സ്വർണ്ണ പാദസരം
****************
ടീ, നീ ഇപ്പൊ എവിടാ..
****************
ടീ, നീ ഇപ്പൊ എവിടാ..
മുഖചിത്രത്തിന്റെ ചാറ്റ് ബോക്സിൽ ഇങ്ങനെ കുറിച്ചിട്ടു, കാത്തിരുന്നു അവളുടെ മറുപടിക്കായി. ഒന്നും മിണ്ടുന്നില്ല. ആക്റ്റീവ് 10 മിനിറ്റ്സ് എഗോ.
അവളെ ആദ്യമായി കണ്ടത് ഓർത്തു പോയി. പ്രീ ഡിഗ്രിയുടെ വർണ്ണസ്വപ്നങ്ങൾ കാറ്റിൽ പറത്തി യൂണിഫോമിന്റെ മേലാപ്പണിഞ്ഞ് പ്ലസ് റ്റു അരങ്ങിലെത്തിയ കാലം. അന്ന് ഗവൺമന്റ് സ്കൂളിൽ കിട്ടാനായിരുന്നു ബുദ്ധിമുട്ട്. തരക്കേടില്ലാത്ത മാർക്കുണ്ടായതു കൊണ്ട് നല്ലൊരു സ്ക്കൂളിൽ തന്നെ അഡ്മിഷൻ കിട്ടി. പെൺകുട്ടികൾ മാത്രമുള്ള സ്ക്കൂളായിരുന്നെങ്കിലും ആകെ ഒരു അങ്കലാപ്പായിരുന്നു. ഇതു വരെ പഠിച്ച കോൺവെൻറ് സ്ക്കൂളിൽ നിന്നും തീർത്തും വ്യത്യസ്തമായ അന്തരീക്ഷം.
ടെറസ്സ് കെട്ടിടമെങ്കിലും മുകളിൽ ഓല മേഞ്ഞ ക്ലാസ്സുകളിലായിരുന്നു സയൻസ് വിഭാഗം. എന്റെ സ്കൂളിലെ കുട്ടികളെല്ലാം ബി ഡിവിഷൻ. ഞാൻ മാത്രം എ ഡിവിഷൻ. പൊതുവേ അധികം സംസാരിക്കാത്ത കുട്ടിയായിരുന്നു ഞാൻ. ബഞ്ചിൽ കൂടെയുണ്ടായിരുന്നവരെ പരിചയപ്പെട്ടു. ചലപില സംസാരം സിമി, ഗ്രാമീണ സുന്ദരി ലത പിന്നെ അവളും. ഞങ്ങൾ ഒരേ ബഞ്ചിലെ അന്തേവാസികളായി.
ആദ്യം ക്ലാസ്സിലേക്ക് വന്നപ്പോഴേ ഞാനവളെ ശ്രദ്ധിച്ചിരുന്നു. അവൾക്ക് സ്വർണ്ണ നിറമായിരുന്നു. ചുരുണ്ട മുടി നിതംബം കഴിഞ്ഞു കിടന്നു. എണ്ണമയമുള്ളതെങ്കിലും ചെറുതായി ചെമ്പിച്ച മുടി. കുളിപ്പിന്നൽ കെട്ടി അതിലൊരു തുളസി കതിർ. മുടിയിഴകളിൽ നിന്ന് വെള്ളത്തുള്ളികൾ വീണു കൊണ്ടിരുന്നു. നെറ്റിയിൽ പൊട്ടില്ല ഒരു ചന്ദനക്കുറി മാത്രം. കാലിൽ 'സ്വർണ്ണപാദസരം'. അവളെ ഈ വിശേഷണങ്ങളോടെയല്ലാതെ ഞാൻ കണ്ടിട്ടില്ല. എനിക്കവളെ കാണുമ്പോഴൊക്കെ ഒരു സ്വർണ്ണ വെളിച്ചം അവളുടെ ചുറ്റും തോന്നാറുണ്ട്. ഓലക്കീറിനിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശം അവൾക്ക് ചുറ്റും മാത്രം ഒരു കവചം തീർക്കും പോലെ.
പെട്ടെന്ന് ഞങ്ങൾ നാലാളും വലിയ കൂട്ടായി. തീരെ സംസാരിക്കാത്ത കുട്ടി മിക്ക ദിവസവും സംസാരത്തിന് ശിക്ഷ ഏറ്റു വാങ്ങാൻ തുടങ്ങി. ഞങ്ങൾ ഒപ്പിക്കാത്ത കുരുത്തകേടുകൾ ഇല്ല. ക്ലാസ്സു നടക്കുമ്പോൾ വനിത ബഞ്ചിനടിയിൽ വച്ച് വായിക്കുക , ക്ലാസ്സില്ലാത്ത അവർ സംസ്കൃത സാറിനേയും (ലതയ്ക്കു വേണ്ടി ) കമ്പ്യൂട്ടർ സാറിനേയും (എനിക്കു വേണ്ടി... ഹി ഹി ഈ പാവം എന്ന് ആദ്യം ചേർക്കണെ) വായിനോക്കാൻ വെറുതെ ആ ക്ലാസ്സുകളുടെ മുന്നിലൂടെ നടക്കുക, ഉച്ചയക്ക് ക്ലാസ്സ് വിടും മുമ്പേ അവസാന ബഞ്ചിലിരുന്ന് വേറെ വല്ലവരുടേയും ചോറ് പാത്രം കട്ടു തിന്നുക.. അങ്ങനെ രസകരമായ എന്തെല്ലാം...പേടി കൂട്ടിനുണ്ടെങ്കിലും എല്ലാത്തിനും കൂടെ കൂടി. അമ്മ അദ്ധ്യാപികയായിരുന്ന സ്കൂളിൽ നിന്നും സ്വാതന്ത്ര്യത്തിന്റെ പുതിയ മാനമായിരുന്നു ഈ സ്കൂളെനിക്ക്.
സ്കൂൾ യൂത്ത് ഫസ്റ്റിവൽ വന്നപ്പോൾ ക്ലാസ്സു കട്ടു ചെയ്യാൻ പുതിയ ഒരു അവസരം ആയി. മൂന്നാളും നർത്തകർ. എനിക്കാണേൽ ഇത്തിരിയെങ്കിലും അറിയാവുന്നത് പാട്ടാണ്. തിരുവാതിരയ്ക്കു ചേരാമെന്ന് ധാരണയായി. പണ്ട് ഏഴാം ക്ലാസ്സിൽ തിരുവാതിര കളിച്ചിട്ട്, ഇനി മേലാൽ ഈ പരിസരത്ത് കാണരുതെന്ന് പറഞ്ഞ് നൃത്ത അദ്ധ്യാപിക ഓടിച്ചതാണ്. അന്ന് ചിലങ്ക അഴിച്ചു വച്ചതാ, ഗുരു നിന്ദ പറ്റില്ലെന്ന് ഞാൻ. ആ തിരുവാതിരയ്ക്കു ഒരുങ്ങി നിൽക്കുന്ന എന്റെ ഫോട്ടോ കിട്ടിയപ്പൊ എന്റെ പെറ്റമ്മ പോലും സഹിച്ചില്ല. ആരോ വീട്ടിൽ വന്നപ്പോൾ ആ ഫോട്ടോ കണ്ട് ഇതേ തു നൃത്തം എന്ന് ചോദിച്ചതും ആരും കാണാതെ അത് കീറി കളഞ്ഞതുമെല്ലാം മിന്നായം പോലെ മുന്നിലൂടെ പാഞ്ഞു പോയി. ഒടുവിൽ തിരുവാതിര പാട്ട് പാടാമെന്നായി. ഞങ്ങൾക്ക് ഒന്നാം സമ്മാനം . പിന്നീട് സബ് ഡിസ്ട്രിക്റ്റ് ലവലിലും മൽസരിച്ചു. അതിന്റെയൊക്കെ പ്രാക്ടീസ് ക്ലാസ്സുകൾ, പിന്നെ പുറത്ത് സംഘഗാന മത്സരത്തിനു പോയത്, ഗാന്ധി ജയന്തിയ്ക്ക് വൃത്തിയാക്കലും പായസം ഉണ്ടാക്കലുമെല്ലാം അങ്ങ് ദൂരെ ഒരു നല്ല സ്വപ്നം പോലെ.
എല്ലാത്തിനും അവളും കൂടുണ്ടെങ്കിലും ഞാനെന്നും അവളിൽ നിന്നും ബഹുമാനത്തോടുള്ള ഒരു അകലം പാലിച്ചു . ഒരു പക്ഷെ ജന്മനാ ഉള്ള എന്റെ അപകർഷതാ ബോധമാവാം. ഒരു പക്ഷെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ലതയ്ക്ക് അവളെ കൂടുതൽ പ്രിയമായതിലുള്ള അസൂയ ആവാം. എല്ലാ അദ്ധ്യാപകരും പറയും അവളെ കണ്ടു പഠിക്കാൻ. ഒരു മാതൃകാ വിദ്യാർത്ഥിനിയായിരുന്നു അവൾ.
എന്റെ വിദ്യാർത്ഥി ജീവിതത്തിൽ ഞാനിത്രയം ആസ്വദിച്ച ദിനങ്ങൾ അതിനു മുന്നേയും പിന്നേയുമുണ്ടായിട്ടില്ല. മൊബൈൽ ഫോണൊന്നും അത്ര സാധാരണമാകാത്ത കാലത്തായതു കൊണ്ട് നമ്പറുകൾ കൈമാറാൻ പറ്റിയില്ല. ഓട്ടോഗ്രാഫു (പഴയ ഡയറി ) ബുക്ക് പഴയ ബുക്കുകളുടെ ഇടയിൽ ഇടം നേടി. തരികിടകൾക്കിടയിലും തരക്കേടില്ലാതെ പഠിച്ചിരുന്നത് കൊണ്ട് സിമി ഡോക്ടർ ആയി ഞാൻ എൻജിനിയറും, ലത അക്കൗണ്ടൻറ്.. അവൾ അദ്ധ്യാപിക. ഇതെല്ലാം ആരൊക്കെയോ പറഞ്ഞറിഞ്ഞതാണ്.
അധികം താമസിയാതെ ലതയുടെ കല്ല്യാണമുണ്ടായി, എന്റെ കല്ല്യാണ നിശ്ചയവും. യാദൃശ്ചികമായി വീടിനടുത്തു വച്ച് അവളെ കണ്ടു മുട്ടി. ടൂ വീലർ ഓടിച്ചു വന്ന അവൾ എന്നെ കണ്ട് വണ്ടി നിറുത്തുകയായിരുന്നു. അവളെ കല്ല്യാണം ക്ഷണിച്ചു. അന്നും അവൾ പണ്ടത്തെ പോലെ സുന്ദരിയായിരുന്നു. വേഷം സാരിയായിരുന്നെന്ന് മാത്രം. പക്വത അവളുടെ നിഷ്കളങ്കത നിറഞ്ഞ ചിരിക്കു കോട്ടം തട്ടിച്ചോ എന്നെനിക്കു തോന്നി. അവളുടെ സൗന്ദര്യത്തെ പുകഴ്ത്തി പുറകെ നടന്ന കാമുകന്മാരുടെ കഥ എന്തായി എന്ന് ചോദിക്കണമെന്നുണ്ടായെങ്കിലും പണ്ട് നില നിർത്തിയ ദൂരം ഇപ്പോഴും തടസ്സം സൃഷ്ടിച്ചു. ലത ഉണ്ടായിരുന്നെങ്കിൽ ചോദിക്കാമായിരുന്നു. എന്റെ കണ്ണുകൾ അവളുടെ പാദങ്ങളിലേക്ക് നീങ്ങി. സ്വർണ്ണ പാദസരം അതു അവിടെ തന്നെ ഉണ്ടായിരുന്നു. അതിനിത്ര ഭംഗി വേറൊരു പാദങ്ങളിലും ഞാൻ കണ്ടിട്ടില്ല. തീർച്ചയായും എത്തുമെന്ന് പറഞ്ഞ് അവൾ പോകുന്നത് ഞാൻ നോക്കി നിന്നു. ലതയേയും സിമിയേയും വിളിക്കാൻ മാർഗ്ഗമുണ്ടായില്ല.
കല്ലാണത്തിനവൾ വന്നു. ഒരു റോസ് നിറമുള്ള സാരിയുടുത്ത് പതിവിലും സുന്ദരിയായി. അമ്മയേയും കൂട്ടി വരാൻ പറഞ്ഞിട്ടും ഒറ്റയ്ക്കാണ് വന്നത്. അവൾ വല്ലാതെ ഒറ്റപ്പെട്ടിരിക്കുമ്പോലെ എന്തോ എനിക്ക് തോന്നിയന്ന്. ധൃതിയിൽ നമ്പർ വാങ്ങാനോ നേരെ സംസാരിക്കാനോ പറ്റിയില്ല. വർഷങ്ങൾ കഴിഞ്ഞാണ് എഫ് ബി യിൽ അവളെ കണ്ടത്. ഫ്രണ്ട് റിക്വസ്റ്റ് അക്സപ്റ്റ് ചെയ്തെങ്കിലും ഒന്നും മിണ്ടിയിരുന്നില്ല.
ഇന്ന് കല്ല്യാണ ആൽബം വെറുതെ തിരിച്ചു നോക്കുമ്പോഴാണ് അവളെ കുറിച്ചോർത്തത്. രാത്രി പന്ത്രണ്ടാകാറായിരുന്നു. ലാപ് അടച്ചു വച്ച് കിടന്നു. രണ്ടു ദിവസത്തിനിപ്പറമുള്ള പ്രഭാതം. അന്നും പത്രത്തിൽ നോക്കിയുള്ള അമ്മായിയമ്മയുടെ സഹതാപത്തോടുള്ള പറച്ചിൽ കേട്ടാണ് എണീറ്റത്. എന്നും കാണുമല്ലോ ഓരോ വാർത്തകൾ. പത്രം വായിക്കുന്നതേ നിറുത്തി.
നോക്കു മോളെ. എന്തു നല്ല കുട്ടി, കാണാനില്ല. ട്രയിനിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തെന്ന് പോലീസ് കരുതുന്നെന്ന് . സാധാരണ നോക്കാത്തതാണ്. ഇന്നൊന്നു എത്തി നോക്കി. അത് അവളായിരുന്നു. രണ്ടു ദിവസം മുന്നേ കാണാതായെന്ന്, ട്രയിൻ യാത്രയ്ക്കിടയിൽ. യാത്രക്കിടയിലുള്ള ജലാശയങ്ങളിൽ തിരച്ചിൽ ഊർജിതമാക്കിയെന്ന്. ഹൃദയം നുറുങ്ങുന്ന വേദന.
കരച്ചിലടക്കി കൊണ്ട് റ്റി.വി. ഓൺ ചെയ്തു. റ്റി.വി. വച്ചതും കണ്ടത് അവളുടെ ശരീരം വെള്ളത്തിൽ നിന്ന് കോരിയെടുക്കുന്നതാണ്. മുഖം മറച്ചാണ് കാണിച്ചതെങ്കിലും നിശ്ചലമായ ആ പാദങ്ങളിലേക്ക് എന്റെ നോട്ടം പോയി. അതവൾ ആയിരിക്കല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് നോക്കിയപ്പോൾ കണ്ടത് ആ വെളുത്ത പാദങ്ങളിൽ പറ്റി കിടക്കുന്ന സ്വർണ്ണ പാദസരങ്ങളായിരുന്നു.
ഡിപ്രഷനായിരുന്നു എന്നും പ്രണയ നൈരാശ്യമായിരുന്നെന്നും മറ്റു പല കഥകളും കേൾക്കുന്നു. പെൺകുട്ടിയല്ലേ ഇനി ഇല്ലാത്ത കഥകളൊക്കെ കേൾക്കും. അമ്മ എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു. പക്ഷെ എന്റെ മനസ്സിൽ ആ സ്വർണ്ണ പാദസരം മാത്രമേയുണ്ടായുള്ളൂ.
മരവിച്ച മനസ്സുമായി അങ്ങനെ കുറച്ചു നേരമിരുന്നു പോയി. അന്ന് അതേ ദിവസം അതേ സമയമാണ് ഞാൻ മെസ്സേജയച്ചത്. വേഗം പോയി ലാപ് തുറന്നു നോക്കി. എന്തേലും മറുപടിയുണ്ടോ എന്ന്. വെറുതെ, ഇന്നും നോക്കാറുണ്ട് മറുപടിയുണ്ടോയെന്ന്. ഒരു പക്ഷെ എന്റെ മെസ്സേജ് ഒരു ദിവസം മുന്നേ എത്തിയിരുന്നെങ്കിൽ, എന്നോടവൾടെ വിഷമങ്ങൾ പങ്കു വയ്ക്കാൻ അവൾക്ക് കഴിഞ്ഞിരുന്നെങ്കിൽ..
ഇന്ദു പ്രവീൺ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക