Slider

ഇലഞ്ഞിപ്പൂക്കൾ

1
ഇലഞ്ഞിപ്പൂക്കൾ
🌼🌼🌼🌼🌼🌼
“ചന്ദനച്ചോലയിൽ മുങ്ങി നീരാടിയെൻ ഇളമാൻ കിടാവേ ഉറക്കമായോ…”
എലിസബത്ത് ആ പാട്ടുകേട്ട് പ്രേമവായ്പോടെ സണ്ണിയെ നോക്കി.
‘എന്താ ഏലികുട്ടി ഇങ്ങനെ നോക്കുന്നെ.’
‘അല്ല അച്ചായാ.. ഈ പാട്ട് അങ്ങനെ മറക്കാൻ പറ്റുമോ.. എത്ര തവണ ഈ മടിയിൽ കിടന്നു ഈ പാട്ടു ഞാൻ കേട്ടിട്ടുണ്ട്. എന്റെ അച്ചായൻ ഇപ്പൊ പാട്ടൊന്നും പാടുന്നതേയില്ല. എപ്പോഴും ഒരു തിരക്ക്. ’
അവൾ മുഖം വീർപ്പിച്ചു
‘അതിനെന്താടി പെണ്ണേ ഇനി നമ്മുടെ മോൾക് വേണ്ടി ഞാൻ പാടും. വീട്ടിലേക്ക് ചെല്ലട്ടെ അവളെ ഞാൻ എന്നും പാടിയുറക്കും. ഇവൾക്ക് നിന്റെ അമ്മച്ചീടെ പേരിടാം.. സാറാ.. അല്ലെ.’
എലിസബത്തിന്റെ കണ്ണുകൾ ഈറനണിഞ്ഞു. പാല് കുടിച്ചുറങ്ങിയ മൂന്നു ദിവസം പ്രായമായ അവളുടെ കുഞ്ഞിന്റെ ചുണ്ട് മാറിൽ നിന്നകത്തി അവളെ പതുപതുത്ത കമ്പിളിയിൽ പൊതിഞ്ഞു എലിസബത്ത് മാറോടാടക്കി പിടിച്ചു.സീറ്റിലേക്ക് മെല്ലെ ചാരിയിരുന്നു കണ്ണുകളടച്ചു. ആ പാട്ട് അവളെ പഴയ കാര്യങ്ങൾ വീണ്ടും ഓർമിപ്പിച്ചു.
***********
ഗ്രാമത്തിന്റെ എല്ലാ വിശുദ്ധികളുമുള്ള ഒരു നാട്ടിൻപുറം. എങ്ങും പച്ചപ്പ്‌. തലയെടുപ്പോടെ നിൽക്കുന്ന തെങ്ങിൻ തോപ്പുകൾ. കാറ്റിനൊപ്പം ചാഞ്ചാടുന്ന ഇളം പച്ച നിറമുള്ള വയലേലകൾ. കുട്ടികൂട്ടങ്ങൾ തകർന്നാടുന്ന മാന്തോപ്പ്. അധികം അടിയൊഴുക്കില്ലാതെ ശാന്തമായി ഒഴുകുന്ന കൈത്തോട്. ആ കൈത്തോട് ചെന്നു ചേരുന്ന പുഴ. പുഴയോരത്ത് പൂത്തുനില്കുന്ന ഇലഞ്ഞി മരം. എങ്ങും ഇലഞ്ഞിപ്പൂവിന്റെ ഗന്ധം.
ആ ഇലഞ്ഞിമരച്ചോട്ടിലായിരുന്നു എലിസബത്തും സണ്ണിയും കണ്ടുമുട്ടാറുള്ളത്.. അവരുടെ മോഹങ്ങളും സ്വപ്നങ്ങളും പങ്കിടുന്നത് അവിടെ വച്ചായിരുന്നു.. എന്നും രാത്രി എല്ലാവരും ഉറങ്ങുമ്പോൾ അവൾ അടുക്കള വാതിലിലൂടെ ഇറങ്ങും വീടിന്റെ പുറകിൽ സണ്ണി കാത്തുനിൽപ്പുണ്ടാകും രണ്ടുപേരും തൊട്ടടുത്തുള്ള ഇലഞ്ഞിമരചോട്ടിൽ സല്ലാപങ്ങളുമായി ഇരിക്കും. വെളുപ്പിന് ഒരു നാലു മണിയോടുകൂടി വീട്ടിൽ കയറിപ്പോകും. കാരണം ആ സമയത്ത് കാപ്പിയാര് ഔസേപ്പച്ചൻ അതുവഴി പോകും. ആരും അറിഞ്ഞു പ്രശ്നമാകണ്ട എന്ന് അവർ കരുതി. അടിയാളൻ കുഞ്ഞച്ചന്റെ മകന് നാട്ടിലെ പ്രമാണിയായ തോമാച്ചൻ സ്വന്തം മകളെ കെട്ടിച്ചുകൊടുക്കില്ലല്ലോ. ഒരു ജോലിയായാൽ ഒളിച്ചോടിപ്പോകാനാണ് രണ്ടു പേരുടെയും തീരുമാനം.
പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നു പറയുന്നത് പോലെ എലിസബത്തിനും സണ്ണിക്കും ഈ കള്ളക്കളി അധികനാൾ കൊണ്ടുപോകാൻ കഴിഞ്ഞില്ല. ഒരു നാൾ തെക്കേലെ ഉണ്ണിട്ടൻ കാർന്നോർടെ മരിപ്പ് കൂട്ടമണിയടിച്ചു നാട്ടുകാരെ അറിയിക്കാൻ കാപ്പിയാര് വെളുപ്പിനെ മൂന്നു മണിക്ക് പോയപ്പോൾ രണ്ടു പേരുടെയും സല്ലാപം കാണുകയും അവർ കാണാതെ തോമാച്ചൻ മുതലാളിയെ ഉണർത്തി കയ്യോടെ കൂട്ടിക്കൊണ്ടുവന്നു കാട്ടി കൊടുക്കുകയും ചെയ്തു. രണ്ടുപേർക്കും പൊതിരെ തല്ലു കിട്ടി അന്ന്.
വീട്ടുകാരുടെ നിർബന്ധം സഹിക്കവയ്യാതെ സണ്ണി ബോംബെയ്ക്കു നാടുവിട്ടു.. എലിസബത്തിനു കല്യാണാലോചനകൾ തകൃതിയായി നടന്നു. നാക്കിനെല്ലില്ലാത്ത കാപ്പിയാര് ആ ചെറിയ ഗ്രാമവും പരിസരപ്രദേശവും മുഴുവൻ കണ്ടകഥ പറഞ്ഞു നടന്നു. എലിസബത്തിനു വന്ന ആലോചനകൾ ഒന്നൊന്നായി മുടങ്ങി. അവൾ ടൈപ്പും ഷോട്ട് ഹാൻഡും പഠിക്കാൻ പോയി.
ബോംബെയിൽ ചെന്ന സണ്ണി ഒരു കൂട്ടുകാരന്റെ സഹായത്തോടെ ബിസിനെസ്സ് ചെയ്തു തുടങ്ങി. ബിസിനെസ്സ് തന്ത്രങ്ങൾ പഠിച്ചു. മേലേക്കിടയിലുള്ളവരുമായി ചങ്ങാത്തത്തിലായി. അവൻ നല്ല നിലയിലായി. എന്നാലും ആഴ്ചയിൽ ഒന്നും രണ്ടും പ്രാവശ്യം വരുന്ന എലിസബത്തിന്റെ കത്തിനു കൃത്യമായി മറുപടിയെഴുതി പെങ്ങളുടെ പേരിൽ പോസ്റ്റ് ചെയ്തു. സണ്ണിയുടെ പെങ്ങൾ മേഴ്‌സിയും എലിസബത്തും ഒന്നിച്ചാണ് പഠിച്ചിരുന്നത്.
രണ്ടു വർഷം കഴിഞ്ഞപ്പോൾ സണ്ണി തിരികെ വന്നു. നഗരജീവിതം അവനെ ഒരുപാട് മാറ്റി. എലിസബത്തിനെ പെണ്ണ് ചോദിച്ചു ചെന്ന അവനെ തോമാച്ചൻ ആട്ടിയിറക്കി. അവിടെ വച്ചുതന്നെ എലിസബത്ത് അവന്റെ കൂടെയിറങ്ങി. കുഞ്ഞച്ചൻ അവരെ വീട്ടിൽ കേറ്റിയില്ല. സണ്ണിയുടെ എല്ലാ സാധനങ്ങളും അയാൾ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു.
മകളുടെ ചെയ്തിയിൽ മനം നൊന്ത് അന്ന് തളർന്നു വീണ എലിസബത്തിന്റെ അമ്മച്ചി പിന്നെ എണീറ്റില്ല. ഇടക്കിടെ ഒഴുകുന്ന കണ്ണീർ മാത്രമായിരുന്നു അമ്മച്ചി ജീവനോടെയുണ്ടെന്നുള്ള തെളിവ്. അതുകൊണ്ട് നാട്ടുകാരും വീട്ടുകാരും അവരെ വെറുത്തു.
അമ്മച്ചിയെ ഒരു നോക്കു കാണാനാകാതെ എലിസബത്തും സണ്ണിയും ബോംബെയ്ക്കു വണ്ടി കയറി. മനോഹരമായ ജീവിതം ഇടക്ക് വീട്ടുകാരെയോർത്തുള്ള വിഷമം മാത്രം. സണ്ണി അവളെ ഒരു രാജ്ഞിയെപ്പോലെ നോക്കി. ഗർഭിണിയായപ്പോൾ മുതൽ അവിടുത്തെ ഏറ്റവും മുന്തിയ ആശുപത്രിയിൽ തന്നെ കാണിച്ചു. ഇപ്പോൾ പ്രസവം കഴിഞ്ഞു തിരിച്ചു പോകുന്ന വഴിയാണ്. രാത്രി മതി വീട്ടിലേക്കുള്ള യാത്രയെന്നു സണ്ണി നേരത്തെ ഉറപ്പിച്ചിരുന്നു. അല്ലെങ്കിൽ ട്രാഫിക്കും പൊടിപടലങ്ങളും മൂലം തന്റെ രാജകുമാരിക്ക് അസ്വസ്ഥത ഉണ്ടായാലോ...
പെട്ടെന്നാണ് അതു സംഭവിച്ചത്. അമിത വേഗത്തിൽ വന്ന ഒരു ലോറി ആ കാറിനെ പുറകിൽ നിന്നു ഇടിച്ചു. നിയന്ത്രണം വിട്ട കാർ അടുത്തുള്ള പോസ്റ്റിൽ ഇടിച്ചു. ഉറങ്ങുകയായിരുന്ന എലിസബത്തിനെ കയ്യിൽ നിന്നും വിൻഡോ വഴി കുഞ്ഞ് തെറിച്ചു പോയി. കുറെ ദൂരെയുള്ള പൊന്തക്കാട്ടിലേക്കു വീണ കുഞ്ഞിന് ഒരു പോറൽ പോലും സംഭവിച്ചില്ല. ആദ്യം ഒന്നും കരഞ്ഞെങ്കിലും പിന്നീട് അവൾ ഉറങ്ങി. അധികം ആൽപാർപ്പില്ലാത്ത സ്ഥലവും രാത്രി സമയവുമായതിനാൽ കുറെ കഴിഞ്ഞാണ് ആളുകളൊക്കെ അപകടം അറിഞ്ഞത്. സണ്ണിക്കു ചെറിയ ജീവൻ ഉണ്ടായിരുന്നു. എന്നാൽ എലിസബത്ത് അവിടെ വച്ചു തന്നെ മരിച്ചു. രണ്ടു പേരെയും ആശുപത്രിയിൽ എത്തിച്ചു. എന്നാൽ കുഞ്ഞുള്ള കാര്യം ആരും അറിഞ്ഞില്ല. രാത്രി തന്നെ വണ്ടിയുടെ അവശിഷ്ടങ്ങൾ നീക്കപ്പെട്ടു.
*********
അതിരാവിലെ നടക്കാൻ ഇറങ്ങിയതായിരുന്നു രവി. കുഞ്ഞിന്റെ കരച്ചിൽ കേട്ട് പൊന്തക്കാട്ടിൽ നോക്കി. ഏകദേശം രണ്ടു മൂന്നു ദിവസം പ്രായമായ കുഞ്ഞ്. വില കൂടിയ കമ്പിളിയിൽ പൊതിഞ്ഞ് കിടത്തിയിരിക്കുന്നു. അയാൾ അതിനെ എടുത്ത് തൻറെ ഫ്ലാറ്റിലേക്ക് നടന്നു. ചൂട് കിട്ടിയപ്പോൾ കുഞ്ഞു ഉറങ്ങി.. ഞായറാഴ്ച്ചയായതുകൊണ്ട് ഫ്ലാറ്റുകളിൽ വെട്ടം വീണിരുന്നില്ല.
വീട്ടിൽ വന്ന ഭർത്താവിന്റെ കയ്യിൽ ഒരു ചോരക്കുഞ്ഞിനെ കണ്ട ശോഭ ഞെട്ടി. അവളുടെ പ്രസവം കഴിഞ്ഞു ഒരാഴ്ചയായതെയുള്ളായിരുന്നു.
‘ശോഭേ.. നമുക്കീക്കുഞ്ഞിനെ പോലീസ് സ്റ്റേഷനിൽ ഏല്പിക്കാം. ഏതോ വല്യ വീട്ടിലെ പെണ്പിള്ളേരു അബദ്ധം പറ്റി പ്രസവിച്ചിട്ടു വഴിയിൽ ഉപേക്ഷിച്ചതാകും...’
ശോഭ എന്തോ ആലോചിച്ചു നിന്നു.
‘ശോഭേ.. താൻ എന്താ ഒന്നും പറയാത്തത്.’
‘അല്ല രവിയേട്ടാ. ഈ കുഞ്ഞിനെ പോലീസിൽ ഏല്പിച്ചാലും അവർ ഏതേലും അനാഥാലയത്തിലാക്കും. എന്നാൽ പിന്നെ നമുക്കിതിനെ വളർത്തിക്കൂടെ..’
‘എടോ.. അതൊക്കെ വല്യ നൂലാമാലയാകും. ഇപ്പൊ നമുക്ക് ഒരു മോൻ ഉണ്ടല്ലോ..’
‘അതല്ല ഏട്ടാ.. ഈ കുഞ്ഞിനെ കണ്ടതുമുതൽ എനിക്കെന്തോ ഒരാത്മബന്ധം. അല്ലെങ്കിൽ ഏട്ടന് കുഞ്ഞിനെ നേരെ പോലീസ് സ്റ്റേഷനിൽ ഏല്പിക്കാനല്ലേ തോന്നു. ഇങ്ങോട്ടു കൊണ്ടു വരേണ്ട കാര്യമെന്താ. അതാ നിമിത്തം..’
‘ശരിയാ.. ശോഭേ എനിക്കും കുഞ്ഞിനെ കണ്ട നിമിഷം അങ്ങനെ തോന്നിയതാ. പക്ഷെ നിയമം.. നമ്മുടെ വീട്ടുക്കാരോടും കൂട്ടുകാരോടും എന്തു പറയും. ഇവിടെയുള്ള കൂട്ടുകാരൊക്കെ നാട്ടിൽ പോയെങ്കിലും നമ്മൾ എല്ലാവരെയും വിളിച്ചു പറഞ്ഞതല്ലേ.’
‘എല്ലാവരെയും വിളിച്ചു പറഞ്ഞതല്ലേയുള്ളല്ലോ. ആരും കണ്ടില്ലല്ലോ. എല്ലാവർക്കും നമ്മൾ ഒരു സർപ്രൈസ് കൊടുത്തതാണെന്നു പറയാം.’
‘എന്തായാലും നമ്മൾ ഇന്ന് രാത്രി പോകുവല്ലേ. അവിടെ വച്ച് എല്ലാവർക്കും ഒരു സർപ്രൈസ് പാർട്ടി കൊടുക്കാം. ഏട്ടന്റെ അമ്മക്കും പെണ്കുട്ടി വേണമെന്നല്ലേ.. ആണ്കുട്ടിയാണെന്നു പറഞ്ഞപ്പോൾ ഒരു നീരസമുണ്ട്. വീട്ടിൽ എല്ലാവർക്കും ആണ്കുട്ടികളല്ലേ. അഷ്ടിക്കു വകയില്ലാത്ത അനാഥയായ എന്നെ സ്നേഹിച്ചതിനായിരുന്നില്ലേ അമ്മക്ക് ആദ്യം നീരസം തോന്നിയത്. കല്യാണം കഴിഞ്ഞ് ആറു വർഷം കഴിഞ്ഞിട്ടും മക്കളുണ്ടാകാത്തതായിരുന്നു അമ്മക്ക് പിന്നീട് ദേഷ്യം. ഇപ്പൊ ഒരു പെണ്കുട്ടിയെ കൊടുത്താൽ അമ്മക്ക് എന്നോടുള്ള ദേഷ്യം മാറും. എനിക്കിവളെ വിട്ടിട്ട് പോകാൻ തോന്നുന്നില്ല രവിയേട്ടാ..’
കുഞ്ഞു വീണ്ടും കരഞ്ഞു തുടങ്ങി. അവൾ മാറോട് ചേർത്ത് കുഞ്ഞിന് മുലപ്പാൽ കൊടുത്തു.
‘ശോഭേ.. ഇനി ഈ കുഞ്ഞിനെ അന്വേഷിച്ച് ആരെങ്കിലും വന്നാലോ..’
‘രവിയെട്ടാ.. ഇന്നു രാത്രി നമ്മളിവിടെനിന്നും പോയാൽ പിന്നെ തിരിച്ചു വരില്ല. നമുക്ക് നാട്ടിൽ തന്നെ ജോലി നോക്കാം. ‘
അന്ന് രാത്രി അവർ ബോംബെ നഗരം വിട്ടു.
********
നാട്ടിൽ ചെന്ന് എല്ലാവരോടും ഇരട്ടക്കുട്ടികളാണ് ഉണ്ടായതെന്ന് പറഞ്ഞു ധരിപ്പിച്ചു. ഏറ്റവും സന്തോഷം രവിയുടെ അമ്മക്കായിരുന്നു. മകന് ഗൗരിഷ് എന്നും മകൾക് ഗായത്രി എന്നും പേരിട്ടു.
കുഞ്ഞുങ്ങളെ നോക്കി നോക്കി ഗായത്രി സ്വന്തം മോളല്ല എന്ന സത്യം രവിയും ശോഭയും മറന്നിരുന്നു.
കുഞ്ഞായിരിക്കുമ്പോൾ മുതൽ അമ്മയുടെ തലോടൽ പോലെ തന്നെ ഒരു കുഞ്ഞിക്കാറ്റ് അവളെ തലോടി കടന്നു പോകുമായിരുന്നു. ഒരു നല്ല സുഗന്ധം അതിൽ ഉണ്ടായിരുന്നു. എന്താണെന്ന് അവൾക് അറിയില്ലായിരുന്നു. എന്നാലും ആരോടും പറയാൻ അവൾക്ക് തോന്നിയില്ല. ഗായത്രിക്കു പത്തു വയസുള്ളപ്പോഴാണ് അവർ ദൂരെയുള്ള ഒരു അമ്പലത്തിൽ പോയത്. അവിടെ വച്ച് വീണ്ടും ആ വാസന അവളെ തഴുകി. ശോഭ അപ്പോൾ പറഞ്ഞു..
‘എന്താ .. വാസന.. രവിയേട്ടാ.. ഇവിടെ എവിടെയോ ഇലഞ്ഞി പൂത്തിട്ടുണ്ട്’
‘അമ്മേ നമ്മുടെ തൊടിയിലുമുണ്ടോ ഇലഞ്ഞിപ്പൂവ്?..’
‘ഇല്ല ഗായൂട്ടി.. ആ പരിസരത്തെങ്ങുമില്ല. ഒരു തൈ കിട്ടിയിരുന്നെങ്കിൽ.. എന്തു വാസനയാ.. അല്ലെ മോളെ..’
പക്ഷെ ഗായത്രി ആലോചനയിലായിരുന്നു. അപ്പൊ എനിക്ക് മാത്രം എങ്ങനെയാ ഇലഞ്ഞിപൂക്കൾടെ മണം വീട്ടിൽ കിട്ടുന്നത്. അവൾക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.
സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും ആ വാസന അവൾക്ക് കിട്ടിക്കൊണ്ടേയിരുന്നു. ഉറക്കത്തിൽ ഇടക്കിടെ “സാറാമോളെ” എന്നു ആരോ ഒരു സ്ത്രീ വിളിക്കുന്നത് അവൾ സ്വപ്നം കാണും. അപ്പോൾ അവൾ മൂളും. ഞെട്ടിയുണർന്നാൽ ആരും കാണില്ല അരികെ. സാറാ എന്നു വിളിക്കുമ്പോൾ താൻ എന്തിനാണ് വിളികേൾക്കുന്നത് എന്നും അവൾക് മനസ്സിലായില്ല. പിന്നീട് അവൾ ആദ്യമായി ഋതുമതിയായപ്പോളായിരുന്നു ആ വാസന മൂന്നുനാലു ദിവസം കൂടെ നിന്നത്.
********
ഗായത്രിക്കുട്ടി നല്ല പാട്ടുകാരിയായിരുന്നു. ഗൗരിഷ് അസ്സലായി വയലിൻ വായിക്കും. രവി രണ്ടുപേരെയും നല്ലൊരു ഗുരുവിന്റെ അരികെ സംഗീതം പഠിപ്പിക്കാൻ വിട്ടു. പതിനെട്ടാം വയസ്സിൽ അരങ്ങേറ്റ സമയത്താണ് ഗായത്രി ആ ആഗ്രഹം പറയുന്നത്. അവൾക്ക് അന്ന് പോയ ഇലഞ്ഞിപ്പൂ മണമുള്ള അമ്പലത്തിൽ അരങ്ങേറ്റം നടത്തണം.
അങ്ങനെ ആ അമ്പലത്തിലെ ഉത്സവ സമയത്ത്‌ രണ്ടു പേരുടെയും അരങ്ങേറ്റം ബുക്ക് ചെയ്തു. അരങ്ങേറ്റം ഭംഗിയായി നടന്നു. അവിടെ വച്ചാണ് അവൾ ആദ്യമായി അയാളെ കാണുന്നത്.. കണ്ണട വച്ച് കയ്യിൽ വാക്കിങ് സ്റ്റിക്കുമായി മുൻനിരയിൽ തന്നെത്തന്നെ നോക്കി ഇരിക്കുന്ന തന്റെ അച്ഛന്റെ പ്രായമുള്ള വിശിഷ്ടാതിഥി. അതാരാണ് എന്നു അവൾക്ക് അറിയാൻ ആകാംക്ഷയുണ്ടായിരുന്നു. പിന്നീട് സമയം കിട്ടിയില്ല. അവർ തിരികെ പോന്നു..
രണ്ടു ദിവസം കഴിഞ്ഞാണ് അവൾ വീണ്ടും അദ്ദേഹത്തെ കാണുന്നത്. അതും തന്റെ വീട്ടു മുറ്റത്ത്. അവൾ അച്ഛനെ വിളിച്ചിട്ട് അകത്തേക്ക് പോയി. അവർ തമ്മിൽ എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടു. അദ്ദേഹം ഒരു ഫോട്ടോ കാണിച്ചപ്പോൾ അമ്മ കരയുന്നത് കണ്ടു. അദ്ദേഹം പോയി അപ്പോൾ തന്നെ കരയുന്ന അമ്മയെയും വിളിച്ച് അച്ഛൻ മുറിയിൽ കയറി വാതിലടച്ചു.
കുറച്ചു കഴിഞ്ഞു വാതിൽ തുറന്ന് രവി ഗൗരിഷിനെയും ഗായത്രിയെയും വിളിച്ചു. എന്നിട്ട് നെഞ്ചുപൊട്ടി രവി ഗായത്രിയെ കിട്ടിയ കഥ മക്കളോട് പറഞ്ഞു..
‘ഇപ്പൊ ഇവിടെ വന്നതാണ് മോൾടെ അച്ഛൻ. അദ്ദേഹം കുറെ നാൾ കോമ സ്റ്റേജിൽ ആയിരുന്നു.. പിന്നീട് ബോധം വന്നപ്പോൾ മോളെ അന്വേഷിച്ചു. പക്ഷെ യാതൊരു വിവരവും കിട്ടിയില്ല. അദ്ദേഹം ഭാര്യയുടെ ഫോട്ടോ കാണിച്ചു. മോൾടെ തനിപകർപ്പാണ്. അതാ മോളെ കണ്ടപ്പോൾ തിരക്കി ഇവിടെ വന്നത്. ഇപ്പോൾ അദ്ദേഹം എലിസബത്ത് മെമ്മോറിയൽ എന്ന പേരിൽ ഒരു ഓർഫനേജ് നടത്തുകയാണ്. അദ്ദേഹത്തിന്റെ അച്ഛനും അമ്മയും മരിച്ചു. ഇപ്പോൾ മോൾടെ അമ്മേടെ അച്ഛനും അമ്മയും മരിച്ചു. ഇപ്പൊ അവിടെ ഓർഫനേജിൽ കുട്ടികളോടൊപ്പം താമസം. . ‘
ഒരു ദീർഘനിശ്വാസം വിട്ടു അയാൾ ചോദിച്ചു.
‘മോൾക് പോണോ മോൾടെ അച്ഛന്റെ കൂടെ..’
ഗൗരീഷും ശോഭയും രവിയും അവളെ പ്രത്യാശയോടെ നോക്കി.
‘എന്റെ അച്ഛന്റേം അമ്മേടേം കൂടെത്തന്നെയാ ഞാൻ ഇപ്പോഴും. പക്ഷെ ഒരാഗ്രഹം. എനിക്ക് ആ സ്ഥലം ഒന്നു കാണണം. ഒറ്റയ്ക്കല്ല. നമുക്ക് എല്ലാവർക്കും കൂടെ പോകാം.’
*******
പിറ്റേ ദിവസം അവർ എലിസബത്തിന്റെയും സണ്ണിയുടെയും നാട്ടിലേക്ക് പുറപ്പെട്ടു. അവിടെ ബോർഡ് കണ്ടു. “എലിസബത്ത് മെമ്മോറിയൽ ഓർഫനേജ് കം ചാരിറ്റബിൾ ട്രസ്റ്റ്”
അവിടെയിറങ്ങി ഹാളിൽ ചെല്ലുമ്പോൾ ഒരു പൂമാലയിട്ട വലിയ ഫോട്ടോ കണ്ടു.
‘അതേ.. ഇത് തന്റെ തനി രൂപം തന്നെ.’
സണ്ണി ഇറങ്ങി വന്നു.
‘വാ.. മോളെ ഈ സ്ഥലമൊക്കെ കാണിച്ചു തരാം’
പഴേ കഥകളൊക്കെ പറഞ്ഞ് അദ്ദേഹം അവളുടെ കയ്യിൽ പിടിച്ചു നടന്നു. അവസാനം ഇലഞ്ഞിമരച്ചോട്ടിൽ എത്തി. അതേ സുഗന്ധം.
‘ഇവിടെയായിരുന്നു ഞാനും മോളുടെ അമ്മയും സ്ഥിരം കണ്ടിരുന്നത്. മോൾക്ക് ഞങ്ങൾ ഒരു പേരും കണ്ടു വച്ചിരുന്നു. എന്താണെന്നറിയാമോ..’
‘സാറാ...’ ഗായത്രി പറഞ്ഞു.
‘മോൾക്കെങ്ങനെയറിയാം..’
സണ്ണി അത്ഭുതത്തോടെ മോളെ നോക്കി.
‘'അമ്മ എപ്പോഴും എന്റെ കൂടെയുണ്ട്. ഈ ഇലഞ്ഞിപ്പൂമണം എപ്പോഴും എന്റെ കൂടെയുണ്ട്. ഇത് എന്തു വാസനയാണെന്ന് അറിയുന്നതിനുമുന്പേ എൻറെ കൂടെയുണ്ട്. സാറാമോളെന്നു ഒരു നൂറുവട്ടം എന്നെ വിളിച്ചിട്ടുണ്ട്. ഇപ്പോഴും കൂടെയുണ്ട്. പപ്പാ ഞാൻ അങ്ങനെ വിളിക്കുവാ. ഞാൻ അവരെ അച്ഛനെന്നും അമ്മയെന്നും വിളിച്ച് ശീലിച്ചുപോയി. അവരെ ഇട്ടേച്ച് പപ്പേടെ കൂടെ വരാൻ എനിക്ക് പറ്റില്ല. പപ്പ എന്നോട് ക്ഷമിക്കണം. ഞാൻ ഇടക്കിടെ പപ്പേ വന്നു കണ്ടോളാം. പപ്പയ്ക്കു അങ്ങോട്ടും വരാല്ലോ.. അതു ഞാൻ വാക്ക് തരാം. പക്ഷെ അവരെ വിട്ടു വരാൻ എനിക്ക് പറ്റില്ല പപ്പ.. അതുകൊണ്ടാ.. എന്നോട് ക്ഷമിക്കണം.’
ഗായത്രി സണ്ണിയുടെ മുൻപിൽ കൈകൂപ്പി കരഞ്ഞു.
‘എന്റെ മോള് കരയല്ലേ. ഞാൻ ഇത് അങ്ങോട്ടു പറയാൻ തുടങ്ങുവാരുന്നു. വളർത്തി വലുതാക്കിയവരെ ഒരിക്കലും വിഷമിപ്പിക്കരുത്. അതിന്റെയാ ഞാൻ ഇപ്പൊ അനുഭവിക്കുന്നത്. കർമ്മം കൊണ്ട് അവരാണ് നിന്റെ മാതാപിതാക്കൾ. അന്ന് ആ വഴിയിൽ നിന്ന്‌ മോളെ അവർ കൊണ്ടുപോയില്ലായിരുന്നെങ്കിൽ എന്റെ മോള് ഇപ്പൊ ഇതുപോലെ ഏതെങ്കിലും അനാഥാലയത്തിൽ ആയിരുന്നേനെ. മോള് പൊയ്ക്കോ.. ഇടക്കിടെ പപ്പേടെ കൂടെ വന്നു നിന്നാൽ മതി. പപ്പയ്ക്കു മോൾടെ സന്തോഷമാ മുഖ്യം.’
ഇപ്പൊ രണ്ടു പേരെയും തഴുകി ഇലഞ്ഞിപ്പൂ മണമുള്ള കാറ്റ് കടന്നുപോയി.
‘കണ്ടോ… അമ്മ ഇപ്പോഴും വന്നു’
രണ്ടു പേരും ചിരിച്ചു. കണ്ണീരോടെയുള്ള ചിരി.
‘എടോ… രവി… താൻ എന്റെ മോൾക്ക്.. അല്ല.. നമ്മുടെ മോൾക്ക് എന്തു സ്നേഹമന്ത്രമാ ഓതികൊടുത്തത്. അവൾക്ക് നിങ്ങളുടെ കൂടെ നിന്നാൽ മതി.. പക്ഷെ ഇടക്കിടെ എന്റെ കൂടെ താമസിക്കാനും വിടണം.. കേട്ടൊടോ.. ഞാൻ കാത്തിരിക്കും.. ‘
അവർ സണ്ണിയുടെ മുൻപിൽ കൈകൂപ്പി. ശോഭ കരഞ്ഞു കൊണ്ട് നന്ദി പറഞ്ഞു. സണ്ണിയോട് യാത്രപറഞ്ഞ് അവർ ഇറങ്ങി.. അവസാനം ഗായത്രിയും തിരിഞ്ഞു തിരിഞ്ഞു നോക്കി ഇറങ്ങി ..
ഇലഞ്ഞിപ്പൂമണമുള്ള കാറ്റു സണ്ണിയെ തഴുകിക്കൊണ്ടിരുന്നു.
********
ദീപാ ഷാജൻ
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo