നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഐശ്വര്യാ റായിയെ പോലൊരു

ഐശ്വര്യാ റായിയെ പോലൊരു.............
വായിച്ച് വളരുന്നവർ വിളയുമെന്നതിനാൽ
ശ്രദ്ധിച്ച് വായിക്കാനപേക്ഷ .-
മലയോര സിറ്റിയായ ' മഞ്ചാടികുന്നിലെ ' ഏക വസ്ത്രവ്യാപാരിയാണ് ' നാറാണം പറമ്പിൽ സിബിച്ചൻ . '
ആ നാട്ടുകാരുടെ പ്രധാന വസ്ത്രസങ്കൽപ്പങ്ങളായ കള്ളിമുണ്ടും , കരയുള്ള തോർത്തും പൂവണിയിച്ചു കൊണ്ടിരുന്നത് റോസ് മരിയാ ടെക്സ്റ്റൈൽസ് എന്ന അയാളുടെ ഏകമുറി സ്ഥാപനമായിരുന്നു .
അടുത്തിടെയാണ് സിബി അത് പുതുക്കി പണിത് " റോസ് മരിയാ ഫാഷൻസ് " എന്ന് പേര് മാറ്റിയത് . അതോടെ ആ സ്ഥാപനം സിബിച്ചനെ ചില്ലറ സാമ്പത്തിക ബുദ്ധിമുട്ടിലും എത്തിച്ചു .
പ്രായ പൂർത്തിയായാൽ മുണ്ടിലേക്ക് മാറിയിരുന്ന നാട്ട്കാരെ അവഗണിച്ച് , കടയിൽ ജീൻസും , മുക്കാൽ പാൻറും അവൻ വിൽപനക്ക് വെച്ചത് പ്രധാനമായും ആ നാട്ടിൽ പണിക്ക് വന്നിരുന്ന ബംഗാളികളെ ഉദ്ദേശിച്ചായിരുന്നു .
അലമാരയുടെ ഒരു കോണിലായി സ്ത്രീകൾക്ക് വേണ്ടി , വനേസ മുതൽ വൈക്കോൽ തുണി വരെയുള്ള വസ്ത്ര വൈവിധ്യത്തിന്റെ ഒരു ചെറു ശ്രേണിയും റോസ് മരിയായിൽ അവൻ ഒരുക്കിയിരുന്നു .
അവിരാ മാപ്ലേടെം , ഏലിക്കുട്ടിടേം മൂത്ത പുത്രനായിരുന്നു സിബിച്ചൻ . ടെക്സ്റ്റൈൽസിന്റെ പേരിലെ റോസ് മരിയാ അവനിളയവളായിരുന്നു .
സത്സ്വഭാവിയും , സർവ്വ ഗുണസമ്പന്നനും മുപ്പത് കഴിഞ്ഞവനും സർവ്വോപരി പെണ്ണുകെട്ടാത്തവനുമായ സിബിച്ചനെ കണ്ണും , കൈയ്യും കാണിച്ച് ആ നാട്ടിലെ പെണ്ണുങ്ങൾ വലയിൽ വീഴ്ത്താൻ നോക്കിയെങ്കിലും അവൻ അതിലൊന്നും വീണില്ല .
അങ്ങനെ അവരെ എല്ലാവരെയും കൊതിപ്പിച്ച് സിബിച്ചൻ കാലം കഴിക്കവേ ,
ഒരു ദിനം രാവിലെ പല്ല് തേച്ചോണ്ടിരുന്നപ്പോഴാണ് ബ്രോക്കർ വറീത് ഒതുക്കു കല്ലുകൾ ചാടിക്കയറി ഓടി കിതച്ച് അവന്റെ മുൻപിലെത്തി നിന്നത് .
ഓട്ടത്തിനിടക്ക് മുറ്റത്ത് കിടന്ന ' ചാവാലി കൈസറിന്റെ ' വാലിൽ ചവിട്ടുകയും ടിയാൻ "കീയ്യോ " എന്ന് മോങ്ങുകയും ചെയ്തെങ്കിലും .
അതൊക്കെ അവഗണിച്ച് ,
" ചേടത്തിയെ ഒരു കട്ടൻകാപ്പി "
എന്ന് അകത്തേക്ക് നോക്കി ഓർഡർ കൊടുത്തിട്ട് അയാൾ സിബിച്ചനോട് പറഞ്ഞു .
" കിട്ടിയെടാ കിട്ടി......!!!!! "
" ഇത് നിനക്കിഷ്ടപ്പെടും നല്ല ഐശ്വര്യാ റായിയെ പോലൊരെണ്ണത്തിനെയാ ഈ തവണ ഞാൻ ഒപ്പിച്ചെടുത്തിരിക്കുന്നത് . കുന്നത്തൂര്ന്ന് "
ഇത് കേട്ട് കൈയ്യിലൂടെ ഒലിച്ചിറങ്ങിയ ഉമിനീര് മിക്സായ ഉമ്മിക്കരി ഉടുമുണ്ടിൽ തുടച്ചിട്ട് അവൻ പറഞ്ഞു .
" ഞാനിതെത്ര കേട്ടതാ എന്റെ വറീച്ചാ....... എവിടെല്ലാം നമ്മള് പോയി . "
" കണ്ടിഷ്ടപ്പെടുമ്പം , കാശൊക്കത്തില്ല , എന്നാലൊ കാശൊക്കുമ്പം , അതിനെന്തേലും ഏനക്കേടും കാണും . "
" ഇതെങ്ങനാ വെളുത്തിട്ടാണോ ? "
" ആണോന്നോ , ഒരഞ്ചടി ഏഴിഞ്ച് പൊക്കം വരും , അതിനൊത്ത വണ്ണം , നല്ല പാലപ്പത്തിന്റെ നിറം , കവിളൊക്കെ നല്ല ചൊക ചൊകാനിരിക്കും , ചുണ്ടാണെ തൊണ്ടിപ്പഴം പോലെ , ആലില വയറ് , മുടി പനങ്കുല പോലെ . അത് മോളിലേക്ക് കെട്ടിവെച്ചിരിക്കണ കാരണം അതിന്റെ നീളമറിയാൻ പറ്റീലാ എന്നാലും ഏകദേശം ഇത്ര വരാതിരിക്കാൻ വഴിയില്ല . "
പിന്തിരിഞ്ഞ് നിന്ന് പിന്നാമ്പുറത്ത് ക്രോസ് ലൈൻ വരച്ച് കാണിച്ച് വറീത് പറഞ്ഞു .
" നേരത്തെ കണ്ട പോലുള്ള സെറ്റപ്പിലൊന്നും കഴിഞ്ഞവളല്ലാ സിബിച്ചാ ഇവള്...............
എ .സി കഴിഞ്ഞ പെൺകൊച്ചാ അതാ ഇത്ര തിളക്കം , തനി തങ്കം . "
" ഒന്ന് പോ വറീച്ചാ ചുമ്മാ നുണ പറയാതെ . എ .സി ലൊന്നു മായിരിക്കേലാ അതൊന്നും നമ്മക്ക് കിട്ടുകേല . "
" ഇപ്പം ചെറ്തായിട്ടൊരു ക്ഷീണം വന്നൂന്നത് നേരാടാ സിബീ.........................
പക്ഷെ 'കുന്നത്തൂര് ' കാര് വല്ല്യ തറവാട്ട്കാരും , തുണി ബിസിനസ്സ് കാരുമാ . അവർക്കാണോ എ .സി ക്ക് പഞ്ഞം . "
" നിന്റെ എരപ്പത്തരം ഒന്നും അവിടെ ചെന്ന് എറക്കരുത് . ഞാനെല്ലാ കാര്യവും അവരോട് പറഞ്ഞു . "
" അവർക്ക് പൂർണ്ണ സമ്മതമാ . "
" പിന്നെ പറഞ്ഞില്ലെന്ന് വേണ്ട
കൈക്ക് ചെറിയൊരു പ്രശ്നം ഉണ്ട് അത് ബ്ലൗസിട്ടാൽ അഡ്ജസ്റ്റ് ചെയ്യാവുന്നതേ ഉള്ളൂ. "
" അതെന്താ കൈക്ക് കുഴപ്പം "
" വല്ല പൊട്ടല്ലോ
വളവോ മറ്റോ ആണോ , പിന്നെ അതും എന്റെ തലേലാവും ഈകട പുതുക്കി പണിതത് തന്നെ കടം മേടിച്ച കാശു കൊണ്ടാ . "
" ഹേയ് അത്രക്ക് കുഴപ്പം ഒന്നുമില്ല നീയൊന്ന് പോയിക്കാണ് . ഇത് നിനക്കിഷ്ടപ്പെടും . എന്നിട്ട് തീരുമാനിക്കാം , അതാണ് അതിന്റെ ശരി . "
" അല്ലെ അവറാച്ചാ . "
വറീത് അവറാച്ചനെ കൂട്ട് പിടിച്ചു .
" അവനിഷ്ടപെട്ടാൽ പിന്നെ ഞങ്ങക്കെന്നാ വറീതെ , ഡബിൾ ഓ.കെ അവന്റെ ഇഷ്ടമല്ലെ പ്രധാനം . "
തിണ്ണേല് കുന്തം കാലിലിരുന്ന് നുറുക്കി പുഴുങ്ങിയ ചീനി ,
മുളക് പൊട്ടിച്ചതിൽ മുക്കി തിന്നിരുന്ന അവറാച്ചൻ ബാക്കി മുറ്റത്ത് കിടന്ന കൈസറിന് ഇട്ടു കൊടുത്തുകൊണ്ട് പറഞ്ഞു .
" എത്ര നടപ്പായി ഇതേലും ഒന്ന് ഒത്താ മതിയാരുന്നു . "
കാപ്പിയുമായി വന്ന ഏലി പെമ്പിള പരിഭവം പറഞ്ഞു .
അങ്ങനെ അന്ന് തന്നെ വറീച്ചന്റെ കൂടെ തന്റെ 'പിക്കപ്പ് വാനിൽ ' കേറി കുന്നത്തൂർ തറവാട്ടിലേക്ക് പോയ സിബിച്ചൻ , കൈക്ക് ഡാമേജ് പറ്റി അവരുടെ വിറക് പുരയിൽ ചാരി വച്ചിരുന്ന ഐശ്വര്യാ റായിയുമായാണ് ആ വൈകുന്നേരം കടയിൽ മടങ്ങിയെത്തിയത് .
പിറ്റേന്ന് മുതൽ ആ ' റായ് ഐശ്വര്യ ' റോസ് മരിയാ ടെക്സ്റ്റൈൽസിന്റെ മുൻപിലെ ചില്ലുകൂട്ടിൽ തന്റെ ഡാമേജ് പറ്റിയ കൈ ബ്ലൗസാൽ മറച്ച് തൊഴു കൈയ്യോടെ നിന്ന് കസ്റ്റമേർസിനെ വരവേറ്റു .
................. ബൊമ്മ
അരുൺ -

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot