Slider

പൂമ്പാറ്റകൾ ഉണ്ടാകുന്നത്

0
Image may contain: 1 person, closeup and outdoor

തൂവിത്തെറിച്ച്‌ ഇലകളിലേയ്ക്ക് മഞ്ഞെറിയുന്ന നിലാവിൽ ചായം തേച്ച് പിടിപ്പിക്കുന്നേയുള്ളു കിഴക്കിന്റെ നാഥൻ. ഒരു പുലരിയുടെ നിറച്ചാർത്തിലേയ്ക്ക് പൂക്കൾ മിഴി തുറന്നു തുടങ്ങിയിട്ടില്ല.
കിളികളൊന്നും ഒരു ഉണർത്ത്‌പാട്ടിന്റെയും ഈണമിട്ട് തൂവലിളക്കി ആകാശം നോക്കിയും കാണില്ല.
അഥീന അരണ്ട വെളിച്ചത്തിൽ അക്രിലിക്ക് പെയിന്റിങ്ങുകൾ നിറഞ്ഞ ആർട്ട് റൂമിന്റെ വാതിൽ പതിയെ തള്ളി തുറന്നു.
പാതി നിറമണിഞ്ഞ ഒരു കാൻവാസിൽ നീലയും പച്ചയും മഞ്ഞയും കലർന്ന കുറേയധികം പൂക്കൾ ആകാശത്തിന്റെ നീലിമയിലേയ്ക്ക് എടുത്തെറിഞ്ഞ പോലെ മാത്രം വരച്ച് വെച്ചിരിക്കുന്നു.
പച്ച ഞരമ്പ് പോലെ ജനലഴികളിൽ പറ്റിപ്പിടിച്ചിരുന്ന
ഗിബാസിസ് ചെടികളിൽ പറ്റി സൂര്യൻ മുറിയിയേല്ക്ക്‌ ഒന്നൊളിഞ്ഞു നോക്കി.
മിനുസം കൂടിയ കല്ല് പതിച്ച മുറിയുടെ ഒരു വശത്ത് നിരത്തി വെച്ച മൺചട്ടികളിൽ ക്രിസാന്തമം പലനിറങ്ങളിൽ പൂത്തുലഞ്ഞു നിൽപ്പുണ്ട്.
അതിനുമപ്പുറത്ത് ഒരു പളുങ്ക് പെട്ടിയിൽ ചുവന്ന കുറേ മഞ്ചാടിമണികൾ.
ബാൽക്കണിയുടെ ഓരം പറ്റി ഒരു മാവ് പൂത്ത് നിൽപ്പുണ്ട്.
കരിഞ്ഞു വീണ പൂവുകളാണ് ബാൽക്കണി നിറയെ.ബാൽക്കണിയുടെ ചുവരിൽ നിറയെ നിറങ്ങളുള്ള ഒരു പക്ഷിയുടെ ചിത്രം കാണാം.അതിന് ചുറ്റും പ്രണയിനി എന്ന പോലെ ബോഗൻവില്ല പൂത്ത് നിൽപ്പുണ്ട്.
ബാൽക്കണിയിൽ നിന്നും നോക്കിയാൽ താഴെ കുറ്റിമുല്ലകൾ കൊണ്ട് അതിര് തീർത്ത ഒരു പൂന്തോട്ടം.
അതിൽ പക്ഷേ ഭൂമിയെ തൊടുന്ന ഒരു പൂക്കൾ പോലും കാണാനില്ല.
വളർന്ന് വളർന്നു ആകാശത്തിലേക്ക് ഉന്നം വെക്കുന്ന വള്ളിപ്പടർപ്പുകൾ മാത്രം. അതിലൊന്നിലും പക്ഷേ പൂക്കൾ കാണുന്നില്ല.
ബാൽക്കണി വിട്ട് അഥീന വേദയുടെ ആർട് റൂമിലേയ്ക്ക് തിരിച്ചു വന്നു.
'നഷ്ടപ്പെട്ട നീലാംബരി'യുടെ ഒരു കോപ്പി ആ മുറിയെ അക്ഷരങ്ങളുടേത്‌ കൂടിയാക്കുന്നുണ്ട്.ഏറ്റവും പഴയതെന്ന് തോന്നിപ്പിക്കുന്ന ആ പുസ്തകത്തിൽ ഇഴ തെറ്റാത്ത ഒരു മയിൽ‌പീലിത്തുണ്ടും.
മകരത്തിന്റെ തണുപ്പിൽ മടിച്ച് മടിച്ച് മുറിയിലേയ്ക്ക് കയറി വന്ന വെയിൽ തട്ടി മുറിയുടെ കിഴക്കേ മൂലയിൽ കൂട്ടിയിട്ടിരുന്ന പൊടി പിടിച്ച ക്യാൻവാസുകൾ ഒന്ന് തിളങ്ങി.
അതിലെല്ലാം മുൻപ് പകുതി വരച്ച് കണ്ട ക്യാൻവാസിലെ പൂക്കൾ തന്നെ...
ഒരേ പൂക്കളുള്ള എത്രയധികം വരകളാണ് പാതി ജീവനിൽ പൊടി പിടിച്ച് മൂലയ്ക്കിരിക്കുന്നത്.
നിറയെ കൊത്തുപണികൾ ചെയ്ത ജനാലയുടെ കൈവരികളെ തൊട്ടിയുരുമ്മി കൂവളത്തിന്റെ ഒരു കൊമ്പ് വരുന്ന കാറ്റിനെയെല്ലാം തഴുകി മുറിയിലേയ്ക്ക് വഴി മാറ്റി കടത്തി വിടുന്നുമുണ്ട്.എന്നിട്ടും... ആ മുറിയ്ക്ക് ജീവനുള്ളതായി അഥീനയ്ക്ക് തോന്നിയതേയില്ല.
വിയർപ്പിന്റെയും മുഷിഞ്ഞ ക്യാൻവാസിന്റെയും മടുപ്പിക്കുന്ന ഗന്ധത്തിൽ വേദ എങ്ങിനെയാവണം ഈ മുറിയിൽ വരയ്ക്കാനിരിക്കുന്നത്.
അത്രയേറെ അടുക്കി വെച്ചിരിക്കുന്ന മുറിയിൽ പാതി ജീവനുള്ള ക്യാൻവാസുകൾ മാത്രം അലക്ഷ്യമായി വലിച്ചെറിയപ്പെട്ടത് എന്ത് കൊണ്ടെന്ന് അഥീനയ്ക്ക് മനസിലായതേയില്ല.
വർണ്ണങ്ങളെ അത്രയേറെ പ്രണയിക്കുന്നവളെ മറ്റൊരിടത്തും അഥീന കണ്ടിട്ടില്ല എന്നത് മാത്രമായിരുന്നു ആ ആശ്ചര്യത്തിന്റെ ഉറവിടം.
പത്താം ക്ലാസിലെ സി.ബി.എസ്.സി സിലബസിനോട് മല്ലിട്ട് മെഡിക്കൽ പ്രവേശനം സ്വപ്നം കണ്ട് പഠിക്കാൻ നിർബന്ധിക്കപ്പെട്ട വേദയെ അക്രിലിക് പെയിന്റിംഗ് പഠിപ്പിക്കാൻ നിയോഗിക്കപ്പെടുമ്പോൾ അഥീന അവളെ തീർത്തും വില കുറച്ചാണ് കണ്ടിരുന്നത്.
വേദയുടെ അച്ഛന്റെ 100 ശതമാനം മാർക്ക് എന്ന സ്വപ്നം പേറുന്ന ഒരു വണ്ടിക്കാള മാത്രമാണവൾ എന്ന ധാരണയിലാണ് പഠിപ്പിക്കാനായി ഇവിടെ ആദ്യമായി വരുന്നത്.
പഠ്യേതര വിഷയങ്ങളിലെ ഉയർന്ന ഗ്രേഡ്ന് കിട്ടുന്ന ഗ്രേസ് മാർക്ക് മാത്രമാകും അവളുടെയും ലക്ഷ്യം എന്നാണ് അഥീന കരുതിയിരുന്നത്.
പക്ഷെ വർണ്ണങ്ങളോടും ചായക്കൂട്ടുകളോടും അവൾക്കുള്ള അടങ്ങാത്ത പ്രണയം അഥീനയെ അത്ഭുതപ്പെടുത്തി.
ഭർത്താവിന്റെ വിനോദങ്ങളുടെ കാവൽക്കാരി മാത്രമായിരുന്നവൾക്ക് അതൊരു സമയം കൊല്ലൽ മാത്രമായിരുന്നില്ല.
വർഷങ്ങളുടെ പ്രയത്നത്തിലൂടെ അഭ്യസിച്ചെടുത്ത തന്റെ ഇഷ്ടത്തെ ഒന്ന് പൊടി തട്ടിയെടുക്കാനുള്ള അവസരമായിരുന്നു അത്‌.
അത്‌ കൊണ്ട് തന്നെയാണ് അഥീന ഗോപനെ യാചനയുടെ ഏറ്റവും മോശമായ തലത്തിൽ വരെയെത്തി സമ്മതിപ്പിച്ചെടുത്ത്.
അടുക്കളയുടെ ചുവരുകൾക്കുളിൽ സ്വപ്നം കാണേണ്ടവളാണ് പെണ്ണെന്ന് ഉറക്കെ പറയുന്നവനെ എങ്ങനെ സമ്മതിപ്പിച്ചെന്ന് പലരും ആശ്ചര്യപ്പെടാറുണ്ട്.
ഗോപന്റെ ആൺമേൽക്കോയ്മ വഷളത്തരങ്ങൾക്ക് ഫേസ്ബുക്കിൽ കയ്യടിക്കുന്ന ആയിരങ്ങളെ ഓർത്ത് പക്ഷേ അവൾക്ക് ആശ്ചര്യമല്ല. ഭയപ്പാടാണ്!!
"ഏച്ചി വന്നിട്ട് കുറേ നേരമായോ?"
കൈയ്യിലെ പുസ്തകം ഷെൽഫിലേയ്ക്ക് വെച്ച് വേദ ചോദിച്ചു.
പെട്ടെന്നുള്ള ശബ്ദത്തിൽ ഞെട്ടിത്തിരിഞ്ഞ അഥീന വേദയെ കണ്ട് പുഞ്ചിരിച്ചു.
അപ്പോൾ ബാൽക്കണിയിൽ ഒരു തണുത്ത കാറ്റ് ചൂളമിട്ട് പറക്കുന്നത് പോലെ അഥീനയ്ക്ക് തോന്നി.
പൂന്തോട്ടത്തിലെ വള്ളിപ്പടർപ്പുകൾ മുറിയിലേയ്ക്ക് എത്തി നോക്കും പോലെ...
"ഇത്ര രാവിലെ എണീറ്റ് ട്യൂഷന്
പോകൽ ഇച്ചിരി കടുപ്പം ആണല്ലേ വേദ"
"പുലർച്ചെ പഠിച്ചാലേ മനസിൽ തങ്ങു എന്ന അച്ഛന്റെ മനസ്സിനോട് മല്ലിടാൻ എനിയ്ക്കാവില്ല ഏച്ചി"
ക്രിസാന്തമത്തിലേക്ക്‌ മൺകൂനയിൽ നിന്നൊരു പാതി പാർന്നു കൊണ്ട്‌ വേദ പറഞ്ഞു.
"ഈ കൊച്ചു മുറിയിൽ നീയെങ്ങനെ കഴിയുന്നു എന്നാലോചിക്കാറുണ്ട് ഞാൻ.
ഇത്രയും വലിയ വീട്ടിൽ...ഒരു കണക്കിന് ഞാനും അങ്ങനാ...
അടുക്കളയുടെ ചുവരുകൾക്കപ്പുറം എന്റെ സ്വപ്നങ്ങൾ പോലും പോകാറില്ല."
"പിന്നെ ഇതിപ്പോ എങ്ങനെ ചാടി വീട്ടിൽന്ന്...ഫേസ്ബുക് തൊഴിലാളി വീട്ടിൽ ഇല്ലേ?അതോ അങ്ങേരുടെ തലയിൽ മാനസാന്തരക്കുരു മരത്തോടെ വീണോ???"
വേദ പൊട്ടിച്ചിരിച്ചു.
" ആ കുരു വീഴാനും പൊട്ടനും ഒന്നും പോണില്ല മോളെ...എവിടെയോ കറങ്ങാൻ പോയേക്കുവാ കൂട്ടുകാരോടൊപ്പം.വരാൻ രണ്ടീസം ആവും"
"ചുമ്മാതല്ല... പത്രക്കാരൻ വരുന്നതിന് മുന്നെ ഇവ്ടെത്തിയെ.ഞായറാഴ്ച്ചയെങ്കിലും എന്നെ വെറുതെ വിടും ന്ന് കരുതി"
"പിന്നേ ... രാവിലെ എണീറ്റ് ഇങ്ങോട്ടോടി വന്ന് ചായം തേക്കാൻ എനിയ്ക്ക് വട്ടല്ലേ... ഗോപൻ പോയപ്പോ ഒന്ന് സുഖായി കിടക്കാം ന്ന് കരുതിയതാ.നിന്റെ അച്ഛൻ സമ്മതിക്കണ്ടേ.ഗോപൻ ടൂർ പോയത് അറിഞ്ഞിട്ട് എന്നെ വിളിച്ചിരുന്നു.വിരോധമില്ലെങ്കിൽ നാളെ രാവിലെ വന്ന് ക്ലാസ്സ്‌ എടുക്കുമോ എന്ന്.പറ്റില്ലെന്ന് പറയാൻ ശീലിക്കാത്തത് വല്ലാത്ത തെറ്റായി പോയി."
"സാരല്ല. ഏച്ചി ഇവിടെ കിടന്നോ...ഇന്ന് ബ്രഷ് എടുക്കാൻ എനിയ്ക്കും വയ്യ"
"ന്നാ ആ വാതിലങ്ങടച്ചേക്ക്. ഞാൻ ഉറങ്ങാൻ പോവുകയാ."
അഥീന വെളുത്ത പൂക്കൾ നിറഞ്ഞ ബെഡ്ഷീറ് എടുത്ത് പുതച്ച്‌ സോഫയിലേയ്ക്ക് മറിഞ്ഞു.
ഉറക്കത്തിന്റെ പുകച്ചുരുളുകൾ കണ്ണിലേക്കിടിച്ചു കയറിയപ്പോൾ വേദ തന്റെ മെയ്യാടകൾ ഊരി എറിയുകയായിരുന്നു.നിമിഷ നേരം കൊണ്ടവൾ പൂർണ നഗ്‌നതയിൽ പുഞ്ചിരിക്കുന്ന ഒരു അപ്സരസിനെ പോലെ മാറിയിരുന്നു.ഒരു വെണ്ണക്കൽ ശില്പം പോലെ.
സർപ്പഗന്ധിയുടെ പൂ വിരിഞ്ഞ പോലെ അവിടം മണം നിറഞ്ഞിരുന്നു.കാവിലെ നാഗവിളക്കേന്തി തിറയാടുന്നവളെ പോലെ വേദ വശ്യമായി ചുവടു വെച്ച് മുടിയിഴകളെ അലസമായി പാറി നടക്കാൻ അനുവദിച്ചു.
അനന്തരം അവൾ ക്യാൻവാസിന് കീഴെ അടുക്കി വെച്ച നീണ്ട തൂവൽ എടുത്ത് പതിയെ പാതി വരഞ്ഞ പൂക്കളെ നോക്കി കണ്പീലികൾ വെട്ടിച്ചുന്മാദിയെ പോലെ പുഞ്ചിരിച്ചു.
പല നിറങ്ങളിൽ പാതി വരഞ്ഞു വെച്ച പൂക്കളിൽ പതിയെ കൈയ്യോടിച്ചവൾ
തന്റെ നഗ്‌നതയിലേക്ക് തൂവൽ ചേർത്ത് വെച്ചു.
നെറ്റിത്തടത്തിൽ തൂവലൊഴുകിയപ്പോൾ അതിന് കുങ്കുമ നിറമായിരുന്നു.
പതിയെ അവൾ തൂവലൊതുക്കി ക്യാൻവാസിൽ അഞ്ചിതളുള്ള ഒരു പൂവിനെ വരച്ചു ചേർത്തു.
നിറമൊഴിഞ്ഞ തൂവൽ അവളുടെ മാറിടങ്ങളുടെ താഴ്‌വരകളിൽ ഒഴുകിയിറങ്ങിയപ്പോൾ രണ്ടിതളുള്ള ഒരു പൂവിന് ചന്ദന നിറമായിരുന്നു.പൊക്കിൾ കൊടിയിൽ നിന്ന് പച്ചയും നിതംബത്തിൽ നിന്നും വയലറ്റ് നിറവും ചേർത്തവൾ വീണ്ടുമേറെ പൂക്കൾ വരച്ചു.
പൂക്കൾക്ക് നിറം ചേരുന്നതിനൊപ്പം ക്യാൻവാസിൽ വാനിലുയർന്ന് പറക്കുന്ന ഒരു അഭൗമ്യ സൗന്ദര്യത്തിന്റെ അഴകളവുകൾ ചേർന്ന് വരുന്നുണ്ടായിരുന്നു.
തലയും നാസികത്തുമ്പും കൈകാലുകളും മാറിടവും നിതംബവും അറിയാതെ തന്നെ വരച്ചു ചേർക്കപ്പെട്ടിരിക്കുന്നു.
കണ്ണും ചുണ്ടും വാരയ്ക്കാത്തത് കൊണ്ടവണം ആ ചിത്രം അപൂർണതയുടെ പൂർണതയായിരുന്നു.
ഇഴയൊത്ത തൂവൽ ഒരിളം കാറ്റിനെ പോലെ അണിവയറിലുരുമ്മി ആഴങ്ങളിലേയ്ക്ക് പതിച്ചപ്പോൾ
ക്യാൻവാസിൽ ഒറ്റയിതളിൽ ഒരു ചുവന്ന പൂ വിടരുകയുണ്ടായി.
അപ്പോൾ തന്നെ കണ്ണും ചുണ്ടും ചേർക്കപ്പെട്ട ആ സൗന്ദര്യം വശ്യമായി പുഞ്ചിരിക്കുന്നത് പോലെ കാണപ്പെട്ടു.
മുറിയിലാകെ പുകച്ചുരുളുകൾ നിറയെ ബാൽക്കണി കടന്ന് കുറ്റിമുല്ലയുടെ ഗന്ധം മുറിയിൽ നിറഞ്ഞു.പുകച്ചുരുളുകളുടെ അവസാനത്തിൽ വേദ ഒരു പാലപ്പൂവിന്റെ വാസന പോലെ പൂന്തോട്ടത്തിലെയ്ക്കൊഴുകിയിറങ്ങി പൂക്കളിലേയ്ക്ക് അലിഞ്ഞു ചേർന്നു.
പൊടുന്നനെ വള്ളിപ്പടർപ്പുകളുടെ ഇടകളിൽ നിന്ന് ആയിരം വർണ്ണങ്ങളുമായി കുറേ പൂമ്പാറ്റകൾ ആകാശത്തിന്റെ നീലിമയിലേയ്ക്ക് പറന്നുയർന്നു.
ഞെട്ടിയുണർന്ന അഥീനയുടെ കൈയ്യിൽ ഒറ്റയിതൾ ഉള്ള ഒരു പൂവിന്റെ ചിത്രവുമായി ഒരു പുസ്തകം.
അതിൽ ഇങ്ങനെ എഴുതിയിരുന്നു...
'പൂമ്പാറ്റകൾ ഉണ്ടാകുന്നത്"
വേദ ബാലകൃഷ്ണൻ.
'''''''''''''''''''''''''''''''''''"""""""""""""""""""""""""""""
ജിതിൻ മേഘമൽഹാർ
08/02/18
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo