Slider

ഒരു കല്ല്യാണതലേന്ന്

0
ഒരു കല്ല്യാണതലേന്ന്
••••••••••••••••••••••••••••••••••••••
കാട്ടു തീ പോലെ ആ വാർത്ത വളരെ പെട്ടെന്ന് നാട്ടിലാകെ പരന്നു.
ആ‌ ഉൾഗ്രാമത്തിൽ അത്‌ ചുരുങ്ങിയ സമയം കൊണ്ട്‌ തന്നെ ആബാലവൃദ്ധം ജനങ്ങളും അറിഞ്ഞു കഴിഞ്ഞു.
"റേഷൻ കടക്കാരൻ ശങ്കുണിണിയുടെ മൂത്ത മോൾ ഒളിച്ചോടീന്ന്"
കേട്ടവർ കേട്ടവർ മൂക്കത്ത്‌ വിരൽ വച്ചു.
"ശിവ ശിവ നാളെ കഴിഞ്ഞാൽ ആ പെണ്ണിന്റെ കല്ല്യണല്ല്യോ കലികാലം ന്നല്ലാണ്ട്‌ ന്താ പറയാ.
നീ ഒന്ന് വേഗങ്ങട്‌ നടക്കെന്റെ പയ്യേ"
പശുവിനെയും തെളിച്ച്‌ വയലിലേക്ക്‌ പോകുന്ന വാര്യത്തെ നാണി തള്ള കൈയ്യിലെ കയറു കൊണ്ട്‌ പശുവിന്റെ ചന്തിക്കൊന്ന് ആഞ്ഞ്‌ കൊടുത്ത്‌ ആരോടൊ പിറു പിറുത്തു.
അടി കൊണ്ട പശു
"ആ പെണ്ണു പോയതിനെന്റെ ചന്തി എന്ത്‌ പിഴച്ചു തള്ളേ"
എന്ന കണക്കിൽ ഒന്ന് മുരണ്ടു.
ചായപ്പീടികക്കാരൻ നാണു സമാവറിൽ വെള്ളം കോരിയൊഴിച്ചിട്ട്‌ ഭാര്യയോട്‌
പറഞ്ഞു.
" എടീ വിറക്‌ പിന്നെ വാരിയിടാം.പെണ്ണു
ക്ലാസ്സ്‌ കഴിഞ്ഞ്‌ വന്നില്ലേന്ന് ഒന്ന് പോയി നോക്കിയേച്ചും വാ"
എന്തോ ആലോചിച്ച ആ സ്ത്രീ കൈയ്യിലെ വിറകും അവിടെ ഇട്ട്‌ കമ്പ്യൂട്ടർ ക്ലാസ്സിനു പോയ ഏകമകളെയും വിളിച്ച്‌ വീട്ടിലേക്കോടി.
ശങ്കുണ്ണി ചേട്ടന്റെ വീട്ടിലാവട്ടെ ഉത്സവ പറമ്പിലെന്ന പോലെയുണ്ടായിരുന്ന ആളും ബഹളവും പെട്ടെന്ന് നിശബ്ദമായി.
ഒരു ഭാഗത്ത്‌ അവസാന മിനുക്ക്‌ പണിക്ക്‌ വന്ന പെയിന്റ്‌ പണിക്കാർ കലക്കിയ കുമ്മായം നോക്കി നെടുവീർപ്പിടുന്നു.
മറ്റൊരു ഭാഗത്ത്‌ കഴുകിയിട്ട ധാന്യങ്ങൾ കാക്ക കൊത്തുന്നത്‌ കണ്ടിട്ടും മിണ്ടാതെ അന്തിച്ചിരിക്കുന്ന സ്ത്രീകൾ.
ഇല മുറിക്കാനിരുന്ന വാല്യക്കാർ പിള്ളേർ ഇലയും കെട്ടും അവിടെ മേശപ്പുറത്തിട്ട്‌ പരസ്പരം മിണ്ടാതിരിക്കുന്നു.
കലവറയിലേക്ക്‌ അമ്മിയുമായി വരുന്നവർ അമ്മി മതിലിൽ ചാരി വച്ച്‌ ക്ഷീണം മാറ്റുന്നു.
അടുപ്പ്‌ കൂട്ടാൻ കല്ലുമായി വന്ന പാചകക്കാർ എടുത്ത്‌ വച്ച കല്ലിൽ ഇരുന്ന് ഇനിയെന്തെന്ന് ആലോചിക്കുന്നു.
കടയുടെ നിര പോലുമിടാതെ നിരയിൽ തൂക്കിയ ഷേർട്ട്‌ പോലും മറന്ന് മുറികൈയൻ ബനിയനുമിട്ട്‌ ചവിട്ടി കുലുക്കി വീട്ടിലേക്ക്‌ വരികയായിരുന്ന ശങ്കുണ്ണിയെ കണ്ടതും ചെവി കേൾക്കാത്ത ജാനുവേടത്തി ചോദിച്ചു.
"എണ്ണ വന്നോ ശങ്കുവേ"
അരിശം ഉച്ചിയിൽ കയറിയ ശങ്കുണ്ണി പറഞ്ഞു.
"എണ്ണയല്ല കു...."
മുഴുമിപ്പിക്കാതെ
"എന്നെ കൊണൊന്നും പറേക്കണ്ടാന്നും"
പറഞ്ഞ്‌ വെട്ടിതിരിഞ്ഞ്‌ ശങ്കുണ്ണി വീട്ടിലേക്ക്‌ നീട്ടി നടന്നു.
"മഴയൊന്നൂല്ലാലൊ പിന്നെന്തിനാ ഇവൻ കുടയെടുക്കാൻ പറഞ്ഞേന്ന്"
ആകാശത്ത്‌ നോക്കി ആലോചിച്ച്‌ ജാനുവേടത്തി രണ്ട്‌ നിമിഷം റോഡിലും നിന്നു.
വീട്ടിലേക്ക്‌ വരുന്ന വഴിക്ക്‌ പന്തലിന്റെ മുള കെട്ടണോ അഴിക്കണോന്ന് ആലോചിച്ച്‌ നിൽക്കുകയായിരുന്ന പന്തലു പണിക്കാരൻ നിന്നിരുന്ന ഏണിയിലൊരൊറ്റ ചവിട്ട്‌ ശങ്കുണ്ണി.
ഏണി മറിഞ്ഞ്‌ വീഴുമ്പോൾ ഉടുമുണ്ട്‌ ഏണിയിൽ കുടുങ്ങി മുളയിൽ വവ്വാൽ വാഴക്കയ്യിൽ ഞാന്നത്‌ പോലെ അർദ്ധനഗ്നനായി പന്തലു പണിക്കാരൻ.
എങ്കിലും ആർക്കും ഒരു ചിരിയും വന്നില്ല.
ശങ്കുണ്ണിചേട്ടന്റെ ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടതെന്ന് കരുതിയ ഒരു കാര്യമാണു ഇവിടെ തകർന്ന് കിടക്കുന്നതെന്ന് അറിയുന്ന ആർക്കും ചിരിക്കാൻ പറ്റുമായിരുന്നില്ല.
അയാൾ പോയതിനു ശേഷം ആരോ പന്തലുകാരനെ ഏണി വെച്ച്‌ കൊടുത്ത്‌ താഴെ ഇറക്കി.
"കൊന്ന് കുഴിച്ച്‌ മൂടും ഞാനാ മൂധേവിയെ"
അരിശം മൂത്ത്‌ അകത്ത്‌ കയറിയ ശങ്കുണ്ണി കൈ കൂപ്പി നിൽക്കുന്ന രണ്ട്‌ അറ്റാക്ക്‌ വന്ന ഭാര്യയുടെ കണ്ണീർ കണ്ടപ്പൊ ഒന്ന് ശാന്തനായി.
കഞ്ഞിക്കലത്തിൽ നിന്ന് ഒരു മോന്ത വെള്ളവും എടുത്ത്‌ കുടിച്ച്‌ വരാന്തയിലെ ചാരുകസേരയിൽ മടിക്കുത്തഴിച്ച്‌ നിവർന്ന് ചാരിക്കിടന്നു ശങ്കുണ്ണി.
നാലു വീടുകൾക്ക്‌ പിന്നിലാണു
ചെക്കന്റെ വീട്‌. ഈ വീടിന്റെ മുന്നിലൂടെ എന്നും പോയ്ക്കോണ്ടിരുന്ന വീട്ടുകാർ.
നാലു വർഷായി മുടിഞ്ഞ പ്രേമാന്ന് പറഞ്ഞ്‌ കാലു പിടിച്ച്‌ കരഞ്ഞപ്പൊ ശരിക്കും ഞെട്ടിപ്പോയി. എന്നിട്ടാ ഒരു വകക്കും കൊള്ളാത്ത അവനെ കൊണ്ട്‌ തന്നെ കെട്ടിക്കാൻ സമ്മതിച്ചത്‌. വലിയ പൈസ കൊടുത്ത്‌ മരുമകനായി വരുന്ന ചെക്കനു ഒരു വിസയും ഏർപ്പാടാക്കി വച്ചു. എന്നിട്ട്‌ ഈ പെണ്ണിതാരുടെ കൂടെയാ ഇറങ്ങി പോയേന്ന് ആലോചിച്ച്‌ കാർക്കിച്ച്‌ നീട്ടിയൊരു തുപ്പ്‌ തുപ്പി ശങ്കുണ്ണി.
അപ്പൊളാണു നാട്ടിലെ മുഖ്യസ്ഥൻ നാരായണൻ മാഷ്‌ അവിടേക്ക്‌ വന്നത്‌.
വാക്ക്‌ കൊടുക്കാനും നിശ്ചയ ചടങ്ങുകൾക്കും മുന്നിൽ നിന്ന മാഷെ കണ്ടപ്പൊ ശങ്കുണ്ണിയുടെ മുഖം വീണ്ടും കുനിഞ്ഞു.
അകലത്തുള്ളൊരു കസേര വലിച്ച്‌ അടുത്തേക്കിട്ടിരുന്നു മാഷ്‌.
" ചെറുക്കന്റെ വീട്ടുകാരെ ഒന്നറിയിക്കണ്ടെ മാഷേ"
ചാരി കിടന്നിടത്ത്‌ നിന്ന് മുഖത്ത്‌ പോലും നോക്കാതെ ഇടർച്ചയോടെ ശങ്കുണ്ണി ചോദിച്ചു.
"കാര്യം ചെക്കന്റെ അച്ഛൻ അറിഞ്ഞിട്ടുണ്ട്‌ ശങ്കുണ്ണീ, ചെക്കൻ അവിടെ ഇല്ല രാവിലെ പാസ്പോർട്ടിന്റെ എന്തോ കാര്യത്തിനു കോഴിക്കോട്‌ പോയിട്ടുണ്ടെന്നാ അറിയാൻ കഴിഞ്ഞത്‌. അവൻ വന്നിട്ട്‌ എന്താണെന്ന് വച്ചാ നോക്കാം ന്നാ അയാൾ പറഞ്ഞെ."
"ഇനിയെന്ത്‌ ചെയ്യാനാ മാഷേ അവളെന്നെ......., "
കണ്ണീർ തൊണ്ടയിൽ കുടുങ്ങിയ ശങ്കുണ്ണിക്ക്‌ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
ആളുകൾ ഒന്നൊന്നായി ആ വീട്ടിൽ നിന്ന്
ഇറങ്ങി തുടങ്ങിയിരുന്നു.
കുമ്മായം കലക്കിയതും,ഇലക്കെട്ടുകളും, ധാന്യങ്ങളും, പച്ചക്കറി ചാക്കുകളും,
അടുപ്പ്‌ കല്ലുകളും അനാഥശവങ്ങൾ പോൽ അവിടവിടെ കിടന്നു.
വീടിന്റെ മുന്നിലെ റോഡരികത്തിരുന്ന ചെറുപ്പക്കാരിലാരുടെയോ മൊബൈലിന്റെ ഉച്ചത്തിലുള്ള റിംഗ്‌ ശബ്ദം കേട്ടാണു ചിന്തയിൽ നിന്നു ശങ്കുണ്ണി ഞെട്ടി എണീറ്റത്‌.
സമയം നോക്കുമ്പോ മൂന്ന് മണി കഴിഞ്ഞിരിക്കുന്നു. പതിനൊന്ന് മണിയുടെ വെള്ള കഞ്ഞിയും ഉച്ചയൂണും ഒരിക്കൽ പോലും ഒഴിവാക്കിയിട്ടില്ലാത്ത ശങ്കുണ്ണിക്ക്‌ ഇന്ന് വിശപ്പ്‌ തന്നെ ഇല്ല.
ഫോൺ അറ്റന്റ്‌ ചെയ്ത ചെറുപ്പക്കാരൻ മാറി നിന്ന് സംസാരിച്ചതിനു ശേഷം കൂട്ടുകാരോടായി എന്തോ സംസാരിക്കുന്നതിന്റെ ആംഗ്യം മാത്രം ഉമ്മറത്തിരിക്കുന്ന ശങ്കുണ്ണി കണ്ടു.
പെട്ടെന്ന് തന്നെ റോഡിൽ ആളുകൾ കൂടുകയും അത്‌ ചെറു ചെറു കൂട്ടങ്ങളായി പിറുപിറുക്കലും ആരംഭിച്ചു.
കുറച്ച്‌ കഴിഞ്ഞു നാരായണൻ മാഷ്‌ വന്ന് ശങ്കുണ്ണിയോട്‌ മെല്ലെ ആ കാര്യം അവതരിപ്പിച്ചു.
"അവളുടെ കല്ല്യാണം കഴിഞ്ഞു. അവരിങ്ങോട്ട്‌ വരുന്നുണ്ട്‌. കവലയിലെത്തിയിട്ടുണ്ട്‌, നീ അവിവേകമൊന്നും കാണിക്കരുത്‌ ശങ്കുണ്ണീ"
ശങ്കുണ്ണിയുടെ കണ്ണുകളിൽ തീ കത്തി.
"മാഷേ ഞാൻ ഇനി എങ്ങനെ ആ ചെക്കന്റെയും വീട്ടുകാരുടെയും മുഖത്ത്‌
നോക്കും. ഇല്ല മാഷേ അവളെ ഞാനീ നാട്ടിൽ ഇറങ്ങാൻ അനുവദിക്കില്ല."
പറഞ്ഞ്‌ തീർന്നതും കുരങ്ങന്റെ ചിഹ്നമുള്ള കൊടി കെട്ടിയ നാലഞ്ച്‌ കാറുകൾ റോഡിൽ വന്ന് നിരനിരയായി നിന്നു.
നടുവിൽ നിർത്തിയ കാറിൽ നിന്നും വിവാഹവേഷ ഭൂഷാദികളോടെ പുറത്തിറങ്ങിയ മകളെ കണ്ട ശങ്കുണ്ണിക്ക്‌ ക്ഷമ കെട്ടു പോയി. അകത്തേക്കോടിയ ശങ്കുണ്ണി അടുക്കളയിൽ പോയി കൊടുവാളുമായി ഉറഞ്ഞു തുള്ളി കോമരം കണക്കെ മുറ്റത്തേക്ക്‌ ചാടി ഇറങ്ങി.
വീണ്ടും മുന്നോട്ട്‌ കുതിക്കാനിരിക്കെ കാറിൽ നിന്നിറങ്ങിയ നവവരനെ കണ്ട ശങ്കുണ്ണിയുടെ മുഖം വെള്ള കടലാസ്‌ പോലെ വിളർത്തു പോയി.
"കല്ല്യാണം നിശ്ചയിച്ച ചെക്കൻ."
അന്തം വിട്ട്‌ ആളുകൾ ചുറ്റും നോക്കി നിൽക്കെ അവളുടെ അടുത്ത കൂട്ടുകാരിയുടെ കുത്തുവാക്കിനു മറുപടി ആയി അവൾ പറഞ്ഞു.
"കോഴിക്കോട്ടൊരു ഹോട്ടലിൽ പോയതാ"
അതും പറഞ്ഞ്‌ അവൾ നവവരനെ തുറിച്ചൊന്ന് നോക്കി.
പല്ലുറുമ്മി മുന്നിലേക്ക്‌ കൊടുവാളുമായി വരുന്ന അമ്മായി അച്ചനെ കണ്ട്‌ ആളുകളുടെ ഇടയിലൂടെ ഓടാനൊരു ഒഴിവ്‌ നോക്കി വെക്കുകയായിരുന്നു അപ്പോൾ നവവരൻ.
കൊടുവാളുമായി ഓടി വന്ന ശങ്കുണ്ണി ആഞ്ഞ്‌ വെട്ടി. ഒരു വട്ടമല്ല മൂന്ന് വട്ടം.
കെട്ട്‌ അറുക്കപ്പെട്ട സന്തോഷത്തിൽ മൂന്ന് മുട്ടനാടുകൾ കരഞ്ഞ്‌ കൊണ്ട്‌ നാലു പാടും ഓടി.
ഓടി അകലുന്ന മട്ടൻ ബിരിയാണിയെ ഓർത്ത് ചുറ്റും കൂടിയവർ പലരും പലരേയും പ്രാകിക്കൊണ്ടുമിരുന്നു.
✍️ഷാജി എരുവട്ടി...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo