നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിലാവിന്‍റെ ചോട്ടില്‍...


പ്രണയദിനമല്ലേ... ഒരു പ്രണയകഥയിരിക്കട്ടെ. 
നിലാവിന്‍റെ ചോട്ടില്‍...
“രാജീവിന് എന്നെ മടുത്തെങ്കില്‍ അത് തുറന്നുപറയണം. ഞാന്‍ ഒരു പരിഭവുമില്ലാതെ ഒഴിഞ്ഞുപൊയ്ക്കൊള്ളാം.”
ഇതുകേട്ട് അയാള്‍ മുഖമുയര്‍ത്തി ചിന്‍മയിയെ ഒന്നുനോക്കി. പക്ഷെ, ഒന്നും പറഞ്ഞില്ല. പറയാന്‍ രാജീവിന് ഒന്നുമുണ്ടായിരുന്നില്ല.
“അല്ലാതെ, എന്നോടൊന്നും പറയാതെ… മനസ്സിനെ ഒളിപ്പിച്ച്… എനിക്ക് സഹിക്കാന്‍ കഴിയില്ല ആ ഒറ്റപ്പെടുത്തല്‍.”
ചിന്‍മയി കരഞ്ഞില്ലന്നേയുള്ളൂ. മുറിയിലേയ്ക്ക് പോകുന്നതിനുമുമ്പ് അവള്‍ അയാളെ ഒന്നുകൂടി നോക്കി. പിന്നെ, പറഞ്ഞു,
“രാജീവിന് നന്ദിതയോടൊപ്പം ജീവിക്കണമെങ്കില്‍ ജീവിക്കാം. ഞാന്‍ തടയില്ല. എന്നെക്കാള്‍ രൂപഭംഗിയും സൌന്ദര്യവും നന്ദിതയ്ക്കുതന്നെയാണ്. അവള്‍ തന്നെയാണ് രാജീവിന് കൂടുതല്‍ ചേരുന്നതും.”
ഇതുപറഞ്ഞിട്ട് കണ്ണുകള്‍ തുടച്ചുകൊണ്ട് ചിന്‍മയി അകത്തേയ്ക്ക് കയറിപ്പോയി. പണ്ടത്തെപ്പോലെ, അവളെ തടയണമെന്നും ചേര്‍ത്തുപിടിച്ച് നനഞ്ഞ കണ്ണുകളില്‍ ചുണ്ടുകളമര്‍ത്തി അവളുടെ വിഷാദത്തെ മായ്ക്കണമെന്നും അയാള്‍ക്ക് തോന്നിയില്ല. വെറുപ്പ് കൊണ്ടായിരുന്നില്ല. എന്നിരുന്നാലും അവരുടെ മനസ്സുകള്‍ തമ്മില്‍ കാതങ്ങളുടെ ദൂരമുണ്ടായിരുന്നപ്പോള്‍. അകന്നുപോയത് രാജീവിന്‍റെ മനസ്സല്ല, അയാളില്‍ നിന്നകന്നത് ചിന്‍മയി ആണ്. ഒരിക്കല്‍ രാജീവ് ആവശ്യപ്പെടാതെ അയാളുടെ ജീവിതത്തിലേയ്ക്ക് വന്നവളാണ് ചിന്‍മയി. എന്നിട്ടും…?
ഏതാണ്ട് ഒന്നരമാസമായി ഈ അഗ്നിപര്‍വ്വതം പുകയാന്‍ തുടങ്ങിയിട്ട്. കൃത്യമായി പറഞ്ഞാല്‍, ഓഫീസ് ഫോണിലുള്ള രാജീവിന്‍റെ അസ്വാഭാവികമായ ഒരു സ്ഥിരം വിളിയെക്കുറിച്ച് മുന്നറിയിപ്പ് കൊടുത്തുകൊണ്ട് ഷെറിന്‍ വിളിച്ച അന്നുമുതല്‍. അതിനുശേഷം രാജീവുമായി ദിവസവും സംസാരിക്കുന്ന ആ വ്യക്തിയെക്കുറിച്ചുള്ള ഒരു ഏകദേശധാരണ, ഒരു ചാരപ്രവര്‍ത്തകയുടെ മിടുക്കോടെ ഷെറിന്‍ കണ്ടുപിടിച്ചു.
അതൊരു സ്ത്രീയായിരുന്നു. പേര് നന്ദിത.
ആ പേര് കേട്ട് ചിന്‍മയി തകര്‍ന്നുപോയി. കാരണം, നന്ദിത രാജീവിന്‍റെ ആദ്യഭാര്യയായിരുന്നു.
എഞ്ചിനീയറിംഗ് പഠനത്തിനിടെ നാലുവര്‍ഷത്തോളം പരസ്പരം പ്രണയിച്ച്, ഇരുവരുടെയും വീട്ടുകാരുടെ ആശീര്‍വ്വാദത്തോടെ വിവാഹം കഴിച്ച സഹപാഠികളായിരുന്നു രാജീവും നന്ദിതയും. പക്ഷെ, ഒരുമേല്‍ക്കൂരയ്ക്കുകീഴില്‍ ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയപ്പോഴാണ് പ്രശ്നങ്ങള്‍ തലയുയര്‍ത്താന്‍ തുടങ്ങിയത്. ഉപരിപഠനത്തിന് അമേരിക്കയിലേയ്ക്ക് പോകണമെന്ന് നന്ദിത പറഞ്ഞു. എന്നാല്‍, കാമ്പസ് ഇന്‍റര്‍വ്യൂവിലൂടെ ലഭിച്ച, മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ഉയര്‍ന്ന ജോലി കളയുന്നതില്‍ രാജീവിന് ഒട്ടും താല്‍പര്യമില്ലായിരുന്നു. അവിടെയായിരുന്നു തുടക്കം. പ്രണയത്തിന്റെ മാധുര്യത്തില്‍ ഒളിപ്പിച്ച പലതും കുടുംബജീവിതത്തില്‍ മറനീക്കി പുറത്തുവന്നപ്പോള്‍ ഒരു സത്യം രാജീവിനും നന്ദിതയ്ക്കും ബോധ്യമായി, രണ്ടു വിപരീത ധ്രുവങ്ങളിലാണ് തങ്ങളുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും ആശയങ്ങളുമെന്ന്. അതായിരുന്നു ആ ബന്ധത്തിന്‍റെ അവസാനം.
ഇതിനുശേഷം നാലഞ്ചുവര്‍ഷങ്ങള്‍ക്കുശേഷമാണ് രാജീവ് മാനേജരായിരുന്ന ടീമില്‍ സീനിയര്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ആയി ചിന്‍മയി ചുമതലയേറ്റത്. ആദ്യബന്ധം ഏല്‍പ്പിച്ച ഉണങ്ങാത്ത മുറിവുമായി തന്നിലേയ്ക്ക് ഒതുങ്ങിക്കൂടി ജീവിക്കുന്ന രാജീവിലേയ്ക്ക് വളരെ വേഗമാണ് ചിന്‍മയി ആകര്‍ഷിക്കപ്പെട്ടത്. അവളും അയാളെപ്പോലെ തന്നിലേയ്ക്കുതന്നെ ഉള്‍വലിഞ്ഞ ഒരു പ്രകൃതമായിരുന്നു. ഏതാനും നാളുകളുടെ സൌഹൃദത്തിന് ശേഷം ഒരു ദിവസം ഉച്ചഭക്ഷണത്തിനിടയില്‍ കാന്റീനില്‍ വച്ച് ചിന്‍മയി രാജീവിനോട് പറഞ്ഞു,
“ഞാനൊരു കാര്യം തുറന്നുചോദിച്ചാല്‍ രാജീവ് എന്നോട് മുഷിയരുത്.”
അവളെന്തായിരിക്കും പറയാന്‍ പോകുന്നതെന്ന് അയാള്‍ ജിജ്ഞാസയോടെ കാതോര്‍ത്തിരുന്നു.
“രാജീവിന്റെ ജീവിതത്തിലേയ്ക്ക് ഞാന്‍ വന്നോട്ടെ?”
ഏതോ തമാശകേട്ടപോലെ ഒരു നേര്‍ത്ത ചിരിയോടെ, മനസ്സിലെ മുറിപ്പാടുകളിലേയ്ക്കുനോക്കി എന്തോ പറയാനാരംഭിച്ച അയാളെ തടഞ്ഞുകൊണ്ട് ചിന്‍മയിപറഞ്ഞു, പൂര്‍വ്വകാലം അയാളില്‍ ഏല്‍പ്പിക്കുന്ന നൊമ്പരങ്ങള്‍ മുഴുവന്‍ അവള്‍ക്കറിയാമെന്ന്.
“പക്ഷെ, ഇത് ത്യാഗമോ സഹതാപമോ അല്ല. എന്റെ സങ്കല്‍പ്പത്തിലുള്ള, എന്റെ സ്വഭാവമായി ചേര്‍ന്നുനില്‍ക്കുന്ന ഒരാളാണ് രാജീവ് എന്നൊരു തോന്നല്‍. അതുകൊണ്ടുമാത്രം ചോദിച്ചതാണ്.”
പറയാനുള്ളത് മനസ്സില്‍ ഒളിപ്പിച്ചുവയ്ക്കാതെ എല്ലാം തുറന്നുപറയുന്ന ചിന്‍മയിയെ രാജീവ് സാകൂതം നോക്കിയിരുന്നു. ജീവിതം വേദനിച്ചുതീര്‍ക്കാനുള്ളതല്ലെന്ന് അന്ന് അയാള്‍ക്ക് ബോധ്യമായി.
അങ്ങനെയാണ് അവള്‍ രാജീവിന്‍റെ ജീവിതത്തിന്‍റെ ഭാഗമായത്. ആദ്യരാത്രിയില്‍ അയാളുടെ നെഞ്ചത്ത് വിരല്‍കൊണ്ട് മൃദുവായി കുത്തി ചിന്‍മയി ചെവികളില്‍ പതിയെ മന്ത്രിച്ചു,
“ഇനി പഴയതൊന്നും ഈ മനസ്സിനെ വേദനിപ്പിക്കരുത്.”
ചിന്‍മയിയുടെ ചുണ്ടുകളില്‍ സ്വന്തം ചുണ്ടുകളമര്‍ത്തിയാണ് രാജീവ് അവള്‍ക്ക് വാക്കുകൊടുത്തത്.
ഓര്‍മ്മകളില്‍ നിന്നുയര്‍ന്നുപൊങ്ങിയ ബാഷ്പം കണ്ണുകളില്‍ നനവ് പടര്‍ത്തിയപ്പോള്‍ ഒന്ന് കരയണമെന്ന് അവള്‍ക്ക് തോന്നി. കാരണം, പതിനാല് വര്‍ഷങ്ങള്‍ക്കിപ്പുറം രാജീവ് വാക്ക് തെറ്റിച്ചിരിക്കുന്നു. ഒരിക്കല്‍ നിര്‍ദ്ദയം ഉപേക്ഷിച്ച് മനസ്സില്‍ നിന്നും പടിയിറങ്ങിപ്പോയവളെ തേടി അയാള്‍ വീണ്ടും പോയിരിക്കുന്നു. അത് മാത്രമല്ല ചിന്‍മയിയെ വേദനിപ്പിച്ചത്. മകനിപ്പോള്‍ കൊച്ചുകുട്ടിയല്ല. പന്ത്രണ്ടു വയസ്സുള്ള അവന് കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവുണ്ട്. അതുകൊണ്ടാവണം അവന്‍ ചോദിച്ചത്, അമ്മയ്ക്കും അച്ഛനുമിടയില്‍ എന്താണ് സംഭവിക്കുന്നതെന്ന്. അവന്‍ കൂട്ടുകാരന്റെ വീട്ടിലേയ്ക്കുപോയ സമയത്താണ് ചിന്‍മയി അയാളോട് എല്ലാം തുറന്നുചോദിച്ചത്. ചോദിച്ചതിനൊന്നും രാജീവ് ഉത്തരം പറഞ്ഞില്ല. അയാളുടെ മൌനമാണ് അവളെ കൂടുതല്‍ വേദനിപ്പിച്ചത്.
മുറിയുടെ വാതിലില്‍ കാല്‍പ്പെരുമാറ്റം കേട്ടപ്പോള്‍ ചിന്‍മയി തിരിഞ്ഞുനോക്കി. രാജീവ്. അവള്‍ കിടക്കയില്‍ നിന്നും മെല്ലെ എഴുന്നേറ്റു.
മുറിയിലേയ്ക്ക് കയറാതെ തികച്ചും ശാന്തനായി അയാള്‍ പറഞ്ഞു,
“നാളെ രാവിലെ ഒരു യാത്രയ്ക്ക് ഒരുങ്ങിക്കൊള്ളൂ.”
എവിടെയ്ക്കാണെന്നോ എന്തിനാണെന്നോ അവള്‍ ചോദിച്ചില്ല.
പിറ്റേന്ന് മകനെ സ്കൂളിലേയ്ക്ക് അയച്ച്, ഓഫീസില്‍ വിളിച്ച് ലീവും പറഞ്ഞിട്ട് ചിന്‍മയി അയാളോടൊപ്പം പോയി.
യാത്രയുടെ അന്ത്യംവരെ അവളൊന്നും ചോദിച്ചില്ല. അയാളൊന്നും പറഞ്ഞുമില്ല. കാറോടിക്കുന്ന സമയം മുഴുവന്‍ രാജീവ് ഗഹനമായ ഏതോ ആലോചനയിലായിരുന്നു. ഇടയ്ക്ക് ചായ കുടിക്കാനായി കാര്‍ നിര്‍ത്തണോ എന്നുമാത്രം ചോദിച്ചു. വേണ്ടെന്ന് ചിന്‍മയി തലയാട്ടുകയും ചെയ്തു.
പ്രധാനറോഡില്‍ നിന്ന് തിരിഞ്ഞ്, ചെമ്മണ്‍ നിരത്തുകളും കൊയ്ത്തുമറന്ന പാടങ്ങളും പിന്നിട്ട് അയാള്‍ കാര്‍ നിര്‍ത്തിയത് ഒരു പഴയ ബംഗ്ലാവിന്റെ മുന്നിലാണ്. കാര്‍ നിര്‍ത്തിയ ശബ്ദം കേട്ട് അകത്തുനിന്നും അറുപത് വയസ്സോളം പ്രായം തോന്നിക്കുന്ന ഒരാള്‍ പുറത്തേയ്ക്കുവന്നു.
ഒരു പരിചയക്കാരനോടെന്നപോലെ രാജീവ് ചിന്‍മയിയെ അയാള്‍ക്ക് പരിചയപ്പെടുത്തി. അവള്‍ ഒന്നും മനസ്സിലാകാതെ നില്‍ക്കുമ്പോള്‍ ആ മനുഷ്യന്‍ അവരെ അകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.
നടക്കുന്നതിനിടയില്‍ അവള്‍ ചുറ്റും കണ്ണോടിക്കുകയായിരുന്നു. പഴയതെങ്കിലും പ്രൌഢി വിളിച്ചോതുന്ന ഒരു വലിയ വീട്. മുകളിലത്തെ നിലയിലേയ്ക്ക് കറങ്ങിത്തിരിഞ്ഞുപോകുന്ന പടവുകള്‍ക്ക് താഴെ ചുവരില്‍ തറച്ചിരിക്കുന്ന ഒരു പഴയ എണ്ണച്ചായ ചിത്രത്തിലെ സുന്ദരിപ്പെണ്ണിനെ ചിന്‍മയി സൂക്ഷിച്ചുനോക്കി. എവിടെയോ കണ്ടുമറന്ന ഒരു മുഖം. ആരാണത്? ഓര്‍മ്മ കിട്ടുന്നില്ല. സംശയിച്ചുനില്‍ക്കുമ്പോള്‍ വീട്ടുകാരന്റെ ശബ്ദം.
“നിങ്ങള്‍ മുകളിലേയ്ക്ക് പൊയ്ക്കൊള്ളൂ. ഞാന്‍ കുടിക്കാനെന്തെങ്കിലും എടുക്കാം.”
പടവുകള്‍ കയറി രാജീവ് മുന്‍പെ നടന്നു. അയാളെ നിഃശ്ശബ്ദം അനുഗമിച്ച് ചിന്‍മയിയും. പാതി അടഞ്ഞുകിടന്നിരുന്ന ഒരു മുറിയുടെ നേരെയാണ് അയാള്‍ നടന്നത്. മരുന്നുകളുടെ മണം ആ അന്തരീക്ഷത്തില്‍ തളം കെട്ടിനില്‍പ്പുണ്ടെന്ന് ചിന്‍മയിക്ക് തോന്നി. മുറിയിലേയ്ക്ക് നടന്നടുത്തപ്പോള്‍ ആ ഗന്ധം രൂക്ഷമാകുന്നതും അവളറിഞ്ഞു.
രാജീവ് വാതിലില്‍ മെല്ലെ തട്ടിയപ്പോള്‍ പുറത്തേയ്ക്കുവന്നത് ഒരു യുവതിയാണ്. അവളും അയാളെ കണ്ട് പരിചയഭാവത്തില്‍ ചിരിച്ചിട്ട് പുറത്തേയ്ക്കുപോയി. തുറന്ന വാതിലിലൂടെ ചിന്‍മയിയ്ക്ക് ആദ്യം ദൃശ്യമായത് ഒരു നീലയുടുപ്പിന് താഴെ ചുള്ളിക്കമ്പ് പോലെ കറുത്ത് ശുഷ്ക്കിച്ച രണ്ടുകാലുകളാണ്.
രാജീവിന് പിന്നാലെ അകത്തേയ്ക്കുകയറിയപ്പോള്‍ കട്ടിലില്‍ കിടക്കുന്ന രൂപത്തെ അവള്‍ വ്യക്തമായി കണ്ടു. മുടിയൊക്കെ കൊഴിഞ്ഞ് കറുത്തുണങ്ങിയ ഒരു രൂപം. കവിളുകള്‍ ഒട്ടി, കണ്ണുകള്‍ കുഴിഞ്ഞ് വികൃതമായ ഒരു മനുഷ്യരൂപം. ഒരു വല്ലാത്ത മയക്കത്തിലായിരുന്നു ആ രൂപം. വസ്ത്രം കൊണ്ടുമാത്രമാണ് അതൊരു സ്ത്രീയാണെന്ന് മനസ്സിലാക്കാന്‍ ചിന്‍മയിയ്ക്ക് കഴിഞ്ഞത്.
പതര്‍ച്ചയോടെ ആ രൂപം നോക്കിനിന്ന ചിന്‍മയിയെ നോക്കി രാജീവ് സൌമ്യനായി പറഞ്ഞു,
“ഇതാണ് നീ പറഞ്ഞ, എന്നെ മോഹിപ്പിച്ച രൂപഭംഗിയുള്ള എന്റെ ആദ്യഭാര്യ നന്ദിത.”
ചുറ്റുമുള്ളതെല്ലാം ഒരുനിമിഷം കൊണ്ട് ഒരു ചുഴലിയിലെന്ന പോലെ കറങ്ങിത്തിരിഞ്ഞ് ശൂന്യതയില്‍ ലയിക്കുന്നതുപോലെ അവള്‍ക്ക് തോന്നി. ആലോചിച്ചുകൂട്ടിയതും പറഞ്ഞതുമായ കാര്യങ്ങളെല്ലാം ഭീകരസത്വങ്ങളായി ചുറ്റും നിന്ന് പല്ലിളിക്കുന്നുണ്ടോയെന്ന് ചിന്‍മയി സംശയിച്ചു.
എന്നോ ഒരിക്കല്‍ നന്ദിതയുടെ ഒരു പഴയ ഫോട്ടോ രാജീവ് കാണിച്ചിരുന്നത് അവളോര്‍ത്തു. ഒരു ഹിന്ദി സിനിമാനടിയെപ്പോലെ സുന്ദരിയായിരുന്നു നന്ദിത.
ചിന്‍മയി മുഖം തിരിച്ച് നന്ദിതയുടെ മുഖത്തേയ്ക്ക് നോക്കി. അസ്ഥികൂടത്തില്‍ തൊലിചുറ്റിയ പോലെയുള്ള ഈ രൂപം… ഇത് നന്ദിത തന്നെയാണോ?
അവള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു.
രാജീവ് നിര്‍വ്വികാരനായി ജാലകത്തിലൂടെ പുറത്തെവിടെയോ നോക്കി നില്‍ക്കുകയായിരുന്നു. അയാളുടെ ആ നിസ്സംഗത ചിന്‍മയിയെ വീണ്ടും തളര്‍ത്തി.
“ഇത്തിരി വേദന കലശലായിരുന്നു. പിന്നാ നഴ്സുകുട്ടി വന്ന് കുത്തിവച്ചിട്ടുപോയി. അതിന്റെ മയക്കത്തിലാണ്.”
രണ്ടുക്ലാസ് ജ്യൂസുമായി മുറിയിലേയ്ക്കുവന്ന വൃദ്ധന്‍ പറഞ്ഞു.
ഇനി അധികനാള്‍ നന്ദിതയ്ക്ക് വേദന തിണേണ്ടിവരില്ലെന്ന് അയാള്‍ വിഷമത്തോടെ പറഞ്ഞപ്പോള്‍ നെഞ്ചിനുള്ളില്‍ ഒരു തീയാളിയപോലെ ചിന്‍മയിയ്ക്ക് തോന്നി. ചിന്‍മയിക്ക് ആരുമല്ലായിരുന്നു നന്ദിത. എങ്കിലും എവിടെയോ ഒരു പൊള്ളല്‍!
അവള്‍ കൈനീട്ടി മെല്ലെ നന്ദിതയുടെ മെലിഞ്ഞുണങ്ങിയ വിരലുകളില്‍ തൊട്ടു. അപ്പോള്‍ മയക്കത്തില്‍ തന്നെ ഒരു ഞെട്ടലോടെ അവര്‍ കൈകള്‍ പിന്‍വലിച്ചിട്ട് ഒന്ന് ഞരങ്ങി. ചിന്‍മയി നിയന്ത്രണം വിട്ട് കരഞ്ഞുപോയി.
പുറത്തേയ്ക്ക് നടക്കുമ്പോള്‍, സ്ഥാനാര്‍ബ്ബുദത്തിന്റെ രണ്ടാമത്തെ ആക്രമണത്തെ അതിജീവിക്കാന്‍ കഴിയാതെ കാലിടറിവീണ കരളുറപ്പുള്ള നന്ദിതയെക്കുറിച്ച് രാജീവ് പറഞ്ഞു. മരണം എണ്ണപ്പെട്ടുകഴിഞ്ഞെന്ന് മനസ്സിലായപ്പോളാണ് രാജീവിനെ കാണണമെന്നും ചെയ്ത തെറ്റിന് മാപ്പ് ചോദിക്കണമെന്നും തോന്നിയത്.
“ഇനിയുള്ള ദിവസങ്ങളില്‍ നന്ദിതയ്ക്കുവേണ്ടി രാജീവിന് ചെയ്യാന്‍ കഴിയുന്നതുമുഴുവന്‍ രാജീവ് ചെയ്യണം.”
ചിന്‍മയി ഉറച്ച ശബ്ദത്തില്‍ പറഞ്ഞപ്പോള്‍ അയാള്‍ അവിശ്വസനീയതയോടെ അവളെ നോക്കി.
“കാരണം, അവള്‍ അത്രമേല്‍ നിങ്ങളെ സ്നേഹിക്കുന്നുണ്ട്, ഇപ്പോഴും. അതാണ് അവര്‍ വീണ്ടും വിവാഹം കഴിക്കാഞ്ഞത്. എനിക്കുറപ്പുണ്ട്.”
രാജീവ് എന്തുപറയണമെന്നറിയാതെ നിന്നു. ഒരുപാട് അര്‍ത്ഥങ്ങള്‍ നിറഞ്ഞ കനത്ത മൌനത്തിന്റെയൊടുവില്‍ രാജീവ് ഒരു ഏറ്റുപറച്ചില്‍ പോലെ പറഞ്ഞു,
“എല്ലാം നിന്നോട് പറയണമെന്ന് പലവട്ടം വിചാരിച്ചതാണ്. പക്ഷെ… കഴിഞ്ഞില്ല.”
അതുകേട്ടപ്പോള്‍ ചിന്‍മയി മെല്ലെ അയാളുടെ വിരലുകള്‍ക്കിടയില്‍ തന്റെ വിരലുകള്‍ കോര്‍ത്തു.
“കാര്യമറിയാന്‍ ശ്രമിക്കാതെ പൊട്ടത്തരങ്ങള്‍ കാട്ടിയതുമുഴുവന്‍ ഞാനല്ലേ. പിണക്കമുണ്ടോ എന്നോട്?”
അവളുടെ ചോദ്യം കേട്ട് രാജീവ് നിന്നു. പിന്നെ, മെല്ലെ ചിന്‍മയിയുടെ കണ്ണുകളിലേയ്ക്ക് നോക്കി, അവളെ ചേര്‍ത്തുപിടിച്ച് നെറ്റിയില്‍ ഒരു ചുംബനം കൊടുത്തു. നിലാവിന്റെ ചോട്ടിലെന്ന പോലെ ചിന്‍മയി കണ്ണുകളടച്ചങ്ങനെ നിന്നു. അത്രത്തോളം ആശ്വാസം ജീവിതത്തിലൊരിക്കലും അനുഭവിച്ചിട്ടില്ലെന്ന് അവള്‍ക്കുറപ്പായിരുന്നു.

Shabu Thomas

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot