Slider

"നല്ല ചില അപകടങ്ങൾ "!

0
"നല്ല ചില അപകടങ്ങൾ "!
"എന്താ സംഭവം ?? ആരാ കൊണ്ടുവന്നേ ?"
ഡോക്ടർ സതീഷ് ബെഡിൽ കിടക്കുന്ന രോഗിയെ നോക്കിക്കൊണ്ട് ചോദിച്ചു.
" പോലീസ് ആംബുലൻസ് സർവീസ് കൊണ്ടുവന്നതാ.. ആക്സിഡന്റ് ആണത്രേ"
"എന്താ സിസ്റ്റർ ആക്സിഡന്റ് ഡീറ്റയിൽസ് ?"
"കാർ ടു കാർ , ഹെഡ് ഓൺ കൊളീഷൻ, സ്പീഡ് നിയർലി എയിറ്റി കിലോമീറ്റർ പേർ അവർ , ഡ്രൈവർ വിത്ത് സീറ്റ് ബെൽറ്റ്, നോട്ട് ഇജക്റ്റഡ് ഔട്ട് , നോ ലോസ് ഓഫ് കോൺഷ്യസ്നസ് ,നോ വോമിറ്റിംഗ്, സീറ്റ് ബെൽറ്റ് സ്കാർ ഓൺ ചെസ്ററ് ആൻഡ് അബ്‌ഡൊമൻ ,പെയിൻ ഓൺ രൈട്ട്‌ സൈഡ് ഓഫ് ദി ഹിപ് , വിത്ത് ലിറ്റിൽ ഡിസിനസ് "
" ആരാ കണ്ടേ ?"
"ഡോക്ടർ ഖദീജ "
എന്തൊക്കെ ഓർഡർ ചെയ്തു "
"നോ ഓർഡർസ് യെറ്റ് .. ഞങ്ങൾ ഓർഡർ വെയിറ്റ് ചെയ്യുന്നു "
" ഉം .. ലോഗ് റോൾ ചെയ്ത് നോക്കിയോ ?? ബാക്ക് ഇഞ്ചുറി എന്തെങ്കിലും ?"
( ലോഗ് റോൾ എന്നാൽ രോഗിയെ മൂന്നു പേർ ചേർന്ന് ഒരേ സമയം ഏതെങ്കിലും ഒരു വശത്തേക്ക് ചെരിക്കുന്നു . ഒരാൾ തലയും കഴുത്തും നിയന്ത്രിക്കുമ്പോൾ മറ്റു രണ്ടു പേർ ശരീരം നിയന്ത്രിക്കുന്നു . നാലാമത്തെ ആൾ നട്ടെല്ലിന് ക്ഷതം സംഭവിച്ചീട്ടുണ്ടോ എന്ന് പരിശോധിക്കുന്നു. നട്ടെല്ലിന് എന്തെങ്കിലും ക്ഷതം ഉണ്ടെങ്കിൽ തോന്നുന്ന പോലെ രോഗിയെ തിരിച്ചാൽ രോഗിക്ക് പാരാലിസിസ് വരാനും ചിലപ്പോൾ മരണം തന്നെ സംഭവിക്കാനും സാധ്യതയുണ്ട് )
"ഇല്ല .. ലൊഗ്‌ റോൾ ചെയ്യണം , പിന്നെ ഡോക്ടർ ഇയാൾ ഇൻടോക്സികേറ്റഡ് ആണെന്ന് തോന്നുന്നു , അടുത്ത് ചെല്ലുമ്പോൾ മദ്യത്തിന്റെ മണം "
" ഉം ശരിയാ സിസ്റ്റർ എനിക്കും തോന്നുന്നു "
ഡോക്ടർ രോഗിയുടെ അടുത്ത് ചെന്ന് നിന്ന് പറഞ്ഞു .
അല്ലെങ്കിലും പോലീസ്കാരുടെ കയ്യിലെ ആ മെഷീന്റെ ആവിശ്യമൊന്നും ഇല്ല എമാർജൻസിയിലെ ഡോക്ടർമാർക്കും നഴ്സുംമാർക്കും ... അന്യായ ഘ്രാണശക്തിയാ!!
ഞങ്ങൾ സംസാരിച്ചു നിന്നപ്പോൾ ഡോക്ടർ ഖദീജ വന്നു . അവർ ജൂനിയർ ഡോക്ടർ ആണ് , ഡോക്ടർ സതീഷ് സീനിയറും . അവർ ചർച്ച തുടങ്ങിയപ്പോൾ ഞാൻ നോട്സ് എഴുതി തീർക്കാൻ സിസ്റ്റത്തിന് മുൻപിൽ ഇരുന്നു .
എങ്കിലും അവരുടെ സംഭാഷണം ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ബെഡിൽ കിടക്കുന്ന രോഗിയുടെ മുഖത്ത് ഒരു കൂസലില്ലായ്മയാണ് .
' ഇതൊക്കെ ഞാൻ കുറെ കണ്ടതാ ഭായ് ' എന്ന ഭാവം .
അല്പം മുൻപ് ട്രയാജ് ചെയ്യുമ്പോൾ ' താങ്കൾ മദ്യപിച്ചീട്ടുണ്ടോ?' എന്ന എന്റെ ചോദ്യത്തിന് 'എന്താ മദ്യപിച്ചവരെ നിങ്ങൾ ചികിത്സിക്കില്ലേ ? അതോ നിങ്ങളുടെ വീട്ടിൽ ആരും മദ്യപിക്കാറില്ലേ ?' എന്ന മറുചോദ്യമായിരുന്നു സൈഫ് എന്ന ആ പതിനെട്ടുകാരന്റ ഉത്തരം!!
അപ്പോൾ അയാളുടെ മുഖത്തെ ഭാവം കണ്ടാൽ ആ ആക്സിഡന്റ് ഉണ്ടാവാൻ കാരണം ഞങ്ങളാരോ ആണെന്ന് തോന്നിപോകും .
വന്ന ദേഷ്യം വളരെ കഷ്ടപ്പെട്ടാണ് ഞാൻ അടക്കിയത്!!
എന്ത് ചെയ്യാൻ ...രോഗിയല്ലേ?
സൈഫിന് എന്തെങ്കിലും കാര്യമായ കുഴപ്പം ഉള്ളതായി തോന്നിക്കുന്നില്ല .
പക്ഷെ ആക്സിഡന്റിന്റെ സ്വഭാവം കൂടി കണക്കിലെടുത്തെ പറ്റൂ . ചിലപ്പോൾ ആന്തരിക രക്തസ്രാവങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട് .. പുറമെ രോഗിയെ കണ്ടാൽ കുഴപ്പമൊന്നും തോന്നിക്കില്ല .
" ഖദീജ , ആ കാർ പിക്ച്ചർ കണ്ടിരുന്നോ ?"
ഡോക്ടർ സതീഷ് ചോദിച്ചു
" കണ്ടു ഡോക്ടർ , മുൻ ഭാഗം ഏതാണ്ട് പൂർണമായും തകർന്നീട്ടുണ്ട് . എയർ ബാഗ് ഓപ്പൺ ആണ് "
" എങ്കിൽ അല്പം സൂക്ഷിക്കണം , സി ടി സ്കാൻ വേഗം ചെയ്യണം .. ഇന്റെര്ണൽ ഹെഡ് ഇഞ്ചുറിക്കും സ്‌പൈനൽ ഇഞ്ചുറിക്കും സാധ്യതയുണ്ട് "
രോഗിയുടെ അടുത്ത് നിന്നാണ് അവരുടെ സംസാരം .. സൈഫിന് നന്നായി ഇംഗ്ലീഷ് അറിയാം .
ഞാൻ സൈഫിനെ നോക്കി .. അവന്റെ മുഖഭാവം മാറുന്നുണ്ട് . അയാൾക്ക് എല്ലാം മനസ്സിലാവുന്നുണ്ട് .
ഡോക്ടർ സതീഷ് തുടർന്നു ..
" ഖദീജ ,സീറ്റ് ബെൽറ്റ് മാർക് ഉണ്ടല്ലേ ? അപ്പോൾ അബ്‌ഡോമിനൽ ട്രോമായും ഒഴിവാക്കാനാവില്ല. വയറിനുള്ളിലെ ബ്ലീഡിങ് കുറച്ചു താമസിച്ചേ അറിയൂ .. അതുകൊണ്ട് എല്ലാം വേഗമാവട്ടെ "
ഞാൻ സൈഫിന്റെ മോണിറ്ററിലേക്ക് നോക്കി, ഒരു അറുപത്തി എട്ട് എഴുപത്തി രണ്ട് റേഞ്ചിൽ ഓർഡിനറി ബസ് പോലെ പൊയ്ക്കൊണ്ടിരുന്ന ഹാർട്ട് നൂറ് നൂറ്റിപ്പത്ത് സ്പീഡിൽ ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ ആയി മാറിയിട്ടുണ്ട്!!
മുഖത്തെ കൂസലില്ലായ്മയും പുച്ഛവും മാറി ഇപ്പം കരയും എന്ന ഭാവം .
ആക്സിഡന്റ് രോഗിയുടെ ഹൃദയമിടിപ്പ് പെട്ടന്ന് കൂടിയാൽ അതും ഉള്ളിലുള്ള രക്തസ്രാവത്തിന്റെ ലക്ഷണമായേ കണക്കാക്കു. ഇവിടെയും അതുതന്നെ സംഭവിച്ചു .
"സീ ഖദീജ .. ഡോണ്ട് ഡിലേ .. സിസ്റ്റർ ഫാസ്ററ്.. ട്രോമാ ടീം ആക്ടിവേറ്റ് ചെയ്യൂ.. റിസ്ക് എടുക്കണ്ട .. ഹാർട്ട് റേറ്റ് കൂടുന്നു .. ചിലപ്പോൾ എന്തെങ്കിലും ഇന്റെര്ണൽ ഇഞ്ചുറി ഉണ്ടാവും.."
ഡോക്ടർ സതീഷ് ധൃതികൂട്ടി
പയ്യൻ വിരണ്ടു പോയി ഓർഡിനറി ഹൃദയം ഫാസ്റ്റ് പാസഞ്ചർ ആയതാണ് !!
എമര്ജെന്സിയിലെ ഡോക്ടർമാരും നഴ്സുമാരും പിന്നെ കുറെ സ്റ്റുടെന്റ്സും പയ്യനു മുകളിൽ ചാടി വീണു ..
മൂന്നു മിനിറ്റിൽ പാഞ്ഞു വന്ന ട്രോമാ ടീം കേസ് ഏറ്റെടുത്തു .. ആകപ്പാടെ അടിപൊളി ജഗപൊക!
" ടു ബിഗ് ഗേജ് കാനുല, സ്റ്റാർട് ഓക്സിജൻ, ടു ലിറ്റെർസ് ഫ്ലൂയിഡ് ഫാസ്റ്റ് , ചെസ്ററ് ആൻഡ് പെൽവിക് എക്സ് റേ,സി റ്റി സ്കാൻ ആസ് ഫാസ്റ്റ് ആസ് പോസ്സിബിൾ ,സെൻറ് ആൾ ബ്ലഡ് ടെസ്റ്റ് ആൻഡ് ക്രോസ് മാച്ച് , ഫിനിഷ് പ്രൈമറി ആൻഡ് സെക്കന്ററി സർവേ , ഗീവ് ആന്റിബയോറ്റിക് ആൻഡ് റ്റെറ്റനസ് ടോക്സൈഡ് , കീപ് ആൻ ഐ ഓൺ ബ്ലഡ് പ്രെഷർ, കീപ് അൺ ക്രോസ് മാച്ച് ബ്ലഡ് സ്റ്റാൻഡ് ബൈ "
ട്രോമാ ടീം ലീഡർ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു ..
രണ്ടു വലിയ കാനുല രണ്ടു കയ്യിലും , ഡ്രിപ്പ് , ഓക്സിജൻ ,കാർഡിയാക് മോണിറ്റർ, പോർട്ടബിൾ എക്സ് റേ , സി ടി സ്കാനിലേക്ക് ധൃതി പിടിച്ച ഫോൺ വിളികൾ , എല്ലാ മുഖങ്ങളിലും ഉള്ള ഗൗരവ ഭാവം ഒക്കെകൂടി കണ്ട് പയ്യൻസിന്റെ ഫാസ്റ്റ് പാസഞ്ചർ ഹൃദയം സ്പീഡ് വീണ്ടും കൂട്ടി ഒരു എക്സ്പ്രസ് റേഞ്ചിൽ ഓടുന്നു .
അതി ദയനീയമായ ഭയന്ന മുഖഭാവം !
സിടി സ്കാനിനായി പോകുമ്പോൾ സ്വരമിടറി അവൻ ചോദിച്ചു
" സിസ്റ്റർ ഞാൻ മരിക്കുമോ ?"
" ഇല്ല സൈഫ് .. പേടിക്കണ്ടാ "
" ആ ഡോക്ടർ എന്തൊക്കെയോ പറയുന്നത് കേട്ടല്ലൊ?"
"അത് കാര്യമാക്കണ്ട .. സാധാരണ ആക്സിഡന്റ് പറ്റി വരുന്ന രോഗികൾക്ക് ഉണ്ടാവാൻ സാധ്യതയുള്ള കാര്യങ്ങൾ പറഞ്ഞതാ . സൈഫിന് അതൊക്കെ ഉണ്ട് എന്നല്ല "
" സിസ്റ്റർ എന്നെ സമാധാനിപ്പിക്കാൻ പറയുവാണോ ?"
"അല്ല .. രോഗികളോട് പൊതുവെ ഞങ്ങൾ കള്ളം പറയാറില്ല "
"സിസ്റ്റർ ഞാൻ മദ്യപിച്ചീട്ടുണ്ട് "
"മനസിലായി.. എങ്കിലും ചോദിച്ച് ഉറപ്പുവരുത്തേണ്ടത് എന്റെ ജോലിയുടെ ഭാഗമാണ്."
" ഞാൻ കുടിക്കാൻ പാടില്ലായിരുന്നു സിസ്റ്റർ, തെറ്റ് പറ്റിപ്പോയി , സിസ്റ്ററിനോടും അറിയാതെ ഞാൻ എന്തോ പറഞ്ഞു . ക്ഷമിക്കണം "
"സാരമില്ല .. ഇനി കുടിക്കാതിരുന്നാൽ മതി "
" തീർച്ചയായും .. ഇനി ഞാൻ കുടിക്കില്ല "
അര മണിക്കൂർ മുൻപ് സ്വരത്തിൽ മുഴുവൻ അഹംഭാവം നിറച്ച് സംസാരിച്ചവനാണ് ഇപ്പോൾ ഇങ്ങനെ സംസാരിക്കുന്നത് . മരണഭയം മനുഷ്യനെ മാറ്റുന്നു .
ഭാഗ്യത്തിന് സിടി റിസൾട്ടുകൾ കുഴപ്പമില്ലായിരുന്നു .
എന്നാലും ആ റിസൾട്ട് വരുന്നതുവരെയുള്ള അരമുക്കാൽ മണിക്കൂർ സൈഫിന്റ ജീവിതത്തിൽ അയാൾ മറക്കില്ലെന്ന് ഉറപ്പ് .
ഇത് ഓര്മയുള്ളിടത്തോളം അയാൾ മദ്യപിക്കുകയും ചെയ്യില്ല ..
അയാളെ ഡിസ്ചാർജ് ചെയ്യാനായി ക്യാനുല ഊരുമ്പോൾ മെയിൽ നേഴ്സ് ലിജോ എന്നോട് പറഞ്ഞു
" കാർ ഒന്ന് പൊളിഞ്ഞു പാളീസായെങ്കിൽ എന്താ.. ചെക്കനെ ദുർഗുണ പരിഹാര പാഠശാലയിൽ ചേർത്ത് നല്ല പിള്ളയാക്കിയ എഫെക്ടാ .. ഇപ്പം എന്നാ ഒരു തങ്കപ്പെട്ട സ്വഭാവം..പുലിപോലെ വന്ന് പൂച്ചക്കുട്ടിയായി.. പാവം "
ഞങ്ങളോടൊക്കെ വിനയത്തോടെ നന്ദി പറഞ്ഞു പോകുന്ന സൈഫിനെ കണ്ടപ്പോൾ ഞാൻ ഓർത്തു " ചില അപകടങ്ങൾ നല്ലതാണ്.. ചിലർക്ക് !!"
വന്ദന
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo