Slider

ഭ്രാന്തൻ - കവിത - സജി വർഗീസ്

0
ഭ്രാന്തൻ - കവിത - സജി വർഗീസ്
********
ഭ്രാന്തനാണു ഞാൻ മുഴുഭ്രാന്തൻ,
ജീവിതനാടകമാടിക്കളിക്കുന്ന ഭ്രാന്തൻ;
അമ്മതൻ ഗർഭപാത്രത്തിൽക്കിടക്കുമ്പോഴേ പിടഞ്ഞു കരഞ്ഞവൻ,
ലോകത്തിന്റെ കെട്ടുകാഴ്ചകൾ കാണുവാൻ വിധിക്കപ്പെട്ടവനാണു ഞാൻ;
തേങ്ങിക്കരഞ്ഞ് വിശന്നവയറുമായ്
കലാലയപടികൾ ചവിട്ടിക്കയറിയവൻ,
പ്രണയത്തിന്റെ നിശ്വാസങ്ങളിലലിഞ്ഞ്
പെണ്ണിൻ ഗന്ധമറിഞ്ഞൊടുവിലവൾ കണ്ണീരോടെ പോയ്മറഞ്ഞത് നോക്കിക്കരഞ്ഞ ഭ്രാന്തൻ.
തൊഴിലില്ലാത്ത ഭ്രാന്തൻ,
ചക്രവാളത്തിലേക്കു നോക്കി നിൽക്കുമ്പോളഗ്നിയായ് മാറുന്ന മനസ്സുളള ഭ്രാന്തൻ,
കെട്ടുപ്രായം കഴിഞ്ഞ പെങ്ങളുടെ കെട്ടിത്തൂങ്ങിയ കാലുകളിൽ പിടിച്ച് ശൂന്യതയിലേക്ക് നോക്കിയ ഭ്രാന്തൻ;
ആഘോഷങ്ങളാടിത്തിമർക്കുന്നവരെക്കണ്ടാനന്ദിച്ചു ചിരിക്കുന്ന ഭ്രാന്തൻ,
മാലിന്യക്കൊട്ടയിൽ കൈയ്യിട്ടുവാരി വിശപ്പകറ്റുന്നനാഥജന്മങ്ങളെ നിങ്ങളെന്തിനുപിറന്നെന്നു ചോദിക്കുന്ന ഭ്രാന്തൻ,
മനസാക്ഷിയുള്ളവനാണ് ഭ്രാന്തൻ;
ചോരവാർനു കിടക്കുന്നവനെക്കണ്ട് മുഖം തിരിച്ചുനടക്കുന്ന സ്വാർത്ഥന്മാരുടെ ലോകത്തെ ഭ്രാന്തൻ;
നാടുനന്നാക്കാതെ നീ നന്നാകെന്നോതിയ വ്യവസ്ഥിതിയെ നോക്കി പൊട്ടിച്ചിരിക്കുന്ന ഭ്രാന്തൻ ,
പ്രണയത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് മരിച്ച പ്രണയിനികളുടെ വിലാപസംഗീതം കേൾക്കുന്ന ഭ്രാന്തൻ;
ആത്മാവിന്റെ താഴ്‌വാരത്തിലൊഴുകി നടക്കുന്നവരാകാശത്തോളമുയർന്നു ചുംബിക്കുന്ന കാഴ്ചകൾ കാണുന്ന ഭ്രാന്തൻ,
നീണ്ടമുടിയഴിച്ച് ചുടലനൃത്തം ചെയ്യുന്ന ഭൂമികന്യകയുടെ രോദനംകേൾക്കുന്ന ഭ്രാന്തൻ,
പട്ടടയിലേക്കെടുക്കുന്നമ്മയുടെ മുഖത്തൊരുമ്മകൊടുത്തു കരയുന്ന ഭ്രാന്തൻ.
കെട്ട കാലമേ.. നീ സൃഷ്ടിച്ച ഭ്രാന്തനാണു ഞാൻ,
സുഖത്തിന്റെ വീഞ്ഞു കുടിച്ചു തടിച്ചുരമിക്കുന്നമനുജനേ
നിനക്കു കോമാളിയാണീ ഭ്രാന്തൻ,
ഭ്രാന്തന്മാരേ നിങ്ങളെന്തിനു ജനിച്ചു,
കെട്ടകാലത്തിൻകാഴ്ചകൾ കാണുവാൻ,
ആത്മാവിന്റെലോകത്തിലേക്കീയുയിരെടുക്കുക,
ഭ്രാന്തന്റെ ജല്പനങ്ങളെന്നാക്ഷേപിക്കുന്ന നഗരപിശാചുക്കളുടെ ലോകത്തിലേക്ക് പിറവിയെടുക്കാതെ, നന്മയുടെ ഭ്രൂണങ്ങളെ പിഴുതുകളയുക.
ഇനി പിറക്കാതിരിക്കട്ടെയന്ധകാരം നിറഞ്ഞൊരീ ലോകത്തിൽ
ഭ്രാന്തനാണീ ഞാൻ.... മുഴുഭ്രാന്തൻ.
സജി വർഗീസ്
Copyright protected.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo