☆☆ കാർത്തിയുടെ സ്വപ്നം ☆☆
~~~~~~~~~~~~~~~~~~~~~
~~~~~~~~~~~~~~~~~~~~~
ആത്മഹത്യ ചെയ്താലോ എന്ന് ജീവിതത്തിലൊരിക്കലെങ്കിലും തോന്നാത്തവരുണ്ടാവുമോ ? അങ്ങിനെയൊരു വെറും തോന്നലേ ഇന്നു രാവിലെ അവനുമുണ്ടായിരുന്നുളളൂ. വിനു സൈലേഷിന്.. ഇരുപത്തിരണ്ട് വയസ്സുള്ള... നല്ല സ്നേഹമുള്ള ഒരു ഡാഡിയുടേയും മമ്മിയുടേയും ഒറ്റ മകന്..!
പക്ഷേ ഇതിപ്പോ.. ഈ നട്ടുച്ച വെയിലിൽ ഈ പതിമൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി ചത്തേ മതിയാവൂ എന്ന അവസ്ഥ ആയിരിക്കുന്നു. നാട്ടിലിനി ആരും അറിയാനില്ല. താഴെ മൊബൈലുകളുമായി കാത്തു നില്ക്കുന്ന ആൾക്കൂട്ടം.. വലയുമായി നില്ക്കുന്ന ഫയർഫോഴ്സുകാർ.. കുടയുമായി നില്ക്കുന്ന ചാനലുകാർ.. കണ്ണീരുമായി നില്ക്കുന്നത് അമ്മ മാത്രവും.
ഈ ആത്മഹത്യ എന്ന ചിന്ത അവനിന്നോ ഇന്നലേയോ ഉണ്ടായതല്ല. സ്വന്തം വീട്ടുകാരുടെ സ്വപ്ന ഭാരങ്ങളൊക്കെ അടിച്ചേല്പിക്കപ്പെടുന്ന ഒരു മലയാളി അണുകുടുംബത്തിലെ ഏതൊരു കൗമാരക്കാരനേയും പോലെ പണ്ടേ തുടങ്ങിയതാണിത്. ആദ്യം പത്താം ക്ളാസ് റിസൽട്ടിന്, പിന്നെ പ്ളസ് ടൂ റിസൽട്ടിന്, പിന്നെ എൻട്രൻസിൽ ഡോക്ടർ സ്വപ്നം പൊലിഞ്ഞതിന്, പിന്നെ എൻജിനീയർ ആവാൻ ശ്രമിച്ച് ഒടുവിൽ അതിലും സപ്ളി പരീക്ഷകളുടെ കിനാക്കൾ തകർന്നു വീണ ഇന്നലത്തെ വൈകുന്നേരത്തിന്!
ഇതിപ്പോ, ഒരു കണ്ണീർ സ്മൈലിക്കൊപ്പം രാവിലെ വന്ന ഒരു മെസേജ് ആണ് അവനെ വീട്ടിൽ നിന്നിറങ്ങാൻ പ്രേരിപ്പിച്ചത്. പ്ളസ് ടൂ മുതൽ പ്രണയിച്ചിട്ടും ഒരു ആസ്ത്രേല്യൻ എൻ. ആർ. ഐ യെ കിട്ടിയപ്പോൾ പ്രിയ കാമുകി കീർത്തി രാജീവ് അയച്ച ഒരു തേപ്പ് മെസേജ്. ബൈക്കുമെടുത്ത് വീട്ടിൽ നിന്നിറങ്ങുമ്പോൾ ആരും കാണാതെ ഒറ്റക്കിരുന്നൊന്നു കരയണമെന്ന് മാത്രമാണ് അവൻ ആഗ്രഹിച്ചത്. മഹാനഗരത്തിലെ ഈ കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ മരണത്തിലേക്ക് കാലാട്ടി ഒന്നു വെറുതേ ഇരിക്കണമെന്ന് മാത്രമാണ് അവനു തോന്നിയത്.
പക്ഷേ സംഗതികളൊക്കെ കുഴഞ്ഞു മറിഞ്ഞത് പെട്ടെന്നായിരുന്നു. ആരുടേയോ ചുണ്ടിക്കാട്ടലിനും ശ്രദ്ധ ക്ഷണിക്കലിനുമപ്പുറം ഒരു യുവാവിന്റെ ആത്മഹത്യ ശ്രമം ലോക്കൽ ചാനലുകളിൽ ലൈവാവാൻ അര മണിക്കൂർ പോലുമെടുത്തില്ല. അവനെ പിന്തിരിപ്പിക്കാനുള്ള ശ്രമവുമായി മുകളിലും താഴേയുമായി ഒരു പാട് പേർ ഒത്തുകൂടിയപ്പോൾ ഇനിയിപ്പോ ചത്തേ മതിയാവൂ എന്നവനുറപ്പിച്ചു. അവൻ അലറി..
" അടുക്കരുതാരും.. ഞാൻ ചാടിക്കളയും..!"
എന്നിട്ടും അവനെ പിടിച്ചു മാറ്റാൻ അവർ അടുത്തപ്പോൾ എവിടേനിന്നോ കിട്ടിയ ധൈര്യത്തിൽ താഴത്തേ സൺഷേഡിനു മുകളിലേക്കവൻ ചാടി. വെറും ഒന്നരയടി വീതി മാത്രമുള്ള ആ സൺഷേഡിലൂടെ ചുമരിനോട് ചേർന്ന് അവൻ നടന്നു. ശക്തിയായടിക്കുന്ന കാറ്റിലും അവന്റെ നെഞ്ചിടിപ്പവനു കേൾക്കാമായിരുന്നു. താഴേ നിരനിരയായി പോകുന്ന ചുവന്ന സിറ്റി ബസുകൾ ശവംതീനിയുറുമ്പുകളെപ്പോൽ അവനു തോന്നിച്ചു. താഴെ മൊബൈലുകളും, കുടകളും, വലകളും അവനൊപ്പം നീങ്ങി.
അവരുടെ കണ്ണിൽ നിന്നും രക്ഷപ്പെടാനെന്നവണ്ണം അവൻ ആ കെട്ടിടത്തിന്റെ തെക്കു വശത്തേക്ക് നീങ്ങി. ഇതേ ഉയരത്തിൽ തന്നെ നില്ക്കുന്ന മറ്റൊരു കെട്ടിടമാണപ്പുറം. ഇവക്കിടയിൽ താഴെ ഒരഴുക്കുചാൽ മാത്രം. അധികം ഗ്യാപ്പില്ലാത്തതു കൊണ്ട് ജനലുകളുമില്ല. ഇവിടെ തന്നെയിരിക്കാം. അതെ..ഇവിടെ ഇരുന്നാൽ
ആരും കാണില്ല. പക്ഷേ.. എന്തോ, എവിടേയോ തട്ടുന്ന ശബ്ദം കേൾക്കുന്നുണ്ട്. കെട്ടിടത്തിനകത്തോ, പുറത്തോ..?
ആരും കാണില്ല. പക്ഷേ.. എന്തോ, എവിടേയോ തട്ടുന്ന ശബ്ദം കേൾക്കുന്നുണ്ട്. കെട്ടിടത്തിനകത്തോ, പുറത്തോ..?
പെട്ടെന്നവനൊന്നു ഞെട്ടി. കേബിളുകൾക്കും പൈപ്പുകൾക്കും ഇടയിൽ നിന്ന് പെട്ടെന്നൊരു തല ഉയർന്നു വന്നു. തൂങ്ങിയാടുന്ന ഒരു കയറിലിരുന്ന് പൈപ്പുകൾക്കിടയിൽ കൈയിട്ട് പണിയുന്നൊരുത്തൻ. ഇവന്റെ തന്നെ പ്രായമേ ഉണ്ടാവൂ.
ഇവനെ കണ്ട് അവനും ഞെട്ടി. പിന്നെയൊരു ചിരി..
"ഹ..ഹ..ഹ.. ബ്രോ ആരുന്നാ...?"
കയ്യിലിരുന്ന ഒരു കമ്പി എവിടെക്കോ താഴ്ത്തുകയോ വലിക്കുകയോ ഒക്കെ ചെയ്തീട്ട് അവൻ പിന്നേയും പറഞ്ഞു.
" നുമ്മ കണ്ടേർന്നു.. വാട്ട്സാപ്പിലൊക്കെ വന്ന്..!"
"എന്ത്...?"
" ബ്രോ ഇവടെ മരിക്കാൻ കേറീത്..!"
വിനുവിന് ഒന്നും പറയാനുണ്ടായിരുന്നില്ല..!
" ഹ..ഹ..ഹ.. എന്നാലും കൊള്ളാട്ടാ... ഇത്രേം പൊക്കത്തില് നുമ്മ രണ്ടാളും..! ഒരാള് മരിക്കാൻ..! ഒരാള് ജീവിക്കാൻ..! ഹ..ഹ..ഹ.."
ദേഷ്യം വന്നെങ്കിലും വിനു മൗനം പാലിച്ചു. ഇവനോടൊക്കെ പറഞ്ഞിട്ട് എന്താണ് കാര്യം. വെറുപ്പോടെ ഒന്നു നോക്കുക മാത്രം ചെയ്തു.
"ദേഷ്യായല്ലേ..?"
വിനു ഒന്നു നോക്കി അവനെ.. പിന്നെ പറഞ്ഞു !
" ഇങ്ങനെ ഒരർത്ഥവും ഇല്ലാതെ ജീവിക്കുന്നതിലും നല്ലത് മരിക്കണതാടോ.."
മറുപടി പറയാതെ ഒന്നു ചിരിച്ച് അവൻ ആ പൈപ്പിൻ കൂട്ടത്തിലേക്ക് പണികളിലേക്ക് മടങ്ങി. കുറച്ചു നേരത്തെ ശ്രമത്തിനു ശേഷം ഒരു ദീർഘശ്വാസമെടുത്ത് വിട്ട് വിശ്രമിക്കുന്നതു പോലെ ഇരുന്നു കൊണ്ട് പറഞ്ഞു.
"കണ്ട ബ്രോ.. പൈപ്പിലെ ബ്ലോക്ക് മാറ്റുകയാ.. ഈ ജീവിതോം പൈപ്പുമൊക്കെ ഒരുപോലാ.. ഈ ഒഴുക്കിനിടയിൽ വളവുകൾ ഉണ്ടാവും.. തിരിവുകൾ ഉണ്ടാവും.. ഇടക്കൊക്കെ ബ്ളോക്കാവും.. അപ്പോ ഇങ്ങിനെ എടക്കൊന്നു കഷ്ട്ടപ്പെട്ടു നേരേയാക്കണം.. അത്രേയുള്ളൂ.!"
വിനു മറുപടി പറയാൻ താമസിച്ചില്ല.
"വെറുതെ ഒഴുകീട്ടെന്തിനാ ? അതിനൊരു നല്ല അവസാനം വേണം... കൂട്ടു വേണം. അതേ ഞാൻ ആഗ്രഹിച്ചുള്ളൂ.."
"വേണം ബ്രോ... അതു പക്ഷേ തെരക്കു കൂട്ടീട്ട് കാര്യല്ലല്ലോ.. ദേ.. ബ്രോ ആ ബോർഡ് കണ്ടാ..? ദേ.. ദവിടെ കാണണ ആ ഷോപ്പിങ്ങ് മാള് കണ്ടാ..?"
അവൻ കൈ ചൂണ്ടിയിടത്തേക്ക് വിനു നോക്കി.
" കൂടെ പഠിച്ചവരൊക്ക വെറും പഠിപ്പിസ്റ്റുകളായിരുന്നപ്പോ, അയൽപക്കത്തെ ഗൾഫുകാരടേന്ന് ഒപ്പിക്കണ ടോർച്ചും, സാരീം, ഷർട്ട് പീസും ഒക്കെ ടീച്ചർമാർക്ക് കൊണ്ടുപോയി കൊടുത്ത് കച്ചവടം തുടങ്ങിയ ഒരു കുട്ടിയാ അതിന്റെ മുതലാളി...! "
പിന്നെ അവൻ ചൂണ്ടിയത് കിഴക്കോട്ടേക്കായിരുന്നു. ഒത്തിരി പിറകിൽ വീഗാലാൻഡിന്റെ ആകാശ ചക്രം കിടന്നു കറങ്ങുന്നു.
" ആ കൊച്ചൌസേപ്പു സാറു ചുമ്മാ വിത്തിട്ടു മുളപ്പിച്ചതല്ല ആ കറങ്ങണതൊക്കെ..! നല്ല കഷ്ടപ്പാടിന്റെ ഫലമാ..!"
"പിന്നെ... ദേ.. ആ ആലുക്കാസ്... ദേ ആ ഈസ്റ്റേൺകാര്.. എന്തിനാ വേറേ നോക്കണേ... ആ പരസ്യ ബോർഡ് കണ്ടാ..? ആ ജിയോ ! ആ അംബാനി കാരണവര് സ്വന്തമായിട്ട് ഒരിക്കൽ കഷ്ട്ടപെട്ട് ഉണ്ടാക്കീതാ അത് മുഴുവൻ..! ഹൂം.. എന്നിട്ടാ ബ്രോനേ പോലുള്ളവര് ഇന്ന് വെതച്ചാ നാളെ കൊയ്യണോന്നും പറഞ്ഞ് ചാവാൻ നടക്കണേ..!"
മറുപടി പറയാൻ വിനുവിന് ഒന്നുമുണ്ടായില്ല. എങ്കിലും തോൽക്കാൻ വയ്യ !
" അപ്പോ മാഷ് ഈ കഷ്ട്ടപ്പാടിനൊടുവിൽ വല്യ പുള്ളി ആവുമെന്നാണോ പറഞ്ഞു വരണേ ?"
" ഹ..ഹ..ഹ.. നുമ്മക്കങ്ങനെ വല്യ മോഹങ്ങളൊന്നുമില്ല. "
ഒന്നു നിറുത്തി നെടുവീർപ്പിട്ട് കൊണ്ട് അവൻ പറഞ്ഞു.
" ദേ... ദങ്ങാട് നോക്കിയേ... ആ റോഡില് അപ്പറത്തും ഇപ്പറത്തുമായിട്ട് നാലഞ്ച് ഹോട്ടലുണ്ട്. അവരടെയൊക്കെ അടുക്കളപ്പുറത്ത് പത്തു പതിനെട്ട് വർഷായിട്ട് എനിക്കു വേണ്ടി പാത്രം കഴുകി നടക്കണ ഒരമ്മയുണ്ട്.. സ്വർണ്ണം ഇട്ടാൽ അലർജിയാണെന്ന് നൊണേം പറഞ്ഞ് ഈർക്കിൽ കുത്തി നടക്കണ ഒരു പാവം ! അമ്മേണ് എന്റെ..! അതിന്റെ ഒരു ചിരി കണ്ടാ മതി എനിക്ക്.. അത്രേയുള്ളു..!"
അതു പറയുമ്പോൾ അവന്റെ കണ്ണുകൾ കലങ്ങിയിരുന്നുവോ..? ഒന്നും പറയാതെ വിനു ഇരുന്നു. പെട്ടെന്ന് മുകളിൽ നിന്നും വിനുവിന്റെ അമ്മ വിളിച്ചു. അവൻ മുകളിലേക്ക് നോക്കി. കണ്ണീരോടെ അമ്മ..!
"ചെല്ല് ബ്രോ... എന്തിനാ അവരെയൊക്കെ വിഷമിപ്പിക്കണേ..? ചെല്ല്.. "
അവനെ നോക്കി ഒന്നു ചെറുതായി ചിരിച്ചു. അവന് സന്തോഷമായി. ഫയർഫോഴ്സുകാരോട് കയറേണി ഇടാൻ പറഞ്ഞതും വിനുവിനെ കയറ്റാൻ സഹായിച്ചതുമൊക്കെ അവനായിരുന്നു.
"മാഷ്ടെ പേരെന്താ..?"
വിനു ചോദിച്ചു.
" കാർത്തിക് എന്നൊക്കെയാ സ്റ്റയിലിൽ പറയണേ.. പക്ഷേ എല്ലാരും കാർത്തീന്നേ വിളിക്കൂ..
"ഓക്കെ കാർത്തീ.. അപ്പോ എന്നെങ്കിലും കാണാം ട്ടോ.."
"ഓക്കെ ബ്രോ..!"
കാറിൽ വീട്ടിലേക്ക് പോവുമ്പോഴും ആ ബിൽഡിങ്ങുകൾക്കിടയിലേക്ക് അറിയാതെ അവന്റെ കണ്ണുകൾ പോയി.
ദിവസങ്ങൾ അധികം കഴിയും മുൻപാണ് ആ പത്രവാർത്ത വിനു കണ്ടത്. രണ്ടോ മൂന്നോ ദിവസം മുൻപത്തെ പത്രങ്ങളിലൂടെ വെറുതെ ഒന്നു കണ്ണോടിച്ചതായിരുന്നു.
" പ്ളംബിങ്ങ് ജോലികൾക്കിടയിൽ യുവാവ് വീണു മരിച്ചു. ഇരുപത്തിരണ്ടു വയസ്സുള്ള കാർത്തിക് എന്ന യുവാവാണ് മരിച്ചത്."
ഞെട്ടിത്തരിച്ചു പോയി അവൻ ! ദൈവമേ... അവൻ തന്നെയാവുമോ..? പെട്ടെന്ന് തന്നെ ബൈക്കുമെടുത്ത് പോയി അന്വേഷിച്ചു. പിന്നെ നിറഞ്ഞ കണ്ണുകളോടെ ഉറപ്പിച്ചു. അതെ... അതു കാർത്തി തന്നെ ആയിരുന്നു..! പിന്നെ അവൻ അന്നു ചൂണ്ടിക്കാട്ടിയ വഴികളിൽ കണ്ട ഹോട്ടലിൽ കയറി അവന്റെ അമ്മയെ കുറിച്ചും അവരുടെ വീടിനെ കുറിച്ചും ചോദിച്ചു. ആർക്കും അറിയില്ലെന്ന്. പതിനെട്ടു വർഷങ്ങളോളം നിശബ്ദയായിരുന്ന് പാത്രങ്ങൾ കഴുകി പോയവളെ ആരാണ് ഓർക്കുന്നത് ? സ്വന്തം ജീവിതം ഒന്നു ചാരം തേച്ചു മിനുക്കാൻ കഴിയാതിരുന്നവളുടെ മേൽവിലാസം ആർക്കാണ് വേണ്ടത്..?
പക്ഷേ ഒടുവിലവൻ കണ്ടെത്തി കാർത്തിയുടെ അമ്മയെ..! കരിന്തിരി കത്തിയ പ്രതീക്ഷകളുടെ കണ്ണും, ഈർക്കിലുകൾ അണിഞ്ഞൊരു കാതുകളുമായി ഒരമ്മ ! കാർത്തിയുടെ കൂട്ടുകാരനായിരുന്നു എന്നും പറഞ്ഞ് സംസാരിച്ച് തുടങ്ങിയപ്പോഴാണ് അത്ഭുതപെട്ടു പോയത്. മിടുക്കനായി പഠിച്ചിരുന്നവൻ ദിവസേന ചെയ്തിരുന്ന പാർട്ട് ടൈം തൊഴിലുകളിൽ ഒന്നായിരുന്നത്രേ പ്ളംബിങ്ങ്. സംസാരിക്കുന്നതിനിടക്ക് പെട്ടെന്ന് അവർ പൊട്ടിക്കരയാൻ തുടങ്ങി. വിനുവിനും സങ്കടം വരുന്നുണ്ടായിരുന്നു.
പിന്നെ ആ അമ്മയെ ഇടക്കിടെ മുടങ്ങാതെ പോയി കണ്ടു. ഇന്ന് പുതുതായി തുടങ്ങിയ ബിസിനസിന്റെ വിശേഷങ്ങൾ പറയാൻ അങ്ങോട്ടു പോവുമ്പോൾ അവന്റെ കയ്യിലെ ചെപ്പിനുള്ളിൽ വർണ്ണക്കടലാസിൽ പൊതിഞ്ഞ ഒരു ജോഡി സ്വർണ്ണക്കമ്മലുകളുമുണ്ട്. പക്ഷേ മകന്റെ കൂട്ടുകാരനെ കാണുമ്പോൾ ആ അമ്മയുടെ കണ്ണുകളിൽ നിന്നുതിരുന്ന കണ്ണുനീർ മണികളുടെയത്ര വിലയില്ലാത്തവ !!
സ്നേഹത്തോടെ അഷ്റഫ്...
○~●~○~●~○~●~○~●~○~●~○~●
○~●~○~●~○~●~○~●~○~●~○~●
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക