട്ടുകള്‍ സാറിന്റെ വീക്ക്നെസ് ആയിരുന്നത് കൊണ്ട് പലപ്പോഴും ആ” റ” ഷേപ്പിന് പൂക്കളുടെ ഡിസൈന്‍ ഉണ്ടാകും.
സോമശേഖരന്‍ എന്ന ഗാംഭിര്യം മുറ്റിനില്‍ക്കുന്ന കൊമ്പന്‍ പേരുണ്ടെങ്കിലും ഞങ്ങള്‍ കുട്ടികള്‍ അദ്ദേഹത്തെ സോമന്‍ എന്ന് രഹസ്യമായി വിളിച്ചുപോന്നു.സാറുമ്മാര്‍ക്ക് ഇരട്ടപ്പേരിടുന്ന വൃത്തികെട്ട പരിപാടി ഞങ്ങളുടെ ബാച്ചിനില്ലായിരുന്നു.അവര്‍ക്ക് അര്‍ഹമായ ബഹുമാനം നല്‍കി അവരുടെ തന്നെ പേര് ലോപിച്ചു ഞങ്ങള്‍ അവരെ അഭിസംബോധന ചെയ്യാറായിരുന്നു പതിവ്.ഉദാഹരണത്തിനു സാര്‍ വരാന്‍ ലേറ്റ് ആയാല്‍ “ഫസ്റ്റ് അവര്‍ സോമനാ കണ്ടില്ലല്ലോ,ആരെങ്കിലും വിളിച്ചു കൊണ്ട് വരൂ.”..അല്ലെങ്കില്‍ സാര്‍ വരാന്തയിലൂടെ നടന്നു പോകുന്നത് കണ്ടാല്‍”ദേ സോമന്‍ വരുന്നുണ്ട് ,ഇങ്ങോട്ടാണോ ആവോ ..” എന്നൊക്കെ ആയിരിക്കും പറയുന്നത്.ഇതൊക്കെയാണെങ്കിലും ആദ്യവര്‍ഷം “മണ്ടിപ്പെണ്ണ് “എന്ന ഇരട്ടപ്പേര് സോമന്‍സാറിനു വീണതാണ്.ബട്ട് അണ്‍ഫോര്‍ച്ചുനേറ്റ്ലി അത് കാലത്തെ അതിജീവിച്ചില്ല.”സോമന്‍”തന്നെ വിജയിച്ചു.ഇനി മണ്ടിപ്പെണ്ണിന്റെ ചരിത്രം പറയാം.
പുതിയ കോളേജ് കെട്ടിടത്തിന്റെ പണി നടക്കുന്ന സമയം.കെട്ടിടത്തിന്റെ പുറകില്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഉപയോഗിക്കാനായി ഒരു താത്കാലിക കോമണ്‍ടാപ്പ് ഉണ്ടാക്കിയിട്ടുണ്ട്.ഒരു നൂണ്‍ ഇന്റര്‍വെല്‍ ടൈം .പൊരിവെയില്‍. ആ വെയിലത്ത്‌ കൈകഴുകാന്‍ ഏറെനേരം കാത്തുനില്‍ക്കുക ആര്‍ക്കും ഇഷ്ടമുള്ള കാര്യമില്ല.എങ്കിലും പരിമിതമായ സൗകര്യത്തില്‍ എല്ലാവരും അട്ജ്സ്റ്റ് ചെയ്യുന്നു.പൈപ്പിന്റെ മുന്‍പില്‍ നല്ല തിരക്കുണ്ട്‌.ഇപ്പോള്‍ നിങ്ങള്‍ കാണുന്ന തിരക്കിന്റെ ഇടയില്‍ കറുത്ത ബനിയനും (ആ ബനിയന്റെ നെഞ്ചില്‍ ചുവന്ന തലയോട്ടി ചിഹ്നവും)ഊരി പോകാറായ ജീന്‍സും ധരിച്ചുനില്‍ക്കുന്നവന്റെ പേരാണ് വിനോദ്.ആസ്ഥാന ഉഴപ്പന്‍ പദവിക്ക് വേണ്ടി മത്സരിക്കുന്നവരില്‍ ഇപ്പോള്‍ അവനാണ് മുന്‍പില്‍.മിമിക്ക്രി വിനോദിന്റെ ഒരു വീക്നെസ്സാണ്.
വിനോദ് നോക്കുമ്പോള്‍ മുന്‍പില്‍ നില്‍ക്കുന്നയാള്‍ കൈ കഴുകാന്‍ തുടങ്ങിയിട്ട് കുറെ നേരമായി.വിശദമായ വാഷിംഗ്.വിനോദിന്റെ ക്ഷമ നശിച്ചു. ഏതെങ്കിലും ജൂണിയര്‍ പിള്ളേര്‍ ആയിരിക്കും എന്ന് കരുതിയ അവനു ദേഷ്യം വന്നു.ദേഷ്യം വരുമ്പോള്‍ വിനോദ് ,നസീര്‍ ആയിമാറും.മുന്‍പില്‍നില്‍ക്കുന്ന പയ്യന്റെ ചന്തിയില്‍ ഒറ്റയടി കൊടുത്തിട്ട് നിത്യഹരിതനായകന്‍ വിനോദ് പറഞ്ഞു.
“മണ്ടിപ്പെണ്ണേ,അങ്ങോട്ട്‌ മാറിനില്‍ക്കടി..ഇനി ചാച്ചന്‍ കഴുകട്ടെ.”
മുന്‍പില്‍ നിന്ന “മണ്ടിപ്പെണ്ണ്” സോറി പയ്യന്‍ അടികൊണ്ട് തിരിഞ്ഞുനോക്കി. ആ മുഖം കണ്ടപ്പോള്‍ വിനോദ് ഞെട്ടി .
സോമന്‍!
ആ സംഭവത്തോടെയാണ് മണ്ടിപ്പെണ്ണ് എന്ന പേര് സാറിനു വീണത്‌.
സോമന്‍സാറിന്റെ ഏറ്റവും വലിയ പ്രത്യേകത അധ്യാപനമായിരുന്നു.അതിനോടുള്ള ആത്മാര്‍ത്ഥതയില്‍ സാറിനെ വെല്ലുന്ന ആരെയും കോളേജ് ജീവിതത്തില്‍ ഞങ്ങള്‍ കണ്ടിട്ടില്ല.ആദ്യവര്‍ഷം “സി “എന്ന കംബ്യൂട്ടര്‍ ഭാഷയാണ് സാറ് ഞങ്ങളെ പഠിപ്പിച്ചത്.ആകെ അഞ്ചു മോഡ്യൂള്‍ ആയിരുന്നു സിലബസില്‍ ഉണ്ടായിരുന്നത് .ബുദ്ധിമാനായ സാര്‍ ആദ്യത്തെ രണ്ടു മോഡ്യൂള്‍ ഞങ്ങള്‍ക്ക് അസൈന്‍മെന്റ് തന്നു.അടുത്ത രണ്ടു മോഡ്യൂള്‍ സെമിനാര്‍ എടുക്കാനും വിഭജിച്ചു തന്നു.
“സെമിനാര്‍ ഒക്കെ എടുക്കുമ്പോ നിങ്ങള്‍ടെ കമ്മ്യൂണിക്കേഷന്‍ സ്കില്ല് കൂടും.” ഞങ്ങളുടെ ഭാവിയില്‍ തത്പരനായ സാര്‍ പറഞ്ഞു.
അങ്ങിനെ നാല് മോഡ്യൂള്‍ തീരുമാനമായി.എന്നിട്ടും അവസാനത്തെ മോഡ്യൂള്‍ ബാക്കിയായി.”ഫയല്‍സ് “ എന്ന സംഗതിയാണ് അവസാന മോഡ്യൂളില്‍ ഉള്ളത്.പഠിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള പോര്‍ഷനാണ് ഈ ഫയല്‍സ് .ഫയല്‍സ് ,സി യിലെ “ പൈല്‍സായി” മാറുമോ എന്ന ചിന്ത ഞങ്ങളെ ആകുലരാക്കി.ഒരു മോഡ്യൂള്‍ എങ്കിലും സോമേട്ടന്‍ പഠിപ്പിക്കും എന്ന് ഞങള്‍ പ്രതീക്ഷിച്ചു.അടുത്ത ദിവസം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ “സി “യിലെ പഴയ ചോദ്യപേപ്പറുകളുമായി സോമന്‍സാര്‍ ക്ലാസില്‍ അവതരിച്ചു.ചോദ്യപേപ്പറുകള്‍ ടേബിളില്‍ വച്ചു സോമന്‍ സാര്‍ സേതുരാമയ്യര്‍ ഉലാത്തുന്നത്‌ പോലെ ക്ലാസിന്റെ മുന്‍പിലൂടെ അങ്ങോട്ടുമിങ്ങോട്ടും കൈ പുറകില്‍കെട്ടി ഉലാത്തി.സാര്‍ പഠിപ്പിക്കാന്‍ പഴയ ചോദ്യപേപ്പറുകളുമായി വന്നതാണ്‌ എന്ന് കരുതി മുന്‍ബഞ്ചിലെ ബുജികള്‍ പേനയുടെ ക്യാപ്പ് ഊരി നോട്ട് എഴുതാന്‍ തയ്യാറായി.മിഡില്‍ബഞ്ചുകാര്‍ ബുജികള്‍ എഴുതിയ മറ്റ് വിഷയങ്ങളുടെ അസൈന്‍മെന്റ് സര്‍ കാണാതെ കോപ്പിയടിക്കാന്‍ എടുത്തുവച്ചു.ബാക്കിയുള്ള അവസാനബഞ്ചിലെ നിഷ്കളങ്കര്‍ ഉറങ്ങാന്‍തുടങ്ങി.
“യൂ നോ വണ്‍ തിംഗ്.ഞാന്‍ പഴയ കുറെ വര്‍ഷങ്ങളിലെ യൂണിവേഴ്സിറ്റി ക്വസ്റ്റ്യന്‍സ് അനലൈസ് ചെയ്തു.അപ്പോള്‍ ഒരു കാര്യം കണ്ടെത്തി.”സോമന്‍സാര്‍ ജഗദീഷിനെ പിടികൂടിയ മമ്മൂട്ടിയെ പോലെ പറയാന്‍ തുടങ്ങി.
“അവസാന മോഡ്യൂളില്‍ നിന്ന് ഇത് വരെ ഒരു പരീക്ഷക്കും കാര്യമായ ചോദ്യം വന്നിട്ടില്ല.ഇറ്റ്‌ മീന്‍സ് ഫയല്‍സ് അത്ര ഇമ്പോര്‍ട്ടന്റ് അല്ല.നിങ്ങള്‍ ബാക്കിയുള്ള നാല് മോഡ്യൂളും ശരിക്ക് പഠിക്കുക.സമയം കിട്ടുവാണേല്‍ ഫയല്‍സ് ഒന്ന് സെല്‍ഫ് സ്റ്റഡി നടത്തിയേക്കുക.ദാറ്റ്സാള്‍.”
സോമന്‍സര്‍ അരുളിച്ചെയ്തു.
ഞങള്‍ അത് വിശ്വസിച്ചു.ഫയല്‍സ് എന്ന അവസാന മോഡ്യൂള്‍ ഞങ്ങള്‍ ഉപേക്ഷിച്ചു.(എന്ന് വച്ചാല്‍ “പഠിക്കുന്ന” കുട്ടികള്‍ ഉപേക്ഷിച്ചു ).ഏതായാലും അത് വരെയുള്ള ചരിത്രം തിരുത്തി യൂണിവേഴ്സിറ്റി തൊണ്ണൂറു ശതമാനം ചോദ്യങ്ങളും അവസാനത്തെ മോഡ്യൂളില്‍ നിന്ന് തന്നെ ചോദിച്ചു.തൊണ്ണൂറു ശതമാനം കുട്ടികളും സപ്ലി എന്ന ഉപഹാരം വാങ്ങിക്കുകയും ചെയ്തു.
സോമന്‍സാറിന്റെ മറ്റൊരു വീക്നെസ് വൈവയായിരുന്നു.ഞങ്ങളുടെയും.ചോദ്യങ്ങള്‍ ചോദിച്ചു കുഴപ്പിക്കുന്നത് സാറിന്റെ വീക്ക്നെസ് ആണെങ്കില്‍ ഉത്തരങ്ങള്‍ പറയാന്‍ സാധിക്കാത്തതാണ് ഞങളുടെ വീക്നെസ്.ഒരു സാമ്പിള്‍ വൈവ രംഗം ഓര്‍മ്മയുടെ ലാബ് റെക്കോഡ് ബുക്കില്‍നിന്ന് നിങ്ങള്‍ക്കായി ചീന്തിത്തരാം.
മറ്റൊരു കോളേജില്‍ നിന്ന് ലാബ് പരീക്ഷ നടത്താന്‍ ഒരു അധ്യാപകനെ യൂണിവേഴ്സിറ്റി അയക്കും.ഇവര്‍ എക്സ്റ്റെണല്‍ എന്നറിയപ്പെടുന്നു.ഈശ്വരന്‍ കഴിഞ്ഞാല്‍ ലാബ് പരീക്ഷ നടക്കുന്ന ദിവസം പ്രപഞ്ചത്തിന്റെ ചലനം നിര്‍ണ്ണയിക്കുന്നതിവരാണ്.ഒരു ഇലക്ട്രോണിക്സ് ലാബ് പരീക്ഷ നടക്കുന്നു.സോമന്‍ സാര്‍ ഇന്റേണല്‍.തൃശൂര് നിന്നോ മറ്റോ പാന്റും ഇന്‍സര്‍ട്ട് ചെയ്ത ഷര്‍ട്ടും ഷൂസും ഒക്കെയിട്ട് എക്സ്റ്റെണല്‍ സുന്ദരകുട്ടപ്പനായി പ്രത്യക്ഷപെട്ടു.അദ്ദേഹം വൈവ ചോദിക്കുകയാണ്.ഞങളുടെ അരുമസുഹൃത്ത് സന്ദീപ് ആണ് ഇര.ലോകത്തിലെ ഏറ്റവും വലിയ നിഷ്കളങ്കന്റെ മുഖഭാവുമായി സന്ദീപളിയന്‍ നെറ്റിയില്‍ കുറിയൊക്കെതൊട്ടു സാറുമാരുടെ മുന്‍പില്‍ കസേരയില്‍ ഇരിക്കുന്നു.വിനയം കാരണം സന്ദീപ് മുഴുവന്‍ കസേരയും ഇരിക്കാന്‍ ഉപയോഗിക്കുന്നില്ല.പകുതി മൂട് വെളിയിലാണ്.സോമന്‍ സര്‍ ഇടയ്ക്കിടെ സന്ദീപിനെ രൂക്ഷമായി നോക്കുന്നുണ്ട്.കാരണം സന്ദീപിന്റെ ക്ലാസിലെ അച്ചടക്കുവും ശ്രദ്ധയും തന്നെ.
“എഫ്.എം.ട്രാന്‍സ്മിട്ടറില്‍ ഉപയോഗിക്കുന്ന ട്രാന്‍സിസ്റ്റര്‍ ഏതാണ്?” എക്സ്റ്റെണല്‍ ചോദ്യമെറിഞ്ഞു.
കാര്യം ഉഴപ്പൊക്കെ ഉണ്ടെങ്കിലും സന്ദീപളിയന് പ്രാക്ടിക്കല്‍ നോളജ് അത്യാവശ്യമുണ്ട്.
“B.J.T”
പ്രധാനമായി രണ്ടുതരം ട്രാന്‍സിസ്റ്ററുകള്‍ ആണുള്ളത്.ഒന്ന് F.E.Tയും പിന്നെ B.J.T യും . എഫ്.എം.ട്രാന്‍സ്മിട്ടറില്‍ B.J.Tയാണ് ഉപയോഗിക്കുന്നത്.സന്ദീപ് പറഞ്ഞ ഉത്തരം ശരിയായിരുന്നു.
പക്ഷെ സംശയാലുവായ എക്സ്റ്റെണല്‍ സന്ദീപിനെ കുഴപ്പിക്കാനായി സുരേഷ്ഗോപിയുടെ രീതി പിന്തുടര്‍ന്നു.
“ആര്‍ യൂ ഷുവര്‍ ,ഈസ് ഇറ്റ്‌ B.J.T?”
“അതേ സര്‍.B.J.Tയാണ്.”സന്ദീപ് ഉറപ്പിച്ചു പറഞ്ഞുവെങ്കിലും അളിയനും ഇപ്പോള്‍ ലേശം സംശയം തോന്നിയപോലെയാണ് മറുപടി.
എക്സ്റ്റെണല്‍ വിടാന്‍ ഭാവമില്ല.പുള്ളി അടുത്ത നമ്പരിട്ടു.തന്റെ അടുത്തിരിക്കുന്ന സോമന്‍ സാറിനെ നോക്കി എക്സ്റ്റെണല്‍ ഒരു ഡയലോഗ്.
“B.J.T പോലും.കേട്ടില്ലേ സാറേ പറയുന്നേ ?”
പിന്നെയായിരുന്നു യഥാര്‍ത്ഥ കോമഡി.
വിഷയത്തില്‍ നല്ല “വിവരമുള്ള “നമ്മുടെ സോമന്‍ സര്‍ സന്ദീപ് പറഞ്ഞ ഉത്തരം തെറ്റാണ് എന്ന് തന്നെ വിചാരിച്ചു.സന്ദീപിനെ കുഴപ്പിക്കാനായി എക്സ്റ്റെണല്‍ നമ്പരിട്ടതാണ് എന്ന് സോമന്‍ സാറിനു മനസ്സിലായില്ല.കാരണം അതിന്റെ ശരിയായ ഉത്തരം സോമന്‍ സാറിനു അറിയില്ല എന്നതായിരുന്നു വാസ്തവം.സോമന്‍ സാര്‍ ഒറ്റ പൊട്ടിത്തെറി!!
“ഫാ!!B.J.T പോലും എഫ്.എം.ട്രാന്‍സ്മിറ്റര്‍ ഉണ്ടാക്കാന്‍ അല്ലെടോ ?!!” താന്‍ ഒക്കെ എന്തിനാടോ പേരന്റ്സിന്റെ കാശും കളഞ്ഞു കോളെജിലേക്കാണ് എന്ന് പറഞ്ഞു പോരുന്നത് ...നാണമില്ലേടോ..?”
എക്സ്റ്റെണല്‍ ആകെ പെട്ടുപോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ. .ഒരുവിധത്തില്‍ അദ്ദേഹം സോമന്‍സാറിനെ സമാധാനിപ്പിച്ചു സന്ദീപിനെ പറഞ്ഞയച്ചു.
ഇനി സോമന്‍സാറിനെ വിടാം.സോമന്‍ സാറിനു മണ്ടിപ്പെണ്ണ് എന്ന് പേര് സമ്മാനിച്ച വിനോദിലേക്ക് തിരിച്ചുവരാം.വിനോദിന്റെ ചരിത്രപ്രസിദ്ധമായ ഒരു പരീക്ഷയെഴുത്ത് കോളേജ് ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതപ്പെട്ടിട്ടുണ്ട്.അതിനെക്കുറിച്ച് പറയണമെങ്കില്‍ സപ്പ്ലിയെക്കുറിച്ച് പറയണം.സപ്ലിയെക്കുറിച്ചു പറയണമെങ്കില്‍ ബി.ടെക്കിനെ കുറിച്ച് പറയണം.ബി.ടെക്കിനെക്കുറിച്ച് പറയണമെങ്കില്‍...ഐ ആം ദി സോറി ഞാനറിയാതെ കാട് കേറി..സപ്ലിയിലേക്ക് തിരികെവരാം..
ഒരു റെഗുലര്‍ പരീക്ഷ പരാജയപ്പെട്ടാല്‍ അത് വീണ്ടും എഴുതി വിജയിക്കുവാന്‍ യൂണിവെഴ്സിറ്റി കാരുണ്യപൂര്‍വ്വം തരുന്ന രണ്ടാമത്തെ അവസരമാണ് സപ്ലി എന്ന ഓമനപ്പേരില്‍ അറിയപെടുന്ന സപ്ലിമെന്ററി.മൊത്തം എട്ടു സെമസ്റ്റര്‍ ആണ് നാല് വര്‍ഷ എഞ്ചിനീയറിംഗില്‍ ഉള്ളത് .ഓരോ സെമസ്റ്ററിലും ആറും ഏഴും തിയറി വിഷയങ്ങളും അതിനൊത്ത ലാബ് പരീക്ഷകളും സപ്ലികളായി മാറുവാന്‍ നമ്മളെ കാത്തിരിക്കുന്നു.ഒരു സെമസ്റര്‍ പരീക്ഷയുടെ റിസള്‍ട്ട് അടുത്ത സെമസ്റ്റര്‍ പരീക്ഷ അടുക്കാറാകുമ്പോഴാണ് വരാറ്.ഇന്ത്യന്‍ റെയില്‍വേ ട്രെയിന്‍സമയം കീപ്പ് ചെയ്യുന്നത് പോലെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയും പരീക്ഷകളുടെ തിയതിയും അതിന്റെ റിസള്‍ട്ട് പ്രസിദ്ധികരണവും “കൃത്യ” സമയത്ത് നടത്തുവാന്‍ ശുഷ്ക്കാന്തി കാണിക്കാറുണ്ട് .അത് കൊണ്ട് എപ്പോള്‍ റിസള്‍ട്ട് വരുമെന്നോ, പരീക്ഷ എപ്പോള്‍ നടക്കുമെന്നോ ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല.ഈ ശുഷ്ക്കാന്തിയെക്കുറിച്ച് പറയെപ്പെടുന്ന ഒരു കഥ ഇങ്ങനെയാണ്.ഒരിക്കല്‍ ആരോ മാതൃഭൂമി ഓഫീസിലേക്ക് വിളിച്ചുവത്രേ .ഇന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷ നടത്തുന്നുണ്ടോ എന്നായിരുന്നു വിളിച്ചയാള്‍ക്ക് അറിയേണ്ടത് .അത് യൂണിവേഴ്സിറ്റിയില്‍ അന്വേഷിക്കണം എന്ന് പത്രക്കാര്‍ പറഞ്ഞപ്പോള്‍ വിളിച്ചയാള്‍ പറഞ്ഞത്രേ...”ഈ വിളിക്കുന്നത് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് !”
വീണ്ടും സബ്ജക്ട് മാറുന്നു. കമിംഗ് ബാക്ക്റ്റു വിനോദ് ..
സോമന്‍സാര്‍ പഠിപ്പിച്ചു ഒരു വഴിക്കാക്കിയ വിഷയം “സി “ മറന്നു കാണില്ലല്ലോ.”സി “യേക്കാള്‍ നിങ്ങള്‍ക്ക് പരിചയമുള്ള മറ്റൊരു ഭാഷയുണ്ട്.ജാവ!! അത് തന്നെ...പ്രേമം സിനിമയില്‍ പറയുന്ന സിംപിളും പവര്‍ഫുള്ളുമായ ജാവ..!ഈ ജാവ അത്ര സിമ്പിള്‍ അല്ല.അത് കൊണ്ട് തന്നെ ആറാം സെമസ്റ്ററില്‍ തൊണ്ണൂറു ശതമാനം കുട്ടികളും അതില്‍ പരാജയപ്പെട്ടു.ശതമാനം കേട്ടിട്ട് ആരാണ് പഠിപ്പിച്ചതെന്നു നിങ്ങള്‍ക്ക് ഡൌട്ട് അടിച്ചു അല്ലെ....യെസ്..അതും നമ്മുടെ വണ്‍ ആന്‍ഡ് ഒണ്‍ലി വണ്‍ സോമന്‍സാര്‍ തന്നെയാണ് പഠിപ്പിച്ചത്.ഈ പരീക്ഷക്ക് മറ്റുള്ളവരുടെ ഒപ്പം നമ്മുടെ വിനോദും തോറ്റു.എന്നാല്‍ ആദ്യ സപ്ലിക്ക് തന്നെ ബാക്കിയുള്ള ഒട്ടുമിക്ക കുട്ടികളും ജയിച്ചു.വിനോദു തോറ്റു.അടുത്ത സപ്ലി വന്നു.വിനോദ് തോറ്റു.വീണ്ടും സപ്ലി വന്നു.വിനോദ് തോറ്റു കൊണ്ടേയിരുന്നു..
ഈ തുടര്‍ച്ചയായുള്ള തോല്‍വിക്ക് കാരണം ഇന്റേണല്‍ മാര്‍ക്ക് കുറഞ്ഞതാണ്.ഒരു വിഷയത്തിന് നൂറ്റിയമ്പത് മാര്‍ക്കിലാണ് മൂല്യനിര്‍ണ്ണയം.അതില്‍ നൂറു മാര്‍ക്ക് യൂണിവേഴ്സിറ്റി പരീക്ഷയും ബാക്കി കോളേജില്‍ വിഷയം പഠിപ്പിക്കുന്ന അധ്യാപകന്‍ നടത്തുന്ന അമ്പതു മാര്‍ക്കിന്റെ ഇന്റേണല്‍ പരീക്ഷണവുമാണ്.മൊത്തം എഴുപത്തിയഞ്ച് മാര്‍ക്ക് കിട്ടിയാല്‍ ജയിക്കും.അതായതു യൂണിവേഴ്സിറ്റി പരീക്ഷയില്‍ നൂറില്‍ ,നാല്‍പ്പത് കിട്ടിയാല്‍ ഇന്റേണല്‍ മുപ്പത്തിയഞ്ചു മാര്‍ക്കെങ്കിലും കിട്ടിയാലും മൊത്തത്തില്‍ കടന്നുകൂടും.വിനോദിന് പറ്റിയത് ഇന്റേണല്‍ കുറഞ്ഞു പോയതാണ്.വെറും മുപ്പത്തിനാല് മാര്‍ക്ക്.അത് കാരണം വിനോദിന് സപ്ലിയില്‍ നാല്പതു കിട്ടിയാലും ഇന്റേണല്‍ ഒരു മാര്‍ക്ക് പോയതിനാല്‍ വിഷയം തോല്‍ക്കും.
സോമന്‍സര്‍ വിനോദിന് ഒരു മാര്‍ക്ക് കുറച്ചു പണികൊടുത്തതിനു ,പല കാരണങ്ങള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്.അതില്‍ ഒന്ന് ആദ്യം പറഞ്ഞ “മണ്ടിപ്പെണ്ണ്” എന്ന ഇരട്ടപേരാണ്.വേറെ ഒരു കാരണം ജാവയുടെ ഇന്റേണല്‍ ലാബ് പരീക്ഷയാണ്.ലാബ് പരീക്ഷക്ക് കുട്ടികള്‍ പ്രോഗ്രാം ചെയ്ത ഔട്ട്‌പുട്ട് കംബ്യൂട്ടറില്‍ കാണിക്കണം.നമ്മുടെ സോമന്‍സാറിന് പ്രോഗ്രാമിംഗ് അത്ര വശമില്ല.എന്ന് വച്ചാല്‍ തീരെ അറിയില്ല.വിനോദ് ലാബില്‍ തുണ്ട് വച്ച് എഴുതുമെന്ന് സോമന്‍സാറിന് സംശയമുള്ളത് കൊണ്ട് സര്‍ അവന്റെ സീറ്റിനു അരികില്‍ വന്നിരുന്നു. മുന്‍പിലുള്ള സിസ്റ്റം ഫ്രീ ആയതു കൊണ്ട് സാര്‍ വെറുതെ അത് ഓണ്‍ ചെയ്തു ഒരു ജാവാ പ്രോഗ്രാം റണ്‍ ചെയ്തു.വിനോദ് ഒളികണ്ണിട്ട് നോക്കുമ്പോള്‍ സോമന്‍സാറിന്റെ സ്ക്രീനില്‍ ഔട്ട്‌പുട്ടിനു പകരം “എറര്‍ മെസേജുകള്‍ “ ചുവപ്പ് നിറത്തില്‍ സ്ക്രീന്‍ നിറയെ ഒഴുകുന്നു.ഒപ്പം ബീപ് ബീപ് എന്ന അലാറം ശബ്ദവും.സര്‍ സ്ക്രീന്‍ ക്ലോസ് ചെയ്യാന്‍ നോക്കിയിട്ട് പറ്റുന്നില്ല.വിനോദ് കാണാതിരിക്കാന്‍ സര്‍ ടേബിളിനു മുകളില്‍ കൈകുത്തി മോണിട്ടര്‍ മറച്ചു എന്നാണു ചരിത്രരേഖകളില്‍ പറയുന്നത്.ഈ കലിപ്പും വിനോദിന്റെ ഇന്റേണല്‍ കുറക്കാന്‍ കാരണമായി എന്ന് സംശയിക്കുന്നുണ്ട്.
തുടര്‍ച്ചയായ തോല്‍വിയില്‍ വിനോദ് നിരാശനായി.എങ്കിലും ഒരു ഉറച്ച തീരുമാനമെടുത്തു.അടുത്ത യൂണിവേഴ്സിറ്റി പരീക്ഷക്ക് നൂറില്‍ എണ്‍പത് മേടിക്കണം.ആ മാര്‍ക്ക് തന്റെ ഇന്റേണല്‍ കുറച്ച സോമന്റെ മുഖത്ത് വലിച്ചെറിയണം.പരീക്ഷ ടൈം ടേബിള്‍ വന്നു..എന്തോ പ്രശ്നം കാരണം ജാവയുടെ പരീക്ഷ പറഞ്ഞ തിയതിയില്‍ നിന്നും യൂണിവേഴ്സിറ്റി ഒരാഴ്ച മുന്‍പോട്ടാക്കി.പലേ തിരക്കുകള്‍ കാരണം കോളേജില്‍ എത്താന്‍ കഴിയാതിരുന്ന വിനോദ് ഇതറിഞ്ഞില്ല.എക്സാം നടക്കുന്ന ദിവസം സ്ഥലത്ത് എത്തിയ വിനോദ് നേരെ ജൂനിയര്‍ പെണ്‍കുട്ടികളുടെ അടുത്തെത്തി ജാവയുടെ സിലബസ് ആവശ്യപ്പെട്ടു.
“ഇപ്പൊ എന്തിനാ ജാവയുടെ സിലബസ് വിനോദേട്ടാ?”ജൂണിയര്‍ പിള്ളേര് ചോദിച്ചു.
“സിലബസ് വേണം.എന്നാലെ പഠിത്തം ശരിയാവു.മൊത്തം പഠിക്കണം.അതിലെ റഫറന്‍സ് ടെക്സ്റ്റുകള്‍ ലൈബ്രറിയില്‍ നിന്നെടുക്കണം.”
കുട്ടികള്‍ സിലബസ് വിനോദിന് കൊടുത്തു.വിനോദു സിലബസ് വിശദമായി പഠിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ വായ്‌പൊത്തി ചിരിച്ചു.കാരണമറിയാതെ വാ പൊളിച്ച വിനോദിനോട് പിള്ളേര് ചോദിച്ചു
..
“ഇനി സിലബസ് പഠിച്ചു പരീക്ഷ എഴുതാന്‍ ടൈം കിട്ടുവോ വിനോദേട്ടാ?”
“അതെന്താ ?”
“ജാവയുടെ പരീക്ഷ രണ്ടാം നിലേല്‍ നടക്കുവാ.തീരാറായി.”
വിനോദിന്റെ ചമ്മിയ മുഖം ഇപ്പോഴും മനസ്സില്‍ നിറയുന്നു.
കോളേജിന്റെ മുന്‍പിലെ ഗുല്‍മോഹറിന്റെ ചുവട്ടില്‍ ( ഫെയ്സ്ബുക്ക് പ്രണയരചനകളില്‍ ഉപയോഗിച്ച് നശിപ്പിക്കപ്പെട്ട അതേ പാവം വൃക്ഷം.ഗുല്‍മോഹര്‍ ഇല്ലാതെയെന്തു കോളേജ് ഓര്‍മ്മ ) ചുവട്ടില്‍ നില്‍ക്കുമ്പോള്‍ ഇങ്ങനെ ഓരോ ഓര്‍മ്മകള്‍ തെളിഞ്ഞുവരുന്നു.ചുണ്ടില്‍ പുഞ്ചിരിയുണ്ട്.പിന്നെ കണ്ണില്‍ ഒരു നനവും..ഇനിയൊരിക്കലും ആ ഇന്നലെകളില്‍ തിരികെപ്പോയി ജീവിക്കാന്‍ കഴിയില്ലല്ലോ..എങ്കിലും ആ ചിരിയോര്‍മ്മകള്‍ക്ക് അവധിക്കാലത്ത് പൊഴിഞ്ഞു വീഴുന്ന മാമ്പഴത്തിന്റെ സ്വാദാണ്.

Anish F
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo