Slider

ഭാര്യാഭർതൃബന്ധം

0
കാലത്തെ പേപ്പർ വായനയും പ്രഭാതകർമ്മങ്ങളും കുളിയുമൊക്കെ കഴിഞ്ഞ് കടയിൽ പോവാനുള്ള ഒരുക്കത്തിലായിരുന്നു അവൻ ... അന്നേരം റൂമിലേക്ക് വന്ന് അവൾ പെട്ടെന്ന് അവനോട് ചോദിച്ചു ..
" അതേയ് .. ഞാനൊരു കാര്യം ചോദിക്കട്ടെ "
" ഉം. എന്താ കാര്യം"
''പിന്നേയ്, ഇന്ന് പ്രണയ ദിനമല്ലെ, എനിക്കെന്താ ഗിഫ്റ്റ് വാങ്ങിത്തരുന്നെ'' .
അവൻ തിരിഞ്ഞ് "ങ് ഹെ ...ന്തൂട്ടാ ന്ന് "😳
എനിക്കുമില്ലെ ആഗ്രഹങ്ങൾ .. എത്ര നാളായി നിങ്ങളെനിക്കൊരു ഗിഫ്റ്റ് വാങ്ങി തന്നിട്ട് ..ഗ്രൂപ്പിൽ എല്ലാരും പറയാ, അവർക്കെല്ലാം ഭർത്താക്കൻമാര് പ്രണയ ദിനത്തിൽ ഗിഫ്റ്റ് വാങ്ങി കൊടുക്കുന്ന് .. എന്നോട് ചോദിച്ചപ്പോ നുണയാണെങ്കിലും ഞാൻ പറഞ്ഞു .നിങ്ങൾ എനിക്കും വാങ്ങിത്തരാറുണ്ടെന്ന് ..
''ദേ ... കാലത്തെ എന്നെ ദേഷ്യം പിടിപ്പിക്കാതെ പോ .😡അവളുടെ ഒരു ഗ്രൂപ്പ് ... ഓരോരുത്തര് പറയുന്നത് കേട്ട് വന്നോളും വഴക്കുണ്ടാക്കാനായിട്ട് .. നിന്റെ ഫോണെടുത്ത് ഞാൻ കിണറ്റിലിടും .ഒരു ഗ്രൂപ്പ് പോലും ..
" നിങ്ങളെന്തിനാ ദേഷ്യപ്പെടണെ .. ഇഷ്ടല്ലെങ്കിൽ വാങ്ങിത്തര ണ്ട .. അതിനെന്തിനാ എന്റെ ഗ്രൂപ്പിനെ കുറ്റം പറയുന്നെ .. എനിക്ക് ഈ ഗ്രൂപ്പിലെ കളിയും ചിരിയും സംസാരവുമൊക്കെയാണ് എന്റെ ഏകാന്തതക്ക് ഒരാശ്വാസം .നിങ്ങൾക്ക് കടയിൽ പോയാൽ പിന്നെ എന്റെ കാര്യമൊന്നും അറിയേണ്ടല്ലോ .. അവൾക്ക് കരച്ചിൽ വന്നു അവൻ ദേഷ്യപ്പെട്ടപ്പോൾ ..
നിന്ന് ചിണുങ്ങാതെ പോയി ബ്രേക്ഫാസ്റ്റ് എടുത്ത് വക്ക ടീ ..
"ഹും .. ബ്രേക്ക് ഫാസ്റ്റ് എന്റെ പട്ടിയെടുത്തു വക്കും ..😏 അല്ല പിന്നെ " (ഈ പറഞ്ഞത് ആത്മഗതം .. ഇല്ലേൽ പണി പാളും)
ഇങ്ങേർക്കൊന്ന് സ്നേഹത്തിൽ പറഞ്ഞാലെന്താ .. ഒരു ഉമ്മയൊക്കെ തന്നിട്ട്, മുത്തൂ .... ചേട്ടന് കടയിൽ പോവാൻ നേരായി, പോയി ബ്രേക്ക് ഫാസ്റ്റ് എടുത്ത് വക്കു ട്ടോന്നൊക്കെ ഒന്ന് പറഞ്ഞൂടെ .. ദുഷ്ടൻ .. ഒരു സ്നേഹവും ഇല്ല ...
മുഖവും വീർപ്പിച്ച് റൂമിൽ നിന്നും പോകുന്ന അവളെ നോക്കി ചിരിയോടെ അവൻ ഓർത്തു .. വിവാഹം കഴിഞ്ഞിട്ട് 28 വർഷമാകുന്നു .. എന്നിട്ടും ഈ പ്രായത്തിലും കുസൃതിയും പിണക്കവുമെല്ലാം അന്നത്തേപ്പോലെ തന്നെ ഇപ്പഴും .. സ്നേഹിക്കാൻ മാത്രമറിയാവുന്ന പാവം എന്റെ പെണ്ണ് .ഒരു കുഞ്ഞില്ലാത്തതിന്റെ വിഷമം നന്നായി അനുഭവിക്കുന്നുണ്ട് ആ പാവം ..എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി, എന്റെ എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്ത് തന്ന് ഒരു പരിഭവവും പരാതിയുമില്ലാതെ സന്തോഷമായി കഴിയുന്നു .. കൂട്ടുകാരുമായുള്ള ഈ ഫോൺ ചാറ്റിങ്ങാണ് അവളുടെ ഏക സന്തോഷം ... അവളുടെ ഒരാഗ്രഹം പോലും സാധിച്ച് കൊടുക്കാനായിട്ട് തനിക്ക് കഴിഞ്ഞിട്ടില്ല .ഇന്നെങ്കിലും അവൾക്കൊരു സർപ്രൈസ് കൊടുക്കണം ...
മേശയിൽ പാത്രം തട്ടുന്ന ശബ്ദം കേട്ടാണ് അവൻ ചിന്തയിൽ നിന്നും ഉണർന്നത് .അവനോടുള്ള ദേഷ്യം പാത്രങ്ങളോട് തീർക്കുകയാണ് അവൾ .. ഭക്ഷണം കഴിക്കാനായി എത്തിയപ്പോൾ പതിവ് പോലെ ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും ..
"ടീ .. എന്നും കാലത്ത് ഇത് തന്നെ യൊള്ളോ .വേറെന്തെങ്കിലും ഉണ്ടാക്കി കൂടെ നിനക്ക് " ...
അവൾ മറുപടി ഒന്നും പറഞ്ഞില്ല ..
" നിന്നോടാ ചോദിക്കുന്നെ .. എന്താ നിന്റെ നാവിറങ്ങിപ്പോയോ" .
അവൾ ദേഷ്യത്തോടെ നോക്കിയിട്ട് പറഞ്ഞു ."എനിക്ക് സൗകര്യമില്ല, വേണേൽ തിന്നാ മതി .. അല്ല പിന്നെ " .
അതും പറഞ്ഞ് അവൾ അടുക്കളയിലേക്ക് പോയി ... അവൻ ചിരിച്ചു .. ദേഷ്യം വരുമ്പോ ചുവക്കുന്ന മൂക്കിൻ തുമ്പ് കാണാൻ നല്ല ഭംഗി ..
ഭക്ഷണം കഴിഞ്ഞ് കടയിൽ പോകാനായി പുറത്തേക്ക് കടന്ന് അവൻ പറഞ്ഞു ,ഇന്ന് ഉച്ചക്ക് ഊണിന് ഞാൻ വരും .വ്യാപാരി മീറ്റിംഗ് കാരണം ഉച്ചക്ക് ശേഷം കട മുടക്കാ ...
'ഊണിന് കറി വക്കാൻ ഇവിടെ ഒന്നും ഇല്ല .. എന്തേലും വാങ്ങിത്തന്നാൽ വച്ച് തരാം" .. ദേഷ്യത്തോടെ അവൾ പറഞ്ഞു ..
എന്നാ വേണ്ട ... എനിക്ക് വേണ്ടി ഒന്നും നീ വക്കണ്ട .. വരുമ്പോ ഞാൻ പുറത്തൂന്ന് വല്ല ബിരിയാണി യെങ്ങാനും കഴിച്ച് വന്നോളാം .നീ റെസ്റ്റ് എടുത്തോളൂ ..അതും പറഞ്ഞ് വണ്ടിയെടുത്ത് അവൻ കടയിലേക്ക് പോയി ...
അവൾക്ക് സങ്കടം സഹിക്കാൻ പറ്റിയില്ല .ഹും .. പറഞ്ഞത് കേട്ടില്ലെ .. ബിരിയാണി കഴിച്ചോളാന്ന് .. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമാണ് ബിരിയാണിയെന്ന് അവന് നന്നായറിയാം .. മനപ്പൂർവ്വം തന്നെ കൊതിപ്പിക്കാനായി പറഞ്ഞതാ ദുഷ്ടൻ .. ബിരിയാണീം കഴിച്ച് ഇങ്ങോട്ട് വരട്ടെ .പ്രണയ ദിനം കരിദിനം ആക്കും ഞാൻ ...
ഉച്ചക്ക് വണ്ടിയുടെ ഹോൺ കേട്ടപ്പോ വേഗം പോയി വാതിൽ തുറന്ന് കൊടുത്തു .. മുഖത്തെ കലിപ്പ് ഭാവം മാറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു .. അവന്റെ കൈയ്യിലേക്ക് നോക്കിയപ്പോ കാലത്ത് കടയിലേക്ക് കൊണ്ട് പോയ ബാഗ് മാത്രമേ ഉള്ളൂ .. ബിരിയാണി കവർ ഇല്ല .. സങ്കടം വന്നു അവൾക്ക് ..
നിറഞ്ഞ കണ്ണുകൾ തുടച്ച് അടുക്കളേൽ പോയി ഫ്രിഡ്ജിൽ നിന്നും ചോറെടുത്ത് ചൂടാക്കാൻ വച്ചു .. അച്ചാറും കൂട്ടി കഞ്ഞി കുടിച്ച് ഈ പ്രണയ ദിനത്തിൽ വിശപ്പടക്കാം ... അല്ലാതെന്ത് ചെയ്യാം ... വിശന്നിട്ടാണെങ്കിൽ കുടല് കരിഞ്ഞ മണം വന്ന് തുടങ്ങി ..
കുറച്ച് കഴിഞ്ഞ് അടുക്കളേൽ കാൽപ്പെരു മാറ്റം കേട്ടിട്ടും അവൾ ശ്രദ്ധിക്കാൻ പോയില്ല .. അടുപ്പിൽ തിളക്കുന്ന ചോറിനൊപ്പം അവളുടെ മനസ്സും ദേഷ്യത്താൽ തിളക്കുകയായിരുന്നു .. ദുഷ്ടൻ .ഞാനെന്താ കഴിക്കുന്നേന്ന് നോക്കാൻ വന്നിരിക്കാ .. കാണട്ടെ, കഞ്ഞിയും അച്ചാറും കഴിക്കുന്നത് കണ്ട് സന്തോഷിക്കട്ടെ ...
പെട്ടെന്നായിരുന്നു പിന്നിൽ നിന്നും അവനവളെ ചുറ്റിപ്പിടിച്ച് അവനിലേക്ക് വലിച്ചടുപ്പിച്ചത് .. ദേഷ്യത്തോടെ കുതറി മാറാൻ ശ്രമിച്ചെങ്കിലും അവൻ കൂടുതൽ കരുത്തോടെ ചേർത്ത് പിടിച്ചു .. കാതോരം ചുണ്ട് ചേർത്ത് അവൻ പറഞ്ഞു ... " ടീ .. മുത്തൂ ... ഒന്നും വക്കണ്ട .. ഞാൻ ബിരിയാണി കൊണ്ട് വന്നിട്ടുണ്ട് ... വാ നമുക്കൊരുമിച്ച് കഴിക്കാം" ..
വിശ്വാസം വരാതെ അവൾ തിരിഞ്ഞ് നോക്കിയപ്പോ അവന്റെ മുഖത്ത് കള്ളച്ചിരി .
" നിന്റെ ഇഷ്ടപ്പെട്ട ഭക്ഷണം നിനക്ക് തരാതെ എനിക്ക് കഴിക്കാൻ പറ്റുമോ ടീ ... നീ എന്റെ മുത്തല്ലെ " ..
ഇത്രയും കേട്ടപ്പോഴേക്കും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് അവനോട് എന്തോ പറയാൻ തുനിഞ്ഞതും, അവളെ പറയാൻ അനുവദിക്കാതെ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ മൂടിക്കളഞ്ഞു ..
എത്രയൊക്കെ പ്രായമായാലും ഉപാധികൾ കൂടാതെ പ്രണയിക്കാൻ കഴിയുന്നതായിരിക്കണം ഭാര്യാഭർതൃബന്ധം .
എല്ലാ കൂട്ടുകാർക്കും പ്രണയ ദിനാശംസകൾ ട്ടോ ..

Sheela
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo