Slider

ജന്മനൊമ്പരങ്ങൾ....(തുടർകഥ) - Part1

0
ജന്മനൊമ്പരങ്ങൾ....(തുടർകഥ)
...................
ഇന്നാണ് ആ ദിവസം.. പ്രമാദമായ കല്ല്യാണി വധക്കേസിലെ പ്രതികളായ അധ്യാപക ദമ്പതികൾക്കുള്ള ശിക്ഷാവിധി കോടതി വിധിക്കുന്ന ദിവസം..സ്വന്തം മകൾക്ക് വിഷം കൊടുത്ത് കൊന്നവർ...പത്ര,ദൃശ്യ മാധ്യമങ്ങൾക്ക് ഇനി കുറച്ചു ദിവസങ്ങളിൽ ശർദ്ദിക്കാൻ,അവരുടെ റേറ്റിങ് കൂട്ടാൻ,അന്തി ചർച്ചകളിൽ ആളെ കൂട്ടാൻ,രണ്ട് ഇരകളെ കൂടി കിട്ടിയിരിക്കുന്നു...
വിശ്വനാഥൻ മാഷ്...മാതൃക അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് വാങ്ങിയ മഹത് വ്യക്തി.നെടുംമ്പുറം യുപി സ്ക്കൂളിലെ പ്രധാനാധ്യാപകൻ..ഭാര്യ സുവർണ ടീച്ചർ അതേ സ്ക്കൂളിലെ മലയാളം അധ്യാപിക..മകൾ കല്ല്യാണി പ്ലസ്ടു കഴിഞ്ഞു എൻട്രൻസ് കോച്ചിംഗിന് പോകുന്നു..മാഷിനും ടീച്ചർക്കും കൂടിയുള്ള ഏക പെൺതരി..മാഷും ടീച്ചറും മാതൃക അധ്യാപകർ മാത്രമല്ല മാതൃക ദമ്പതികളും കൂടിയാണ്..നാട്ടുകാർക്ക് പ്രീയപ്പെട്ടവർ..നാട്ടുകാരുടെ ഏത് ആവശ്യത്തിനും വിശ്വനാഥൻ മാഷ് മുന്നിലുണ്ടാവും..
വിശ്വനാഥനും സുവർണയും പ്രേമിച്ച് വിവാഹം കഴിച്ചവരാണ്..അവരുടെ ആ പ്രേമത്തിന് വീട്ടുകാർ എതിരല്ലായിരുന്നു..കാരണം രണ്ടു പേരും അധ്യാപകർ.. നല്ല ജോലി മാന്യമായ ശമ്പളം...കല്ല്യാണം കഴിഞ്ഞ് ഏറെ വർഷങ്ങൾക്ക് ശേഷമാണ് കല്ല്യാണി ജനിച്ചത്...അതുകൊണ്ട് തന്നെ എല്ലാവരുടെയും ഓമന..ലാളന കൂടി പോയതിൻ്റെ കുറച്ചു കുറുമ്പുമുണ്ട്..
കല്ല്യാണി പഠിക്കാൻ ബഹുമിടുക്കി..നല്ലൊരു നർത്തകി..നല്ല ചിത്രക്കാരി..വിശ്വനാഥൻ മാഷും നല്ലൊരു ചിത്രക്കാരനായിരുന്നു..അച്ഛൻ്റെ കഴിവ് മകൾക്ക് കിട്ടിയെന്നേയുള്ളു..പത്താം ക്ലാസിൽ ആ സ്ക്കൂളിൽ ഏറ്റവുമധികം മാർക്ക് വാങ്ങിയാണ് കല്ല്യാണി പാസായത്.. പ്ലസ്ടുവിന് സയൻസ് ഗ്രൂപ്പാണ് എടുത്തിരുന്നത്..കല്ല്യാണിയുടെ കുട്ടികാലം തൊട്ടേയുള്ള ആഗ്രഹമായിരുന്നു ഡോക്ടറാവുക എന്നത്..
**** ***** ***** ***** ***** ****
"വിശ്വനാഥൻ"
ശബ്ദം കേട്ട് സെല്ലിനകത്തുണ്ടായിരുന്ന രൂപം ഒന്ന് ഞെട്ടിയുണർന്നു...അയാളുടെ കാലു തട്ടി അടുത്തുണ്ടായിരുന്ന ഭക്ഷണ പാത്രം തെറിച്ചു പോയി..ഒറ്റ നോട്ടത്തിൽ ഒരു ഭ്രാന്തനെ പോലെ തോന്നിച്ചു..ഷേവ് ചെയ്യാതെ
താടിയും മുടിയും വളർന്നു മെലിഞ്ഞുണങ്ങിയ ഒരു രൂപം..കണ്ണുകളിൽ ഉറക്കമില്ലായ്മയുടെ ലക്ഷണങ്ങൾ
"കോടതിയിലേക്ക് പോകാൻ റെഡിയായി കൊള്ളു.ഇന്നാണ് വിധി... അറിയാലോ?"
അതു കേട്ടപ്പോൾ അയാളുടെ കണ്ണുകൾ തിളങ്ങി..ഇത്രയും കാലം ഈയൊരു വാക്ക് കേൾക്കാൻ കൊതിച്ചത് പോലെ.
സെല്ല് തുറന്ന് ഒരു പോലീസുകാരൻ അയാൾക്ക് ധരിക്കാനുള്ള വസ്ത്രങ്ങൾ നല്കി..കുളിക്കുന്നതിനായി അയാളെയും കൂട്ടി ആ പോലീസുകാരൻ കുളിപുരയുടെ അടുത്തേക്ക് നടന്നു
****
"ഒന്ന് വേഗം നടക്കെടി,പോകാൻ പോകുന്നത് നീ പഠിപ്പിക്കുന്ന സ്ക്കൂളിലേക്കല്ല കോടതിയിലേക്കാണ്..ഇന്നറിയാം ഭാര്യയുടെയും ഭർത്താവിൻ്റെയും വിധി..തൂക്കാണോ അതോ ജീവപര്യന്തമോ എന്ന്"
"ഭാര്യയും ഭർത്താവും കൊള്ളാം.. സ്വന്തം മകളെയാണ് വിഷം കൊടുത്ത് കൊന്നത്,എന്നിട്ടൊരു കൂസലുണ്ടോന്ന് നോക്കിയേ"
ജയിൽ വസ്ത്രം ധരിച്ച നില്ക്കുന്ന ആ സ്ത്രീ നിസംഗ ഭാവത്തിൽ വനിതാ പോലീസിനെ നോക്കി..കണ്ണുകളിൽ കണ്ട ഭാവം എന്താണെന്ന് തിരിച്ചറിയാൻ പറ്റുന്നില്ല..കണ്ണുകളിൽ തിളക്കം നഷ്ടപ്പെട്ടിരുന്നു..വിധി എന്തായാലും സ്വീകരിക്കാൻ പാകത്തിൽ ആ മനസ്സ് ഉറച്ചിരുന്നു..
ആറുമാസമായി അവരെന്തെങ്കിലും ഒന്ന് മിണ്ടിയിട്ട്..എപ്പോഴും വിദൂരതയിൽ നോക്കി ഇരിപ്പാണ്..അവരുടെ ഉള്ളിൽ പൊട്ടിയൊലിക്കുന്ന ലാവ ഏത് വെള്ളമൊഴിച്ചാണ് തണുപ്പിക്കേണ്ടത്?
കണ്ണൂർ സെൻട്രൽ ജയിലിൻ്റെ മുന്നിലേക്ക് വിശ്വനാഥനേയും സുവർണയേയും കൊണ്ടു പോകാനുള്ള ബസ്സ് വന്ന് നിന്നു..രണ്ടു പേരുടെയും കണ്ണുകൾ തമ്മിൽ കൂട്ടി മുട്ടി..ബസ്സിൻ്റെ പടിയിലേക്ക് കയറി വിശ്വനാഥൻ സുവർണയുടെ നേർക്ക് കൈ നീട്ടി..
"ഓ..ഇത് കല്ല്യാണം കഴിഞ്ഞ് മണവാളനും മണവാട്ടിയും പോകുന്നതല്ല..കോടതിയിലേക്കാ..ഇവളെ കൊണ്ടു വരാൻ ഞങ്ങൾക്കറിയാം"
വിശ്വനാഥൻ ഒരു സീറ്റിലിരുന്നു.സുവർണക്കായി സൈഡ് സീറ്റ് മാറ്റിവച്ചു..
'അവൾക്ക് ബസ്സിൽ കയറിയാൽ എന്നും സൈഡ് സീറ്റ് വേണം.. പുറത്തേക്ക് നോക്കി അകന്ന് പോകുന്ന മരങ്ങളെയും കെട്ടിട്ടങ്ങളെയും തിരിഞ്ഞ് നോക്കി കൊണ്ടേയിരിക്കും..എത്ര കണ്ടാലും മതിയാവാത്ത കാഴ്ച പോലെ'
"മാഷേ..ദേ..നോക്കിയേ..ആ ചന്ദ്രൻ നമ്മളെ ഓടി തോല്പിക്കാൻ നോക്കുന്നു"
"ഒന്ന് മിണ്ടാണ്ടിരി സുവർണേ...ഇപ്പോഴും ചെറിയ കുട്ടിയാണെന്നാ വിചാരം..നീ പഠിപ്പിക്കുന്ന കുട്ട്യോളൊക്കെ ഈ ബസ്സിലുണ്ട്..നിന്നെ അവര് കളിയാക്കും"
തൻ്റെ ശാസന പതുക്കെയാണെങ്കിലും അത് മതി അവൾക്ക് മുഖം വീർപ്പിക്കാൻ..
പിന്നീട് കെറുവിച്ച് ഒന്നും മിണ്ടാതെ തൻ്റെ ചുമലിലേക്ക് ചാഞ്ഞിരിക്കും..
വിശ്വനാഥൻ അറിയാതെ പുഞ്ചിരിച്ചു.. സീറ്റിലേക്ക് നോക്കിയപ്പോൾ സുവർണ അവിടെയില്ല..അവൾ അപ്പുറത്ത് ഒരു വനിതാ പോലീസിന്റെ കൂടെയിരിക്കുന്നു..അവളുടെ നോട്ടം അയാളിലേക്കാണ്
"സാർ"
"ഉം..എന്താ"
"അവളെ എൻ്റെ കൂടെയൊന്ന് ഇരുത്താമോ..ഇവിടുന്നു കോടതിയിൽ എത്തുന്നത് വരെ മാത്രം"
പോലീസുകാർ പരസ്പരം നോക്കി.. രണ്ടു പേരെയും വീണ്ടും ഒരിക്കൽ കൂടി പരിശോധിച്ചു..
വിശ്വനാഥൻ്റെ അടുത്തേക്ക് സുവർണ വന്നപ്പോൾ അവൾക്ക് അടിതെറ്റി..അയാളവളെ പതുക്കെ താങ്ങി സീറ്റിലേക്കിരുത്തി..അവൾ അപ്പോഴും ഒന്നും മിണ്ടിയില്ല.. അവൾ പതുക്കെ അയാളുടെ തോളിലേക്ക് ചാഞ്ഞു..തൻ്റെ ഇടതുകൈ കൊണ്ട് അവളെ തൻ്റെ ദേഹത്തേക്ക് ചേർത്തു പിടിച്ചു.. അവളുടെ കണ്ണീര് കൊണ്ട് തൻ്റെ വസ്ത്രം നനയുന്നത് അയാളറിഞ്ഞു...
'കരയട്ടെ എത്ര കരഞ്ഞാലാണ് ഈശ്വരാ ഇവളുടെ ഉള്ളമൊന്ന് തണുക്കുക..തനിക്കെന്തേ കണ്ണീര് വരാത്തത്..നൂറു ജന്മം കൊണ്ട് കരഞ്ഞു തീർക്കേണ്ടത് കഴിഞ്ഞ ഏഴെട്ടു മാസങ്ങളിൽ താൻ കരഞ്ഞു തീർത്തില്ലേ'
അയാൾ പതുക്കെ കണ്ണടച്ചു..
അപ്പോൾ വിശ്വനാഥനെയും സുവർണയേയും രണ്ടു കണ്ണുകൾ സൂക്ഷ്മമായി നോക്കുന്നുണ്ടായിരുന്നു..
'അതേ അത് അവർ തന്നെ'
ആ കണ്ണുകൾ അവരുടെ അടുത്തേക്ക് നീങ്ങി..
(തുടരും)
ബിജു പെരുംചെല്ലൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo