ശിക്ഷാവിധി (ചെറുകഥ)
***********
***********
" രവി, ഒരു മാസായി, തന്റെ പുതിയ റിപ്പോർട്ട് ഒന്നും കണ്ടില്ല. പുതിയത് വല്ലതും കിട്ടിയില്ലെങ്കിൽ തന്റെ പണി പ്രശ്നാവും, പറഞ്ഞില്ലാന്ന് വേണ്ട".
"സാറേ ഒരു കാര്യം ചെയ്യാം. ഞാൻ പോയി ഏതെങ്കിലും പെണ്ണിനെ ബലാത്സംഗം ചെയ്യാം, സാറിന് സ്റ്റോറിയും കിട്ടും, എനിക്ക് സ്ഥിരം പണിയും''
"ങും.. നീ എന്തെങ്കിലും ചെയ്യ് " ഞാൻ പറഞ്ഞ തമാശ ഒട്ടും പിടിക്കാത്ത മട്ടിൽ ജോയ് സാർ പറഞ്ഞു. ജോയ് സാറിന് അധികം ജോലിപരിചയം ഇല്ലെങ്കിലും, വാർത്തകളെ തേടിപ്പിടിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. അദ്ദേഹത്തിന്റെ തൂലികയിൽ നിന്നുതിർന്ന പല ചെറിയ വാർത്തകളും പിന്നീട് കോളിളക്കം വരെ സൃഷ്ടിച്ചിട്ടുണ്ട്. കോളേജിൽ എന്റെ സീനിയർ ആയിരുന്നു ജോയി സാർ, ആ പരിചയം വെച്ചാണ് ഇവിടെ ജോലി ലഭിച്ചത്. ഓഫീസിന് പുറത്തും ഞാൻ അദ്ദേഹവുമായി ഒരു നല്ല സൗഹ്യദം പുലർത്തുന്നതിനാൽ ചെറിയ തമാശകൾ പറയാനുള്ള മുഴുവൻ സ്വാതന്ത്ര്യവും എനിക്കുണ്ട്.
മലയാളം ലിറ്ററേച്ചറിൽ ബിരുദവും, മാസ് കമ്യൂണിക്കേഷനിൽ ബിരുനാനന്തര ബിരുദവും എടുത്ത് ഇവിടെ ചേർന്നിട്ട് ആറ് മാസമായി. ഈ മാസം പ്രോബേഷൻ തീരും. അതു കൊണ്ടാണ് സാറിന്റെ ഇപ്പോഴത്തെ ഈ ഓർമ്മപ്പെടുത്തൽ.
മുതിർന്ന പത്രപ്രവർത്തകർക്ക് വാർത്ത പെട്ടെന്ന് മണത്തറിയാനുള്ള കഴിവുണ്ട്. അത് ജോലി പരിചയത്തിൽ നിന്നും വരുന്നതാണ്. കഴിഞ്ഞ ഒരാഴ്ച്ചയായി തലങ്ങും വിലങ്ങും നടക്കാൻ തുടങ്ങിയിട്ട്, പക്ഷെ ഒന്നും തടഞ്ഞില്ല.
ഇന്ന് സെക്രട്ടേറിയറ്റിന്റെ മുന്നിൽ ഒന്ന് പോകണം. ആരും ശ്രദ്ധിക്കാതെ വല്ല മൂലയിലും പോസ്റ്ററും പിടിച്ച് ഒരിക്കലും കിട്ടാത്ത നീതി കാത്തിരിക്കുന്ന ആരെങ്കിലും കാണും. എന്തെങ്കിലും ഒരു വാർത്ത തട്ടികൂടി ജോയ് സാറിന് കൊടുക്കണം.
ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ എതിരെ മോനോൻ സാർ വന്നു.
" എന്താ രവി വേട്ടക്കിറങ്ങാണോ, ഇതുപോലെ തേരാപാരാ നടന്നാൽ ന്യൂസ് കിട്ടില്ല. അത് അന്തരീക്ഷം മുഴുവൻ നിറഞ്ഞു നിൽക്കുന്ന വായു പോലെയാണ്. കണ്ണും കാതും മനസ്സും തുറന്നിരിക്കണം. അല്ലാതെ നടന്ന് പോകുമ്പോൾ ആരും നിന്നെ വിളിച്ച് 'രവി ന്യൂസ് ഉണ്ട്, വേണോ' എന്ന് ചോദിക്കില്ല".
പേരിന് മുഖത്തൊരു ചിരി വരുത്തി അവിടെ നിന്നും ഇറങ്ങി.
കാലത്ത് ഉറക്കം കഴിഞ്ഞ് എഴുന്നേൽക്കാൻ വൈകിയതിനാൽ പ്രാതൽ ഒന്നും കഴിക്കാതെ ആണ് വന്നത്. ഹോട്ടലിൽ കയറി എന്തെങ്കിലും കഴിച്ചിട്ടാവാം ഇന്നത്തെ തുടക്കം. ഓഫീസിൽ നിന്നും ഇറങ്ങി കോഫി ഷോപ്പിൽ കയറി
കാലത്തായതിനാൽ കോഫി ഷോപ്പിൽ വലിയ തിരക്കുണ്ടായിരുന്നില്ല.. പുറത്തു നിന്നും കണ്ടാൽ ആരും അധികം ശ്രദ്ധിക്കാത്ത സ്ഥലമാണ് ഇത്. കയറി വരുമ്പോൾ രണ്ടു ഭാഗത്തും ഭംഗിയായി ഇട്ടിരിക്കുന്ന വലുതും ചെറുതുമായി പല രൂപത്തിലുള്ള ടേബിളുകൾ ഉണ്ട് എന്നാൽ അകത്ത് പോയാൽ വലതുഭാഗത്തും ഇടതു ഭാഗത്തും ഓരോ മുറി പോലെ ഉണ്ട്, അവിടെ ഇരുന്നാൽ കോഫി ഷോപ്പിൽ വന്ന് പോകുന്നവർ കാണില്ല. ഉച്ചകഴിഞ്ഞാൽ കോളെജ് വിദ്യാർത്ഥികൾ വന്ന് ഇവിടം നിറയും. സ്വകാര്യമായ കൂടിച്ചേരലുകൾക്കും പ്രേമസല്ലാപങ്ങൾക്കും ഇതിനേക്കാൾ പറ്റിയ മറ്റൊരു സ്ഥലം ടൌണിൽ ഇല്ല. ഇവിടെ കുറച്ച് സമയം ഇരുന്ന് ദിവസത്തെ പരിപാടികൾ ആസൂത്രണം ചെയ്യുകയാണ് പതിവ്.
ഒഴിഞ്ഞ മൂല നോക്കി ഇരുന്നു. അധികം ആരും ഇല്ല. രണ്ടു മുന്ന് ടേബിളിൽ മാത്രം ആളുണ്ട്.
മൊബലിന്റെ സെൽഫി ക്യാമറ ഓൺ ചെയ്ത് തലമുടി ഒതുക്കുമ്പോഴാണ് സെൽഫിയിൽ തന്റെ തൊട്ടു പിറകെ വന്നിരുന്ന സ്ത്രീയിൽ ശ്രദ്ധ പോയത്. ഡോക്ടർ രേവതി ? സർക്കാർ ആശുപത്രിയിലെ സീനിയർ സർജൻ. ഇവരെ ഒന്നു രണ്ട് തവണ ടിവിയിൽ കണ്ടിട്ടുണ്ട്. ഇവരെന്താ ഇവിടെ, അതും 'റിസർവ്' എന്നെഴുതിയ ടേബിളിൽ.
ആരെയോ കാത്തിരിക്കുകയാണെന്ന് തോന്നി. മേനോൻ സാർ പറഞ്ഞതുപോലെ കണ്ണും കാതും ഒന്ന് തുറന്ന് വച്ച് നോക്കാം, എന്തെങ്കിലും തടഞ്ഞാലോ. എന്തോ എന്നിലെ പത്രപ്രവർത്തകൻ ഉണർന്നു. ഇനി കാത്തിരിക്കുക തന്നെ, ഇത് കഴിഞ്ഞിട്ടാവാം സെക്രട്ടേറിയേറ്റ് . ഈ സമയം കൊണ്ട് എന്തായാലും അവിടെ സമരം ചെയ്യുന്നവർക്ക് നീതിയൊന്നും കിട്ടാൻ പോകുന്നില്ല.
****
കോഫി ഷോപ്പിൽ റിസർവ്ട് എന്ന് എഴുതിയ ടേബിളിൽ കാത്തിരിക്കാൻ പറഞ്ഞത് എന്തിനാണെന്ന് അറിയില്ല. കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട് എന്ന് മാത്രമേ വിളിച്ചപ്പോൾ പറഞ്ഞുള്ളൂ.
രണ്ടു ദിവസമായി തീ തിന്നാൻ തുടങ്ങിയിട്ട്. ആരൊക്കെയോ പിന്നിൽ ചരട് വലിക്കുന്നുണ്ട് അല്ലെങ്കിൽ ഇങ്ങിനെയൊന്നും സംഭവിക്കില്ല എല്ലാം ഒരു ദു:സ്വപ്നം പോലെ തോന്നുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച്ച ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോഴാണ് ആശുപത്രിയിൽ നിന്നും സൂപ്രണ്ടിന്റെ ഫോൺ വന്നത്. ഒരു പോസ്റ്റ്മോർട്ടം കൂടി ഉണ്ട്, വേഗം തിരിച്ചെത്താൻ പറഞ്ഞു. ചേട്ടനെ വിളിച്ച് കാര്യം പറഞ്ഞ് നേരേ വണ്ടി തിരിച്ചു ഹോസ്പിറ്റലിലേക്ക്. ക്ലാസ് കഴിഞ്ഞ് മകൾ എത്തിയിട്ടില്ല, അവളുടെ മൊബയിൽ പരിധിക്ക് പുറത്താണ്, അത് ഒരു പുതിയ കാര്യമല്ലാത്തതിനാൽ കാര്യമാക്കിയില്ല. ഒരു കാര്യത്തിന് വിളിച്ചാൽ ഒന്നുകിൽ പരിധിക്ക് പുറത്ത് അഥവാ കിട്ടിയാലും പകുതി സംസാരിക്കുമ്പോഴെക്കും ഫോൺ കട്ടാവും
സൂപ്രണ്ട് പറഞ്ഞാണ് അറിഞ്ഞത്. മരിച്ചത് ടൌണിലെ വലിയ ഒരു കച്ചവട ശൃംഖലയുടെ ഉടമസ്ഥന്റെ ഏക മകൻ ആണ്. അപകട മരണമാണ്, അപാർട്ട്മെന്റ് സമുച്ചയത്തിന്റെ പതിനാലാം നിലയിൽ നിന്ന് വീണ് മരിച്ചതാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മാത്രമുള്ള ഒരു ചടങ്ങാണ്. വെട്ടിമുറിച്ച് നശിപ്പിക്കരുത് എന്ന് പ്രത്യേകം നിർദ്ദേശമുണ്ട്. പോസ്റ്റ്മോർട്ടത്തിന് വേണ്ടി മുറി തയ്യാറാക്കുമ്പോൾ ഞാൻ പുറത്തുള്ള മുറിയിൽ കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് മേശപ്പുറത്തിരുന്ന ഫോൺ അടിച്ചത്.
"ഡോക്ടർ രേവതിയല്ലേ." അതെയെന്ന് പറഞ്ഞപ്പോൾ മറുവശത്തു നിന്നും ഒരു സ്ത്രീശബ്ദം വന്നു.
"തിരിച്ചൊന്നും പറയണ്ട. പോസ്റ്റ്മോർട്ടം കഴിഞ്ഞ് റിപ്പോർട്ടിൽ മദ്യലഹരിയിൽ താഴെ വീണപ്പോൾ പറ്റിയ മുറിവുകൾ ആണ് മരണകാരണം എന്ന് മാത്രമേ എഴുതാവൂ. പിന്നെ വെറുതെ മകളെ വിളിച്ച് കഷ്ടപ്പെടണ്ട, അവൾ ഞങ്ങളുടെ അടുത്ത് സുരക്ഷിതയാണ് ഇതുവരെ. ഡോക്ടർ റിപ്പോർട്ട് കൈമാറി ക്കഴിഞ്ഞാൽ നിങ്ങളേക്കാൾ മുൻപ് മകൾ വീട്ടിലെത്തും.. അല്ലെങ്കിൽ ... " പറഞ്ഞ് മുഴുമിപിക്കും മുൻപേ മറുവശത്ത് ഫോൺ നിശ്ശബ്ദമായി.
പിന്നെ നടന്നതെല്ലാം യാന്ത്രികമായിരുന്നു. മനസ്സ് മുഴുവൻ മകളെയോർത്ത് വിങ്ങുകയായിരുന്നു.
പതിനാലാം നിലയിൽ നിന്നും വീണതിന്റെ ആഘാതത്തിൽ പറ്റിയ അപകടങ്ങൾ മാത്രമാണ് മരണകാരണം എന്ന് കണ്ടു. ശരീരത്തിൽ യാതൊരു വിധ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും കണ്ടില്ല. അമിതമായി മദ്യം കഴിച്ചിരുന്നു എന്നതും പരിശോധനയിൽ തെളിഞ്ഞു. ആമാശയത്തിൽ അമിതമായ മദ്യത്തിന്റെ അളവ് അതിന് തെളിവാണ്. അതും കുടിപ്പിച്ചത് ബലം പ്രയോഗിച്ചല്ല താനും. മാത്രവുമല്ല ബോഡിയുടെ തൊട്ടടുത്ത് മദ്യം കുടിച്ച ഗ്ലാസും പൊട്ടി ചിതറിയിട്ടുണ്ടായിരുന്നു എന്നും പതിനാലാം നിലയിലെ ബാൽക്കണിയിൽ ഉള്ള ടീ പോയിയുടെ മുകളിൽ പകുതി കഴിച്ച മദ്യക്കുപ്പി കണ്ടെത്തിയതായി പോലീസിന്റെ റിപ്പോർട്ടിൽ കണ്ടിരുന്നു.
അപ്പോൾ എന്തിനാണ് റിപ്പോർട്ട് മാറ്റി എഴുതണം എന്ന് എന്നോട് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത് എന്ന് മനസ്സിലായില്ല.
റിപ്പോർട്ട് ഉണ്ടാക്കി അതിൽ ഒപ്പു വച്ച് സീൽ ചെയ്ത് ബോഡി വിട്ടു കൊടുത്ത് അകത്തെ മുറിയിൽ വന്നപ്പോൾ ഫോൺ ഒരിക്കൽ കൂടി ശബ്ദിച്ചു. "ഇനി മകളുടെ ഫോൺ വിളിച്ചോളൂ, അവൾ എടുക്കും" അത്രയും പറഞ്ഞ് ഫോൺ വിച്ഛേദിച്ചു. അതായത് ഫോൺ ചെയ്തിരിക്കുന്നത് ആശുപത്രിയുടെ ഉള്ളിൽ തന്നെ ഉള്ള ആളാണ്, അധികാരികമായി റിപ്പോർട്ട് നൽകണമെങ്കിൽ പരിശോധനക്കയച്ച ആന്തരിക അവയവങ്ങളുടെ ഫലം വരണം. അവർ അറിഞ്ഞിരിക്കുന്നു എന്റെ പ്രാധമിക റിപ്പോർട്ടിലെ കാര്യങ്ങൾ.
പുറത്ത് വന്ന് ബാഗിൽ നിന്നും ഫോൺ എടുത്ത് ഞാൻ വിളിച്ചപ്പോൾ മകൾ വീട്ടിൽ എത്തിയെന്ന് അറിയിച്ചു. എവിടെയായിരുന്നു എന്ന ചോദ്യത്തിന് മറുപടി വളരെ അപ്രതീക്ഷിതമായിരുന്നു. അവൾ ടൌണിൽ നിന്ന് ബസ്സിൽ കയറി അടുത്ത് ഒരു സ്ത്രീ വന്നിരുന്നത് ഓർമ്മയുണ്ട്. ബസ്സ് അവസാന സ്റ്റോപ്പിൽ എത്തി കണ്ടക്ടർ വിളിച്ചപ്പോളാണ് പിന്നെ ഉണർന്നത്. ഫോൺ കാണാതായപ്പോൾ പരതി നോക്കിയപ്പോൾ താഴെ കിടക്കുന്നത് കണ്ടു. അത് ഓൺ ചെയ്ത് വീട്ടിലെത്തിയപ്പോൾ ആണത്രെ എന്റെ ഫോൺ വന്നത്.
ഞാൻ പോലിസിൽ റിപ്പോർട്ട് ചെയ്താലും ആരും വിശ്വസിക്കില്ല, എനിക്കങ്ങിനെ ഫോൺ വന്നതിന് യാതൊരു തെളിവും ഇല്ല. മകളെ ആരും തട്ടിക്കൊണ്ട് പോയിട്ടും ഇല്ല.
അടുത്ത ദിവസം വീണ്ടും ഫോൺ വന്നു. . "ഡോക്ടറെ ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കുക. തിങ്കളാഴ്ച്ച ഒരു പത്തരക്ക് ടൌണിൽ കോഫി ഷോപ്പിൽ വരു, അവിടെ ഒരു ടേബിൾ റിസർവ് ചെയ്തിട്ടുണ്ട്. കുറച്ച് സംസാരിക്കാനുണ്ട്, വരാതിരിക്കരുത്."
എന്തിനായിരിക്കും കാണണമെന്ന് പറഞ്ഞത്.
" ഡോക്ടർ രേവതി" പിന്നിൽ നിന്നും ഫോണിൽ കേട്ട സ്ത്രീശബ്ദം.
തിരിഞ്ഞു നോക്കിയപ്പോൾ എന്റെ അയൽപക്കത്തെ വീട്ടിലെ സുമതിയും കൂടെ ഏതാണ്ട് ഇരുപത്തഞ്ച് വയസ്സ് പ്രായം വരുന്ന പെൺകുട്ടിയും.
"സുമതിയെന്താ ഇവിടെ ?"
" ഡോക്ടർക്ക് വേണ്ടി ഈ ടേബിൾ ബുക്ക് ചെയ്തത് ഞാനാണ്''
ഞാൻ ഒന്നും മനസ്സിലാവാതെ ഇരുന്നപ്പോൾ സുമതി തുടർന്നു.
" എന്നെ ഒട്ടും പ്രതീക്ഷിച്ചില്ല അല്ലേ ഡോക്ടർ, ഇത് സോഫിയ. ഞാൻ തന്നെയാണ് ഡോക്ടറെ ഫോണിൽ വിളിച്ചിരുന്നത്. ഡോക്ടർക്ക് ബുദ്ധിമുട്ടായി എന്നറിയാം എന്നാലും ഡോക്ടറോട് ഞങ്ങൾ എന്തിനിതു ചെയ്തു എന്ന് ഡോക്ടർ അറിഞ്ഞിരിക്കണം എന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. അതു കൊണ്ടാണ് ഇവിടെ വരാൻ പറഞ്ഞത് "
"ആ മരണത്തിൽ അമിതമായ് മദ്യം കഴിച്ച് പതിനാലാം നിലയിൽ നിന്നും വീണ് മരിച്ചതല്ലാതെ മറ്റൊന്നും കാണാനായില്ല. പിന്നെന്തിനാണ് നിങ്ങൾ എന്നോട് ഇങ്ങിനെ ചെയ്തത്,?"
"ഞങ്ങൾക്ക് പറയാനുള്ളത് മുഴുവൻ ഡോക്ടർ കേൾക്കണം."
"മരിച്ചു പോയ ജോണി ഈ നഗരത്തിലെ അറിയപ്പെടുന്ന ഒരു പണക്കാരനാണ്. അവർക്ക് ജ്വല്ലറി കടകളും, വസ്ത്രക്കച്ചവടവും, തുടങ്ങി വളരെയധികം കച്ചവട സ്ഥാപനങ്ങൾ ഉണ്ട്. ജോണിയുടെ അപ്പച്ചനാക്കി ഉണ്ടാക്കിയതാണ് എല്ലാം. ജോണി അമേരിക്കയിൽ പോയി പഠിച്ച് കുടുംബ കച്ചവടങ്ങൾ ഒക്കെ ഏറ്റെടുത്ത് നോക്കി നടത്തുകയായിരുന്നു. നാട്ടുകാർക്കും വീട്ടുകാർക്കുമെല്ലാം അയാൾ വളരെ നല്ലവനും സർവ്വോപരി സാമൂഹിക മേഖലയിൽ വളരെയധികം അറിയപ്പെടുന്ന ഒരാൾ കൂടി ആയിരുന്നു.
ഇദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ നല്ലൊരു ശതമാനം പെൺകുട്ടികളാണ് ജോലി ചെയ്തിരുന്നത്. ഇദ്ദേഹത്തെപ്പറ്റി അവിടുത്തെ ജോലിക്കാർ ആരും ഒരിക്കലും മോശമായി പറയുന്ന കേട്ടിട്ടില്ല. ഞാനും സോഫിയയും അവിടുത്തെ എക്കൌണ്ട്സ് ഡിവിഷനിൽ ജോലിക്കാർ ആണ്. ഒരു ദിവസം ഞങ്ങളുടെ കൂടെ ജോലി ചെയ്തിരുന്ന ശ്രീജ എന്ന കുട്ടി എന്നോട് സ്വകാര്യമായി ഒരു കാര്യം പറഞ്ഞു. എനിക്കു പോലും വിശ്വസിക്കാനാവാത്തതായിരുന്നു അത്. ജോണി അവളെ പല തവണ അയാളുടെ മുറിയിൽ വിളിച്ചെന്നും അയാളുടെ കൂടെ കിടക്കാൻ നിർബന്ധിച്ചുവെന്നും പറഞ്ഞു. അത് കഴിഞ്ഞ് പിറ്റേ ദിവസം മുതൽ അവൾ ജോലിക്ക് വന്നില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആണ് ഞങ്ങൾ അറിഞ്ഞു അവൾ ആത്മഹത്യ ചെയ്തുവെന്ന്. അതും തീവണ്ടിക്ക് തല വച്ച്. അത് ആത്മഹത്യ അല്ല എന്ന് അവളുടെ വീട്ടുകാർ വിശ്വസിച്ചിരുന്നു. പക്ഷേ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അത് ആത്മഹത്യ തന്നെയാണെന്ന് സ്ഥിരീകരിച്ചു.
പിന്നീട് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു ഇതു പോലെ പല പെൺകുട്ടികളും അയാളുടെ വലയിൽ വീണിട്ടുണ്ടായിരുന്നുവെന്നും പക്ഷേ പലരും കുടുംബ പ്രാരാബ്ദങ്ങൾ കാരണം എല്ലാം സഹിച്ചുവെന്നും മറ്റും. എതിർത്തവർ ആത്മഹത്യയിൽ എത്തിയെന്നും
അങ്ങിനെയിരിക്കുമ്പോൾ ആണ് സോഫിയയെ ജോണി ശല്ല്യം ചെയ്യാൻ തുടങ്ങിയത്. സോഫിയ അത് എന്നോട് പറഞ്ഞു. പിന്നീട് ഉണ്ടായ കാര്യങ്ങൾ സോഫിയ തന്നെ പറയും.
" ഡോക്ടർ, കഴിഞ്ഞ വ്യാഴാഴ്ച്ച സുമതി ചേച്ചി ലീവിൽ ആയിരുന്നു. ശമ്പളം കൊടുക്കാനുള്ള ചെക്ക് വലിയ മുതലാളിയുടെ ഒപ്പ് വാങ്ങാൻ എന്നോട് അപ്പാർട്ട്മെന്റിൽ പോകാൻ പറഞ്ഞു. സാധാരണ ചേച്ചിയാണ് പോകാറുള്ളത്. ഞാൻ ഒരു ഓട്ടോറിക്ഷ പിടിച്ചാണ് പോയത്.
ചെക്കുകളിൽ വലിയ മുതലാളിയുടെ ഒപ്പ് വാങ്ങി തിരിച്ചിറങ്ങി വഴിയിൽ ഓട്ടോ കാത്ത് നിൽക്കുമ്പോൾ എതിർവശത്തു നിന്നും ജോണി സാറിന്റെ കാർ വന്നു. എന്നെ കണ്ട് ജോണി സാർ കാർ നിർത്തി എന്നോട് എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു. ഞാൻ വന്ന കാര്യം പറഞ്ഞു. വീട്ടിൽ നിന്നും അത്യാവശ്യമായി ഏതോ ഒരു പേപ്പറിൽ കൂടി വലിയ മുതലാളിയുടെ ഒപ്പ് വാങ്ങി ഓഫീസിൽ കൊണ്ടുപോകാനുണ്ട് എന്ന് പറഞ്ഞ് കാറിന്റെ പിൻവശത്തെ കതകു തുറന്നു. കാർ നേരേ ബേസ്മെന്റ് പാർക്കിങ്ങിൽ കൊണ്ടു പോയി നിറുത്തി അവിടുന്ന് സർവീസ് ലിഫ്റ്റിൽ മുകളിലേക്ക് പോയി. പിന്നീടാണ് ശ്രദ്ധിച്ചത് ജോണി എന്നെ കൊണ്ടു പോയത് പതിനാലാം നിലയിലായിരുന്നു. എന്താ ഇവിടെ എന്ന് ചോദിച്ചപ്പോൾ അപ്പൻ ഇപ്പോൾ മുകളിലാണെന്ന് പറഞ്ഞു. മുറി തുറന്ന് അകത്ത് കയറിയ എന്നോട് സോഫയിൽ ഇരിക്കാൻ പറഞ്ഞു അകത്ത് പോയി കുടിക്കാൻ നാരങ്ങ വെള്ളം കൊണ്ടു വന്നു. കുടിച്ചു കഴിഞ്ഞതേ ഓർമ്മയുള്ളൂ, പിന്നെ ഓർമ്മ വരുമ്പോൾ അകത്ത് മുറിയിൽ ബെഡ്ഷീറ്റിൽ പുതച്ച് കിടക്കുകയായിരുന്നു. ശരീരം നുറുങ്ങുന്ന പോലെ വേദനയും. എന്റെ വസ്ത്രങ്ങൾ ഒരു വശത്ത് കണ്ടപ്പോഴാണ് ഞാൻ ബെഡ്ഷീറ്റിനുള്ളിൽ പരിപൂർണ്ണ നഗ്നയായിരുന്നു എന്ന് തിരിച്ചറിഞ്ഞത്.
ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റ് വസ്ത്രങ്ങൾ എടുത്തണിഞ്ഞ് ഡ്രോയിങ്ങ് റൂമിൽ വന്നപ്പോൾ കണ്ടത് ബാൽക്കണിയിൽ മദ്യവും നുണഞ്ഞുകൊണ്ട് ബാൽക്കണിയുടെ അരമതിലിൽ കൈയ്യൂന്നി പുറത്ത് നോക്കി നിൽക്കുന്ന ജോണിയെയാണ്. മനസ്സിൽ എന്തെന്നില്ലാത്ത വെറുപ്പും ദേഷ്യവും തോന്നി. എന്റെ അനുവാദം കൂടാതെ എന്റെ ശരീരത്തിൽ ഒരാൾ കൈ വച്ചിരിക്കുന്നു. ഇതുപോലെ ഒരു അനുഭവം എത്ര പേർക്ക് ഉണ്ടായിക്കാണും. ഇല്ലാ, ഇയാൾ ഇനി ജീവിച്ചിരിക്കാൻ പാടില്ല. ഇങ്ങിനെയൊരു അവസരം വീണ്ടും ദൈവം തരില്ല. ഞാൻ പതിയെ ശബ്ദമുണ്ടാക്കാതെ ജോണിയുടെ പിറകിൽ എത്തി ബലമായി തള്ളി. അപ്രതീക്ഷിതമായതിനാൽ ജോണിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല, ജോണി താഴെക്ക് വീണു. ഞാൻ പെട്ടെന്ന് തന്നെ ഡൈനിങ്ങ് ടേബിളിൽ വച്ചിരുന്ന എന്റെ ബാഗും, പിന്നെ ഞാൻ നാരങ്ങ വെള്ളം കുടിച്ച ഗ്ലാസും എടുത്ത് ബാഗിലിട്ട് പുറത്തേക്ക് ഓടി, സർവീസ് ലിഫ്റ്റിൽ ബേസ്മെന്റിൽ എത്തി, പിന്നെ പടിയിലൂടെ മുകളിലേക്ക് പോയി. അപ്പോൾ ആളുകൾ ഓടിക്കൂടാൻ തുടങ്ങിയിട്ടുണ്ടായിരുന്നു.
ഗെയിറ്റിലെ ഗാർഡുകളൊക്കെ ജോണി വീണതറിഞ്ഞ് ഓടിപ്പോയിരിക്കുകയായിരുന്നു. കുറച്ച് വഴിപ്പോക്കരും പുറത്തു നിന്ന് ഓടി വരുന്നുണ്ടായിരുന്നു. ആ സന്ദർഭം ഉപയോഗിച്ച് ഞാൻ പുറത്തേക്ക് പോയി ഒരു ഓട്ടോ വിളിച്ച് ഓഫീസിൽ എത്തി. ഒന്നുമറിയാത്ത പോലെ എന്റെ ജോലി തുടർന്നു.
പിന്നീട് ഞാൻ ചേച്ചിയെ വിളിച്ച് നടന്ന സംഭവങ്ങൾ ഒക്കെ പറഞ്ഞു. ഞാൻ വലിയ മുതലാളിയെ കണ്ട് തിരിച്ചിറങ്ങുമ്പോൾ സെക്യൂരിറ്റിയിൽ വച്ച രജിസ്റ്ററിൽ സമയം എഴുതിയിരുന്നു. അതു പ്രകാരം ഞാൻ അവിടെ പോയി തിരിച്ചു വന്നത് ഈ സംഭവം നടക്കുന്നതിന് രണ്ട് മണിക്കൂർ മുൻപായിരുന്നു. ജോണിയുടെ കാറിൽ ബ്ലാക്ക് ഫിലിം ഒട്ടിച്ചതിനാൽ ഞാൻ അകത്ത് പോയതും ആരു കണ്ടിട്ടില്ല. CCTV ഇല്ലാത്ത സർവീസ് ലിഫ്ടിൽ ആണ് എന്നെ ഫ്ളാറ്റിൽ കൊണ്ടു പോയത്. അങ്ങിനെ ആരും അറിയാതിരിക്കാൻ ജോണി എടുത്ത മുൻകരുതലുകൾ എനിക്ക് ഉപയോഗപ്രദമായി. പിന്നീട് ചേച്ചിയാണ് ഒരു പക്ഷേ പോസ്റ്റുമോർട്ടത്തിൽ മരിക്കുന്നതിന് മുൻപ് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്ന് വന്നാൽ, ഫ്ളാറ്റിൽ വേറേ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് സംശയം ഉളവാക്കാൻ ഇടയുണ്ടെന്ന് പറഞ്ഞത്. അതു കൊണ്ട് ഒരു മുൻകരുതൽ എന്ന നിലയിലാണ് ഈ സാഹസത്തിന് തുനിഞ്ഞത്.
സുമതിച്ചേച്ചിയുടെ ചേച്ചി സർക്കാർ ആശുപത്രിയിൽ സീനിയർ സിസ്റ്ററാണ്. അവരാണ് പറഞ്ഞത് പോസ്റ്റ്മോർട്ടം നടത്തുന്നത് രേവതി ഡോക്ടറാവും എന്ന്. ചേച്ചിയെ കാണാൻ എന്ന ഭാവത്താൽ മാലതി ചേച്ചി പോസ്റ്റ്മോർട്ടം നടക്കുമ്പോൾ ആസ്പത്രിയിൽ ഉണ്ടായിരുന്നു. മാലതി ചേച്ചിക്ക് ഒരു പേപ്പർ കൊടുക്കാനുണ്ട് എന്ന് പറഞ്ഞ് മകളെ വിളിച്ചത് ഞാനായിരുന്നു. എന്നെ കാത്ത് നിന്ന് കാണാതായപ്പോൾ മകൾ ബസ്സിൽ കയറി. പിൻതുടർന്ന് ബസ്സിൽ കയറി മകൾക്ക് ക്ലോറോഫോം മണപ്പിച്ച് ബസ്സിൽ മയക്കിക്കിടത്തിയതും ഫോൺ സ്വിച്ച് ഓഫ് ആക്കിയതും ഒക്കെ "
"ഡോക്ടർ, ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്കറിയാം. പക്ഷേ ഞാനിത് ചെയ്തില്ലായിരുന്നു എങ്കിൽ ഈ ജന്മം മുഴുവൻ ഞാൻ നീറി നീറി ജീവിക്കുമായിരുന്നു.. എനിക്ക് എന്നോട് തന്നെ വെറുപ്പായി മാറിയിരുന്നേനേ. പക്ഷേ ഡോക്ടറോട് ചെയ്തതിന് മാപ്പ് ചോദിക്കണം എന്ന് ഉണ്ടായിരുന്നു."
"ഇല്ല കുട്ടി, നീ യാതൊരു തെറ്റും ചെയ്തിട്ടില്ല. ഞാനും ഒരു സ്ത്രീയാണ്, ഞാനും ഒരമ്മയാണ്. ഒരു പക്ഷേ എന്റെ മകളുടെ കൂടെയാണ് ഇത് ഉണ്ടായതെങ്കിൽ ഞാനും ഇതു തന്നെ ചെയ്യുമായിരുന്നു. എന്തായാലും നീ പറഞ്ഞത് നമ്മൾ മൂന്നു പേർ മാത്രം അറിഞ്ഞാൽ മതി. ഇത് ഒരു കുമ്പസാര രഹസ്യം പോലെ നമ്മുടെ കൂടെ ഇല്ലാതാവട്ടെ "
സുമതിയോടും സോഫിയയോടും യാത്ര പറഞ്ഞ് തിരിച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ ഇതുപോലെ പീഡനങ്ങൾ അനുഭവിച്ച് ജീവിതം അവസാനിപ്പിച്ച നൂറു കണക്കിന് പെൺകുട്ടികൾക്ക് വേണ്ടി എനിക്കൊന്നും ചെയ്യാൻ പറ്റിയില്ലെങ്കിലും, അറിയാതെയെങ്കിലും ആ കുട്ടിയെ സഹായിക്കാൻ കഴിഞ്ഞതിൽ അതിയായ ആഹ്ലാദം തോന്നി. അത്തരം ഒരു ദുരനുഭവത്തിന് ശേഷവും മാനസിക നില നഷ്ടയെടുത്താതെ അവസരോചിതമായി പെരുമാറി തന്നോട് കാണിച്ച ക്രൂരതക്ക് ശിക്ഷ വിധിച്ച കുട്ടിയോട് ഉള്ളിൽ ബഹുമാനം തോന്നി.
*****
തന്റെ തൊട്ടു പുറകിലെ ടേബിളിൽ ഇരുന്ന് നടത്തിയ നടുക്കുന്ന തുറന്നു പറച്ചിലിൽ ലോട്ടറിയായി വീണു ലഭിച്ച വലിയൊരു സംഭവത്തെ ചുറ്റിപ്പറ്റി ഒരു ലേഖനം എഴുതി കഴിഞ്ഞ് രവി എഴുന്നേൽക്കുമ്പോൾ, ടിവിയിൽ ബലാത്സംഗത്തിനിരയായി ആത്മഹത്യ ചെയ്ത മറ്റൊരു പെൺകുട്ടിയെ പറ്റി റിപ്പോർട്ട് വരുന്നുണ്ടായിരുന്നു.
എഴുതി അവസാനിപ്പിക്കുമ്പോൾ മനസ്സിൽ മുഴുവൻ ഇത് പത്രാധിപർക്ക് സമർപ്പിച്ചാൽ തനിക്ക് കിട്ടാനിരിക്കുന്ന സ്ഥാനമാനങ്ങളെക്കുറിച്ചുള്ള ചിന്തകളായിരുന്നു, പക്ഷേ ആ കുട്ടിയുടെ ജീവിതം, ഈ സമൂഹത്തോട് തനിക്കുള്ള പ്രതിബദ്ധത. ചിലത് കാണുന്നതും ചിലത് കണ്ടാലും കാണാതിരിക്കുന്നതും ഒക്കെ പത്രധർമ്മത്തിന്റെ ഒരു ഭാഗമല്ലേ. അതിലെന്താണ് തെറ്റ്? എന്തൊക്കെയോ തീരുമാനിച്ചുറച്ച പോലെ ലേഖനത്തിന്റെ താഴെ എഴുതി.
"ശിക്ഷാവിധി (ചെറുകഥ), രചന:രവി മേനോൻ"
*****
ഗിരി ബി വാരിയർ
15 ഫെബ്രുവരി 18
ഗിരി ബി വാരിയർ
15 ഫെബ്രുവരി 18
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക