Slider

സൈരന്ധ്രിയുടെ താഴ്വരകളിൽ

1
സൈരന്ധ്രിയുടെ താഴ്വരകളിൽ
----------------------------------------------
സമയം രാവിലെ 5 മണി, അലാറം കൃത്യമായി ചിലച്ചു. പുറത്ത് നല്ല മഞ്ഞുണ്ട് ചെറിയൊരു കുളിയും കഴിഞ്ഞു കട്ടനും കുടിച്ച് പുറത്തേക്കിറങ്ങിയപ്പോൾ അഞ്ചര, കൂടെ വരാൻ തയാറായി മ്മടെ സ്വന്തം ബുള്ളറ്റ് കുട്ടനും. അവന് വേണ്ട ഇന്ധനം കുറച്ച് നിറച്ച് പെരിന്തൽമണ്ണ റോഡിൽ കയറുമ്പോൾ സമയം അഞ്ചേ മുക്കാലോട് അടുത്തു.
കൊടശ്ശേരിയിൽ എത്തിയപ്പോ കോർമത്ത് അർശദ് ചങ്ക് കൂടെ കൂടി. മഞ്ഞിന്റെ നേർത്ത ആവരണം എല്ലായിടത്തുമുണ്ട്. പാണ്ടിക്കാടിന് മുമ്പെയുള്ള ഇടവഴിയിലൂടെ മേലെ പാണ്ടിക്കാട് എത്തി, അടുത്ത ലക്ഷ്യം മണ്ണാർക്കാട്. മേലാറ്റൂർ കഴിഞ്ഞപ്പോഴേക്കും വെയിൽ പരന്നു തുടങ്ങിയിരുന്നു. ഇടയിലെവിടെയും നിർത്താതെ മണ്ണാർക്കാട് എത്തി. കോടതിപ്പടി ബസ് സ്റ്റോപ്പിന്റെ അടുത്ത് തന്നെ മതമില്ലാത്ത നായര് Ranjith Mannarkkadകാത്ത് നിന്നിരുന്നു.
നായരുടെ സുഹൃത്തായ ഒരു ചേട്ടനെയും പരിചയപ്പെട്ട് അടുത്തുള്ള പെട്രോൾ പമ്പിലേക്ക് വണ്ടി കയറ്റുമ്പോ സമയം ഏഴരയോട് അടുത്തിരുന്നു. അത്യാവശ്യം പെട്രോൾ മൂന്ന് വണ്ടികളിലും നിറച്ച് മുന്നോട്ട് പോയി ഇടത്തേക്കുള്ള മണ്ണാർക്കാട് - ആനക്കട്ടി റോഡിലേക്ക് കയറിയപ്പോൾ മുതൽ റോഡിൽ അനുഭവപ്പെടുന്ന തിരക്ക് കുറഞ്ഞു തുടങ്ങി. " തെങ്കര സിറ്റിയും " കടന്ന് ആനമൂളിയിലേക്ക് കയറുമ്പോഴേക്കും കാടിന്റെ സുഗന്ധം മനസ്സിൽ നിറഞ്ഞു തുടങ്ങും. ഇടക്ക് അച്ചായന്റെ കടയിൽ നിന്ന് പുഴുങ്ങിയ താറാമുട്ടയും ചായയും ഒരുമിച്ച് കഴിച്ച് ഞങ്ങൾ മതേതരത്വത്തിന്റെ മാതൃകയായി!
ചുറ്റിപ്പിണഞ്ഞു കിടക്കുന്ന പാമ്പുകളെ പോലെ വളഞ്ഞു കിടക്കുന്ന അട്ടപ്പാടി ചുരം കയറുകയായിരുന്നു, ഏതോ തീർത്ഥാടനമെന്ന പോലെ. പെരുമഴക്കാലത്തിന്റെ ഓർമകൾ കുത്തിയൊഴുകി പോയ നീർച്ചാലുകളുടെയരികിൽ കൂടെ, മണ്ണിനെയപ്പാടെ അടർത്തിമാറ്റിയ ഉരുൾപൊട്ടലിന്റെ നീക്കിയിരിപ്പുകളുടെ മുകളിലൂടെ മല കയറി മുക്കാലിയെത്തി. വഴിയുടെ ഇരുവശങ്ങളും ഉയർന്നു നിൽക്കുന്ന അട്ടപ്പാടി കുന്നുകൾ. സ്കൂളിൽ പോകാൻ വണ്ടി കാത്ത് നിൽക്കുന്ന കുരുന്നുകൾ. വലത് വശത്തായി അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രധാന ക്ഷേത്രമായ " മല്ലീശ്വരൻ ക്ഷേത്രം " തണുപ്പിന്റെ കുപ്പായം കൂടെയുണ്ട്, സീങ്കരയും പകുലയും താണ്ടി ഞങ്ങൾ താവളം അടുത്തു.
വിശന്ന് പൊരിയുന്ന വയറിന് സാന്ത്വനമായി അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ദേശീയ ഭക്ഷണമായ പൊറോട്ടയും ബീഫ് കറിയും തൊണ്ടവഴി താഴേക്ക് സഞ്ചരിച്ചു. ഭക്ഷണം കഴിച്ച് അധിക സമയം അവിടെ നിൽക്കാതെ ഞങ്ങൾ ഇടത്തേക്ക് തിരിഞ്ഞു, ലക്ഷ്യം കേരള - തമിഴ്നാട് അതിർത്തിയായ " മുള്ളി ".
ഭവാനി പുഴയുടെ തീരത്ത് കൂടെയുള്ള യാത്ര ഭൂമിയിലെ സ്വർഗം കാണിച്ചു തരും, ചുറ്റും കൃഷിയിടങ്ങൾ, ശാന്തമായൊഴുകുന്ന ഭവാനി, കേരളമാണെങ്കിലും തമിഴ് ഗ്രാമങ്ങളെ ഓർമ്മിപ്പിക്കുന്ന പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരിക്കുന്ന പ്രദേശം. ഇടക്ക് ഞങ്ങൾ ഭവാനിയിൽ ഇറങ്ങി. തണുത്ത ശുദ്ധമായ അമൃതിൽ മുഖം കഴുകിയപ്പോൾ കിട്ടിയ ഊർജ്ജം പറഞ്ഞറിയിക്കാനാവില്ല.
പുതൂരും ചാവടിയൂരും ഏലാച്ചിവഴിയും കടന്ന് ഞങ്ങൾ മുള്ളിയിലേക്ക്, വഴിയിലെതിർ വരുന്ന വണ്ടികൾ നന്നേ കുറവ്, അല്ല ഇല്ലെന്ന് തന്നെ പറയാം. ഇടയിലെവിടെയോ ഭവാനിയും ശിരുവാണിയും സംഗമിക്കുന്നുണ്ടത്രേ. ചൂട് തെല്ലുമടിക്കാത്ത പാതയോരങ്ങൾ കഴിഞ്ഞു ഞങ്ങൾ മുള്ളി എത്തി. കേരള സർക്കാരിന്റെ ചെക്ക്പോസ്റ്റിൽ വണ്ടിയുടെ രേഖകൾ കാണിച്ച് മുന്നോട്ട്. ഇടക്കായി " മദ്രാസ് സ്റ്റേറ്റ് " എന്നെഴുതിയ മൈൽ കുറ്റിയുണ്ട് അതും കഴിഞ്ഞു തമിഴ്നാട് സർക്കാരിന്റെ ചെക്ക് പോസ്റ്റിലും രേഖകൾ കാണിച്ച് ഇടത്തേക്ക് തിരിഞ്ഞു. ഇനിയങ്ങോട്ട് തമിഴ്നാടാണ്!!
ഏതോ കാലത്തുണ്ടാക്കിയ പാലവും കടന്ന് ഞങ്ങൾ കാട്ടുപാതയിൽ കയറി. ഇനിയങ്ങോട്ട് രണ്ട് വശവും കാടാണ്, ഇവിടെ വെച്ച് ഞങ്ങളുടെ ലക്ഷ്യം നീലഗിരി കുന്നുകൾ ആയി മാറുകയായിരുന്നു, നാല്പത്തിമൂന്ന് ഹെയർപിൻ വളവുകളാണ് ഈ പാതയിലുള്ളത്. ഇടക്കിടക്ക് ആനപ്പിണ്ടങ്ങളും ആനച്ചൂരും ഉണ്ടെങ്കിലും മനസിലെവിടെയും ഭയമെന്ന വികാരം മാത്രമുണർന്നില്ല.
മനുഷ്യസ്പർശം അധികമേൽക്കാത്ത പ്രകൃതി മനുഷ്യന് മുന്നിൽ തലയുയർത്തി നിൽക്കുന്നു. പോകുന്ന വഴിക്കായി കാനഡ പവർഹൗസും മലമുകളിൽ നിന്ന് വരുന്ന പെൻസ്റ്റോക്ക് പൈപ്പുകളും പൈപ്പുകൾക്ക് അരികിലൂടെ മുകളിലേക്ക് കയറാൻ ചെറിയ ട്രാം പാതയും. ചെറിയൊരു ചെക്ക് പോസ്റ്റുണ്ട്, ബാഗിൽ എന്താണ് എന്ന ചോദ്യത്തിന് " ക്യാമറയാണ് " സാർ!! എന്ന മറുപടിക്ക് മറുപടിയെന്നോണം അയാൾ ചോദിച്ചത് " എതുക്ക് ക്യാമറ?? ഫോട്ടോ പുടിക്കതുർക്കാ ?? എന്നായിരുന്നു.
ഫോട്ടോ പിടിക്കാനല്ലാതെ പുല്ലരിയാൻ ആണോടോ പൊട്ടാ ക്യാമറ ഉപയോഗിക്കുന്നത് എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു, വിട്ടു കളഞ്ഞു.. ചീള് കേസ്!! കാവൽ നിന്ന ഫോറെസ്റ്റ്ഗാർഡ് നായരുടെ താടിയിലേക്ക് നോക്കി " ഉന്നേ പാത്താലേ തെരിയും മാവോയിസ്റ്റ് എന്ന്, പേസാമേ പോട്ട് തള്ളുവാങ്കെ " എന്നൊരു തള്ളും!!
ഞങ്ങൾ നീലഗിരി കുന്നുകളുടെ നെറുകയിലെത്തി, മഞ്ചൂർ, ഊട്ടിയുടെ മറ്റൊരു പതിപ്പ്, അസ്ഥികളെ തുളച്ചിറങ്ങുന്ന തണുപ്പ്, എങ്ങോട്ട് നോക്കിയാലും കൃഷിയിടങ്ങൾ. മടുപ്പില്ലാതെ പണി ചെയ്യുന്ന ആൺപെൺ സമത്വം. സൂര്യനുണ്ടായിട്ടും നട്ടുച്ചക്കും വായിൽ നിന്ന് ആവിപറക്കുന്ന പകൽ. ഒരു വണ്ടിയിലെ താൽക്കാലിക റെജിസ്ട്രേഷൻ കണ്ടിട്ട് പോലീസുകാരൻ അടുത്ത് വിളിച്ചു ചില്ലറ പോകുമെന്ന് ഉറപ്പിച്ചെങ്കിലും ശ്രദ്ധിച്ചു പോകണം എന്ന മുന്നറിയിപ്പിൽ മാത്രമൊതുക്കിയ പ്രായമായ പോലീസുകാരനോട് സലാം പറഞ്ഞു വലത്തേക്ക് തിരിഞ്ഞു.
കുത്തനെയുള്ള ഇറക്കങ്ങൾ, നല്ല റോഡുകൾ, തിങ്ങി നിറഞ്ഞ കൃഷിയിടങ്ങൾ, കാഴ്ച്ച മറയ്ക്കുന്ന കോട, ഇടത് വശത്തായി കുന്ദാ ഡാം. വിരസതയില്ലാത്ത യാത്രക്കൊടുവിൽ ഞങ്ങൾ യൂക്കാലിത്തോട്ടങ്ങളും കടന്ന് ഊട്ടി പട്ടണത്തിലെത്തി. ഊട്ടിക്ക് ഇപ്പോഴും പ്രണയാർദ്രമായ അന്തരീക്ഷം!! ജോജിയും, നിശ്ചലും കറങ്ങി നടന്ന ഉദകമണ്ഡലം, സമയം വൈകിയെങ്കിലും കാര്യമായ വിശപ്പില്ല, എന്നാലും ചെറിയ രീതിയിൽ ഭക്ഷണം കഴിച്ചിട്ട് നേരെ റോസ് ഗാർഡനിലേക്ക് പോയി. കുറച്ച് സമയം അവിടെ ചിലവഴിച്ചപ്പോഴേക്കും തണുപ്പ് അരിച്ചിറങ്ങാൻ തുടങ്ങി, നേരമിരുട്ടുന്നു, മലയിറങ്ങണം, സമയം അഞ്ച് കഴിഞ്ഞിരിക്കുന്നു.
മൈസൂർ റോഡ് കണ്ടെത്താൻ ഇത്തിരി കറങ്ങിയെങ്കിലും വൈകാതെ കണ്ടെത്തി!! തിരക്കേറിയ ഊട്ടി പട്ടണം പിന്നിൽ മറയുമ്പോൾ തണുപ്പ് കൊണ്ട് വണ്ടിയോടിക്കാൻ കഴിയാത്ത സ്ഥിതിയായി. ചെറിയൊരു ജാക്കറ്റ് ഞാൻ കൈയിൽ കരുതിയിരുന്നത് കൊണ്ട് വലിയ പ്രശ്നമില്ലാതെ ഞാൻ മുന്നോട്ട് നീങ്ങി. പക്ഷെ കൂടെ വന്നവർ വണ്ടി നിർത്തിയിരുന്നു. ഗുഡല്ലൂർ റൂട്ടിൽ നിർത്തി അവരെ വിളിക്കുമ്പോൾ ജാക്കറ്റ് വാങ്ങാൻ ഏതോ കടയിൽ നിൽക്കുകയായിരുന്നു അവർ.
കുറച്ച് സമയത്തിന് ശേഷം ഞങ്ങൾ യാത്ര തുടർന്നു, ഇരുട്ട് കനത്തു. ഇന്ദുനഗറും പൈൻ ഫോറെസ്റ്റ് ഷൂട്ടിംഗ് സ്പോട്ടും പൈക്കരയും കടന്ന് ബ്രുക്ഡെയ്ൽ എത്തി. തണുത്ത് മരവിച്ച കൈകൾക്ക് വിശ്രമം കിട്ടാൻ അടുത്ത് കണ്ട ചായക്കടയിൽ നിർത്തി ഓരോ സ്ട്രോങ്ങ് ചായയും ബിസ്കറ്റും കഴിച്ചു. അവിടെ നിന്ന അണ്ണന്മാർക്ക് അറിയേണ്ടത് കേരളാവിൽ ബുള്ളറ്റുക്ക് നല്ല മാർക്കറ്റ് ഉണ്ടോ? എന്നത് മാത്രമായിരുന്നു. ഇങ്കെ അന്ത അളവുക്ക് ബുള്ളെറ്റ് കിടയാത് എന്ന സങ്കടവും കൂട്ടത്തിൽ ഒരു അണ്ണൻ പങ്കുവെച്ചു.
ഇറക്കങ്ങൾ വളഞ്ഞു പുളഞ്ഞു ഒഴുകുകയാണ്, മലയടിവാരത്തിൽ ഗൂഡല്ലൂർ പട്ടണം മിന്നിത്തിളങ്ങുകയാണ്, സൂചിമല വ്യൂപോയിന്റ് കടന്ന് ഞങ്ങൾ ഗൂഡല്ലൂർ പട്ടണത്തിലേക്കിറങ്ങി. സാമാന്യം നല്ല തിരക്കുണ്ട്. തിരക്കുകൾ കടന്ന് നിലമ്പൂർ റോഡിലേക്ക് കയറി, തണുപ്പിന്റെ കാഠിന്യം കുറഞ്ഞിരിക്കുന്നു.
നാടുകാണി ചെക്പോസ്റ്റിൽ തമിഴ്നാട് പോലീസിന്റെ ചെക്കിങ്, പുക പരിശോധിച്ചതിന്റെ പേപ്പർ കൈയിൽ ഇല്ലാതിരുന്നത് കൊണ്ട് ഇരുനൂറ്റിയമ്പത് ദക്ഷിണ കൊടുക്കേണ്ടി വന്നു അവിടെ, ഉണ്ണിമീശ പൊക്കിവെക്കാൻ വെറുതെ ശ്രമിച്ച പോലീസുകാരന് നല്ലത് മാത്രം വരുത്തട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് യാത്ര തുടർന്നു. ഇടക്കിടക്ക് പൊളിഞ്ഞു കിടക്കുന്ന വഴികൾ കടന്ന് ആനമറിയിൽ എത്തുമ്പോൾ സമയം 9 മണി കഴിഞ്ഞിരുന്നു.
വഴിക്കടവും, എടക്കരയും ചുങ്കത്തറയും ഉള്ള സകല എ ടി എം മെഷീനുകളും കയറിയിറങ്ങി ഇളിഭ്യരായി വിഷണ്ണരായി ഞങ്ങൾ നേരെ നിലമ്പൂരേക്ക് വിട്ടു, ചന്തക്കുന്നുള്ള എ ടി എമിൽ നിന്ന് പൈസയുമെടുത്ത് നിലമ്പൂര് നിന്ന് ഭക്ഷണവും കഴിച്ച് വടപുറത്ത് നിന്ന് ഞങ്ങൾ പിരിയുമ്പോൾ 280 കിലോമീറ്ററോളം പിന്നിട്ടിരുന്നു.
പതിനാല് മണിക്കൂറോളം നീണ്ട യാത്ര സമ്മാനിച്ചത് മനോഹരമായൊരു ദിവസവും, കുറെ രസങ്ങളും, തമാശകളും, കാഴ്ചകളും. കയറിയിറങ്ങിയ മലകൾ എത്രയെണ്ണമെന്ന് അറിയില്ല, പിന്നിട്ട ഹെയർപിൻ വളവുകളുടെ എണ്ണവും നോക്കിയില്ല. പ്രകൃതിക്കും ഞങ്ങൾക്കുമിടയിൽ റോയൽ എൻഫീൽഡിന്റെ ശബ്ദവും കാറ്റിന്റെ കിന്നാരവും മാത്രമായിരുന്നു.
ഓരോ യാത്രകളും ആത്മാവിലേക്കുള്ള മടക്കങ്ങളാണ് എന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കാൻ പോന്ന ഒരു യാത്രയും അവസാനിച്ചു. സമയമിപ്പോൾ രാത്രി പതിനൊന്ന്!! നീണ്ട യാത്രയുടെ ക്ഷീണങ്ങളിറക്കി വെച്ച് കണ്ണുകളുറങ്ങി മറ്റൊരു യാത്രക്കായി പുലരുന്നതും കാത്ത്.
ഫിബിൻ
1
( Hide )
  1. ഹായ്, നമ്മടെ യാത്ര..ഹിഹ്ഹി

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo