നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പക്ഷിയും ഞാനും

Image may contain: 2 people, mountain, sky, outdoor, nature and closeup

ഹൃദയത്തിലേയ്ക്ക് വാക്കുകൾകൊണ്ട് നീ ആഞ്ഞുകുത്തിയ കഠാരയ്ക്ക് മൂർച്ചപോരായിരുന്നിരിക്കാം...അതുകൊണ്ടാവാം നീയാഗ്രഹിച്ചതുപോലെ ഞാൻ മരണത്തെ തേടാതെ പോയത്......ആ ഹൃദയംകൊണ്ടാണല്ലോ നിന്നെ ഞാൻ സ്നേഹിച്ചതും.....എവിടെ നിന്നോ ചിറകടിച്ചു പറന്നു വന്ന പക്ഷിയുടെ ഹൃദയത്തിൽ നിന്നും രക്തം വാർന്നൊഴുകി എനിയ്ക്കു പകരമാണോ അതു മരിച്ചു വീണത്...പക്ഷിയുടെ ഹൃദയത്തെ ആരാവും മുറിവേല്പിച്ചത്... പറന്നകന്നുപോയ ഇണപക്ഷിയായിരിക്കാം...ആ വേദന താങ്ങാൻ പക്ഷിഹൃദയത്തിനു കട്ടിപോരായിരിക്കാം.....അതാവും അതു പിടഞ്ഞു വീണത്...പ്രണയം മുറിപ്പെട്ടപ്പോൾ മരണമൊരു പ്രതിവിധിയായി തിരഞ്ഞടുത്തതെന്തേ...അങ്ങനെ മുറിപ്പെടുത്തിയ പ്രണയത്തെ വിശ്വസിക്കാനാവില്ലെന്നതിനു മനസ്സിലായിക്കാണില്ല....പാവം പക്ഷി..
അവരവിടെ കൊക്കുരുമ്മിപ്രണയിച്ചപ്പോൾ അവരുടെ വീടായ ആ മാവിൻചോട്ടിൽ നമുക്കു പ്രണയിക്കാൻ മൗനത്തിൻെറ ഭാഷ കൂട്ടുവന്നു...ഹൃദയം ഹൃദയത്തോട് മൗനമായി സംവദിച്ചുവെന്നൊക്കെ ഞാൻ വിശ്വാസിച്ചു...അവിടെ നീയും ഞാനുമില്ലാതെ നമ്മൾ മാത്രമായിരുന്നു...
പക്ഷിക്കൂട്ടിലെ മുട്ടകളെ കൗതുകത്തോടെ വീക്ഷിച്ച എന്നെ നീ പുച്ഛിച്ചു ചിരിച്ചു....പിന്നീടൊരിക്കൽ, മഴപെയ്തൊരു സന്ധ്യയിൽ പക്ഷിക്കുഞ്ഞുങ്ങളെപറ്റി ഓർത്തു സങ്കടപ്പെട്ട് അതിനെ നോക്കിയപ്പോൾ.....രണ്ടുപേരും നനഞ്ഞ ചിറകുകൾ ശ്രമപ്പെട്ടു വിടർത്തി കുഞ്ഞുങ്ങൾ നനയാതെ സംരക്ഷിക്കുന്ന കാഴ്ച...എന്തൊരു സ്നേഹമുള്ള കുടുംബമെന്ന എൻെറ അഭിപ്രായത്തെയും നീയൊരുപാടു കളിയാക്കി...അന്നു ഞാൻ നിനക്ക് പക്ഷി നിരീക്ഷകൻമാത്രമായി...
അസ്തമയസൂര്യനെ ചൂണ്ടിക്കാണിച്ച് അതിൻെറ മനോഹാരിത വർണ്ണിച്ചപ്പോൾ...കേട്ടു തഴമ്പിച്ച വാക്കുകളുടെ ആവർത്തനംപോലെ നീ മുഖം തിരിച്ചു....പാടവരമ്പിലൂടെ നടക്കുമ്പോൾ പച്ചപ്പിൻ തുമ്പിലെ മഞ്ഞുതുള്ളിയെ വിരൽതുമ്പിൽ തൊട്ടെടുത്ത് നിൻെറ കവിളിൽ ചേർത്തു വച്ച ഞാൻ ആ കണ്ണുകളിൽ കണ്ടു....കൃഷിക്കാരൻെറ പ്രണയത്തിനു സമ്മതംമൂളിയതു തെറ്റായിരുന്നെന്നു നീ ചിന്തിച്ചു തുടങ്ങിയത്.
ചന്ദനക്കുറിയും കാച്ചെണ്ണയുടെ മണമുള്ളമുടിയിൽ തുളസിക്കതിരും ഞാനാഗ്രഹിച്ചപ്പോൾ...നിനക്കുപ്രിയം ഷാമ്പുവും ഫെയ്സ്ക്രീമുകളുമായാരുന്നു...ചമയങ്ങളില്ലാത്ത നിൻെറ മുഖത്തെ എെശ്വര്യമായിരുന്നു എനിയ്ക്കിഷ്ടമെങ്കിലും നിൻെറ ആഗ്രഹങ്ങൾക്കു തടസ്സം നിൽക്കാൻ ഞാനൊരുക്കമല്ലായിരുന്നു..നീ നീയായിതന്നെ ജീവിക്കുന്നതായിരുന്നല്ലോ എൻെറ സന്തോഷം..
മോഡേണെന്ന വാക്കിൽ നീ നിന്നെ ഒളിപ്പിച്ചപ്പോൾ ഞാൻ നിനക്കു പഴഞ്ചൻ,കൂട്ടുകെട്ടുകളില്ലാത്ത അറുബോറൻ...പക്ഷികളിൽ മോഡേണും പഴഞ്ചനുമില്ലാതിരുന്നിട്ടും,അവരെന്തേ അകന്നു പോയി...ഇണപ്പക്ഷിയിൽ നിന്നും സ്വാതന്ത്ര്യം നേടി പറന്നുപോയ പക്ഷിക്കു തിരിച്ചറിവുണ്ടാകുമോ....ഉണ്ടായാൽ തന്നെ വൈകിവന്ന വെളിപാടുകൊണ്ടെന്തു ഫലം....ആവോ അറിയില്ല.
ജീവൻ നിലച്ചുപോയ പക്ഷിയെ കൈയ്യിലെടുത്തു തലോടിയപ്പോൾ....കൂട്ടിലിരുന്നു കരയുന്ന മൂന്നു കുഞ്ഞുപക്ഷികളെ കുറിച്ചു ഞാൻ ദുഖത്തോടെ ചിന്തിച്ചു..
സരിത സുനിൽ
***************

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot