Slider

കൂടിക്കാഴ്ച

0
കൂടിക്കാഴ്ച
*********************
നഗരത്തിലെ തിരക്കേറിയ റോഡില്‍ ട്രാഫിക്ക് ലൈറ്റ് ചുവപ്പ് തെളിഞ്ഞതോടെ അയാള്‍ ബ്രേക്കില്‍ കാലമര്‍ത്തി.നിര്‍ത്തിയിട്ട കാറിനു മുന്‍പിലൂടെ ഒരു പറ്റം വിദ്യാര്‍ഥികള്‍ റോഡ്‌ ക്രോസ് ചെയ്യുകയാണ്.പൊടുന്നനെ അവരില്‍ ഒരു ആണ്‍കുട്ടി തിരിഞ്ഞു അയാളുടെ കണ്ണിലേക്ക് നോക്കി.അവന്റെ പൂച്ചക്കണ്ണുകള്‍ അവന്റെ ആത്മാവിലേക്ക് ഊളിയിട്ടു.
പൊടുന്നനെ അയാള്‍ മനസ്സ് ശൂന്യമാക്കി.ഒരു കുട്ടി തന്റെ സ്ലേയിറ്റ് തുടക്കുന്നത് പോലെ.
അയാള്‍ പെട്ടെന്ന് കാര്‍ സ്റ്റീരിയോ ഓണ്‍ ചെയ്തു.
“യൂ ഒണ്‍ലി സീ വാട്ട് യുവര്‍ ഐസ് വാണ്ട് ടൂ സീ....”സ്പീക്കറില്‍ മഡോണയുടെ സ്വരം.അയാള്‍ വേഗം മഡോണയുടെ ഒപ്പം പാടാന്‍ തുടങ്ങി.മനസ്സില്‍ ഇപ്പോള്‍ ആ ഗാനം മാത്രം.
ട്രാഫിക്ക് പച്ച തെളിഞ്ഞു.
അയാള്‍ വണ്ടി മെല്ലെ മുന്‍പോട്ടെടുത്തു.
“യൂവാര്‍ ഫ്രോസന്‍ ,വെന്‍ യുവര്‍ ഹാര്‍ട്ട്സ് നോട്ട് ഓപ്പണ്‍...”
സ്റ്റിയറിംഗില്‍ ചുറ്റിപ്പിടിച്ച അയാളുടെ വിരലുകളില്‍ നിന്ന് വിയര്‍പ്പിറ്റു വീണു.വളരെ ശ്രദ്ധയോടെയാണ് അയാള്‍ വണ്ടിയോടിക്കുന്നത്.നെഞ്ചില്‍ ഐസ് കട്ടയുടെ മരവിപ്പ്.
അയാള്‍ ആ കുട്ടിയെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.
നഗരത്തില്‍ നിന്ന് പുറത്തുകടന്നപ്പോള്‍ അയാള്‍ വണ്ടി റോഡിന്റെ അരികില്‍ ഒതുക്കി പുറത്തിറങ്ങി.പിന്നെ സിഗരറ്റ് കത്തിച്ചു.
ട്രാഫിക്ക് മുറിച്ചുകടക്കുന്നത്തിനിടയില്‍ ആ കുട്ടി തന്നെ തിരിഞ്ഞുനോക്കിയത് ഓര്‍ത്തപ്പോള്‍ ഒരു വിറയല്‍ അയാളെ കടന്നുപോയി.
അത് മരണമാണ്. പൂച്ചക്കണ്ണുകള്‍ ഉള്ള ഒരു ബാലന്റെ രൂപത്തിലാണ് മരണം വന്നതെന്ന് മാത്രം.
അലോക് പറഞ്ഞത് സത്യമാവുകയാണ്.ഓരോ ദിവസവും അയാള്‍ക്ക് അത് ബോധ്യം വരുന്നുണ്ട്.പക്ഷെ എത്രനാള്‍ ഈ ഒളിച്ചുകളി?
അലോകുമായി നഗരത്തിലെ ഒരു ഹോട്ടലില്‍വച്ച് അവസാനം നടത്തിയ സംഭാഷണം അയാള്‍ക്ക് ഓര്‍മ്മവന്നു.അധികം സംസാരിക്കാത്ത തന്റെ ഏറ്റവും അടുത്ത സുഹൃത്ത്‌.ഐ.ടി കമ്പനിയില്‍ നിന്ന് ജോലി രാജിവച്ച് നഗരത്തിലെ ഒരു ഫ്ലാറ്റില്‍ പുസ്തകങ്ങള്‍ വായിച്ചു കഴിഞ്ഞുകൂടിയ ഏകാന്തവാസി.മൊബൈല്‍ ഫോണും നെറ്റും ഉപേക്ഷിച്ച ഒരു അപൂര്‍വജീവി.
“ജീവിതത്തിലെ ഏറ്റവും രസകരമായ കൂടിക്കാഴ്ച ഏതാണ് എന്ന് തനിക്കറിയാമോ?”കറുത്ത ഫ്രെയിം ഉള്ള കണ്ണട ഊരിത്തുടച്ചു കൊണ്ട് അവന്‍ ചോദിച്ചു.
“പെണ്ണ്കാണല്‍ ??” അയാള്‍ ചോദിച്ചു.
“അല്ലടോ.മരണം.”
“മരണം ?”
“അതെ.”
അല്‍പ്പനേരം അവര്‍ക്കിടയില്‍ നിശബ്ദത പരന്നു.
“മരിക്കുന്നതിനു തൊട്ടുമുന്‍പ് നമ്മുക്ക് മരണത്തെ കാണാന്‍ സാധിക്കും.ചിലപ്പോ മനുഷ്യരൂപത്തില്‍ .ഏതെങ്കിലും അപരിചിതനോ,സുഹൃത്തോ ആയി.അതുമല്ലെങ്കില്‍ ഏതെങ്കിലും മൃഗങ്ങളുടെ രൂപത്തില്‍.എങ്കിലും നമ്മുക്ക് അത് തിരിച്ചറിയാന്‍ കഴിയും.അലെങ്കില്‍ ഒരു സ്വപ്നത്തില്‍.”
“ചുമ്മാ പേടിപ്പിക്കാതെ “ഒരു ഗ്ലാസ് തണുത്തവെള്ളം കുടിച്ചിട്ട് അയാള്‍ ദേഷ്യപ്പെട്ടു.
“ഹഹ പേടിപ്പിച്ചതല്ലെടോ .മരിച്ചു കഴിഞ്ഞു മനുഷ്യന് എന്ത് സംഭവിക്കും എന്ന് കൃത്യമായി അറിയാന്‍പാടില്ലാത്തതു പോലെ ,മരിക്കുന്നതിനു തൊട്ടുമുന്‍പുള്ള അവസാനത്തെ നിമിഷത്തിലെ അവസാനത്തെ അംശത്തില്‍ എന്ത് സംഭവിക്കും എന്നും സയന്‍സിനു കൃത്യമായി അറിയില്ല.”
അയാള്‍ ഒന്നും മിണ്ടിയില്ല.
“പക്ഷെ അതൊരു രസമാടോ.നമ്മള്‍ അവനെ തിരിച്ചറിഞ്ഞാല്‍ പിന്നെ രക്ഷയില്ല.”
“അതില്‍ എന്താ ഇത്ര രസം ?”
“ആ തിരിച്ചറിയുന്ന നിമിഷം ഒരു ഭയാനകമായ നിശബ്ദത നമ്മളില്‍ ഉണ്ടാകും.ഒരു ഭ്രൂണം പിറവിയെടുക്കുമ്പോള്‍ അതിനുള്ളില്‍ ഉണ്ടാകുന്ന നിശബ്ദത.എല്ലാ രഹസ്യങ്ങളും ഒരു മിന്നല്‍ പോലെ നമ്മുടെ മുന്‍പിലൂടെ കടന്നുപോകും.ഈ പ്രപഞ്ചത്തിന്റെയും,ജീവിതത്തിന്റെയും ,ദൈവത്തിന്റെയും. രഹസ്യം.എല്ലാം .എല്ലാം.ഇറ്റീസ് ദ ക്ലൈമാക്സ് ഓഫ് ദ ഗെയിം.”
“ഇതൊക്കെ നിനക്ക് എങ്ങെനെ അറിയാം.”
“കുറച്ചു ദിവസമായി ഞാന്‍ ഒരു ഗെയിം കളിക്കുകയാണ്.എ ഫണ്‍ ഗെയിം.”
അയാള്‍ ചോദ്യരൂപത്തില്‍ അലോകിനെ നോക്കി.
“അതേടോ.ഹീ ഈസ് ആഫ്ടര്‍ മീ.”അലോകിന്റെ മുഖത്തെ ഗൗരവം കണ്ടപ്പോള്‍ അയാള്‍ക്ക് തമാശയാണ് എന്ന് തോന്നിയില്ല.
“പക്ഷെ ഒരു ട്രിക്കുണ്ട്.ഒരു മനുഷ്യനെപോലെ ,ദൈവത്തെ പോലെ ,മറ്റ് എല്ലാത്തിനെയുംപോലെ മരണത്തിനും ഈഗോയുണ്ട്.നീ അവനെ തിരിച്ചറിഞ്ഞാലും ,തിരിച്ചറിഞ്ഞില്ലെന്നു നടിച്ചാല്‍ പിന്നെ അവനു നിന്റെ അരികില്‍ വരാന്‍ കഴിയില്ല.”
അയാള്‍ ആ സംഭാഷണം അവന്റെ ഒരു വട്ടായി കരുതി.മാസങ്ങള്‍ കഴിഞ്ഞു.
ഇപ്പോള്‍...കുറച്ചുദിവസങ്ങളായി അയാള്‍ മരണത്തിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു.ഒരു നിഴല് പോലെ അത് തന്റെ പിന്നാലെയുണ്ട്.
ദു:സ്വപ്‌നങ്ങള്‍.
ഒരിക്കല്‍ അര്‍ദ്ധരാത്രിയില്‍ അയാള്‍ ചുവന്നു തിളങ്ങുന്ന ഒരു വസ്തു തന്റെ കട്ടിലില്‍ കിടക്കുന്നത് കണ്ടു.അയാള്‍ ഭയന്നുപോയി.സ്വപ്നമാണ് എന്ന് അറിഞ്ഞിട്ടും ഭയം കൊണ്ട് അയാളെ കിടുകിടാ വിറച്ചു.അതിന്റെ പിറ്റേന്ന് അയാള്‍ ഒരു ബസ് അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപെട്ടു.ഓടിക്കൂടിയ നാട്ടുകാരില്‍ നിന്ന് ഒരല്പം മാറിനിന്ന് തന്നെനോക്കി ചിരിക്കുന്ന താടിയുള്ള വൃദ്ധന്‍ മരണമാണ് എന്ന് ഒരു നിമിഷം കൊണ്ട് അയാള്‍ക്ക് മനസ്സിലായി.
പിന്നെ കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ബാറിലെ അരണ്ടവെളിച്ചത്തില്‍ തന്റെ മുന്‍പില്‍ വന്നിരുന്ന അപരിചിതന്‍.അയാള്‍ അപ്പൊ ഒരു എഗ് ചില്ലി കഴിക്കുകയായിരുന്നു.
“മുട്ട പെട്ടെന്ന് കോളസ്ട്രോള്‍ കൂട്ടും.” മുന്‍പില്‍ ഇരിക്കുന്ന അപരിചിതിന്റെ സ്വരം.അയാള്‍ ആ അപരിചിതന്‍ ആരാണ് എന്ന് ഒരുനിമിഷം കൊണ്ട് തിരിച്ചറിഞ്ഞു.
നെഞ്ചിന്റെ ഇടതുഭാഗത്ത്‌ വേദനയുടെ ഒരു മിന്നല്‍ ഉണരുന്നത് അയാള്‍ അറിഞ്ഞു.പക്ഷെ അപ്പോഴും അയാള്‍ അലോകിന്റെ ട്രിക്ക് ഇറക്കി.
“എന്തായാലും പോകും.പോകുമ്പോ പോട്ടെ .ഒരു പെഗ് കഴിക്കാന് കൂടുന്നോ ?” അയാള്‍ ഒന്നുമറിയാത്ത മട്ടില്‍ ചോദിച്ചു.
ബാറിലെ ഇരുണ്ടവെളിച്ചത്തില്‍ അപരിചിതന്റെ മുഖത്ത് ഒരു അമ്പരപ്പ് പടരുന്നതും അയാള്‍ എഴുന്നേറ്റ് പോകുന്നതും അയാള്‍ ചിരിയോടെ കണ്ടിരുന്നു.ഒപ്പം ആ വേദനയുടെ ഇടിമിന്നല്‍ മങ്ങി ഇല്ലാതാകുന്നതും.
പക്ഷെ ഈ ഒളിച്ചുകളി എത്രനാള്‍ നടക്കും?
അന്നത്തെ സംഭാഷണത്തിനു ശേഷം പിന്നെ അലോകിന്റെ ഒരു വിവരവുമില്ല.അയാള്‍ക്ക് അലോകിനോട് ഒരു സംശയം ചോദിക്കാനുണ്ടായിരുന്നു.
അയാള്‍ക്ക് അലോകിനെ കാണണം.ആ സംശയം തീര്‍ക്കണം.ഈ യാത്ര അവന്റെ വീട്ടിലേക്കാണ്.നഗരത്തിലെ ഫ്ലാറ്റില്‍ ചെന്നപ്പോള്‍ അവന്‍ ആ ഫ്ലാറ്റ് വിറ്റ്‌ നാട്ടിലേക്ക് പോയിട്ട് മാസങ്ങളായി എന്ന് അറിഞ്ഞു.
സന്ധ്യയാവുന്നു.സമതലങ്ങളിലും ,മലനിരകളിലും മഞ്ഞുവീണു തുടങ്ങിയിരിക്കുന്നു.ഒഴുകിനീങ്ങുന്ന സ്വപ്‌നങ്ങള്‍ പോലെ വിജനമായ പാതയോരങ്ങളിലെ മരക്കൂട്ടങ്ങള്‍.
പണ്ട് വന്ന ഓര്‍മ്മവച്ച് അയാള്‍ അലോകിന്റെ വീട്ടിലേക്കുള്ള വഴിയെ വണ്ടിതിരിച്ചു.ഇരുട്ട്മൂടി കിടക്കുന്ന തോട്ടത്തിലേക്കുള്ള വഴിയിലെ ഗെയിറ്റ് അടഞ്ഞുകിടന്നു.പൊട്ടിയടര്‍ന്ന തൂണുകളില്‍ പയറുവള്ളികള്‍ ചുറ്റിപിണഞ്ഞു മൂടിയിരിക്കുന്നു.
അയാള്‍ വണ്ടി അലോകിന്റെ വീടിന്റെ മുന്‍പില്‍ നിര്‍ത്തി.
കരിയില വീണുകിടക്കുന്ന മുറ്റം.വണ്ടി വന്നു നിന്ന ശബ്ദം കേട്ട് അകത്തെയും മുറ്റത്തെയും ലൈറ്റു തെളിഞ്ഞു.ഒരു വൃദ്ധ ഇറങ്ങിവന്നു.അലോകിന്റെ അമ്മ.അവര്‍ക്ക് ഒരുപാട് പ്രായം കൂടിയത് പോലെ അയാള്‍ക്ക് തോന്നി.
“ഞാന്‍ അലോകിന്റെ കൂട്ടുകാരനാണ്.അമ്മക്ക് എന്നെ ഓര്‍മ്മ കാണില്ല.”അയാള്‍ പറഞ്ഞു.
അവര്‍ കുറച്ചുനേരം അയാളുടെ മുഖത്ത് സൂക്ഷിച്ചുനോക്കി.
“ഇല്ല കുട്ടി.ഓര്‍മ്മയില്ല.”
“അലോക് ഇവിടെയില്ലേ.?” അയാള്‍ ചോദിച്ചു.
“അലോക് ഇവിടെയില്ല....”അവര്‍ ഒന്ന് നിര്‍ത്തി.ഇരുട്ടില്‍ നിന്ന് ഒരു തണുത്തകാറ്റ് അവരുടെ നരച്ച മുടിയിഴകള്‍ തലോടിക്കടന്നു പോയി.
“ഇവിടെയില്ല.എവിടെയുമില്ല.അവന്‍ മരിച്ചു.” അവര്‍ പറഞ്ഞു.അവരുടെ വാക്കുകള്‍ക്ക് വല്ലാത്ത ശക്തിയുണ്ടായിരുന്നു.
“കുട്ടി ഇരിക്കൂ .ഞാന്‍ എന്തെങ്കിലും കുടിക്കാന്‍ കൊണ്ടുവരാം..”അവര്‍ മുറ്റത്തിനരികിലെ മാവിന്‍ചുവട്ടിലേക്ക് വിരല്‍ ചൂണ്ടി.അവിടെ രണ്ടു ചാരുബഞ്ചുകള്‍ കിടപ്പുണ്ടായിരുന്നു.
അയാള്‍ അവിടെ ഇരുന്നു.മുറ്റത്തിനരികില്‍ കാട് പോലെ വളര്‍ന്നുനില്‍ക്കുന്ന കുറ്റിമുല്ലകള്‍.വെളുത്ത നക്ഷത്രങ്ങള്‍ പോലെ അവയുടെ പൂവുകള്‍ ഇരുട്ടില്‍ പുഞ്ചിരിക്കുന്നു.അതിനു മുകളിലൂടെ പാറിപ്പറക്കുന്ന നീല മിന്നാമിന്നികള്‍.കാറ്റില്‍ മുല്ലപ്പൂക്കളുടെ ഗന്ധം.
അലോക്.നീ എന്തിനാണ് മരിച്ചത് ?നീ എങ്ങെനെയാണ് മരിച്ചത്?
“ആത്മഹത്യയായിരുന്നു.” അവന്റെ ചോദ്യം കേട്ടെന്നതു പോലെ മുന്‍പില്‍നിന്ന് വൃദ്ധയുടെ സ്വരം.
അവര്‍ ഒരു ഗ്ലാസില്‍ തണുത്ത പഴച്ചാര്‍ അയാളുടെനേര്‍ക്ക് നീട്ടി.പിന്നെ അവരും അവനെതിരെ ചാര്ബെഞ്ചില്‍ ഇരുന്നു.
ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് അലോക് മരണത്തെ നേരിട്ട് കണ്ടിരുന്നോ?ആത്മഹത്യ ചെയ്യുന്നവരുടെ അരികിലേക്ക് മരണം എത്തുമോ ?ഈ ചോദ്യത്തിനു ഉത്തരം പറയാന്‍ അലോക് ഇനിയില്ല.
തണുത്തകാറ്റില്‍ വൃദ്ധയുടെ നരച്ച മുടി പാറിപ്പറന്നു.
“അവന്‍ മരിക്കുന്നതിനു തൊട്ടുമുന്പ് എന്നെയാണ് അവസാനം കണ്ടത്.ഉറക്കഗുളികളുടെ മയക്കത്തില്‍നിന്ന് പെട്ടെന്ന് അവന്‍ ഉണര്‍ന്നു.ഞാന്‍ അപ്പോള്‍ കരയുകയായിരുന്നു.എന്റെ മുഖംതുടക്കാന്‍ അവന്‍ കൈ ഒന്ന് അനക്കി..അപ്പോഴേക്കും..”
വൃദ്ധ പറയുന്നത് അയാള്‍ കേട്ടിരുന്നു.അവരുടെ കണ്ണില്‍ നിന്ന് കണ്ണ്നീര്‍ തൂവുന്നത് അയാള്‍ കണ്ടു.
ഒരു വെളിപാടിലെന്ന പോലെ ,അയാളുടെ മനസ്സിലെ ചോദ്യത്തിന് ഉത്തരം എന്നത് പോലെ വൃദ്ധ തുടര്‍ന്ന് പറഞ്ഞു.
“ആരാണ് കരയാത്തത്?ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്ന മനുഷ്യന്റെ മുന്‍പില്‍ എത്തുന്ന മരണവും കരയും.”
അയാള്‍ ഒരു ഞെട്ടലോടെ അത് കേട്ടൂ.അയാള്‍ വൃദ്ധയുടെ മുഖത്തേക്ക് പെട്ടെന്ന് നോക്കി.
കണ്ണ്നീര്‍ തിളങ്ങുന്ന ആ നോട്ടം അയാള്‍ ഒരു നിമിഷം കൊണ്ട് തിരിച്ചറിഞ്ഞു.
അതിതീവ്രമായ ഒരു നിശബ്ദത അയാളില്‍ ഉണര്‍ന്നു.അതില്‍നിന്ന് ഓടിയൊളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ആകാതെ അയാള്‍ ആ തണുത്ത പഴച്ചാര്‍ മെല്ലെകുടിച്ചു തുടങ്ങി.
(അവസാനിച്ചു)

Anish
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo