Slider

ഒരുപാട് നീണ്ടു നീണ്ടു പോയൊരു കഥ.

0
ഒരുപാട് നീണ്ടു നീണ്ടു പോയൊരു കഥ... ചെറുതാക്കാൻ...ശ്രമിച്ചപ്പോൾ നാടകീയത കൂടിപ്പോയി.. ചുരുങ്ങിയതും ഇല്ല... പേരും ഇല്ല.. !!
**************************
"അതേയ്.. ഞാനൊരു കാര്യം പറയട്ടെ.. ഏട്ടൻ പിണങ്ങുമോ "
ചെരിഞ്ഞു കിടന്നുറങ്ങുന്ന രാജീവന്റെ കവിളിൽ മൂക്കുരുമ്മി ഗൗരി ചോദിച്ചു..
"നീ ഉറങ്ങിയില്ലേ.. പെണ്ണെ.. ഉം.. ചോദിക്ക്.. ചോദ്യം കേട്ടതിനു ശേഷം.. പിണങ്ങുമോ ഇണങ്ങുമോ എന്ന് തീരുമാനിക്കാം.. "
അവൾ നെടുവീർപ്പോടെ , ഒന്നും മിണ്ടാതെ മച്ചിൻമുകളിലേക്ക് നോക്കി കിടന്നു..
"എന്താ.. പറയെടീ പെണ്ണെ.. "
ജനലിലൂടെ കടന്നു വന്ന നേർത്ത നിലാവെളിച്ചം അവളുടെ വൈരമൂക്കുത്തിയിൽ നക്ഷത്ര തിളക്കം.. തീർത്തു.. അവരുടെ പ്രണയകാലത്ത്‌ ആ മൂക്കുത്തിയോട് അയാൾക്ക് അടങ്ങാത്ത പ്രണയമായിരുന്നു
അയാൾ വാത്സല്യത്തോടെ അവളോട് പറഞ്ഞു..
"പറയൂ പെണ്ണെ.. "
"അതേയ് ഇനിയൊരു ജന്മവും നമ്മൾ തമ്മിൽ കാണില്ല കേട്ടോ.. "
അവളുടെ നെടുവീർപ്പുകൾ നേർത്ത ഇരുളിൽ.. അലിഞ്ഞു..
"ഓഹോ.. അതാണോ കാര്യം.. സമ്മതിച്ചു.. ഈ കാര്യം ഇനി സ്വപ്നത്തിൽ പോലും കാണാൻ ആശിക്കുന്നില്ല.. നീ പേടിക്കേണ്ട.. "
പെട്ടെന്ന് അവൾ പുലിയെപ്പോലെ ചീറിക്കൊണ്ട് അവന്റെ കൈയിലും കവിളിലും നുള്ളാനും മാന്താനും തുടങ്ങി..
"ദുഷ്ടാ.. ഞാൻ നിങ്ങളെ ഒന്ന് പരീക്ഷിച്ചതാ.. നിങ്ങളെ ഞാനിന്നു കൊല്ലും.. അപ്പോൾ അടുത്ത ജന്മം ഏതവളെയാ കണ്ടുവച്ചെക്കുന്നത്.. ??"
"എടീ വിടെടീ.. നോവുന്നു.. നീയല്ലേ പറഞ്ഞത്.. "
"ഞാൻ തമാശയ്ക്ക് ഓരോന്ന് പറയും. അപ്പൊൾ.. നിങ്ങൾ.. അല്ല ഗൗരി... ഇനിയുള്ള എല്ലാ ജന്മവും നമുക്ക് ഒരുമിച്ചു ജീവിക്കണം എന്ന് പറയണം.. അങ്ങനെ പറയാത്തതെന്താ.. ??"
"അമ്പടീ..." അയാൾ പൊട്ടിച്ചിരിച്ചു..
പിന്നെ അവളെ ചേർത്തുപിടിച്ചു പറഞ്ഞു..
"ഇനി നിനക്ക് മതിയാവുന്നത് വരെ നമുക്ക് പുനർജനിച്ചു കൊണ്ടിരിക്കാം.
!!"
അവൾ കൊഞ്ചലോടെ അവന്റെ നെഞ്ചിൽ മുഖം ചേർത്തു പറഞ്ഞു..
"ഏട്ടൻ പുഴയായി ജനിക്കുമ്പോൾ ഞാൻ കടലാവാം...ഏട്ടൻ തേന്മാവാകുമ്പോൾ ഞാൻ മുല്ലവള്ളിയാകാം.. ചന്ദ്രനും ആമ്പലുമാകാം.. സൂര്യനും, താമരയുമാകാം.. "
"നിർത്തൂ.. നിർത്തൂ.. ഇപ്പോൾ പറഞ്ഞ.. അവസാനത്തെ രണ്ടു ജന്മം മാറ്റണം... വേണ്ട.. "
"അതെന്താ.. "
"ആ ജന്മങ്ങളിൽ ബോഡി ടച്ചിങ് ഇല്ല..."
"പോ.. ഏട്ടാ.. "
"മതിയെടീ..സീരിയൽ ഡയലോഗ്.. നാലുവർഷം ഘോരഘോരം പ്രണയിച്ചു വിവാഹം കഴിച്ചിട്ടും.. നിന്റെ മോഹം തീർന്നില്ലേ പെണ്ണേ.. ?! "
"ഇല്ല.. ഒരിക്കലും തീരില്ല.. ഏട്ടനെന്നോട് വെറുപ്പുണ്ടോ.. കല്യാണം കഴിഞ്ഞു വർഷം അഞ്ചായി.. ഇതുവരെ നമ്മുടെ ഇടയിൽ ഒരു കുഞ്ഞുണ്ടായില്ല... "
അവൾ വിതുമ്പി..
അവൻ നിശബ്ദനായി..
"സാരമില്ല.. അവനും അവളും ഒക്കെ വരും.. നമുക്ക് രണ്ടാൾക്കും പ്രശ്നമില്ലല്ലോ.... പിന്നെ സമയമാകുമ്പോൾ.. മല്ലിച്ചാക്ക് മറിഞ്ഞ പോലെ മക്കൾസ് ഉണ്ടാവും.. കേട്ടോ.. "
അവൻ അവളെ ആശ്വസിപ്പിച്ചു നെഞ്ചോടു ചേർത്തണച്ചു..
അവന്റെ ഗാഢാലിംഗനത്തിൽ അമർന്നു കിടക്കുമ്പോഴും അവളുടെ ഉള്ളം തേങ്ങുകയായിരുന്നു....
വിവാഹം കഴിഞ്ഞു ഒരു വർഷമായപ്പോൾ മുതൽ ചോദ്യങ്ങൾ ഉയർന്നതാണ്..
"വിശേഷമുണ്ടോ "എന്ന്..
ഇപ്പോൾ വർഷം അഞ്ചുകഴിഞ്ഞു.. രാജീവേട്ടന്റെ അമ്മ.. ദേവകിയമ്മ അനിഷ്ടം പ്രകടിപ്പിക്കുന്നുണ്ട്.. ഏകമകന്റെ കുഞ്ഞിനെ ഓമനിക്കാൻ അവർക്ക് മോഹമുണ്ടാവും.. സ്വാഭാവികം..
എന്നാലും "രണ്ടാൾക്കും പ്രശ്നമില്ല "എന്ന മെഡിക്കൽ റിപ്പോർട്ട്‌ എല്ലാവരെയും വീണ്ടും കാത്തിരിപ്പിനായി പ്രേരിപ്പിച്ചു.. മരുന്നുകളും പ്രാർത്ഥനയും... വഴിപാടുകളുമായി ദിനങ്ങൾ അടർന്നു വീണു..
ഒരു ദിവസം അടുക്കളയിൽ തലകറങ്ങി വീണ ഗൗരിയേയും കൊണ്ട് രാജീവ്‌, കുടുംബഡോക്ടറും, ബന്ധുവുമായ മീരയുടെ അടുത്തെത്തി.. പരിശോധനയ്‌ക്കൊടുവിൽ നിറഞ്ഞ ചിരിയുമായി ഡോക്ടർ രാജീവന്റെ നേരെ കൈനീട്ടി..
"അഭിനന്ദനങ്ങൾ.. അച്ഛനാകാൻ പോകുന്നു "
ലോട്ടറിയടിച്ചെന്ന വാർത്ത കേട്ടു വിശ്വസിക്കാനാവാത്തവനെപ്പോലെ രാജീവ്‌.. തരിച്ചു നിന്നു.. പിന്നെ ഗൗരിയെ ചേർത്തു പിടിച്ചു ആവേശത്തോടെ കവിളിൽ ഉമ്മ വച്ചു..
"മതി.. മതി.. സ്നേഹപ്രകടനങ്ങളൊക്കെ വീട്ടിൽ പോയിട്ട്.. എനിക്ക് നാണമാകുന്നു.. "
മീര ഡോക്ടർ അവരെ കളിയാക്കി..
"പിന്നെ അധികം റിസ്ക് എടുക്കേണ്ട.. എല്ലാ സ്നേഹപ്രകടനങ്ങളും കുറച്ചു മതി. "
ഡോക്ടർ കണ്ണിറുക്കി ചിരിച്ചു..
ഈ സന്തോഷവാർത്ത അപ്പൊൾ തന്നെ.. രാജീവ്‌ രണ്ടു വീട്ടിലും വിളിച്ചറിയിച്ചു..
ഗൗരിയെ കൂട്ടിക്കൊണ്ട് അവൾക്ക് ഏറ്റവും ഇഷ്ടമുള്ള വെജിറ്റേറിയൻ ഹോട്ടലിൽ കൊണ്ടുപോയി ഇഷ്ടമുള്ള ഭക്ഷണം വാങ്ങികൊടുത്ത്..
കൈനിറയെ മിഠായിയും.. പലഹാരങ്ങളുമായി വളരെ പതുക്കെ ബൈക്കോടിച്ചു അവർ വീട്ടിലേക്കു എത്തുമ്പോൾ തന്നെ ദൂരെനിന്നും കണ്ടു.. വീട്ടിൽ നിറയെ അയൽക്കാരും സ്വന്തക്കാരും...
"അമ്മയ്ക്ക് അപകടം വല്ലതും.. ??"
മീരയും രാജീവും ആധിപിടിച്ചു ചെല്ലുമ്പോൾ.. കൂടി നിന്നവർ നിറചിരിയോടെ അവരെ എതിരേറ്റു.. വിശേഷം അറിഞ്ഞു എത്തിയവർ.. സന്തോഷചിരിയോടെ എല്ലാവർക്കും "മധുരം" വിതരണം ചെയ്തു രാജീവ്..
"വാ.. മോളെ ക്ഷീണം കാണും.."ദേവകിയമ്മ സ്നേഹത്തോടെ അവളെ കൈപിടിച്ചു അകത്തേക്ക് കൊണ്ട് പോയി.. വിവരമറിഞ്ഞു അവളുടെ അമ്മയും അച്ഛനും എത്തിയിട്ടുണ്ട്..
"ഈ മധുരമൊന്നും പോരാട്ടോ.. . സദ്യ തന്നെ വേണം "
അയൽവാസിയായ നളിനിച്ചേച്ചി പറഞ്ഞു.. ‌
"അവൾ ഇങ്ങ് വരട്ടെ.. എന്റെ ഉണ്ണിക്കുട്ടി.. നമുക്കൊരു സദ്യ തന്നെ ഉണ്ടാക്കണം.. "
"അപ്പോഴേക്കും ഉറപ്പിച്ചോ.. "
എല്ലാവരും രാജീവനെ കളിയാക്കി..
പിന്നീട് ഉള്ള ദിനങ്ങൾ.. രണ്ടമ്മമാരും മാറി, മാറി.. ഗർഭിണിയെ ശ്രുശൂഷിക്കാൻ തുടങ്ങി..
ധാന്വന്തരം കുഴമ്പ് തേച്ചു പിടിപ്പിച്ച കുളിയും, ഇലക്കറികളും, പോഷകാഹാരങ്ങൾ കഴിപ്പിച്ചും, ദിനങ്ങൾ.. കടന്നു പോയി.. വലിയ ആരോഗ്യപ്രശ്നങ്ങളൊന്നും . ഇല്ലാതെ.. വരുവാനുള്ള അതിഥിക്കായി കാത്തിരുന്ന് സന്തോഷത്തോടെ ദിനങ്ങൾ കടന്നു പോയി..
രാജീവും ഗൗരിയും കൺമണിയെ സ്വപ്നം കണ്ടുറങ്ങി..
ഗൗരിക്ക് പ്രസവവേദന..തുടങ്ങുമ്പോൾ "മെഡിക്കൽ റെപ്രസന്റേറ്റീവ്" ആയ രാജീവ്‌ വളരെ ദൂരെയുള്ള ഒരു ആശുപത്രിയിൽ.. ഡോക്ടറുടെ റൂമിന്റെ മുന്നിൽ തന്റെ ഊഴത്തിനായി കാത്തിരിക്കുകയായിരുന്നു..
വിവരം അറിഞ്ഞ രാജീവ്‌ ആശുപത്രിയിലേക്ക്‌ ബൈക്കുമായി പാഞ്ഞു.. ആശുപത്രി പരിസരത്ത് ബൈക്ക് പാർക്ക്‌ ചെയ്തു ഓടിയലച്ചു പ്രസവമുറിയുടെ വാതിലിൽ എത്തിയതും... മീര ഡോക്ടർ.. വാതിൽ തുറന്നതും ഒരുമിച്ചാണ്...
"അമ്മയും മോളും സുഖമായി ഇരിക്കുന്നു.. "
അയാൾ ആഹ്ലാദം കൊണ്ട് മതിമറന്നു.. അമ്മയെ ചുറ്റിപ്പിടിച്ചു കവിളുകളിൽ ഉമ്മ വച്ചു.. എല്ലാവരുടെയും മുഖത്ത് സന്തോഷം അലതല്ലി...
ആശുപത്രിയിൽ നിന്നും വീട്ടിലെത്തി.. അമ്മമാർ ഉത്സാഹത്തോടെ "അമ്മയെയും മകളെയും".. പരിചരിച്ചു.. ബന്ധുജനങ്ങളും, അയൽവാസികളും കുഞ്ഞുടുപ്പുകളും, കളിപ്പാട്ടങ്ങളുമായി അവരെ സന്ദർശിച്ചുകൊണ്ടിരുന്നു..
കുഞ്ഞികരച്ചിലും, താരാട്ടും.. കുഞ്ഞി ചിരികളും..പൊട്ടിച്ചിരികളും.. ആ വീട്ടിൽ മുഴങ്ങി തുടങ്ങി..
സന്തോഷത്തിൻ പൂത്തിരി കത്തുന്ന ദിനങ്ങൾ...
മാസങ്ങൾ ഓടിക്കടന്നുപോയി.. ഉണ്ണിക്കുട്ടി ആറാം മാസത്തിലേക്ക് കടന്നു..
ഉണ്ണിക്കുട്ടി..പാൽനിലാവു പോലെ പുഞ്ചിരിച്ചു..
പ്രത്യേകിച്ച് ശാഠ്യമൊ, വഴക്കോ ഇല്ലാത്ത...പൊന്നുമോൾ.. ചിരിക്കുമ്പോൾ അവളുടെ ഇരുകവിളുകളിലും വിരിയുന്ന നുണക്കുഴികൾ.. .അവളുടെ ഓമനത്തം കൂട്ടി..
പൊന്നിൻ പാദസരവും, അരഞ്ഞാണവും, വളകളും, മാലയും..ആ ചന്ദന നിറമുള്ള കുഞ്ഞു മേനിയെ അലങ്കരിച്ചു..
അവൾക്ക് ഏറ്റവും പ്രിയപ്പെട്ട കിലുക്കാം പെട്ടി കിലുക്കി അവൾ പൂപ്പുഞ്ചിരി വിടർത്തി.. . അയൽവാസികൾക്കും, എല്ലാവർക്കും പ്രിയപ്പെട്ടവളായി മാറി..
ഉണ്ണിക്കുട്ടിയുടെ വരവിനായി നേർന്ന അനേകം നേർച്ചകളോരോന്നും അവർ പൂർത്തീകരിച്ചു കൊണ്ടിരുന്നു..
അന്ന്.. പതിവുപോലെ ജോലിക്ക് പോകാനൊരുങ്ങി ഇറങ്ങുമ്പോൾ രാജീവ്‌ പറഞ്ഞു..
"ഞാനിന്നു വളരെ ദൂരെയാണ് പോകുന്നത്.. ടാർഗറ്റ് തികയ്ക്കണം ഈ മാസം..ഞാൻ വരാൻ താമസിക്കും.. "
നുണക്കുഴിക്കവിളുകൾ കാണിച്ചു ചിരിച്ച്, കൈയിലെ കിലുക്കാംപെട്ടി കിലുക്കി കൊണ്ട് അച്ഛന്റെ തോളിലേക്ക് ചാഞ്ഞു.. കിടന്നു.. മോൾ അവൾക്ക് കുറെയേറെ മുത്തങ്ങൾ കൊടുത്തു, അമ്മ കാണാതെ.. ഗൗരിയുടെ കവിളിലും കൊടുത്തു ഒരു മുത്തം...
എന്നിട്ട് മകളെ ഗൗരിയെ ഏല്പിച്ചു ഓഫീസിലേക്ക് യാത്രയായി...
കുറച്ചു കഴിഞ്ഞപ്പോൾ അമ്മ പറഞ്ഞു..
"മോളെ ഞാൻ അമ്മാവന്റെ വീട് വരെ ഒന്ന് പോയിട്ട് വരാം.. അവന്‌ സുഖമില്ല എന്ന് പറഞ്ഞിട്ട് കുറച്ചായി.. പോയിട്ട് വരട്ടെ... "
അമ്മയും, മോളും മാത്രമായി വീട്ടിൽ..
ഉണ്ണിക്കുട്ടിയുമായി.. ഉമ്മറത്തിരുന്ന് മുറ്റത്തെ തൈമാവിൽ കലപില കൂട്ടുന്ന കുഞ്ഞിക്കിളികളെ കാണിച്ചു കൊണ്ട് ഗൗരി ഉണ്ണിക്കുട്ടിക്ക് കുറുക്കുകൊടുത്തു.. കിളികളുടെ കലപില ശബ്ദം അവൾക്ക് ഒരുപാട് ഇഷ്ടമായി.. കൈയിലെ കിലുക്കാം പെട്ടി കിലുക്കി.. അവൾ ചിരിച്ചു കൊണ്ടേയിരുന്നു...
അപ്പോൾ, നല്ല ഉയരമുള്ള..മെലിഞ്ഞ..കാവിവസ്ത്രധാരിയായ..തേജസ്സുള്ള മുഖമുള്ള.. പ്രായമായ ഒരു സ്ത്രീ ഗെയ്റ് കടന്നു വന്നു..
"മോളെ.. ഞാൻ ഒരു നേർച്ചയ്ക്കു വേണ്ടി വന്നതാ.. വഴി നടന്നു ക്ഷീണിച്ചു.. ഇവിടെ ഇത്തിരി നേരമിരുന്നോട്ടെ.??"
ഗൗരി.. അനുകമ്പയോടെ അവരെ ഉമ്മറത്തിരിക്കാൻ അനുവദിച്ചു..
ഉണ്ണിക്കുട്ടി അവരെ നോക്കി നുണക്കുഴി വിടർത്തി ചിരിച്ചു...
അവർ അവളെ കൊഞ്ചിച്ചു..
"ഒരുപാട് നാളുകൾ കാത്തിരുന്നു ഉണ്ടായ മോളാണ് അല്ലെ.. ?"
ഗൗരിയുടെ കണ്ണുകൾ അതിശയം കൊണ്ട് വിടർന്നു..
"എങ്ങനെയറിയാം.??"
"അതൊക്കെ എനിക്കറിയാം.. കുറച്ചു സിദ്ധികൾ വശമുണ്ടെന്ന് കൂട്ടിക്കോളൂ.!. "
കുറച്ചു സമയങ്ങൾക്കുള്ളിൽ.. അവർ രണ്ടാളും വളരെ അടുപ്പമായി.. ആ സ്ത്രീ തന്റെ കുടുംബത്തെപ്പറ്റി, മക്കളുപേക്ഷിച്ചതിനെ പറ്റി.. ഗദ്ഗദത്തോടെ പറഞ്ഞവസാനിപ്പിക്കുമ്പോൾ ഗൗരിയുടെ നയനങ്ങൾ തുളുമ്പിയിരുന്നു...
"മോളെ.. ഞാൻ തമിഴ് നാട്ടിലുള്ള ഒരു ക്ഷേത്രത്തിലേക്കാണ് പോകുന്നത്.. ഉണ്ണിക്കുട്ടിയെ ഉഴിഞ്ഞു നീ ഒരു നാണയം തരൂ.. ഞാൻ അതു അവിടെ സമർപ്പിക്കാം.. "
"മോളെ അമ്മയ്ക്ക് ഇത്തിരി ചൂടുള്ള വെള്ളം കൂടി എടുക്കൂ.. "
"മുത്തശ്ശിയുടെ അടുത്തിരിക്കൂ കേട്ടോ.. മോളെ.. "
ഉണ്ണിക്കുട്ടിയെ അവരുടെ പക്കൽ ഏല്പിച്ചു.. അവർ അടുക്കളയിലേക്ക് നടന്നു..
കൈയിൽ.. ഒരു ഗ്ലാസിൽ ചായയും, പലഹാരവും.. ഒരു നാണയവുമായി ഉമ്മറത്തെത്തുമ്പോൾ അവിടം ശൂന്യമായിരുന്നു... ഉണ്ണിക്കുട്ടിയുടെ കിലുക്കാംപെട്ടി മാത്രം അവിടെ കിടക്കുന്നുണ്ട്..
അവളുടെ നെഞ്ചിലൂടെ മിന്നൽ പാഞ്ഞു.. "അമ്മേ, മോളെ.. "അവൾ വീടിനു ചുറ്റും അവരെ പരതി..
കണ്ടെത്താൻ ആകാതെ അവൾ ഉറക്കെ നിലവിളിച്ചു കൊണ്ട് റോഡിലേക്ക് ഓടി.. ഉച്ച സമയം ആയതു കൊണ്ട് വീഥി ഒഴിഞ്ഞു കിടക്കുന്നു..
അവളുടെ കരച്ചിലും,ബഹളവും കേട്ടു അയൽവാസികൾ ഓടി വന്നു.. അവളുടെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങി.. അവൾ ഒരുവിധത്തിൽ പറഞ്ഞൊപ്പിച്ചു.. നിമിഷനേരം കൊണ്ട് ആളുകൾ.. ഓടിക്കൂടി.. . വാർത്ത പരന്നു..
ഗൗരിക്ക് തന്റെ കാലുകൾക്ക് കനം കുറയുന്നതായും. ..ദേഹം തളരുന്നതായും തോന്നി.. അവൾ ബോധക്ഷയയായി താഴെ വീണു..
നാടു മുഴുവനും പരതിയിട്ടും.. ഉണ്ണിക്കുട്ടിയെ കണ്ടെത്താൻ ആയില്ല..
നെഞ്ച് തകർന്നു രാജീവൻ വീട്ടിലെത്തുമ്പോൾ പകച്ച കണ്ണുകളുമായി.. ഗൗരി ഉമ്മറത്തിരിപ്പുണ്ട്.. അവളുടെ കൈയിൽ മോളുടെ പ്രിയപ്പെട്ട കിലുക്കാം പെട്ടി.. അതു നെഞ്ചോടു ചേർത്തു വച്ചിട്ടുണ്ട്..
"ഏട്ടാ.. ഉണ്ണിക്കുട്ടിയെവിടെ.??. "
"കിട്ടിയില്ല മോളെ.. "
അവൾ അലറിക്കരയാൻ തുടങ്ങി.. ഭ്രാന്തിയെപ്പോലെ മുടിയിൽ പിടിച്ചു വലിച്ചും.. പിച്ചും പേയും പറയാൻ തുടങ്ങി.. രാജീവന്റ നെഞ്ചിൽ തലയുരുട്ടി ആർത്തുകരഞ്ഞു...
തന്റെ ഉള്ളിൽ പെയ്യുന്ന കണ്ണീർ പുറത്ത് കാണിക്കാതെ അവളെ അവൻ ആശ്വസിപ്പിച്ചു..
"പോലീസ് തിരക്കുന്നു.. ഫേസ്ബുകിൽ,വാട്സപ്പിൽ.. ഒക്കെ ഇട്ടിട്ടുണ്ട്.. ഉടനെ അവൾ വരും.. കരയാതെ.. "
അവളെ അടക്കി പിടിച്ചു അവൻ അകത്തേക്ക് പോയി.. ദുഃഖഭാരത്താൽ ആകെ ക്ഷീണിതനായിരുന്നു അയാൾ..
ഒരുപാട് സമയമായിട്ടും.. ഉണ്ണിക്കുട്ടിയുമായി ആരും വന്നില്ല..
ഗൗരിയുടെ നെഞ്ചിൽ മുലപ്പാൽ കെട്ടി നിന്ന് ധരിച്ച വസ്ത്രത്തിൽ പരക്കാൻ തുടങ്ങി.. മോളുടെ ഓർമയിൽ.. അവൾ തേങ്ങി..
നാളുകൾ പറന്നകന്നു.. ഉണ്ണിക്കുട്ടിയെ കിട്ടിയില്ല.. ഗൗരിയുടെ ബോധതലത്തിൽ നിന്നും വർത്തമാനകാലം അകന്നുപോയി..
രാജീവ്‌.. അവളെ ആശ്വസിപ്പിച്ചു സാദാ അവളോടൊപ്പം ഉണ്ടായിരുന്നുവെങ്കിലും.. കുഞ്ഞിനെ നഷ്ടപ്പെട്ടു പോയ അമ്മയുടെ ദുഃഖം തെല്ലും കുറഞ്ഞില്ല..
മകളെ നഷ്ടപ്പെട്ട അച്ഛൻ ആരുമറിയാതെ കരഞ്ഞും.. സങ്കടം കടിച്ചമർത്തിയും.. മകളെ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ നാളുകൾ തള്ളിനീക്കി....
കണ്ണുതെറ്റിയാൽ
ഗൗരി.. ഉണ്ണിക്കുട്ടിയുടെ കിലുക്കാംപെട്ടിയുമായി.. കാണുന്നവരോട്.. എല്ലാം മകളെ തിരഞ്ഞു നടന്നു.. കൊച്ചുകുഞ്ഞുങ്ങളെ കാണുമ്പൊൾ ഓടിച്ചെന്നു എടുക്കാൻ ശ്രമിച്ചു.. പരിചയമില്ലാത്തവർ.. അവളെ ശകാരിച്ചു..
അയൽക്കാരും.. ബന്ധുക്കളും ആ കുടുംബത്തെ ഈറനണിഞ്ഞ കണ്ണുകളോടെ നോക്കി..
ഗൗരിയെ വീടിന്റെ വെളിയിൽ.. വിടാതെ.. അമ്മയും.. രാജീവും ശ്രദ്ധിച്ചു..
സന്തോഷം സാദാ അലതല്ലിയിരുന്ന ആ വീട്ടിൽ മോളെ ചൊല്ലിയുള്ള കരച്ചിൽ ഗൗരിയിൽ നിന്നും ധാരമുറിയാതെ മുഴങ്ങി..
ഒരു പ്രഭാതത്തിൽ കണ്ണുതുറന്നു നോക്കിയ..രാജീവൻ ഗൗരിയെ കിടക്കയിൽ കാണാതെ അമ്പരന്നു.. വീടും പരിസരവും എല്ലാം.. പരതിയെങ്കിലും അവളെ കിട്ടിയില്ല..
എല്ലാവരും ചേർന്നും...സ്വന്തം നിലയിലും.. അന്വേഷിച്ചു എങ്കിലും അവളെ കണ്ടെത്താൻ ആയില്ല.. പരാതികൾ നൽകി.. ഫലമുണ്ടായില്ല..
മകളെയും.. ഭാര്യയെയും.. ഒരുമിച്ചു നഷ്ടപ്പെട്ട.. രാജീവൻ മാനസികമായി ആകെ തകർന്നു.. തിരിച്ചറിയാനാവാത്ത വണ്ണം ക്ഷീണിതനായി... മുഖത്ത് ശ്‌മശ്രുക്കൾ..നിറഞ്ഞു ഒരു ഭ്രാന്തനെപ്പോലെയായി..
ആഴ്ചകൾ കടന്നുപോയി..
അമ്മയുടെ കണ്ണുനീരും, കൂട്ടുകാരുടെ ഉപദേശവും.. അയാളിൽ കുറച്ചു മാറ്റം വരുത്തി..
എങ്കിലും മുഖത്ത് വിഷാദം തളം കെട്ടിനിന്നു.. ഗൗരിയുടെയും, മോളുടെയും ഓർമയിൽ അയാളുടെ കണ്ണുകളിൽ ബാഷ്പം പൊടിഞ്ഞു നിന്നു.. അയാൾ ജോലിക്ക് പോയി തുടങ്ങി.. എവിടെയും രാജീവ്‌ ഉണ്ണിക്കുട്ടിയെയും ഗൗരിയേയും തിരഞ്ഞു..
ഒരുനാൾ കുറച്ചേറെ ദൂരെയുള്ള.. ആശുപത്രിയിൽ നിന്നും.. മടങ്ങിവരവേ.. ബൈക്ക് കേടായി. അതു തള്ളിക്കൊണ്ടുപോയി അടുത്തുള്ള വർക്ക്‌ ഷോപ്പിൽ.. ഏല്പിച്ചു... കാത്തു നിൽക്കുമ്പോളാണ്..
എതിർവശത്തെ ബസ്‌സ്റ്റോപ്പിലെ ബഹളം അയാൾ ശ്രദ്ധിച്ചത്...
ആകെ മുഷിഞ്ഞു കീറിപ്പറിഞ്ഞ സാരിയുമുടുത്തു അഴിഞ്ഞുലഞ്ഞ നീളൻ മുടിയുമായി ഒരു ഭ്രാന്തി..ബസ് സ്റ്റോപ്പിൽ നിൽക്കുന്ന.. സ്ത്രീയുടെ കൈയിൽ നിന്നും കുഞ്ഞിനെ എടുക്കാൻ ശ്രമിക്കുന്നു.. കൂടെയുള്ളവർ അവളെ തടയാൻ ശ്രമിക്കുന്നു.. വീണ്ടും കൈനീട്ടി ചെന്നപ്പോൾ ആരോ അവളെ പിടിച്ചു തള്ളി.. നിലത്തു വീണ അവളുടെ മുഖത്ത് നിന്നും.. മുടി തെന്നിമാറി...അപ്പോൾ . കരിപിടിച്ച മുഖത്ത് വെയിലേറ്റ് ഒരു വൈരമൂക്കുത്തി തിളങ്ങി...
കിടന്ന കിടപ്പിൽ നിന്നും ആ കുഞ്ഞിന്റെ നേരെ കൈ നീട്ടി അവൾ നിലവിളിച്ചു
"എന്റെ ഉണ്ണിക്കുട്ടീ.. "
"അവളുടെ ഇടത് കൈയിൽ ഒരു കിലുക്കാംപെട്ടി മുറുക്കി പിടിച്ചിരുന്നു...
"ഗൗരി.. !!"
"ഗൗരീ... "
രാജീവ്‌ നിലവിളിച്ചു കൊണ്ട് അവളുടെ നേരെ റോഡ് മുറിച്ചു ഓടിയെത്താൻ ശ്രമിക്കവേ.. പാഞ്ഞുവന്ന ഒരു ടിപ്പർ ലോറി.. രാജീവനെ ഇടിച്ചു തെറിപ്പിച്ചു...
ദൂരെ നിലത്തേക്ക് തെറിച്ചു.. തലയടിച്ചു വീണ അയാൾ..ചോരയൊഴുകി.. കാഴ്ചകൾ മങ്ങുന്ന മിഴികളുയർത്തി അവളെ തിരയുമ്പോൾ... കൈയിൽ കിലുക്കാംപെട്ടിയും ഉയർത്തിപ്പിടിച്ചു കൊണ്ട്.. അവൾ നടന്നകലുകയായിരുന്നു...
അയാൾ.. അബോധാവസ്ഥയിലേക്കും...
Deepa. K..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo