Slider

ദുഃഖത്തിന്റെ വെയിലാറുമ്പോള്‍

0
ദുഃഖത്തിന്റെ വെയിലാറുമ്പോള്‍
കഥ
''മോനേ, ദിനേശാ, പിന്നിലിരിക്കണ ആളെ ഒന്നു മാറ്റിപ്പിടിക്കാറായി.'' മോനോട് അവന്റെ ചങ്ങാതി പറഞ്ഞത് ഒരു തമാശയായിരുന്നു. ഇരുപത്താറു വയസ്സുള്ള ചെക്കന്റെ പിന്നില്‍ ഇരിക്കേണ്ടത് തലനരച്ച ഒരു തടിച്ചിയല്ല. ഒരു ഇരുപതുകാരി തന്നെയാണ് വേണ്ടത്. അങ്ങനെയൊരുത്തിയെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അതു കാണാന്‍ സുമതിക്കും മോഹമുണ്ട്.
എന്നാലും ''മാറ്റിപ്പിടിക്കാറായി '' എന്ന തമാശ അവളുടെ മനസ്സിനെ കൊളുത്തിട്ടുവലിച്ചു. എവിടെയോ ഒരു കൊളുത്തിപ്പിടുത്തം.ഇരുപതുകാരിയുടെ വരവ് ഒരു മാറ്റിപ്പിടിക്കലാവുമെന്ന സൂചന ഒരു വിങ്ങലായി മനസ്സില്‍ വീര്‍പ്പുമുട്ടി.
യാത്രയയ്ക്കാന്‍ പൂമുഖവാതില്‍ക്കല്‍ നില്‍ക്കുന്നത് ഒരാചാരമായി ചെയ്യുന്ന സുമതി മോന്റെ അരക്കെട്ടില്‍ കെെയ് പിണച്ച് ഒട്ടിയിരിക്കുന്ന മരുമകളെ അസൂയയോടെ നോക്കിനിന്നു. മാറ്റിപ്പിടുത്തം തുടങ്ങി കഴിഞ്ഞിരിക്കുന്നു.. താന്‍ പിന്നിലിരിക്കുമ്പോള്‍ അവന്റെ തോളില്‍ വെറുതെ കെെയ് വെയ്ക്കുക മാത്രമാണ് പതിവ്. അവള്‍ ദാ അവന്റെ അരക്കെട്ടില്‍ ചുറ്റിപ്പിടിച്ച് 'ഇതെന്റെ, വിടില്ല ഞാന്‍ ' എന്ന് അധികാരം സ്ഥാപിച്ചിരിക്കുന്നു. മാറ്റിപ്പിടുത്തം തന്നെ .
മാറ്റിപ്പിടുത്തം വീട്ടിലെ എല്ലാ ഇടങ്ങളിലും അടയാളപ്പെട്ടു തുടങ്ങിയിരിക്കുന്നു. പിടിത്തത്തിന്റെ മുറുക്കത്തിനൊപ്പം മോനും മാറുന്നുണ്ട്. തേങ്ങാചട്ടിണിയും ദോശയുമില്ലാത്ത പ്രാതല്‍ അവന് ഇഷ്ടമല്ലായിരുന്നു. ദോശയ്ക്കു പകരം ഇഡ്ഡലിയോ, ചട്ടിണിയുടെ സ്ഥാനത്ത് ചമ്മന്തിയോ കണ്ടാല്‍ അന്നവന്‍ പ്രാതല്‍ തൊടില്ല. സാമ്പാറില്ലാതെ ഉണ്ണില്ല.ഒന്നിച്ചിരുന്നുണ്ണുന്ന അത്താഴത്തിനു ശേഷം വീട്ടുകാര്യങ്ങളും തമാശകളും പറയാന്‍ പൂമുഖത്ത് അച്ഛനുമമ്മയും ഉണ്ടാവണം എന്ന് അവനു നിര്‍ബ്ബന്ധമായിരുന്നു.
എല്ലാം മാറി. ബേക്കറി വിഭവങ്ങള്‍ കണ്ടാല്‍ മുഖം ചുളിച്ചിരുന്ന അവന്‍ ഇപ്പോള്‍ പിസ പാര്‍സലുമായിട്ടാണ് രാത്രി എത്തുന്നത്. പ്രമേഹവും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കാന്‍ അച്ഛനുമമ്യ്ക്കും ഭക്ഷണം വേറെ, ഭക്ഷണസമയം വേറെ.
അത്താഴം വേറെ. അച്ഛനുമമ്മയും കഴിക്കേണ്ട മരുന്നുകള്‍ കൃത്യമായി എണ്ണി കെെകളിലേല്‍പ്പിച്ച് മോനും ഇരുപതുകാരിയും കോണി കയറി മറയുന്നു. മോന്‍ അകത്തുകയറുന്നതോടെ പൂമുഖവാതില്‍ അടയുന്നു.കൊതുകു കയറുമത്രെ !
'ഇവള്‍ വരുന്നതിനു മുന്‍പ് ഇവിടെ ആര്‍ക്കും പ്രമേഹമോ രക്തസമ്മര്‍ദ്ദമോ ഇല്ലായിരുന്നു. എല്ലാം ഈയിടെ തുടങ്ങിയതാണ്. മാസത്തിലൊരിക്കള്‍ രക്തപരിശോധന, കണ്ണ്, പല്ല്,കാലടി, വൃക്ക നിരീക്ഷണം. എന്റെ കെെയ് തളര്‍ത്തി പിടി അഴയ്ക്കാനുള്ള അടവ്. അവളുടെ പിടി മുറുകുന്നു. തന്റെ പിടി അഴയുന്നു. മാറ്റിപ്പിടുത്തം .സുമതി നിന്ന നില്‍പ്പില്‍ വിറച്ചു. രക്തസമ്മര്‍ദ്ദം ഇരമ്പി . തല ചുറ്റി.
'' വിശ്രമം വേണം '' ഡോക്ടര്‍ പറഞ്ഞു.'' മനസ്സു ശാന്തമാക്കണം. പുരാണങ്ങള്‍ വായിക്കുക. നാമം ജപിക്കുക. പ്രായം ഇത്രയൊക്കെ ആയില്യേ?''
പ്രായം അത്രയൊക്കെയൊന്നുമായില്ല എന്നു പറയാമായിരുന്നു. ഇരുപതുകാരി നോക്കി ചിരിക്കുന്നു.അവളുടെ തണ്ട്. കെെത്തണ്ട്.
''നമ്മളെല്ലാം പുരാവസ്തുക്കളായി. അല്ലേ ?'' ഒന്നും അറിയാത്ത മട്ടില്‍ നിര്‍വ്വികാരനായി തടിച്ച പുസ്തകങ്ങളുമായി കഴിയുന്ന കേശവനുണ്ണിയുടെ അടുത്തിരുന്ന് അവള്‍ സങ്കപ്പെട്ടു. ''പുരാണം വായിച്ചിരുന്നാമതീത്രെ !''
'' ഈ പെര പണിയുമ്പോ, നീയെന്താ പറഞ്ഞത് ?'' അവളെ കസാലകയ്യില്‍ പിടിച്ചിരുത്തിക്കൊണ്ട് അയാള്‍ വാത്സല്യത്തോടെ തലോടി. '' മുകളില്‍ വിശാലമായ ഒരു കിടപ്പുമുറി വേണം. അവിടെ മുട്ടിയുരുമ്മിയിരുന്ന് നമ്മുടെ മോനും മരുമോളും പൊരേടത്തിന്റെ പച്ചപ്പു നോക്കി സുഖായിരിക്കണം. മറന്നോ ,എല്ലാം ?ഈ പൊരേം പൊരേടോം അവര്ക്കായിട്ടല്ലേ നമ്മള് ഒരുക്കീത്. അത് മറക്കരുത്.'' പിന്നെയും പല കഥകളും അയാള്‍ അവളോടു പറഞ്ഞൂ. രാജ്യഭാരം മക്കളെ ഏല്‍പ്പിച്ച് വനം പൂകിയ രാജാക്കന്മാരുടെ കഥകള്‍.
പടിക്കലെ മാവിന്‍ കൊമ്പത്ത് കിളികള്‍ കലമ്പലുകൂട്ടുന്നു. ''നീ നട്ട മാവാണത്. കിളിള്‍ കൂടുകൂട്ടുന്നത് അതിന്റെ കൊമ്പത്താണ്. അതാണ് ഡോക്ടര്‍ പറഞ്ഞ പുരാണം. പറന്നു പോയ കിളികള്‍ അന്തിക്കു തിരിച്ചു വരും. അമ്മക്കൂട്ടിലേയ്ക്ക്. ''

Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo