Slider

രാഗമാലിക

0
രാഗമാലിക
~ ~ ~ ~ ~ ~
നമസ്ക്കരിക്കാനുള്ളവരൊക്കെ വന്ന് നമസ്ക്കരിച്ചോളൂ, മൃതദേഹം പുറത്തേക്കെടുക്കേണ്ട സമയമായി. അതുവരെ ആ മുഖം ഒരുനോക്കു കാണുവാനുള്ള ധൈര്യമില്ലാതെ ഞാനിറയത്ത് തൂണും ചാരി തളർന്നിരിക്കയായിരുന്നു. വേഗം പിടഞ്ഞെണിറ്റ് അകത്തളത്തിലേക്ക് കയറി. അന്ത്യയാത്ര...! കുറേപേർ പ്രദക്ഷിണം വെക്കുന്നുണ്ട്, ഞാനും അവരിലൊരാളായി. തള്ളവിരലുകൾ കൂട്ടിക്കെട്ടി, തണുത്തു മരവിച്ച ആ പാദങ്ങളിൽ തൊട്ട് നമസ്ക്കരിച്ചപ്പോൾ രണ്ടിറ്റു കണ്ണുനീർ ആ പാദങ്ങളിൽ വീണു. മനസ്സൊന്നു പിടഞ്ഞുവോ...? ഒരാൾ വന്നെന്നെ പിടിച്ചു മാറ്റി.
വെള്ളവസ്ത്രത്തിൽ പൊതിഞ്ഞാ ശരീരം പട്ടടയിലേക്കെടുത്തപ്പോൾ നിയന്ത്രണം വിട്ടുപോയി. തിരിഞ്ഞു നടന്നു. ദൂരെ മാറിനിന്ന്, ഉയർന്നുപൊങ്ങുന്ന അഗ്നിനാളങ്ങളിലേക്ക് നോക്കിനിന്നു. ഒരുതരം മരവിപ്പ്..! അറിയാതെ കൈകൂപ്പി പ്രാർത്ഥിച്ചു..," ടീച്ചറിന്റെ ആത്മാവിന് ശാന്തി നൽകണേ..".
തീനാളങ്ങളുടെ ശക്തി കുറഞ്ഞു കുറഞ്ഞു വന്നു. നോക്കിനിൽക്കേ ആ മൃതശരീരം ഒരു പിടി ചാമ്പലായ്...! ഇനി സേതുലക്ഷ്മി ടീച്ചർ വെറും ഓർമ്മകൾ മാത്രം..!
ഓരോരുത്തരായ് പിരിഞ്ഞുപോകാൻ തുടങ്ങിയിരിക്കുന്നു. ഞാനും തിരിഞ്ഞു നടന്നു.
"അങ്കിൾ..",പിന്നിൽനിന്നൊരു വിളി.
തിരിഞ്ഞുനോക്കി.
"മഹേഷങ്കിളല്ലേ.., ഞാൻ മനു, മകനാണ്".
ഭദ്രമായ് പൊതിഞ്ഞ ഒരു പാക്കറ്റ്‌ എന്റെ നേർക്ക് നീട്ടി.
'' ഇത് അമ്മയുടെ ഡയറിയും കണ്ണടയുമാ.., അങ്കിളിന് തരണമെന്ന് പറഞ്ഞ് കുറച്ചു ദിവസം മുന്നേ എന്നെ ഏല്പിച്ചതാണ്, എനിക്കുറപ്പായിരുന്നു...., അങ്കിളിവിടെ വരുമെന്ന്".
"അമ്മക്കെന്തു പറ്റി.., പെട്ടെന്ന്..."?
ആ പാക്കറ്റ് നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് ഞാൻ ചോദിച്ചു.
"ഇന്നലെ രാത്രികൂടി എന്നോട് സംസാരിച്ചതാണല്ലോ..!"
"ഉറക്കം വരുന്നില്ല, ചൂടെടുത്തിട്ടു വയ്യാന്ന് പറഞ്ഞ് കട്ടിലിൽ നിന്നും താഴെ ഇറങ്ങിക്കിടന്നു. അച്ഛൻ ഡോക് ടറെ വിളിക്കാൻ നോക്കിയപ്പോൾ സമ്മതിച്ചില്ല, ചിരിച്ചുകൊണ്ട് പറഞ്ഞു, ഈ ബാധ അത്രവേഗമൊന്നും ഒഴിയില്ലെന്ന്! ഉറക്കത്തിലാണ് എല്ലാം സംഭവിച്ചത്. അമ്മക്കെല്ലാം ഒരു തമാശയായിരുന്നു. അങ്കിളിനെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്, സൗകര്യംപോലെ ഒരു ദിവസം വരൂ..., ക്ക് ഏറെ പറയാനുണ്ട്, കേൾക്കാനുമുണ്ട്".
"ഉം..,ശ്രമിക്കാം..".
ഞാൻ തിരിഞ്ഞു നടന്നു. കാലുകൾക്ക് ഒരു തളർച്ചപോലെ.
ഇപ്പോഴാണറിയുന്നത്, സേതുലക്ഷ്മി ടീച്ചർ തനിക്കാരൊക്കേയോ ആയിരുന്നെന്ന് !
ഒരമ്മയുടെ അധികാരത്തോടെ ശാസിക്കുകയും, ചിലപ്പോളൊരു സ്‌നേഹത്തലോടലും, ചിലപ്പോളൊക്കെ ഒരു കൊച്ചുകുട്ടിയെപ്പോലെ പിണങ്ങുകയും ചെയ്യുന്ന ഒരിക്കലും പൂർണ്ണമായും മനസ്സിലാക്കാനാകാത്ത ഒരു നന്മമരം!
റോഡിലേക്കിറങ്ങിയ ഉടനെ ഓട്ടോ കിട്ടി. "റെയിൽവേ സ്‌റ്റേഷൻ", ഓട്ടോക്കാരനോട് പറഞ്ഞു.
എറണാകുളം ടൗണിലേക്കുള്ള ടിക്കറ്റെടുത്ത് പ്ലാറ്റ്ഫോമിലെ സീറ്റുകളിലൊന്നിൽ ഇരുന്നു. അധികം താമസിയാതെത്തന്നെ തൊക്കോട്ടുള്ള വണ്ടിവന്നു. ജനലിനോടടുത്തുള്ള സീറ്റ്തന്നെ കിട്ടി. തിരക്കു കുറഞ്ഞപ്പോൾ ആ പാക്കറ്റ് മെല്ലെ തുറന്നു, ഒരു ഡയറിയും കണ്ണടക്കൂടും! കണ്ണടക്കൂട് തുറന്ന് കണ്ണടയെടുത്ത് മെല്ലെ തലോടി, തിരികെ കൂട്ടിനുള്ളിൽത്തന്നെ വെച്ചു.
ആകാംക്ഷയോടെ ഡയറിയുടെ ഏടുകൾ ഒന്നൊന്നായ് മറച്ചു നോക്കി. വെട്ടും തിരുത്തലുമായുള്ള പൂർണ്ണമാകാത്ത കുറേ കവിതകൾ..!
"ഉള്ളിലൊരാകാശം
പൊട്ടിച്ചിതറുന്ന പോലെ.."
"എന്തിനെന്നറിയില്ല കണ്ണാ-
നിൻമുന്നിലെൻ കണ്ണു നിറഞ്ഞിടുന്നു.,
നിന്നോടക്കുഴലിൽ നി-
ന്നുതിരുമാ നാദങ്ങൾ
ഒരു സാന്ദ്ര ഗീതമായ്
ഒഴുകുമ്പോളും
ഒരുനോക്കു കാണാൻ കൊതിച്ചിടുന്നു".
ഇടക്ക് ടീച്ചർ പറയുമായിരുന്നു......,
"എനിക്ക് കവിതയെഴുതുന്നവരെ വലിയ ബഹുമാനമാണ്. മനസ്സിലുള്ള വികാരങ്ങളെ മുഴുവനായും ചുരുങ്ങിയ വാക്കുകളുടെ ഒരു ചട്ടക്കൂട്ടിലിട്ട്, വീർപ്പുമുട്ടിച്ച്, അവയെ പുറത്തേക്കൊഴുക്കുന്നു...,
ഒരു സംഗീതമായ്...,
ഒരു നൊമ്പരമായ്..,
ഒരു സാന്ത്വനമായ്.....,
ചിലപ്പോൾ ശാന്തമായ് ഒഴുകുന്ന ഒരരുവിയായ്..."!
ഓരോ ഏടുകൾ മറച്ചു നോക്കിയപ്പോഴും കുറേ സങ്കടങ്ങൾ മാത്രം....! പുറമെ പൊട്ടിച്ചിരിച്ചിരുന്ന ടീച്ചറിന്റെ കവിതകളിലെന്തേ ഇത്ര നൊമ്പരം...?
" തളർന്നിടുന്നൊരീ
താളങ്ങൾ ഹൃത്തിൻ
തിരമാല പോൽ
തീരത്തലഞ്ഞിടുമ്പോൾ...,
ഒരു കാറ്റു വന്നു മിതുവായ്ത്തലോടി, ഒരു കൊച്ചു സ്നേഹ സാന്ത്വനം പോൽ..."!
"നീ അരുകിലുള്ളപ്പോൾ
ശാന്തമാണെൻ ഹൃദയം,
നിൻകാൽക്കൽ തലചേർത്ത്,
നിന്നോടക്കുഴൽ കേട്ട്,
ശാന്തമായൊന്നുറങ്ങട്ടെ ഞാൻ..!"
അവർക്കെന്നോട് എന്തൊക്കേയോ പറയണമെന്നുണ്ടായിരുന്നു എന്ന് തോന്നുന്നു. പൂർത്തീകരിക്കാനാകാത്ത ഒരു കുന്നു മോഹങ്ങൾ.....!
ഇടക്ക് പെട്ടെന്നൊരു ദിവസം ഒരു ഫോൺ വരും, "മഹി, എനിക്കൊരിടം വരെ പോണം, കൂടെ വരാമോ..?"
ഞാൻ മറുത്തൊന്നും പറയാറില്ല.
ബസ്സിൽ കയറുമ്പോളായിരിക്കും അറിയുക, എങ്ങോട്ടാണ് യാത്ര എന്ന്.
ഒരിക്കൽ മറേൻ ഡ്രൈവിൽ പോയി, മണിക്കൂറുകളോളം കായലിലേക്കും നോക്കിയിരുന്നിട്ടുണ്ട്. ചിലപ്പോൾ വാ തോരാതെ സംസാരിച്ചുകൊണ്ടിരിക്കും. ചിലപ്പോൾ മൗനമായ് അങ്ങ് സൂര്യനസ്തമിക്കുന്നതും നോക്കി ഒരേയിരിപ്പായിരിക്കും.
" ഇന്നെന്താ ടീച്ചറൊന്നും മിണ്ടാത്തെ.."? ഞാനിടക്ക് ചോദിക്കും.
"ഇന്നെനിക്കിങ്ങനെയിരിക്കാനാണിഷ്ടം."
ചിലപ്പോൾ എന്റെ കൈ രണ്ടും കൂട്ടിപ്പിടിച്ച് പറയും, "ഇന്ന് മഹിയുടെ ഊഴം, വീട്ടിലെ വർത്തമാനൊക്കെ പറയൂ. നാത്തൂന് സുഖാണോ? മോന്റെ പഠിത്തമൊക്കെ എങ്ങിനെ?"
ഒരിക്കൽ ഞാൻ ചോദിച്ചു,
"ടീച്ചർ വീട്ടിൽ പറഞ്ഞിട്ടാണോ വന്നിരിക്കുന്നത്? സാറിനറിയുമോ?"
അപ്പോൾ പൊട്ടിച്ചിരിക്കും,
"ഞാൻ കൊച്ചുകുട്ടിയൊന്നുമല്ലല്ലോ, മഹീ..., I am a senior citizen, young man..! അമ്മയായി, അമ്മൂമ്മയായി. ഇത്രയും കാലം ഒഴുക്കിനനുസരിച്ച് ഒഴുകിയില്ലേ? കടമകൾ എല്ലാം ചെയ്യുന്നില്ലേ..? ഇടക്ക് ഞാനൊന്ന് എനിക്കു വേണ്ടി ജീവിക്കട്ടേന്നേയ്.., സ്വതന്ത്രമായൊഴുകുന്ന ഒരു കാട്ടരുവി പോലെ! പേടിക്കേണ്ട.., പറഞ്ഞിട്ടു തന്നെയാ വന്നിരിക്കുന്നേ, മഹിയുടെ കൂടേയാണെന്നും അറിയാം."
ഒരിക്കൽ ഫോൺ ചെയ്തപ്പോൾ പറഞ്ഞു, "ക്ക് മഹീടെ വീട്ടിൽ വരണം, നാത്തൂനേം കുട്ടികളേം കാണണം, ന്നെ കൊണ്ടുപോകാമോ?"
വീട്ടിൽ വന്നപ്പോൾ, ഏറെ വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടുന്ന ഒരനുജത്തിയെ കാണുന്ന പോലെ, ഓടിച്ചെന്ന് ചിത്രയെ കെട്ടിപ്പിടിച്ചു. പിന്നെ ചിത്രയുടെ കൂടെ അടുക്കളയിലും പറമ്പിലും, മക്കളുമൊത്തുള്ള കളികളും...., തിരിച്ചു പോകറായപ്പോൾ എല്ലാവർക്കും സങ്കടമായി. ചിത്രയേ0 മക്കളേയും ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു, "ഞാനിനിയും വരും എന്റെ ചിത്രക്കുട്ടീ..".
ഒരിക്കൽ പറഞ്ഞു, "ഈ ജീവിതം നമ്മൾ കാണുന്ന പോലെയൊന്നുമല്ല മഹീ..., അതിനപ്പുറം ഓരോരുത്തർക്കും എന്തൊക്കേയോ പറയാനുണ്ട്. എത്ര പേരെ നമുക്ക് സന്തോഷിപ്പിക്കാനാകും? കടമകൾക്കും കർത്തവ്യങ്ങൾക്കുമിടയിൽപ്പെട്ട്, സ്വയം ആരെന്നുപോലും അറിയാതാകുന്നു. സ്വന്തം ഇഷ്ടങ്ങൾ അനിഷ്ടങ്ങൾ ഒന്നും വേർതിരിച്ചറിയാനാകുന്നില്ല. ഒഴുക്കിൽ പെട്ട ഒരു വഞ്ചിപോലെ, അങ്ങോട്ടുമിങ്ങോട്ടും ആടിയുലഞ്ഞ് ഏതോ തീരത്തെത്തിപ്പെടുന്നു".
ഡയറി അടച്ച് നെഞ്ചോട് ചേർത്തു പിടിച്ച്, കണ്ണുമടച്ച് ചാരിയിരുന്നു. ഒരു തളർച്ച പോലെ.
ഫോണിന്റെ ശബ്ദം.., ചിത്രയാണ്.
"എന്താ ഏട്ടാ.., ഇത്രയും നേരം വൈകുന്നേ....., അവിടുന്ന് ഇറങ്ങിയില്ലേ..., എപ്പോഴെത്തും?"
"ഞാനിതാ ഒരു പത്തിരുപത് മിനിട്ടിൽ എത്തും, നീ മോനോട് റെയിൽവേ സ്‌റ്റേഷൻ വരെ വരാൻ പറയ്."
"വേണാട് എക്സ്പ്രസ്സ്, കോച്ച് നമ്പർ-6", മോന് മെസ്സേജയച്ചു.
അടുത്തിരിക്കുന്ന സഹയാത്രികൻ ചോദിച്ചു,
"എന്താ സാറേ, കുറേ നേരമായ് ഞാൻ ശ്രദ്ധിക്കുന്നു, സാറിനെന്തോ അസ്വസ്തത പോലെ? എന്താ വയ്യേ...?"
"ഏയ്, ഒന്നൂല്യ, ഒരു ക്ഷീണം, ഇത്തിരി വെള്ളം കുടിച്ചാൽ വേണ്ടില്യർന്നു".
" അതിനെന്താ...., എന്റെ കയ്യിലുണ്ട്, സാറ് കുടിച്ചോളൂ".
വണ്ടി നോർത്ത് സ്റ്റേഷനിൽ എത്തിയിരുന്നു.
"സാറേ, പിടിക്കണോ, തനിച്ചു പോകാൻ വയ്ക്കോ?"
"ഏയ് എനിക്കൊന്നൂല്യ. മകൻ വരും.
വണ്ടിയിൽ നിന്നുമിറങ്ങുമ്പോൾ കാലൊന്നിടറിപ്പോയി. ഒരു വശത്തേക്ക് വീഴുമെന്ന് തോന്നി.
" അച്ഛാ, എന്തു പറ്റി.."? മകൻ ഓടിയെത്തി.
അവന്റെ തോളിലൂടെ കയ്യിട്ട് നടന്നു നീങ്ങുമ്പോൾ ഞാനത്ഭുതപ്പെടുകയായിരുന്നു..., സേതുലക്ഷ്മി ടീച്ചറിന്റെ ഓർമ്മകൾ എന്നെ ഇത്രക്കധികം സ്വാധീനിക്കുന്നുവോ എന്ന്!
യാതൊരുപാധികളുമില്ലാത്ത ആ സ്നേഹം.., ഒരാത്മബന്ധം.., ടീച്ചറുടെ ഓരോ വാക്കുo, പ്രവർത്തിയും, ഒരു കുന്നിക്കുരുമണിക്കുള്ളിൽ ഒളിപ്പിച്ച ആ കുട്ടിത്തവും.., എല്ലാം കൂടിച്ചേർന്ന് കോർത്തിണക്കിയ ഒരു രാഗമാലിക പോലെ എന്നിലലിഞ്ഞു ചേരുകയായിരുന്നു.
Ambika Menon,
12/02/18.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo