നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കോട്ടക്കൽ സെന്റ്‌ തെരേസാസ് കോളേജിലേക്ക് ഒരു ബ്ലും... ഭാഗം 2

കോട്ടക്കൽ സെന്റ്‌ തെരേസാസ് കോളേജിലേക്ക് ഒരു ബ്ലും...
ഭാഗം 2
ദി ഗ്രേറ്റ് ഇംഗ്ലീഷ് പ്രൊഫസ്സർ.
***********************
ഇംഗ്ലീഷ് ലിറ്ററേച്ചർ ക്ലാസ്സ് എടുക്കാൻ പോകുന്നത് സത്യ നാരായണൻ സർ ആണെന്ന് കേട്ട നിമിഷം മുതൽ പ്രീ ഡിഗ്രി ഫസ്റ്റ് ഇയർകാരായ ഞങ്ങളുടെ (ആൺ പെൺ വ്യത്യാസമില്ലാതെ) എല്ലാവരുടെയും
ഹൃദയത്തിലൂടെ ഒരിടിവാൾ "റ്റിഷ്ഷ്ഷ് " ന്ന് കടന്നു പോയി....
ഞാൻ സ്‌കൂളിൽ പോകുന്ന കാലം മുതലേ ഈ സാറിനെ പറ്റി അയല്പക്കത്തുള്ള ചേച്ചിമാർ പറഞ്ഞു കേട്ടിട്ടുണ്ട്.
എത്ര തമാശ കേട്ടാലോ അതിപ്പൊ ഇനി സ്വയം പറഞ്ഞതായാലോ , മുഖത്ത് ചിരിയുടെ ഒരു മുളനാമ്പ് പോലും പൊട്ടാത്ത, വളരെ സീരിയസ്സായി മാത്രം ക്ലാസ്സ്‌ എടുക്കുന്ന , സ്ത്രീകളോട് മിണ്ടാത്ത, സെറ്റ് മുണ്ടും ഹാഫ് സ്ലീവ് ഷർട്ടും മാത്രം ധരിക്കുന്ന, വെളുത്ത് പൊക്കം കുറഞ്ഞ ഒരു കട്ടി മീശക്കാരൻ ക്രോണിക് ബാച്ചിലർ....
ആ കേട്ടറിവ് ക്ലാസ്സിലുള്ള എല്ലാവരിലും കാട്ടു തീ പോലെ പടർന്നതിനാൽ സാറിന്റെ ആദ്യ ആഗമന ദിവസം ഫസ്റ്റ് ഇയർ കോമേഴ്സ് ഹിന്ദി ബാച്ച് ആ കോളേജിൽ ഉണ്ടെന്ന് പുറം ലോകം അറിഞ്ഞതേ...യില്ല!!.
മരുഭൂമി പോലെ നിശ്ശബ്ദമായി കിടക്കുന്ന ക്ലാസ്സിലേക്ക് കൊടുങ്കാറ്റ് പോലെ സർ പറന്നിറങ്ങി.
പരിചയപ്പെടുത്തി സമയം കളയാൻ മെനക്കെടാതെ സർ ഞങ്ങളുടെ ഇംഗ്ലീഷിൽ ഉള്ള പരിജ്ഞാനം ഒന്ന് പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു.
"എനിക്ക് ഒരു തെറ്റ് പറ്റി"_: ഇത് ഈ ക്ലാസ്സിൽ ഉള്ള എല്ലാവരും ഓരോരുത്തരായി ഇംഗ്ലീഷിൽ പറയണം.
മുൻ ബെഞ്ചിൽ അറ്റത്തിരിക്കുന്ന കുട്ടി സ്റ്റാർട്ട് ചെയ്‌തോളൂ...സർ അവനെ നോക്കി പറഞ്ഞു.
മുൻബെഞ്ചിൽ നെഞ്ചും വിരിച്ചിരിക്കുന്നവന്റെ തേച്ചാലും മാച്ചാലും തീരാത്ത ആ തലയെഴുത്തിനെ അവൻ പതിയെ ചൊറിഞ്ഞു കൊണ്ട് പതുക്കെ എഴുന്നേറ്റു.എന്നിട്ട് ഗദ്ഗദത്തോടെ പറഞ്ഞു...
" അറിയില്ല സർ ".
"അറിയില്ല എന്നുള്ളത് ഒരുത്തരം അല്ല .അറിയാൻ ശ്രമിക്കുന്നതാണ് വിദ്യാഭ്യാസം .അത് കൊണ്ട് കുട്ടി ഒന്ന് പറയാൻ ശ്രമിച്ചു നോക്കൂ "
സാറിന്റെ ഈ മറുപടി കേട്ടപ്പോൾ ഞങ്ങളുടെ നെഞ്ചൊന്നു കാളി . സാധാരണ അറിയില്ല എന്ന് പറഞ്ഞാൽ നമുക്കത് കുറ്റവാളിക്ക് ഒരു പരോൾ കിട്ടിയ പോലത്തെ പ്രതീതിയാണ്. ഇതിപ്പോ ഈ സാറ് നമ്മളെ വെറുതെ വിടുന്ന മട്ടില്ലല്ലോ !!
ക്‌ളാസിലാകെ "ഡാ " "ഡി " " നിനക്കറിയോ " "ഒന്ന് പറഞ്ഞു താ" എന്നൊക്കെയുള്ള കുശുകുശുക്കലും പരസ്പരമുള്ള തോണ്ടലും മാന്തലും പിച്ചലുമൊക്കെ തുടങ്ങി.
"എല്ലാവരും അവനവന് അറിയുന്നത് പറയുക. തെറ്റിയാലും സാരമില്ല . എല്ലാവരും പറഞ്ഞു കഴിയുമ്പോൾ
ശരിയുത്തരം ഞാൻ പറഞ്ഞു തരാം " ക്രോണിക് ബാച്ചിലറുടെ അനൗൺസ്‌മെന്റ്‌!!.
അത് കേട്ടതോടു കൂടി കുട്ടികളുടെ ആത്മവിശ്വാസം അങ്ങട് വർധിച്ചു . അവർ ചടപടാന്ന് ചാടിയെണീറ്റ് വിജ്ഞാനം വിളമ്പാൻ തുടങ്ങി.
"I am a mistake " !!. ഒരുത്തൻ വെല്യ ഗമയിൽ നിന്ന് പറഞ്ഞു.അതുകേട്ട് എന്റെയുള്ളിലെ ആത്മാവ് തല തല്ലി ചിരിച്ചു. ഇപ്പോഴെങ്കിലും അവനത് തിരിച്ചറിഞ്ഞതിനെയോർത്ത് ഞാൻ നമ്മുടെ സൃഷ്ട്ടാവിന് സ്തുതി പാടി . എല്ലാവരും സാറിന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി കൊണ്ടിരിക്കുകയാണ് .
സാറിന്റെ മുഖത്തു വിരിയുന്ന ഭാവത്തിൽ നിന്നും ആ ഉത്തരം ശെരിയാണോ തെറ്റാണോ എന്നറിയുവാൻ .!! സർ ഒരു ഭാവഭേദവും ഇല്ലാതെ
"Next " എന്ന് മൊഴിഞ്ഞു.
കുറെയെണ്ണം ആദ്യത്തെയവനെ അനുകരിച്ചു .അതിനിടയിൽ ഒരു വെറൈറ്റിക്ക് ഒരുത്തൻ പറയാ..
" He is a mistake ".!!
എന്റെ പൊന്നോ....!! എന്റെ ആത്മാവ് പറന്നുയർന്ന് അട്ടഹസിച്ചു. ഹഹഹ.
അല്ലെങ്കിലും നമ്മൾ മലയാളികൾക്കുള്ളതാ ഈ അസുഖം.മറ്റുള്ളവരിലേക്കുള്ള കൈ ചൂണ്ടൽ. സ്വന്തം കണ്ണിലെ തടിക്കഷണം കാണാതെ മറ്റുള്ളവന്റെ കണ്ണിലെ കരടെടുക്കാൻ നടക്കുന്ന മനോഹരമായ ആ കല !!.സർ തന്റെ ശത്രുവായ ചിരിയെ അടക്കി ഒതുക്കി വീണ്ടും "Next " നെ ആശ്രയം തേടി .
അങ്ങനെ പലരും പലതും മൊഴിഞ്ഞു നോക്കി .മൂന്നു നിരയിലായിട്ടാണ് ഞങ്ങളുടെ ഇരിപ്പ് . വലത്തെ രണ്ടു അറ്റത്തെ നിരകൾ നിറയെ ആൺ കുട്ടികളാണ് .അവരുടെ ഊഴം കഴിയാറായി വരുന്നു .അതിൽ ഒടുവിലായി ഇരിക്കുന്നവൻ ഇംഗ്ലീഷ് മീഡിയം കാരനാണ് .അവനിലാണ് ക്ലാസ്സിന്റെ മൊത്തം പ്രതീക്ഷ . ഞങ്ങൾ ഒക്കെ സാധാ മലയാളം മീഡിയം ആയതിനാൽ ഇംഗ്ലീഷിൽ ഉള്ള പരിജ്ഞാനത്തിന്റെ അളവ് ബി പി എൽ ആണ്. അവന്റെ ഊഴം വന്നു. അവൻ തന്റെ മടിയിലുള്ള ബാഗ് ഡെസ്ക്കിന്റെ പുറത്തേക്കിട്ട് നിവർന്നു നിന്ന് പറഞ്ഞു.
" you are a mistake " !!!
ഹഹഹ.... തീർന്നോ പൂരം !! കടുവയെ പിടിച്ച കിടുവ !! പിടിച്ചേലും വലുത് അളയിൽ " എന്നൊക്കെ പറഞ്ഞ് ഉപമിക്കാൻ പറ്റിയ അസുലഭ മുഹൂർത്തം !! സ്വന്തം ഗുരുവിനെ തിരുത്തിയ മഹാനായ ഇംഗ്ലീഷ് മീഡിയം ശിക്ഷ്യൻ !! എന്റെ ആത്മാവ് ചിരിയുടെ എവറസ്റ്റ് കേറിയെങ്കിലും ഞാൻ ഓടി പോയി അതിനെ താഴേക്കു വലിച്ചിട്ടു. എന്നിട്ട് അതിനോട് ദേഷ്യത്തിൽ ചോദിച്ചു .."നോക്ക് ,ആ ചോദ്യം നിന്റെ അടുത്ത്‌ എത്താറായി ...നിനക്ക് അതിന്റെ ഉത്തരം അറിയുമോടി കൊരങ്ങത്തി !!??? "
ഞാൻ ആലോചിച്ചു . പൊക്കം കൂടിയതിനാൽ ലാസ്റ്റ് ബെഞ്ചിലാണ് ഇരിപ്പ്. പക്ഷെ ഇന്റർവെൽ ആകാൻ ഇനിയും ഒരുപാട് സമയമുണ്ട് . അതുകൊണ്ട് ഈ ചോദ്യം എന്റെയടുത്ത് വേടന്റെ അമ്പു പോലെ ഇപ്പോൾ പാഞ്ഞു വരും .അതെന്നെ കുത്തി തറക്കുന്നതിനു മുൻപ് അതിനെ തടയാൻ ഞാൻ എന്ത് ചെയ്യും എന്റെ കർത്താവെ !! എന്റെ ആത്മാവിൽ നിന്നും ഒരു തീ ആളി കത്തി .....
മുൻ ബഞ്ചിലെ മഹിളാമണികൾ ഓരോരുത്തരായി ആടിയും കുഴഞ്ഞും പല ഉത്തരവും തിരിച്ചും മറിച്ചും പറഞ്ഞു.
" ഇതല്ല ദൈവം , ഇതല്ല ദൈവം" എന്ന് പറയാൻ അറിയും എന്നല്ലാതെ "എന്താണ് ദൈവം" എന്ന് പറയാൻ നമ്മൾ മനുഷ്യർക്ക് അറിഞ്ഞു കൂടല്ലോ !! അതുപോലെയാണ് എന്റെ സ്ഥിതിയും .ഇതല്ല ഉത്തരം , ഇതല്ല ഉത്തരം എന്നല്ലാതെ ശെരിയുത്തരം എനിക്കും അറിഞ്ഞു കൂടാ !!!
ഞാനാദ്യമായി എനിക്ക് സ്കൂളിൽ ഇംഗ്ലീഷ് എടുത്തിരുന്ന രാജി ടീച്ചറെയും സോഫി ടീച്ചറെയും ഒക്കെ
പ്രാകാൻ തുടങ്ങി . സ്കൂളിൽ വെച്ച് എത്രയെത്ര തെറ്റുകൾ ഞാൻ വരുത്തിയിരിക്കുന്നു. അതും കഠിന പാപങ്ങൾ !! എന്നിട്ട് ഇവരാരും എന്ത് കൊണ്ട് "എനിക്ക് ഒരു തെറ്റ് പറ്റി " എന്നുള്ളതിന്റെ ഇംഗ്ലീഷ് എന്നെ പഠിപ്പിച്ചില്ല !!
മലയാളം മീഡിയത്തിൽ പഠിച്ചതാണോ എന്റെ തെറ്റ് ?.അതോ ഗവണ്മെന്റ് സ്കൂൾ ആയതു കൊണ്ട് ബ്രിട്ടീഷുകാരോടുള്ള പക തീർക്കാൻ വേണ്ടി ഇമ്മടെ മന്ത്രിമാർ മലയാളി പിള്ളേരെ ഇംഗ്ലീഷ് നേരെ ചൊവ്വേ പഠിപ്പിക്കണ്ട എന്നെങ്ങാൻ ഇനി പറഞ്ഞു കാണോ!!
കുഴൂർ ഗവണ്മെന്റ് സ്കൂളിനോടും അവിടുത്തെ പഠിപ്പിക്കലിനോടും പഠിപ്പിച്ച അധ്യാപകരോടും എനിക്ക് അകാരണമായ ഒരു കലിപ്പ് കയറി.
ഇനീപ്പോ അവരെങ്ങാൻ പഠിപ്പിക്കുന്ന നേരത്ത് ഞാൻ എങ്ങാൻ ഉറങ്ങിയതോ അതോ മനോരാജ്യത്തിൽ മുഴുകിയതോ ആയിരിക്കുമോ !! ഹേയ് ..ഇനി അങ്ങനെ എന്നെ പഠിപ്പിച്ചിട്ടുണ്ടായിരുന്നെങ്കിൽ എന്റെ കൂടെ പഠിച്ച പ്രമിതയും സിന്ധുവും നിഷ യുമൊക്കെ ദാണ്ടെ നോക്ക് കുത്തികളെ പോലെ എന്റെ മുൻപിലത്തെ ബെഞ്ചിൽ വിഡ്ഡിത്തവും പറഞ്ഞ് സുസ്‌മേരവദനകളായി നിൽക്കുമോ !!.
എന്റെ അടുത്തു നിന്നവളും എഴുന്നേറ്റ് എന്തോ പറഞ്ഞു .അവൾ എഴുന്നേറ്റതും എന്റെ പൊന്നു സൂർത്തുക്കളെ ....എനിക്ക് ചുറ്റുമുള്ളതൊന്നും കാണാൻ വയ്യാതെയായി. "Next " എന്ന് കേട്ടതും ഞാൻ ചാടി പിടിച്ചെഴുന്നേറ്റ് നിഴലുപോലെ തോന്നിക്കുന്ന സാറിനെ നോക്കി ഒരു വിളറിയ ചിരി ചിരിച്ചു. (സ്കൂളിൽ വെച്ചാണെങ്കിൽ ആ ചിരിക്കുള്ള മറുപടി ഇങ്ങനെ ഒരു ആക്രോശമാകുമായിരുന്നു..... " ഇളിക്കാനല്ല പറഞ്ഞത് ചോദിച്ചതിന് ഉത്തരം പറയാൻ !!!" ). ഇത് കോളേജ് ആണ് .... ചോദ്യകർത്താവ് സത്യനാരായണൻ സാർ ആണ് .അതുകൊണ്ടു സാർ പറഞ്ഞു ...
"ചിരി ചോദ്യത്തിന്റെ ഉത്തരം ആകുന്നില്ല .കുട്ടി ഉത്തരം വാ തുറന്നു പറയു..."
"അതിന്റെ ഉത്തരം ആലോചിച്ചിട്ട് എനിക്ക് കിട്ടിയില്ല സർ " വളരെ വിനയകുനയയായി ഞാൻ പറഞ്ഞു.
നോക്കു....ഇവിടെ 'ആലോചിച്ചിട്ട്' എന്ന വാക്കിന് വലിയൊരു ആഴവും അർത്ഥവും ഉണ്ട്. അതു കൊണ്ടു തന്നെ "Next" എന്ന വാക്ക് ഞാൻ സാറിൽ നിന്നും കേട്ടു.
ഹോ...ആ വാക്കിന് ഇത്രയും കുളിർമ്മ ഉണ്ടെന്ന് ഞാൻ അന്നാദ്യമായ്
തിരിച്ചറിഞ്ഞു.
രണ്ടു മൂന്ന് Next കൾക്ക് ശേഷം അന്നത്തെ ആ ക്വിസ് പരിപാടി അവസാനിക്കുകയും ക്വിസ് മാസ്റ്റർ തന്നെ വിജയി ആവുകയും ചെയ്തു. എന്നിട്ട് സർ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം സർ തന്നെ പറഞ്ഞു...
"ഇനി നിങ്ങൾ ആരെങ്കിലും ഒരു തെറ്റ് ചെയ്താൽ നട്ടെല്ല് നിവർത്തി നിന്ന് നിങ്ങൾ ഇംഗ്ലീഷിൽ പറയണം...
" I MADE A MISTAKE" എന്ന്.!!"
ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ അന്ന് സത്യ നാരായണൻ സർ പഠിപ്പിച്ചത് വെറും ഇംഗ്ലീഷ് ഗ്രാമർ അല്ല...ജീവിതത്തിൽ നമ്മൾ പാലിക്കേണ്ട വലിയൊരു മൂല്യമാണ് എന്നു ഞാൻ മനസ്സിലാക്കുന്നു.
നമ്മുടെ ഒരു തെറ്റിനെ ആയിരം നുണകൾ കൊണ്ട് ന്യായികരിക്കുന്നവരാണ് നമ്മൾ എല്ലാവരും. ചങ്കുറപ്പോടെ തന്റെ തെറ്റുകൾ ഏറ്റു പറയാൻ ഒരു വ്യക്തി എന്നു തയ്യാർ ആകുന്നുവോ....അന്നാണ് അവൻ തന്റെ സൃഷ്ടിയുടെ മുൻപിൽ മഹാനായ മനുഷ്യനായി മാറുക.! ലോകത്തിന്റെ മുൻപിൽ ഏറ്റവും ധീരനായി മാറുക.!
നന്ദി സർ...
"എനിക്ക് ഒരു തെറ്റ് പറ്റി" എന്ന് ലോകത്തോട് വിളിച്ചു പറയാൻ ഉള്ള ശക്തി ഞങ്ങൾ ഓരോരുത്തർക്കും പകർന്ന് നൽകിയതിന്.
അതിനുള്ള മൂല്യ ബോധത്തിന്റെ വിത്ത് ഞങ്ങളിൽ പാകിയത്തിന്...
അതു കൊണ്ടു തന്നെ പറയട്ടെ...
Sir,
"You are a great Professor".

Lipi

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot