#ശരണാലയം [ചെറുകഥ]
രാവിലെ മുതൽ പതിവില്ലാതെ മരുമകളുടെ മുഖത്ത് നിറഞ്ഞു നിൽക്കുന്ന ഗൗരവത്തിന്റെ കാരണമെന്തെന്ന് മാത്രമായിരുന്നു അച്ഛന്റെ മനസ്സ് നിറയെ...
എന്നാലും എന്താവും അവളുടെ മനസ്സിൽ , ഇത്ര ഗൗരവത്തോടെ ഞാനവളെ ഇതുവരെ കണ്ടിട്ടേയില്ല. മകനോട് ചോദിച്ചിട്ട് അവനും വ്യക്തമായൊന്നും പറയാതെയാണല്ലോ പോയത്. ഈശ്വരാ, എന്തിനാവും എന്നോടവൾ രാവിലെ തന്നെ ഒരുങ്ങി നിൽക്കാൻ പറഞ്ഞത് ?
ഗേറ്റ് കടന്ന് മുറ്റത്തേക്ക് വന്ന മകന്റെ കാറിന്റെ ശബ്ദമാണ് അയാളെ ചിന്തകളിൽ നിന്നുണർത്തിയത്.
അച്ഛൻ റെഡി ആയില്ലേ , വരൂ ..
കാറിന്റെ പിൻസീറ്റിലേക്ക് മകൻ കൈ പിടിച്ചിരുത്തുമ്പോഴും അവന്റെ മനസ്സ് വായിക്കാനൊരു ശ്രമം നടത്തുകയായിരുന്നു അയാളപ്പോൾ. മരുമകൾ കൊണ്ടുവന്ന രണ്ട് വലിയ ബാഗുകൾ ഡിക്കിയിലേക്കെടുത്തു വയ്ക്കുമ്പോഴും അവളുടെ മുഖത്തുള്ള ഗൗരവത്തിനൊട്ടും കുറവ് വന്നിട്ടില്ലെന്നുള്ളത് അയാൾ ശ്രദ്ധിച്ചിരുന്നു. യാത്രയിലുടനീളമുള്ള മകന്റെ മൗനത്തിനും എന്തൊക്കെയോ അർത്ഥങ്ങളുള്ളത് പോലെ അയാൾക്ക് തോന്നി. അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നു എന്ന് മനസ്സ് പറയുന്നത് പോലെ.
ശാരണാലയം എന്ന വലിയ ബോർഡ് വച്ച ഗേയ്റ്റിന് മുന്നിൽ കാർ നിർത്തിയപ്പോൾ അയാൾ മെല്ലെ മുഖമുയർത്തി മകനെ നോക്കി. ദയനീയമായ ആ നോട്ടം കണ്ടില്ലെന്നത് പോലെ മകൻ മുഖം തിരിച്ചപ്പോഴും മരുമകളുടെ മുഖത്തുള്ള ഗൗരവം അതേപടി നിറഞ്ഞു നിന്നിരുന്നു. തന്റെ കണക്കുകൂട്ടലുകൾ തെറ്റിയിരുന്നില്ല. അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നുവെന്ന തോന്നലുകൾ ശരിയായിരുന്നു. ഇപ്പോൾ മനസ്സിലാകുന്നു മക്കളുടെ മൗനത്തിന്റെ അർത്ഥം എന്തായിരുന്നുവെന്നുള്ളത്. കേട്ടുകേൾവിയിൽ മാത്രമുള്ള ശരണാലയമെന്ന ഇടുങ്ങിയ കെട്ടിടത്തിന്റെ ഏതോ ഒരു കോണിൽ അവർ തനിക്കും ഒരു മുറി ഒരുക്കിയിരിക്കുന്നു. വേണ്ടപ്പെട്ടവർ ഉപേക്ഷിച്ച പാഴ്ജന്മങ്ങളുടെ കൂട്ടത്തിൽ ഒരു വൃദ്ധൻ കൂടി. എന്തെക്കൊയോ അവരോട് ചോദിക്കണമെന്ന് മനസ്സ് പറയുന്നുണ്ട് പക്ഷെ നാവ് മരവിച്ചിരിക്കുന്നത് പോലെ.
അച്ഛൻ ഇരിക്കൂ , ഞങ്ങളിപ്പോൾ വരാം.
മകനും മരുമകളും ചേർന്ന് ഡിക്കിയിൽ നിന്ന് ബാഗുകൾ പുറത്തെടുത്തു ശരണാലയത്തിനുള്ളിലേക്ക് നടന്ന് നീങ്ങുന്നത് വൃദ്ധനായ പിതാവ് വേദനയോടെ നോക്കി നിന്നു. അൽപ സമയത്തിന് ശേഷം മടങ്ങി വന്ന മകൻ അയാളെ മെല്ലെ കാറിൽ നിന്നിറങ്ങാൻ സഹായിക്കുമ്പോഴും ഒരു കുട്ടിയെപ്പോലെ കൈ പിടിച്ചു നടത്തുമ്പോഴും മനസ്സിൽ ഒരായിരം ചോദ്യങ്ങളുണ്ടായിരുന്നെങ്കിലും അപ്പോഴും ഒന്നും ചോദിക്കാൻ മനസ്സനുവദിച്ചിരുന്നില്ല. പക്ഷേ മുന്നിലേക്ക് നടക്കുന്തോറും തന്റെ കാലുകളിലെ തളർച്ച അയാൾ തിരിച്ചറിയുന്നുണ്ടായിരുന്നു.
നൊന്തു പ്രസവിച്ചതും, വളർത്തി വലുതാക്കിയതുമായ കുറ്റങ്ങളാരോപിച്ച് വേണ്ടപ്പെട്ടവരാൽ ഉപേക്ഷിക്കപ്പെട്ട ഒരുകൂട്ടം മാതാപിതാക്കൾ. അവർക്കിടയിലേക്ക് മകൻ തന്നെ പിടിച്ചിരുത്തുമ്പോഴും മനസ്സ് പിടയുകയായിരുന്നു. ഓർമ്മയിലിന്ന് വരെ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല, എല്ലാവർക്കും നല്ലത് വരുത്തണമെന്ന് മാത്രമേ പ്രാർത്ഥിച്ചിട്ടുള്ളൂ. എന്നിട്ടും ഇങ്ങനെയൊരു വിധി ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. ഇനി തന്നെയിവിടെ ഉപേക്ഷിച്ച് എന്റെ മക്കൾ തിരിഞ്ഞു നടക്കുന്നത് കൂടി കാണാൻ ഈ വൃദ്ധന് വയ്യ. ഒരു പ്രാർത്ഥനയെന്നപോലെ അയാൾ കണ്ണുകൾ ഇറുക്കിയടച്ചു. സർവശക്തനായ ഈശ്വരന്റെ നാമങ്ങൾ ഒരു മന്ത്രം പോലെ മനസ്സിൽ ഉരുവിട്ടുകൊണ്ടേയിരുന്നു.
ഒരുനിമിഷം....
തലോടലെന്നപോലെ നെറ്റിയിൽ പതിഞ്ഞ ഒരു സ്നേഹസ്പർശം, അയാൾ മെല്ലെ കണ്ണുകൾ തുറന്നു. വിശ്വസിക്കാനാവാത്തത് പോലെ ചുറ്റും നോക്കി. മുന്നിൽ മകനും മരുമകളും, കൂടെ തനിക്ക് ആശംസകൾ നേരുന്ന ശരണാലയത്തിലെ അന്തേവാസികളും. ഒന്നും മനസ്സിലാകാതെ പകച്ചു നിന്ന അദ്ദേഹത്തെ മകൻ തന്നോട് ചേർത്തു പിടിച്ചു.
തലോടലെന്നപോലെ നെറ്റിയിൽ പതിഞ്ഞ ഒരു സ്നേഹസ്പർശം, അയാൾ മെല്ലെ കണ്ണുകൾ തുറന്നു. വിശ്വസിക്കാനാവാത്തത് പോലെ ചുറ്റും നോക്കി. മുന്നിൽ മകനും മരുമകളും, കൂടെ തനിക്ക് ആശംസകൾ നേരുന്ന ശരണാലയത്തിലെ അന്തേവാസികളും. ഒന്നും മനസ്സിലാകാതെ പകച്ചു നിന്ന അദ്ദേഹത്തെ മകൻ തന്നോട് ചേർത്തു പിടിച്ചു.
അച്ഛൻ ക്ഷമിക്കണം, ഓർക്കുന്നുണ്ടോ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത , ഇന്നാണ് കുംഭമാസത്തിലെ തിരുവോണം, കുറച്ചുകൂടി മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞാൽ ഇന്ന് അച്ഛന്റെ എഴുപതാം പിറന്നാൾ. അമ്മയുടെ മരണശേഷം ഇതൊന്നും അച്ഛന്റെ ഓർമ്മയിൽപ്പോലും ഉണ്ടാവില്ലെന്ന് ഞങ്ങൾക്കറിയാം. എങ്കിലും ഇന്നത്തെ ദിവസം വേണ്ടപ്പെട്ടവരുപേക്ഷിച്ച ഈ പാവങ്ങൾക്ക് ഒരു നേരത്തെ അന്നവും പിന്നെയീ വസ്ത്രങ്ങളുമൊക്കെ നൽകേണ്ടത് അച്ഛന്റെ കൈകൊണ്ട് തന്നെയാവണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. അച്ഛന്റെ സപ്തതിക്ക് ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ പുണ്യവും ഇത് തന്നെയാണ്. പിന്നെ ഞങ്ങളിതൊക്കെ മറച്ചു വച്ചതും ഇങ്ങനെയൊരു നാടകം കളിച്ചതും ഈ ശരണാലയത്തിലെ അംഗങ്ങൾക്കൊപ്പമുള്ള പിറന്നാൾ ആഘോഷം അച്ഛനൊരു അത്ഭുതമായിരിക്കണം എന്ന് കരുതി മാത്രമാണ്.
ഒരു നിമിഷം പകച്ചു പോയിരുന്നെങ്കിലും ആ വൃദ്ധന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. നഷ്ടപ്പെട്ടതെന്തോ തിരികെക്കിട്ടിയ ഒരു കൊച്ചു കുട്ടിയുടെ മുഖമായിരുന്നു അയാൾക്കപ്പോൾ. നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അയാൾ മക്കളെ തന്റെ നെഞ്ചോട് ചേർത്തു.
മക്കളേ നിങ്ങൾ ചെയ്തത് ഒരു വലിയ കാര്യം തന്നെ, ഇതിലും വലിയൊരു സമ്മാനം എനിക്ക് നൽകാൻ കഴിയില്ലെന്നുള്ളതും സത്യം തന്നെ. പക്ഷെ നിങ്ങൾക്കറിയാമോ, ഇന്ന് രാവിലെ മുതൽ ഈ നിമിഷം വരെ ചെയ്ത തെറ്റെന്തെന്നറിയാതെ അച്ഛനനുഭവിച്ച ഒരു മാനസ്സിക സംഘർഷമുണ്ട്. അതെത്രയാണെന്ന് മനസ്സിലാക്കാൻ എന്റെ മക്കൾക്ക് കഴിയുമോ? കഴിയില്ല, അത് മനസ്സിലാക്കണമെങ്കിൽ ഇനിയുമൊരുപാട് വർഷങ്ങൾ കടന്ന് നിങ്ങളും ഈ വൃദ്ധന്റെ പ്രായത്തിലെത്തണം,
അന്ന് നിങ്ങളുടെ മക്കൾ ഇതുപോലെ പെരുമാറിയാൽ മാത്രമേ ഇപ്പോ കാട്ടിയ തമാശയുടെ ആഴം എത്രമാത്രമാണെന്ന് മനസ്സിലാക്കാൻ സാധിക്കു.
അന്ന് നിങ്ങളുടെ മക്കൾ ഇതുപോലെ പെരുമാറിയാൽ മാത്രമേ ഇപ്പോ കാട്ടിയ തമാശയുടെ ആഴം എത്രമാത്രമാണെന്ന് മനസ്സിലാക്കാൻ സാധിക്കു.
രക്തബന്ധങ്ങൾക്ക് പോലും വിലകല്പിക്കാത്ത ഇന്നത്തെക്കാലത്ത് എന്നെപ്പോലെ പ്രായം ചെന്ന ഓരോ അച്ഛനമ്മമാരും മനസ്സിലെങ്കിലും ഭയപ്പെടുന്ന കുറച്ച് നിമിഷങ്ങളിലേക്കാണ് ഒരു തമാശയെന്ന രീതിയിൽ നിങ്ങളെന്നെ കൊണ്ടുപോയത്. പുതിയ തലമുറയ്ക്ക് ഇതൊക്കെ വെറും തമാശകൾ മാത്രമായി കാണാൻ കഴിയുമായിരിക്കും പക്ഷെ എന്നെപ്പോലുള്ള വൃദ്ധന്മാരുടെ പഴമനസ്സിന് ഇനിയും ഇതൊന്നും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല മക്കളേ...
നിങ്ങളെ ഉപദ്ദേശിക്കാനുള്ള വിവരമോ വിദ്യാഭ്യാസമോ ഈ വൃദ്ധനില്ല, എങ്കിലും എന്റെ മക്കൾ ഞാൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കണം. നിങ്ങൾ ചെയ്യുന്നത് എന്താണെങ്കിലും അതെത്ര വലിയ നന്മയാണെങ്കിൽപ്പോലും അതൊരിക്കലും മറ്റൊരാളുടെ മനസ്സിനെ വേദനിപ്പിച്ചു കൊണ്ടാവരുത്. അത് ചിലപ്പോ ഗുണത്തേക്കാളേറെ ദോഷങ്ങളായിരിക്കും സമ്മാനിക്കുന്നത്. ഒരച്ഛനെന്ന നിലയിൽ എനിക്ക് നിങ്ങളെ മനസ്സിലാക്കാൻ കഴിഞ്ഞേക്കും. നിങ്ങൾ ചെയ്തത് വലിയൊരു നന്മ തന്നെയാണ് പക്ഷെ അതിന് തിരഞ്ഞെടുത്ത മാർഗ്ഗം അല്പം കടന്ന് പോയെന്ന് മാത്രം. ഒരിക്കലും നിങ്ങളെ വിഷമിപ്പിക്കാനല്ല ഞാനിത്രയും പറഞ്ഞതെന്ന് മാത്രം മനസ്സിലാക്കുക. ഈശ്വരന്റെ അനുഗ്രഹം എന്നുമെന്റെ കുഞ്ഞുങ്ങളുടെ കൂടെയുണ്ടാകട്ടെ...
ചെയ്തുപോയ തെറ്റ് മനസ്സിലാക്കി കുറ്റബോധം കൊണ്ട് തലകുനിച്ചു നിൽക്കുന്ന മക്കളെ നെഞ്ചോടടക്കി ആശ്വസിപ്പിക്കുമ്പോൾ ആ വൃദ്ധന്റെ മനസ്സും നിറഞ്ഞിരുന്നു.
"മാതാപിതാക്കളുടെ സ്നേഹവും സന്തോഷവുമാഗ്രഹിക്കുന്ന മക്കൾ ഒരു പുണ്യം തന്നെയാണ്. ആയിരത്തിലൊരാൾക്ക് മാത്രം ലഭിക്കുന്ന ഒരായുസ്സിന്റെ പുണ്യം..."
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക