നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

=തിരിച്ചറിവുകൾ=

=തിരിച്ചറിവുകൾ=
"പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ
പിന്നെ , എന്റെ കൺമുന്നിൽകണ്ടുപോവരുത് ഒന്നിനേം. തീയിട്ട് നശിപ്പിച്ച് തീർക്കും ഞാൻ ഇന്നത്തോടെ എല്ലാം..."
പത്താംക്ലാസ്സ് അവസാന പരീക്ഷക്കഴിഞ്ഞ് വീട്ടിലേക്ക് നടക്കുമ്പോൾ പാതിവഴിയിൽ വെച്ചേ കേൾക്കാമായിരുന്നു നിന്ന് അച്ഛന്റെ ആക്രോശം.എവിടെയിരുന്നാലും അച്ഛന്റെ ശബ്ദം മനസ്സിലാക്കിയിരുന്ന എന്റെ കാതുകൾക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല.
ശബ്ദം കേട്ടഭാഗത്തേക്ക് കാതു കൂർപ്പിക്കുന്നതിനോടൊപ്പം നടത്തത്തിന്റെ വേഗതയും കൂടികൂടി വന്നു.
ഓർമ്മവെച്ചനാൾ മുതൽ ,ഒരു പക്ഷേ അമ്മയേക്കാളും ഞങ്ങൾ മക്കൾ മൂന്നു പേർക്കും അച്ഛനോടായിരുന്നു കൂടുതലിഷ്ടo. ജോലിക്കഴിഞ്ഞ് വരുന്ന അച്ഛന്റെ കൈയ്യിൽ നിന്ന് കിട്ടുന്ന ഒരു നാരങ്ങാമിഠായിക്കുപോലും ഒരായുസ്സിന്റെ മാധുര്യമുണ്ടായിരുന്നു.
ഒരു പനി വന്നാൽപോലും അച്ഛന്റെ മടിയിൽ കയറിയിരുന്ന് ഒരു താരാട്ട് പാട്ട് കേൾക്കുവോളം മാത്രമേ ഉണ്ടായിരുന്നുള്ളു അതിന്റെ ആയുസ്സ്.
ഞങ്ങൾ സഹോദരങ്ങൾ അടികൂടുമ്പോൾ ശകാരിക്കുന്ന അമ്മയേക്കാളും, മധ്യസ്ഥത വഹിച്ച് ഒത്തുതീർപ്പാക്കുന്ന അച്ഛനായിരുന്നു ഞങ്ങൾക്കെന്നും ഹീറോ.
ഇക്കാലമത്രയും, ഭക്ഷണം കഴിക്കാൻ ഉഴപ്പ് കാട്ടുന്നതിൽ മാത്രമായിരുന്നു അച്ഛൻ ഞങ്ങളെ ശകാരിച്ചുണ്ടായിരുന്നത്.
ആ അച്ഛന് ഇത്രയ്ക്ക് ദേഷ്യപെടാൻ മാത്രം ഇന്നെന്തു പറ്റി ?
ആലോചിച്ചു തീരുമുൻപേ വീടിന്റെ ഗേറ്റിനരികിലെത്തിയ എന്നെ കണ്ടതും അച്ഛൻ അമ്മയോടെന്ന പോലെ വീണ്ടും ഉറക്കെ സംസാരിക്കാൻ തുടങ്ങി .
" ദേ വന്നു നിന്റെ അടുത്ത സന്താനം"
അവളുടെ മനസ്സിലും വല്ലവനും.
ഉണ്ടോന്ന് ചോദിക്കു"
അതുവരെ എന്റെ മക്കൾ എന്നു പറഞ്ഞു നടന്നിരുന്ന അച്ഛൻ അന്നാദ്യമായി" നിന്റെ സന്താന"മെന്ന്
എന്നെ ചൂണ്ടി പറഞ്ഞപ്പോൾ എനിക്കെന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഇന്നലെ വരെ അച്ഛന്റെ പൊന്നുമക്കൾ ആയിരുന്ന ഞങ്ങൾ എങ്ങനെ ഒരൊറ്റ പകലുകൊണ്ട് അമ്മയുടെ സന്താനമായി എന്നറിയാനായി നേരെ ചെന്നത് ചേച്ചിയുടെ മുറിയിലേക്കായിരുന്നു. അടക്കിപിടിച്ച തേങ്ങലുകളായിരുന്നു അവിടെ നിന്നുയർന്നു കേട്ടത്.കട്ടിലിൽ കമിഴ്ന്നു ക്കിടന്ന്കരയുന്ന ചേച്ചിയുടെ മുറിയുടെ വാതിലിൽ ചാരിനിൽക്കുന്ന നിസ്സഹയായ അമ്മയുടെ മുഖം എന്നെ കൂടുതൽ അസ്വസ്ഥയാക്കി.
അവരോടൊന്നും ചോദിക്കാൻ നിൽക്കാതെ ഏട്ടന്റെ മുറിയിലേക്കോടിയ ഞാൻ ഏട്ടനോട് ഒരു വിധം കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയായിരുന്നു.
അന്ന് ചേച്ചിക്ക് വീട്ടിലൊരു കല്യാണാലോചന വന്നിരുന്നത്രേ..
"ചെക്കനും കൂട്ടർക്കും ഇഷ്ടമായ സ്ഥിതിക്ക് നല്ലപോലെ ആലോചിച്ച് നമുക്കിത് നടത്താം മോളെ "
എന്നച്ഛൻ പറഞ്ഞപ്പോൾ ചേച്ചി വിസമ്മതിച്ചത്രേ,
കാരണം തിരക്കിയ അച്ഛനോട് എല്ലാം തുറന്നു സംസാരിക്കാറുണ്ടായിരുന്ന മക്കളായിരുന്നു ഞങ്ങളായതിനാൽ ആ കാര്യവും ചേച്ചി മറച്ചുവച്ചില്ല.
അനിയേട്ടനെ ചേച്ചിക്ക് ഇഷ്ടമാണത്രേ...
അനിയേട്ടൻ ,
അമ്മയുടെ സഹോദരൻ പ്രഭാകരമാമന്റെ മകൻ
ചെറുപ്പത്തിലെ മൂത്തച്ഛൻ നഷ്ടപ്പെട്ട അമ്മമ്മയ്ക്കും, മൂന്ന് പെൺമക്കൾക്കും ആകെയുള്ള ഒരാത്തണിയായിരുന്ന പ്രഭാകരമാമ കുംടുബത്തിന്റെ ബാധ്യത ഭയന്നോ എന്തോ
ഒരു ദിവസം ആരോടും ഒന്നും പറയാതെ വീട്ടിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നത്രേ..
അനാഥരായ ഒരമ്മയുടെയും മൂന്ന് പെൺമക്കളുടേയും അവസ്ഥ അയൽക്കാരനായ അച്ഛന് കണ്ടു നിൽക്കാനായില്ല, മൂത്തമകളായ അമ്മയെ കെട്ടി ആ കുടുംബത്തിന്റെ ചുമതല അച്ഛൻ ഏറ്റെടുക്കുകയായിരുന്നു.
പിന്നിടപ്പോഴേ ഭാര്യയും, മകനുമായി വീട്ടിലേക്ക് കടന്നുവന്ന പ്രഭാകര മാമയേയും, കുടുംബത്തേയും അംഗീകരിക്കാനാവാതെ അമ്മമ്മ ആട്ടിയിറക്കുകയായിരുന്നു.
വാടകവീട്ടിൽ താമസമാക്കിയ ആ കുടുംബം ,പാരലൽ കോളേജ് അധ്യാപകനായ അനിയേട്ടന്റെ വരുമാനത്തിൽ പതുക്കെപതുക്കെ ജീവിച്ചു തുടങ്ങുകയായിരുന്നു.
അതേ കോളേജിൽ പഠിക്കാൻ ചെന്ന ചേച്ചിയുമായി മുറചെറുക്കനായ അനിയേട്ടന് അടുപ്പം തോന്നാൻ അധികനാൾ വേണ്ടിവന്നില്ല.ക്രമേണ അത് പ്രണയത്തിലാവുകയായിരുന്നു.
ആ പ്രഭാകരമാമയുടെ മകനുമായിട്ടുള്ള ബന്ധം അംഗീകരിക്കാൻ ഒരിക്കലും അച്ഛൻ തയ്യാറായിരുന്നില്ല.
മക്കളെ ഒരുപാട് സ്നേഹിച്ചിരുന്ന അച്ഛന്റെ മനസ്സ് സങ്കടപെടുത്താൻ ഒരിക്കലും ചേച്ചി തയ്യാറായിരുന്നില്ല. കൂടെഅമ്മയുടെ കണ്ണീരുംകൂടി ആയപ്പോൾ ചേച്ചി മനസ്സിലാ മനസ്സോടെ ആ കല്യാണത്തിന് സമ്മതം മൂളുകയായിരുന്നു.
ആർഭാടപൂർവ്വം നടത്തിയ കല്യാണ ജീവിതത്തിന് പതുക്കെ പതുക്കെ മങ്ങലേൽക്കുന്നത് ഞാനൊഴികെ ബാക്കിയെല്ലാവരിൽ നിന്നും മറച്ചു പിടിക്കുന്നതിൽ നിന്നുo ചേച്ചി വിദഗ്ദ്ധമായി അഭിനയിച്ചു കൊണ്ടേയിരുന്നു. സ്ത്രീധനം കുറഞ്ഞ പേരിൽ അമ്മായിയമ്മയും, അനിയേട്ടനുമായി ഉണ്ടായിരുന്നബന്ധം മനസ്സിലാക്കിയ ഭർത്താവും അവളെ നിരന്തരം കുറ്റപെടുത്തികൊണ്ടേയിരുന്നു.
മാസത്തിലൊരിക്കൽ സ്വന്തം വീട്ടിലേക്ക് വന്നുകയറുന്ന ചേച്ചി ആരുംകാണാതെ എന്റെ മടിയിൽ തലവച്ച് ഒന്ന് കരഞ്ഞുതീർക്കുമ്പോഴേക്കും തിരികെ ചെല്ലാനായി അറിയിപ്പുകിട്ടിയിരിക്കും. ചേച്ചിയുടെ നിർബന്ധപ്രകാരം
എല്ലാം ഉള്ളിലൊതുക്കി നിർന്നിമേഷയായി നോക്കിനിൽക്കാനേ എനിക്കാവുമായിരുന്നുള്ളു.
എനിക്ക് കല്യാണാലോചന നടക്കുന്ന സമയത്താണ്, ചേച്ചി ഒരുപദേശം പോലെ എന്നോട് പറഞ്ഞത്.
മനസ്സിൽ ആരോടെങ്കിലും ഇഷ്ടം തോന്നിയിട്ടുണ്ടെങ്കിൽ, അത് തിരിച്ചും ആത്മാർത്ഥയായിട്ടുള്ളതാണെങ്കിൽ നീ ചിന്തിക്കണം .നിന്റെ ജിവിതം നിനക്ക് മാത്രം അവകാശപെട്ടതാണ്. നീ ഒരിക്കലും എന്നെപോലെ ആവരുത്.
അതുകൊണ്ടുതന്നെയാണ്, ആഢ്യത്വവും, അഭിമാനവും കൂടെകൊണ്ടുനടക്കുന്ന അച്ഛൻ സമ്മതിക്കില്ലെന്നറിയാമായിട്ടും. ഒത്തിരി ആലോചനകൾക്കു ശേഷം, ഞാൻ ഇഷ്ടപെട്ടതിനേക്കാൾ എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കിയ അന്യജാതിക്കരനായ മനുവേട്ടനൊപ്പം ജീവിക്കാൻ ഞാൻ തീരുമാനിച്ചത്. വാത്സല്യം നിറഞ്ഞൊഴുകുന്ന അച്ഛന്റെ മുഖമായിരുന്നില്ല അപ്പോഴന്റെ മനസ്സിൽ, കരഞ്ഞുകലങ്ങിയ കണ്ണുകളുള്ള ചേച്ചിയുടെ മുഖമായിരുന്നു.
അന്ന് വീട്ടിൽ നിന്നിറങ്ങുമ്പോൾ അച്ഛന്റെ അനുഗ്രഹo വാങ്ങാൻ മനപൂർവ്വം കൈയ്യിൽ കരുതിയിരുന്ന തുവാല അച്ഛന്റെ കാൽക്കൽ ഇട്ട്, ആ കാലുകളിൽ തൊട്ട് വന്ദിക്കുമ്പോൾ ഒരു പ്രാർത്ഥന മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളു.
"ഈ മകളെ ഒരിക്കലും ശപിക്കല്ലേ അച്ഛാ, നാളെ ഒരു പക്ഷേ അച്ഛൻ എല്ലാം മനസ്സിലാക്കുമ്പോൾ എന്റെ ഈ തീരുമാനം അംഗീകരിക്കേണ്ടി വരും."
മനുവേട്ടനെ അംഗീകരിക്കാൻ അച്ഛന് അധികനാൾ വേണ്ടിവന്നില്ല.ഞാൻ വിടുവിട്ടിറങ്ങിയ അന്നുരാത്രി ആദ്യമായി മദ്യപിച്ചു വന്ന് വഴക്കുണ്ടാക്കിയ അച്ഛനോട്, അച്ഛൻ ആലോചിച്ച് നടത്തിയ ചേച്ചിയുടെ ദാമ്പത്യജീവിതം ഒരു പരാജയമാണെന്ന സത്യം വെട്ടി തുറന്നു പറയുകയായിരുന്നു ചേച്ചി.
സ്നേഹം മുതലെടുത്ത് മകളുടെ ജീവിതം നശിപ്പിച്ച കുറ്റബോധം അച്ഛനിൽ ഉണ്ടായത് കൊണ്ടായിരിക്കാം പിറ്റേന്ന്കാലത്ത് വീട്ടിൽ വന്ന് എന്റെം, മനുവേട്ടനേം അംഗീകരിച്ച് കല്യാണം നടത്തിതന്നത് .
ഇന്നിപ്പോ ഞാൻ മനുവേട്ടനോടൊപ്പം ജീവിക്കാൻ തുടങ്ങിട്ട് വർഷം നാല് തികയാൻ പോകുന്നു. കൂടെ ഞങ്ങടെ ഉണ്ണിക്കുട്ടനും കൂട്ടിനുണ്ട്.
നാളെ വീട്ടിലൊരു മംഗളകർമ്മo കൂടി നടക്കാൻ പോകുകയാണ് , എല്ലാവരുടേയും സമ്മതത്തോടെ ഏട്ടൻ സ്നേഹിച്ച പെണ്ണിന്റെ കഴുത്തിൽ താലിക്കെട്ടുകയാണ്.
പിന്നെ ചേച്ചിയുടെ കാര്യം. അവൾ ഡൈവേഴ്സ് കിട്ടാനായി കാത്തിരിക്കുകയാണ് ,അച്ഛന്റെ സമ്മതത്തേടെ അനിയേട്ടന്റെ ഭാര്യയായി വീണ്ടും ജീവിതം തുടങ്ങാൻ.
ആദ്യം വാശിയുടെ പുറത്ത് പലതും കാട്ടികൂട്ടിയെങ്കിലും, മക്കളുടെ മനസ്സ് മനസ്സിലാക്കി ,എനിക്കിപ്പോ മക്കൾ മൂന്നല്ല, ഏഴ് പേരാ എന്നും പറഞ്ഞ്, ചുറുചുറുക്കോടെ ഓടിനടന്ന് കാര്യങ്ങൾ നോക്കി നടത്തുന്ന അച്ഛൻ തന്നെയാണ് എന്നും ഞങ്ങളുടെ ഹീറോ.
പത്മിനിനാരായണൻ

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot