ജനിമൃതി ... അവസാനഭാഗം
*********
*********
"മോളെ, 'അമ്മ..." പതുക്കെ പറഞ്ഞു.
അപ്പോൾ മാത്രമായിരുന്നു പാറു ലതികയുടെ മുഖത്തേക്ക് നോക്കിയത്.
"'അമ്മ ഇരിക്ക്, അടുത്തുള്ള കസേര ചൂണ്ടി അവൾ.
"മോളെ, ഞാൻ... നിനക്ക്..." ലതിക വാക്കുകൾക്കായി പരതുന്ന പോലെ തോന്നി.
"ആ വിളിയൊക്കെ കേൾക്കാൻ കൊതിച്ച കാലമൊക്കെ പോയി അമ്മേ. ഇപ്പൊ അതിലും വലിയ വിളിക്കുള്ള കാത്തിരിപ്പിലാണ് ഞാൻ." വേവുന്ന മനസ്സോടെയാണ് അവൾ പറഞ്ഞതും ഞാൻ അതു കേട്ടതും."
"പാറൂ എപ്പോഴാ മോളെ നിനക്ക് ഇങ്ങനെ ഒരു അസുഖം , ഒരു ലക്ഷണം പോലും ഉണ്ടായിരുന്നില്ലല്ലോ നിനക്ക്"
അച്ഛന് ഓർമ്മയുണ്ടോ പണ്ട് എനിക്ക് കഴുത്തു വേദന വരാറുള്ളത്, അമ്മയ്ക്ക് ഓർമ്മയില്ലേ അതു സഹിക്കാൻ പറ്റാതായാൽ ടൈഗർ ബാം കൊണ്ദ് തന്നു പുരട്ടിക്കോ എന്നും പറഞ്ഞ് പോവുന്നത്. ചെന്നികുത്തു പോലെ തല വേദനിക്കുമ്പോൾ ടിവി കണ്ടിട്ടാണ് എന്നു കുറ്റം പറയുന്നത്. പിന്നെ ഞാനും അതങ്ങു തള്ളി.
ബിഎഡ് ക്ലാസ്സിൽ അന്ന് രക്തദാന ക്യാംപിൽ വെച്ചായിരുന്നു ഡോക്ടർ ഒരു ഡൗട്ട് പറഞ്ഞത്. പിന്നെ ദാ ഇവിടെ വരെ എത്തി.
നീ എങ്ങനെ കർണ്ണാടകയിൽ എത്തി.എന്റെ ആകാംക്ഷ അവളിൽ ചിരി ഉണ്ടാക്കി
കോൺവെന്റിലെ സിസ്റ്റർമാർ വഴി.
"പാർവതിയുടെ പാരന്റ്സ് ആണോ?" ചിരിച്ചു കൊണ്ട് ഒരു സിസ്റ്റർ അടുത്തെത്തി
അതേ, ദീപേച്ചി, പാറു അതും പറഞ്ഞു കുറെ സ്വീറ്റ്സ് എടുത്തു ദീപയുടെ കയ്യിൽ കൊടുത്തു.
"കുട്ടൂസ് എഴുന്നേറ്റോ ദീപേച്ചി?"
"എഴുന്നേറ്റു, നീ വരാൻ കാത്തു നിൽക്കുകയാണ്, നീ കൊടുത്തേക്ക് മിട്ടായി"
"ആരാ കുട്ടൂസ്" സംശയത്തോടെ എന്റെ ചോദ്യം കേട്ട് എനിക്ക് തന്നെ എന്നോട് ലജ്ജ തോന്നി.
അല്ലെങ്കിലും മനുഷ്യർ അങ്ങനെ ആണല്ലോ, എന്തിനും ഏതിനും ചോദ്യങ്ങൾ, മുൻധാരണകൾ, വിശ്വസിക്കുന്നു എന്നു പറയുന്നിടത്തും സംശയത്തിന്റെ ബീജത്തെ പൊതിഞ്ഞു മറച്ചു പിടിച്ചിട്ടുണ്ടാകും. വാക്കിടറുമ്പോൾ മുളപൊട്ടി അതു പടരും.
" അച്ഛാ, അതു മൂന്ന് വയസുള്ള ഒരു മോൻ ആണ്. ഞാൻ ആണ് അവനെ നോക്കുന്നത്. ഓർഫനേജിൽ നിന്നും വന്നതാ. സിസ്റ്റർമാർ പോയാൽ പിന്നെ എന്റെ കയ്യിലാണ്. അവനു ഭേദമായി. ഇനി ഒരാഴ്ച കൂടെ. ഞാൻ തിരിച്ചു വന്നാൽ......"
"വന്നാൽ....?" ആ ചോദ്യത്തിൽ ഞാൻ ഗൗരവമുള്ള അച്ഛനായോ
"ഒന്നൂല്ല അച്ഛാ, ഞാൻ ഇപ്പൊ വരാം" അവൾ മുഖം തരാതെ എഴുന്നേറ്റ് പോയി
ലതികയും ഞാനും വീണ്ടും തനിച്ചായി.
"തനിക്ക് ഒന്നും പറയാൻ ഇല്ലേ അവളോട്"
"ഞാൻ തോറ്റ് പോവുകയാ, ഞാൻ അല്ലേ എന്റെ കുട്ടി ഇങ്ങനെ ആവാൻ കാരണം. അന്ധവിശ്വാസങ്ങളാൽ കണ്ണുമറയ്ക്കപ്പെട്ടവൾ ആയിരുന്നു ഞാൻ."
അവളുടെ ഏറ്റു പറച്ചിൽ എന്നിൽ വെറുപ്പ് കലർന്ന അസഹ്യത ഉണ്ടാക്കി കൊണ്ടിരുന്നു.
"മതി,ഇനിയൊന്നും തിരിച്ചു കിട്ടില്ല, അവളെ തിരിച്ചു കിട്ടണെ എന്ന പ്രാർത്ഥനയാണ് എനിക്കിപ്പൊ"
നേരം വൈകുന്നേരമായി, പാറുവും ഡോക്ടറും ആയിരുന്നു റൂമിലേക്ക് വന്നത്.
"കുഴപ്പമൊന്നും ഇല്ല,നാളെ ആ ഒരു ഓപ്പറേഷൻ കഴിഞ്ഞാൽ ഇവൾ കൂൾ ആയി തിരിച്ചു വരും അല്ലേ പാർവ്വതി?"
"പിന്നല്ലാതെ"അവൾ ചിരിച്ചു കൊണ്ട് എന്നെ ചുറ്റിപിടിച്ചു.
അവളുടെ മെല്ലിച്ച ദേഹത്തെ ചേർത്തു പിടിക്കുമ്പോൾ അവളുടെ പ്രാണൻ ഊർന്നുപോകുമോ എന്ന ഭീതിയായിരുന്നു ഉള്ളിൽ.
"കഴിയുന്നതും നേരത്തെ ഉറങ്ങാൻ നോക്കുക, നാളെ ആറ് മണിയാകുമ്പോഴേക്കും റെഡി ആവണം." ഡോക്ടർ അതു പറയുമ്പോൾ ഞാൻ മോളുടെ മുഖത്തേക്ക് നോക്കിനിൽക്കുകയായിരുന്നു. എല്ലാരേയും സന്തോഷിപ്പിക്കുമ്പോഴും അവളുടെ കണ്ണിൽ തളർന്നൊരു പ്രതീക്ഷ കാണാമായിരുന്നു.
രാത്രി ഏറെ വൈകിയിട്ടും അവൾ ഉറങ്ങാൻ കൂട്ടാക്കിയില്ല. അപ്പോഴേക്കും ലതികയുമായി പരിഭവങ്ങൾ പറഞ്ഞു തീർത്തിരുന്നു അവൾ. അമ്മയുടെ മടിയിൽ തലവെച്ചു കാൽ എന്റെ മടിയിലേക്ക് എടുത്തു വെച്ചു വാതോരാതെ അവൾ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. വിങ്ങലോടെ കേട്ടിരിക്കുമ്പോൾ അറിയാവുന്ന ക്ഷേത്രങ്ങളിലേക്ക് ഒക്കെ നേർച്ചകൾ നേരുകയായിരുന്നു മനസ്കൊണ്ടു ഞങ്ങൾ.
ലതികയുടെ മടിയിൽ തല വെച്ചു തന്നെ ഉറങ്ങി അവൾ. ഉറക്കം അന്യമായ രണ്ടു ദേഹങ്ങൾ ആ നേർത്ത വെട്ടത്തിൽ ഈശ്വരന് മുന്നിൽ യാചനയിൽ ആയിരുന്നു.
പുലർച്ചെ എഴുന്നേൽക്കുമ്പോൾ പാറു ബാഗിൽ നിന്നും എന്തൊക്കെയോ എടുത്തു വെക്കുകയായിരുന്നു. "എന്താ മോള് തിരയുന്നത്"
"തിരഞ്ഞതല്ല അച്ഛാ, തന്നു പോകാൻ കുറച്ചു കാര്യങ്ങൾ ഉണ്ട്,അതൊക്കെ എടുത്തു വെച്ചതാണ്"
"നിന്റെ പറച്ചിൽ കേട്ടാൽ തിരിച്ചു വരികയെ ഇല്ലാന്ന് തോന്നുമല്ലോ, ഒരു കുഴപ്പവുമില്ലാതെ അച്ഛന്റെ പാറുവമ്മ വരും നോക്കിക്കോ, അല്ലേ ലതികെ?"
"വരും വരും", പാറു തല കുലുക്കി അർത്ഥം വെച്ചു ചിരിച്ചു ഒരു കൊച്ചു ബാഗ് ലതികയെ ഏല്പിച്ചു .
"ഇപ്പൊ തുറക്കരുത്. ഞാൻ ഉള്ളിൽ കയറിയാൽ തുറന്നാൽ മതി. അപ്പോൾ ചിലപ്പോൾ അമ്മയുടെ പ്രാർത്ഥനയ്ക്ക് ശക്തി കൂടിയാലോ"
ലതിക സംശയത്തോടെ എന്നെയും മോളേയും മാറി മാറി നോക്കി, പിന്നെ പതിയെ തലയാട്ടി.
"അച്ഛനെ ഏല്പിച്ചു പോവാൻ എന്റെ കൈയ്യിൽ ഒന്നും ഇല്ലാലോ അച്ഛാ. ദാ ഇതേ ഉള്ളൂ തരാൻ" അതും പറഞ്ഞു കെട്ടിപിടിച്ചു എന്റെ കവിളിൽ അമ്മർത്തിയൊരു ഉമ്മ തന്നു അവൾ. ഇടറി പെയ്യാനൊരുങ്ങിയ കണ്ണീരിനെ അടക്കി പിടിച്ചു അവളുടെ മൂർദ്ധാവിൽ മുത്തം വെച്ചു. ലതികയേയും ചേർത്തു പിടിച്ചു നിൽക്കുമ്പോൾ മക്കൾ മൂന്നും എന്നും കൂടെ ഉണ്ടാവാൻ ആഗ്രഹിച്ചു പോയി.
"ചേച്ചി...." ശിവയുടെ ശബ്ദം!!!
അനിയത്തിമാർ രണ്ടും എത്തി, ഇതെങ്ങനെ??!!
"അച്ഛൻ ഞെട്ടണ്ട , ഇന്നലെ മാധവൻ മാമയെ വിളിച്ചു ഞാൻ പറഞ്ഞതാണ്.. ഇവരെ കൊണ്ടു വരാത്തത് കൊണ്ട്"
പിന്നെ കുറച്ചു നേരം ചേച്ചിയും അനിയത്തിമാരും കണ്ണീരും ചിരിയും ഒക്കെ ആയി ആറു മണിയായത് അറിഞ്ഞില്ല.
ഡോറിന് മുന്നിൽ ആരൊക്കെയോ വന്നു കൊണ്ടിരുന്നു. അതിനിടയിലൂടെ രണ്ടു കുഞ്ഞികൈകൾ അവളെ ചുറ്റി പിടിച്ചു,
ആഹ്ഹാ എത്തിയോ എന്റെ രാജകുമാരൻ, പാറൂസ് പോയിട്ട് വരാട്ടോ.... അവളവനെ എടുത്തു കവിളിൽ മാറി മാറി ഉമ്മ വെച്ചു.
എല്ലാരേയും ഒന്നു നോക്കി അവൾ. ആ ചുണ്ടിൽ അപ്പോഴും ഏതു നോവും അലിയിക്കുന്ന ആ ചിരി ഉണ്ടായിരുന്നു.
ദീപ സിസ്റ്റർ അവളെ വീൽചെയറിൽ ഓപ്പറേഷൻ തീയേറ്ററിൽ കയറ്റി. പുറത്തു ഹൃദയമിടിപ്പേറി കൊണ്ട് ഞങ്ങളും.
ലതിക പതിയെ ബാഗ് തുറന്നു
അതിൽ മേലെ തന്നെ ഒരു കുറിപ്പായിരുന്നു
"അമ്മയ്ക്ക്, തരാൻ പേടിച്ചു ഞാൻ ചേർത്തു വെച്ച എന്റെ സ്നേഹസമ്മാനങ്ങൾ"
കുറേ ഗ്രീറ്റിംഗ് കാർഡുകളും ഗിഫ്റ്റ്കളും ഒക്കെ ആയിരുന്നു അതിൽ.
കണ്ണീർ പടർന്ന് ചിലത് മഷി പടർന്നിരുന്നു.
ചരടിൽ കോർത്തിട്ട കുഞ്ഞു കടലാസുകൾ കുറിപ്പുകൾ പോലെ.
"ജനനിതൻ ഹൃത്തിൽ നിന്നുതിരും
വെറുപ്പിൻ കണങ്ങൾ
സ്മൃതിതൻ ആഴങ്ങളിൽ തിരഞ്ഞെന്നാകിലും
കണ്ടതില്ലൊരു കാരണത്തെ"
വെറുപ്പിൻ കണങ്ങൾ
സ്മൃതിതൻ ആഴങ്ങളിൽ തിരഞ്ഞെന്നാകിലും
കണ്ടതില്ലൊരു കാരണത്തെ"
പിന്നെയും നോവുകൾ കോർത്ത് വരികൾ...
ലതിക മുഖം പൊത്തി കരയുമ്പോൾ അകത്ത് ഓപ്പറേഷൻ തുടങ്ങിയിരുന്നു.
അവൾക്കായുള്ള കാത്തിരിപ്പിന്റെ ദൈർഘ്യം വൈകുന്നേരത്തിലേക്ക് നീണ്ടു. ദൂരെ ആകാശത്തിൽ അസ്തമയം വരവറിയിച്ചു..
ഞങ്ങളുടെ പുലരിയും കാത്ത് ഈ വാതിലിനിപ്പുറം ഞങ്ങളും....

Paaruvinu enthu sambhavichu enn koodi cherkamayirunnu. Oru incomplete pole.
ReplyDelete