Slider

പാവം ഞാൻ

0
പാവം ഞാൻ
···························
ഞാൻ എന്നും കോളേജിൽ പോയിക്കൊണ്ടിരുന്നത് എട്ടു മണിക്കുള്ള ബസിനാണ്. വീടിൻ്റെ മുൻപിലൂടെ പോകുന്ന ആദ്യത്തെ ബസ് . അന്നൊക്കെ ഗുളിക കഴിക്കുന്നതു പോലെ രാവിലെയും, ഉച്ചക്കും ,വൈകിട്ടും മാത്രമായിരുന്നു ആ വഴി ബസുള്ളത്. അല്ലാത്തപ്പോൾ കുറച്ചധികം ദൂരം നടന്നു വേണം ബസ് പിടിക്കാൻ. കോളേജ് കുമാരിമാരുടെയും കുമാരൻമാരുടെയും ഒരു ഗ്യാങ് ഉണ്ടാകും ആ ബസിൽ. സീറ്റൊക്കെ ഫുൾ ടിക്കറ്റുകാർക്കു വിട്ടു കൊടുത്തു കൊണ്ട് ഞങ്ങൾ നാലഞ്ചു കുമാരിമാർ പെട്ടിപ്പുറത്തു നിരന്നിരിക്കും.ഡ്രൈവറിനെയും കണ്ടക്ടറിനെയും കിളിയെയും തുടങ്ങി ആ ബസ്സിലുള്ള എല്ലാവരെയും കമന്റടിക്കും. ചിരിയും വർത്തമാനവും നിർത്തുന്നത് ഇറങ്ങേണ്ട സ്റ്റോപ്പ് എത്തുമ്പോഴാണ്. ഒന്നും മിണ്ടാതെ, ഒരു പുഞ്ചിരിയോടെ വളയം തിരിച്ചു കൊണ്ട് ഡ്രൈവർ ചേട്ടൻ ഞങ്ങളുടെ കലപിലകളൊക്കെ ആസ്വദിക്കും.
അങ്ങനെ പരീക്ഷാക്കാലമായി. എന്നും സ്പെഷ്യൽ ക്ലാസുകൾ.... ഒന്ന് രണ്ടാഴ്ച കഴിഞ്ഞ് സ്പെഷ്യൽ ക്ലാസ് ഇല്ലാതിരുന്ന ഒരു ദിവസം ഞാൻ വീണ്ടും നമ്മുടെ സ്വന്തം ബസിൽ കയറി. കൂട്ടുകാരെല്ലാം ആർത്തു വിളിച്ചു കൊണ്ട് എന്നെ എതിരേറ്റു. ഞാൻ കുറച്ചു ദിവസം ഇല്ലാതിരുന്നപ്പോൾ എൻ്റെ സ്ഥലം കയ്യേറിയ ഒരുത്തിയെ മനസ്സിൽ തെറി പറഞ്ഞു കൊണ്ട് ഞാൻ ഡ്രൈവർ ചേട്ടൻ്റെ സീറ്റിൻ്റെ പുറകിൽ, കമ്പിയിൽ പിടിച്ചു നിന്നുകൊണ്ട് പെട്ടിപ്പുറത്തിരിക്കുന്നവളുമാരോട് വാചകമടി തുടങ്ങി. ബസ് വളവു തിരിയുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും ആടിയും ചെരിഞ്ഞും കഷ്ടപ്പെട്ടാണ് നിൽക്കുന്നതെങ്കിലും, കേൾവിക്കാരെ ഒരു ഫുൾസ്റ്റോപ്പ് ഇട്ടു പോലും വിഷമിപ്പിക്കാതെ രണ്ടാഴ്ചത്തെ വിശേഷങ്ങളൊക്കെ പറഞ്ഞു കൊണ്ട് നിൽക്കുമ്പോൾ നമ്മുടെ ഡ്രൈവർ ചേട്ടൻ വണ്ടി ഓടിക്കുന്നതിനിടയിൽ തലചെരിച്ച്‌, എന്നെ ഒന്നു കടാക്ഷിച്ചുകൊണ്ട് മെല്ലെ പറഞ്ഞു .
" കുറെ ദിവസം എനിക്ക് ഭയങ്കര വിഷമമായിരുന്നു"
ചേട്ടൻ ആ പറഞ്ഞതിനെ സംശയത്തോടെ എടുക്കാനുള്ള ബുദ്ധി എനിക്കന്ന് ഇല്ലാതിരുന്നതു കൊണ്ട് ഞാൻ നിഷ്കളങ്കതയോടെ ചോദിച്ചു .
" അതെന്നാ പറ്റി ചേട്ടാ? "
"നീ വണ്ടിയേൽ ഇല്ലാരുന്നോണ്ട്... "
എനിക്കെന്തോ അപകടം മണത്തു. എങ്കിലും ഒന്നും മനസ്സിലാകാത്ത മട്ടിൽ ഞാൻ ചോദിച്ചു
"അതിനെന്നാ ?"
"അതുപിന്നെ നീ വണ്ടിയേലൊണ്ടേൽ ഞാൻ ഹോണടിക്കണ്ട ആവശ്യം ഇല്ലല്ലോ ...നിൻ്റെ ചിലപ്പ്‌ കേട്ട് ആൾക്കാര് മാറിക്കോളും".
പാവം ഞാൻ !
ലിൻസി വർക്കി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo