നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിശാഗന്ധി പൂക്കുമ്പോൾ

നിശാഗന്ധി പൂക്കുമ്പോൾ
**************************
രാത്രി അടുക്കളയിലെ സിങ്കിൽ കിടന്ന അവസാന പാത്രവും കഴുകി കമഴ്ത്തി അടുക്കള തുടച്ചു വൃത്തിയാക്കിക്കഴിഞ്ഞപ്പോൾ സമയം പതിനൊന്ന് കഴിഞ്ഞു. ഇന്ന് ഹരിയേട്ടന്റെ ഒരു കൂട്ടുകാരനും കുടുംബവും അത്താഴത്തിന് ഉണ്ടായിരുന്നു. അതാണ് പതിവിലും വൈകാൻ കാരണം. അടുക്കള വാതിൽ ചാരിയിട്ടു ഞാൻ ഹാളിലേക്ക് നടന്നു. പതിവുപോലെ കാഴ്ചക്കാരില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ടെലിവിഷൻ. മുറിയിലേക്ക് പോകുമ്പോൾ ടീവി നിർത്തണമെന്ന് എത്ര പറഞ്ഞാലും ഹരിയേട്ടനും മക്കളും കേൾക്കില്ല. ഡിഗ്രിക്ക് പഠിക്കുന്ന മൂത്തമകൾക്ക് നാളെ യൂണിവേഴ്‌സിറ്റി പരീക്ഷ ഉണ്ട്. അവളുടെ റൂമിൽ നിന്നുള്ള വെട്ടം വാതിലിനിടയിലൂടെ അരിച്ചിറങ്ങുന്നു. പത്തിൽ പഠിക്കുന്ന മകൻ അതിഥികൾ ഇറങ്ങിയതിനു പിന്നാലെ ഉറങ്ങാൻ പോയതാണ്. ഹാളിൽ നിന്നും പുറത്തേക്കുള്ള വാതിൽ പൂട്ടിയില്ലേ എന്നു ഒന്നുകൂടി ഉറപ്പാക്കിയ ശേഷം ഞാൻ ബെഡ്റൂമിലേക്ക് നടന്നു.
ഹരിയേട്ടൻ നല്ല ഉറക്കത്തിലാണ്. ഞാൻ ചെന്നു ലൈറ്റ് ഇട്ടതും മുറിയുടെ മൂലയിൽ വെച്ചിരിക്കുന്ന പ്ലാസ്റ്റിക് ബക്കറ്റിലെ മുഷിഞ്ഞ തുണികൾ എടുത്ത് മുറിയുടെ പുറത്തേക്ക് പോയതും വന്നതുമൊന്നും ആൾ അറിഞ്ഞതേയില്ല. ഹരിയേട്ടന്റെ അരികിൽ വന്നു കിടന്നു കഴിഞ്ഞപ്പോൾ ശരീരത്തിൽ നിന്നും താപത്തിന്റെ കണികകൾ ഉയരുന്നത് പോലെ തോന്നി. ഇത്രയും സമയം ഓടിനടന്നു ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ ഇത്രയും ചൂട് തോന്നിയിരുന്നില്ല. ഫാനിന്റെ വേഗത അല്പം കൂടി കൂട്ടിയ ശേഷം തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടയിലാണ് ഒരു നനുത്ത സുഗന്ധം നസാഗ്രങ്ങളെ തഴുകി കടന്നു വന്നത്. ആ സുഗന്ധമങ്ങനെ ആസ്വദിച്ചു കിടക്കവേ മയക്കം കൺപോളകളെ മെല്ലെ തഴുകി. ഉണർവിനും നിദ്രയ്ക്കും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ ഒഴുകി നടക്കവേ കാതിൽ ആരോ മന്ത്രിക്കുന്ന പോലെ....
"ദേവൂ..., ന്റെ വീട്ടിൽ നിശാഗന്ധി പൂത്തൂട്ടോ..."
ശ്രീയേട്ടന്റെ ശബ്ദം....! കൺപോളകളെ തഴുകിയ നിദ്ര പൊടുന്നനെ എങ്ങോ പോയ് മറഞ്ഞു. ഇപ്പോൾ ഞാൻ മുകളിൽ ചലിക്കുന്ന ഫാനിനും മുറിയിലെ ഇരുണ്ട വെളിച്ചത്തിനുമപ്പുറം എന്തോ കണ്ണുകളാൽ തിരയുകയാണ്. ഇപ്പോൾആ സുഗന്ധം കുറച്ചധികം കടുപ്പത്തിൽ അനുഭവപ്പെടാൻ തുടങ്ങി. പെട്ടെന്നാണ് എനിക്ക് ബോധോദയം ഉണ്ടായത്. ഫ്ലാറ്റിന്റെ മട്ടുപ്പാവിൽ ഞാൻ നട്ട നിശാഗന്ധി പൂത്തിരിക്കുന്നു. അതേ, ഇന്ന് പകൽ കണ്ടപ്പോൾ വിടരാൻ വെമ്പുന്ന ഒരു പൂമൊട്ടായിരുന്നു. ഇന്ന് പൂക്കുമെന്നു തീരേ നിനച്ചില്ല. ഞാൻ പൊടുന്നനെ കിടക്കയിൽ നിന്നും എഴുന്നേറ്റു മട്ടുപ്പാവിലേക്ക് ചെന്നു. അവിടെ പലതരം പണിനീർച്ചെടികൾക്കും ഓർക്കിഡുകൾക്കും ചാരെ ഞാൻ നട്ട നിശാഗന്ധിയിൽ പഞ്ഞികെട്ട് പോലെ വെളുത്തൊരു പുഷ്പം. ഇതളുകൾ അൽപ്പംകൂടി വിടരാൻ ബാക്കിയുണ്ട്. ഞാൻ വേഗം ഹാളിന്റെ ഒരുവശത്തായി ഇട്ടിരിക്കുന്ന ഊണുമേശയുടെ അരികിൽനിന്ന് ഒരു കസേര എടുത്തു മട്ടുപ്പാവിൽ കൊണ്ടിട്ടു. ആ പുഷ്പം മുഴുവനായി വിടരാൻ ഞാൻ കാത്തിരുന്നു. അലസമായി ചുറ്റിക്കിടന്ന കോട്ടൻ സാരിക്കിടയിലൂടെ തണുത്തൊരു മന്ദമാരുതൻ എന്റെ ശരീരത്തിൽ തഴുകി കടന്നുപോയ്ക്കൊണ്ടിരുന്നു. അപ്പോഴും കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു ശ്രീയേട്ടന്റെ ശബ്ദം..
"ദേവൂ..., ന്റെ വീട്ടിൽ നിശാഗന്ധി പൂത്തൂട്ടോ..."
*****************************
എട്ടാം ക്ലാസ്സിലെ വാർഷിക പരീക്ഷ കഴിഞ്ഞുള്ളൊരു ഉച്ചതിരിഞ്ഞ സമയം. അമ്പിളിയുടെ വീട്ടിന്നരുകിലെ കലുങ്കിൽ കാലുകൾ തൂക്കിയിട്ടിരുന്നു വിളഞ്ഞ കിളിച്ചുണ്ടൻ മാങ്ങ ഉപ്പും മുളകുപൊടിയും കൂട്ടി കഴിക്കവേയാണ് അവൾ ചോദിച്ചത് "ദേവികേ, നീ നിശാഗന്ധി കണ്ടിരിക്കുന്നോ?". അങ്ങനെയൊരു പൂവുള്ളത് കൂടി അന്നാണ് ഞാൻ അറിയണത്. മിഴിച്ചു നിന്ന എന്നോടവൾ പറഞ്ഞു "നന്തിലകത്തു വീട്ടിൽ അങ്ങനെ ഒരു ചേടീണ്ട്. നല്ല വാസനയാ അതിന്.. പക്ഷേ രാത്രിയിൽ പൂത്തിട്ടു രാവിലെയാകുമ്പോൾ വാടിപ്പോകും..ഇന്നലെ ഒരെണ്ണം വിടർന്നത്രേ. കുറേ നാട്ടുകാർ പോയി കണ്ടത്രേ. ഒരീസം നമ്മൾക്കും പോയാലോ?"
ഞങ്ങളുടെ കൂട്ടുകാരി ശ്രീലേഖയുടെ വീടാണ് നന്തിലകത്ത്. അവിടെയാണ് ഏതോ വിശേഷപ്പെട്ട പൂവുണ്ടെന്നു അമ്പിളി പറഞ്ഞത്. അപ്പോൾ തന്നെ അങ്ങട് പുറപ്പെട്ടു. ഞങ്ങളുടെ വീട്ടിൽ നിന്നും പത്തു മിനിറ്റോളം നടക്കാനുണ്ട് അങ്ങട്. അവിടെ ചെന്നപ്പോൾ ഉമ്മറത്തിരുപ്പുണ്ട് ശ്രീലേഖ. അവളുടെ മുടി ചീവിഒതുക്കിക്കൊണ്ട് അവളുടെ അമ്മയും ഉണ്ട് കൂടെ.
"കൂട്ടുകാരിയെ കാണാതായപ്പോൾ തിരക്കി ഇറങ്ങിയതാ രണ്ടാളും കൂടി?" അമ്മ ചിരിച്ചുകൊണ്ട് ചോദിച്ചു. ഞങ്ങൾ രണ്ടാളും ഒന്നും മിണ്ടാതെ ചിരിച്ചുകൊണ്ട് നിന്നു. അമ്പിളി ശ്രീലേഖയെ വേഗം വരൂ എന്നു കണ്ണുകാട്ടി വിളിക്കണുണ്ടായിരുന്നു. മുറ്റത്തിന്റെ ഒരരുകിലേക്ക് മാറ്റി നിർത്തി നിശാഗന്ധിയെ കുറിച്ച് ഞങ്ങൾ അവളോട്‌ ചോദിച്ചു. അവൾ ഞങ്ങളെ വീടിന്റെ മുൻപിൽ ചുറ്റുവരാന്തയോട് ചേർന്ന് നട്ടു പിടിപ്പിച്ചിരിക്കുന്ന ചെടികളുടെ അടുത്തേക്ക് കൂട്ടികൊണ്ട് പോയി. അവിടെ ഒരു കോണിലായി മണ്ണ് നിറച്ചൊരു ചാക്കിൽ ഞങ്ങൾ ഇത് വരെ കാണാത്തതരം വിടർന്ന ഇലകൾ ഉള്ളൊരു ചെടി. താങ്ങു കൊടുത്തിരിക്കുന്ന ഒരു പത്തലിലേക്ക് പടർന്ന് കയറിയിരിക്കുകയാണ് അത്‌. ചെറിയ രണ്ടോ മൂന്നോ മൊട്ടുകൾ അവിടെയും ഇവിടെയുമായി നിൽക്കുന്നു.
"ഇനി ഇതെന്നാ വിരിയുക?" ആകാംക്ഷയോടെ ഞാൻ ചോദിച്ചു.
"ആവോ... അതൊക്കെ ശ്രീയേട്ടനാ നിശ്ചയം" ശ്രീലേഖ നിഷ്കളങ്കമായി പറഞ്ഞു. അവളുടെ ഏട്ടനാണ് പത്തിൽ പഠിക്കുന്ന ശ്രീയേട്ടൻ എന്ന ശ്രീകാന്ത്. ശ്രീയേട്ടനെ മിക്കപ്പോഴും വീടിനടുത്തുള്ള വായനശാലയിൽ കാണാറുണ്ട്. പക്ഷേ ഇത് വരെ മിണ്ടിയിട്ടില്ല. ആ ഏട്ടന്റെ ആണത്രേ ആ പൂന്തോട്ടം. ഏതോ കൂട്ടുകാരന്റെ വീട്ടിൽ നിന്നും കൊണ്ടുവന്നു കുറേ കഷ്ടപ്പെട്ട് വളർത്തിയതാണത്രേ ആ നിശാഗന്ധിച്ചെടി.
അപ്പോഴാണ് ശ്രീയേട്ടൻ ഒരു പുസ്തകവും കയ്യിൽ പിടിച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങി വന്നത്.
"ഏട്ടാ.. ഇനി എന്നാ ഇത് വിരിയുന്നത്? ഇവർക്ക് വന്നു കണ്ടാൽ കൊള്ളാമെന്നുണ്ട്.." ശ്രീലേഖ പറഞ്ഞു. ചെടിയുടെ അരികത്തേക്ക് വന്ന് പൂമൊട്ടുകളെ ഒന്നു വീക്ഷിച്ചശേഷം "കൃത്യമായി അറിയൂല്ല.. ഇപ്പോൾ തീരേ ചെറിയ മൊട്ടുകളാണ്..." എന്നു പറഞ്ഞപ്പോളാണ് ഞാൻ ശ്രീയേട്ടനെ ശെരിക്കും കാണുന്നത്. മീശ പൊടിച്ചു വരുന്ന ഒരു ഇരുനിറക്കാരൻ സുന്ദരൻ. എണ്ണ മിനുക്കി ഒരു വശത്തേക്ക് ചീവിയൊതുക്കി വെച്ചിരിക്കുന്ന അല്പം ചുരുണ്ട മുടി. തിരിഞ്ഞു നടക്കാനൊരുങ്ങാവെ ഞങ്ങളുടെ കണ്ണുകൾ തമ്മിലിടഞ്ഞു. "ഈ കുട്ടിയുടെ വീട് വായനശാലയ്ക്ക് അടുത്തല്ലേ.. വിരിയാറായൽ ഞാൻ പറയാം" എന്നു എന്റെ കണ്ണിലേക്ക് നോക്കി ഒരു ചെറുചിരിയോടെ പറഞ്ഞിട്ട് ശ്രീയേട്ടൻ പടികടന്നു പോയി. എന്റെ ശരീരത്തിലേക്ക് പടർന്നുകയറിയ തരിപ്പ് കവിളുകളിൽ തീർത്ത അരുണിമശോഭ കൂട്ടുകാരികൾ കാണാതിരിക്കാൻ ഞാൻ തിരിഞ്ഞു നിശാഗന്ധിയിലേക്ക്‌ തന്നെ നോക്കിക്കൊണ്ട് നിന്നു. ആ മൊട്ടുകൾ എന്നെ നോക്കി കണ്ണിറുക്കുന്നതായി എനിക്കെന്തേ തോന്നി...
******************************
പിന്നീട് പലപ്പോഴും പലയിടങ്ങളിൽ വെച്ച് ശ്രീയേട്ടനെ ഞാൻ കണ്ടു. അപ്പോഴൊക്കെ എന്റെ ഞെഞ്ചിടിപ്പ് എന്തുകൊണ്ടോ കൂടിയിരുന്നു. എങ്കിലും ഒരിക്കലും ഞാനോ ശ്രീയേട്ടനോ പരസ്പ്പരം സംസാരിച്ചിരുന്നില്ല. അങ്ങനെയിരിക്കെ ഒരു വൈകുന്നേരം വായനശാലയിലേക്ക് വന്ന ശ്രീയേട്ടൻ എന്റെ വീട്ടിലേക്കും വന്നു. ഉമ്മറത്തെ വരാന്തയിലിരുന്ന് അമ്പിളിയുമായി "നിര" കളിക്കുകയായിരുന്നു ഞാൻ. ഞങ്ങൾ അങ്ങനെയാ.. ഓരോ ദിവസവും ഓരോരുത്തരുടെ വീടുകളിൽ ആണ് കൂടുന്നത്. ആർക്കും പിണക്കം ഉണ്ടാവരുതല്ലോ.
"ദേവൂ.. ഇന്നലെ ഒരു പൂവ് വിടർന്നിരുന്നു. വേറൊരെണ്ണം ഇന്നത്തേക്ക് വിരിയും.." മുറ്റത്തു നിന്നുകൊണ്ട് ശ്രീയേട്ടൻ പറഞ്ഞു.
"ഇന്നന്നേ വിടരുംന്ന് ഉറപ്പാണോ ഏട്ടാ?" അമ്പിളിയാണ് ചോദിച്ചത്.
"അതേ.. നിക്കുറപ്പാ... അതിന്നന്നേ വിരിയും.." അത് പറയുമ്പോൾ ശ്രീയേട്ടന്റെ കണ്ണുകൾ എന്റെ കണ്ണുകളുടെ ആഴം അളക്കുകയായിരുന്നോ....??
എന്തായാലും അന്ന് രാത്രി ഞാനും അമ്പിളിയും പിന്നെ ഞങ്ങളുടെ രണ്ട് അനിയന്മാരും നന്തിലകത് വീട്ടിൽ ആയിരുന്നു. കുട്ട്യോളെ അന്യ വീട്ടിൽ കിടത്താൻ അച്ഛനു തീരെ ഇഷ്ടമില്ലായിരുന്നു. പിന്നെ ശ്രീലേഖയും അമ്മയും വീട്ടിൽ വന്നു കുട്ടികളുടെ ആഗ്രഹമല്ലേ, ഇതൊക്കെ എന്നും കാണാൻ പറ്റില്ലല്ലോ എന്നൊക്കെ പറഞ്ഞപ്പോൾ വിട്ടതാണ്. നന്തിലകത് വീടിന്റെ അടുത്തുള്ള കാവിൽ അന്ന് സർപ്പം തുള്ളൽ ഉള്ളതുകൊണ്ടും കൂടെയാണ് വിട്ടത്. രാത്രി കുറച്ച് സമയം ഞങ്ങൾ തുള്ളൽ കാണാൻ പോയി. പതിനൊന്നു മണിയൊക്കെ ആകാറായപ്പോൾ ശ്രീയേട്ടൻ വന്നു വിളിച്ചു. ഞങ്ങൾ എല്ലാവരുംകൂടി ചെന്നപ്പോൾ രണ്ടു നിശാഗന്ധി പുഷ്പങ്ങൾ വിടർന്നു തുടങ്ങിയിരുന്നു. ഓരോ ദളങ്ങളായി വിടരുംതോറും അന്തരീക്ഷത്തിൽ പരിമളത്തിന്റെ കാഠിന്യവും കൂടി വന്നു. പൂർണ്ണചന്ദ്രന്റെ വെള്ളിവെളിച്ചവും, മഞ്ഞുപോലെ വെളുത്ത പുഷ്പങ്ങളും, തഴുകിത്തലോടി പോകുന്ന മന്ദമാരുതനിൽ ലയിച്ചുചേർന്ന പരിമളവും, അതിനിടയിൽ ഇടഞ്ഞ എന്റെയും ശ്രീയേട്ടന്റെയും കണ്ണുകളും.... പ്രണയം ഒരു തൂമഞ്ഞുപോലെ ഞങ്ങൾക്കുമേൽ പെയ്തിറങ്ങുകയാണെന്നു എന്നിലെ പതിന്നാലുവയസ്സുകരിക്കു തോന്നി. ആ രാത്രി തീരാതിരുന്നെങ്കിൽ എന്നു ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു.
ഞങ്ങളുടെ കരയിലെ ദേവിക്ഷേത്രത്തിലേക്കുള്ള താലപ്പൊലിയിൽ ആദ്യമായി ഹാഫ് സാരിയുടുത്ത എന്റെ കണ്ണുകൾ വഴിയിലുടനീളം തിരഞ്ഞത് ശ്രീയേട്ടനെ മാത്രമായിരുന്നു. "ദേവൂന് ഈ വേഷം നന്നായി ചേരുന്നുണ്ട്" എന്ന് വിളക്കിൽ എണ്ണ പകർന്നു തന്ന ശേഷം എന്റെ കണ്ണുകളിലേക്ക് പാളി നോക്കി ശ്രീയേട്ടൻ പറഞ്ഞപ്പോൾ താലത്തിലെ ദീപത്തേക്കാൾ പ്രകാശം എന്റെ കണ്ണുകളിൽ നിറഞ്ഞിരുന്നു. പിന്നീടുള്ള ദിവസങ്ങളിലൊക്കെയും ശ്രീയേട്ടനു വേണ്ടിയായിരുന്നു ഞാൻ അണിഞ്ഞൊരുങ്ങിയിരുന്നത്. നാട്ടുവഴികളിലും കടത്തുകടവിലും പിന്നീട് ബസ് സ്റ്റോപ്പിലുമൊക്കെയായി ഞങ്ങളുടെ കണ്ണുകൾ ഇടഞ്ഞുകൊണ്ടേയിരുന്നു. പരസ്പരം പറയാതെ..., എങ്കിൽ മനസ്സുകൊണ്ടറിഞ്ഞു..., കണ്ണുകളിലൂടെ ഞങ്ങൾ പ്രണയിച്ചുകൊണ്ടിരുന്നു. തുറന്നു പറയാത്തൊരു പ്രണയം ! ഞങ്ങൾ രണ്ടുപേരും പരസ്പ്പരം പ്രണയം തുറന്ന് പറഞ്ഞിരുന്നില്ല. അതോ ഞങ്ങളുടേത് പ്രണയത്തിനപ്പുറമുള്ള എന്തോ ഒരു വികരമായിരുന്നോ... ആവോ.. അതേനിക്കിപ്പോഴും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഒടുവിൽ ഹരിയേട്ടനുമായി എന്റെ വിവാഹം ഉറപ്പിച്ചപ്പോഴും ഞങ്ങൾ കണ്ണുകൾ കൊണ്ട് സംസാരിച്ചുകൊണ്ടേയിരുന്നു. കൃത്യമായി പറഞ്ഞാൽ എന്റെ വിവാഹത്തലേന്നു വരെ ഞാൻ അണിഞ്ഞൊരുങ്ങിയത് ശ്രീയേട്ടനെ കാണുമെന്നുള്ള പ്രതീക്ഷയിലായിരുന്നു. ഒടുവിൽ കല്യാണത്തലേന്നു രാത്രി എന്റെ കയ്യിൽ മൈലാഞ്ചി ഇടാൻ വന്ന ശ്രീലേഖയെ കൂട്ടിക്കൊണ്ടു പോകാൻ വൈകി വന്നപ്പോൾ, ശ്രീയേട്ടൻ എന്റെ മൈലാഞ്ചിയിട്ട കൈകളിലേക്ക് ഒരു വിടർന്നു തുടങ്ങിയ നിശാഗന്ധി വെച്ചു തന്നിട്ട് പറഞ്ഞു
"ദേവൂ..., ന്റെ വീട്ടിൽ നിശാഗന്ധി പൂത്തൂട്ടോ..."
അപ്പോഴും ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഇടഞ്ഞിരുന്നു. ആ കണ്ണുകളിലെ അന്നത്തെ വികാരം എന്തായിരുന്നു എന്നു എനിക്ക് വേർതിരിച്ചറിയാൻ പറ്റിയില്ല. ആ പുഷ്പം അന്ന് രാത്രി മുഴുവൻ ഞാൻ എന്റെ കിടക്കയിൽ സൂക്ഷിച്ചു. നിശാഗന്ധിയുടെ സുഗന്ധവും ശ്രീയേട്ടന്റെ സുഗന്ധവും ഒന്നാണെന്ന് എനിക്ക് തോന്നി. രാത്രി വെളുത്തപ്പോൾ വാടിത്തളർന്ന ഒരു നിശാഗന്ധിയാണ് ഞാൻ കണ്ടത്. എന്റെ ചുണ്ടിൽ വിരിഞ്ഞൊരു പുഞ്ചിരിയോടെ ഞാനാ പൂവെടുത്തു എന്റെ ഡയറിയിൽ വെച്ചു. അന്നുതൊട്ടു ഇന്നുവരെ പിന്നീട് ഞാൻ അണിഞ്ഞൊരുങ്ങിയത് ഹരിയേട്ടനു വേണ്ടിയായിരുന്നു. എങ്കിലും നിശാഗന്ധിപ്പൂക്കളെ ഞാൻ ഗാഢമായി സ്നേഹിച്ചിരുന്നു.
******************************
ചുമലിൽ ഒരു നനുത്ത സ്പർശമേറ്റാണ് ഞാൻ കണ്ണുകൾ തുറന്നത്. മങ്ങിയ വെളിച്ചം പടർന്നുതുടങ്ങിയിരുന്നു. കുറച്ചുമാറിയുള്ള ദേവീക്ഷേത്രത്തിൽനിന്നും "ശ്രീ വെങ്കടേശ്വര സുപ്രഭാതം" കേൾക്കാൻ തുടങ്ങിയിരുന്നു. ഹരിയേട്ടൻ ഒന്നുകൂടി ചുമലിൽ തട്ടി.
"എന്താ ദേവൂ ഇവിടെ ഇരിക്കണത്? രാത്രിയിലത്തെ തണുപ്പ് മുഴുവൻ പിടിച്ചൂ അല്ലേ?"
"ഹേയ്... കുഴപ്പമില്ല ഹരിയേട്ടാ..." ഞാൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു. പെട്ടെന്നാണ് ഞാൻ നിശാഗന്ധി പുഷ്പത്തിന്റെ കാര്യമോർത്തത്. ചെടിയിലേക്ക് നോക്കിയ ഞാൻ കണ്ടത് വാടിനിൽക്കുന്ന ഒരു മങ്ങിയ വെള്ള പുഷ്പമാണ്. ഒരു ദിവസം മാത്രം ആയുസുള്ള നിശാഗന്ധി ! ചില ഇഷ്ട്ടങ്ങളും അങ്ങനെയാണ്. അൽപായുസ്സുള്ളവ.
നിശാഗന്ധിയും ഓർമകളും തൽക്കാലം ഉപേക്ഷിച്ചു ഞാൻ മുറിയിലേക്ക് നടന്നു. അപ്പോഴും കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു..
"ദേവൂ..., ന്റെ വീട്ടിൽ നിശാഗന്ധി പൂത്തൂട്ടോ..."
*******************************
രേവതി എം. ആർ.
15/02/2018

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot