Slider

താലി

0


എൻെറ ദിനങ്ങൾ തുടങ്ങുന്നതും അവസാനിക്കുന്നതും നിന്നോർമ്മയിൽ
താലി കണ്ണിൽ ചേർത്തുവച്ച്
ഈശ്വരനേക്കാൾ മുന്നേ നിൻെറ മുഖമോർത്തു ഞാനെൻെറ ദിനങ്ങൾക്കു തുടക്കം കുറിക്കുന്നു.
പിന്നാലെ മാത്രമേ ഈശ്വരനെപ്പോലും ഞാൻ കൈകൂപ്പുന്നുള്ളു.
ഈശ്വരനു മുന്നിലതു തെറ്റോ ശരിയോ എന്നെനിക്കറിയില്ല
എൻെറ ചിന്തയിൽ എൻെറ ശരികളിൽ
അതെൻെറ മാത്രം ശരിയാണ്,
എൻെറ മാത്രം ഇഷ്ടമാണ്
അത്ര പവിത്രമാണീ താലി
അവസാനശ്വാസം വരെയും എൻെറ ഹൃദയത്തോടു ചേർത്തു നിർത്താനായ്
നിൻെറ കൈകളാൽ നൂലിഴ
കോർത്തെന്നെയണിയിച്ച ആലിലത്താലി.
കേവലമൊരു തരിപ്പൊന്നല്ലിതെനിക്ക്....
അതിനു പ്രാണൻെറ വിലയുണ്ടെന്നെന്നെ പഠിപ്പിച്ചു കടന്നു പോയ വർഷങ്ങൾ
കാതങ്ങൾക്കകലത്തിരുന്നു നീയെനിക്കേകുന്ന സുരക്ഷിതത്വം
ഏതാപത്തിലും ഒപ്പമുണ്ടെന്നു പറയാതെ പറയുന്ന ആത്മധൈര്യം
പിന്നൊരദൃശ്യവലയമായ് നിൻെറ സാന്നിദ്ധ്യം
ഒക്കെയുമെനിക്കു നൽകുന്നീ പൊൻതിളക്കം.
ഒത്തിരി പിണക്കങ്ങളും അതിലേറെ ഇണക്കങ്ങളുമായി നമ്മുടെ ഈ ജീവിതത്തിനൊടുവിൽ
എന്നെങ്കിലുമൊരിക്കൽ ആത്മാവുവേർപെട്ട്
അഗ്നി നാളങ്ങളേറ്റു വാങ്ങുന്ന എൻെറ ശരീരത്തിൽ,ഹൃദയത്തോടു ചേർന്ന് ഒരടയാളമുണ്ടാകും
അത്രയും നാൾ എന്നെ ചേർന്നിരുന്ന ഒരു പൊന്നിൻ അടയാളം.
ആ നിതാന്തയാത്രയിലെൻെറ സിന്ദൂരരേഖയിലണിയിക്കാൻ
ഒരു നുള്ളു കുങ്കുമമെനിക്കായി നീ കരുതീടുക
സരിത സുനിൽ
***************************************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo