ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് വാലെന്റൈൻസ് ഡേ എന്നൊരു ഡേനെ പറ്റി ആദ്യമായി കേൾക്കുന്നത്. എന്റെ വീടിന്റെ അടുത്ത് അതിസുന്ദരിയായ ഒരുചേച്ചിയുണ്ടായിരുന്നു. ഒരു മധുര പതിനെട്ടുകാരി. സത്യം പറഞ്ഞാൽ ഇന്ന് വരെ അത് പോലെ ഒരു അഭൗമ സൗന്ദര്യം ഞാൻ കണ്ടിട്ടില്ല. ഈ ചേച്ചി കാരണം ഞങ്ങടെകോളനി തന്നെ അങ്ങ് പോപ്പുലറായി. ചില വൈകുന്നേരങ്ങളിൽ ബൈക്ക് റാലിയൊക്കെ നടക്കുന്ന ട്രാക്ക് പോലെയാകും കോളനി. ചേച്ചിടെ വീടിന്റെ മുന്നിൽഎത്തുമ്പോൾ ബൈക്ക് വീൽ ചെയ്യുക, സ്ലോ ചെയ്തു പാട്ടു പാടുക തൂങ്ങിയ പ്രേമ ചേഷ്ടകൾ അവിടുത്തെ ഒട്ടുമിക്ക ചേട്ടന്മാരും കാട്ടിക്കൂട്ടുമായിരുന്നു.ചേച്ചിയാണെങ്കിൽ കണ്വാശ്രമത്തിലെ ശകുന്തളയെ പോലെ നിഷ്കളങ്ക. ഈ കോപ്രായങ്ങൾ ഒക്കെ തനിക്കു വേണ്ടിയാണു അരങ്ങേറുന്നത് എന്ന് തിരിച്ചറിയാനുള്ളകഴിവ് പോലുമില്ലാത്ത മന്ദബുദ്ധി. അല്ലേലും അതങ്ങനാണല്ലോ . എറിയാൻ അറിയാവുന്നവന്റെ കയ്യിൽ ദൈവം കോലു കൊടുക്കൂല്ലല്ലോ.
ഒരു ദിവസം വൈകുന്നേരം വീടിന്റെ മുന്നിൽ ഷട്ടിൽ കളിച്ചോണ്ടിരുന്ന എന്റെ മുന്നിൽ ഒരു ബൈക്ക് വന്നു നിന്നു. എനിക്ക് നന്നായി അറിയാവുന്ന ചേട്ടൻ. "മോളെടുണ്ടുടു " എന്നൊക്കെ വിളിച്ചു കൊഞ്ചിക്കൊണ്ടു വന്നത് കണ്ടപ്പോ തന്നെ എനിക്ക് മനസ്സിലായി എന്തോ എവിടെയോ ചീഞ്ഞു നാറുന്നുണ്ടെന്നു. പെട്ടന്ന് ചേട്ടൻപോക്കറ്റിൽ നിന്നു ഒരു കാർഡും ചോക്ലേറ്റും . അതും ഫൈവ് സ്റ്റാർ. "മോളെ നീ ഈ കാർഡും ചോക്ലേറ്റും ആ ചേച്ചിക്ക് ഒന്ന് കൊടുക്കുവോ പ്ളീസ്?"
ആ !! അപ്പൊ അതാണ് കാര്യം. ഇത്ര കൊല്ലമായിട്ടും കണ്ടാ മൈൻഡ് പോലും ചെയ്യാത്ത ഇവൻ തറ്റുടു ചക്കുടൂന്നൊക്കെ വിളിച്ചോണ്ട് വന്നത് ഇതിനാണ്. ബിസിനസ്കാര്യങ്ങളിൽ പണ്ടേ ഞാൻ ജാഗരൂകയാണ്. “കിട്ടുന്നതിൽ നിനക്കെത്ര എനിക്കെത്ര” എന്ന ജഗതിയുടെ ഡയലോഗ്, ഞാൻ എന്ത് സഹായം ചെയ്യുന്നതിന് മുന്നേയുംചോദിക്കാറുണ്ട്.
"അയ്യോ എനിക്ക് പറ്റില്ല ചേട്ടാ. എനിക്ക് കളിക്കണം. 'അമ്മ വന്നാ പഠിക്കാൻ പറയും. "
ഫുൾ ടൈം ആ ചേച്ചിയുടെ വീട്ടിൽ ക്യാമ്പ് അടിച്ചു കിടക്കുന്ന ഞാൻ ജാഡയുടെ ബാലപാഠം ഇവിടെ ഇറക്കി.
"പൊന്നുമോളെ പ്ളീസ്. ഇതൊന്നു കൊടുത്തിട്ടു വന്നു കളിച്ചോ" ചേട്ടൻ ഹംസത്തിന്റെ കാലിൽ വരെ വീഴാൻ റെഡിയായി നിൽക്കുന്നു.
"ഓക്കേ ചേട്ടാ . കൊടുക്കാം. പക്ഷെ ആ ചോക്ലേറ്റ് എനിക്ക് വേണം" .
വേറെ വാങ്ങിച്ചു തരാം , ഇതിനേക്കാൾ നല്ലതു ഡയറി മിൽക്ക് ആണെന്നൊക്കെ അങ്ങേരു പറഞ്ഞെങ്കിലും ഹംസം അതൊന്നും ചെവിക്കൊണ്ടില്ല. അങ്ങനെ ചോക്ലേറ്റ്കാണിക്കയായി സ്വീകരിച്ചു ഹംസം വാലെന്റൈൻസ് കാർഡുമായി പറന്നുയർന്നു.
വഴിയിൽ അതാ നല്ല മുഖ പരിചയമുള്ള ആരോ വരുന്നു. വേറെ ആരുമല്ല വകയിൽ ഹംസത്തിന്റെ അമ്മയായിട്ടു വരും. ഓഫീസിൽ നിന്നും വരുന്ന വഴിയാണ്. "നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ വന്ന ഉടൻ കളിയ്ക്കാൻ പോകാതെ ഇരുന്നു പഠിക്കണമെന്ന് ? പരീക്ഷ വരാറായി " സ്ഥിരം ഡയലോഗിന് ശേഷം ഒരലർച്ച " എന്താടികയ്യിൽ? ആര് തന്നതാ?" അമ്മയുടെ ചോദ്യ ശരങ്ങൾ ഏറ്റു പിടഞ്ഞ ഹംസം സത്യം വെളിപ്പെടുത്തി. പക്ഷെ കാർഡ് കൈമാറാൻ കൈക്കൂലിയായി ചോക്ലേറ്റ് വാങ്ങിച്ചകാര്യം മാത്രം അമ്മയോട് ഞാൻ പറഞ്ഞില്ലാന്നു ഇവിടെ പ്രത്യേകം പറയേണ്ടല്ലോ ലേ? 'അമ്മ നേരെ ഓടി ചേച്ചിയുടെ വീട്ടിലേക്കു ,പിന്നെ കാമുകന്റെ വീട്ടിലേക്കും.എട്ടും പൊട്ടും തിരിയാത്ത കൊച്ചിനെ ഈ വൃത്തികേടിനു ഉപയോഗിച്ചതിന് എല്ലാര്ക്കും അമ്മേടെ ഭരണിപ്പാട്ടു സമർപ്പണം. അങ്ങനെ ഒരു കാർഡ് വഴി തന്റെ ലോലഹൃദയം കാമുകിക്ക് മുന്നിൽ രഹസ്യമായി തുറന്നു കാട്ടാൻ ശ്രമിച്ച ചേട്ടന്റെ “I love you if you love me also too” എന്ന വരികൾ ആ പഞ്ചായത്തു മുഴുവൻ മുഴങ്ങിക്കേട്ടു.
പിന്നെയും എത്രെയോ വാലെന്റൈൻസ് ദിനങ്ങൾ കടന്നു പോയി. ഒന്നും സംഭവിച്ചില്ല. ഷട്ടിൽ കളിച്ചു നടന്ന ഞാൻ കോളേജ് കുമാരിയായി. എന്റെ പതിനെട്ടാംവയസ്സിൽ ഒരുത്തനെ പ്രേമിച്ചു തുടങ്ങി. ഭാരിച്ച ഉത്തരവാദിത്തമായിരുന്നു ആ പ്രേമം. അത് വരെ എല്ലാ ചേട്ടന്മാരെയും ആത്മാർത്ഥമായി വായ് നോക്കിക്കൊണ്ടിരുന്നഎനിക്ക് ഒരാളിൽ മാത്രം ശ്രദ്ധ പതിപ്പിക്കേണ്ടി വന്നു. അങ്ങനെ പ്രേമിച്ചു നടക്കുമ്പോൾ ദാ വരുന്നു ഒരു വാലെന്റൈൻസ് ഡേ. പ്രേമിച്ചു തുടങ്ങിയിട്ട് വരുന്ന ആദ്യത്തെവാലെന്റൈൻസ്. "ദൈവമേ മിന്നിച്ചേക്കണേ"ന്നും പറഞ്ഞു ഞാൻ പ്ലാനിംഗ് തുടങ്ങി. എന്റെ ക്യാമുകനു ബൈക്ക് ഒരു വീക്നെസ് ആയിരുന്നു. സൈലെന്സറുംറെയർ വ്യൂ മിററും ഒന്നുമില്ലാത്ത ഒരു ഷോഗൺ . അതിനെയായിരുന്നു അങ്ങേരു പെറ്റ തള്ളയെക്കാൾ സ്നേഹിച്ചിരുന്നത്. അത് കൊണ്ട് ഞാൻ ഒരു ബൈക്കിന്റെമോഡൽ തന്നെ ഗിഫ്റ് ആയി വാങ്ങി. പിന്നെ ഒരു വാലെന്റൈൻസ് ഡേ കാർഡും. സകല പ്രേമവും വാരിക്കോരി ഞാൻ ആ കാർഡിൽ പൂശി. ഇതൊക്കെ താങ്ങിപിടിച്ചോണ്ട് പോയി അങ്ങേരെ കാണാൻ. അന്ന് ഞങ്ങളെ പോലുള്ള കമിതാക്കൾ സ്ഥിരം കണ്ടു മുട്ടുന്ന സ്ഥലമായിരുന്നു തിരോന്തരത്തെ മ്യൂസിയം. ചെടിയുടെമറവിലും, നിവർത്തി വച്ച കുടയുടെ പിറകിലുമൊക്കെ പ്രണയം പൂത്തു വിടർന്നു നിൽക്കുന്ന മ്യൂസിയം. പക്ഷെ എന്റെ കാമുകൻ എന്നേം കൊണ്ടിരിക്കുന്നത്എല്ലാര്ക്കും കാണാൻ പാകത്തിന് ഒരു ബെഞ്ചിൽ. ഏതാണ്ട് എക്സിബിഷന് വച്ചിരിക്കുന്ന പ്രതിമകൾ കണക്കു ഞങ്ങൾ ഇരിക്കും. "ആരേലും കാണും എനിക്ക് പേടിയാ"ന്നു ഞാൻ പറയുമ്പോൾ " പേടിയുള്ളവർ ഈ പണിക്കിറങ്ങരുത് " എന്ന് അങ്ങേരു ജനാർദ്ദനന്റെ ശബ്ദത്തിൽ പറയും.
ഞാൻ പതിവ് പോലെ മ്യൂസിയത്തിൽ എത്തി. സകല പ്രേമവും പുറത്തെടുത്തു ഒരു ഹാപ്പി വാലെന്റൈൻസ് ഡേ പറഞ്ഞു . ഗിഫ്റ്റും കൊടുത്തു. സത്യം പറഞ്ഞാൽകെട്ടിപ്പിടിച്ചു ഒരുമ്മയാണ് ഞാൻ പ്രതീക്ഷിച്ചതു. പക്ഷേ... "ഛെ വൃത്തികെട്ടവളേ, നിനക്ക് കുറച്ചു കൂടി സെൻസ് കാണുമെന്നു ഞാൻ വിചാരിച്ചു.ആഗോളവത്കരണത്തിന്റെ ഭാഗമായി ഓരോ ദിനങ്ങളും, അത് താങ്ങിപ്പിടിക്കാൻ കുറെ മന്ദബുദ്ധികളും. ഞാൻ കുറച്ചു കൂടി പൊതു ബോധം നിന്നിൽ നിന്നുപ്രതീക്ഷിക്കുന്നു. ഇത്രയ്ക്കു തരം താഴരുത്. " പിന്നെ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല. എനിക്ക് ഏതോ കവല പ്രസംഗം കേൾക്കുന്നത് പോലെ തോന്നി. ഒരു വിധത്തിൽഞാൻ അവിടെ നിന്നു രക്ഷപ്പെട്ടു.
പക്ഷേ, എത്ര ചീത്ത കേട്ടാലും തളരാത്ത മനസ്സും തൊലിക്കട്ടിയും ഉള്ളത് കൊണ്ട് ഞാൻ അങ്ങേരെ തന്നെ കെട്ടി.കെട്ടിയിട്ടു 13 കൊല്ലം കഴിഞ്ഞു. ഇന്നിതാ വീണ്ടുംഒരു വാലെന്റൈൻസ് ഡേ. ഫേസ്ബുക്കിലും വാട്സ് ആപ്പിലുമെല്ലാം പ്രണയം കരകവിഞ്ഞൊഴുകുന്നു. പക്ഷെ “koran’s kanji in kumbil” ആണല്ലോ നമുക്ക്. എന്തോ സൗന്ദര്യപിണക്കം . ഞാൻ വേറെ മുറിയിൽപ്പോയി കിടന്നു. നല്ലതു . തന്റെ സ്വച്ഛന്ദ നിദ്രക്കും കൂർക്കം വലിക്കും തടസ്സം നിൽക്കുന്ന ഞാൻ മാറി കിടക്കിന്നതിൽ അങ്ങേർക്കുസന്തോഷമേ ഉള്ളു. എനിക്ക് ദേഷ്യം സഹിക്കാൻ വയ്യ. ഞാൻ പോയി അങ്ങേരുടെ അടുത്ത് കിടന്നു.
" ഫോൺ ചാർജ് പോയി. അത് ചാർജ് ആവുന്നത് വരെ ഇവിടെ കിടക്കുന്നു. എന്നെ തൊടരുത്" എന്ന് പറഞ്ഞ എന്നോട് " പിന്നെ നട്ട പാതിരക്കു എനിക്ക് അതല്ലേ പണി?പോയി കിടന്നുറങ്ങു പെണ്ണെ" എന്ന് പറഞ്ഞു മോട്ടോർ ബോട്ട് ഓൺ ചെയ്തു കൂർക്കം വലിച്ചു കിടന്നുറങ്ങി അങ്ങേരു.
വാലെന്റൈൻസ് ഡേ വരും പോകും . പക്ഷെ, ഒട്ടും റൊമാന്റിക് അല്ലാത്ത ഒരു വിപ്ലവകാരിയുടെ ഭാര്യ എന്തും സഹിക്കാൻ തയ്യാറായിരിക്കണം.
അല്ലെങ്കിലും പ്രണയിക്കാൻ എന്തിനു ഒരു ദിവസം? എന്നും എന്നും പ്രണയദിനമാവട്ടെ ... എന്നൊക്കെ പറഞ്ഞു ഞാൻ സമാധാനിച്ചു വെള്ളം കുടിച്ചു കിടന്നുറങ്ങാൻപോകുന്നു.
By Deepa narayanan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക