നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കുട

കുട
......
'ഞാൻ നിങ്ങളുമായിട്ട് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കൽ നിർത്തി.'
നല്ല വെള്ള പേപ്പറിൽ കറുത്ത മാർക്കർ കൊണ്ട് കുറച്ച് വലുപ്പത്തിൽ തന്നെ എഴുതി ഊണുമേശയ്ക്കു മുകളിൽ വെച്ചു. എന്നിട്ട് വന്ന് റ്റി.വി ഓൺ ചെയ്തപ്പോഴോ ,നീലകണ്ഠൻ ഭാനുമതിയെ ഭീഷണിപ്പെടുത്തി ഡാൻസു ചെയ്യിക്കുന്നു -
' ടീ എന്തായിത് .... പുതിയ തൊടുകറിയാണോ......?'
മുഖമുയർത്തി നോക്കിയ എന്റെ നേരെ ഒരു പേപ്പർ നീണ്ടു വരുന്നു.
' ഇത് ഞാൻ അവിടെ വെച്ചതല്ലെ ....?'
'അതാ ചോദിച്ചത് പുതിയ തൊടുകറിയാണോന്ന് ...'
"ജയിച്ചു അല്ലെ.....? നിങ്ങളാരാ പേരുകേട്ടച്ഛന്റെ പേരു കേട്ട മകൻ .ഞാനോ നിസ്സാരയായൊരു പെണ്ണ്......"
'കേട്ടല്ലൊ ... നീയൊക്കെ ഇത്രയേ ഉള്ളു..... ഇത് ചുരുട്ടി ഏതെങ്കിലും പ്രാവിന്റെ കാലിൽ കെട്ടി ആർക്കെങ്കിലും കൊടുത്തയയ്ക്ക്..... അവൾടൊരു കുറിപ്പടി .....'
എന്റെ നയപ്രഖ്യാപനം ചുരുട്ടിക്കൂട്ടി ഒരേറ് .എന്നിട്ടൊരു പുച്ഛഭാവവും .
" എന്നാൽ എന്റെ ഉള്ളിലുമുണ്ട് ചെറിയ ചില ജയങ്ങൾ ആഗ്രഹിക്കുന്നൊരു മനസ്സ് .അതിനെ എനിക്ക് തൃപ്തിപ്പെടുത്തിയേ മതിയാകു..... "
' ദേ.... നീലകണ്ഠാ ശരിക്കും ചെവിതുറന്ന് കേൾക്ക് പെണ്ണുങ്ങടെ ഡയലോഗ് ..'
' നീ ചിലങ്ക ഊരി എറിയുന്നോ ,ഭക്ഷണം കഴിക്കാൻ വരുന്നോ ....?
ജോലിയെല്ലാം ഒതുക്കി സ്വസ്തമായിട്ടൊന്നു പിണങ്ങിയിരിക്കാമെന്ന് വെച്ചാൽ അതിനും സമ്മതിക്കില്ല. അല്ലങ്കിലും ഈ ആണുങ്ങൾ ഇങ്ങനെയാണ് ,പിണങ്ങിയാലും വിടില്ല. നേരിട്ട് ചോദിക്കാൻ പറ്റിയില്ലങ്കിൽ പിള്ളേരെ വിടും ,അതെവിടെ ഇതെവിടെ ലതെവിടെ എന്നൊക്കെ ചോദിച്ച് ...
ഒരു കുട പോയതിനും മാത്രമുള്ള വഴക്കാണോ പറഞ്ഞു കൂട്ടിയത് മുഴുവൻ. മനസ്സാക്ഷിയില്ലാത്ത കുട ,ഞാനെന്തുമാത്രം സ്നേഹിച്ചതാ... ഒന്നു കൈമാറുക പോലും ചെയ്യാതെ ,സ്നേഹിച്ച് ഓമനിച്ച് ബാഗിൽ തന്നെ വെച്ച് കൊണ്ടു നടന്നതാ എന്നിട്ടോ...... എന്റെ കണ്ണൊന്ന് തെറ്റിയപ്പോൾ ഒരക്ഷരം ഉരിയാടാതെ ആരുടെയോ കൂടെ പൊയ്ക്കളഞ്ഞു. ....
' ഒരു കുടയോ .......?'
' രണ്ട്.........'
' രണ്ടോ.........?'
' നാലെണ്ണം .പിന്നൊരു പഴയതും.... അതിത്ര വലിയൊരു സംഖ്യയാണോ .....? '
' അതു ശരി..... ഇവിടുത്തെ കുടയെല്ലാം കൊണ്ട് കളഞ്ഞത് പോരാഞ്ഞിട്ട് ആ ബിന്ദുവിന്റെ കുടയും കളഞ്ഞേക്കുന്നു....... '
' ഓ.......... കളഞ്ഞു കളഞ്ഞുന്ന് എന്തിനാ പറയുന്നത് ..... പോയി അങ്ങനെയും ഒരു വാക്ക് മലയാളത്തിലുണ്ട്. '
' മലയാളത്തിലെ വാക്കെല്ലാം നീയിന്ന് എന്നെ കൊണ്ട് പറയിക്കും .... '
ശ്ശൊ..... ആ ഭാനുമതിക്ക് ഊരി എറിയാൻ ചിലങ്കയെങ്കിലുമുണ്ട് .ഞാനിതെന്ത്.........
അല്ലങ്കിലും ചിലരങ്ങനാ നമ്മൾ എത്ര സ്നേഹിച്ചാലും കൂടെ നിൽക്കില്ല .മറുകണ്ടം ചാടും .പോകുന്നവർക്കങ്ങ് പോയാൽ മതി. മാനനഷ്ടം ,ധനനഷ്ടം തുടങ്ങിയ മഹാമാരി മുഴുവൻ ബാക്കിയുള്ളവർക്കും . എന്നാലും ആ ബിന്ദുചേച്ചിടെ കുട എവിടെ പോയി............. .കാനറാ ബാങ്കു വരെ ഞാൻ എത്തുന്നു.... കുട മടക്കുന്നു..... പിന്നെന്തു സംഭവിച്ചു !!!!!!
'അവിടുത്തെ സി സി ടി വി യിൽ ഒന്നു നോക്കാരുന്നു.......'
' അവിടുത്തെ മാത്രമാക്കണ്ട അങ്ങോട്ട് പോകുന്ന വഴീലെല്ലാം ക്യാമറയുണ്ട് . അതും കൂടി പരിശോധിക്ക് ......'
ശ്ശെടാ.... ഇയാളെന്തൊരു മനുഷ്യനാണ് .... ഭാര്യയ്ക്ക് ഒരാവശ്യം വരുമ്പോൾ കൂടെ നിൽക്കണ്ടെ ....
'സത്യത്തിൽ നിങ്ങള് എന്റെ ഭർത്താവാണോ... അതോ ആ കുടയുടെ ഭർത്താവാണോ ? '
ബാങ്കിൽ വിളിച്ചു ചോദിച്ചപ്പോൾ ഒരു മനസ്സാക്ഷിയുമില്ലാത്ത മറുപടി. അങ്ങനൊരു കുട അവിടെ കിട്ടിയിട്ടില്ലത്രെ ...
' നിങ്ങടെ ബാങ്കാണെന്ന് പറഞ്ഞിട്ടെന്ത് കാര്യം ഒരു ശ്രദ്ധയുമില്ല.. ഇനി കുട വാങ്ങുമ്പോൾ ഞാൻ അതിൽ പേരും അഡ്രസ്സും എഴുതി വെയ്ക്കും .നോക്കിക്കോ.......'
' ഒരു മൊബൈൽ കൂടി വാങ്ങി കൊടുക്ക് കളഞ്ഞിട്ട് വരുമ്പോൾ അത് നിന്നെ വിളിച്ചോളും ....'
' ദേ..... പിന്നെയും...... കളഞ്ഞൂന്നല്ല . പോയെന്നു പറ......'
ദിവസങ്ങൾ പലതു കഴിഞ്ഞു ... തിരികെ വരുമെന്നുള്ള എല്ലാ പ്രതീക്ഷയും സ്വാഹാ..... എത്രയെന്നു വെച്ചാ മുങ്ങി നടക്കുന്നത്. പുതിയ കുടയായതുകൊണ്ട് വേറെ വാങ്ങി കൊടുക്കാതെ തരമില്ല. നല്ല ഒന്ന് രണ്ട് ബുക്ക് വാങ്ങാനുള്ള കാശാണ് മനസ്സാക്ഷിയില്ലാത്ത കുട കാരണം എനിക്ക് നഷ്ടപ്പെടാൻ പോകുന്നത് .
അങ്ങനെ ഒരു വൈകുന്നേരം , പതിവില്ലാതെ കണവൻ ഒരു കുടയൊക്കെചൂടി കയറി വരുന്നു.
' ഇത്..........??????'
' ങാ..... ഇതു തന്നെ........ അത്.......'
' ശ്ശൊ സമാധാനമായി...'
ബാഗ് തുറന്ന് വേറൊരു പുതിയ കുടയെടുത്ത് എന്റെ വിരലിൽ തൂക്കി ......
' എന്തിനാന്നേ.... വാങ്ങണ്ടായിരുന്നു....... ഞാനിനിയും കൊണ്ട് കളഞ്ഞാലോ.......?'
'സാരമില്ലെടി നമുക്ക് വേറെ വാങ്ങാന്ന്....... പിന്നേ കളഞ്ഞു എന്നു പറയരുത്...... പോയി........'
'മോനേ........ നീലകണ്ഠാ..... '

Sheeba

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot