Slider

#ശിക്ഷാവിധി

0
#ശിക്ഷാവിധി
==============
"സാലെ, തുജേ അഭി ഹം മാർ ധൂങ്കാ (നിന്നെയിന്ന് ഞാൻ കൊല്ലും)”
എന്റെ കൈകൾ പിന്നിലേക്ക് പിണച്ചു പിടിച്ചിട്ട്, പാക്കിസ്ഥാനി യൂസഫ് പഠാൻ പുറത്തു കയറി ഇരുന്നു.
ആറടിക്കുമേൽ ഉയരവും നൂറു കിലോയോളം തൂക്കവുമുള്ള ആ ഭീകരന്റെ ഭാരം താങ്ങാനാകാതെ നെഞ്ചിൻ കൂട് തകരുന്നത് പോലെ. ശ്വസിക്കാൻ സാധിക്കുന്നില്ല, കണ്ണുകൾ പുറത്തേക്ക് തള്ളി. ശരീരം വിയർത്തു കുതിർന്നു . ഇരയെ കീഴ്പ്പെടുത്തിയ ഹിംസ്രജന്തുവിന്റേത് പോലെ അവന്റെ പല്ലുകൾ ഞെരിയുന്ന ശബ്ദം .
അധികനേരം പിടിച്ചു നിൽക്കാനാകില്ല. രക്ഷപെടാൻ ഒരു പിടിവള്ളി തേടി ചുറ്റും പരതി. ഒരു പാക്കിസ്ഥാനിയോട് തോൽക്കാൻ മനസ്സില്ല, സിരകളിൽ ചോര തിളച്ചു.
"ജയ് ഹിന്ദ്" എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് ഒറ്റക്കുതിപ്പ്, ഇടത്തോട്ട് വെട്ടിത്തിരിഞ്ഞു, സർവശക്തിയും സംഭരിച്ചുകാലുകൊണ്ട് അവനെ തള്ളി മറിച്ചിട്ടു. അപ്രതീക്ഷിതമായ എന്റെ നീക്കം അവൻ പ്രതീക്ഷിച്ചിരിക്കില്ല.
യൂസഫിന്റെ നെഞ്ചിൽ കയറി ഇരുന്നു. അവന്റെ കൈകൾ രണ്ടും എന്റെ കാൽ മുട്ടുകൾക്കിടയിൽ ഞെരിഞ്ഞു.
അമരീഷ് പുരിയുടേതുപോലുള്ള അവന്റെ മുഖത്തു നോക്കി ഒന്ന് ചിരിച്ചു.
"ഇനി നീ കൊല്ല് ...കാണട്ടെഡാ പഠാണി "
യൂസഫിന്റെ കൈകൾ എന്റെ മുട്ടുകാലുകൊണ്ട് കൂടുതൽ ശക്തിയായി അമർത്തിയപ്പോൾ അവൻ വേദനകൊണ്ട് പുളഞ്ഞു.
"മുച്ചേ ദർദ് ഹോ രഹാഹേ (എനിക്ക് വേദനിക്കുന്നു)"
ഇല്ല വിടില്ല ഇവൻ ഇങ്ങനെ തന്നെ ഇരിക്കട്ടെ കുറച്ചു നേരം. അവന്റെ മൈലാഞ്ചിയിട്ട് ചെമ്പിച്ച താടിയിൽ പിടിച്ചു ശക്തിയായി വലിച്ചു.
"അള്ളാ .. "
അവൻ വേദനകൊണ്ട് പുളയുന്നതും കണ്ട് ആനന്ദിച്ചിരിക്കുമ്പോൾ കഴുത്തിൽ ബലിഷ്ഠമായ ഒരു കരം പിടിമുറുക്കി.
കഴുത്തിൽ പിടിച്ചു തന്നെ ആ കരം എന്നെ മുകളിലേക്കുയർത്തി.
തല മുറിയുടെ മുകൾത്തട്ടിൽ പോയി ഇടിച്ചു,
എന്നെ ആകാശത്തേക്കുയർത്തിയ കൈകളുടെ ഉടമയെ ഞാൻ തിരിച്ചറിഞ്ഞു " അബ്ദുൽ വധൂദ് "
കരിമ്പൂതത്തെ പോലെ ആ സുഡാനി എന്നെ നോക്കി ചിരിച്ചു.
ചിരിച്ചപ്പോൾ അവന്റെ കൂർത്ത കോമ്പല്ലുകൾ പുറത്തേക്ക് തള്ളി വന്നു.
ഒരു കയ്യിൽ എന്നെ തൂക്കി പിടിച്ചുകൊണ്ട് മറുകൈയ്യാൽ താഴെ വീണു കിടന്ന യൂസഫിനെ അവൻ വലിച്ചെഴുന്നേല്പിച്ചു.
അബ്ദുൽ എന്നെ സാവകാശം താഴെ നിറുത്തി. അതിനിടയിൽ യൂസഫ് തുറന്നു കിടന്നിരുന്ന കതകുകൾ ചേർത്തടച്ചു ലോക്ക് ചെയ്തു. താക്കോലെടുത്തവന്റെ നീളൻ പൈജാമയുടെ പോക്കറ്റിൽ ഇട്ടു.
ഇനി രക്ഷയില്ല. എന്റെ മനസ്സിൽ പ്രതീക്ഷകൾ അസ്തമിച്ചു. ശത്രുക്കൾ രണ്ടുപേരും ബലവാന്മാരാണ്.
എന്റെ മനസ്സ് വായിച്ചത് പോലെ യൂസഫ് അടുത്തേക്ക് വന്നെന്റെ കണ്ണുകളിൽ തറച്ചു നോക്കി. അവന്റെ പല്ലുകൾക്കിടയിൽ ഞെരിഞ്ഞമർന്ന് വാക്കുകൾ പുറത്തേക്ക് വന്നു.
"നിനക്കുള്ള ശിക്ഷ ഒരുക്കിയിട്ടുണ്ട് , ഇനി നിനക്ക് രക്ഷപെടാനാകില്ല ".
ഇല്ല, എങ്ങിനെയെങ്കിലും രക്ഷപ്പെടണം,
"ശിക്ഷ സ്വീകരിക്കും മുമ്പ് എനിക്കൊരപേക്ഷയുണ്ട്.. എനിക്കൊന്ന് വീട്ടിലേക്കു വിളിക്കണം, ദയവുചെയ്ത് എനിക്കതിന് അനുവാദം തരണം " ഞാൻ പ്രതീക്ഷയോടെ താഴെ വീണു കിടന്ന എന്റെ മൊബൈലിന് വേണ്ടി കൈ നീട്ടി. ഒരു പരുന്തിനെ പോലെ അബ്ദുളയുടെ നീണ്ട കൈ ആ മൊബൈൽ റാഞ്ചിയെടുത്തത് ഹതാശയനായി നോക്കി നിൽക്കാനേ എനിക്കായുള്ളു.
ഇടതും വലതും കരങ്ങളിൽ അവർ ഇരുവരും പിടി മുറുക്കി. എനിക്കായ് അവർ ഒരുക്കി വച്ചിരിക്കുന്ന എന്റെ ശിക്ഷാവിധി കാത്തിരിക്കുന്നിടത്തേക്ക് എന്നെ നയിച്ചു. ഇടറുന്ന കാലുകളോടെ ഞാൻ അവിടേക്ക് നടന്നു.
എന്നെ ആ മുറിയിലേക്ക് തള്ളി വിട്ടിട്ട് അവർ പുറത്തുനിന്നും വാതിൽ കൊട്ടിയടച്ചു. ഞാൻ കണ്ണുകൾ മെല്ലെ ഉയർത്തി.. എനിക്കായ് അവർ ഒരുക്കി വച്ചിരുന്ന ശിക്ഷ -
ഒരു കൂമ്പാരം അഴുക്ക് തുണി ഒരു വശത്തും, കുറെയധികം എച്ചിൽ പാത്രങ്ങൾ മറുവശത്തും.
ഇന്ന് വെള്ളിയാഴ്ച്ച. സാധാരണ എല്ലാ വെള്ളിയാഴ്ച്ചയും എന്തെങ്കിലും നുണ പറഞ്ഞു റൂമിൽ നിന്ന് രക്ഷപെടാറാണ് പതിവ്. പാവങ്ങൾ അബ്ദുള്ളയും യൂസഫും ചേർന്ന് എല്ലാ പണികളും തീർക്കും. എന്റേതടക്കം തുണികൾ എല്ലാം കഴുകിയുണക്കി ഇസ്തിരി ഇട്ടുവയ്ക്കും. പാത്രങ്ങൾ എല്ലാം കഴുകി റൂമും കിച്ചനും, തുടച്ചു വൃത്തിയാക്കും.
എല്ലാം കഴിഞ്ഞു എന്ന് ഉറപ്പായ ശേഷമേ വെള്ളിയാഴ്ചകളിൽ റൂമിലേക്കു തിരികെ വരാറുള്ളൂ. പക്ഷെ ഇന്ന് പെട്ടുപോയി.
കഴിഞ്ഞയാഴ്ച്ച ഇത് പോലെ രണ്ടുപേരും എന്നെ പിടിച്ച് ഇതിനുള്ളിൽ അടച്ചതാണ്, അന്ന് വീട്ടിലേക്കൊരു ഫോൺ ചെയ്യാൻ സാവകാശം ചോദിച്ചു, അവരും സമ്മതിച്ചു. മൊബൈലിൽ റേഞ്ചില്ലെന്ന് നടിച്ചുപുറത്തിറങ്ങി. പിന്നെ രാത്രിയിലാണ് തിരിച്ചു വന്നത്. അത് കൊണ്ടാണ് ദുഷ്ടന്മാർ ഇന്ന് മൊബൈൽ ചോദിച്ചിട്ടു തരാതിരിക്കുന്നത്.
വീട്ടിൽ ഒരു പണിയും ചെയ്തിട്ടില്ല. ഗൾഫിൽ എത്തിയെങ്കിലും അറബിയെ മണിയടിച്ച് അങ്ങേരുടെ കടയിൽ സെയിൽസ്മാനായി എയർ കണ്ടീഷനിൽ ദേഹം വിയർക്കാത്ത പണി ഒപ്പിച്ചു. അറബിയുടെ ഡ്രൈവറായ യൂസഫും, തോട്ടം നോക്കുന്ന അബ്ദുള്ളയും ഞാനും താമസിക്കുന്നത് മുതലാളിയുടെ ഔട്ട്ഹൌസ്സിൽ.
പാത്രം കഴുകുന്നതും തുണിയലക്കുന്നതുമൊക്കെ പെണ്ണുങ്ങളുടെ ജോലിയാണെന്നാണ് ചെറുപ്പം മുതൽ ധരിച്ചുവെച്ചിരിക്കുന്നത്. അമ്മയും പിന്നെ ഭാര്യയും ഇന്ന് വരെ ഇങ്ങനെയുള്ള ഒരു പണിയും ചെയ്യാൻ സമ്മതിച്ചിട്ടുമില്ല.
അവന്മാരെ പ്രാകികൊണ്ട് ആദ്യം പാത്രങ്ങൾ ഓരോന്നായി എടുത്ത് കഴുകാൻ തുടങ്ങി. ഇതെല്ലാം കഴുകി, തുണിയും അലക്കി തീരുമ്പോളേക്കും നേരം വെളുക്കും. വെള്ളിയാഴ്ച്ച അവധി തന്ന അറബിയെ മനസ്സിലൊരഞ്ചാറു തെറി പറഞ്ഞു.
ഇടയ്ക്ക് തിരിഞ്ഞുനോക്കുമ്പോൾ പുറകിൽ യൂസഫും അബ്ദുള്ളയും. അവർ ചിരിക്കുന്ന കണ്ടപ്പോൾ ദേഷ്യം ഇരച്ചുകേറി. പത്രം കഴുകാൻ വെച്ചിരുന്ന വെള്ളം അവരുടെ നേരെ കോരി ഒഴിച്ചു. അവർ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറി. പിന്നെ രണ്ടുപേരും അടുത്ത് വന്നു. യൂസഫ് ഞാൻ കഴുകികൊണ്ടിരുന്ന പാത്രം പിടിച്ചു വാങ്ങി.
" നീ പോയി മുറിയെല്ലാം തൂത്തുതുടയ്ക്ക്, ഞാൻ പാത്രം കഴുകാം, അബ്ദുള്ള തുണിയലക്കിക്കോളും "
ഞാൻ പതിയെ ചിരിച്ചു, അവന്റെ താടിയിൽ പിടിച്ചൊരു വലികൊടുത്തു
"അള്ളാ .. " യൂസഫ് വേദനകൊണ്ട് നിലവിളിച്ചു .
അടുത്ത ശിക്ഷ കിട്ടും മുമ്പേ ഞാൻ രക്ഷപെടട്ടെ….. വീണ്ടും കാണാം. Bye..
By
Saji M Mathews
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo