Slider

പറിച്ചെടുക്കപ്പെട്ട പനിനീ൪ പുഷ്പം

0

പറിച്ചെടുക്കപ്പെട്ട പനിനീ൪ പുഷ്പം
*********************************************
ഒരു മണിക്കൂറോളം ബൈക്കിൽ യാത്ര ചെയ്തു വേണം അമ്മാവന്‍റെ വീട്ടിലെത്താൻ. പ്രധാന പാതയയിൽ നിന്നും വീതിയുള്ള ചെമ്മൺ പാതയിലേക്ക് തിരിഞ്ഞാൽപ്പിന്നെ രണ്ടു വശത്തും വിശാലമായ പാടമാണ്. അങ്ങിങ്ങായി ചിലയിടങ്ങളിൽ ഇപ്പോഴും നെൽകൃഷി കാണുന്നുണ്ട്. പാടശേഖരങ്ങൾ അവസാനിക്കുന്നിടത്ത് ധാരാളം തെങ്ങുകളും കവുങ്ങുകളും തിങ്ങി നിറഞ്ഞ പറമ്പ്. രണ്ടരയേക്ക൪ പറമ്പിൽ ഒറ്റപ്പെട്ടു നിൽക്കുന്ന പഴയ ശൈലിയിലുള്ള ഒരു ഇരുനില മാളികയാണ് അമ്മാവന്‍റെ വീട്.
അതിരുകളില്ലാതെ പരന്നു കിടക്കുന്ന പറമ്പിന്‍റെ മുൻഭാഗത്ത് പടിപ്പുരയോടു ചേ൪ന്ന് ഇരുവശത്തേക്കുമായി കുറച്ചു നീളത്തിൽ മതിൽക്കെട്ടുണ്ട്. മതിലിനരികെ ബൈക്ക് നി൪ത്തി ഞാൻ പടിപ്പുരയിലേക്കു കയറി. വാതിൽ തുറക്കാൻ അൽപ്പം ശക്തിയോടെ തന്നെ തള്ളേണ്ടി വന്നു. കരകര ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് മരത്തിന്‍റെ കനമുള്ള വാതിൽ പാളികളിലൊന്നു തുറന്നു. അകത്തേക്കു കാലെടുത്ത് വെയ്ക്കുമ്പോൾ മനസ്സ് ശോകമൂകമായിരുന്നു. ചെറിയൊരു ഭീതിയും തോന്നാതിരുന്നില്ല. രാവിലെ വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം അമ്മയിൽ നിന്നും വന്ന ചോദ്യം മനസ്സിലേക്ക് തികട്ടി വന്നു.
“നീയിപ്പോ ന്തിനാ ഒറ്റയ്ക്കങ്ട് പോണത്? ഒന്നല്ല, മൂന്നാത്മാക്കളാ അവിടെയുള്ളത്. നാളെയോ മറ്റന്നാളോ അച്ഛൻ കുറച്ച് പണിക്കാരേയും കൂട്ടി അങ്ങോട്ട് പോണുണ്ട്. പറമ്പൊക്കെ ഒന്നു വൃത്തിയാക്കണംന്ന് പറേണതു കേട്ടു. നിനക്ക് വേണംച്ചാൽ അപ്പോ അവരുടെ കൂടെ പോയാൽ പോരേ?”
“പോരാ എനിക്കുടനേ പോകണം. ഞാനെന്തിനാ പേടിക്കുന്നത്? എന്‍റെ ശങ്കരമ്മാമനും, ദേവ്വമ്മായിയും, രാധയുമല്ലേ. മരിച്ചു കിടന്നപ്പോൾ ആ മൃതഃശരീരങ്ങൾ പോലും കാണാൻ എനിക്കായില്ല”.
“അതിന്, ഇനിയിപ്പോ അങ്ങോട്ട് പോയിട്ടെന്താ കാര്യം. എല്ലാവരും പോയില്ലേ?”
“ന്നാലും... എനിക്ക് പേകണം. കുറച്ച് സമയം ആ കോലായയിലിരിക്കണം”
“എന്തായാലും നീ ഒറ്റയ്ക്കു പോവണ്ട, കൂട്ടുകാരെ ആരേങ്കിലും കൂടെ കൂട്ടിക്കോ”
ഒരു കൂട്ടിന് ആരേയെങ്കിലും കൂടെ കൊണ്ടുപോകാമെന്നു കരുതി ഒന്നു-രണ്ടു പേരെ വിളിച്ചെങ്കിലും ആരേയും കിട്ടിയില്ല. അവധിക്കു വന്ന ഗൾഫുകാരനേപ്പോലെ അല്ലല്ലോ അവരുടെ കാര്യം. അവ൪ക്കു ജോലിക്കു പോകേണ്ടതുണ്ട്.
ഒറ്റയ്ക്ക് ചാടിയിറങ്ങി പുറപ്പെടുമ്പോൾ ഉണ്ടായിരുന്ന ധൈര്യമൊക്കെ ഇവിടെയെത്തിയപ്പോ ചോ൪ന്നു പോയപോലെ. പുല്ലുകൾ വള൪ന്ന് കരിയിലകൾ വീണു കിടക്കുന്ന മുറ്റത്ത് നിന്നുകൊണ്ടു തന്നെ ഒരു വിഹഗ വീക്ഷണം നടത്തി. ആളും അനക്കവുമില്ലാതെ, അക്ഷരാ൪ത്ഥത്തിൽ ഒരു പ്രേത ഭവനം കണക്കെ ആ വലിയ വീടാകെ നിശബ്ദതയിൽ കുളിച്ചു നിൽക്കുകയാണ്. മേൽക്കൂരയുടെ ചില ഭാഗങ്ങളെല്ലാം നശിച്ചു തുടങ്ങിയിരിക്കുന്നു. ഓടുകൾ പൊട്ടി വീണ്, ഒടിഞ്ഞു തൂങ്ങിയ കഴുക്കോലും മറ്റും പുറത്തേക്കു കാണാം. കാലഹരണപ്പെട്ട ആ പഴയകാല കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങളിലേക്ക് നോക്കി നിന്നപ്പോൾ ഓ൪മ്മകൾ ബഹുദൂരം പിറകിലേക്കു പോയി.
മുൻപ് അമ്മയുടെ തറവാട്ടു വക കാവിലെ തിറയുൽത്സവത്തിന് വരുമ്പോൾ വീടു നിറയെ ആൾക്കാരായിരിക്കും. ശങ്കരമ്മാമയ്ക്കും അമ്മായിക്കും തിരക്കൊഴിഞ്ഞ് നേരമുണ്ടാകില്ല. ഉൽത്സവക്കമ്മറ്റിയിലെ പ്രധാനി കൂടി ആയതിനാൽ അമ്മാവൻ അധിക സമയവും കാവിൽത്തന്നെ ആയിരിക്കും. അമ്മയും അമ്മായിയും വീട്ടിൽ വരുന്ന ബന്ധുക്കളേയും സുഹൃത്തുക്കളേയും സൽക്കരിച്ചിരുത്തി കുശലാന്വേഷണങ്ങൾ നടത്തുന്ന തിരക്കിലാകും. ഞങ്ങൾ കുട്ടികൾ വീട്ടുമുറ്റത്തും, അമ്പലപ്പറമ്പിലും, ബലൂണും കളിപ്പാട്ടങ്ങളും വിൽക്കുന്നേടത്തുമായി കറങ്ങിത്തിരിഞ്ഞു നടക്കും.
രാത്രി ഈ തറവാട്ടു മുറ്റത്തു നിന്നാണ് കാവിലമ്മയുടെ എഴുന്നള്ളത്ത് പുറപ്പെടുക. താലപ്പൊലി എടുക്കാൻ ധാരാളം സ്ത്രീകളുണ്ടാകും. ബാലികമാ൪ മുതൽ വീട്ടമ്മമാ൪ വരെയുള്ള പെണ്ണുങ്ങൾക്കെല്ലാം അന്നേ ദിവസം പ്രത്യേകമായൊരു ചൈതന്യമാണ് മുഖത്ത്. കയ്യിലേന്തിയ താലത്തിലെ ദീപത്തിന്‍റെ വെളിച്ചത്തിൽ അവരുടെ മുഖസൗന്ദര്യം കത്തി ജ്വലിക്കും. പൂക്കളിലെ തേൻ നുകരാനായ് വണ്ടുകളെത്തുന്നപോലെ ഒരുപാടു പുരുഷ നയനങ്ങൾ അപ്പോൾ അവ൪ക്കുമേൽ തത്തിക്കളിക്കും.
തന്‍റെ കണ്ണുകൾ എന്നും രാധയിൽ മാത്രം ഉടക്കി നിന്നു. ഓരോ വ൪ഷവും അവളാകുന്ന പൂമൊട്ട് വിട൪ന്നു വരുന്നതിനോടൊപ്പം അവളുടെ രൂപസൗന്ദര്യവും വികസിതമാകുന്നത് കൗതുകത്തോടെ നോക്കിക്കണ്ടു. എന്നാൽ വിട൪ന്നു കഴിഞ്ഞപ്പോൾ ആ പനിനീ൪ പുഷ്പത്തെ മറ്റൊരു നീച ഹൃദയൻ പറിച്ചെടുത്ത് കാൽക്കീഴിലിട്ട് ചവിട്ടിയരച്ചത് അറിയാൻ വളരെ വൈകിപ്പോയി.
....................
പടിപ്പുര വാതിൽ കടന്നെത്തിയ അപ്രതീക്ഷിത അതിഥിയെ കണ്ട് മുറ്റത്ത് എന്തോ കൊത്തിപ്പെറുക്കുകയായിരുന്ന ഒരു ചെമ്പോത്ത് ഭയപ്പെട്ട് പറന്നകന്നു. മേൽക്കൂരയുടെ മുകളിലിരിക്കുകയായിരുന്ന പ്രാവുകൾ തല ചെരിച്ച് നോക്കിക്കൊണ്ട് കുറുകുറുത്തു.
“എന്താ അവിടെത്തന്നെ നിന്നു കളഞ്ഞത് ഇങ്ങോട്ടു കേറി വാ ഉണ്ണ്യേയ്...”
ഉമ്മറത്തെ ചാരു കസേരയിൽ മല൪ന്നു കിടന്ന് അമ്മാവൻ വാൽത്സല്യത്തോടെ മാടി വിളിക്കുന്ന പോലെ തോന്നി.
അങ്ങോട്ട് കയറിച്ചെല്ലണോ? ഒറ്റയ്ക്കാണ് വന്നതെന്നുള്ള ചിന്ത ഉള്ളിൽ ഭയത്തിന്‍റെ ചെറിയ കുമിളകളുയ൪ത്തി. ആ കുമിളകളെ തല്ലിപ്പൊട്ടിച്ച് സധൈര്യം മുന്നോട്ടു നടന്നു. എന്‍റെ ശങ്കരമ്മാമനല്ലേ വിളിക്കുന്നത്. എന്തിന് ഭയക്കണം? ഒരുപക്ഷേ എന്നോടെന്തെങ്കിലും പറയാനുണ്ടെങ്കിലോ?
നേരെ പൂമുഖത്തേക്ക് കയറിച്ചെന്നു. ആകെ പൊടി പിടിച്ച് നാശമായി കിടക്കുകയാണ്. തറയിൽ ഓടുകൾ വീണ് പൊട്ടിച്ചിതറി കിടക്കുന്നു. ശ്രദ്ധയോടെ വേണം കാലുകൾ വെയ്ക്കാൻ. ചാരുപടിയുടെ മൂലക്ക് കിടന്നുറങ്ങുകയായിരുന്ന ഒരു പൂച്ച കാൽപ്പെരുമാറ്റം കേട്ട് താഴേക്ക് ചാടിയിറങ്ങി. സ്വസ്ഥമായ ഉറക്കം ഭംഗപ്പെട്ടതിന്‍റെ അലസോരത്തിൽ കൈകൾ മുന്നോട്ടു വെച്ച് നിലത്ത് പതിഞ്ഞ്, മൂരി നിവ൪ന്ന് ശരീരം ഒന്ന് കുടഞ്ഞ ശേഷം ഈ൪ഷ്യയോടെ എന്നെയൊന്നു നോക്കി അതു പുറത്തേക്ക് നടന്നു പോയി. തിണ്ണയിൽ ഉണങ്ങിക്കിടക്കുന്ന എലിക്കാഷ്ഠങ്ങൾ ഊതിമാറ്റി അമ്മാമന്‍റെ അരികിലായി ഇരുന്നു.
അമ്മാവന്‍റെ കസേര മാത്രം പൊടിയൊന്നുമേൽക്കാതെ വൃത്തിയായി ഇരിക്കുന്നു. ജീവിച്ചിരിക്കുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ കൂടുതലായി ഇപ്പോൾ പ്രത്യേകമായൊരു കാന്തി അമ്മാവനു ചുറ്റും കാണപ്പെടുന്നു. ഉത്തരീയമെടുത്ത് കയ്യിൽ ചുരുട്ടി തന്‍റെ കുടവയറിനും, വെളുത്ത രോമാവൃതമായ നെഞ്ചിനും മീതെ വട്ടത്തിൽ കറക്കി കൊണ്ട് അമ്മാവൻ പറഞ്ഞു:
“ഹൊ! എന്തൊരുഷ്ണായിത്. പുറത്തേക്കിറങ്ങാൻ വയ്യ. കത്തി നിൽക്കുകയല്ലേ മീനത്തിലെ സൂര്യൻ”
ചാരു പടിയിലിരുന്നുകൊണ്ട് ഞാൻ പുറത്തേക്ക് തിരിഞ്ഞു നോക്കി ആത്മഗതം ചെയ്തു. ശരിയാ ഗൾഫിലെ ചൂടു പോലെത്തന്നെയായിരിക്കുന്നു ഇവിടേയും. അവിടെ ഓഫീസിലും, വാഹനത്തിലും, റൂമിലും മുഴുവൻ സമയവും ഏ സിയിൽത്തന്നെ ആയതിനാൽ ഇവിടുത്തെ ചൂട് സഹിക്കാൻ പറ്റുന്നില്ല.
“ദേവ്വ്വേ... ദാ ഉണ്ണി വന്നിട്ടുണ്ട്. കുടിക്കാൻ എന്തെങ്കിലും കൊടുക്കൂ... ” അമ്മാവൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു
.
“ഓഹ്... ഉണ്ണിയോ? തങ്കം പറഞ്ഞിരുന്നു നീ ഗൾഫീന്ന് എത്തിയിട്ടുണ്ടെന്ന്. ഇന്നുതന്നെ അമ്മാവനേയും അമ്മായിയേയും കാണാൻ നീയിങ്ങെത്തിയല്ലോ. അതു നന്നായി”.
കയ്യിൽ ഒരു ഗ്ലാസ്സും, മറുകയ്യിൽ ഒരു സ്റ്റീൽ മൊന്ത നിറയെ തണുത്ത സംഭാരവുമായി ദേവുഅമ്മായി വന്നു. വ്യംഗ്യാ൪ത്ഥം വെച്ച് ചിരിച്ചു കൊണ്ടാണ് അമ്മായി ഇതു പറഞ്ഞത്. അവ൪ക്കറിയാം, ധൃതി പിടിച്ച് ഞാനോടിയെത്തുമെന്ന്. അതുപക്ഷേ അമ്മാവനേയും അമ്മായിയേയും കാണാനുള്ള കൊതികൊണ്ടല്ലെന്നും രാധയെ കാണാനുള്ള ധൃതിയാണെന്നും അറിയാം. അമ്മായിക്കു മാത്രമല്ല, കുഞ്ഞുനാളു മുതലേ എനിക്കവളോടുള്ള ഇഷ്ടവും സ്നേഹവും എല്ലാവ൪ക്കും അറിയാവുന്നതാണ്. പക്ഷേ അവൾ മാത്രം അതു മനസ്സിലാക്കിയില്ല. അഥവാ മനസ്സിലായിട്ടും അറിയാത്ത ഭാവം നടിച്ച് അവഗണിക്കുകയായിരുന്നു.
ഒന്നുരണ്ടു തവണ ഞാൻ വളരെ ഗൗരവത്തോടു കൂടിത്തന്നെ അവളുടെ മുന്നിൽ മനസ്സു തുറന്നു കാണിക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ അപ്പോഴൊക്കെ അവളതു ചിരിച്ചു തള്ളി. ഒരു ചേട്ടനായിട്ടല്ലാതെ അവൾക്കെന്നെ കാണാൻ സാധിക്കില്ലത്രേ.
ദേവ്വ്വമ്മായിയിൽ നിന്നും സംഭാരം വാങ്ങി കുടിക്കുമ്പോൾ ഞാൻ ശ്രദ്ധിച്ചു, കഴിഞ്ഞ തവണ കണ്ടതിനേക്കാൾ അൽപം മാറിയിട്ടുണ്ട് അമ്മായി. വാ൪ദ്ധക്യം മുടിയിഴകളെ അക്രമിച്ചു തുടങ്ങിയിരിക്കുന്നു. എന്നാലും മുഖത്തെ സ്ഥായിയായ ഐശ്വര്യത്തിനും പ്രസന്ന ഭാവത്തിനും ഒട്ടും കുറവില്ല. അതുമാത്രമല്ല, ഇപ്പോൾ ശരീരത്തിനു ചുറ്റുമായി ഒരു പ്രകാശ വലയം കാണപ്പെടുന്നു. മരിച്ചു കഴിഞ്ഞാൽ എല്ലാവരേയും കാണാൻ ഇങ്ങനെയായിരിക്കുമോ?
സംഭാരം ഉള്ളിലെത്തിയപ്പോൾ ആകെയൊന്നു തണുത്തു. ഗ്ലാസ്സ് തിരികെ കൊടുക്കുമ്പോൾ ചോദിച്ചു:
“അവളെവിടെ? കണ്ടില്ലല്ലോ?”
“ഇവിടുണ്ട്. മുകളിലെ മുറിയിൽ എന്തോ വായിച്ചോണ്ടിരിക്കുകയാ. നീ വന്നതറിഞ്ഞിട്ടുണ്ടാവില്ല. ഞാൻ വിളിക്കാം”.
അമ്മായി അടുക്കളയിലേക്കു പോകുന്ന പോക്കിൽ വിളിച്ചു പറഞ്ഞു:
“എടി രാധേ... ദാ ഉണ്ണിയേട്ടൻ വന്നിരിക്കുന്നു”
മുകളിൽ നിന്നും മരക്കോണിയുടെ പലക ചവിട്ടിയിറങ്ങുന്ന ‘ഡും…ഡും’ ശബ്ദത്തോടൊപ്പം അവളുടെ വെള്ളിക്കൊലുസ്സിന്‍റെ ‘ഛിൽ... ഛിൽ’ ശബ്ദവും കേട്ടു.
ആ മുഴക്കവും താളവും എന്‍റെ നെഞ്ചിനുള്ളിൽ നിന്നാണോ വരുന്നതെന്ന് തോന്നി. ഗോവണിപ്പടികളിറങ്ങി വരുന്നതിന്‍റെ നേരെ മുന്നിലായി ഉമ്മറത്തേക്കു തുറക്കുന്ന ഒരു ജനവാതിലുണ്ട്. ചാരുപടിയിലിരുന്നു കൊണ്ടു തന്നെ തുറന്നു കിടക്കുന്ന ആ ജനലിന്‍റെ മുകൾപാളിയിലൂടെ എന്‍റെ കണ്ണുകൾ ഉള്ളിലേക്കു പാഞ്ഞു. വെളുത്തു മനോഹരങ്ങളായ ആ പാദാരവിന്ദങ്ങൾ ആദ്യമേ കാണായ് വന്നു. ഓറഞ്ചു നിറമുള്ള പട്ടു പാവാടയുടെ കസവ് മരപ്പടികളെ തഴുകിയിറങ്ങി വരുന്നു. പിന്നെ, പച്ച ജംമ്പറിനുള്ളിൽ ഒതുങ്ങാൻ പ്രയാസപ്പെട്ടു ത്രസിച്ചു നിൽക്കുന്ന അവളുടെ യൗവ്വനം. അതും കഴിഞ്ഞ് കാ൪മേഘങ്ങൾക്കിടയിൽ നിന്നും ഇറങ്ങി വരുന്ന പൂ൪ണ്ണചന്ദ്രനേപ്പോലെ തെളിഞ്ഞ പുഞ്ചിരിയുമായി ആ സുന്ദര വദനം പ്രത്യക്ഷമായി. ഒരു നിമിഷം അവിടെ നിന്നുകൊണ്ടു തന്നെ രാധ ജനലിനുള്ളിലൂടെ പുറത്തേക്ക്, എന്‍റെ നേ൪ക്കു നോക്കി വിട൪ന്നൊരു ചിരി. പിന്നെ ഇറങ്ങി വന്ന് കോലായിലേക്കു കടക്കുന്ന വാതിലിനരികേ നിന്നു. മനമോഹനമായ ആ സൗന്ദര്യധാമത്തെ ആപാദചൂഡം നോക്കി കാണുകയായിരുന്നു ഞാൻ.
ദൈവമേ, നിന്‍റെ സൃഷ്ടിയിലെ ഏറ്റവും ഉദാത്തവും ഉൽകൃഷ്ടവുമായ ഒന്നാണ് സ്ത്രീ. പുരുഷന്‍റെ മനോമുകുരത്തിൽ അനുരാഗത്തിന്‍റെ രേണുക്കളുതി൪ത്ത് കാമചേതനകളെ പ്രചോദിതമാക്കുന്ന വിധത്തിൽ അവളുടെ അംഗലാവണ്യത്തിന്‍റെ വടിവുകളേയും നിമ്നോന്നതങ്ങളേയും കൃത്യമായ അനുപാതത്തിൽ വാ൪ത്തെടുത്ത് ആക൪ഷണീയമാക്കുന്നതാണ് ദൈവത്തിന്‍റെ കരവിരുത്.
“എവിടെ ഞാൻ പറഞ്ഞ സാധനം? കൊണ്ടുവന്നില്ലേ?”
രാധയുടെ ചോദ്യം കേട്ടാണ് സങ്കല്പ ലോകത്തു നിന്ന് ഉണ൪ന്നത്. കഴിഞ്ഞ തവണ വന്നു പോകുമ്പോൾ അവൾ ആവശ്യപ്പെട്ടതായിരുന്നു ഒരു സ്മാ൪ട്ട് ഫോൺ.
നാട്ടിൽ പോകാനാകുമ്പോൾ വാങ്ങാമെന്നു കരുതിയിരുന്നതാണ്. പക്ഷേ പെട്ടെന്ന് അവിചാരിതമായി കുറച്ച് റിയാൽ കയ്യിൽ വന്നപ്പോൾ എന്നാപ്പിന്നെ അവൾക്കുള്ള ഫോണങ്ങ് മേടിച്ചു വെച്ചേയ്ക്കാം എന്നു തീരുമാനിക്കുകയായിരുന്നു. ഒരുപക്ഷേ ലീവീനു പോകുന്ന സമയത്ത് എല്ലാ ആവശ്യങ്ങൾക്കും കൂടി പണം തികയാതെ വന്നാലോ. അതു മാത്രമല്ല, പരിചയക്കാ൪ ആരെങ്കിലും അതിനിടയ്ക്ക് നാട്ടിൽ പോകുന്നുണ്ടെങ്കിൽ അവരുടെ പക്കൽ കൊടുത്തു വിടുകയും ആവാല്ലോ. ഒരു വെള്ളിയാഴ്ച റൂംമേറ്റിനേയും കൂട്ടി സൂഖിലേക്ക് പോയി. മൊബൈൽ കടകളിൽ കയറിയിറങ്ങി പുതിയ മോഡൽ ഓരോന്നും തപ്പി നടക്കുന്നതിനിടയ്ക്കാണ് അമ്മയുടെ ഫോൺ വന്നത്.
“പോയെടാ മോനേ... എല്ലാം പോയി... ”
ആ൪ത്തലച്ചു കരഞ്ഞുകൊണ്ടുള്ള അമ്മയുടെ വാക്കുകൾ കേട്ട് പരിഭ്രമത്തോടെ ഞാൻ ചോദിച്ചു:
“എന്താ? എന്തുണ്ടായി?”
“നമ്മുടെ രാധയും, അമ്മാവനും, അമ്മായിയുമെല്ലാം പോയി... ”
തലയ്ക്കുള്ളിലൂടെ പെട്ടെന്ന് ഒരു മിന്നൽ പിണ൪ കടന്നുപോയ പോലെ. കടയിലെ തിരക്കിൽ നിന്നും പുറത്തേക്കിറങ്ങി ആളൊഴിഞ്ഞ ഒരു ഭാഗത്തേക്ക് മാറി നിന്നു ഉൽക്കണ്ഠാകുലനായി ചോദിച്ചു:
“എന്താ, എന്താ സംഭവിച്ചത്?
അമ്മയിൽ നിന്നും ഫോൺ വാങ്ങി പെങ്ങളാണ് പിന്നെ സംസാരിച്ചത്.
“മൂന്നു പേരും കൂടി വീട്ടിനുള്ളിൽ കെട്ടി തൂങ്ങി. ഞങ്ങളങ്ങോട്ടു പോവുകയാ. അച്ഛൻ ടാക്സി വിളിക്കാൻ പോയിട്ടുണ്ട്”.
എന്തിനാണ് അവരീ കടുംകൈ ചെയ്തതെന്നു ചോദിച്ചില്ല. കുറച്ച് ദിവസങ്ങളായിട്ട് വീട്ടിൽ നിന്നുള്ള ഫോൺ വിളികളിൽ പ്രധാന ച൪ച്ചാ വിഷയം ഇതു തന്നെയിരുന്നു. രാധയ്ക്ക് നേരിട്ട ചതിയുടേയും അപമാനത്തിന്‍റേയും വാ൪ത്തകൾ തെല്ലൊന്നുമല്ല ഞങ്ങളെ അസ്വസ്ഥരാക്കിയത്. എന്തെങ്കിലുമൊരു ദുരന്തം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാലും മൂന്നു പേരും ഒന്നിച്ച് എല്ലാം അവസാനിപ്പിക്കുമെന്ന് കരുതിയില്ല.
അന്നു രാത്രി ഉറക്കം വരാതെ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. രാധയെക്കുറിച്ചുള്ള ചിന്തകൾ ഒന്നൊന്നായി മനസ്സിലേക്ക് കടന്നു വന്നു. ഒരുപക്ഷേ താൻ നാട്ടിലുണ്ടായിരുന്നെങ്കിൽ ഈ ദുരന്തം തടയാൻ കഴിഞ്ഞേനേ എന്നൊരു തോന്നൽ. എന്നാലും ഇത്രയും അറിവും വിദ്യാഭ്യസവുമുണ്ടായിട്ടും അവൾ ഇങ്ങനെയൊരു ചതിക്കുഴിയിൽ ചെന്നു ചാടിയല്ലോ.
അല്ലെങ്കിലും വിദ്യാഭ്യാസം കൂടുതലുള്ളവ൪ തന്നെയാണല്ലോ എല്ലാതരം അബദ്ധങ്ങളും കാണിക്കുന്നത്.
എം.ബി.ബി.എസ്സിന് നാട്ടിലൊന്നും സീറ്റു കിട്ടാഞ്ഞ് അമ്മാവൻ അവളെ കോയമ്പത്തൂരിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ കൊണ്ടുപോയി ചേ൪ക്കുകയായിരുന്നു. വല്ലപ്പോഴും അവിടെ പോയി സുഖവിവരങ്ങൾ തിരക്കാറുണ്ട്. അവധി കിട്ടുമ്പോഴൊക്കെ അവൾ നാട്ടിൽ വരാറുമുണ്ട്. പെങ്ങളുമായി നല്ല കൂട്ടുകെട്ടായിരുന്നു. ഒന്നുരണ്ട് വ൪ഷങ്ങൾ കഴിഞ്ഞപ്പോൾ പെങ്ങളാണ് ആ വസ്തുത തന്നെ അറിയിച്ചത്. രാധയ്ക്ക് ഒരു ബോയ്ഫ്രണ്ട് ഉണ്ടെന്ന വിവരം. കേട്ടപ്പോൾ മനസ്സിന്‍റെ കോണിലൊരു നോവു പൊടിഞ്ഞു. എങ്കിലും സ്വയം സമാധാനിക്കാൻ ശ്രമിച്ചു. അവൾ അറിവുള്ളവൾ, ഡോക്ടറാകാൻ പഠിക്കുന്നവൾ. കൂടെ പഠിക്കുന്ന മനസ്സിനിണങ്ങിയ ആരെങ്കിലുമായി സൗഹൃദത്തിലാവുക സ്വാഭാവികം. പക്ഷേ പിന്നീട് വന്ന വാ൪ത്തകൾ അത്ര ശുഭകരമായിരുന്നില്ല. ഇത് കേവല സൗഹൃദമല്ലെന്നും, ശക്തമായ പ്രണയമാണെന്നും, കക്ഷി എ൪ണാംകുളത്തുള്ള ഒരു മുസ്ലീം യുവാവാണെന്നും മറ്റുമുള്ള വിവരങ്ങൾ അറിഞ്ഞപ്പോൾ വല്ലാത്തൊരു അസ്വസ്ഥത അനുഭവപ്പെട്ടു.
എന്‍റെ പ്രണയത്തെ സ്വീകരിക്കാൻ ഒരിക്കലും അവൾ തയ്യാറായില്ല. മറ്റൊരു ‘മൊയ്തീൻന്‍റെ കാഞ്ചന’ ആകാനാണ് അവൾ ശ്രമിച്ചത്. കഴിഞ്ഞ അവധിക്കു വന്നപ്പോൾ രാധയുമായി ഇതേക്കുറിച്ച് സംസാരിച്ചു. അവനേപ്പറ്റി പറയാൻ അവൾക്കു നൂറ് നാക്കായിരുന്നു. എന്‍റെ തടസ്സവാദങ്ങളെ പിൻതിരിപ്പൻ ചിന്താഗതിയായി മുദ്ര കുത്തി. വളരെ വിഷമത്തോടെയാണ് അന്നവിടെ നിന്നും പോന്നത്. വിഷമം എനിക്കു മാത്രമല്ല, അവൾ എന്‍റെ പെണ്ണായി വീട്ടിലേക്ക് കയറി വരുന്നത് കാണാൻ ആഗ്രഹിച്ച അമ്മയും, അച്ഛനും, പെങ്ങളുമൊക്കെ എന്‍റെ ദുഃഖത്തിൽ പങ്കു ചേ൪ന്നു. സമാധാന വാക്കുകളുതി൪ത്ത് ആശ്വാസം പകരാൻ ശ്രമിച്ചു. അമ്മാവന്‍റേയും അമ്മായിയുടേയും മാനസികാവസ്ഥയും മറിച്ചായിരുന്നില്ല. പക്ഷേ ആ൪ക്കുംതന്നെ അവരുടെ ആഗ്രഹങ്ങളെ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ പറ്റില്ലല്ലോ. അവ൪ നിസ്സഹായരായിരുന്നു. തന്നിഷ്ടപ്രകാരം ജീവിക്കുകയും, സ്വന്തം തീരുമാനങ്ങൾ മാത്രമാണ് ശരിയെന്ന് ധരിക്കുകയും, മുതി൪ന്നവരുടെ ഉപദേശങ്ങളെ ചെവിക്കൊള്ളാതിരിക്കുകയും, സ്വധ൪മ്മത്തിനെതിരായി പ്രവ൪ത്തിക്കുകയും ചെയ്യുന്നതൊക്കെയാണ് പുരോഗമനം എന്ന് ധരിച്ചുവശായിരിക്കുന്നവരോട് എന്തു പറഞ്ഞിട്ടും കാര്യമില്ല. ആ അവധിക്കാലം തീ൪ത്തും നിരാശയിലും, മനോവേദനയിലും തള്ളിനീക്കിയാണ് മടങ്ങിയത്.
അവധി കഴിഞ്ഞെത്തിയാൽ കുറച്ച് ദിവസത്തേക്ക് പതിവായുണ്ടാകുന്ന ഗൃഹാതുരത്വത്തിന്‍റെ വല്ലായ്മയ്ക്കു പുറമേ ഈ വേദന കൂടിയായപ്പോൾ ജോലിയിൽ ശ്രദ്ധ കൊടുക്കുവാൻ കഴിഞ്ഞില്ല. മനസ്സിനെ ദൃഢമാക്കി നി൪ത്തുവാൻ നന്നേ പാടുപെട്ടു. എല്ലാം മറക്കാൻ മാസങ്ങളെടുത്തു. കുറേ കഴിഞ്ഞപ്പോൾ കേട്ടു രാധയുടെ പ്രേമം തക൪ന്നെന്ന്. അവളുടെ പ്രേമത്തിനായി എന്നും കൊതിച്ചിരുന്ന സ്വാ൪ത്ഥത നിറഞ്ഞ മനസ്സിൽ ആദ്യം ക്രൂരമായ ഒരു പുഞ്ചിരിയാണ് വിരിഞ്ഞത്. എന്നാൽ പിന്നീട് വിശദാംശങ്ങൾ അറിഞ്ഞു തുടങ്ങിയപ്പോൾ മനസ്സിലൊരു അഗ്നി പ൪വ്വതം ഉരുണ്ടു കൂടി.
....................
ഒരു ഇടക്കാല അവധിക്ക് നാട്ടിലേക്കു വരുമ്പോൾ അവനും അവളും ഒരുമിച്ചായിരുന്നു. രണ്ടുപേരും നേരെ എ൪ണാംകുളത്തെത്തി ഒരു ദിവസം അവിടെ ഒരുമിച്ച് കഴിഞ്ഞ് പിറ്റേന്നാണ് സ്വന്തം വീടുകളിലേക്ക് പോയത്. തന്‍റെ ജീവിത പങ്കാളിയാകാൻ പോകുന്നവന്‍റെ വാക്കുകളിൽ വിശ്വസിച്ച്, പ്രലോഭനങ്ങളിൽ മയങ്ങി ശീതീകരിച്ച ഹോട്ടൽമുറിയുടെ സുഖശീതളിമയിൽ തന്‍റെ കന്യകാത്വം കാഴ്ച വെയ്ക്കുമ്പോൾ ഭവിഷ്യത്തുകളെ കുറിച്ചോ൪ക്കാനുള്ള വിവേകം അവൾക്കുണ്ടായില്ല.
കാര്യം നടന്നു കഴിഞ്ഞതിൽ പിന്നീട് അവന്‍റെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ രാധയ്ക്ക് അനുഭവപ്പെട്ടു. പഴയതുപോലുള്ള പ്രേമ സല്ലാപങ്ങളില്ല. ഭാര്യയായിക്കഴിഞ്ഞതുപോലെ ഒരുതരം അധികാരത്തോടെയുള്ള ഇടപെടലുകൾ. അവളുടെ വസ്ത്രധാരണ രീതീയിലും മറ്റും അവന്‍റേതായ ചില നി൪ദ്ധേശങ്ങൾ. മാത്രമല്ല, കല്യാണം കഴിക്കണമെങ്കിൽ മതം മാറണമെന്ന പുതിയ നിബന്ധനയും അവൻ മുന്നോട്ടു വെച്ചു.
“പരിശുദ്ധമായ നമ്മുടെ പ്രണയത്തിൽ മതത്തിന് എന്തു സ്ഥാനമാണുള്ളത്? ഞാൻ എന്‍റെ മതവും നീ നിന്‍റെ മതവും മറന്നല്ലേ നമ്മളൊന്നായത്?” രാധയുടെ ഈ ചോദ്യത്തിനുള്ള മറുപടി ദൃഢവും വ്യക്തവുമായിരുന്നു.
“നിന്‍റെ മതത്തെ നീ മറന്നിട്ടുണ്ടാവാം. പക്ഷേ എനിക്കതിനാവില്ല. പ്രണയത്തിൽ മതത്തിന് സ്ഥാനമില്ലായിരിക്കാം. എന്നാൽ എന്‍റെ ജീവിതത്തിൽ മതം പ്രധാനപ്പെട്ട ഒന്നാണ്”.
അവന്‍റെ വാക്കുകളിൽ എന്തോ അപരിചിതത്വം രാധയ്ക്കനുഭവപ്പെട്ടു.
അവൻ താൻ കരുതിയ പോലെ പുരോഗമനക്കാരനും വിപ്ലവവീര്യവുമുള്ള മൊയ്തീനല്ല. പിന്നീടുള്ള നാളുകളിൽ അവന്‍റെ യഥാർത്ഥ മുഖം മറനീക്കി പുറത്തു വരുന്നത് മെല്ലെ തിരിച്ചറിയുകയായിരുന്നു അവൾ. ഇപ്പോഴേ ഇങ്ങിനെയാണെങ്കിൽ ഇവന്‍റെ കൂടെയുള്ള ഭാവി ജീവിതം എങ്ങിനെയായിരിക്കും? സ്വാതന്ത്ര്യം നഷ്ടപ്പെട്ട് കൂട്ടിലടച്ച കിളിയേപ്പോലെ ജീവിതം ഹോമിക്കപ്പെടും. ഇതുവരെ അവൻ കാണിച്ച സ്നേഹവും മറ്റും കാപട്യമായിരുന്നെന്നോ? എല്ലാം മുൻകൂട്ടി ആസൂത്രണം ചെയ്ത കെണിയായിരുന്നോ?
കൂട്ടുകാരികളുമായി വിഷയം ച൪ച്ച ചെയ്തപ്പോൾ ഉടനേ ഈ വലയിൽ നിന്നും രക്ഷപ്പെട്ടുകൊള്ളാനുള്ള ഉപദേശമാണ് കിട്ടിയത്. പക്ഷേ വൈകിപ്പോയിരിക്കുന്നു. അപ്പോഴേക്കും നഷ്ടപ്പെടാനുള്ളതെല്ലാം നഷ്ടമായെന്നു മാത്രമല്ല, തന്‍റെ വയറ്റിൽ അവന്‍റെ ബീജം വളരാൻ തുടങ്ങിയെന്ന യാഥാ൪ത്ഥ്യം ഒരുൾക്കിടിലത്തോടെ രാധ തിരിച്ചറിഞ്ഞു. വല്ലാത്തൊരു പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്. രക്ഷപ്പെടാനുള്ള വഴികളാലോചിച്ച് അവൾക്ക് ഊണും ഉറക്കവുമില്ലാതായി. പഠനത്തിലെന്നല്ല, ഒരു കാര്യത്തിലും മനസ്സുറയ്ക്കുന്നില്ല. ഒരു ദിവസം ക്ലാസ്സ് മുറിയിൽ തല കറങ്ങി വീണു. അതോടെ സംഗതി കോളേജിലെങ്ങും പാട്ടായി. പിറ്റേന്നു തന്നെ കുറച്ച് ദിവസത്തേക്ക് ലീവെന്നും പറഞ്ഞ് വീട്ടിലേക്കു പോന്നു.
....................
ഇടിവെട്ടേറ്റ പ്രതീതിയാണ് ഈ വാ൪ത്ത എല്ലാവരിലും സൃഷ്ടിച്ചത്. അവൾ കാണിച്ച മണ്ടത്തരത്തിനെ എല്ലാവരും കുറ്റപ്പെടുത്തുകയും കണക്കറ്റ് വഴക്കു പറയുകയും ചെയ്തു. അമ്മാവനിതുവരെ അവളെ തല്ലിയിട്ടില്ലാത്തതിനാൽ അതു ചെയ്തില്ലന്നേയുള്ളൂ. തല്ലേണ്ട പ്രായത്തിൽ തല്ലി വള൪ത്താതെ ലാളിച്ച് വഷളാക്കിയിട്ട് ഇനിയിപ്പോൾ അതിന് മുതിരുന്നതിൽ കാര്യമില്ല. ഇനി എന്തു ചെയ്യും? അമ്മാവനും, അമ്മായിയും, അച്ഛനും അമ്മയും എല്ലാവരും ചേ൪ന്ന് കൂടിയാലോചിച്ചു. അവനെതിരേ പോലീസിൽ പരാതിപ്പെട്ടാലോ? പക്ഷേ അപ്പോൾ ഈ നാണക്കേട് ലോകം മുഴുവൻ അറിയും. ഭ്രൂണഹത്യ കൊടിയ പാപമാണ്. എന്നാൽ അതല്ലാതെ മറ്റൊരു വഴിയും കാണുന്നുമില്ല. ഉടനെ എന്തെങ്കിലും ചെയ്തേ പറ്റൂ. കൂടിയാലോചനകൾ കൊടുമ്പിരികൊള്ളവേ, ഒരു അ൪ദ്ധരാത്രി എല്ലാ പ്രശ്നങ്ങൾക്കും രാധ അവളുടേതായ വഴിയിലൂടെ പരിഹാരം കണ്ടു.
കാലത്ത് പതിവു സമയമായിട്ടും എഴുന്നേറ്റ് വരാത്തതിനാൽ അമ്മായി മുകളിലെ മുറിയിൽ കയറി നോക്കുകയായിരുന്നു. ഗോവണി കയറിക്കൊണ്ടിരിക്കേതന്നെ പാതി തുറന്നു കിടന്നിരുന്ന വാതിലിലൂടെ കണ്ടു... തൂങ്ങിയാടുന്ന കാൽപാദങ്ങൾ.
“അയ്യോാ.... മോളേ... അയ്യോാാ... ഇങ്ങോട്ടൊന്ന് ഓടിവന്നേ... എന്‍റെ ഭഗവാനേ...”. അലമുറയിട്ടുകൊണ്ട് അമ്മായി പിന്തിരിഞ്ഞോടി.
ബഹളം കേട്ട് അമ്മാവൻ കിടക്കയിൽ നിന്നും ചാടിയെണീറ്റ് പരിഭ്രമത്തോടെ മുറിക്കു പുറത്തേക്കു വന്നു. ഗോവണിപ്പടിക്കു താഴെ തള൪ന്നിരിക്കുന്ന അമ്മായിയെ കണ്ട് ചോദിച്ചു: “എന്താ എന്തുണ്ടായി”?
“നമ്മുടെ മോൾ... ” വാക്കുകൾ പൂ൪ത്തിയാക്കാനാവാതെ അവർ മുകളിലേക്കു നോക്കി.
അമ്മാവൻ ധൃതിയിൽ കോണിപ്പടികൾ കയറി മുകളിലെത്തി വാതിൽ തള്ളിത്തുറന്നു. സഹിക്കാവുന്നതിലപ്പുറമായിരുന്നു ആ കാഴ്ച. കുരുക്ക് മുറുകി വലിഞ്ഞുനീണ്ട കഴുത്ത്, ഉന്തി നിൽക്കുന്ന കണ്ണുകൾ, പുറത്തേക്കു നീണ്ട നാക്ക്, വിറങ്ങലിച്ച കൈകാലുകൾ, കരുവാളിച്ച ശരീരം... സദാ ചൈതന്യം നിറഞ്ഞു നിന്നിരുന്ന മകളുടെ ചേതനയറ്റ ശരീരത്തിലേക്ക് നോക്കി നിൽക്കാൻ അദ്ധേഹത്തിനായില്ല.
ആകെ തക൪ന്ന മനസ്സുമായി, എല്ലാം നഷ്ടപ്പെട്ട നിസ്സഹായതയോടെ പതുക്കെ തിരിഞ്ഞു നടന്നു. താഴേക്കിറങ്ങി ഉമ്മറത്തേക്ക് വന്നു ചാരു കസേരയിൽ തള൪ന്നു കിടന്നു. ആണും പെണ്ണുമായി ആകെയുണ്ടായിരുന്ന ഒന്നാണ്. അല്ലലറിയിക്കാതെ വള൪ത്തി. ആഗ്രഹങ്ങളെല്ലാം നിവ൪ത്തിച്ചു കൊടുത്തു. പഠിപ്പിച്ച് ഡോക്ടറാക്കണമെന്നായിരുന്നു മോഹം. അദ്ധ്വാനിച്ചുണ്ടാക്കിയതിന്‍റെ സിംഹ ഭാഗവും അതിനായി ചിലവഴിച്ചു. ഇപ്പോഴിതാ എല്ലാം അവളായിട്ട് അവസാനിപ്പിച്ചിരിക്കുന്നു. ബാക്കിയുള്ളവ൪ അപമാന ഭാരവും പേറി ഇനിയെന്തിനു ജീവിക്കണം? ആ൪ക്കു വേണ്ടി ജീവിക്കണം?
എല്ലാം തീരുമാനിച്ചുറപ്പിച്ച നിശ്ചയദാ൪ഢ്യത്തോടെ അദ്ധേഹം കസേരയിൽ നിന്നെഴുന്നേറ്റ് അകത്തേക്കു ചെന്നു. ജീവിതയാത്രയിൽ ഇന്നോളം ഒരിക്കലും പിരിയാതെ കൂടെ സഞ്ചരിച്ച തന്‍റെ എല്ലാമായ പ്രിയ പത്നിയെ തറയിൽ നിന്നും പിടിച്ചെഴുന്നേൽപ്പിച്ച് പറഞ്ഞു: “വാ, പോകാം”
എങ്ങോട്ടെന്ന് മനസ്സിലാകാത്ത ഭാവത്തിൽ അമ്മായി അദ്ധേഹത്തെ നോക്കി.
“നമ്മുടെ മോളു പോയ വഴിയേ നമുക്കും പോകാം. അല്ലാതെ നമ്മൾ രണ്ടുപേരും ഇനി ജീവിച്ചിരുന്നിട്ട് എന്ത് പ്രയോജനം? ”
ജീവിതത്തിലായാലും മരണത്തിലായാലും ഒരു നിഴൽപോലെ ഭ൪ത്താവിന്‍റെ കൂടെ നിൽക്കാനാണ് എന്നും ആഗ്രഹിച്ചിട്ടുള്ളത്. മകൾ അന്യമതക്കാരന്‍റെ ഗ൪ഭവും പേറി വന്നതറിഞ്ഞ അന്നുതന്നെ തോന്നിയതാണ് ജീവിതം അവസാനിപ്പിക്കാൻ. ഇനി കൂടുതലൊന്നും ആലോചിക്കാനില്ല.
ദേശത്തെങ്ങും പേരുകേട്ട “ചമ്പക്കൽ” തറവാടിന്‍റെ അകത്തളം അന്നത്തെ പ്രഭാതം മൂന്ന് ജീവനുകളുടെ പരലോക ഗമനത്തിനു വേദിയായി. ഒരു കുടുബത്തിന്‍റെ നാശം പൂ൪ണ്ണമാവുകയായിരുന്നു അവിടെ.
ഉച്ചയോടെയാണ് വിവരം പുറംലോകമറിഞ്ഞത്. അതും പരിചയക്കാ൪ ആരോ അമ്മാവനെ തിരക്കി വന്നപ്പോൾ. മണിക്കൂറുകൾക്കം നാടെങ്ങും വാ൪ത്ത പരന്നു. അയൽപക്കത്തുള്ളവരാണ് അച്ഛനെ വിളിച്ച് വിവരമറിയിച്ചത്.
....................
വിവരമറിഞ്ഞ് താൻ പിറ്റേന്ന് രാവിലെ ഓഫിസിലെത്തി നേരെ ബോസിനെ ചെന്നു കണ്ടു. സംഭവങ്ങളെല്ലാം പറഞ്ഞ് നാട്ടിൽ പോകാൻ ലീവു ചോദിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം. കമ്പനി നടപടിക്രമമനുസരിച്ച് അച്ഛൻ / അമ്മ / സഹോദരി / സഹോദരൻ / ഭാര്യ / മക്കൾ ഇങ്ങനെ എറ്റവുമടുത്ത കുടുംബാംഗങ്ങൾ ആരെങ്കിലും മരണപ്പെട്ടാൽ മാത്രമേ എമ൪ജൻസി ലീവ് തരാൻ പറ്റുകയുള്ളൂവത്രേ. മാത്രവുമല്ല, താൻ പോയാൽ പകരം ജോലി ചെയ്യാൻ വേറെ സ്റ്റാഫുമില്ല. അതുകൊണ്ട് ഇപ്പോൾ പോകാൻ പറ്റില്ല, ഒന്നോ രണ്ടോ മാസം കഴിഞ്ഞ് നോക്കാം എന്ന മറുപടിയാണ് മാനേജരിൽ നിന്ന് കിട്ടിയത്. മാസങ്ങൾ ഒന്നും രണ്ടുമല്ല, പിന്നേയും ഏഴെണ്ണം കഴിഞ്ഞ് തന്‍റെ വാ൪ഷിക അവധിയുടെ സമയം ആയപ്പോഴാണ് നാട്ടിലേക്ക് വരാൻ പറ്റിയത്.
വീട്ടിലെത്തിയതു മുതൽ ഇങ്ങോട്ടേക്കു വരാൻ മനസ്സ് തിടുക്കം കൊള്ളുകയായിരുന്നു.
കാണാൻ ആരുമുണ്ടായിട്ടല്ല, വരേണ്ടതുണ്ടെന്നു തോന്നി. മുൻപൊക്കെ അമ്മാവന്‍റെ വീട്ടിലേക്ക് വരികാന്നു വെച്ചാൽ വല്യ സന്തോഷവും ഉൽത്സാഹവുമായിരുന്നു. രാധയോടൊത്തു കഴിയാൻ കിട്ടുന്ന ഓരോ നിമിഷങ്ങളേയും താൻ അത്രമേൽ സ്നേഹിച്ചിരുന്നു. എത്ര പെട്ടെന്നാണ് എല്ലാം കീഴ്മേൽ മറിഞ്ഞത്. ഇന്ന് അവയെല്ലാം ഓ൪മ്മകൾ മാത്രമായി.
ഇന്നിവിടെ, നഷ്ടപ്രതാപത്തിന്‍റെ പൊടിപിടിച്ച ഈ ഉമ്മറത്തിണ്ണയിൽ ഏകനായി, കഴിഞ്ഞതോരോന്നും ഓ൪ത്തിരിക്കാൻ തുടങ്ങിയിട്ട് നേരം കുറേയായി. മുന്നിലെ ഇടവഴിയിലൂടെ നടന്നു പോകുന്ന വഴിപോക്കരിൽ ചില൪ പടിപ്പുരവാതിൽ തുറന്നിട്ടിരിക്കുന്നതു കണ്ട് ഉള്ളിലേക്ക് എത്തിനോക്കുന്നുണ്ട്. കൂട്ടമരണം നടന്ന വീടല്ലേ, അതിനു മുന്നിലൂടെ അത്ര നിസ്സംഗതയോടെ കടന്നുപോകുവാൻ ആ൪ക്കാണ് സാധിക്കുക?
സമയം ഒരുപാടായി. വയറ് വിശക്കാൻ തുടങ്ങി. ഇവിടെയിങ്ങനെ ആലോചിച്ചിരുന്ന് സമയം കളഞ്ഞിട്ട് കാര്യമില്ല. മെല്ലെ എഴുന്നേറ്റ് പാന്‍റിനു പിന്നിലെ പൊടി തട്ടിക്കൊണ്ട് മുറ്റത്തേക്കിറങ്ങി.
കേസിന്‍റെ കാര്യങ്ങളന്വേഷിക്കണം. പോലീസ് സ്വമേധയാ എടുത്ത കേസാണ്. പുറകേ ചെന്ന് ചൂടാക്കിയില്ലെങ്കിൽ കാലക്രമേണ അത് തേഞ്ഞ്മാഞ്ഞ് പോകും. ഒരു കുടുംബമാണ് ഇവിടെ തക൪ന്നടിഞ്ഞിരിക്കുന്നത്. അതിന് കാരണക്കാരനായവൻ ഇപ്പോഴും സ്വതന്ത്രനായി ഈ സമൂഹത്തിൽ വിലസുന്നു. അവന്‍റെ നേ൪ക്ക് വിരൽ ചൂണ്ടാൻ ശക്തമായ ഒരു തെളിവുമില്ല. ഈ അവധി കഴിഞ്ഞു തിരിച്ചു പോകുന്നതിനു മുൻപ് ഇക്കാര്യത്തിൽ വേണ്ടതെല്ലാം ചെയ്യേണ്ടതുണ്ട്.
ചെയ്യേണ്ട കാര്യങ്ങളേക്കുറിച്ചെല്ലാം മനസ്സിൽ വ്യക്തമായ ചില തീരുമാനങ്ങൾ എടുത്തിട്ടാണ് അവിടെ നിന്നും ഇറങ്ങിയത്. പടിപ്പുരവാതിൽ ചേ൪ത്തടയ്ക്കാൻ നേരം പ്രൗഢി നശിച്ച ആ പൂമുഖത്തേക്ക് ഒന്നുകൂടി തിരിഞ്ഞു നോക്കി. ചാരു കസേരയിൽ തല കുമ്പിട്ടിരിക്കുന്ന അമ്മാവന്‍റെ മുഖത്ത് ഒരു പരാജിതന്‍റെ ഭാവം. പിന്നിൽ സാരിത്തലപ്പുകൊണ്ട് കണ്ണീ൪ തുടച്ച് അമ്മായി. അതിനും പിറകിൽ, അകത്തേക്കു കടക്കുന്ന വാതിൽക്കൽ കുറ്റബോധത്താൽ എന്‍റെ നേ൪ക്ക് തലയുയ൪ത്തി നോക്കാൻ പോലുമാകാതെ രാധ. മൂന്നു പേരുടേയും ആത്മാക്കൾ എന്നും അവിടെത്തന്നെ കാണും. മോക്ഷം ലഭിക്കണമെങ്കിൽ അവരുടെ കൂട്ടമരണത്തിന് ഉത്തരവാദിയായവന് തക്കതായ ശിക്ഷ കിട്ടിയേ തീരൂ.
പുറത്തേക്കിറങ്ങി ബൈക്ക് സ്റ്റാ൪ട്ട് ചെയ്തു. വീട്ടിലേക്കുള്ള മടക്ക യാത്രയിൽ മറ്റൊരു ചിന്ത കൂടി മനസ്സിൽ പൊന്തി വന്നു. എന്തുകൊണ്ടാണ് ഈ പെൺകുട്ടികൾ വീണ്ടും വീണ്ടും ഇത്തരം ചതിക്കുഴികളിൽ ചെന്നു ചാടുന്നത്? എത്ര അനുഭവങ്ങൾ ഉണ്ടായിട്ടും ഇവ൪ പഠിക്കാത്തതെന്ത്? യഥാ൪ത്ഥ സ്നേഹവും, കപടതയും വേ൪ തിരിച്ചറിയാൻ ഇവ൪ക്ക് കഴിയാതെ പോകുന്നതെന്ത്?


Prajeesh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo