കേവലമൊരു ചിത്രത്തിന് നമ്മുടെ മനസ്സിനെ പിടിച്ചുലയ്ക്കുവാൻ സാധിക്കുമോ ? കഴിയുമെന്നു തന്നെ ഉറപ്പിച്ചു പറയാൻ എനിക്ക് കഴിയും. നമ്മുടെ മനസ്സിനെ പിടിച്ചുലയ്ക്കുവാനും വല്ലാതെ നോവിക്കാനും ചിലപ്പോൾ വളരെനേരം ഇരുത്തി ചിന്തിപ്പിക്കുവാനും ഒരു ചിത്രം തന്നെ ധാരാളം.
മുഖപുസ്തകത്തിന്റെ താളുകളിലോരോന്നായി കണ്ണോടിച്ചു വരുമ്പോഴാണ് ആദ്യമായി ഞാനാ ചിത്രം കാണുന്നത്. പ്രസവിച്ചു മണിക്കൂറുകൾ മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ ആരോ ഉപേക്ഷിച്ച നിലയിലുള്ള ഒരു ചിത്രം. അതാരാണ് പോസ്റ്റ് ചെയ്തതെന്ന് എനിക്കറിയില്ല. എങ്കിലും അതിന്റെ കമന്റുകളിലൂടെ കണ്ണോടിച്ചപ്പോഴാണ് ഇരുനൂറോളം ലൈക്കുകൾ ലഭിച്ച ഒരു സ്ത്രീയുടെ കമന്റ് ഞാൻ ശ്രദ്ധിക്കുന്നത്.
"ആ കുഞ്ഞിനെ എനിക്ക് തരുമോ , പെണ്ണാണോ പ്ലീസ് റിപ്ലെ. പെണ്ണാണെങ്കിൽ ഞാൻ വളർത്താം. പ്ലീസ് നമ്പർ കിട്ടുമോ രണ്ട് ബോയ്സ് ഉണ്ടെനിക്ക്, പെണ്ണിനെക്കിട്ടിയാൽ ഞാനും മക്കളും വളർത്തും."
ശരിക്കും കണ്ണ് നിറഞ്ഞുപോയ നിമിഷമെന്ന് വേണമെങ്കിൽ പറയാം. രണ്ട് മക്കളുണ്ടായിട്ടു പോലും ഒരു പെണ്കുഞ്ഞിനെ അവരിത്രമാത്രം ആഗ്രഹിക്കുന്നെങ്കിൽ വിവാഹം കഴിഞ്ഞു വർഷങ്ങളോളമായിട്ടും ഒരു കുഞ്ഞിനെ പ്രസവിച്ചു താലോലിക്കാൻ കഴിയാത്തവരുടെ മനസ്സിന്റെ വേദനയെന്തായിരിക്കുമെന്ന് ഒരുനിമിഷം ചിന്തിച്ചു നോക്കൂ.
ആദ്യം മനസ്സിലേക്ക് വന്നത് രണ്ട് വർഷം മുൻപുള്ള ഒരു വിവാഹച്ചടങ്ങും അതിന് നടുവിൽ പരിഹാസത്തോടെയും സഹതാപത്തോടെയും തന്നെത്തന്നെ തുറിച്ചു നോക്കുന്ന ഒരുകൂട്ടം ജനങ്ങളുടെ മുന്നിൽ നിറകണ്ണുകളോടെ നിൽക്കുന്ന ഒരു പെണ്കുട്ടിയുടെ മുഖമായിരുന്നു. വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തോളമായിട്ടും ഒരു കുഞ്ഞിനെ താലോലിക്കാനുള്ള ഭാഗ്യം ലഭിക്കാതെ പോയവൾ. വിവാഹച്ചടങ്ങിൽ വച്ച് വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ പഴയ സുഹൃത്തിന്റെ കുഞ്ഞിനെ സ്നേഹത്തോടെ വാരിയെടുത്തപ്പോഴാണ് പിന്നിൽ നിന്നാരോ വിളിച്ചു പറഞ്ഞത്...
"മച്ചിപ്പെണ്ണുങ്ങൾ കുഞ്ഞിനെ എടുക്കരുത്. കുഞ്ഞിനത് ദോഷമാണ്"
നിറകണ്ണുകളോടെ കുഞ്ഞിനെ തിരികെ നൽകി ഒന്നും മിണ്ടാനാവാതെ വിളറി വിയർത്ത മുഖവുമായി നിന്ന അവളുടെ രൂപം ഇന്നുമൊരു വേദനയായി മനസ്സിലുണ്ട്. ചിലപ്പോൾ ഒരു നിമിഷത്തേക്കെങ്കിലും അവൾ സ്വയം ശപിച്ചിട്ടുണ്ടാകണം. ഒന്നോർത്തു നോക്കൂ ഇതുപോലെ എത്രയോ പേർ നമുക്ക് ചുറ്റുമുണ്ട്. വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു കുഞ്ഞിനെ താലോലിക്കാൻ ഭാഗ്യം ലഭിക്കാതെ നേർച്ചയും കാഴ്ചയുമായി നടക്കുന്നവർ. മച്ചിയെന്ന വിളിപ്പേര് ചാർത്തിക്കിട്ടിയത് കൊണ്ട് മാത്രം തൊട്ടയലത്തെ കുട്ടികളെപ്പോലും ഒന്ന് ലാളിക്കാൻ കഴിയാതെ നീറി നീറി ജീവിക്കുന്നവർ. എന്തിന്റെ പേരിലായാലും ഒരു കുഞ്ഞിനെ ഉപേക്ഷിക്കുമ്പോൾ ഇവരെപ്പോലുള്ളവരെക്കുറിച്ചെങ്കിലും ഒന്നോർത്തുകൂടേ ?
ആരോ കുപ്പയിലുപേക്ഷിച്ച് ഉറുമ്പരിച്ചു തുടങ്ങിയ പിഞ്ചുകുഞ്ഞിനെ നക്കിത്തുടച്ചു വൃത്തിയാക്കി കാവലിരുന്ന ഒരു നായയുടെ വാർത്ത മുൻപെവിടെയോ വായിച്ചിരുന്നു. സ്വയം വിവേകബുദ്ധിയുള്ളവനെന്ന് അവകാശപ്പെടുന്ന മനുഷ്യന് നായയുടെ മനസ്സ് പോലും ഇല്ലാതെ പോയല്ലോ. ഓർക്കുക അമ്മയെന്ന വാക്കിന് ഒരുപാട് അർത്ഥങ്ങളുണ്ട്.
മനുഷ്യത്വം മരവിച്ചവർക്ക് മാത്രമേ ഭ്രൂണഹത്യ ചെയ്യാനും , നൊന്ത് പെറ്റ കുഞ്ഞിനെ കുപ്പയിലുപേക്ഷിക്കാനും കഴിയു എന്ന് മനസ്സിലാക്കാതെ അമ്മയുടെ മഹത്വം പറഞ്ഞിട്ടെന്ത് കാര്യം.
ദൈവത്തിന്റെ വരദാനമാണ് കുഞ്ഞുങ്ങളെന്ന് പറയാറുണ്ട്. അത് ആണോ പെണ്ണോ ആയിക്കൊള്ളട്ടെ. ഭ്രൂണഹത്യ ചെയ്യുന്നവരും കുപ്പയിലുപേക്ഷിക്കുന്നവരും മനസ്സിലോർത്തു കൊള്ളുക. നിങ്ങളോട് ആരൊക്കെ ക്ഷമിച്ചാലും സ്വന്തം മനസാക്ഷിയുടെ മുന്നിൽ നിങ്ങളെന്നും കുറ്റക്കാർ തന്നെ ആയിരിക്കും. കുമ്പസരിച്ചാലോ, നോമ്പ് നോറ്റാലോ, ക്ഷേത്രങ്ങളിൽ വഴിപാട് കഴിച്ചാലോ അതിന് പരിഹാരമാവുകയില്ല. ഒരു ദൈവവും നിങ്ങളോട് ഒരിക്കലും ക്ഷമിക്കുകയുമില്ല. ദൈവത്തിന്റെ കോടതിയിൽ നിങ്ങൾക്കതിനുള്ള ശിക്ഷ ലഭിക്കുക തന്നെ ചെയ്യും....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക