Slider

#37പാരലൽനോർത്ത് Part 4

1
#37പാരലൽനോർത്ത് Part 4
കഥ ഇതുവരെ
പ്രമുഖ യു എഫ് ഓ ഗവേഷകനായ ചക്ക് സുക്കോവ്സ്കിയെ തിരഞ്ഞ് യൂട്ടായിലെത്തിയതാണ്‌ കഥാകൃത്ത് അലെക്സും സുഹൃത്ത് ഷെറിനും. വഴിയിൽ വെച്ച് അവർ ഹെലൻ എന്നൊരു പെൺകുട്ടിയെ പരിചയപ്പെടുന്നു. തുടർന്നുള്ള യാത്രയിൽ
ഒരു കറുത്ത കാറിലെത്തിയ സംഘം അവരെ ചോദ്യം ചെയ്യുന്നു. ഹെലൻ അവരെ തന്റെ കുടുംബത്തെ പരിചയപ്പെടുത്തുന്നു. അന്ന് അവർ അവിടെ തങ്ങാം എന്നു തീരുമാനിക്കുന്നു. രാത്രി ഒരു ടെന്റിൽ കിടന്നുറങ്ങിയ ഷെറിനെ പിറ്റേന്നു രാവിലെ മുതൽ കാണാതാകുന്നു. ഫോണും മറ്റു വാർത്താ വിനിമയമാർഗ്ഗങ്ങളും നിലച്ചിരിക്കുകയാണ്‌.
അപ്പോൾ അവർ തേടി വന്ന മി. ചക്ക് സുക്കോവ്സ്കി അവിടെയെത്തുന്നു.
തുടർന്നു വായിക്കുക.
ഇതിനു മുൻപത്തെ ഭാഗത്തിനായി ലിങ്ക് അമർത്തി സഹകരിക്കുക.
https://www.facebook.com/groups/nallezhuth/permalink/1652367971512350/
ചക്ക് സുക്കോവ്സ്കി വന്നതിനു ശേഷമുള്ള ഭാഗങ്ങൾ ... കഥ തുടരുന്നു .
ഞാൻ പതിയെ നടന്നടുത്തപ്പോളേക്കും, ജെയ്ക്കബ് ചക്കിനെ വട്ടമിട്ടു പിടിച്ചു കഴിഞ്ഞു .നമ്മുടെ ടെന്റിനെ ചൂണ്ടിക്കൊണ്ടാണു സംസാരം . ഞാനവിടെ എത്തിയപ്പോളേക്കും, അദ്ദേഹത്തിന്റെ കുടുംബവും വെളിയിലിറങ്ങിക്കഴിഞ്ഞു.
“ദാ ഇതാണ് അലക്സ് . ഞാനിന്നലെ വിളിച്ചപ്പോൾ പറഞ്ഞ കഥാപാത്രം . ” മെയ്സൽ പരിചയപ്പെടുത്തി.
“ഹായ് മാൻ! ” ചക്ക് എന്റെ കൈ പിടിച്ച് കുലുക്കി. നല്ല ബലിഷ്ഠമായ ഒരു ഹാൻഡ് ഷെയ്ക്ക് . ആ ഒരൊറ്റ നിമിഷത്തിൽ എനിക്ക് അയാളുടെ വ്യക്തിത്തത്തെക്കുറിച്ചൊരു ധാരണയായി.
“ അലെക്സ് ആണോ ഇന്നലെ റേഡിയോയിൽ ... ”
“അല്ലല്ല... അതെന്റെ സുഹൃത്ത് ഷെറിൻ.”
“ഓ... ഓക്കേ. ഷെറിനെവിടെ ? ക്ഷമിക്കണം, എനിക്കൊന്നും ശരിക്ക് മനസ്സിലായില്ല ഇതുവരെ.ഈ മനുഷ്യൻ (ജെയ്ക്കബിനെ ചൂണ്ടി) ചുമ്മാ എന്തൊക്കെയോ പിച്ചും പേയും പറയുന്നു. ആദ്യം മുതൽ സമാധാനമായി പറയൂ. ”
“അപ്പൊ അതല്ലേ ചക്ക് ഞാൻ പറഞ്ഞത്, ഷെറിനെ കൊണ്ടു പോയി.” ജെയ്ക്കബ് ഇടക്കു കയറി.
“ജെയ്ക്കബ്... ഒരു മിനിറ്റ്. അലെക്സ് സംസാരിക്കട്ടെ. എല്ലാരും കൂടി ഇങ്ങനെ ബഹളം വെച്ചാൽ ആകെ കൺഫ്യൂഷനാകും. നമുക്കെല്ലാത്തിനും ഒരു പരിഹാരമുണ്ടാക്കാം. സമാധാനപ്പെടൂ .”
അങ്ങനെ ഞങ്ങൾ ടെന്റിന്റെ സമീപത്തേക്കു നടന്നു. അവിടെ പുല്ലിലിരുന്ന് ഞാൻ പതിയെ ഈ കഥയുടെ ആദ്യത്തെ മൂന്നു ഭാഗങ്ങളും വിശദീകരിച്ചു. വളരെ ക്ഷമയോടെ ഇടക്ക് ഒന്നും ചോദിക്കാതെ അദ്ദേഹം എല്ലാം ഇരുന്നു കേട്ടു.
ഞാൻ പറഞ്ഞു കഴിഞ്ഞതും, അദ്ദേഹം പതിയെ എഴുന്നേറ്റ് ആ ടെന്റിനടുത്തേക്കു ചെന്നു.
“അലെക്സ്, എന്തെങ്കിലും പറയാൻ വിട്ടു പോയിട്ടുണ്ടോ ? നിങ്ങൾക്ക് ആരെങ്കിലും ശത്രുക്കളോ അങ്ങനെ എന്തെങ്കിലും ?”
“ഇല്ല സർ ! ഞങ്ങൾ രണ്ട് സ്റ്റുപ്പിഡ്സ്. വെറുതേ അങ്ങനെയിരുന്നപ്പോ ഒരു പൊട്ടത്തരം കാണിച്ചു. അത്ര തന്നെ. മദ്യ ലഹരിയിലെടുത്ത ഒരു മണ്ടൻ തീരുമാനം. പക്ഷെ, താങ്കളെ പരിചയപ്പെടണമെന്നും ഈ യൂ എഫ് ഓ പ്രതിഭാസത്തെക്കുറിച്ച് ശരിക്കും മനസ്സിലാക്കണമെന്നും നന്നായി ആഗ്രഹിച്ചിരുന്നു എന്നത് സത്യം. പക്ഷേ ഇതിങ്ങനെ ഒക്കെ ആയിത്തീരുമെന്ന് കരുതിയില്ല .”
“ഓക്കേ... ” ചക്ക് ടെന്റിലെ ആ ദ്വാരം പരിശോധിക്കുകയായിരുന്നു.അത് കഴിഞ്ഞ് ചുറ്റും ഒരു വട്ടം നടന്നു അദ്ദേഹം . “ഇതു കണ്ടോ ? ഒരു കാലടയാളം പോലുമില്ല ഇവിടെയെങ്ങും. ആരു ചെയ്തതാണെങ്കിലും, വളരെ വിദഗ്ധമായിട്ടാണ് ചെയ്തത്.അതാണെനിക്ക് പേടി. ”
“സോ, താങ്കളും ചിന്തിക്കുന്നത് യൂ എഫ് ഓ അബ്ഡക്ഷൻ തന്നെയാണെന്നാണോ ?” എനിക്ക് ഒരല്പ്പം നിരാശ തോന്നി.
“സീ അലെക്സ്, എന്റെ ജീവിതം തന്നെ ഞാൻ ഈ പ്രതിഭാസം അന്വേഷിക്കാനായി മാറ്റിവെച്ചിരിക്കുകയാണ്. എന്റെ കുടുംബം പോലും കരുതിയിരിക്കുന്നത് എനിക്കു ഭ്രാന്താണെന്നാണ്.തീർച്ചയായും തന്നെ സഹായിക്കണമെനിക്കാഗ്രഹമുണ്ട് .പക്ഷേ ഞാൻ പറയുന്ന കാര്യങ്ങൾ വിശ്വസിച്ച് എന്റെ കൂടെ നിക്കണം. അതിനു തയ്യാറാണെങ്കിൽ മാത്രം നമുക്ക് തുടങ്ങാം.”
“തീർച്ചയായിട്ടും മി. ചക്ക്. എത്രയും വേഗം അവനെ കണ്ടെത്തി എനിക്കീ നരകത്തിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതി.”
“വരൂ, ഞാൻ എന്റെ കഥ പറഞ്ഞു തരാം. എന്റെ ആർവീക്കുള്ളിൽ ഇതിനായി ഞാൻ ഒരു മുറി മാറ്റിവെച്ചിട്ടുണ്ട്. എല്ലാ ഇൻഫൊർമേഷനും അവിടെയുണ്ട്. ആദ്യം ഇവിടെ എന്താ നടക്കുന്നതെന്ന് അലക്സ് മനസ്സിലാക്കണം . അല്ലാതെ മുൻപോട്ടു പോയാൽ ശരിയാവില്ല .”
ഞങ്ങൾ നടന്നു. എല്ലാവരും എന്നെ സഹതാപത്തോടെ നോക്കുന്നു.
ഷെറിനെ ഇനി തിരിച്ചു കിട്ടില്ലേ ?? എനിക്കാകെ ഭയമാകുന്നു.
ഞങ്ങൾ അകത്തേക്കു കയറിയതും ചക്ക് വാതിൽ ലോക്ക് ചെയ്തു.
അതിനകം ഒന്നു കാണേണ്ടതു തന്നെയായിരുന്നു. ശരിക്കും ഒരു ഹോളീവുഡ് സിനിമയിലെ സീൻ. ഭിത്തികൾ നിറയെ മാപ്പുകളും ഫോട്ടോകളും. മേശപ്പുറത്ത് റേഡിയോ ട്രാൻസ്മിറ്റർ സെറ്റ്. മറ്റു ആർവീ കളെപ്പോലെയല്ല, ഉള്ളിൽ തീരെ സ്ഥലമില്ല .നടുവിൽ ഇടുങ്ങിയ ഒരു കോറിഡോറും ഇരു വശത്തുമായി മുറികളും.ഏറ്റവും പുറകിലാണ് കിച്ചൻ എന്നു തോന്നുന്നു.
അദ്ദേഹം എന്നെ ഇടതു വശത്തെ രണ്ടാമത്തെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി.
ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ. ഭിത്തികൾ വീണ്ടും മാപ്പുകളാൽ അലങ്കരിച്ചിരിക്കുന്നു. മേശയും കസേരയും ഒരു ചെറിയ സോഫയും മാത്രമുണ്ട് ഫർണ്ണീച്ചറായിട്ട്. മേശപ്പുറത്തിനി ഒരിഞ്ച് സ്ഥലം ബാക്കിയില്ല. നിറയെ പേപ്പറുകളും ചിത്രങ്ങളും. ഇടയിൽ ഒരു ലാപ്ടോപ്പിന്റെ അഗ്രം പുറത്തു കാണുന്നുണ്ട്.
എന്നോട് ആ സോഫയിൽ ഇരിക്കാൻ ആവശ്യപ്പെട്ടിട്ട് അദ്ദേഹം പുറത്തേക്കു പോയി. അല്പ്പം കഴിഞ്ഞ് ഒരു തടിച്ച ഫയലുമായി വന്നു.
“അപ്പൊ അലെക്സ്. ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കണം. തമാശായിട്ട് എടുക്കാനാണുദ്ദേശമെങ്കിൽ, യൂ ആർ ഓൺ യുവർ ഓൺ. ഞാൻ ഇട്ടിട്ടു പോകും.” വളരെ ഗൗരവത്തിലാണദ്ദേഹം “ഈ ഫയലിലുള്ളതെല്ലാം കഴിഞ്ഞ പന്ത്രണ്ടു വർഷത്തെ എന്റെ ഗവേഷണങ്ങളാണ്."ഒന്ന് നിർത്തിയിട്ടാണ് പിന്നെ അദ്ദേഹം തുടർന്നത് .
"2002 ജൂലയ് 12 വൈകിട്ടാണ് എനിക്കൊരു കോൾ വന്നത്. ഞാൻ അന്ന് ഷെറിഫ് ആയി ജോയിൻ ചെയ്തിട്ട് 3 മാസം മാത്രമേ ആയിരുന്നുള്ളൂ. ഈ കോൾ എന്റെ ജീവിതം മാറ്റിമറിക്കാനായിരുന്നു എന്ന് അപ്പൊ എനിക്കു മനസ്സിലായില്ല. “ അയാൾ അല്പ്പസമയം നിർത്തി തല കുമ്പിട്ട് ഇരുന്ന് ആലോചിക്കുന്നതു കണ്ടു. ഞാൻ ഒന്നും മിണ്ടാതെ അയാളുടെ അടുത്ത വാക്കുകൾക്കായി കാതോർത്തു.
“ഈ കോൾ വന്നത്, അവിടെ അടുത്തുള്ള മില്ലർ റാഞ്ചിൽ നിന്നാണ്. അവരുടെ രണ്ട് പശുക്കൾ കൊല്ലപ്പെട്ടിരിക്കുന്നത്രെ. (റാഞ്ച് എന്നാൽ കന്നുകാലികളെ വളർത്താനായി മാത്രമുള്ള ഒരിടം. ചില റാഞ്ചുകളിൽ നൂറ്‌ കണക്കിന്‌ വിവിധ തരം കന്നുകാലികളും കുതിരകളുമൊക്കെ ഉണ്ടായിരിക്കും )
വിവരമറിഞ്ഞതും ഞാൻ ഉൽസാഹത്തോടെ ചാടിയെഴുന്നേറ്റു. ഞാനന്നു നന്നേ ചെറുപ്പമായിരുന്നല്ലോ . ഇപ്പൊതന്നെ പോയി അന്വേഷിക്കണമെന്നായിരുന്നു എനിക്ക്. പക്ഷെ, എന്റെ സഹപ്രവർത്തകർ ആരും ഒരു താല്പര്യവും കാണിക്കാതിരുന്നത് എന്നെ അല്ഭുതപ്പെടുത്തി.
\\പോയി മി. മില്ലെറെ കണ്ട് വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞ് ഒരു റിപ്പോർട്ടുണ്ടാക്കി ദാ ആ അലമാരയിലേക്കു കേറ്റിക്കോ \\ എന്ന് പറഞ്ഞു അവർ.
ഞെട്ടിപ്പോയി ഞാൻ. ഇതാണോ ഇവരുടെ ഉത്തരവാദിത്തം ? ഇതിനാണോ നമ്മൾ ടാക്സ് കൊടുക്കുന്നത് ? എനിക്കാകെ ദേഷ്യം വന്നു. ഒരു മനുഷ്യൻ പോലും വന്നില്ല എന്റെ കൂടെ. ഞാൻ ഒറ്റക്ക് മില്ലെർ റാഞ്ച് കണ്ടു പിടിച്ച് അന്വേഷണത്തിനെത്തി.
അലെക്സ്...അന്നു ഞാനവിടെ കണ്ട കാഴ്ച്ച ...ഹോ! ആന്ഗസ് എന്ന വിഭാഗത്തിൽ പെട്ട രണ്ട് പശുക്കൾ! രണ്ടും ചത്തു ചെരിഞ്ഞു കിടക്കുകയാണ്. ഭീകരമായിരുന്നു ആ കാഴ്ച്ച. രണ്ടിന്റെയും ഒരു വശം സർജിക്കലായി മുറിച്ച നിലയിലാണ്. ഒരു വലിയ ദ്വാരം. ആന്തരീകാവയവങ്ങളൊക്കെ അപ്രത്യക്ഷമായിരിക്കുന്നു. രക്തമയം ഒട്ടുമില്ല. വെളുത്തിരിക്കുന്ന മാംസഭാഗങ്ങൾ! ഞാൻ ആകെ ഞെട്ടി അവിടെയുള്ളവരെ നോക്കി. അവരാകട്ടെ, ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന മട്ടിൽ ജോലി തുടരുകയാണ്.
ഇതവിടെ സ്ഥിരമാണത്രെ! എനിക്കൊന്നും മനസ്സിലായില്ല. ഇത്തരം കേസുകൾ ഇപ്പൊ അന്വേഷിക്കുന്നത് എഫ് ബീ ഐ ആണെന്ന് പറഞ്ഞു ഒരു ജോലിക്കാരൻ .
എഫ് ബീ ഐ !
അതു കേട്ടതും സംഭവം ഗൗരവകരമാണെന്നെനിക്കു മനസ്സിലായി. എന്തായാലും, പശു ചത്തതൊന്നും അന്വേഷിക്കാൻ എഫ് ബീ ഐ വരില്ലല്ലോ.“ ചക്ക് ചിരിച്ചു. ഞാൻ ചിരിക്കണോ കരയണോ എന്നറിയാതെ ഇരിക്കുകയാണ്.
”അങ്ങനെ ഞാൻ റിപ്പോർട്ടുണ്ടാക്കി തിരിച്ച് ഓഫീസിലെത്തിയപ്പോൾ എന്റെ ചീഫ് എന്നെ വിളിപ്പിച്ചു. \\ ഇത്തരം കേസുകൾ എപ്പൊ വന്നാലും കൂടുതൽ അന്വേഷണത്തിനു നില്ക്കണ്ട. റിപ്പോർട്ട് ഉണ്ടാക്കി അതെല്ലാം എഫ് ബി ഐക്ക് റെഫർ ചെയ്താൽ മതി \\ എന്നു പറഞ്ഞു . എനിക്കെന്തോ അത് ഉൾക്കൊള്ളാനായില്ല. ചെറുപ്പമല്ലേ.
ഞാനെന്തായാലും ആ കേസ് ഫോളോ അപ്പ് ചെയ്യാൻ തുടങ്ങി. ആ അലമാരയിലിരുന്ന സകല കേസ് ഫലയുകളും ഞാൻ പൊടി തട്ടി എടുത്ത് നന്നായി വായിച്ചു തുടങ്ങി. ഇത്ര ഇന്ററസ്റ്റിങ്ങ് ആയി ഒരു സംഭവം സ്വന്തം നാട്ടിൽ നടക്കുന്നുണ്ടായിട്ടും ഞാൻ അറിഞ്ഞില്ല എന്നതെന്നെ അത്ഭുതപ്പെടുത്തി!
ആ ഫയലുകൾ വായിച്ചതോടെ ഞാൻ കൂടുതൽ കൺഫ്യൂഷനിലായി. ഇത് തുടങ്ങിയിട്ട് വർഷങ്ങളായത്രേ. ആയിരക്കണക്കിന് കന്നുകാലികൾ ചത്തൊടുങ്ങിയിട്ടുണ്ട്. മില്ലെർ റാഞ്ചിൽ തന്നെ ഇത് ആറാം തവണയാണ്.ഇന്നു വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഒരു തെളിവുമില്ല!“
ഈ സമയത്ത് ചക്കിന്റെ ഭാര്യ ചായയുമായി വന്നു.
“സോറി മാഡം... പാൽ സംബന്ധമായ സാധനങ്ങൾ കുടിക്കാൻ പറ്റിയ അവസ്ഥയിലല്ല...” ഞാൻ സ്നേഹപൂർവ്വം നിരസിച്ചു.
“അഹാ..രണ്ടാളും ഇന്നലെ നല്ലവണ്ണം കഴിച്ചിരുന്നു.. അല്ലേ ? യൂ എഫ് ഓ എലിയൻസ് ന്നൊക്കെ ചിന്തിക്കുന്നതിനു മുൻപ് ഇന്നലെ രാത്രി കഴിച്ച സാധനമെന്തായിരുന്നു എന്നാണ് ആദ്യം നോക്കണ്ടത്. കുടി മാത്രമേ ഉണ്ടായിരുന്നുള്ളോ ? വല്ലതും വലിച്ചാരുന്നോ ? ” ആ മാഡം അല്പ്പം സരസമായിട്ടാണ് ചോദിച്ചത്.
“ഇല്ല മാഡം. ആ പരിപാടി ഇല്ല. മദ്യപാനവും വളരെ അപൂർവ്വമാണ്. ഇന്നലെ ഒരു പ്രത്യേക സാഹചര്യത്തിൽ...”
“എന്തായാലും, നിങ്ങൾ സംസാരിച്ചിരിക്ക്. ഇതൊക്കെ കേട്ട് മെന്റലായിപ്പോകരുത് കേട്ടോ. ഈ പരിസരത്തുള്ള മിക്കവരുടെയും ചില നട്ടുകൾ ലൂസാണ്. ”അർഥഗർഭമായി ചക്കിനെ നോക്കി ഒന്നു ചിരിച്ചു അവർ.
“മാഡത്തിന് ഇതിലൊന്നും വിശ്വാസമില്ലേ ? ഈ യൂ എഫ് ഓ -”
“വിശ്വാസമല്ല ഇവിടത്തെ വിഷയം അലക്സ് . ഈ മനുഷ്യൻ എന്നേം പിള്ളേരേം ഉപേക്ഷിച്ച് വേറേ വല്ല പെണ്ണുങ്ങടേം പുറകേ പോയിരുന്നെങ്കിലോ... ഇതിപ്പൊ, പുള്ളി അന്യഗ്രഹ ജീവികളെ പിടിക്കാൻ നടക്കുവല്ലേ. ഇതാ തമ്മിൽ ഭേദം. ഞാൻ ഹാപ്പിയാ.”
നല്ല ഭാര്യ. എനിക്കിഷ്ട്ടപ്പെട്ടു.
“അപ്പൊ അലെക്സ്.” ചക്ക് എന്റെ ശ്രദ്ധ തിരിച്ചു പിടിച്ചു. “ഈ കേസുമായി ബന്ധപ്പെട്ടാണ് ഞാൻ ഡോ. മൈക്കിനെ തപ്പി ഇറങ്ങിയത്. അയാൾ അന്ന് അവിടത്തെ ഒരു ഫെയ്മസ് വെറ്റിനെറി സർജൻ ആണ്. ”
“ഡോ. മൈക്ക് മെല്കിൻ ? അപ്പൊ അയാൾ മനുഷ്യ ഡോക്റ്റർ അല്ലാരുന്നോ ? ഞാൻ കരുതി ... ”
“ഹേയ്, അയാൾ ഒരു നല്ല മൃഗ സ്നേഹിയും, അതിലുപരി നല്ലൊരു സുഹൃത്തുമായിരുന്നു. അലെക്സിന്റെ മനസ്സിൽ അയാൾ ഒരു സീരിയൽ കില്ലറാണല്ലേ ? എനിക്കതു മനസ്സിലാകും. കൊറേയൊക്കെ നമ്മുടെ മീഡിയാസിനെ പറഞ്ഞാൽ മതിയല്ലോ.ആവരിതങ്ങോട്ട് പൊലിപ്പിച്ചു. - അതൊക്കെ പോട്ടെ. “ ചക്ക് ആ ഫയലിൽ നിന്നും മൈക്കിന്റെ ഒരു ഫോട്ടോ എടുത്ത് എന്നെ കാണിച്ചു. അവർ രണ്ടുപേരും ഒരുമിച്ച് നിൽക്കുന്ന ഒരു ചിത്രം . ഒരു വലിയ മീൻ കുത്തനെ തൂക്കിപ്പിടിച്ചാണ് നിൽപ്പ്. മീനിന് ഏതാണ്ട് അഞ്ചടിയിൽ കൂടുതൽ നീളം! ചക്ക് കഥ തുടർന്നു
“അങ്ങനെ കേസന്വേഷണത്തിന്റെ ഭാഗമായി ഞാൻ മൈക്കിനെ ചെന്ന് കണ്ടു .. ആദ്യമായിട്ടാണ് ഞാൻ അയാളെ കാണുന്നത്. പക്ഷെ അതൊരു വണ്ടർഫുൾ ഫ്രെൻഡ്ഷിപ്പിന്റെ തുടക്കമായിരുന്നു., ഈ വിഷയത്തിലെ എന്റെ താല്പ്പര്യം കണ്ട് അയാൾ വളരെ ഹാപ്പിയായി. അദ്ദേഹവും വർഷങ്ങളായിട്ട് ഇതേ പ്രതിഭാസം ഗവേഷണം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
എന്നെ കൂട്ടു കിട്ടിയപ്പോൾ അദ്ദേഹത്തിന് ആവേശമായി. പിന്നീടങ്ങോട്ട് ഞങ്ങൾ രണ്ടാളും യാത്രകൾ തുടങ്ങി. ഒഴിവു കിട്ടുമ്പോഴെല്ലാം ഞങ്ങൾ പിക്കപ്പ് വാനുമായി ഇറങ്ങും.ഞങ്ങൾ പോകാത്ത റാഞ്ചുകൾ ഇല്ല . നല്ല സുഹൃത്തുക്കളായി മാറി ഞങ്ങൾ. അലെക്സും ഷെറിനും പോലെ, ഏതു നേരത്തും ഏതു നരകത്തിലേക്കു വിളിച്ചാലും ഇറങ്ങി പോരാൻ റെഡി ആയിട്ട് എനിക്കൊരു ഉറ്റ സുഹൃത്ത്.”
പിന്നെ ചക്ക് എഴുന്നേറ്റ് ഒരു ചെറിയ ഫോട്ടോ ആല്ബം എടുത്ത് എന്റെ കയ്യിൽ തന്നു.
“ഞങ്ങളുടെ യാത്രകളാണതിൽ നിറയെ. ചില ഫോട്ടോകൾ അല്പ്പം സെൻസിറ്റീവ് ആണ്. ചിലർക്ക് ഇഷ്ടക്കുറവുണ്ടാകാം.”
ചില ഫോട്ടോസ് പോലും !! ആ ആല്ബത്തിലെ മിക്ക ഫോട്ടോസും വളരെ ഭീകരമായിരുന്നു. കന്നുകാലികളെ മ്യൂട്ടിലേഷൻ ചെയ്ത വിവിധ സംഭവങ്ങളുടെ ചിത്രങ്ങൾ ! ഞാൻ പെട്ടെന്നു തന്നെ അതടച്ചു വെച്ചു. “സോറി... എനിക്കിതൊക്കെ അല്പ്പം...”
“ഓക്കെ, എനിക്കു മനസ്സിലാകും. സോ, അങ്ങനെയിരിക്കെ ഒരു ദിവസം, ഞാനും മൈക്കും കൂടി ഐസ് ഫിഷിങ്ങിനു പോയി.നോർത്തിലാണ്. ലോസ്റ്റ് ക്രീക്കിൽ . കേട്ടിട്ടുണ്ടോ ?”
“ഇല്ല ... ഞങ്ങളാദ്യമായാണ് യൂട്ടായിൽ . ” ഞാൻ പറഞ്ഞു.
“ഓക്കേ, സോ, ഐസ് ഫിഷിങ്ങ്... ഞങ്ങൾ അവിടെ ഒരു കാബിൻ വാടകയ്ക്കെടുത്ത് രാത്രി തങ്ങാൻ തീരുമാനിച്ചു. കാടാണ്. റിസ്കാണ്. ഒക്കെ അറിയാം. എന്നാലും, ഞങ്ങൾ അന്നത്തെ ചോരത്തിളപ്പിൽ ആ കൊടും തണുപ്പത്ത് കാടു കയറാൻ തന്നെ തീരുമാനിച്ചു.
വാഹനം ഒരു പരിധിയിൽ കൂടുതൽ കാടിനുള്ളിലേക്ക് പോകില്ല. റോഡൊക്കെ ഉണ്ട് .പക്ഷെ, ഐസ് വീണടിഞ്ഞിരിക്കുന്നതിനാൽ, ചിലപ്പോൾ അപകടമാകും . വലിയ അഗാധ ഗർത്തങ്ങളൊക്കെ കാണും . ഞങ്ങൾ വണ്ടി നിർത്തി നടപ്പു തുടങ്ങി .
ഒരു രണ്ട് കിലോമീറ്റർ നടക്കണം കാബിനിലേക്ക്. കൊടും കാടാണ്. ഐസാണെങ്കിൽ ഒരു രക്ഷയുമില്ല.കാബിന്റെ അടുത്തൊക്കെ മുട്ടിനൊപ്പം വരും. വല്ല അപകടവുമുണ്ടായാൽ അവിടെ കിടന്നു തീരുകയേയുള്ളൂ. പുറം ലോകവുമായി ബന്ധപ്പെടാൻ ഒരു വഴിയുമില്ല.ഒരു ഗുണമുള്ളത് ഡെഡ് ബോഡി ചീഞ്ഞു പോകില്ല. (ചക്ക് വീണ്ടും ചെറുതായി ചിരിച്ചു. ഞാനാകട്ടെ ആ അന്തരീക്ഷം മനസ്സിൽ കാണാൻ ശ്രമിക്കുകയായിരുന്നു)
രാത്രിയാകുന്നതിനു മുൻപേ ഞങ്ങൾ കാബിനിലെത്തി. മൈക്ക് ഇവിടെ മുൻപ് ഒരു രാത്രി തങ്ങിയിട്ടുണ്ട്. അതുകൊണ്ട് അയാൾക്ക് എല്ലായിടവും നല്ല പരിചയമായിരുന്നു . രണ്ടു ബെഡ് റൂമുകളും ചെറിയ ഒരു അടുക്കളയും ഹാളുമൊക്കെയായി ഒരു കൊച്ചു വീട് .
കാബിന്റെ ഒരു ഭാഗം ഡെക്ക് ആണ്. അതിങ്ങനെ തടാകത്തിനു മുകളിലേക്ക് നീണ്ടു കിടക്കും. അവിടത്തെ ഫ്ലോർ ബോർഡുകളിൽ ചതുരാകൃതിയിൽ തുറക്കാവുന്ന ചെറിയ ഡോറുകളുണ്ട്. അതു തുറന്ന് . താഴെ തടാകത്തിനു മുകളിലെ ഐസ് പാളിയിൽ ദ്വാരങ്ങളുണ്ടാക്കി അതിലൂടെ ചൂണ്ട ഇറക്കിയാണ് ഐസ് ഫിഷിങ്ങ്. അലെക്സിനറിയില്ലേ ?”
“കേട്ടിട്ടേ ഉള്ളൂ ... ഒന്നു ചെയ്യണമെന്ന് പലപ്പോളായി ആഗ്രഹിക്കുന്നു...”
“സോ, ഞങ്ങളിങ്ങനെ തണുപ്പകറ്റാൻ കുറേശ്ശേ റമ്മും സിപ്പ് ചെയ്തിങ്ങനെ ഇരിക്കുമ്പോ പെട്ടെന്ന് പുറത്തെന്തോ ശബ്ദം. എന്തോ തകർന്നു വീഴുംപോലെ.”
“ഈ റമ്മിന്റെ ഒരു ഗുണമെന്താന്നു വെച്ചാൽ, പേടി എന്ന വികാരം അങ്ങു പോയിക്കിട്ടും. ഞങ്ങളന്ന് മദ്യപിച്ചില്ലായിരുന്നെങ്കിൽ, പുറത്തൊരു ശബ്ദം കേട്ടാൽ സകല വാതിലും ജനലും അടച്ച് അകത്ത് കട്ടിലിനടിയിൽ കേറിയേനേ. പക്ഷെ, ഇതിപ്പൊ, ഈ ശബ്ദം കേട്ട നിമിഷത്തിൽ ഞങ്ങൾ രണ്ടാളും ചാടിയെണീറ്റു. എന്റെ കയ്യിൽ നമ്മുടെ ഡിപ്പാർറ്റ്മെന്റ് വക ഗ്ലോക്ക് 19 ഉണ്ട്. മൈക്കിന്റെ കയ്യിൽ പിന്നെ പറയാനില്ല .ഒരു ചെറിയ യുദ്ധത്തിനുള്ള ആയുധങ്ങളുമായിട്ടാണ് എപ്പോഴും പുള്ളിയുടെ നടപ്പ്. അയാൾ ഒരു സോവ്ഡ് ഓഫ്ഫും (sawed-off shotgun - കുഴലിനു നീളം കുറഞ്ഞ ഒരു തരം ഷോട്ട്ഗൺ.) എടുത്ത് എന്നെയും വിളിച്ച് വെളിയിലേക്കിറങ്ങി.”
"വാതിൽ തുറന്ന് മൈക്ക് പുറത്തേക്കിറങ്ങി . അടുത്ത നിമിഷം -ബൈ ദി വേ... ആ കാബിൻ നിന്നിരുന്നത് ഒരു കൊച്ചു മലയുടെ സ്ലോപ്പിലാണെന്നു ഞാൻ പറയാൻ വിട്ടൊ ? - ആ മലയുടെ ഒരു ചെറിയ കഷണം അടർന്ന് തുറന്നു കിടന്ന വാതിലിലൂടെ കാബിനകത്തേക്ക് കയറി.”
അതെല്ലാം ഞാനിങ്ങനെ മനസ്സിൽ കാണുകയാണ്. ഉരുൾപൊട്ടൽ പോലെ, മഞ്ഞ് മല ഇടിഞ്ഞ് ... (Avalanche എന്നാണ് ഈ സംഭവത്തിന്റെ പേര് .)
“പ്രശ്നം എന്താണെന്നു വെച്ചാൽ, മൈക്ക് പുറത്തും ഞാൻ അകത്തും. അയാളുടെ തലയുടെ മുകൾഭാഗമൊഴികെ ബാക്കിയെല്ലാം മഞ്ഞിനടിയിൽ. ഞാനാണെങ്കിൽ, ഇനി പുറത്തിറങ്ങാനാവാത്ത വിധം കാബിനുള്ളിൽ കുടുങ്ങി. മെയിൻ ഡോർ നിറഞ്ഞ് ഒരു മഞ്ഞ് ഭിത്തിയാണിപ്പോൾ. മുകളിൽ ഒരു ചെറിയ ഗ്യാപ്പുണ്ട് . അതിലൂടെ മൈക്കിന്റെ തല മാത്രം എനിക്ക് കാണാം .
ഒരു വല്ലാത്ത അവസ്ഥ !
എന്തോ ഭാഗ്യത്തിന് മൈക്കിനു തല ഉയർത്താനായി. സമാധാനം. ശ്വാസമെടുക്കാമല്ലോ ഇനി.
തലയെല്ലാം മഞ്ഞിൽ പുതഞ്ഞ് അവനിങ്ങനെ നില്ക്കുന്ന ആ കാഴ്ച്ച ഒന്നു കാണേണ്ടതായിരുന്നു., പക്ഷെ സത്യം പറയാമല്ലോ ആ ഭീകര അവസ്ഥയിലും ഞങ്ങൾ പൊട്ടിച്ചിരിച്ചു പോയി. റമ്മിന്റെ മിടുക്ക്. അല്ലാതെന്താ.
പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ തമാശെല്ലാം പോയി പരിഭാന്തിയായി. ഇനി എന്തു ചെയ്യാനൊക്കും ?
ഒരു വഴി കാബിന്റെ റൂഫ് പൊളിച്ച് ഞാൻ പുറത്തിറങ്ങി മൈക്കിനെ മാന്തിപ്പുറത്തെടുക്കുക എന്നുള്ളതാണ്. അല്ലെങ്കിൽ പിന്നെ ഐസ് ഉറഞ്ഞു കിടക്കുന്ന തടാകത്തിനു മുകളിലൂടെ നടന്ന് കാബിനു പുറത്തു കൂടി മൈക്കിനടുത്തെത്താം.
പക്ഷേ രണ്ടും എളുപ്പമല്ല. പ്രത്യേകിച്ച് തടാകത്തിലെ ഐസിനു മുകളിലൂടെ നടക്കുന്നത് അങ്ങേയറ്റം അപകടകരമാണ്. ഒരു ചെറിയ ക്രാക്ക് മതി എല്ലാം തീരാൻ. ആ വെള്ളത്തിൽ വീണാൽ, ഹൈപ്പോതെർമിയ പോലെയുള്ള മാരകമായ സ്ഥിതിവിശേഷങ്ങളുണ്ടാകാം.
അതുപോലെ തന്നെ റൂഫ് പൊളിക്കാൻ നോക്കിയാൽ, ആ കുലുക്കത്തിൽ, മല കൂടുതൽ ഇടിയാനും മൈക്ക് പൂർണ്ണമായും മഞ്ഞിനടിയിലായിപ്പോകാനും ഇടയുണ്ട്.
എന്നാൽ ഇപ്പൊ മൈക്ക് നിൽക്കുന്ന അവസ്ഥയും അപകടമാണ്. എത്ര പ്രൊടെക്റ്റീവ് ക്ലോത്തിങ്ങ് ഉണ്ടായാലും, ഐസിനകത്ത് കുടുങ്ങിപ്പോയാൽ മർദ്ദം കൊണ്ട് ചിലപ്പോ ശ്വാസം എടുക്കാനാവാതെ വരും.
ഏതാണ്ട് പത്തു മിനിട്ടുകൾ ഞങ്ങൾ അങ്ങനെ അന്തിച്ചു നിന്നു കാണണം. പെട്ടെന്നെനിക്ക് ബുദ്ധി തോന്നി. കിച്ചണിൽ ഒരു ചെറിയ ബാഗ് നിറച്ച് ഉപ്പിരിക്കുന്നുണ്ട് . ഇതുപോലുള്ള എമെർജെൻസി ഘട്ടങ്ങളിൽ ഉപയോഗിക്കാനാണ്. അതല്പ്പം വെള്ളത്തിൽ കലക്കി ചൂടാക്കി തളിച്ചു കൊടുത്താൽ, ഐസ് നിമിഷങ്ങൾക്കുള്ളിൽ ഉരുകും.
ബുദ്ധിയുദിച്ചതും ഞാൻ കിച്ചണിലേക്കോടി. വെള്ളം ചൂടാകാൻ തന്നെ നല്ല സമയമെടുക്കും. അങ്ങനെ,ഞാൻ ഒരു വലിയ പാത്രത്തിൽ വെള്ളം (വെള്ളം എന്നു പറഞ്ഞാൽ, ഐസുകട്ടകൾ) അടുപ്പത്തു വെച്ച് ആ ബാഗിലെ ഉപ്പു മുഴുവനും അതിലേക്ക് കമിഴ്ത്തി. തുടർന്ന് അക്ഷമയോടേ വെള്ളം ചൂടാകാൻ കാത്തു നിന്നപ്പോൾ പെട്ടെന്ന് ആ കാബിൻ മൊത്തം ഒന്നു കുലുങ്ങിയ പോലെ തോന്നി.
വീണ്ടും മലയിടിഞ്ഞതാകാമെന്നു കരുതി ഞാൻ കിച്ചണിൽ നിന്നും പുറത്തേക്കോടി.അപ്പോൾ കണ്ട കാഴ്ച്ച അലെക്സ്... നീയൊരിക്കലും വിശ്വസിക്കില്ല.
ഫ്രണ്ട് ഡോറിലൂടെ അകത്തേക്ക് കയറിയ മഞ്ഞു മുഴുവനും ഉരുകിത്തീർന്നിരുന്നു. അവിടെ...കാബിനു പുറത്ത് സ്വതന്ത്രനായി മൈക്ക് നില്ക്കുന്നു.മുകളിലേക്കു നോക്കി അമ്പരന്ന് !
പ്രദേശമാകെ, വെളിച്ചത്തിൽ കുളിച്ചിരുന്നു.ഒരു തരം നീലയും പച്ചയും ഇടകലർന്ന നിറത്തിലുള്ള വെളിച്ചം.
\\ബ്രദർ...ഡോണ്ട് കം നിയർ ...സ്റ്റേ വെയർ യൂ ആർ...സംതിങ്ങ് ഈസ് നോട്ട് റൈറ്റ്...\\
മൈക്ക് എന്നോട് വിളിച്ചു പറഞ്ഞു. മുകളിലേക്കുള്ള നോട്ടം മാറ്റാതെ. അപ്പോളാണ് ഞാനത് ശ്രദ്ധിച്ചത്... മൈക്കിന്റെ കാലുകൾ പതിയെ നിലത്തു നിന്നുയരുന്നു... എന്തോ അയാളെ മുകളിലേക്ക് വലിച്ചുയർത്തുകയാണ്...!”
(തുടരും)
Alex John
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo