Slider

അങ്ങനൊരു നാളെ

1
അങ്ങനൊരു നാളെ
••••••••••••••••••••••••••••••••••••••
രാത്രി വളരെ വൈകിയാണു
വീട്ടിലെത്തിയത്‌. എയർപോർട്ടിൽ നിന്നുള്ള രണ്ട്‌ മണിക്കൂർ രണ്ട്‌ യുഗങ്ങളെ പോലെ തോന്നിപ്പോയി.
ഇത്രയും ദൂരമോ വീട്ടിലേക്ക്‌? നാലു വർഷത്തിനു ശേഷത്തെ ആദ്യ അവധിക്ക്‌ വരുന്നയാണു.
ടിക്കറ്റ്‌ കണ്ടപ്പൊ തന്നെ സഹമുറിയന്മാർ പറഞ്ഞത്‌
"എയർ ഇന്ത്യയല്ലേ പിറ്റേന്ന് ഉച്ചക്ക്‌ നോക്ക്യാ"
മതീന്നാ.
പക്ഷെ എയർ ഇന്ത്യ പോലും കറക്റ്റ്‌ സമയത്തെത്തി.
എല്ലാരും ഉറക്കത്തിലേക്ക്‌ വഴുതിയിരുന്നു. അമ്മ മാത്രം പാതി വാതിലും ചാരി കാത്തിരിക്കുന്നുണ്ടായിരുന്നു.
വണ്ടിയുടെ ശബ്ദം കേട്ട്‌ മറ്റുള്ളവരും എണീറ്റു. വാടക കൊടുത്ത്‌ വണ്ടിക്കാരനെ പറഞ്ഞ്‌ വിട്ടു വരുമ്പോളേക്കും എല്ലാരും കൂടി വലിയ പെട്ടികൾ ഒക്കെ ഉള്ളിലേക്ക്‌ എടുത്ത്‌ വെക്കുന്ന തിരക്കിലും അമ്മ എന്റെ കൈ പിടിച്ച്‌ കൊച്ചു കുഞ്ഞിനേ പോലെ വീട്ടിലേക്ക്‌ കയറ്റി.
പെട്ടെന്ന് മേലു കഴുകി കഴിക്കാനിരുന്നപ്പൊ മേശപ്പുറത്ത്‌ നൂഡിൽസും ഫോർക്കും. ചോദിച്ചപ്പോ അവൾ പറയാ
"കുട്ടികൾക്കൊക്കെ ഇപ്പൊ ഇതേ വേണ്ടൂന്ന്".
എന്റെ വായും വയറും മാത്രം ചക്കക്കുരു കറിക്കും വെന്തടിഞ്ഞ റേഷനരി ചോറിനും കൊതിക്കുകയായിരുന്നു.
പാതി കഴിച്ച്‌ എഴുന്നേറ്റ്‌ കൈ കഴുകുന്നതിനിടയിൽ അരണ്ട വെളിച്ചത്തിൽ കോഴിക്കൂടിലേക്ക്‌ നോക്കിയപ്പൊ നിറയെ കോഴികൾ. ഒന്നിനു മുകളിൽ ഒന്നായി കിടക്കുകയാ. കുറച്ച്‌ ദൂരെയുള്ള തൊഴുത്തിൽ കറുപ്പിൽ വെള്ള പുള്ളിയുള്ള അമ്മിണി പശു നിൽക്കുന്നു. മുറ്റത്തെ തെങ്ങിനു ചുറ്റും പഴയ പോലെ തന്നെ ചീരകൾ തലപൊക്കി എന്നെ നോക്കുന്നത്‌ പോലെ എനിക്ക്‌ തോന്നി.
കിടന്നിടത്ത്‌ നെഞ്ചിലെ രോമങ്ങളിലവൾ നഖം കൊണ്ട്‌ വരക്കുമ്പോളും ഇടനേരം എന്റെ മനസ്സ്‌ നിറയെ രാവിലെ എണീറ്റ്‌ അമ്മിണി പശുവിനെ തൊഴുത്തിന്നിറക്കുന്നതിലും കോഴികളെ എണ്ണുന്നതിലും ഒക്കെ ആയി പോയി.
യാത്രാക്ഷീണം കൊണ്ട്‌ നല്ല ഉറക്കം കിട്ടിയെങ്കിലും മോളുടെ കുലുക്കി വിളി കൊണ്ട്‌ കൂടുതൽ ഉറങ്ങാൻ കഴിഞ്ഞില്ല. വീഡിയോ കോളിൽ കണ്ട അച്ഛന്റെ വയർ കണ്ട്‌ അന്ധാളിച്ച അവളെയും ഒക്കത്തെടുത്ത്‌ ബ്രഷിൽ പേസ്റ്റുമാക്കി കോഴിക്കൂടിനടുത്തെത്തിയപ്പൊ ഞെട്ടി പോയി.
കോഴിക്കൂട്‌ നിറയെ തേങ്ങ മടൽ നിറച്ചിരിക്കുന്നു. അമ്മിണി പശുവിനെ തിരഞ്ഞ കണ്ണുകളിൽ തൊഴുത്തിൽ നിറയെ പുള്ളിയുള്ള തുണികൾ ഉണക്കാനിട്ടിരിക്കുന്നു. മുറ്റത്തെ തെങ്ങിനു ചുറ്റും ചട്ടികളിൽ മണമില്ലാത്ത കുറേ പൂക്കളും.
ഉച്ചക്ക്‌ ടി വിയിൽ മോഹൻലാലിന്റെ "വരവേൽപ്പ്‌ " അരങ്ങ്‌ തകർക്കുമ്പോളാ പെട്ടെന്ന് ചാനൽ മാറി സീരിയൽ വന്നത്‌. കൈയിലിരുന്ന റിമോട്ട്‌ അറിയാതെ അമർന്നതാണെന്നോർത്ത്‌ മാറ്റാൻ നോക്കുമ്പോ ഉണ്ട്‌ അവൾ മൊബൈൽ വഴി ചാനൽ മാറ്റുന്നു.
അന്ധാളിച്ചെങ്കിലും മിണ്ടാതെ എഴുന്നേറ്റ്‌ പത്രം നോക്കാനിരുന്നു. പീഡനവും കുട്ടികളെ തട്ടിക്കൊണ്ട്‌ പോക്കും നിറഞ്ഞത്‌ കണ്ട്‌ അത്‌ കളഞ്ഞ്‌ സ്കൂൾ വിട്ട്‌ വരുന്ന മോളെയും നോക്കി ഇരുന്നു.
ഓടി വരുന്ന അവളുടെ കിന്നാരങ്ങൾ പ്രതീക്ഷിച്ച്‌ കാത്തിരുന്നപ്പൊ ഇറങ്ങി വരും വഴി ബാഗിൽ നിന്ന് എടുത്ത ടാബിലേക്ക്‌ അവളും തല കുമ്പിട്ടു.
വൈകുന്നേരവും ടാബിലെ അവളുടെ കളി കണ്ട്‌ മടുത്തപ്പോ
"പഠിക്കാനൊന്നൂല്ലേ മോളേ" ന്ന് ചോദിച്ചപ്പൊ ആദ്യം
"ആ പഠിക്കാം"
ന്ന് പറഞ്ഞ അവൾ പിന്നീട്
‌ "ഒന്ന് പോയേ അച്ഛാ ശല്ല്യപ്പെടുത്താതെ"
എന്ന് പറഞ്ഞത്‌ കേട്ട്‌ മിണ്ടാതെ കോലായിലെ ചാരു കസേരയിൽ അമ്മ കൊണ്ടു വന്ന കട്ടൻ കാപ്പി കുടിച്ച്‌ കൊണ്ടിരിക്കുമ്പൊളാ വാട്ട്സപ്പിൽ ഒരു ണിം കേട്ടത്‌ . നോക്കുമ്പോ മോളുടെ ഗുഡ്‌ ഈവിനിംഗ്‌ മെസ്സേജാ.
ഇടക്ക്‌ ഓർമ്മയെ കാലം കൊണ്ട്‌ പോയ അച്ചമ്മ പറയുന്നുണ്ടായിരുന്നു
"മോൻ ഇമോയിൽ വന്നാൽ ഒന്ന് അച്ചമ്മക്ക്‌ കാണണേന്ന്"
മൂന്ന് കുപ്പി തീർന്നപ്പൊ പോയ വഴി പിന്നീട്‌ കണ്ടിട്ടില്ലാത്ത ചങ്ങാതിമാരിൽ ഒരാളെ വിളിച്ച്‌ ടിക്കറ്റ്‌ മാറ്റി നേരത്തെ ആക്കാൻ ഏൽപിച്ച്‌ ഫോൺ വെക്കുമ്പോ ആ ലേബർ ക്യാമ്പിലെ ഇരു നിലകട്ടിലിലെ ഏകാന്തതയെ അയാൾ സ്വപ്നം കാണുകയായിരുന്നു.
✍️ഷാജി എരുവട്ടി..
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo