Slider

വല്ല്യാപ്പച്ചി ഓർമകൾ

1


 വർഷങ്ങൾക്ക് മുമ്പാണ്, മുമ്പെന്ന് പറഞ്ഞാൽ വളരെ മുമ്പ് ഇന്ന് വെങ്ങളത്തെ ലീഗ് ഓഫീസ് നിൽക്കുന്ന സ്ഥലത്ത് ഉമ്മർക്ക മരമില്ലും അതിന്റെ അടുത്ത് കളരിക്കലെ കോയക്ക ആദ്യായിട്ട് അവിൽ മിൽക്ക് വെങ്ങളത്തുകാർക്ക് പരിജയപ്പെടുത്തിക്കൊടുത്ത് കട നടത്തിയ തിന്റെയും കുറച്ച് കാലം മുമ്പ്...

കൃത്യമായി പറഞ്ഞാൽ മാടംവീട്ടുകാർ വാലിയിലെ റസാഖാന്റെ വീടിന്റെ അടുത്ത് ചായ പീടിയ നടത്തികൊണ്ടിരുന്ന കാലം... റോഡിന്റെ അപ്പുറം വാലിയിലെ ഖാദിരിക്ക പച്ചക്കറി പീട്യയും അതിന് തൊട്ടടുത്തായി കാട്ട് വള്ളി മൂടി ഭംഗിയായി കിടക്കുന ബസ്റ്റോപ്പുമുള്ള കാലം... ഓല മേഞ്ഞ് മൺകട്ട ഉപയോഗിച്ച് ചളി കൊണ്ട് നിലം ഉഴുത അ ചായ പീടിയ്യക്ക് മുമ്പിലാണിപ്പോൾ എന്റെ
ട്രൗസറിട്ട ബാല്യം...

വല്യാപ്പച്ചിയെ ഓർത്തടുക്കുന്നത് ഈ ചായ പീട്യക്കുള്ളിലാണ്... അവിടെ ചുറ്റിപ്പറ്റി നടന്നാൽ ഒരു പാൽച്ചായ ഉറപ്പാണ്.. പണി കഴിഞ്ഞുള്ള വൈകുന്നേരങ്ങൾ വല്ല്യാപ്പച്ചി ഇവിടെയാണുണ്ടാവുക.. കറുത്ത മുടിക്കിടയിൽ നര പടർന്നിട്ടുണ്ടെങ്കിലും നല്ല ഉള്ളുള്ള കട്ടിയുള്ള മുടിയായിരുന്നു..വെളുത്ത് മെലിഞ്ഞ വല്ല്യപ്പച്ചിയെ പോലെയാണ് ഞാനെന്ന് പിന്നീട് പലരും പറഞ്ഞിട്ടുണ്ട്.. കുപ്പായത്തിന്റെ കൈ മടക്കി വെക്കാൻ പറ്റുന്നതിന്റെ മാക്സിമം മടക്കി വെച്ച് മുട്ടു കാല് നെഞ്ചോട് ചേർത്തുവെച്ചുള്ള പിടികക്കോലായിലെ ആ ഇരുപ്പിലാണ് ആദ്യമായിട്ട് \"ഒരു ചായ ഓനിക്കും കൊടുത്തെ\" എന്ന് വല്യപ്പച്ചി പറഞ്ഞത്... ജീവിതത്തിലാദ്യമായി അന്നാണ് ഒരു ചായ പീടിയേന്ന് ഒരു ചായ കുടിക്കുന്നത്... നല്ല ഒന്നാം തരം പാൽ ചായ.. എണ്ണക്കടിയുള്ള അലമാര നോക്കി അത് ഊതി ഊതി കുടിച്ചു തീർത്തു.. പീന്നീടും ചായയോടൊപ്പം കായപ്പവും ബോണ്ടയുമൊക്കെ വാങ്ങി തന്നത് ഓർക്കുന്നുണ്ട്...

അവിടുന്ന് പിന്നെയും കുറച്ച് കാലങ്ങൾക്ക് ശേഷമാണ് ഉമ്മാന്റെ ആങ്ങള ബഷീർക്കാ (താടിക്കാ) ന്റെ കൂടെ വീണ്ടും ഈ ചായ പീടിയ യിലെത്തുന്നത്.. അന്ന് വീട്ടിൽ ആരും ഒന്നും കഴിച്ചിരുന്നില്ല.. ഒന്നും ഉണ്ടാക്കിയിട്ടുമില്ല.. അന്നായിരുന്നു വല്യാപ്പച്ചി പടച്ചോന്റെ വിളിക്ക് ഉത്തരം നൽകി വീടിന്റെ നടേത്ത് യാസീൻ സൂറത്ത് കേട്ട് കിടന്നിരുന്നത്.. ചന്ദന തിരിയും ഉലുവാനും പുകഞ്ഞ് കൊണ്ടിരുന്ന ഒരു ഉച്ച സമയം....
മുന്നിൽ നിന്ന് ഒരു പാട് പല്ലുകൾ വീണുപോയിട്ടുണ്ടെങ്കിലും ബാക്കിയുള്ള പല്ല് കാണിച്ചുള്ള വല്ല്യാപ്പച്ചിയുടെ ചിരിക്ക് വല്ലാത്തൊരു മൊഞ്ച് തന്നെയായിരുന്നു.. അമ്പട്ടന്റെ കടയിൽ മുടി വെട്ടിക്കാൻ കൊണ്ടു പോയതും മുടി പറ്റ വെട്ടിച്ചതിന് വിഷമം കാണിച്ചതുമെല്ലാം നനുത്ത ഓർമകളായി തന്നെ ബാക്കി നിൽക്കുന്നുണ്ട്.. പൂക്കാട്ന്ന് വെങ്ങളത്തേക്കുള്ള ബസ്റ്റ് യാത്രയിൽ എനിക്കും ടിക്കെറ്റെടുക്കണമെന്ന് കണ്ടക്ടർ പറഞ്ഞപ്പോൾ.. \"ഓന് ടിക്കറ്റൊന്നും എടുക്കാനായിട്ടില്ല ഓനിപ്പോയും മുലകുടിക്കുന്ന കുട്ട്യല്ലേന്ന് വല്ലാപ്പച്ചി പറഞ് കളഞ്ഞു\".. .. മൂന്നാം ക്ലാസിൽ പഠിക്കുന്ന ഞാനന്ന് ചൂളിപ്പോയി .... തേങ്ങാ കൊത്തും മുട്ടായിയും തന്ന് മദ്രസയിൽ ചേർത്തതും വല്ല്യപ്പച്ചി തന്നെയാണ്..

നിസ്ക്കാരത്തിന് ശേഷം ചീനിച്ചേരി പള്ളിയിലേക്ക് വല്യാപ്പച്ചിയേയും കൊണ്ട് പോയപ്പോയാണ് ഖബർസ്ഥാനിൽ ആദ്യമായെത്തുന്നത്.. ഹംസക്കയാണ് ഖബറ് വെട്ടിയതും ഖബറൊരുക്കിയതും.
ഏത് ധൈര്യശാലിയെയും പേടിപ്പെടുത്തുന്നതാണ് പള്ളിയും അതിനടുത്തെ ഖബർസ്ഥാനും. (പിന്നീടൊരിക്കൽ അൻവർക്ക പഠിക്കുന്ന കാലത്ത് അവിടെ സിയാറത്തിന് പോയിരുന്നു... അന്ന് ഖബർസ്ഥാനിലേക്ക് കയറാൻ പേടിച്ചിട്ട് പള്ളിക്ക് മുന്നിൽ നിന്ന് യാസീൻ ഓതി പോന്നിട്ടുണ്ട് അത്രക്കും അന്ന് അവിടം പേടിപ്പെടുത്തിയിരുന്നു... )

മീസാൻ കല്ല് വെച്ച് സീമ കൊന്നച്ചെടി നാട്ടി.. തിരിച്ചു പോന്നു.. പച്ചക്കളറുള്ള യാസീൻ സൂറത്തിന്റെ ഏട് കയ്യിൽ പിടിച്ചത് ഓർക്കുന്നുണ്ട്..

ഖുർആന്റെ ആ ഏടിന് അതുവരെ അറിയാത്തൊരു പ്രത്യേക വാസനയുണ്ടായിരുന്നു. അത്തറും ചന്ദനത്തിരിയും ഒരുമിച്ചുള്ള നല്ലൊരു വാസന. ആ മണം വീടെത്തിയിട്ടും വിട്ട് പോയില്ല ,.. വല്ല്യപ്പച്ചി കിടന്ന കട്ടിലിലും റൂമിലും ഒക്കെയായി അത് പരന്ന് കിടക്കുന്നുണ്ട്...

വർഷങ്ങൾ ഒരു പാട് ഇപ്പുറത്ത് ഈസ്റ്റ് റഫയിലെ തണുത്ത ജനുവരിയിൽ പൂട്ടിക്കിടക്കുന്ന ചാർട്ടേർഡ് ബാങ്കിനടുത്തുള്ള ഈ പോക്കറ്റ് റോഡിൽ നിന്ന് ആ മണം വീണ്ടും എനിക്ക് അനുഭവപ്പെടുന്നു...
ചില വാസനകൾ അങ്ങനെയാണ്... നമ്മളു പോലും അറിയാതെ ഓർമകളുംടെ ഏതോ ഒരറ്റത്ത് നമ്മളെ കൊണ്ടിട്ടേച്ച് പോയിക്കളയും.....


BY: 
Name:shukkoor bin razak
Email:shukkoor.nv.vengalam@gmail.com
1
( Hide )
  1. Pwoli
    Yuva ezhthukaaran ashamsakal
    Inium ormakal viriyatte,bhavana valaratte...nallezhthkal undakatte

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo