Slider

അവസ്ഥാന്തരങ്ങൾ

0
അവസ്ഥാന്തരങ്ങൾ
************
നെറ്റിയിൽ വന്നു വീണ അവസാനത്തെ കല്ല് രക്തം പുരണ്ട് നിലത്തേക്ക് വീണു.
അത് വരെ കല്ലെറിഞ്ഞും ആക്രോശിച്ചും ബഹളം വെച്ച അയല്ക്കാര് പിരിഞ്ഞു പോയി. ഖേദവും പുച്ഛവും പ്രകടിപ്പിച്ചു കാഴ്ച്ചക്കാരായവരും തിരിഞ്ഞു നടന്നകന്നു.
മുന്നിൽ വലിച്ചെറിഞ്ഞ വസ്ത്രങ്ങളും മോളുടെ കളിപ്പാട്ടങ്ങളും എല്ലാം വാരിയടുക്കി റോഡിലെ ഫുട്പാത്തിൽ മകളെയും ചേര്ത്ത് പിടിച്ചിരിക്കുമ്പോൾ രക്തം ഇറ്റുന്ന മുറിവായിരുന്നില്ല വേദനിപ്പിച്ചത്. ആരുടെയോ കര്മ്മത്തിന്റെ ഫലം ഒരു തെറ്റും ചെയ്യാത്ത മകളെയും ചേര്ത്ത് പിടിച്ചു അനുഭവിക്കേണ്ടി വന്നല്ലോ എന്നോര്ത്തായിരുന്നു.
മകളെയും താങ്ങിപ്പിടിച്ച് വേച്ച് വേച്ചു റോഡ് സൈഡിലെ വിളക്ക്കാലിനു ചുവട്ടില് പോയിരുന്നു.
വീടുകളിൽ പലതും ലൈറ്റണഞ്ഞു അടഞ്ഞു കിടന്നു. ഫുട്പാത്തില് കുറച്ചപ്പുറം കുഞ്ഞിനെ മുലയൂട്ടി കൊണ്ട് ഒരു പട്ടി കിടക്കുന്നു.
മുലപ്പാല് പോലും എന്നോ വറ്റിയ തന്റെ മാറിൽ ഇപ്പൊ കനല്പ്പോട് മാത്രം. ക്ഷീണിച്ചു തളർന്ന് മോള് മടിയില് തലവെച്ചു ഉറക്കം തുടങ്ങി.
ഇനിയെന്ത് അറിയില്ല. സുരക്ഷിതമായ ഒരിടം തേടണം.
മോളെ മെല്ലെ ചുമലിലെടുത്ത് ബസ് ഷെല്ട്ടറിൽ കയറി ഇരുന്നു. കയ്യിലെ ബാഗില് നിന്നും സാരി എടുത്തു വിരിച്ചു മോളെ അതിൽ കിടത്തി ആ ചുമരോട് ചാരി ഇരുന്നു.
പെട്ടെന്ന് ഒരു ശബ്ദം കേട്ട് ഞെട്ടി തല ചെരിച്ചു നോക്കി. അപ്പുറത്തായി ഒരു ചെറുപ്പക്കാരൻ, ഭ്രാന്തനെന്നു തോന്നിപ്പിക്കുന്ന പോലെ പിറുപിറുത്തു കൊണ്ട് വന്നിരിപ്പായി. അവൻ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ട്.
മോളെയും ചേര്ത്ത് പിടിച്ചു പേടിച്ചു വിറച്ചു ശ്വാസം അടക്കിപിടിച്ചിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവൻ ആടിയാടി അവളുടെ അടുത്തെത്തി. കറ കെട്ടിയ പല്ല് കാട്ടി ചിരിച്ചു കൊണ്ട് അവന് അവളുടെ നേര്ക്ക് കൈ നീട്ടി.
പേടിയോടെ അവന്റെ കൈകളിലേക്ക് നോക്കി. ഒരാപ്പിള്. ആരോ ദാനം നല്കിയ ഭക്ഷണം തനിക്കും കൂടി പങ്കു വെക്കാന് വന്നതാണ്.
ആ ഒരു നിമിഷം മതിയായിരുന്നു അവന് ഭ്രാന്തില്ല എന്ന് മാറി ചിന്തിക്കാൻ.
"കഴിച്ചോളൂ, എനിക്ക് വിശപ്പില്ല" അത് പറഞ്ഞപ്പോൾ കുഞ്ഞുങ്ങളെപ്പോലെ ചിണുങ്ങി അവൻ ദൂരെ മാറി ഇരുന്നു. ആ വെറും നിലത്ത് കാലു നീട്ടി ഇരുട്ടിലേക്ക് നോക്കി ഇരുന്നു.
മുന്നിലെ റോഡിൽ ഇരുട്ട് കനം വെച്ചു വന്നു. കഴിഞ്ഞു പോയ കാലം ഒരു തിരശ്ശീലയിൽ എന്ന പോലെ കണ്ണിൻ മുന്നിൽ തെളിയാൻ തുടങ്ങുന്നു. ഓര്മ്മകൾ ശരവേഗത്തെയും തോല്പിക്കും, വര്ഷങ്ങളെയും നിമിഷങ്ങളുടെ വേഗത്തിൽ മനസ്സിൽ എത്തിക്കും. ഓര്മ്മകൽ ചെന്ന് നിന്നത് ആ കല്യാണ മണ്ഡപത്തിൽ ആയിരുന്നു.
പത്തൊന്പത്കാരി സീതാലക്ഷ്മിക്ക് ഇരുപത്തൊന്പത്കാരന് പ്രസാദ് താലിചാര്ത്തുന്നു. ചുറ്റും ബന്ധുക്കൾ, കൂട്ടുകാരികൾ, നാട്ടുകാർ. അച്ഛനും ആങ്ങളയും പന്തലിൽ ഓടി നടക്കുന്നു.
ഒടുവിൾ കണ്ണീരിൽ മുങ്ങിയ യാത്രയാക്കൽ. വലത് കാൽ വെച്ചു പ്രസാദിന്റെ ജീവിതത്തിലേക്ക് കയറുമ്പോൾ സ്വപ്നങ്ങളും മോഹങ്ങളും ആയിരം വർണ്ണങ്ങൾ ചാർത്തിയിരുന്നു.
സന്തോഷം മാത്രം നിറഞ്ഞ നിമിഷങ്ങൾ, മോള് ജനിച്ചപ്പോൾ ലോകത്തിലെ ഏറ്റവും ഭാഗ്യവതി താനാണെന്ന് അഹങ്കരിചിരുന്നോ താൻ. ഉണ്ടാവും അല്ലാതിങ്ങനെ.
ഒരു നെടുവീർപ്പ് ആ ഇരുളിൾ വീണ് ചിതറി.
ഇടയ്ക്ക് ആ ഭ്രാന്തനെ നോക്കുമ്പോള് അവനും ചുമര് ചാരിയിരുന്നു ഉറക്കം തുടങ്ങി ഇരുന്നു. ചെറുപ്പമാണ് അവന്. മുഷിഞ്ഞു അഴുക്കുപുരണ്ട ഒരു ടീഷർട്ടും ത്രീ ഫോർത്തുമാണ് വേഷം. കയ്യില് ഏതോ ഒരു ടെക്സ്റ്റയില്സിന്റെ കവർ ചുറ്റി പിടിച്ചിട്ടുണ്ട്. അവന്റെ അടുത്തായി ആ പട്ടിയും കുഞ്ഞും കിടക്കുന്നു. അപരിചിതത്വം ഇല്ലാതെ.
വീണ്ടും കണ്ണടച്ച് ഓർമ്മകളിലേക്ക് കടക്കുമ്പോൾ നോവുകൾ ഇരുൾപാകിയ ഇന്നലെകൾ മുന്നിൽ എത്തിയിരുന്നു.
പ്രസാദിന്റെ ശരീരം പെട്ടന്നൊരു ദിവസം ക്ഷീണിച്ചു വരുന്നത് കണ്ട അമ്മായിഅമ്മ മരുമകളെ കുത്തുവാക്ക് പറഞ്ഞു നോവിക്കാൻ തുടങ്ങി.
എങ്ങനെയൊക്കെ ആരോഗ്യം ശ്രദ്ധിച്ചിട്ടും ശരീരം ക്ഷീണിച്ചു വന്നു. വിട്ടുമാറാത്ത ചുമ ഉള്ളില് എന്തൊക്കെയോ പേടി നിറച്ചിരുന്നു. ഒടുവിൽ ക്ഷയമോ മറ്റോ ആണോ എന്ന സംശയത്തിൽ മെഡിക്കൽ കോളേജിൽ ഡോക്ടറെ കാണിക്കാൻ പോയപ്പോൾ ആയിരുന്നു പ്രസാദ് ഒരു എയിഡ്സ് രോഗിയാണ് എന്നു അറിയുന്നത്. കേട്ടപ്പോൾ കണ്ണിൽ ഇരുട്ട് കയറും പോലെ.
എങ്ങനെ എവിടെ വെച്ചു, പ്രസാദിന്റെ ചുമലുലച്ച് ചോദ്യം ആവര്ത്തിച്ചപ്പോള് അവനും കൃത്യമായി അറിയില്ലായിരുന്നു. ഒടുവില് തന്റെ ഭര്ത്താവിന്റെ ഇന്നലകളെ അറിഞ്ഞേ തീരൂ എന്ന വാശി ആ നാവിൽ നിന്നും കേൾക്കാൻ പാടില്ലാത്ത പലതും കേൾപ്പിച്ചു.
അവന് കട്ടിലില് തലകുനിച്ചിരുന്നു ഒരു കുമ്പസാരം പോലെ പറയാന് തുടങ്ങി
"അന്നു എനിക്ക് ഇരുപത് വയസ്സ്. നാട്ടിലെ ചങ്ങാതിമാര് ഒക്കെ ടൂർ പോവാൻ പ്ലാൻ ചെയ്തു. ഗോവയ്ക്ക്. അവിടെ നിന്നും പിന്നെ ബോംബയ്ക്ക്. ചെറിയമ്മയുടെ വീട്ടിൽ തങ്ങാം എന്ന ധാരണയിൽ ആയിരുന്നു ബോംബെ പ്ലാൻ ചെയ്തത്. ഗോവയില് കറങ്ങി പിന്നെ ബോംബെ എത്തിയപ്പോള് പ്രൈവസി പോവുമെന്ന് പറഞ്ഞു കൂട്ടുകാര് ഹോട്ടല് റൂം എടുത്തു.
പ്രായത്തിന്റെ പക്വത ഇല്ലായ്മയിൽ അന്നു കാട്ടികൂട്ടാത്ത കളികൾ ഇല്ലായിരുന്നു. വീട്ടുകാരിൽ നിന്നും കിട്ടിയ സ്വാതന്ത്ര്യം അത് മാക്സിമം ഉപയോഗിച്ചു.
കള്ളും പെണ്ണും തേടി കൂട്ടുകാർ നടന്നു. ഓരോ റൂമിലും ഓരോ പെണ്ണ് ആയി. എല്ലാത്തിൽ നിന്നും ഒഴിഞ്ഞു നിന്ന എന്നെ ആണും പെണ്ണും കെട്ടവൻ എന്നു വിളിച്ചു കളിയാക്കി.
ഒടുവിൽ വാശി കയറിയ ഞാനും എന്റെ റൂമില് പെണ്ണിനെ വരുത്തിച്ചു. ജീവിതത്തിലാദ്യമായി പെണ്ണിന്റെ സുഖവും മദ്യത്തിന്റെ ലഹരിയും അറിഞ്ഞപ്പോള് അവിടം വിടും വരെ അത് ഉപേക്ഷിക്കാന് തോന്നിയില്ല. ആണായാൽ ഇതൊക്കെ ഉണ്ടാവുമെന്ന് പറഞ്ഞു എന്റെ ഉള്ളിലെ കുറ്റബോധത്തെ കൂട്ടുകാര് നിസ്സാരമാക്കി. അത്രയും പറഞ്ഞപ്പോഴേക്കും അവൻ ചുമച്ചു തുടങ്ങി. ശ്വാസം കിട്ടാതെ പിടയും പോലെ കണ്ണുകൾ തുറിച്ചു വന്നു. പുറം തടവി കൊടുത്തു അടുത്തു നിന്നപ്പോൾ തന്റെ അരയിലൂടെ ചുറ്റിപിടിച്ചു കൊച്ചു കുഞ്ഞുങ്ങളെ പോലെ അയാൾ കരഞ്ഞു പറഞ്ഞു.
"ഇല്ല, സീതേ അതിനു ശേഷം ഞാന് നിന്നെയല്ലാതെ വേറൊരു പെണ്ണിനെ തൊട്ടിട്ടില്ല". പൊട്ടിക്കരഞ്ഞു ക്കൊണ്ട് തന്റെ കാൽച്ചുവട്ടിലേക്ക് വീണു ആ ശരീരം.
എല്ലാം കേട്ട് ശില പോലെ ഇരിക്കുകയായിരുന്നു അപോഴും താൻ.
മകന്റെ അസുഖം അറിഞ്ഞു അമ്മയും ആ ഷോക്കിൽ തളർന്നു വീണു. വൈകാതെ വേദനകൾ ഇല്ലാത്ത ലോകത്തേക്ക് അവരും പോയി.
ആ വലിയ വീട്ടിൽ പിന്നെ എല്ലും തോലും ആയ ഭര്ത്താവും താനും രണ്ടു വയസ്സ്കാരി ദിയയും.
മേലേത്തെ പ്രസാദിന് എയിഡ്സ് എന്നത് നാട്ടില് പരക്കാൻ അധികം നാൾ വേണ്ടി വന്നില്ല. നാട്ടുകാരും ബന്ധുക്കളും ഒറ്റപെടുത്തി തുടങ്ങി. ആങ്ങള പോലും മുഖം തിരിച്ചു നടന്നു പോയി. ആരും കാണാതെ അമ്മ കൊണ്ട് തരുന്ന പൈസ കൊണ്ടായിരുന്നു ഓരോ ദിവസവും തള്ളി നീക്കിയത്.
അന്നൊരു ഓണക്കാലം ആയിരുന്നു. ഉത്രാടത്തിനു മോൾക്ക് പൂക്കളം ഇട്ട് കൊടുക്കുമ്പോൾ ആയിരുന്നു സീതേ എന്ന നിലവിളി കേട്ടത്. ഒരാന്തലോടെ ഓടി റൂമിൽ എത്തുമ്പോൾ കണ്ടത് ചോര ചർദ്ധിച്ചു നിലത്തു വീണു പിടയുന്ന പ്രസാദേട്ടനെയാണ്..
താങ്ങിപ്പിടിച്ചു ആ മുഖം നെഞ്ചോട് ചേർക്കുമ്പോഴേക്കും പാതി ബോധത്തിൽ ആയിരുന്നു ഏട്ടൻ.
"എന്നോട് പൊറുക്കണേ നീ.ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ ഞാൻ ചെയ്ത കർമ്മ ഫലം ഇന്ന് ഒരു തെറ്റും ചെയ്യാത്ത നീയാ അനുഭവിക്കുന്നത്. ശപിക്കരുത് എന്നെ നീ."
"ഒന്നൂല്ല ഏട്ടാ, നമ്മുക്ക് ഹോസ്പിറ്റലിൽ പോവാം.നമ്മുക്ക് വന്നിട്ട് ഓണസദ്യ ഒക്കെ വെക്കണ്ടേ.ഏട്ടാ കണ്ണു തുറക്ക്.പോവല്ലേ.എന്നെയും മോളേയും ഒറ്റയ്ക്കാക്കല്ലേ ഏട്ടാ..പക്ഷെ തന്റെ നെഞ്ചു പിളർന്ന കരച്ചിലിനും ആ ജീവനെ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല.
മരണ വിവരം അറിഞ്ഞു വന്നവർ ഒരു കയ്യകലം പാലിച്ചു നിന്നു. തൊട്ടാൽ പകരുന്ന അസുഖം ആണത്രേ എയ്ഡ്സ്. ഒടുവിൽ ഏട്ടന്റെ രണ്ടു കൂട്ടുകാർ എല്ലാ എതിർപ്പും മറി കടന്നു ഏട്ടന്റെ കർമ്മങ്ങളും മറ്റു ചടങ്ങുകളും നടത്തുകയായിരുന്നു.
പിന്നെ പിന്നെ ആ വീട്ടിൽ നിൽക്കാൻ തോന്നിയില്ല. കിട്ടിയ വിലയ്ക്ക് വീട് വിറ്റു ഈ നാട്ടിൽ വാടകയ്ക്ക് താമസമാക്കി. ആനിച്ചേച്ചിയും ജോസേട്ടനും ആയിരുന്നു വീട്ടുടമസ്ഥർ. മക്കൾ ഒക്കെ വിദേശത്തു.ഏറെ സ്വത്തുകാർ.
പിന്നീടുള്ള ഓരോ ദിനവും അതിജീവനത്തിന്റെ ആയിരുന്നു. ഒരു ടെക്സ്റ്റയിലിലെ ജോലി കിട്ടിയപ്പോൾ ജീവിതം പട്ടിണിയില്ലാതെ നീങ്ങി.
രണ്ട് മാസം മുന്നേ ആയിരുന്നു ശരീരത്തിൽ വരുന്ന മാറ്റങ്ങൾ ശ്രദ്ധിച്ചത്. ഒരു ഞെട്ടലായിരുന്നു മനസ്സിൽ.മോളേയും എടുത്തു മെഡിക്കൽ കോളേജിൽ ചെന്നു എലിസ ടെസ്റ്റ് ആയിരുന്നു ആദ്യം ചെയ്തത്.കാരണം തന്നെയും വിധി തോൽപിക്കാൻ തുടങ്ങിയോ എന്ന പേടി ആയിരുന്നു. ഒടുവിൽ തോറ്റ് മടങ്ങുമ്പോൾ മോൾക്ക് ഇനി ആര് എന്ന ചിന്ത ആയിരുന്നു.
ആരോ ചെയ്ത പുണ്യമാവാം ദിയയിലേക്ക് അസുഖം പകർന്നില്ല.
പക്ഷേ ഇന്നലെ രാവിലെ വീട്ടിലെ മുന്നിൽ വന്നു കൂടിയ ആളുകളെ കണ്ടപ്പോൾ മനസിലായി താൻ പേടിച്ചത് സംഭവിച്ചിരിക്കുന്നു. ദേശം മാറിയാലും മനുഷ്യരുടെ ചിന്താഗതികൾ മാറില്ലല്ലോ.
കൂട്ടത്തിൽ ജനു മാഷ് ആയിരുന്നു സംസാരിച്ചത്. "നിങ്ങൾക്ക് എയ്ഡ്സ് രോഗം ഉണ്ടെന്ന് നാട്ടിൽ ചിലരൊക്കെ പറയുന്നു. അതിൽ സത്യമുണ്ടോ"
"ഉണ്ട്.. ഞാൻ ഒരു എയ്ഡ്സ് രോഗിയാണ്"
ഇടർച്ചയില്ലാതെ പറഞ്ഞപ്പോൾ കൂടി നിന്നവരുടെ മുറുമുറുപ്പ് കൂടി വന്നു.
അതിലേറെ വേദനിപ്പിച്ചത് അഭ്യസ്തവിദ്യനായ ആ മാഷിന്റെ പിന്നീടുള്ള വാക്കുകൾ ആയിരുന്നു.
"നിങ്ങൾ ഇവിടെ താമസിച്ചാൽ അസുഖം മറ്റുള്ളവർക്കും കിട്ടിയാൽ എന്ത് ചെയ്യും.നിങ്ങൾ ഇവിടെ നിന്നും പോവണ മെന്നാണ് ഞങ്ങൾ പറയുന്നത്."
"ഞാൻ എവിടേക്ക് പോവാനാ മാഷേ. എന്റെ അസുഖം ഇവർക്ക് എങ്ങനെ പകരും. മാഷിനും അറിവില്ലേ, എയ്ഡ്സ് തൊട്ടാൽ പകരില്ല എന്ന്. ലൈംഗിക ബന്ധത്തിലൂടെയും ഉമിനീരിലൂടെയും രോഗി രക്തദാനമോ മറ്റോ ചെയ്താൽ ആ രക്തത്തിലൂടെയും ഒക്കെ ആണ് എയ്ഡ്സ് പകരുന്നത് എന്ന് മാഷും കേട്ടിട്ടുണ്ടാവില്ലേ."
"രോഗം വന്നതും പോര അവളുടെ അഹമ്മതി കണ്ടില്ലേ.നാളെ രാവിലെ നിന്നെ ഇവിടെ കാണരുത്, കണ്ടാൽ.." ജോസേട്ടൻ ഭീഷണി വെച്ചു.
വാദവും മറുവാദവും കഴിഞ്ഞു റൂമിൽ കയറുമ്പോൾ ആത്മഹത്യ ആയിരുന്നു മനസ്സിൽ. പക്ഷെ മോളുടെ മുഖം ഓർത്തപ്പോൾ ആ ചിന്ത മനസ്സിൽ നിന്നേ മായ്ച്ചു.
ഇന്ന് വൈകീട്ട് ജോസേട്ടൻ വന്നത് പണിക്കാരെയും കൊണ്ടാണ്. സാധനങ്ങൾ എല്ലാം പുറത്തു എടുത്തിട്ട്. എതിർത്ത തന്നെ വലിച്ചിഴച്ചു റോഡിൽ ഇട്ടു.നിലവിളിച്ചു കൊണ്ട് മോളും. കല്ലെറിഞ്ഞും ആട്ടിപ്പായിച്ചു അവരെല്ലാവരും.
ചുമലിൽ ആരോ തൊടും പോലെ തോന്നിയിട്ടാണ് കണ്ണു തുറന്നത്. നോക്കുമ്പോൾ അവൻ ആ ഭ്രാന്തൻ. നേരം പുലരുന്നതെ ഉള്ളൂ. ഓർമ്മകളിൽ അലഞ്ഞപ്പോൾ നേരം ഇരുട്ടി വെളുത്തതൊക്കെ മറന്നു. ചുറ്റുപാടുകളെയും.
"എന്താ?? ആ ചോദ്യത്തിനൊപ്പം മോളെ നോക്കുമ്പോൾ അവളെ അവിടെ എങ്ങും കണ്ടില്ല.അലറിക്കരഞ്ഞു മോളെവിടെ എന്നു ചോദിച്ചപ്പോൾ അവൻ വാ എന്നും പറഞ്ഞു തന്റെ കൈ പിടിച്ചു ഇറങ്ങി റോഡിനപ്പുറം താഴെ വയലിലേക്ക് നടക്കാൻ തുടങ്ങി. സഞ്ചിയും സാധനങ്ങളും എടുത്തു അവന്റെ പിന്നാലെ നടന്നു. ആ വലിയ വയൽ കടന്നപ്പോൾ വിജനമായ ഒരു വലിയ പറമ്പായിരുന്നു കാണാൻ കഴിഞ്ഞത്. പറമ്പിന്റെ ഒരു ഭാഗം കാട് മൂടി കിടക്കുന്നു. ശ്രദ്ധിച്ചു നോക്കിയപ്പോൾ അതൊരു സർപ്പകാവായിരുന്നു. അവന്റെ പിന്നാലെ മോളെവിടെ എന്നു ചോദിചു കൊണ്ട് നടക്കുംന്തോറും പേടി കൂടി വന്നു.
ആ പറമ്പ് കഴിഞ്ഞു ചെന്നിറങ്ങിയത് ഒരു വലിയ മുറ്റതായിരുന്നു. കരിയിലകൾ മൂടിയ മുറ്റം. നീളൻ കോലായിൽ വർഷങ്ങളുടെ മാറാലകൾ തപം ചെയ്യുന്ന പോലെ.
എന്റെ മോളെവിടെ കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു ശബ്ദം
"അമ്മേ ..." ദിയയുടെ വിളി കേട്ട് നോക്കുമ്പോൾ കയ്യിൽ നിറയെ പേരയ്ക്കായും ചാമ്പയും പിടിച്ചു ഓടി വരുന്നു.
"ഞാൻ കൂട്ടി വന്നതാ അവളെ.. "
ഭ്രാന്തിന്റെ യാതൊരു ലക്ഷണവും ഇല്ലാത്ത അവന്റെ കനത്ത ശബ്ദം കേട്ട് ഒന്ന് മിഴിച്ചു പോയി.
"ഇതു ആരുടെയ വീട് !!...?
"ഇത് എന്റെ വീട്,ഈ രുദ്രന്റെ വീട്.'
"അപ്പൊ നീ ഒരു ഭ്രാന്തൻ അല്ലേ!!!...?"
"അല്ല"
"അപ്പോൾ ഈ രൂപം...?"
"താന്തോന്നിയായി വളർന്ന മകൻ കാരണം സർപ്പകാവിലെ ദേവകൾക്ക് മുന്നിൽ ആത്മഹത്യ ചെയ്ത അച്ഛനും അമ്മയും. കൊല്ലും കൊലയും കഞ്ചാവും ഒന്നും പക്ഷെ അച്ഛനെയും അമ്മയെയും മാത്രം കൊണ്ട് തന്നില്ല.ഭ്രാന്തനായി ഒരിക്കൽ. എല്ലാം മാറിയപ്പോഴും ഭ്രാന്തൻ." ഒരു പൊട്ടിച്ചിരിയോടെ അവൻ അവിടെയുള്ള ആ രണ്ട് അസ്ഥിതറയിൽ കൈകളൂന്നി തല താഴ്ത്തി നിന്നു. അവന്റെ കണ്ണിൽ നിന്നും പ്രായശ്ചിത്തം പോലെ കണ്ണീർ തുള്ളികൾ ആ കല്ലറയ്ക്ക് മേൽ ഇറ്റു വീണു.
"ഞാൻ പോട്ടെ, മോള് വാ."
"ചേച്ചിക്ക് പോവണോ ഇവിടെ വിട്ട്. ഈ വീട്ടിൽ നിന്നൂടെ. കാവലായി ഞാൻ ഉണ്ടാകും. ഒരുത്തനും ഒരു അസുഖത്തിന്റെയും പേരും പറഞ്ഞു വരില്ല ഇവിടേക്ക്"
"നീ എങ്ങിനെ ഇതൊക്കെ??"
ആ ബഹളത്തിൽ ദൂരെ മാറി ഞാനും ഉണ്ടായിരുന്നു..ബസ് ഷെൽട്ടറിൽ വന്നിരുന്നതും കാവലിനായാണ്.
മുഷിഞ്ഞു തുടങ്ങിയ ആ കവറിൽ നിന്നും താക്കോൽകൂട്ടം എടുത്തു കൈയിൽ വെച്ചു തന്നു അവൻ.
"രുദ്രന് പെങ്ങളായി ചേച്ചിക്ക് ഈ വീട്ടിൽ നിൽക്കാം. ദിയ ഒറ്റയ്ക്കാവില്ല. സമൂഹത്തിനു മുന്നിൽ പേടിക്കാതെ ജീവിച്ചു കാണിച്ചു കൊടുക്കൂ."
"അപ്പോൾ നീ... ??"
"ഇതൊരു ശിക്ഷയാണ്. ഞാൻ എനിക്ക് നൽകിയ ശിക്ഷ."
അപ്പോൾ അകത്തൊരു കാറ്റ് വാതിൽ തുറക്കുന്നതും കാത്ത് ഒരു സ്വാതന്ത്രത്തിനായി കാത്തുനിൽക്കുന്നുണ്ടായിരുന്നു.....
✍️ സിനി ശ്രീജിത്ത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo