Slider

കല്യാണവീട്

0

കല്യാണവീട്
🏡🏡🏡🏡
ഏതാണ്ട് ഒരു നൂറു വർഷം മുൻപാണ് അവർ എനിക്ക് ജന്മം തന്നത്. അവരെന്നു പറയുമ്പോൾ കുറേ പേരുണ്ട് കേട്ടോ.. സ്ഥാനം കണ്ടു എനിക്ക് തറക്കല്ലിട്ട ആശാരി മുതൽ അന്ന് ഓലമേഞ്ഞവർ വരെ. ആദ്യം ഒക്കെ അവർ എന്റെ തറ നല്ല ചാണകം മെഴുകുമായിരുന്നു. അന്നൊക്കെ എന്റെ മുകളിൽ ഓലമേയുമ്പോൾ ആൾക്കാരൊക്കെ കൂടി നല്ല രസമായിരുന്നു. പിന്നെ കുറെ നാളുകൾ കഴിഞ്ഞാണ് ഓടിട്ടതും തറയിൽ സിമന്റ് തേച്ചതും. നാൾക്കുനാൾ എന്നെ അവർ മോടിപിടിപ്പിച്ചുകൊണ്ടേയിരുന്നു. ഇടക്കിടെ ഞാൻ കല്യാണവീടായി. ഒരുപാട് ജനനങ്ങളും മരണങ്ങളും കണ്ടു.
മരണങ്ങളിൽ ഒരുപാട് കണ്ണീരുവീണു നനഞ്ഞിട്ടുണ്ട് ഞാൻ. ജനനങ്ങളിൽ സന്തോഷങ്ങളും കണ്ടിട്ടുണ്ട്. ജനനങ്ങൾ കഴിഞ്ഞു എനിക്ക് കുറെ മലമൂത്ര വിസർജനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. എനിക്ക് എന്നോട് തന്നെ അറപ്പു തോന്നുമായിരുന്നു അന്നൊക്കെ പക്ഷെ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ.. ആരേലും വന്നു വൃത്തിയാക്കും.
പക്ഷെ ഒരു പത്തിരുപത്തിമൂന്നു വർഷം മുൻപ് മുതൽ എനിക്ക് ഇതൊക്കെ ഒരു സന്തോഷമായിട്ടാണ് തോന്നുന്നത്. അന്ന് മുതലാണ് ഈ വീട്ടിൽ പദാസരകിലുക്കം കേൾക്കാൻ തുടങ്ങിയത്. എന്റെ ഉള്ളിൽ ആദ്യമായി വന്ന പെണ്തരി. എന്റെ കുഞ്ഞാറ്റ. എന്റെ മുക്കിലും മൂലയിലും ആ പാദസരം കിലുങ്ങുന്നുണ്ട്. ഇടക്ക് അടുക്കളയിലും ഇടക്ക് മുറികളിലും ആ പാദസരം കിലുങ്ങിക്കൊണ്ടേയിരുന്നു. ആദ്യമൊക്കെ പിച്ചവച്ചുനടന്ന പാദസരക്കിലുക്കം പിന്നീട് ഓടാനും തുടങ്ങി..
സ്കൂളിൽ ചേർത്തപ്പോൾ ആ പദാസരകിലുക്കം കുറെ നേരം കേൾക്കാതെ ഞാൻ അസ്വസ്ഥനായി. എന്റെ ഉള്ളിലെ എല്ലാരും പറയും കുഞ്ഞാറ്റ ഇല്ലാത്തപ്പോൾ വീടുറങ്ങിയതുപോലെയാണെന്നു. പിന്നെ പാദസരത്തിന്റെ കൂടെ ഇടക്കിടെ ചിലങ്കയും കിലുങ്ങി തുടങ്ങി. ചെറുതായി വേദനിക്കുമെങ്കിലും ആ വേദനയും ഞാൻ ആസ്വദിക്കുകയായിരുന്നു.
ഋതുമതിയായതുമുതൽ എന്റെ കുഞ്ഞാറ്റ എന്നെ വേദനിപ്പിക്കാതെ മെല്ലെമെല്ലെ നടന്നു തുടങ്ങി. പിന്നീട് അമ്മാവന്റെ മോനുമായുള്ള കല്യാണം ഉറപ്പിച്ച ശേഷം ആദ്യമായി ആ വളപ്പൊട്ടുകളും വീണത് എന്റെ തറയിലാരുന്നല്ലോ..
ഇന്ന് ഞാൻ വീണ്ടും ഒരു കല്യാണ വീടായി ഒരുങ്ങി. നേരത്തെ ഞാനിങ്ങനെ ഒരുങ്ങിയപ്പോളൊക്കെ പുതിയ ഒരാളും കൂടെ എന്റെ ഉള്ളിൽ വന്നിരുന്നല്ലോ. ഇപ്പൊ എന്റെ കുഞ്ഞാറ്റയും ഒരാളെ എന്റെ അന്തേവാസിയായി കൊണ്ടുവരുമല്ലോ. ആ കാത്തിരിപ്പിലാണ് ഞാനിപ്പോൾ. പക്ഷെ ഇന്നലെ രാത്രി കുഞ്ഞാറ്റയുടെ കണ്ണീരുവീണു ഞാൻ ഒരുപാട് നനഞ്ഞു. വല്യ വിഷമം ആയെങ്കിലും ഒരാളുടെ കൂടെ ജീവിതം ആരംഭിക്കുന്നതിന്റെ പേടിയാകും എന്നു ഞാൻ സമാധാനിച്ചു.
എന്റെ കുഞ്ഞാറ്റയെ ഏറ്റവും സുന്ദരിയായി കണ്ടത് ഇന്നാണ്. ഇന്നും അവൾ കണ്ണീരു കൊണ്ടെന്നെ നനച്ചു. ക്ഷേത്രത്തിലേക്ക് ഇറങ്ങുമ്പോൾ അവൾ എന്നെ രണ്ടു മൂന്നു വട്ടം തിരിഞ്ഞു നോക്കി. ഈ കുട്ടിയെന്താ ഇങ്ങനെ.. പാവം.
കല്യാണം കഴിഞ്ഞു എല്ലാരും തിരിച്ചു വന്നു.
‘ എവിടെ എന്റെ സുന്ദരിക്കുട്ടിയും പുതിയ അന്തേവാസിയും.. ഇല്ല .. അവളില്ല.. ആരെങ്കിലും ഒന്നു പറയൂ.. അവളില്ലെങ്കിൽ ഞാൻ ഉറങ്ങിപ്പോകും. എന്റെ ദൈവമേ എനിക്ക് സഹിക്കാൻ പറ്റുന്നില്ലല്ലോ… ഇനിയും ആ പാദസരക്കിലുക്കം എന്നു കേൾക്കും. എന്നു ചിലങ്കകെട്ടി എന്നെ മൃദുവായി നോവിക്കും… ‘
‘വീടുകൾക്ക് കണ്ണീരില്ലല്ലോ.. ആരറിയാൻ.. ഇനി വേണ്ട.. എന്റെ ഉള്ളിൽ പെണ്കുട്ടികള് വന്നാൽ മറ്റേതെങ്കിലും വീട്ടിലേക്കുള്ളതാ. ഇനി ഞാൻ ആരേം സ്നേഹിക്കില്ലാ.. ‘
ആ രാത്രി ആരെയും അറിയിക്കാതെ ഒരു പുരുഷന്റെ കണ്ണീരും എന്നെ നനക്കുന്നുണ്ടായിരുന്നു..
കുറെ കാലം കഴിഞ്ഞപ്പോൾ വീണ്ടും എന്റെ ഉള്ളിൽ പാദസരം കിലുങ്ങി. ഞാൻ ആ പാദസരക്കിലുക്കത്തെയും സ്നേഹിച്ചു. സ്വന്തമല്ലെന്നറിഞ്ഞു തന്നെ..
ദീപാ ഷാജൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo