ഋതുക്കൾ മാറുമ്പോൾ
എന്തൊരു മണാ അപ്പേട്ടാ ഈ പുസ്തകങ്ങൾക്ക്......
വർഷങ്ങൾക്കിപ്പുറവും പുസ്തകങ്ങളുടെ ഗന്ധം എത്ര ആസ്വദിച്ചിട്ടും ഉണ്ണിമായക്ക് മതിയാവണില്ല!
വീണ്ടും വീണ്ടും പുസ്തകത്തിന്റെ താളുകൾ മറിച്ച് മൂക്കോടടുപ്പിച്ചു!
"അധികം ആസ്വദിക്കണ്ട ഉണ്ണീ... കുറച്ചു നാളായി പുറം വെളിച്ചം കാണാത്ത ചില ആത്മാക്കൾ ഉണ്ട് അതിനകത്ത്! ചിലപ്പോൾ നിന്റെ കൂടെ വന്നൂന്ന് ഇരിക്കും"
ഫ്യൂസ് ആയ ബൾബ് മാറ്റുന്ന തിരക്കിൽ ആയിരുന്നു ഋഷി.
രാംകോ സിമന്റിന്റെ കവർ വച്ചു പൊതിഞ്ഞ പുറം ചട്ടയിലൂടെ മെല്ലെ കൈ ഓടിച്ചു ഉണ്ണിമായ.
" നമ്പർ.181 ഖസാഖിന്റെ ഇതിഹാസം"
"കുഞ്ഞൂട്ടൻ മാഷിന്റെ വൃത്തിയുള്ള കൈപ്പട !
മെല്ലെ ഭിത്തിയിൽ തൂങ്ങുന്ന ഫോട്ടോയിലേക്ക് ഒന്നു കണ്ണയച്ചു!
മെല്ലെ ഭിത്തിയിൽ തൂങ്ങുന്ന ഫോട്ടോയിലേക്ക് ഒന്നു കണ്ണയച്ചു!
ബുക്കുകൾ എന്നു വച്ചാൽ മാഷിന് കുട്ടികളെപ്പോലെയായിരുന്നു!
"ദേ കുട്ട്യോളേ.. ബുക്കു എടുക്കുന്ന കൊള്ളാം, പുറംചട്ട ഇളക്കുകയോ എന്തേലും കുനിഷ്ട്ട് ഒപ്പിക്കുകയോ ചെയ്താൽ ഒന്നിനെയും ഇതിനകത്തു കയറ്റില്ല ഞാൻ!
മൂക്കിന്റെ തുമ്പത്തു വച്ചിരിക്കുന്ന കണ്ണടയിലൂടെ നോക്കി കുഞ്ഞൂട്ടൻ മാഷ് പറയുമ്പോൾ തീർത്ഥ ഋഷിയുടെ പിന്നിൽ ഒളിക്കും! താൻ പിന്നെയും മാഷു കാണാതെ കോക്രി കുത്തി കാണിക്കും!
"തീർത്ഥ " വിടർന്ന കണ്ണും കാച്ചെണ്ണയുടെ ഗന്ധവുമുള്ള പാവാടക്കാരി.
വല്ലാത്ത അസ്വസ്ഥത തോന്നി ഉണ്ണിമായക്ക്!
" ഇപ്പോൾ ആരും ബുക്കെടുക്കാൻ വരാറില്ലേ അപ്പേട്ടാ...
പുറത്തിറങ്ങി ഋഷി വാതിലടക്കുമ്പോൾ പുറത്തു വച്ചിരിക്കുന്ന, പെയിന്റിളകിയ ബോർഡിലെ അക്ഷരങ്ങൾ കൂട്ടിവായിക്കാൻ ശ്രമിച്ചു കൊണ്ട് ഉണ്ണിമായ ചോദിച്ചു.
" വിഞ്ജാനപ്രദായനി വായനശാല" അക്ഷരങ്ങൾ പലയിടത്തും മാഞ്ഞു തുടങ്ങിയിരുന്നു!
എന്നെയാരും ഇപ്പോൾ അപ്പേട്ടാന്നു വിളിക്കാറില്ല ഉണ്ണീ...
ഋഷിയുടെ മറുപടി തന്റെ ചോദ്യത്തിനുള്ള ഉത്തരം തന്നെയാണോഎന്നു ഒരു നിമിഷം സന്ദേഹിച്ചു ഒപ്പം നടന്നു ഉണ്ണിമായ.
നമുക്കിവിടെ ഇത്തിരി നേരം ഇരുന്നാലോ?
വായനശാല കഴിഞ്ഞ് പ്രൈമറി സ്കൂളിന്റെ മുന്നിലെത്തിയപ്പോൾ ഉണ്ണിമായക്കൊരാഗ്രഹം!
നെല്ലിമരങ്ങൾ ഇപ്പോഴുമുണ്ടല്ലേ? സ്കൂളിന്റെ ചുറ്റുമതിലിനോടു ചേർന്നു നിൽക്കുന്ന നെല്ലിമരത്തിലായിരുന്നു ഋഷിയോടു ചേർന്നിരിക്കുമ്പോൾ ഉണ്ണിമായയുടെ കണ്ണുകൾ! ഋഷി മൂളുക മാത്രം ചെയ്തു!
ഓർമ്മകളുടെ പെരുമ്പറ!
അപ്പേട്ടാ അപ്പേട്ടാ... ഉണ്ണിമായ വിളിക്കുന്നു !
തിരിഞ്ഞു നോക്കിയപ്പോൾ നീട്ടിപ്പിടിച്ച കൈകളിൽ കുഞ്ഞു നെല്ലിക്കകൾ.ആ കോന്ത്രപ്പല്ലൻ ചെക്കൻ എറിഞ്ഞീട്ടതാ അപ്പേട്ടനെടുത്തോ മുയോനും!
എനിക്കു കിട്ടീലോ ഉണ്ണീ ..തീർത്ഥ തന്നൂലോ, ഇതു ഉണ്ണി കഴിച്ചോ ട്ടോ..
നെല്ലിക്കയേക്കാൾ കയ്പ്പായിരുന്നു നെല്ലിക്ക വലിച്ചെറിയുമ്പോൾ ഉണ്ണിമായയുടെ മനസ്സിൽ!
തന്റെ അമേരിക്കയിലെ വിശേഷം പറയടോ.. അപ്പേട്ടൻ ചോദിക്കുന്നു.. ഓർമ്മകളിൽ നിന്നുണർന്ന് ഉണ്ണിമായ ഒന്നു ചിരിച്ചു !
"സുഖമാണു അപ്പേട്ടാ"
"മഴ കാണുമല്ലോ രാത്രിയിൽ ! നമുക്കു നടക്കാം ഉണ്ണീ,
തല കുലുക്കി എഴുന്നേറ്റു ഉണ്ണിമായ !
എന്തു കാടാ ഇവിടെ ?ഇതുവഴി ആരും പോകാറില്ലേ?
ഋഷിയുടെ കൈപിടിച്ച് റോഡിൽ നിന്ന് പാടവരമ്പേത്തിറങ്ങാൻ ഉണ്ണിമായ അൽപ്പം ബുദ്ധിമുട്ടി! കൃഷി മുടങ്ങിപ്പോയ കുറേ ചതുപ്പുനിലങ്ങൾ!
കുറച്ചു മാറി ഒരു റോഡു വന്നിട്ടുണ്ട്! അല്ലേലും ഇപ്പോൾ ആരാ നടക്കുക?
കാട്ടുചേമ്പും മറ്റും വളർന്നു വഴി മറച്ച പാടവരമ്പിൽ കൂടി നടക്കുമ്പോൾ ഉണ്ണിമായ ഓർത്തു പാടവരമ്പുകൂടി കളിച്ചു തിമിർത്തു കടന്നു പോയ തങ്ങളുടെ കുട്ടിക്കാലത്തെ!
ഋഷി മുന്നേ നടക്കും പിറകേ ഉണ്ണിമായയും തീർത്ഥയും.
വഴിക്കിരുവശത്തുമുള്ള ചെടികളെ മര്യാദ പഠിപ്പിച്ചാണ് യാത്ര! കുറച്ചു കഴിഞ്ഞാൽ പാടമായി ,നെല്ലങ്ങനെ വിളഞ്ഞു കിടക്കും! പാടം തീരുന്നിടത്ത് തോടാണ്! രാവിലെ കുട്ടിപ്പട്ടാളം ചെല്ലുമ്പോൾ നാണുവാശാൻ മൂരികളെ കുളിപ്പിക്കുകയായിരിക്കും! മൂരിയുടെ കൊമ്പുകൾ കാണുമ്പോൾ ഉണ്ണിമായക്ക് ഭയമാണ്!
"മരമടിക്ക് ഒരുപാടു സമ്മാനമൊക്കെ കിട്ടീട്ടുണ്ടത്രേ "
നാണുവാശാന്റെ മൂരികളുടെ കഥകൾ ഋഷി പറഞ്ഞ് ഉണ്ണിമായക്കറിയാം !
ഒരുനാൾ "മരമടി " കാണിച്ചു തരാന്ന് വാക്കും തന്നിരുന്നു പക്ഷേ.....
പാടം കഴിഞ്ഞ് ചെറിയ നടവഴിയിലേക്കു കേറിയപ്പോഴാണ് എതിരെ വരുന്ന ഒരാളെ കാട്ടിട്ട് അറിയുമോ എന്ന് ഋഷി ചോദിച്ചത്!
അറിയില്ല എന്ന് ഉണ്ണിമായ തലയാട്ടി!
തീർത്ഥയുടെ അനിയൻ കുട്ടിയേ ഓർമ്മയില്ലേ ഉണ്ണീ നമ്മുടെ ഹരിയേയ്....
ഈശ്വരാ നമ്മുടെ ഹരിയോ... ഹരിക്കുട്ടാ... ഉണ്ണിമായ ഹരി അടുത്തെത്തിയപ്പോൾ സ്നേഹത്തോടെ പിടിച്ചു നിർത്തി...
സംശയഭാവത്തോടെ ഉണ്ണിമായയേ നോക്കി കൈ എടുത്തു വാ അൽപ്പം പൊത്തിപ്പിടിച്ചു! കണ്ണുകൾ ചുവന്നു കലങ്ങിയിരിക്കുന്നു!
നിനക്കു ഓർമ്മയില്ലേ ഹരിയേ.. ഉണ്ണിമായയെ ?നിന്നേ ഒരുപാടു എടുത്തു നടന്നിട്ടുണ്ട്!
ഒന്നു ചിരിച്ചുന്നു വരുത്തി ഹരി മുന്നോട്ടു നടന്നു !
അവൻ പോയപ്പോൾ ഉള്ള രൂക്ഷ ഗന്ധത്തിൽ ഉണ്ണിമായ മൂക്കു ചുളിച്ചു സങ്കടത്തിൽ ഋഷിയേ നോക്കി !
നമ്മുടെ ഹരിക്കുട്ടനാണോ അപ്പേട്ടാ ഇത്...
ഋഷി ഒന്നും പറയാതേ മുന്നോട്ടു നടന്നു !
തിരികേ പോകുന്നതിനു മുമ്പ് കാവിൽ പോണം അപ്പേട്ടാ നിറച്ചു വിളക്കും വയ്ക്കണം !
കാടുപിടിച്ചു കിടക്കണ കാവിനടുത്തെത്തിയപ്പോൾ ഉണ്ണിമായ പറഞ്ഞു!
അതിപ്പോൾ പുതിയ അമ്പലം വന്നതിൽ പിന്നെ കാവിൽ അധികം ആരും പോകാറില്ല ഉണ്ണീ... സന്ധ്യയ്ക്കു ഒരു വിളക്കു വയ്ക്കും അത്രേയുള്ളൂ...
''പുതിയ അമ്പലം " ഉണ്ണിമായക്കു ചിരി വന്നു!
പുതിയ സ്കൂൾ , പുതിയ ആശുപത്രി ,പുതിയ കടകൾ , പുതിയ അമ്പലം ഹാ!
പേർഷ്യയിൽ പോയ പ്രഭാകരൻ നേർച്ചയായി കൊടുത്ത ( "പ്രഭാകരൻ കോണോത്തു കര വക " എന്ന് വിളക്കിൽ കൃത്യമായി അടയാളപ്പെടുത്തീട്ടുണ്ട്) നൂറ്റിയൊന്നു തിരിയിടാവുന്ന വിളക്കാണ് കാവിലെ അന്നത്തെ മെയിൻ ആകർഷണം!
വൃശ്ചികത്തിലെ ചിറപ്പും വിളക്കിന്റെയും അന്നേ സാധാരണയായി അതിൽ തിരിയിട്ടു കത്തിക്കാറുള്ളൂ ! അല്ലേൽ ആരെങ്കിലും വിശേഷ ദിവസം എണ്ണ നേർച്ചയായി കൊടുത്തു കത്തിക്കണം!
ഇന്നിപ്പോൾ പ്രീഡിഗ്രീ ഫസ്റ്റ് ക്ലാസിൽ പാസായതിന്റെ സന്തോഷത്തിൽ തീർത്ഥയും ഉണ്ണിമായയും ചേർന്ന് കൊളുത്തുകയാണ് വിളക്കെല്ലാം!
ഋഷി ഗണപതിക്കുള്ള പടുക്ക ഒരുക്കുന്നു!
അതേ ഉണ്ണീ.... തീർത്ഥ മെല്ലെ വിളിച്ചു ,ഒരു കാര്യണ്ട്!
വിടർന്ന വലിപ്പമുള്ള കണ്ണുകൾ ഒന്നുകൂടി വിടർന്നത് ഉണ്ണിമായ ശ്രദ്ധിച്ചു! വിളക്കിന് ഇരുവശമാണ് ഇരുവരും!
എന്താ പെണ്ണേ..
അച്ഛൻ ജാതകം നോക്കിച്ചു ,എന്റെ നാളിന് എന്തോ ദോഷമുണ്ടത്രേ! എന്റെയും അപ്പേട്ടന്റെയും കല്യാണം ഉടനേ നടത്തണംന്ന് ! നാണത്താൽ തീർത്ഥയുടെ മുഖം കൂമ്പി!
നൂറ്റൊന്നു വിളക്കിലേയും നാളം ഒരുമിച്ചു തന്റെ ഹൃദയത്തിലേക്കു വീണപോലെ പൊള്ളിപ്പോയി ഉണ്ണിമായയുടെ മനസ്സ്!
എനിക്കിവിടെ നിൽക്കാൻ മേല.. ഞാൻ അങ്ങോട്ടു വര്യാ.. അച്ഛനു ഫോൺ ചെയ്തപ്പോൾ ഉണ്ണിമായ ശരിക്കും കരഞ്ഞു!
നിനക്കു തന്നെയല്ലാരുന്നോ വാശി നാടു മതിയെന്ന്.. പിന്നെ ഞങ്ങൾ സെപ്പെറായിറ്റ് ആയിന്നുള്ള കാര്യമൊക്കെ നിനക്കറിയാലോ? വന്നാലും മാറി മാറി നിൽക്കണ്ടി വരും! അതല്ല ഹോസ്റ്റൽ ആണെങ്കിൽ അങ്ങനെ!
ഞാൻ വര്യാ.... എവിടെ വേണേലും നിന്നോളം ഇവിടെ വയ്യച്ചാ... കരഞ്ഞു കൊണ്ടു കട്ടു ചെയ്തു...
യാത്ര പറയാൻ ചെന്നപ്പോൾ കരയുകയായിരുന്നു തീർത്ഥ! അപ്പേട്ടന്റെ മുഖത്തെ ഭാവം എന്തായിരുന്നൂന്ന് തിരിച്ചറിയാനുമായില്ല! അല്ലേലും വയസ്സറിയിച്ചതിനു ശേഷം അപ്പേട്ടന്റ മുഖത്ത് ശരിക്കൊന്നു നോക്കീട്ടില്യ !
ഋഷിയുടെ വീട്ടിലേക്കു കയറുമ്പോഴേ ഉണ്ണിമായ കണ്ടു ! മാലയിട്ട് ഭിത്തിയിൽ തറച്ചു വച്ചിരിക്കുന്ന ഫോട്ടോയിൽ വിടർന്ന കണ്ണുകളുമായി ചിരിച്ചുകൊണ്ടിരിക്കുന്ന തീർത്ഥയുടെ മുഖം!
" അപ്പോ ഉണ്ണിമോളൊന്നു മറിഞ്ഞില്ലേ? അതെങ്ങനാ ഇവിടുന്നു പോയിട്ട് ആരും വിളിക്കേം തിരക്കേം ഒന്നുമില്ലാല്ലോ!ആ കുട്ടിക്ക് ക്യാൻസർ ആയിരുന്നൂന്ന്. കുറേ നരകിച്ചൂ ആ കുട്ടി! ചാകാൻ നേരമായപ്പോഴേക്കും മുടിയൊക്കെ പോയി മൊട്ട ആയൂത്രേ! ഇളയമ്മ നിർത്തണില്ല! അവരു പറയുന്നതിന്റെ പകുതി മാത്രമേ ഉണ്ണിമായക്കു കേൾക്കുന്നുണ്ടായിരുന്നുള്ളൂ!
എന്നാലും താലി പോലും കെട്ടാതെ ആ ചെക്കൻ വീട്ടിൽ കൊണ്ടുവന്നു താമസിപ്പിച്ചില്ലേ ചാകുമെന്നറിഞ്ഞിട്ടും! ഇപ്പോളും വേറെ ഒരു സംബന്ധം വേണ്ടാത്രേ? ഇളയമ്മ വിടാൻ ഭാവമില്ല!
വർഷക്കൾക്കിപ്പുറം എന്തേ താൻ തീർത്ഥയേക്കുറിച്ചോർത്തു, അവളെ കാണണമെന്നു ആഗ്രഹിക്കുന്നു! അറിയില്ല!
അന്ന് താനറിയാതെ ശപിച്ചിരുന്നോ അവളെ?
കയറിവാടോ... വാതിൽ തുറന്ന് ഋഷി വിളിച്ചപ്പോൾ ഉണ്ണിമായ ഒന്നു ഞെട്ടി.
ഇന്നു തിരിച്ചു പോയില്ലെങ്കിൽ. അവരൊക്കെ തിരക്കില്ലേ ഉണ്ണീ....
ഉണ്ണിമായക്കുള്ള മുറി തുറന്നു കൊടുത്തു ഋഷി തിരക്കി!
ഇല്ല അപ്പേട്ടാ.. തിരക്കാൻ വേണ്ടീട്ടങ്ങനാരൂല്ലാ.....
വരണ്ട ചിരിയിലൊതുങ്ങി മറുപടി..
ഉണ്ണിമായ കുളികഴിഞ്ഞു വന്നപ്പോഴേക്കും മഴ തുടങ്ങിയിരുന്നു!
അസ്ഥിത്തറയിൽ വിളക്കു വച്ചു തിരികെ വന്നപ്പോഴേക്കും അൽപ്പം നനഞ്ഞിരുന്നു ഋഷി!
മുറ്റം കഴിഞ്ഞു പടർന്നു നിൽക്കുന്ന തെച്ചിയിലും ചെമ്പരത്തിയിലും മഴത്തുള്ളികൾ തട്ടിത്തെറിച്ചു പോകുന്നു!
ഓടിന്റെ പുറത്തൂന്ന് നൂലായി മണ്ണിലേക്കു വീഴുന്ന മഴത്തുള്ളി കണ്ടപ്പോൾ ഒന്നു നനയണമെന്നു തോന്നിപ്പോയി ഉണ്ണിമായക്ക്!
മഴനൂലുകൾ ചേർത്തുവച്ച് ഒരു കുപ്പായമുണ്ടാക്കി ധരിച്ചാൽ നമ്മളെ ആരെങ്കിലുമൊക്കെ പ്രണയിക്കുമായിരിക്കും അല്ലേ അപ്പേട്ടാ..........
ഋഷി ഒന്നു ചിരിച്ചു പിന്നെ പുറത്തേക്കു നോക്കി...
അപ്പേട്ടന് ഒരു മാറ്റോല്ല ..... കുറച്ചു താടി വളർന്നൂന്നല്ലാതെ ! ഞാൻ നരച്ചു തുടങ്ങി...
അതു പിന്നെ പ്രായമായില്ലേ ഉണ്ണീ.... ഇപ്പോഴും കുട്ടിയാന്നാ തന്റെ വിചാരം....
എനിക്കു ശരിക്കും അസൂയ തോന്നന്നുണ്ട് അപ്പേട്ടാ...
നമ്മുടെ നാട്, തൊടികൾ,വായനശാല പിന്നെ ദേ ഈ മഴ.....
നമ്മുടെ നാട്, തൊടികൾ,വായനശാല പിന്നെ ദേ ഈ മഴ.....
കൈ അൽപ്പം പുറത്തേക്കു നീട്ടി മഴനൂലു മെല്ലെ തട്ടിത്തെറിപ്പിച്ചു!
പക്ഷേ ചില നഷ്ട്ടങ്ങളുടെ ഭാരം ചുമക്കുന്നവർക്ക് ഇതൊന്നും ചിലപ്പോൾ ആസ്വദിക്കാൻ കഴിഞ്ഞൂന്ന് വരില്ല ഉണ്ണീ.....
നാലുമിഴികൾ ഒരേ സമയം തീർത്ഥയുടെ ഫോട്ടോയിലേക്കു ചെന്നു!
ഋഷി കൊളുത്തിയ വിളക്കിന്റെ പ്രകാശത്തിൽ ദീപ്തമായിരുന്നു മുഖം!
മൗനം ചെറിയൊരു ഇടവേള തീർത്തു ഇരുവർക്കുമിടയിൽ!
തേങ്ങ ചിരകിച്ചേർത്ത ചൂടു കഞ്ഞി കടുമാങ്ങയും ചെറുപയറു തോരനും ചേർത്തു ആസ്വദിച്ചു കഴിച്ചു ഉണ്ണിമായ...
മുറിക്കുള്ളിലെ അരണ്ട വെളിച്ചത്തിലും പ്രകാശമായിരുന്നു അവളുടെ മുഖത്ത്..
അവസാന നാളിലും തന്നേക്കുറിച്ച് പറയുമായിരുന്നു അവൾ! കോണ്ടാക്ടു ചെയ്യാൻ ശ്രമിച്ചു ,താൻ ഇവിടുന്നു പോയതോടു കൂടി തന്റെ അച്ഛനു ഇവിടുത്തുകാരായുള്ള ബന്ധം തീർന്നില്ലേ! ഋഷി കഴിക്കുന്നതു നിർത്തി ഉണ്ണിയേ നോക്കി!
ഒരു പൊട്ടിപ്പെണ്ണിന്റെ പൊട്ടബുദ്ധിക്കു തോന്നിയ അബദ്ധാരുന്നത് അപ്പേട്ടാ... അതു മനസ്സിലാക്കിയപ്പോഴേക്ക് വൈകിപ്പോയി ! പിന്നെ കാലത്തിനൊത്തു തുഴഞ്ഞു!
കൂട്ടിനാരും വേണമെന്നു തോന്നിയില്ലേ ഉണ്ണീ.....
അപ്പേട്ടൻ ചോദിക്കുമെന്നു കരുതി പക്ഷേ ഉണ്ടായില്ല!
അവളു പോയതിൽ പിന്നെ പുറത്തൂന്നാരും ഈ മുറിയിൽ കിടന്നിട്ടില്ല ! പിന്നെ ഉണ്ണി നിർബന്ധിച്ചോണ്ടാ....
ഉണ്ണിമായ കിടക്കയിൽ വിരിവയ്ക്കുന്നതും നോക്കി ഋഷി വാതിലിൽ ചാരി നിന്നു !
ഇന്ന് ഒരു ദിവസത്തേക്കല്ലേ അപ്പേട്ടാ... അതെന്റെ തീർത്ഥയുടെ മുറിയിൽ തന്നെ ആകട്ടെ..
എന്നാൽ ശരി കിടന്നോ! ഞാൻ അപ്രത്തുണ്ട് എന്താവശ്യമുണ്ടേലും വിളിക്കാൻ മടിക്കണ്ട..
ഋഷി പോയിക്കഴിഞ്ഞ് കട്ടിലിനോടു ചേർന്നുള്ള മേശക്കരികിലേക്ക് കസേര വലിച്ചിട്ടിരുന്നു ഉണ്ണിമായ.
മേശപ്പുറത്ത് തീർത്ഥയുടെ ചെറിയ ഒരു ഫോട്ടോയും കുറേ ബുക്കുകളും ഭംഗിയായി അടുക്കിയിരിക്കുന്നു!
തുറന്നിട്ടിരിക്കുന്ന ജനലിൽ കൂടി നോക്കിയാൽ അസ്ഥിത്തറ കാണാം! ഋഷി കൊളുത്തിയ തിരി ഇതുവരെ കെട്ടിട്ടില്ല!
" ഓടിത്തളർന്നടോ... ഇപ്പോൾ തോന്നുന്നു അന്നിവിടം വിട്ടു പോകണ്ടായിരുന്നൂന്ന്! ദേ നോക്ക് മുടിയൊക്കെ നരച്ച് കിളവിയായി! നിന്റെ കൂട്ട് കാച്ചെണ്ണ തേക്കുന്ന സ്വഭാവമില്ലായിരുന്നല്ലോ. നീ കേൾക്കണുണ്ടോ വല്ലതും...
ഫോട്ടോ കുറച്ചു കൂടി അടുത്തേക്കു വച്ചു ഉണ്ണിമായ.
എന്താ കല്യാണം കഴിക്കാത്തെതെന്ന് അപ്പേട്ടൻ ചോദിച്ചില്ല ,ഞാനാ ചോദ്യം തിരിച്ചു ചോദിക്കും എന്നു കരുതീട്ടാകും പാവം! അന്നിവിടം വിട്ടു പോകുമ്പോൾ ഒരു മാറ്റം വേണം ന്ന് മാത്രമേ ഉദ്യേശിച്ചുള്ളൂ. നിങ്ങളെ പിരിഞ്ഞു പോയതിൽ പിന്നെ ശരിക്കും ഒറ്റപ്പെട്ടടോ... പിന്നെ കുറേ വാശിയും വിഷമവും.. പിന്നെ അതു മറക്കാൻ ഓട്ടമായിരുന്നു എന്തൊക്കെയോ കാണിച്ചു കൂട്ടി...
ഓടിത്തളർന്നപ്പോളാ... കൂട്ടിനാരുല്ലല്ലോ എന്നോർത്തേ... പിന്നെ എപ്പോൾ വന്നാലും വാതിൽ തുറന്നു തരാൻ നീയുണ്ടാകുമെന്നു കരുതി. അവിടെ നീയുമെന്നെ തോൽപ്പിച്ചല്ലോടി..
ഓടിത്തളർന്നപ്പോളാ... കൂട്ടിനാരുല്ലല്ലോ എന്നോർത്തേ... പിന്നെ എപ്പോൾ വന്നാലും വാതിൽ തുറന്നു തരാൻ നീയുണ്ടാകുമെന്നു കരുതി. അവിടെ നീയുമെന്നെ തോൽപ്പിച്ചല്ലോടി..
കണ്ണുനീർ കാഴ്ചയെ മറച്ചു!
മേശപ്പുറത്ത് തലയും വച്ചു കിടന്നു എപ്പോഴോ ഉറങ്ങിപ്പോയി! രാവിലെ ഋഷി വന്നു വിളിക്കുംവരെയും!
ഉണ്ണി തിരിച്ച് അമേരിക്കക്കാണോ? ബസ് വരാൻ കാത്തു നിൽക്കേ ഋഷി ചോദിച്ചു....
ഉവ്വ് ! കുറച്ചു നാളു കൂടി അവിടെ നിക്കണം അപ്പേട്ടാ.. കുറച്ചു കടങ്ങൾ ബാക്കിയുണ്ട്! പിന്നെ ഭാരങ്ങൾ ഇറക്കി വച്ചിട്ട് എങ്ങടെലും ഒരുയാത്ര പോകണം! പെയ്യാനെന്നോണം ഉണ്ണിമായയുടെ മുഖത്ത് കാർമേഘങ്ങൾ ഇരുണ്ടു കൂടി...
ഉണ്ണീ..... അപ്പേട്ടൻ വിളിക്കുന്നു.
മെല്ലെ തല തിരിച്ചു!
കാവിലെ വിളക്കുകളെല്ലാം തുടച്ചു വൃത്തിയാക്കി വയ്ക്കണുണ്ട് ഞാൻ. കടങ്ങെളെല്ലാം തീർത്ത് ഭാരങ്ങളെല്ലാം ഒഴുവാക്കി ഇങ്ങു പോര് കാവിൽ വിളക്കു വയ്ക്കണ്ടെ!
അപ്പേട്ടാ.... കാർമേഘങ്ങൾ പെയ്തിറങ്ങി! വളവു തിരിഞ്ഞ് ഉണ്ണിമായക്കുള്ള ബസ് വരുന്നുണ്ടായിരുന്നു!
ശുഭം
സുജിത്ത് സുരേന്ദ്രൻ
(07.02.2018)
(07.02.2018)

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക