Slider

ഡോണ്ട് അണ്ടർഎസ്റ്റിമേറ്റ് ദി പവർ ഓഫ് സാധാ കാമുകൻ :

0

"നിങ്ങൾക്കെന്നോട് ഒരിഷ്ട്ടവുമില്ല....."
ഇടപ്പള്ളിയിലെ "ദേ പുട്ട്" റസ്റ്റോറന്റിൽ ഇരുന്ന് താൻ വാങ്ങികൊടുത്ത "നാടോടിമന്നൻ" പുട്ട് വെട്ടിവിഴുങ്ങുന്നതിനിടയിൽ ആരതിയുടെ വായിൽ നിന്നും വീണ വാക്കുകൾ കേട്ട് ദീപു അമ്പരന്നു.
ആ റസ്റ്റോറന്റിലെ വെൽക്കം ഡ്രിങ്ക് ആയ കറുവയും മറ്റേതോ സുഗന്ധദ്രവ്യങ്ങളുമിട്ട് ഉണ്ടാക്കിയ കാപ്പി അവൾ കുടിക്കാതെ മാറ്റിവച്ചത്കൊണ്ട് മാത്രമാണ് താൻ എടുത്ത് കുടിച്ചത്. അതിനവൾ ഇങ്ങനെ കടുപ്പിച്ച് പറയാമോ....
"അത് നിനക്ക്‌ ഇഷ്ട്ടമായില്ലെന്നു കരുതിയിട്ടാ ഞാൻ കുടിച്ചേ... വേണേൽ ഞാൻ അവരോടു ചോദിച്ച് ഒരെണ്ണം കൂടി വാങ്ങി തരാം...." അവളോട് ചോദിക്കാതെ അതെടുത്തു കുടിച്ചല്ലോ എന്ന കുറ്റബോധത്തോടെ അവൻ പറഞ്ഞു.
"കാപ്പിയുടെ കാര്യമല്ല.... ഞാൻ പൊതുവെ പറഞ്ഞതാ. നിങ്ങൾക്ക് എന്നോട് ഒരു ഇഷ്ടവുമില്ല..."
സൈഡ് ഡിഷ്‌ ആയി വാങ്ങിയ ചിക്കൻ കറിയിലെ ചിക്കൻ കാല് തന്റെ പാത്രത്തിലേക്ക് എടുത്ത് വെച്ചുകൊണ്ട് ആരതി ആവർത്തിച്ചു. ഇനി നോക്കിയിരുന്നാൽ ബാക്കിയുള്ള കോഴികഷ്ണങ്ങൾ കൂടി ഈ തീറ്റപ്രാന്തി അകത്താക്കുമെന്നു മനസിലായ ദീപു കറിയിൽ ശേഷിച്ചവയിൽ നിന്നും സാമാന്യം മുഴുത്ത രണ്ട് കഷ്ണങ്ങൾ തന്റെ പ്ലേറ്റിലേക്ക് തട്ടിയിട്ടു.
എന്നിട്ട് സ്വരത്തിലല്പം സങ്കടം കലർത്തി പറഞ്ഞു
"ഈ ഏഴു മണി രാത്രിക്ക് എനിക്കിപ്പോൾ "ദേ പുട്ടിലെ" പുട്ട് തിന്നണം എന്ന് നീ വിളിച്ചു പറഞ്ഞപ്പോൾ..., റൂമിൽ സുമേഷിന്റെ ബാച്ചിലർ പാർട്ടിക്ക് വാങ്ങി വെച്ചിരിക്കുന്ന പൊറോട്ടയും മട്ടൺ കറിയും ബെക്കാർഡി ലെമണും ഉപേക്ഷിച്ചു നിന്നെയുംകൊണ്ട് ഇപ്പോൾതന്നെ ഇവിടെ വന്ന എന്നോട് തന്നെ നീ ഇത് പറയണം...." സംഗതി ഏറ്റെന്നു തോന്നുന്നു. ആരതിയുടെ മുഖത്ത് ഒരു ചിന്താഭാരം. ഹാവൂ... പകുതി സമാധാനമായി.
"ബീപ്പ്... മെസ്സേജ് ഫ്രം സുമേഷ് ഇൻ ഗ്രൂപ്പ് റോക്ക് ഓണ് ഹോസ്റ്റൽ ബോയ്സ്"
ദീപു ഇടത്തെ കൈ കൊണ്ട് വാട്‌സ്ആപ്പ് തുറന്നു മെസ്സേജ് വായിച്ചു.
"പോടാ.... പോയി പുട്ട് തിന്നെടാ...." ഒപ്പം പകുതി ആയ ബെക്കാർഡിയുടെ പടവും.. രണ്ടു പെഗ് എങ്കിലും ബാക്കി വെക്കണേ അളിയൻസ് എന്ന തന്റെ മെസ്സേജിന് വന്ന മറുപടി കണ്ടവൻ വിഷണ്ണനായി ഒരുപിടി പുട്ട് വാരി വായിൽ വെച്ചപ്പോളാണ് ആരതി ചിന്താഭാരം താങ്ങാനാവാതെ വീണ്ടും വായ് തുറന്നത്.
"ഇങ്ങനെ ആഗ്രഹങ്ങളൊക്കെ സാധിച്ചു തരുമെങ്കിലും നിനക്കെന്നോട് യഥാർത്ഥ പ്രണയം ഇല്ല....."
"അതെന്താടി കൃഷ്ണന്റെ മോളെ നിനക്കിപ്പോൾ അങ്ങനെ തോന്നാൻ.....? ഒരു വർഷം സ്‌നേഹിച്ചു ഞാൻ വീട്ടിൽ വന്നു കല്യാണം ആലോചിച്ചു കഴിഞ്ഞപ്പോളാണോ നിനക്ക് ഈ തിരിച്ചറിവ് ഉണ്ടായത്?" ഒഴിയാറായ കുപ്പി കണ്ടപ്പോൾ ഉണ്ടായ വികാരത്തിൽ സ്വരത്തിലേക്കു കടന്നുവന്ന കലിപ്പ് കടിച്ചമർത്തി പരമാവധി സൗമ്യമായി അവൻ ചോദിച്ചു.
"സുമേഷേട്ടൻ അനുവിനെ സ്നേഹിക്കുന്ന പോലെയാണോ നീ എന്നെ സ്നേഹിക്കുന്നത് ?"
ആരതിയുടെ ചോദ്യം ആദ്യം ദീപുവിന് മനസിലായില്ല.. "എന്തോന്നാ....?"
അവൻ വായിലേക്ക് വെക്കാനാഞ്ഞ പുട്ട് തിരികെ പാത്രത്തിലേക്ക് ഇട്ടു. എന്നിട്ടവളെ തുറിച്ചു നോക്കി. തന്റെ ഫ്രണ്ട് സുമേഷ്, ആരതിയുടെ കൂടെ ഹോസ്റ്റലിൽ താമസിക്കുന്ന അനുവിനെയാണ് കല്യാണം കഴിക്കാൻ പോവുന്നത്. കഴിഞ്ഞ രണ്ട് വർഷമായി അവർ പ്രണയത്തിലാണ്. അനുവിന്റെ കൂട്ടുകാരി എന്ന നിലയിൽ കൂട്ടുവന്നിരുന്നതാണ് ഇപ്പോൾ തന്റെ തലയിൽകേറിയിരുന്നു ഡാൻസ് കളിക്കുന്ന ഈ ആരതി.
"സുമേഷേട്ടൻ നിങ്ങളുടെ കൂടെയല്ലേ താമസം... കണ്ടിട്ടില്ലേ എന്ത് സ്നേഹമാ അനുവിനോടെന്നു... എപ്പോളും ഫോൺ ചെയ്യും. രാവിലെയും ഉച്ചക്കും വൈകിട്ടും രാത്രിയിലും പിന്നെ ഒഴിവ് സമയം കിട്ടുമ്പോളൊക്കെ.... എപ്പോൾ നോക്കിയാലും അവൾ ആ ഏട്ടനോട് സംസാരിക്കുകയായിരിക്കും. നിങ്ങളോ....? രാത്രി ഒന്നു വിളിക്കും.. വിളിച്ചിട്ടൊ....ഏറി വന്നാൽ പതിനഞ്ചു മിനിറ്റ്.. അത് കഴിഞ്ഞാൽ തുടങ്ങും എനിക്കുറക്കം വരുന്നേ... എനിക്കുറക്കം വരുന്നേ എന്നു... യഥാർത്ഥ കാമുകന്മാർക്കു ഉറക്കം കുറവാണ്...'' ആരതി ഒരു കവിൾ വെള്ളം കുടിച്ചു.
ആ ഗ്യാപ്പിൽ ദീപു ഇടിച്ചു കയറി..."യഥാർത്ഥ കാമുകന്മാർ ഉറക്കമില്ലാത്തവരാണെന്നു ആരാ നിന്നോട് പറഞ്ഞത്... നീ എപ്പോളും നോക്കുന്ന നിന്റെ ഗൂഗിളോ... ഡീ പൊട്ടി.... നീ തന്നെ ഒന്നു ആലോചിച്ചു നോക്കിയേ... ഒരു പകൽ നടന്ന വിശേഷങ്ങൾ പറയാൻ ഒരു പത്തു മിനിറ്റ് ധാരളമല്ലേ... പിന്നെ എന്തെങ്കിലും പ്രത്യേകിച്ചു ഉണ്ടായ ദിവസങ്ങളിൽ നമ്മൾ കുറേ നേരം സംസാരിച്ചിട്ടുണ്ടല്ലോ.. എപ്പോളും ഞാൻ തന്നെ നിന്നെ വിളിച്ചോണ്ടിരുന്നാൽ നിന്റെ കൂട്ടുകാർക്കും വീട്ടുകാർക്കും വിളിച്ചാൽ കിട്ടാതാവില്ലേ... നീ തന്നെയല്ലേ പറഞ്ഞത് കഴിഞ്ഞ ആഴ്ച്ച അവളെ വിളിച്ച് കിട്ടാതിരുന്നിട്ടു അവളുടെ അമ്മ നിന്റെ ഫോണിലേക്ക് വിളിച്ചെന്നു...."
ഏതാണ്ടൊക്കെ തലയിലേക്ക് കയറുന്നുണ്ട് പെണ്ണിന്. അങ്ങനെ കരുതി അവൻ ആശ്വസിച്ചിരിക്കുമ്പോൾ ദേ വരുന്നു അടുത്ത ചോദ്യം..."നിങ്ങൾ എനിക്ക് ഫോണിൽ കൂടി ഉമ്മ തരാറില്ലല്ലോ..."
"എടി മോളെ.... ഈ ഫോണിൽ കൂടി ഉമ്മ കൊടുത്തിട്ട് കിട്ടുന്നവർക്കും കൊടുക്കുന്നവർക്കും എന്തേലും നേട്ടമുണ്ടോ....? നിനക്കു വേണേൽ ഞാൻ ദേ ഇപ്പോൾ ഒരെണ്ണം നേരിൽ തരാം..." മുമ്പോട്ടാഞ്ഞ ദീപുവിനെ അവൾ കണ്ണുരുട്ടി കാട്ടി..
"എങ്കിലും അവളുടെ ലോകം ആ ഏട്ടനും ആ ഏട്ടന്റെ ലോകം അവളുമാണ്.... എനിക്ക് കൊതിയാവാറുണ്ട്... എന്തൊരു സ്നേഹമാ...." ആരതി അസൂയയോടെ പറഞ്ഞു..
"അത് നീ പറഞ്ഞത് ശെരിയാടി മോളെ..., അവരുടെ ലോകം അവർക്കുള്ളിലാ.. പക്ഷേ അതിനപ്പുറത്തും ഒരു ലോകമില്ലേടി പെണ്ണേ... ഞാൻ നിനക്ക് ആ ലോകമാ തന്നിരിക്കുന്നത്." ദീപു തെല്ലു നിർത്തി ആരതിയേ നോക്കി. അവൾ ഒന്നും മനസ്സിലാവാതെ ഇരിക്കുകയാണ്.
"ന്റെ മോള് ആ ഫോൺ എടുത്തു അനുവിനെ വാട്‌സ്ആപ്പിൽ അവസാനം കണ്ടത് എന്നാണെന്ന് നോക്കിയേ... അവളുടെ ഫേസ്ബുക്കിലെ അവസാന പോസ്റ്റ് എന്നായിരുന്നു എന്നും കൂടെ നോക്കണേ..."അതും പറഞ്ഞവൻ ബാക്കി പുട്ട് കറി ഒഴിച്ച് കുഴയ്ക്കാൻ തുടങ്ങി.
ഫോണിൽ വാട്‌സ്ആപ്പ് കോണ്ടാക്റ്റ് നോക്കിയപ്പോൾ അനുവിന്റെ നമ്പർ ഇല്ലാരുന്നു. ഫേസ്ബുക്കിൽ അവൾ അവസാനം പോസ്റ്റ് ഇട്ടിരിക്കുന്നത് കഴിഞ്ഞതിന്റെ മുൻപത്തെ വർഷമാണ്. ആരതി ഫോൺ ദീപുവിന് കാണിച്ചു കൊടുത്തു.
"ഇതാ ഞാൻ പറഞ്ഞത് അവളുടെ ലോകം അവനിൽ ഒതുങ്ങിയെന്നു. അവൻ അവളുടെ വാട്‌സ്ആപ്പ് കളയിപ്പിച്ചു... ഫേസ്ബുക്ക് ഉപയോഗിക്കാൻ അനുവദിക്കില്ല... മെയിൽ ഐഡിയും പാസ്സ്‌വേർഡും എല്ലാം വാങ്ങി മെയിലും മെസ്സെഞ്ചേറിലെ എല്ലാം വായിച്ചു നോക്കി... ഇതൊക്കെ എനിക്ക് പണ്ടേ അറിയാമായിരുന്നു.. ഞാൻ നിന്നോട് പറഞ്ഞില്ലെന്നേയൊള്ളു.. അവരുടെ ജീവിതം അവരായി. എനിക്ക് എന്റേതായ കാഴ്ചപ്പാടുകൾ ഉണ്ട്. അതുകൊണ്ട് നിന്റെ സ്വകാര്യതയെ ഞാൻ ഇത് വരെ ചോദ്യം ചെയ്തിട്ടില്ല..." ദീപു പറഞ്ഞു നിർത്തിയപ്പോൾ ആരതിയുടെ വായ് പൊളിഞ്ഞു.
"വായടക്കെടി പെണ്ണേ.... " ദീപു തുടർന്നു. "നീ നിന്റെ കൂട്ടുകാരികളുടെ കൂടെ കറങ്ങാൻ പോവും... സിനിമയ്ക്ക് പോകും.. എന്തൊക്കെ ചെയ്യും.... ഞാൻ ഇത് വരെ തടഞ്ഞിട്ടുണ്ടോ? പോട്ടെ... ഈ നാള് വരെ അനു നിങ്ങളുടെ കൂടെ വന്നിട്ടുണ്ടോ?? അവൻ അനുവദിച്ചാലല്ലേ അവൾക്ക് വരാൻ പറ്റൂ..."
ആരതിക്ക് കാര്യങ്ങൾ മനസിലാകുന്നുണ്ട് എന്ന് അവളുടെ മുഖഭാവത്തിൽ നിന്നും അവന് മനസിലായി. ചെറുതായിട്ടു കുറ്റബോധവും ഉണ്ടെന്നു ഡൊണാൾഡ് ഡക്കിന്റെ ചുണ്ട് പോലെ ചുണ്ട് വെച്ചത് കണ്ടപ്പോൾ ബോധ്യമായി. അത്കൊണ്ടുതന്നെ അവൻ കുറച്ചൂടെ ഗൗരവത്തോടെ തുടർന്നു.
"ഡീ പെണ്ണേ...., നമ്മുടെ കല്യാണത്തിന് ഇനി ഏറി വന്നാൽ ഒരു വർഷം കൂടെ.. അതിനിടക്ക് നീ നിന്റെ ജീവിതം നിന്റെ കൂട്ടുകാരുടെയും വീട്ടുകാരുടെയും കൂടെ അടിച്ചുപൊളിക്ക്.. കല്യാണം കഴിഞ്ഞാലും അടിച്ചുപൊളിക്കാം. പക്ഷേ അതിനു നിയന്ത്രണങ്ങൾ ഉണ്ടാവില്ലേ... ഇനി പറ ഞാനാണോ സുമേഷാണോ ഭേദം...?"
"അത് നിങ്ങള് തന്നെ...വാട്സാപ്പും ഫേസ്ബുക്കും ഇല്ലാതെ ഒരു ദിവസം തള്ളിനീക്കാൻ എന്ത് ബോറാരിക്കും" ആരതി കണ്ണു മിഴിച്ചു.
അപ്പോഴേക്കും ഒരു പയ്യൻ ബില്ല് കൊണ്ടുവന്നു അവരുടെ ടേബിളിൽ വെച്ചു. ഇനി ഈ കാമുകൻ വിഷയം അധികം നീട്ടണ്ടാ എന്നുകരുതി ദീപു ബില്ല് എടുത്തു നോക്കിയിട്ട് ആരതിയോട് തമാശയായി പറഞ്ഞു
"ആരതികുട്ടി..., രണ്ടു കുറ്റി പുട്ടിനും ഒരു ചിക്കൻ കറിക്കും കൂടി ടാക്‌സ് അടക്കം 490 രൂപ... ഇക്കണക്കിന് നമ്മൾ ജ്യൂസ് കൂടി കുടിച്ചിരുന്നേലോ...."
അതും പറഞ്ഞു ചിരിച്ചപ്പോളാണ് അവൾ ചിരിക്കുന്നില്ലായെന്നു അവൻ കണ്ടത്. അവൻ ചോദ്യരൂപേണ അവളെ നോക്കി.
"കണ്ടോ... ഇതാ ഞാൻ പറഞ്ഞത് നിങ്ങൾക്കെന്നോട് സ്നേഹമില്ല എന്നു..... ഉണ്ടായിരുന്നെങ്കിൽ ജ്യൂസ് വേണോ എന്ന് ചോദിക്കില്ലായിരുന്നോ...." അതും പറഞ്ഞു അവൾ വീണ്ടും പരിഭവം നടിച്ചു.
"ഈശ്വരാ... ഈ അൻപത് പൈസ കുറഞ്ഞ സാധനത്തെയാണല്ലോ ഒരു വർഷം കഴിഞ്ഞു ജീവിതകാലം മുഴുവൻ ഞാൻ സഹിക്കേണ്ടത്....." എന്നു പറഞ്ഞ് ദീപു തലയിൽ കൈവെച്ചപ്പോൾ ആരതി പൊട്ടിച്ചിരിക്കുകയായിരുന്നു.
A story by : Revathy M Radhakrishnan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo