Slider

ജന്മനൊമ്പരങ്ങൾ...ഭാഗം-3

0
ജന്മനൊമ്പരങ്ങൾ...ഭാഗം-3
........................................
ജഡ്ജി മുഹമ്മദ് ഇഖ്ബാൽ ചേമ്പറിലേക്ക് വന്നു...വിശ്വനാഥനെയും സുവർണയേയും പ്രതികൂട്ടിലേക്ക് കയറ്റി നിർത്തി..
ജഡ്ജിയുടെ ശബ്ദം ചേമ്പറിൽ നിന്നും ഉയർന്നു.
"വിധി പ്രസ്താവിക്കുന്നതിന് മുമ്പ് പ്രോസിക്യൂട്ടർക്ക് എന്തെങ്കിലും പറയാനുണ്ടോ"
പ്രോസിക്യൂട്ടർ സുജനപാൽ എഴുന്നേറ്റു
"യെസ്..മൈ ലോഡ്...ഈ നില്ക്കുന്ന പ്രതികൾ കരുതി കൂട്ടിയുള്ള കൊലപാതകമാണ് നടത്തിയത് എന്ന് വ്യക്തമായി തെളിഞ്ഞതാണ്..അതും പതിനേഴ് വയസ്സുള്ള സ്വന്തം മകളെ..ഞാനുമൊരു പിതാവാണ്..കഴിഞ്ഞ ദിവസം തന്നെ എൻ്റെ മകൾക്ക് ചെറിയൊരു അപകടമുണ്ടായപ്പോൾ ഞാൻ എത്രമാത്രം വേദനിച്ചു എന്നറിയോ...എങ്ങനെ ഇവർക്ക് മനസ്സ് വന്നു സ്വന്തം മകൾക്ക് ചോറിൽ വിഷം കലർത്തി കൊടുക്കാൻ?...ജന്മം കൊടുത്തവർ തന്നെ കാലന്മാരാവുക..ഇവർ ചെയ്ത കൃത്യത്തിൻ്റെ ഗൗരവം ഇവർക്ക് അറിയാവുന്നത് കൊണ്ടാണ് സ്വന്തമായി ഒരു വക്കീലിനെ പോലും ഇവർ ഇവരുടെ കേസ് വാദിക്കാൻ വെക്കാതിരുന്നത്..ബഹുമാന്യ കോടതി അത് ആവശ്യപ്പെട്ടിട്ട് പോലും ഇവരതിന് തയ്യാറായിട്ടില്ല..അതുകൊണ്ട് തന്നെ ഇവർക്ക് അർഹമായ ശിക്ഷ അത്, മരണ ശിക്ഷ തന്നെ വേണം എന്നതാണ് എൻ്റെ വ്യക്തിപരമായ ആഗ്രഹം.. ബഹുമാന്യ കോടതി അങ്ങനെ തന്നെയാണ് വിധിക്കുക എന്നു തന്നെയാണ് എൻ്റെ വിശ്വാസവും..അപൂർവങ്ങളിൽ അപൂർവമായ കേസായി ഈ കേസിനെ ബഹുമാനപ്പെട്ട കോടതി കാണുമെന്നും അറിയാം...ദാറ്റ്സ് ആൾ"
ജഡ്ജി വിശ്വനാഥനെയും സുവർണയേയും ഒന്ന് നോക്കി
"പ്രതികൾക്ക് എന്തെങ്കിലും പറയാനുണ്ടോ"
വിശ്വനാഥൻ അല്പസമയം മൗനമായിരുന്നു..
"ഉണ്ട്....ബഹുമാന്യ കോടതി ഞങ്ങൾക്ക് തൂക്കുകയർ തന്നെ വിധിക്കണം......ഞങ്ങളാണ് ഞങ്ങളുടെ മകളെ കൊന്നത്."
തൻ്റെ വലത്തേ കൈ നീട്ടി കൊണ്ട്
"ഈ കൈ കൊണ്ടാണ് വിഷം കലർത്തിയ ചോറുരള എൻ്റെ മോളുടെ വായിലേക്ക് ഞാൻ വച്ചു കൊടുത്തത്..അവളത് സന്തോഷത്തോടെ വാങ്ങി കഴിച്ചു.. എന്നിട്ട് അവൾ പിടഞ്ഞു മരിക്കുന്നത് ഞങ്ങൾ നോക്കി നിന്നു."
അയാളുടെ ശബ്ദമിടറി..
"അവൾ മരിക്കേണ്ടവൾ തന്നെയായിരുന്നു..ഞങ്ങളും അവളുടെ കൂടെ മരിക്കാൻ തയ്യാറെടുത്തിരുന്നു...പക്ഷെ ഞങ്ങളുടെ കണക്കുകൂട്ടലുകൾ അവിടെ തെറ്റിപ്പോയി...ജനിപ്പിച്ചവർക്ക് തന്നെ ഉദകക്രിയ ചെയ്യേണ്ടി വന്നു...എന്നിട്ട് ഞങ്ങൾ തന്നെ അവൾക്ക് ചിതയൊരുക്കി"
അതു പറയുമ്പോൾ വിശ്വനാഥൻ്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഇറ്റു വീഴുന്നുണ്ടായിരുന്നു
"ബഹുമാനപ്പെട്ട കോടതിയിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്..ഞങ്ങളെയും ഞങ്ങളുടെ പൊന്നുമോളുടെ അടുത്തേക്ക് അയക്കണം..മരണം ഞങ്ങളുടെ തൊട്ടു മുന്നിലുണ്ടെന്നറിയാം..അതിനെ വരിക്കാൻ ഞങ്ങളെപ്പോഴെ തയ്യാറായി.. മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഞങ്ങൾക്ക് തരരുത് എന്ന് ബഹുമാനപ്പെട്ട കോടതിയോട് അപേക്ഷിക്കുന്നു.."
"എന്ത് ശിക്ഷ വിധിക്കണമെന്ന് കോടതിയാണ് തീരുമാനിക്കേണ്ടത്..മിസ്റ്റർ വിശ്വനാഥൻ നിങ്ങൾ നിങ്ങളുടെ മകളെ കൊന്നു എന്നു പറയുന്നു.. നിങ്ങൾ തന്നെയാണ് അത് പോലീസിൽ അറിയിക്കുകയും ചെയ്തത്... പക്ഷെ എന്തിന് കൊന്നെന്ന് മാത്രം പറഞ്ഞില്ല...ഈ കോടതിക്ക് അതറിയാനുള്ള അവകാശമുണ്ട്, അധികാരമുണ്ട്..ഇതിന് മുമ്പും കോടതി അത് ആവശ്യപ്പെട്ടതാണ്...നിങ്ങൾ എന്തിനത് മറച്ചു പിടിക്കുന്നു"
വിശ്വനാഥൻ കോടതി മുറിയിൽ ഒന്ന് കണ്ണോടിച്ചു... ഇതാ ഇപ്പോൾ ആ സത്യം തുറന്നു പറയാനുള്ള സമയമായിരിക്കുന്നു..
എല്ലാ കാതുകളും അയാളുടെ ശബ്ദത്തിനായി കാതോർത്തു.. എല്ലാ കണ്ണുകളിലും ആകാംഷയുടെ ലഹരി പടർന്നു..
**** ***** ****
"അച്ഛാ...എനിക്ക് നിങ്ങളെ വിട്ട് നില്ക്കാൻ പറ്റില്ല..എനിക്ക് എൻട്രൻസും വേണ്ട ഡോക്ടറുമാകണ്ട"
"ദേ..ചിന്നു ഇങ്ങോട്ട് നോക്കിയേ...അച്ഛൻ പറയുന്നത് മോളൊന്ന് കേൾക്ക്...അച്ഛനുമമ്മയും എല്ലാ മാസവും മോളെ കാണാൻ വരും..മോള് ഒന്നു രണ്ടു മാസം അവിടെ നിന്നു നോക്ക്..നിനക്കവിടെ നില്ക്കാൻ പറ്റുന്നില്ലെങ്കിൽ അച്ഛൻ വന്ന് മോളെ കൂട്ടിക്കോളാം"
"മതി മാഷേ പെണ്ണിനെ ഇങ്ങനെ കൊഞ്ചിച്ചത്...കെട്ടിക്കാറായ പെണ്ണാണ്..നിന്നെ കൊല്ലാനൊന്നുമല്ലല്ലോ കൊണ്ടു പോണെ..നീ തന്നെയല്ലേ നിനക്ക് ഡോക്ടറാവണമെന്ന് പറഞ്ഞത്..അപ്പോൾ എൻട്രൻസിന് ചേർന്നാല്ലല്ലേ പറ്റു"
"ഞാൻ എൻട്രൻസിന് ചേരാതെ ഇവിടെയിരുന്ന് പഠിച്ചോളാം"
വിശ്വനാഥൻ മകളുടെ തലയിൽ തഴുകി
"മോളു..നിന്നെ വിട്ട് നില്ക്കാൻ ഞങ്ങൾക്ക് പറ്റുവോടി...നീ ഒരു ഡോക്ടറായി കാണണമെന്ന് ഞങ്ങളുടെ ആഗ്രഹമാണ്..ഞങ്ങളെക്കാൾ നീ അത് ആഗ്രഹിച്ചതല്ലേ..പിന്നെ ഇപ്പോഴെന്തെ ഇങ്ങനെ തോന്നാൻ?..എൻട്രൻസ് എഴുതി ആദ്യ റാങ്കിലേതെങ്കിലും ഒന്ന് വാങ്ങിയാല്ലലേ നിൻ്റെ ഇഷ്ടം പോലെ പരിയാരത്ത് പഠിക്കാൻ പറ്റു...ഹോസ്റ്റലിൽ നിക്കാതെ വീട്ടീന്ന് എന്നും പോകാൻ പറ്റു"
"അതൊക്കെ ശരിയാണ്,പക്ഷെ ഈ സുണുവിനെയും എൻ്റെ അച്ഛയേയും വിട്ട് നില്ക്കാൻ എനിക്ക് പറ്റ്വോ"
"കണ്ടോ...നിനക്ക് ഇപ്പോഴെങ്കിലും നിനക്ക് അമ്മേന്ന് വിളിച്ചൂടേടി...സുണു പോലും"
"സുണു...നല്ല പേരല്ലേ അച്ഛാ"
"അതേ..സുവർണയെക്കാൾ നല്ല പേരാ സുണുന്ന്"
"ഓ..ഒരച്ഛനും മോളും വന്നിരിക്കുന്നു... നീ എന്നെങ്കിലും എന്നെ അമ്മേന്ന് വിളിക്കും...അന്ന് നീ കരയുകയും ചെയ്യും നോക്കിക്കോ"
വിശ്വനാഥൻ പൊട്ടി ചിരിച്ചു..
"ഹ..ഹ..ഹ..മോളു നിൻ്റെ അമ്മയ്ക്ക് അസൂയയാ.."
പിറ്റേന്ന് രാവിലെ തന്നെ കല്ല്യാണിയേയും കൂട്ടി വിശ്വനാഥനും സുവർണയും പാലായിലുള്ള എൻട്രൻസ് കോച്ചിംഗ് സെൻ്ററിലേക്ക് പുറപ്പെട്ടു..തങ്ങളുടെ ഹൃദയമാണ് അവിടെ ഉപേക്ഷിച്ച് പോകുന്നതെന്നവർക്ക് തോന്നി..തിരിച്ചു വരുമ്പോൾ രണ്ടുപേരും വളരെയധികം മൗനികളായിരുന്നു...
ഏകദേശം രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് സ്ക്കൂളിലേക്ക് ഒരു ഫോൺ വരുന്നത്..
"ഹലോ വിശ്വനാഥൻ സാറല്ലേ?"
"സാറെ..ഞങ്ങളിത് പാലായിലെ ബ്രില്ല്യൻ്റ് എൻട്രൻസ് കോച്ചിംഗ് സെൻ്ററിൽ നിന്നാണ്..സാറും മാഡവും കൂടി ഒന്ന് ഇവിടം വരെ വരണം"
വിശ്വനാഥൻ ഒന്ന് പകച്ചു
"എന്താ..എന്താ പ്രശ്നം?"
"അത്...കല്ല്യാണി പെട്ടെന്നൊന്ന് തളർന്നു വീണു..ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിലാണുള്ളത്..ഭയപ്പെടാനൊന്നുമില്ല..ഡോക്ടർമാർ കല്ല്യാണിയുടെ രക്ഷിതാക്കളെ തിരക്കി...നിങ്ങൾ കോട്ടയത്തേക്ക് പോയാൽ മതി"
വിശ്വനാഥന് ഒരേ സമയം പേടിയും ദേഷ്യവും വന്നു..
'എന്ത് ലാഘവത്തോടെയാണ് അവരിത് പറഞ്ഞത്..ഇങ്ങനെയാണോ ഒരസുഖ വിവരം അറിയിക്കേണ്ടത്..ഈശ്വരാ എൻ്റെ മോൾക്കെന്താ പറ്റിയത്?അവളിനി വല്ല കടുംകൈയും ചെയ്തോ?'
വേവുന്ന മനസ്സുമായി വിശ്വനാഥനും സുവർണയും കോട്ടയം മെഡിക്കൽ കോളേജിലെത്തി..അവിടെ അവരെയും കാത്ത് കല്ല്യാണി പഠിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിലെ രണ്ട് സ്റ്റാഫുകൾ കാത്തിരിക്കുന്നുണ്ടായിരുന്നു...
"സാർ...മാഡം വരു..ഡോക്ടർ കുരുവിള സാറാണ് കല്ല്യാണിയെ ചികിത്സിക്കുന്നത്"
അവർ വിറയ്ക്കുന്ന ശരീരവുമായി ഡോക്ടർ കുരുവിളയുടെ കൺസൾട്ടിംഗ് റൂമിലേക്ക് കയറി..
"ഡോക്ടർ..കല്ല്യാണിയുടെ പേരൻസ്"
"ആ...ഇരിക്കു" കൂടെ വന്നവരെ നോക്കി
"നിങ്ങൾ പോയ്ക്കോളു..എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാം"
ഡോക്ടർ കുരുവിളയോട് നന്ദി പറഞ്ഞ് അവർ രണ്ടുപേരും മടങ്ങി
കുരുവിള വിശ്വനാഥനെ നോക്കി
"മിസ്റ്റർ?" കുരുവിളയുടെ മുഖത്ത് ഭയങ്കര ഗൗരവഭാവം
"വിശ്വനാഥൻ..ഇത് ഭാര്യ സുവർണ..എന്താണ് ഡോക്ടർ ഞങ്ങളുടെ മോൾക്ക് പറ്റിയത്?"
"വിശ്വനാഥൻ...ഇതിന് മുമ്പ് എപ്പോഴെങ്കിലും കല്ല്യാണിക്ക് ഇതുപോലെ തളർച്ച അനുഭവപ്പെട്ടിട്ടുണ്ടോ?"
"ഞങ്ങളുടെ അറിവില്ലില്ല"
"തലവേദന,ശ്വാസം മുട്ട് ,കൈകാലുകൾക്ക് വേദന,മസിലുകൾ വീങ്ങുക തുടങ്ങിയവ"
"ആ...ഒന്നു രണ്ടു തവണ അവൾക്ക് തലവേദന വന്നിരുന്നു.. അത് മൈഗ്രേൻ ആണെന്നാണ് അന്ന് ചികിത്സിച്ച ഡോക്ടർ പറഞ്ഞിരുന്നത്..പിന്നെ ശ്വാസം മുട്ടലുണ്ട്..അതിന് നാട്ടിലെ ആയൂർവേദത്തിൽ കാണിച്ച് അതിന്റെ മരുന്ന് കഴിക്കുന്നുണ്ട്"
"എപ്പോൾ മുതലാണ് കണ്ണട ഉപയോഗിക്കാൻ തുടങ്ങിയത്"
"രണ്ടു വർഷമായി... എന്താ ഡോക്ടർ എന്തു പറ്റി..."
ഡോക്ടർ കുരുവിള അല്പനേരം ശാന്തനായി ഇരുന്നു..
"നിങ്ങൾ രണ്ടുപേരും ഞാൻ പറയുന്നത് ശാന്തമായിരുന്ന് കേൾക്കണം..എന്തും താങ്ങാനുള്ള കരുത്തുണ്ടാവണം...വിധിയെ തടയാൻ നമുക്കാർക്കും സാധ്യമല്ല"
ഡോക്ടർ കുരുവിള സീറ്റിൽ നിന്ന് എഴുന്നേറ്റു..തൻ്റെ മേശ വലിപ്പിൽ നിന്ന് ഒരു പുസ്തകമെടുത്തു..അത് നിവർത്തി അവരുടെ മുന്നിലേക്ക് നീക്കി വച്ചു..
"രണ്ടുപേരും ഇതൊന്ന് വായിച്ചു നോക്കണം"
വിശ്വനാഥനും സുവർണയ്ക്കും ഒന്നും മനസ്സിലായില്ല... അവർ ആ പുസ്തകം കൈയിലെടുത്തു..അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു
'മയസ്തീനിയ ഗ്രേവ്സ്' എന്ന കൊലയാളി...
രണ്ടുപേരും ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി..
(തുടരും)
ബിജു പെരുംചെല്ലൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo